Thursday, February 12, 2009

ഷഡ്ഡിസമരം- മാര്‍ക്സിയന്‍ വീക്ഷണത്തില്‍

വാലന്റൈന്‍ ദിനത്തില്‍ ഒരുമിച്ചു കാണുന്നവരെ രാഖിയോ താലിയോ കെട്ടിക്കും എന്ന ഹിന്ദുത്വവാദികളുടെ ഭീഷണിയെ ബംഗല്ലൂരിലെ "പബ്ബില്‍ പോകുന്ന അയഞ്ഞ മൂല്യങ്ങളുള്ള പുരോഗമനവനിത"കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന (പേര്‌ ഒരു പ്രതിഷേധത്തിനു വേണ്ടി തെരഞ്ഞെടുത്താണെന്ന് വ്യംഗ്യം) സംഘടന പിങ്ക് ചഡ്ഡി ക്യാമ്പെയിന്‍ തുടങ്ങി വച്ചാണ്‌ നേരിട്ടത്. നിരവധി പോയിന്റുകളില്‍ വര്‍ഗ്ഗീയവാദികളുടെ ഭീഷണിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിങ്ക് ഷഡ്ഡികള്‍ നിക്ഷേപിക്കാം, വാലന്റൈന്‍ ദിനത്തില്‍ സംഘടന ഇതെല്ലാം പ്രമോദ് മുത്തലിക്കിന്‌ അയച്ചു കൊടുക്കുമെന്നാണ്‌ തീരുമാനം.

ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു സംഘടനയോട് സ്ത്രീകള്‍ അതിശക്തമായി പ്രതികരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്‌. ആകെ ഒരു ഷഡ്ഡി മാത്രമുള്ളത് കുളിക്കുമ്പോഴെല്ലാം പുരയ്ക്കു മുന്നില്‍ ഉണക്കുന്ന കര്‍ണ്ണാടകത്തിലെ ദരിദ്രസ്തീകള്‍ക്ക് വാലന്റൈന്‍സ് ദിനവും രാഖിയും എന്തെന്നറിയില്ല എന്നതിനാല്‍ ഷഡ്ഡിദാനയജ്ഞത്തിനോട് വലിയ താല്പ്പര്യമുണ്ടാവാന്‍ വഴിയില്ല. ഒരുപക്ഷേ അവരറിയുകപോലുമില്ല ഇതൊന്നും.

മദ്ധ്യവര്‍ത്തി സദാചാരവുമായി ബന്ധപ്പെട്ടാണ്‌ ഭീഷണിയും പ്രതിഷേധവുമുണ്ടായത്. മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രപ്രകാരം മൂലധനം ഭരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ബൂര്‍ഷ്വാസമൂഹത്തിനു മേല്‍ മുതലാളിത്തം പാകി വളര്‍ത്തുന്ന ബോധമാണ്‌ അവിടെ നിലവില്‍ വരുന്ന സദാചാരം . നിരന്തരം പ്രസസിച്ചും പാലൂട്ടിയും ജനസംഖ്യ പെരുപ്പിക്കുന്ന യന്ത്രമായി സ്ത്രീയെ മാറ്റിയെടുക്കുക വഴി മനുഷ്യാദ്ധ്വാന വിപണി ഉത്പന്നം (തൊഴില്‍ വില്‍ക്കുന്നവര്‍) കുമിഞ്ഞു കൂടി വിലയിടിഞ്ഞ ഒന്നായി മാറ്റിയെടുക്കുകയും അതേ സമയം നിര്‍മ്മിത ഉപഭൊഗവസ്തുവിന്റെ ആവശ്യക്കാരുടെ തലയെണ്ണം വര്‍ദ്ധിക്കുകയും സാദ്ധ്യമാക്കും. വിക്റ്റോറിയന്‍ സദാചാരസംഹിതയായ "അടക്കം, ഒതുക്കം, വീടിനക്കത്ത് ജീവിതം, മൃഗതുല്യമായ അനുസരണാശീലം " കൃത്യവും നിരന്തരവുമായ പ്രസവയന്ത്രമാക്കി സ്ത്രീയെ മാറ്റുന്നത് മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ബോധപൂര്വ്വമായ ഒരു മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണ്‌. ഇതിനെതിരേ ഒച്ചയുയര്‍ന്നാല്‍ അതമര്‍ത്തുന്ന തരം ഫാസിമ്വും ഇതിന്റെ ഭാഗമാണ്‌. ജൂഡിത്ത് വാക്കോവിറ്റ്സ് തന്റെ (പേരോര്‍മ്മയില്ല) ഒരു പുസ്തകത്തില്‍ വിക്റ്റോറിയന്‍ സദാചാരത്തിനെ വെല്ലുവിളിച്ച സ്ത്രീകള്‍ അതിദാരുണമായി ഇല്ലായ്മ ചെയ്യപ്പെട്ട സംഭവങ്ങള്‍- ജാക്ക് ദ റിപ്പര്‍ നടത്തിയ കൊലകള്‍ അടക്കമുള്ളവ എങ്ങനെ ഈ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നെന്ന് വിശകലനം ചെയ്യുന്നുണ്ട്.

ചിക്കാഗോ യൂണിവേര്‍സിറ്റിയിലെ (ഫെമിനിസത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട) പ്രൊഫസ്സര്‍ മര്‍ലീന്‍ ഡിക്സന്‍ "ഫെമിനിസത്തിന്റെ ഉയര്‍ച്ചയും പതനവും- ഒരു വര്‍ഗ്ഗവിശകലനം" എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നത് ഏതാണ്‌ ഇങ്ങനെയാണ്‌- സാമൂഹ്യമായും സാംസ്കാരികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും വ്യക്തിത്വരഹിതമായൊരു മഹതീവല്‍ക്കരണതിനു വിധേയമാകുകയും ചെയ്ത മദ്ധ്യവര്‍ത്തിവര്‍ഗ്ഗത്തിലെ മേല്‍ത്തട്ടിലെ സ്ത്രീകളും വിദ്ദ്യാര്‍ത്ഥിനികളും പ്രതികരിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു രാഷ്ട്രീയ തത്വസംഹിതയൊന്നുമുണ്ടാവില്ല. തൊട്ടുമുന്നില്‍ കാണുന്നതിനോട്- മിക്കപ്പോഴും മുന്നിലുള്ള പുരുഷനോട് അവര്‍ ആകാവുന്നത്ര പ്രതികരിച്ചു. ..... സംഘടിതരായി സ്ത്രീകള്‍ ഏതെങ്കിലും ദുരവസ്ഥയ്ക്കെതിരായി പ്രതികരിക്കുന്നത് നല്ലതിനു തന്നെ.

എന്നാല്‍ സാങ്കല്പ്പികമായുണ്ടാക്കിയ ഒരു സര്വ്വ സഹോദരിത്തം സ്ത്രീവിമോചനപ്രസ്ഥാനത്തിനെ വഴിതെറ്റിച്ചുവെന്നും മര്‍ലീന്‍ നിരീക്ഷിക്കുന്നുണ്ട്. അഖിലലോക സ്ത്രീ ഐക്യം മിക്കപ്പോഴും പ്രതികരിച്ചത് ബൂര്‍ഷ്വാസ്ത്രീകള്‍ മാത്രമോ അവരടങ്ങുന്ന പൊതുസമൂഹമോ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമായിപ്പോയി.

വാലന്റൈന്‍ ഷഡ്ഡികള്‍ ബൂര്‍ഷ്വാഫെമിനിസത്തിന്റെ കൃത്യമായ ചിത്രമാണ് തരുന്നത്. പബ്ബില്‍ പോകാന്‍ പറ്റുന്നില്ല, ഇഷ്ടമുള്ള വ്യക്തിക്കൊപ്പം നടക്കണമെങ്കില്‍ അവന്റെ സഹോദരിയോ ഭാര്യയോ ആയിരിക്കണം എന്ന് റിപ്പര്‍ മോഡല്‍ സദാചാര റീയിന്‍ഫോഴ്സ്മെന്റ് ശ്രമം. മര്‍ലീന്റെ നിരീക്ഷണം യോജിക്കുന്നത് ഇവടെയാണ്‌. വ്യക്തിസ്വാത്രന്ത്ര്യത്തിനെ ഒരു സംഘം പച്ചയായി ചോദ്യം ചെയ്ത സംഭവത്തിനെതിരേ സ്ത്രീകള്‍ പ്രതികരിക്കുന്നത് നല്ലതിനാണ്‌ (ലണ്ടനിനും പരിസരത്തും മണ്ണില്‍ കിടന്നുരുണ്ട ഗര്‍ഭപാത്രങ്ങളുടെയും സ്തനങ്ങളുടെയും ചിത്രങ്ങളെ ബൂര്‍ഷ്വാവിപ്ലവത്തിന്റെ ചരിത്രത്തില്‍ വരച്ചു ചേര്‍ത്ത വാക്കോവിറ്റ്സ് എന്നെ ഇവരുടെ സുരക്ഷയെപ്പറ്റി ആശങ്കാലുവാക്കുന്നുമുണ്ട്) . ബൂര്‍ഷ്വാവിപ്ലവത്തെ പിന്‍‌തുടര്‍ന്ന് യഥാര്‍ത്ഥവിപ്ലവം സഭവിക്കുമ്പോലെ ബൂര്‍ഷ്വാസ്ത്രീവിമോചനം ഇന്ത്യയില്‍ സ്ത്രീഭ്രൂണഹത്യയും സ്ത്രീധനമരണവും തൊഴില്‍ രംഗത്തെ സ്ത്രീവിവേചനവും പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉടലെടുത്തേക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. അങ്ങനെ ഭവിച്ചില്ലെങ്കില്‍ പോലും സകലമാന സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്നത്തെ തങ്ങളെ ബാധിക്കുന്നെന്ന കാരണം കൊണ്ടെങ്കിലും വെല്ലുവിളിക്കാന്‍ അവര്‍ മുതിര്‍ന്നെന്നത് നല്ലകാര്യമാണ്‌. ഷഡ്ഡി സമരം ജയിക്കട്ടെ.

Sunday, February 8, 2009

പേടി

പേടി

അഞ്ഞൂറു വര്‍ഷം മുന്നേ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി എന്നിവ. പേടി റൂള്‍ ഇപ്രകാരമാണ്‌- സന്ധ്യകഴിഞ്ഞാല്‍ മുന്നോക്കജാതിയില്‍ പെട്ട സ്ത്രീകളെ പുലയരോ പറയരോ മണ്ണാന്മാരോ തീണ്ടിയാല്‍ (ജാതിയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ അറുപത്തിനാലടി അടുത്തുവന്നാലൊക്കെ തീണ്ടലായി) ആ സ്ത്രീയെ ഭ്രഷ്ടുകല്‍പ്പിച്ച്‌ തീണ്ടിയ മനുഷ്യനോടൊപ്പം പടിയിറക്കി വിടണം. തീണ്ടണമെന്നു തന്നെയില്ല ഒരു കല്ലോ കമ്പോ എടുത്ത്‌ സ്ത്രീയുടെ ദേഹത്തെറിഞ്ഞ്‌ "കണ്ടേ" എന്നു വിളിച്ചു കൂവിയാല്‍ മതിയാകും.

ഈ ആചാരത്തെ ഭേദഗതി ചെയ്ത്‌ തീണ്ടാരിയായ സ്ത്രീ കുളിച്ചാല്‍ മതിയെന്നും തീണ്ടുന്ന പുരുഷനെ വധിക്കണമെന്നും (എത്ര നല്ല നീതി, മറ്റു അയിത്താചാരവുമായി എന്തു ചേര്‍ച്ച) വിധിച്ച്‌ ഇരണിയല്‍ കേരളവര്‍മ്മ ഇളയരാജ വിളംബരം ചെയ്തു. മന്ത്രിപ്രമുഖരായിരുന്ന ഇളമ്പയില്‍ പണ്ടാനും ഇടത്തട്ട പോറ്റിയും അടങ്ങുന്ന ഒരു സംഘം മാടമ്പിമാര്‍ വിളംബരത്തോട്‌ പ്രതികരിച്ചത്‌ രാജാവിനെ പതിയിരുന്നാക്രമിച്ച്‌ വധിച്ചാണ്‌.

മാടമ്പിമാര്‍ക്കും മേല്‍ജാതിക്കാര്‍ക്കും തങ്ങളുടെ സ്ത്രീകളെ അവരുടേതല്ലാത്ത കുറ്റത്തിനു ക്രൂരമായി ശിക്ഷിക്കുന്ന ഈ കാടന്‍ നിയമം എങ്ങനെ പ്രിയമുള്ളതായി?

ഒറ്റയടിക്ക്‌ രണ്ടുകാര്യം സാധ്യമായതുകൊണ്ടാണ്‌ ഈ ആചാരം നിലനിന്നിരുന്നതെന്ന് തോന്നുന്നു:
എല്ലാ ജാതിമതാനാചാരങ്ങളുടെയും ഇര സ്ത്രീകളാണ്‌. ജാതി പ്രബലമായിരുന്ന കാലത്ത്‌ ഒരു ജാതിയിലെയും സ്ത്രീയുടെ ജീവിതം ഭേദമായിരുന്നില്ല കേരളത്തില്‍. ഈ ആചാരത്തിന്റെ പേരില്‍ തന്നെയുണ്ട്‌ "പേടി". ഭയപ്പെടുത്തി തങ്ങളുടെ സ്ത്രീകളെ അറയ്ക്കു പുറത്തിറങ്ങാതാക്കാന്‍ ഈ ആചാരത്തിനു ശേഷിയുണ്ട്‌.

രണ്ടാമതായി, ജാതിയില്‍ പിന്നോക്കമായവരെ തീണ്ടാപ്പാട്‌ അകലെ നില്‍ക്കേണ്ട നികൃഷ്ടരായിക്കാണാന്‍ ആളുകളെ, പ്രത്യേകിച്ച്‌ പെണ്ണുങ്ങളെ ഈ നിയമം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

നൂറ്റാണ്ടുകള്‍ മുന്നേ നമ്മള്‍ പേടികളില്‍ നിന്നു വിമുക്തരായെന്ന് കരുതിയിരിക്കുകയായിരുന്നു. മംഗലാപുരത്ത്‌ നടന്നു വരുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും പേടി തീണ്ടുന്നു.

മുസ്ലീം പേടിയാണ്‌ സദാചാരക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌. പബ്ബില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സമയത്തു തന്നെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ സൈറ്റുകള്‍ "മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വശീകരിച്ച്‌ കൊണ്ടുപോവുന്ന സ്ഥലങ്ങളാണ്‌ പബ്ബുകളെന്ന്" വിശദീകരണക്കുറിപ്പുകള്‍ കണ്ടിരുന്നു. ടൂര്‍ പോകുകയായിരുന്ന കോളേജ്‌ കുട്ടികളെയും ഹോസ്റ്റലിലേക്ക്‌ പോകുകയായിരുന്ന സ്കൂള്‍ കുട്ടികളെയും ആക്രമിച്ചതിന്റെ പിന്നിലും അവരെ മുസ്ലീം തീണ്ടിയെന്ന ന്യായമാണ്‌ കാണുന്നത്‌.


പെണ്ണുങ്ങളെ പുരയ്ക്കകത്ത്‌ അടച്ചു കഴിയാന്‍ നിര്‍ബ്ബന്ധിതരാക്കാം, ഒപ്പം അന്യമതസ്ഥന്‍ എന്നാല്‍ ഭയന്ന് ഓടിയൊളിക്കേണ്ട ഒരു സാധനമാണെന്ന ബോധവും അവരോടുള്ള വെറുപ്പും വളര്‍ത്തിയെടുക്കാം. പുതിയ പേടിയുമായി മാടമ്പികളും പിണിയാളരും എത്തിക്കഴിഞ്ഞു.

വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ മാങ്ങാണ്ടിയാണോ മരമഞ്ഞള്‍ ആണോ എന്ന് അറിയാത്ത കാലത്തേക്കാണ്‌ നമ്മള്‍ പോകുന്നതെന്ന പേടിയാണ്‌ എനിക്കിപ്പോള്‍. വ്യക്തിതലത്തിലെ പരിചയക്കാരില്‍ ഒരു ചെറിയ ഭാഗം (സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍ വരെ) ഹിന്ദുത്വവര്‍ഗ്ഗീയതയെക്കാണുന്നത്‌ ന്യൂനപക്ഷ ഭീകരതയെ ചെറുക്കാനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമെന്ന നിലയിലാണ്‌. അതിലും ചെറിയൊരു ശതമാനം "നിങ്ങളെന്നെ വര്‍ഗ്ഗീയവാദിയാക്കി" എന്ന ലൈനിലാണ്‌. ഇവരാരും ഒരു ഹിന്ദുത്വതാലിബാന്‍ ഭരണം സ്വപ്നം കാണുന്നവരല്ല, പക്ഷേ അവരറിയാതെ അതിനെ വെള്ളവും വളവും കൊടുത്തു വളര്‍ത്തുന്നുമുണ്ട്‌. ഇത്തരം സംഭവങ്ങള്‍ ഒരു പാഠമായില്ലെങ്കില്‍ ഒരവധിക്ക്‌ നാട്ടിലെത്തി സ്കൂട്ടറില്‍ കടയിലേക്കു പോകുന്ന എന്നെയും ഭാര്യയെയും കൊല്ലം പട്ടണത്തില്‍ ഏതെങ്കിലും സേന ജനസമക്ഷം തടഞ്ഞു നിര്‍ത്തി " ഒരു മതത്തില്‍ പെട്ടവരാണെന്നു തെളിവുകാണിക്ക്‌" എന്നാവശ്യപ്പെട്ടേക്കാം. സീമന്ദ രേഖയില്‍ സിന്ദൂരവും താലിയും മാലയും പീലിയുമൊന്നും
വിവാഹമോതിരവും ശീലമില്ലാത്ത മതം ഹിതിരിച്ചറിയുന്ന ചിഹ്നങ്ങളൊന്നുമില്ലാത്ത ഞങ്ങള്‍ ഓടയില്‍ കിടന്ന് ചവിട്ടേല്‍ക്കുന്നത്‌ ടീവിയില്‍ ലൈവായി വരുമെന്ന പേടികൊണ്ട്‌ ഇത്രയുമെഴുതിയതാണ്‌.

(പേടിക്കേണ്ട, നാട്ടില്‍ പോകുമ്പോള്‍ സ്കൂട്ടറെടുക്കാതെ ഒരു ബെന്‍സ്‌ വാങ്ങ്‌, എന്നിട്ട്‌ സ്വന്തം ഭാര്യയെയോ വല്ലവന്റെ ഭാര്യയെയോ അതില്‍ കയറ്റി സൌത്ത്‌ പാര്‍ക്കില്‍ ഭക്ഷണവും ഗോള്‍ഫ്‌ ക്ലബ്ബില്‍ പാര്‍ട്ടിയുമായി ജീവിക്ക്‌ ഒരു സേനയും ഒരുകാലത്തും പിടിച്ചു നിര്‍ത്തില്ല എന്ന് രസികനായ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ ഉപദേശം. പണക്കൊഴുപ്പിനു മറികടക്കാന്‍ പറ്റാത്ത സദാചാരമില്ലല്ലോ)