Tuesday, September 18, 2007
എന്തിനു ഞാന് ബ്ലോഗെഴുതുന്നു?
ഞാന് ബ്ലോഗ് എഴുതുന്നത് ഈ ലക്ഷ്യം മാത്രം കണ്ടെന്ന് പറഞ്ഞാല് അത് വെടിമരുന്ന് നിര്മ്മാണത്തെ സഹായിക്കാനാണ് കടല്ക്കാക്ക കാഷ്ഠിക്കുന്നത് എന്ന് അവകാശപ്പെടുമ്പോലെയാകും. എന്റെ എഴുത്ത് എന്റെ ആത്മാവിഷ്കാരമാണ്. 'അനായാസപ്രകാശനം' എന്ന ബ്ലോഗറിന്റെ ആദര്ശസൂക്തം വ്യക്തമാക്കുന്നതുപോലെ എന്റെ ചിന്തകളെയും വീക്ഷണങ്ങളെയും സര്ഗ്ഗവാസനകളെയും അനിയന്ത്രിതമായി പ്രകാശിപ്പിക്കാനുള്ള വേദിയാണെനിക്ക് ബ്ലോഗ്.
എന്റെ ബ്ലോഗെഴുത്തിനു രണ്ടുവയസ്സ് തികയുന്നു. ബ്ലോഗ് എന്നെ എഴുത്തുകാരനാക്കിയെന്ന് പറയവയ്യ. ബ്ലോഗുകളുണ്ടാവും മുന്നേ ബുള്ളറ്റിന് ബോര്ഡുകളിലും മറ്റും ഞാന് എഴുതുകയും ചെയ്തിരുന്നു. എന്നാല് മനോവ്യാപാരങ്ങളുടെ തീവ്രതയും ആര്ജ്ജവവും എല്ലാദിവസവും ഒരുപോലെയായിരിക്കില്ല എന്നത് വകവയ്ക്കാതെ മനസ്സിലുരുത്തിരിയുന്നത് നിലവാരഭേദം വകവയ്ക്കാതെ എന്നും പ്രസാധനം ചെയ്യാന് ബ്ലോഗുകളോളം യോജിച്ച മറ്റൊരു മാദ്ധ്യമവും ഞാന് കണ്ടിട്ടില്ലെന്നത് ബ്ലോഗെന്ന മാദ്ധ്യമത്തെ എനിക്കു പ്രിയങ്കരമാക്കുന്നു.
ബ്ലോഗ് സമൂഹത്തിന്റെ സമ്മേളിതഞ്ജാനകോശമാണ് എന്റെ മിക്ക പോസ്റ്റുകളുടെയും കുറ്റവും കുറവുംകമന്റുകളിലൂടെ കുറച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തില് ജെര്മനിയുടെ പതനത്തിനു സോവിയറ്റ് കത്യൂഷ റോക്കറ്റുകള് വഹിച്ച പങ്കിനെപ്പറ്റി പോസ്റ്റ് ഇടുമ്പോള് ഈയിടെ ഹിസ്ബുള്ള ഹൈഫക്കു നേരേ തൊടുത്ത കത്യൂഷകള് മുന്നില് വന്നു പതിക്കുന്നതു കണ്ട ഡാലി അതില് ചിലത് കൂട്ടിച്ചേര്ക്കുന്നു. മാര്ക്കോ പോളോയുടെ യാത്രകളുടെ ഇംഗ്ലീഷ് വിവര്ത്തനത്തില് എനിക്കു കല്ലുകടിക്കുമ്പോള് ഇറ്റാലിയന് വേര്ഷനില് നിന്നും ഉദ്ധരണികളുമായൊരു മനു വന്നു കമന്റു ചേര്ക്കുകയായി. തിരുവനന്തപുരത്തെയൊരു കര്ഷകനോ കൊറിയയിലെ ഒരു കവിയോ പൂനെയിലെ ഒരു വ്യവസായിയോ കോയമ്പത്തൂരിലെ ഒരു ശില്പിയോ ബാംഗളൂരിലെ സംസ്കൃതാദ്ധ്യാപികയോ വയനാട്ടിലെ ഒരദ്ധ്യാപകനോ അമേരിക്കയിലെ ഒരു ഡോക്റ്ററോ ആഫ്രിക്കയിലെ ഒരെഞ്ചിനീയറോ കൊച്ചിയിലെ ഒരു കലാസംവിധായകനോ ചെന്നെയിലെ ഒരു ഗായകനോ ഞാനായി മാറി അഭിപ്രായങ്ങളും തിരുത്തുകളും കൂട്ടിച്ചേര്ക്കലുകളും നടത്തി എന്റെ പോസ്റ്റുകളെ കുറ്റമറ്റതാക്കുന്നു. വായനക്കാര് കൃതിയില് പങ്കുചേരുന്ന ഈയവസ്ഥയാണ് എഴുത്തുകാരനല്ലാത്ത എന്നെ ബ്ലോഗില് അതാക്കി മാറ്റുന്നതെന്ന് നിസ്സംശയം പറയാം.
Monday, June 11, 2007
നയം വ്യക്തമാക്കുന്നു
എന്റെ ബ്ലോഗ്ഗിങ് നയം WEF 15-06-2007
കഴിഞ്ഞ രണ്ടു മൂന്നു വര്ഷം കൊണ്ട് മലയാളം യൂണിക്കോഡ് ബ്ലോഗിങ്ങ് വളര്ന്നത് അതിശയകരമായ വേഗതയിലാണ്. ഒരു വരിയെങ്കിലും യൂണിക്കോഡില് എഴുതി ഇന്റര്നെറ്റിലെത്തിച്ചവര്ക്ക
ഇതുവരെ ബ്ലോഗുകളും കമന്റുകളും എഴുതിയിരുന്നത് പരമാവധി മലയാളം കണ്ടന്റ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലായിരുന്നു. സ്വാഭാവികമായും ഞാന് രസിക്കുന്നതെല്ലാം ബ്ലോഗ് വഴി ചെയ്തു, എനിക്കിഷ്ടമുള്ള തമാശകള് പോസ്റ്റാക്കി, കമന്റ് ആക്കി, പലപ്പോഴും അന്ത:സ്സാരം പോലുമില്ലാത്ത കുറിപ്പുകളും കമന്റുകളും എഴുതി. വളരെ ആസ്വദിച്ചു തന്നെ, എന്നാല് ആവശ്യം അറിഞ്ഞുകൊണ്ടും.
എന്റെ മിക്ക പോസ്റ്റുകളും കമന്റുകളും ഞാനൊന്നു വായിച്ചു നോക്കാന് കൂടി സമയം എടുക്കാതെ പബ്ലിഷ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്, അക്ഷരത്തെറ്റുകള് തിരുത്താന് പോലും സമയം എടുത്തിട്ടില്ല.
ഇന്ന് അളവു കൂട്ടാനുള്ള ശ്രമങ്ങള് അനാവശ്യമായിരിക്കുന്നതിനാല് വാരിക്കൂട്ടല് ഒരു വിപ്ലവം എന്നതിനെക്കാള് ചവറു കൂനയുണ്ടാക്കല് എന്ന ശല്യം ആയി മാറുകയാണെന്നു തോന്നുന്നു.
മാറിയ സാഹചര്യത്തില് ഞാന് എന്റെ ബ്ലോഗിങ്, വായനാ, കമന്റു നയം ഇങ്ങനെ മാറ്റിയെഴുതുന്നു (ആദ്യത്തേത് രണ്ടുവര്ഷം മുന്നേ എവിടെയോ കമന്റ് ആയി ഇട്ടിരുന്നു, ആ ബ്ലോഗ് നിലവിലില്ലെന്നു തോന്നുന്നു, അത് കാണാനില്ല. ഇനിയതിനു പ്രസക്തിയുമില്ല)
എന്റെ ബ്ലോഗുകള് :
൧. നിലവില് എനിക്ക് ദേവരാഗം, കൂമന്പള്ളി, ദേവപഥം, വിദ്യ, ആയുരാരോഗ്യം എന്നീ ബ്ലോഗുകള് ആണ് ഉള്ളത്, എന്റെ ചിത്രങ്ങള്, കമന്ററ എന്നിവ അപ്രസക്തമായ ആവര്ത്തന പോസ്റ്റുകളോ ഗ്രീറ്റിങ്ങ് കാര്ഡ് ചിത്രങ്ങളോ മറ്റു ചെറുവകകളോ ആണ് ഉള്ക്കൊള്ളുന്നത്.
൨. ഇവയൊന്നും ജൂണ് ൧൫ നു ശേഷം പിന്മൊഴികള്, ആള്ട്ട് മൊഴി തുടങ്ങിയ സംവിധാനങ്ങളിലേക്ക് കമന്റ് ഫീഡ് ചെയ്യുന്നതല്ല. എന്റെ പോസ്റ്റുകള് വായനക്കാരിലെത്തിച്ചിരുന്നത് പിന്മൊഴി ആയിരുന്നു. ഇന്ന് അതിലും ശക്തമായ പോസ്റ്റ് അഗ്രിഗേഷന് സമ്പ്രദായങ്ങള് നിലവിലുണ്ട്.
൩. സമകാലികം, ബൂലോഗ ക്ലബ്ബ് എന്നീ ജോയിന്റ് ബ്ലോഗുകളിലെ എഴുത്തുകുത്തുകള് ഞാന് നിര്ത്തുന്നു. സമകാലികത്തിലോ ക്ലബ്ബിലോ എഴുതാന് കഴിയുന്നതെന്തും എന്റെ സ്വന്തം ഉത്തരവാദിത്തതില് നടത്തുന്ന ബ്ലോഗുകളില് എഴുതാന് കഴിയും എന്നതുകൊണ്ട് മാത്രമാണ്.
൪. കൊല്ലം, സ്കൂള് കുട്ടി, ബൂലോഗ കാരുണ്യം, യൂ ഏ ഈ ബൂലോഗം എന്നീ ജോയിന്റ് ബ്ലോഗുകളില് ഞാന് അംഗമായി തുടരുന്നുണ്ട്.
൫. എന്റെ ബ്ലോഗുകള്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, ഞാന് ഒരു രാഷ്ട്രീയകക്ഷിയുടെയും അംഗമല്ല താനും. എന്റെ ബ്ലോഗുകള് ഒരു പ്രസ്ഥാനത്തിന്റെയും പ്രചരണത്തിനായുള്ളതല്ല.
൬. എന്റെ ബ്ലോഗുകളില് വരുന്ന കമന്റുകള് അടക്കം എല്ലാത്തിനും ഞാന് പൊതുജനത്തോട് ഉത്തരവാദിയാണ്. അതിനാല് എന്റെ ബ്ലോഗുകളില് വരുന്ന കമന്റുകളില് അശ്ലീലം, വ്യക്തിഹത്യ, പകര്പ്പവകാശ ലംഘനം, നിയമലംഘനം എന്നിവ കണ്ടാല് ഞാന് അത് നീക്കം ചെയ്യും. ഓഫ് ടോപ്പിക്കുകളോ ഓണ് ടോപ്പിക്കുകളോ അപ്പെന്ഡിക്സോ, നിശിതമായ വിമര്ശനമോ, മുകളില് പറഞ്ഞ നാലു കാര്യങ്ങളല്ലാതെയുള്ള എന്തും തന്നെ സ്വാഗതാര്ഹമാണ്
൭. എത്തിക്കല് ബ്ലോഗിങ്ങിനു അനോണിമസ് കമന്റുകള് വിലങ്ങു തടിയാണെന്ന് ബ്ലോഗ് സദാചാരത്തെക്കുറിച്ചുള്ള എല്ലാ എഴുത്തുകളിലും കണ്ടിരുന്നു. അതിനാല് അനോണി ഓപ്ഷന് ഡിസേബിള് ചെയ്യുന്നതായിരിക്കും
൮. റീഡര്മാരെ ക്യാന്വാസ് ചെയ്തിട്ടില്ല, ചെയ്യാനുദ്ദേശവുമില്ല. അത്യാവശ്യം വരുന്നയിടങ്ങളില് ബാക്ക് ലിങ്കുകള് ഇട്ട് കമന്റുകള് എഴുതും, അതും പരമാവധി എണ്ണത്തില് കുറച്ച്. എന്റെ പോസ്റ്റ് വായിക്കു എന്നു പറഞ്ഞ് എന്തെങ്കിലും സന്ദേശം ആര്ക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല, കിട്ടിയിട്ടുണ്ടെങ്കില് അത് ഞാന് അയച്ചതുമല്ല.
൯. നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് എനിക്ക് നീളമേറിയതോ മൊത്തത്തില് വിയോജിക്കുന്നതോ ആയ കമന്റുകള് ഉണ്ടെങ്കില് ഞാന് അതില് ലിങ്ക് ചെയ്ത് പുതിയ പോസ്റ്റ് ഇറക്കും. അതില് വ്യക്തിഹത്യയോ പ്രതിഷേധകരമായ എന്തെങ്കിലുമോ ഉണ്ടെന്നു തോന്നിയാല് എന്നെ അറിയിക്കേണ്ടതാണ്, സംശയത്തിന്റെ ആനുകൂല്യമെങ്കിലും ഉണ്ടെങ്കില് അത് നിങ്ങളുറ്റെ പക്ഷത്തായിരിക്കും.
ഈ തീരുമാനങ്ങള്ക്ക് ബൂലോഗവുമായോ അവിടെ നടന്നിട്ടുള്ളതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ യാതൊന്നുമായും ഒരു ബന്ധവുമില്ല, എത്തിക്കല് ബ്ലോഗ്ഗിങ് കോഡ് ഇതാണെന്ന് ഞാന് അവകാശപ്പെടുന്നുമില്ല.
ഞാനിടുന്ന കമന്റുകള് :
ഏതു ത്രെഡിലും ഓഫ് ടോപ്പിക്ക് ചേര്ത്തെഴുതുന്ന ശീലം ഉണ്ടായിരുന്നത് നിര്ത്തുകയാണ്. നിങ്ങളുടെ ബ്ലോഗില് ഞാനിടുന്ന ഏതു കമന്റും എടുത്തു കളയാന് എന്റെ സമ്മതം ചോദിക്കേണ്റ്റതില്ല. കാരണവും (അതെന്തു തന്നെ ആകട്ടെ) എനിക്കറിയേണ്ടതില്ല.
(പി എസ്. ഇതിനെ മെയില് ചെയ്തപ്പോള് അറിയാതെ സ്കൂള് കുട്ടികളുടെ അടുത്തു പോയി. സാല്ജോ എഴുതിയ ഒരു കമന്റും പോയി കിട്ടി. സാല്ജോ, സോറി)
Thursday, May 31, 2007
ബ്ലോഗ് മാസിക- പ്രാഥമിക പഠനം
ബ്ലോഗ് സൃഷ്ടികള് ഇന്റര്നെറ്റ് ഇല്ലാത്ത/അറിയാത്ത/ബ്ലോഗ് വായിക്കാത്തവരിലും എത്തിക്കുകയും അതുവഴി മലയാളം ബ്ലോഗ് സൃഷ്ടികള് ബ്ലോഗ് വായനക്കാരനിലും അപ്പുറത്തെത്തിക്കുകയും ചെയ്യുക.
(ഇതിനു ബ്ലോഗര്മാരുടെ എല്ലാവരുടെയും സമ്മതം വേണമെന്നില്ല, ഇതിലേക്ക് സൃഷ്ടികള് അയക്കുന്നവരുടെ മാത്രം മതിയാവും. ബൂലോഗം ഒരു സംഘടന അല്ല എന്നത് ഒരിക്കല് കൂടി ഓര്മ്മിപ്പിക്കട്ടെ.
൨. വ്യവസ്ഥാപിത നിയോഗം (Organizational Mission)
ബ്ലോഗ് സൃഷ്ടികളില് തിരഞ്ഞെടുത്തവ ഉള്ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില് ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല് ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല് പേരെ ഇതിലേക്ക് കൊണ്ടുവരാന് കാരകമായി വര്ത്തിക്കും.
൩. കര്മ്മവിഭക്തി (Identification of Objectives)
ആദ്യമായി തീരുമാനിക്കേണ്ടത് സ്ഥാപനം സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തേണ്ടതുണ്ടോ ഇല്ലയോ എന്നാണ് (ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേട്ടു) . ഈ സംരംഭത്തില് നിന്നും പണമുണ്ടാക്കുന്നതില് തെറ്റൊന്നുമില്ലെന്നു മാത്രമല്ല, സ്ഥാപനം നിലനില്ക്കുന്നതിലേക്കും വളരുന്നതിലേക്കും സ്ഥാപകര്ക്കുള്ള താല്പ്പര്യത്തെ സാമ്പത്തിക ലാഭം എന്ന പ്രേരകഘടകം പലമടങ്ങ് വര്ദ്ധിപ്പിക്കും:
അ. ലാഭേച്ഛ ഇല്ല എങ്കില്:- സ്ഥാപനത്തെ കമ്പനി ആയി രെജിസ്റ്റര് ചെയ്യുന്നതിനു പകരം ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഒരു ചാരിറ്റബിള് ട്രസ്റ്റ് ആയി രെജിസ്റ്റര് ചെയ്യുക. ഗുണങ്ങള്
>കോര്പ്പറേറ്റ് ടാക്സുകള് ഒഴിവാക്കാം
>ലാഭം ഉണ്ടാക്കിയോ വീട്ടില് കൊണ്ടുപോയോ എന്ന ചോദ്യങ്ങള് ഒഴിവാക്കാം, ട്രസ്റ്റിന്റെ ഓഡിറ്റഡ് ഫൈനാന്ഷ്യല്സ് പ്രസിദ്ധീകരിക്കുന്നതിനും പുറമേ വേണമെങ്കില് വര്ഷത്തിലൊരിക്കല് ഇന്ത്യയില് പ്രാക്റ്റീസ് ചെയ്യാന് CP കൈവശമുള്ള എതെങ്കിലും ചാര്ട്ടേര്ഡ് അക്കൗണ്ടന്റ് ഇന്റേര്ണല് ഓഡിറ്റ് ചെയ്ത് ബ്ലോഗില് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കാം
> ബ്ലോഗ് സൃഷ്ടികളുടെ സപ്ലയര്മാര്ക്ക് പണം പ്രതിഫലമായി കൊടുക്കേണ്ടതില്ല. ബ്ലോഗ് എഴുത്തുകാര് പണം ഇച്ഛിക്കുന്നെന്ന് തോന്നുന്നില്ല, ആ കൃതികളില് നിന്നും മറ്റൊരാള് ലാഭം ഉണ്ടാക്കാതിരിക്കുന്നിടത്തോളം കാലം
> ചാരിറ്റി എന്നാല് അനാഥഅലയത്തിനും മറ്റും പണം കൊടുക്കല് ആകേണ്ടതില്ല. അത്തരം ഫണ്ട് സമാഹരണം ബൂലോഗത്ത് വേറൊരു ഓര്ഗനൈസേഷനോ പ്രതിനിധികളോ നടത്തുന്നതാണ് നല്ലത്. ഈ ട്രസ്റ്റിന്റെ സര്പ്ലസ് ഇന്റര്നെറ്റ് മലയാളത്തിന്റെ ഉന്നതിക്ക്- സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റ്, വിക്കി മുതലായവ പരിഭാഷപ്പെടുത്താന് കോണ്ട്രാക്റ്റ് കൊടുക്കല് തുടങ്ങിയവയ്ക്കും മറ്റും ചിലവിടുന്നതാവും ഉചിതം.
ആ. സാമ്പത്തിക ലാഭം ഇച്ഛിക്കുന്നെങ്കില്:
>ഒന്നാമതായി വേണ്ടത് അക്കാര്യം അറിയിക്കുകയും സപ്ലയര്മാരുമായി ഭാവിയില് ലാഭത്തിന്റെ പേരില് ഉണ്ടായേക്കാവുന്ന ആശയ വത്യാസം അങ്ങനെ ഒഴിവാക്കുകയും ആണ്
>ലാഭത്തിന്റെ ഒരു വിഹിതം ബൂലോഗത്തിന് എന്ന ആശയം കണ്ടു. അത് ഒട്ടും ആശാസ്യമല്ല. ലാഭം പൊതുജനത്തിനല്ല, മുതല് മുടക്കിയവന് അവകാശപ്പെട്ടതാണ്. വെറുതേ ലാഭ വിഹിതം ആരും വാങ്ങരുത്.
>കൃതികളുടെ സപ്ലയര്മാര്ക്ക് മുന്കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിരക്കുകള് അനുസരിച്ച് പ്രതിഫലം നല്കുക. അവര്ക്കും ലാഭത്തില് പങ്കു ചേരാന് അവകാശമില്ല എന്നതിനാല് സപ്ലേ അനുസരിച്ച് വില നല്കി വാങ്ങുക.
> കമ്പനി ഉണ്ടാകുന്ന സംബന്ധിച്ച് ഭാവിയില് ചര്ച്ചകളോ തര്ക്കങ്ങളോ ഉന്നയിക്കാന് ബൂലോഗം എഴുത്തുകാര്ക്കോ വായനക്കാര്ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കരുത്. പൊതുജനാഭിപ്രായം അനുസരിച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാന് ആവില്ല.
ഇ. സഹകരണ സംഘം ആയി പ്രസ്ഥാനം രൂപകല്പ്പന ചെയ്യുകയാണെങ്കില് ഇതിലേക്ക് കൃതികള് സംഭാവന ചെയ്യുന്നവരെല്ലാം ഷെയറുകള് എടുക്കേണ്ടതും, വോട്ടിങ്ങ് അനുസരിച്ചു മാനേജ്മെന്റ് നിശ്ചയിക്കേണ്ടതും ഉണ്ട്. അങ്ങനെ ആണെങ്കില് ലാഭവിഹിതം സപ്ലയര്-മെംബര്മാര്ക്കു ലഭിക്കും. പക്ഷേ തുടങ്ങിയവര് എന്നും തലപ്പത്തുണ്ടാവണം എന്നോ അവര് തീരുമാനിക്കുന്ന രീതിയില് പ്രസ്ഥാനം മുന്നോട്ട് പോകണമെന്നോ ആഗ്രഹിക്കരുത്- സഹകരണ രീതിയില് ഭൂരിപക്ഷ തീരുമാനങ്ങള് മാര്ഗ്ഗവും ലക്ഷ്യവും നേതാവിനെയും ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
൪. വാണിജ്യതന്ത്രം (Commercial Strategy)
അ. ഉപഭോക്തൃനിര്ണ്ണയം
ആശംസകളും മുദ്രാവാക്യങ്ങളും അഞ്ചിന്റെ തുട്ടിനു പോലും കൊള്ളില്ല. എത്ര വരിക്കാര് ബൂലോഗത്തു നിന്നും ഇപ്പോള് തയ്യാറുണ്ട് എന്ന് ഒരുഭിപ്രായ സമാഹരണം നടത്തേണ്ടതുണ്ട്. വാരിക/മാസിക പ്രസാധനരംഗത്തു നിന്നുള്ള ബ്ലോഗര്മാരോട് ചര്ച്ച ചെയ്തും മാര്ക്കെറ്റിങ് സ്റ്റഡി രംഗത്തുള്ളവരോട് അഭിപ്രായം ആരാഞ്ഞും ആഡിറ്റ് ബ്യൂറോ ഓഫ് സര്ക്കുലേഷന്സില് (ABC) രെജിസ്റ്റര് ചെയ്ത് വിവരങ്ങള് ശേഖരിച്ചും തുടക്കത്തല് എത്ര പേര് വരിക്കാരായും കടകളില് നിന്നു വാങ്ങുന്നവരായും കാണുമെന്നും കാലാന്തരത്തില് എത്രകണ്ട് അത് വര്ദ്ധിപ്പിക്കാനാവുമെന്നും നിര്ണ്ണയിക്കേണ്ടതും, മിനിമം എത്ര പ്രതി വിറ്റാല് മാസിക നടത്തിക്കൊണ്ടു പോകാനുള്ള ചിലവ് ഈടായിക്കിട്ടും (break-even point) എന്ന് നിര്ണ്ണയിച്ച് അതിനപ്പുറം തുടക്കത്തിലെയോ സമീപഭാവിയിലോ മാസികയ്ക്ക് സര്ക്കുലേഷന് ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ആ. ദാതൃതന്ത്രം (Supplier Strategy)
എഴുത്തുകാര് ബൂലോഗത്തു നിന്നുള്ളവര് മാത്രമാണെങ്കില് നിലവിലുള്ളവരില് നിന്നും എത്ര പേര് മാസികയ്ക്കു തങ്ങളുടെ കൃതികള് തരാന് തയ്യാറുണ്ടെന്ന് അഭിപ്രായം സമാഹരിക്കുക. വോട്ടിങ് മതിയാവില്ല, തയ്യാറുള്ള ബ്ലോഗര്മാരുടെ പട്ടിക ഉണ്ടാക്കുകയും അവരില് എത്രപേരുടെ കൃതികള് മാസികയുടെ നിലവാരത്തിനു യോജിക്കുന്നെന്ന് കണ്ടെത്തുകയും, അവരുടെ പോസ്റ്റ് ഫ്രീക്വന്സി അനുസരിച്ച് ഒരു മാസം മാസികയ്ക്ക് വേണ്ട വിഭാഗങ്ങളില് (ഇ. എന്ന ഭാഗം കാണുക) എല്ലാം അവശ്യം വേണ്ടത് ലഭിക്കുമെന്നും ഉറപ്പാക്കുക.
കരുതിയിരിപ്പ് (base stock) ആയി കാലാന്തര പ്രാധാന്യമുള്ള കൃതികള് കൈവശം സൂക്ഷിക്കേണ്ടതുമുണ്ട്.
ഇ. നിര്മ്മിതീതന്ത്രം (product strategy)
നിലവിലുള്ള മാസികകളുടെ രൂപത്തില് ആണോ ബ്ലോഗ് മാസികയും ഇറങ്ങുന്നത് എന്ന് തീരുമാനിക്കുക. സ്ഥിരം വിഭാഗങ്ങള് ആയി എന്തൊക്കെ ഉണ്ടാവുമെന്നും തീരുമാനിക്കുക.
കഥ, കവിത, നിരൂപണം (സാഹിത്യം, സിനിമ), ടെക്നോളജി, ശാസ്ത്രം, രാഷ്ട്രീയ- ഇതര ലേഖനങ്ങള്, നര്മ്മപംക്തികള്, ഓര്മ്മക്കുറിപ്പുകള്, പാചകം, ഫോട്ടോ ഫീച്ചര്, ബാലപംക്തി തുടങ്ങിയവ സ്ഥിരം പംക്തികളായി നിലനിര്ത്താന് മാത്രം എഴുത്തുകാര് സപ്ലയര് ലിസ്റ്റില് ഉണ്ടോ എന്ന് ഉറപ്പു വരുത്തി അവയില് ഏതൊക്കെ വേണമെന്ന് തീരുമാനിക്കാവുന്നതാണ്.
ഡിസൈന്, ലേ ഔട്ട്, പ്രിന്റിങ് മുതലായവയില് പ്രാവീണ്യം ഉള്ള ബൂലോഗരുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും ശേഖരിച്ച് ഉചിതമായവ സ്വീകരിക്കാം.
ഈ. മത്സരതന്ത്രം (competition strategy)
നിലവിലുള്ള ബ്ലോഗ് സൃഷ്ടികളില് എറ്റവും മെച്ചപ്പെട്ടവ മാസിക ആക്കിയാല് പ്രിന്റ് മീഡിയയില് അത് ഭാഷാപോഷിണി, സമകാലിക മലയാളം, മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി എന്നീ വാരിക/ മാസികകളോടാണ് മല്സരിക്കുന്നത്. ബ്ലോഗ് എന്തെന്ന കൗതുകം കൊണ്ട് ഒറ്റപ്രതി വാങ്ങുന്നവരെയും, ബ്ലോഗര്മാരായ വരിക്കാരെയുമൊഴിച്ചുള്ളവര് ഇവയോട് വിലയും ഗുണനിലവാരവും താരതമ്യപഠനം നടത്തിയാവും ബ്ലോഗ് മാസിക വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവയോട് എങ്ങനെ കിടപിടിക്കാനാവും എന്ന് നിശ്ചയിക്കേണ്ടതുണ്ട്.
8 മുതല് 12 രൂപ വരെ ആണ് ഈ പ്രസിദ്ധീകരണങ്ങള് ഒരു പ്രതിക്ക് വാങ്ങുന്നത് എന്നതിനാല് പരമാവധി 12 രൂപ ആണ് വിലയിടാനാവുന്നതും.
അതല്ലാതെ പച്ചക്കുതിര, Take- 1 എന്നിവ പോലെ പ്രീമിയം പ്രോഡക്റ്റ് ആയി ബ്ലോഗ് മാസികയെ വില്ക്കാന് ആവുമോ എന്ന കാര്യം സംശയമാണെങ്കിലും അങ്ങനെ കഴിയുമെങ്കില് 50 രൂപ വരെ വില കല്പിക്കാന് കഴിയും.
ഭാവിയില് മറ്റൊരു ബ്ലോഗ് മാസികയോ വാര്ഷിക പുസ്തകമോ ഇറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്. സപ്ലയര്മാര് നിശ്ചിതരായ ഒരു സംഘം മാത്രമാകയാല് ആദ്യം ഇറങ്ങി സ്ഥാപിത മാര്ക്കറ്റ് ഉണ്ടാക്കി എന്ന നേട്ടം മുതലാക്കിയും മറ്റാര്ക്കു കൊടുക്കാനാവുന്നതിലും പ്രതിഫലം എഴുത്തുകാരനു കൊടുക്കാന്മാത്രം വിറ്റുവരവ് മാസികയില് നിന്നുണ്ടാക്കിയും ഇതര ബ്ലോഗ് മാസികകള് ഉണ്ടായി ഭാവിയില് വിറ്റുവരവ് ഇടിയുന്ന ഭീഷണി നേരിടാവുന്നതാണ്.
ഉ. കച്ചവട തന്ത്രം (marketing strategy)
ചെറുകിട മാസികകള് എങ്ങനെ പരസ്യം കൊടുക്കുന്ന രീതികളുടെ ചിലവ് (ഉദാ. പത്രത്തില്, ബിറ്റ് നോട്ടീസ് വച്ച്, പോസ്റ്റര്, ടെലിവിഷന്, ഇന്റര്നെറ്റ് അഡ്) കണക്കിലെടുത്ത് അതിന്റെ ഹിറ്റ് റേറ്റും നിര്ണ്ണയിച്ച് പരസ്യങ്ങള് എത്ര വേണമെന്നും , ചിലവേറെയില്ലാത്ത മറ്റു തരത്തില്- ഷോപ്പ് ഡിസ്പ്ലേ പോലെയും പുസ്തക പ്രദര്ശനങ്ങളില് ബാനറുകള് കെട്ടിയും മറ്റും പചരണം നടത്താവുന്നതഅണ്. ബ്ലോഗര്മാര് അവരുടെ പരിചയക്കാരോട് പരിചയപ്പെടുത്തി ചെറിയൊരു മാര്ക്കറ്റ് നിര്മ്മിച്ചേക്കാം.
ഫ്രീ കോപ്പികള് (വായനശാല, കോളെജുകള്, സാഹിത്യകാര് മുതലായവര്ക്ക്) കൊടുത്തും മാര്ക്കറ്റ് വര്ദ്ധന ഉണ്ടാക്കാന് കഴിയും. അതിന്റെ ചിലവും ഹിറ്റും കണക്കാക്കി ഫ്രീ കോപ്പി എണ്ണം നിര്ണ്ണയിക്കേണ്ടതുണ്ട്.
ഹോള്സെയില് ഡിസ്റ്റ്രിബ്യൂട്ടര്മാരെ ജില്ലാതലത്തില് കണ്ടെത്തി അവരോട് കമ്മീഷന് (അവര്ക്കും ചില്ലറ വില്പ്പനക്കാര്ക്കും) ചര്ച്ച ചെയ്ത് നിശ്ചയിക്കുക. മിക്കവാറും വില്ക്കാത്ത പ്രതികള് മടക്കിയെടുക്കാന് പ്രസാധകന് സമ്മതിക്കേണ്ടി വരും എന്നതിനാല് ഓവര് സ്റ്റോക്ക് ചെയ്യാന് ഡിസ്റ്റ്റിബ്യൂട്ടറെ നിര്ബന്ധിക്കാതെ അവര് ഫോര്കാസ്റ്റ് ചെയ്യുന്ന മാര്ക്കറ്റില് നിന്നും തുടങ്ങണം.
ഊ. ആസ്തിതന്ത്രം (resource strategy)
കൃതികളുടെ അനുസ്യൂത ലഭ്യത, മാസികയുടെ വില, മാര്ക്കറ്റിങ്ങ് ചാനല്, പ്രാരംഭ ഉപഭോക്തൃവലയം എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല് മാസിക പ്രസിദ്ധീകരിക്കാനുള്ള സ്ഥിര പ്രിന്റിങ്ങ് സംവിധാനം (tech resource/outsource), ഭരണം, എഡിറ്റിങ്ങ്, ഓഫീസ് നിര്വഹണം എന്നിവയ്ക്ക് യോഗ്യരായ ആളുകള് (human resource), കമ്പനി തുടങ്ങാനും ബ്രേക്ക് ഈവന് സെയില്സ് ഉണ്ടാകും വരെ അതിനുള്ള ചിലവുകള് വഹിക്കാനും ഉള്ള ധനം കൈവശമുണ്ട്/ ആവശ്യത്തിനു മുന്നേ വന്നു ചേരും (financial resource)എന്നും ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരണം ആരംഭിക്കാം.
പിന് കുറിപ്പ്: ഇതൊരു പ്രാരംഭ വിശകലം മാത്രം. ലേഖകന് ഒരു പ്രോജക്റ്റ് റിപ്പോര്ട്ട് എഴുതിയിട്ട് ൧൫ വര്ഷം കഴിയുന്നു. മാദ്ധ്യമ രംഗവുമായി യാതൊരു ബന്ധവും ഇല്ല എന്നു മാത്രമല്ല ഉള്ളവരുമായി ബന്ധപ്പെടാനുള്ള സാവകാശവും ലഭിച്ചില്ല. ബ്ലോഗ് മാസിക സംബന്ധിച്ച് ചര്ച്ചാ പേജില് ആശയക്കുഴപ്പം ഉണ്ടായെന്ന് കണ്ടപ്പോള് ൫ ദിവസം സമയം മാറ്റി വച്ചിരുന്ന ഈ റിപ്പോര്ട്ട് ൫ മണിക്കൂര് പോലും സമയം കിട്ടാതെ തിടുക്കത്തില് തീര്ക്കേണ്ടി വന്നു.
ഇംഗ്ലീഷില് ആലോചിച്ച് മലയാളത്തില് എഴുതിയതാണ്. വിവര്ത്തനപ്പിഴകളും ശുഷ്കമായ എന്റെ മലയാള പദസമ്പത്തും മൂലം വന്ന ഏനക്കേടുകള് ഉദ്ദേശശുദ്ധി മാനിച്ച് (ഗുരുവും പണിക്കര്മാഷും മറ്റും )തിരുത്തി തരുക/ പൊറുക്കുക.
അറിയിപ്പ്:
രാധേയന്, പട്ടേരി,പ്രോജക്റ്റ് ഫൈനാന്സിങ്/ ബാങ്കിങ് പ്രൊഫഷണലുകളോ മറ്റോ ഉണ്ടെങ്കില് അവരും മാദ്ധ്യമ പ്രവര്ത്തനരംഗത്തുള്ളവരും ഈ ഏരിയയില് ഉണ്ടെങ്കില് ശ്രദ്ധിക്കുക: ഓടി വന്ന് ഒരു കൈ സഹായിച്ചാല് ഈ ദളിതകളേബരത്തിന്റെ മുകളില് ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്ക്ക് പുണ്യവും കിട്ടും.
