Saturday, October 20, 2007

ബൂലോഗവിചാരണം- 6 വായനാസമൂഹം- ഒരു കുസൃതി പരീക്ഷണം

വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന്‍ ക്രമേണ സമ്പാദിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്. ആരാണ്‌ വായനക്കാരന്‍ എന്നത് എന്താണ്‌ എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന്‍ സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര് ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി.

ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന്‍ വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ്‌ ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ?

മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച.

എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല.

പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്‍, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ.

നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ്‌ ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്വ്വ ജന്മത്തില്‍ കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ഈ പരീക്ഷണം എന്തിനാണ്‌?
ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍.

ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍.

അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്.

[ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ]

Tuesday, October 16, 2007

മോബ് ജസ്റ്റിസിന്റെ കാലം വരവായി

മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്‌. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്.

ആധുനിക ലോകത്തിന്‌ ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു.

കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം.

ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു.

സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍.

അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ്‌ ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ്‌ ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി.

മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌?
൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ
൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം
൩ അരക്ഷിതത്വബോധം
൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും.
൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം

മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്‌. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ഇക്കാലത്തും നിലവിലുള്ളത്. ചൈനയില്‍ ഈ അടുത്ത സമയത്ത് ഒരു സൈക്കിള്‍ യാത്രക്കാരിയെ കാര്‍ യാത്രക്കാരി ഇടിച്ചുകൊന്ന ഒരു സംഭവം ഡിസ്കഷന്‍ ഫോറത്തില്‍ പോസ്റ്റ് ആയി വന്നു. അവളുടെ കാറടിച്ചു തകര്‍ക്കണം, കാലു വെട്ടണം എന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ പോലീസ് ഫോറം അടച്ചുപൂട്ടാന്‍ ഹോസ്റ്റിനു നിര്‍ദ്ദേശം നല്‍കി. "ലിഞ്ച്ചിങ്ങ് തെമ്മാടികളുടെ രീതിയാണ്‌. ഓണ്‍ലൈന്‍ ലിഞ്ച്ചിങ്ങ് നടത്തുന്നവര്‍ സൈബര്‍ തെമ്മാടികളും. നമ്മുടെ നീതിബോധത്തിനതു യോജിക്കില്ല." എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഈ പോസ്റ്റ് രാജീവ് ചേലനാട്ടിന്റെ അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ എന്ന പരിഭാഷയ്ക്ക് സമര്‍പ്പിക്കുന്നു. നന്ദി