വിവരസംഭരണം, ആശയപരവും വൈകാരികവുമായ വിനിമയം,തൊഴില്സംബന്ധമായ ഉപയോഗം എന്നിവ കുറഞ്ഞൊരളവിലും കവിഞ്ഞ് നടക്കാത്ത ഏതുഭാഷയും മറ്റൊന്നിലേക്ക് ദഹിച്ചു ചേരും. നൂറ്റാണ്ടുകള് മാത്രം പഴക്കമുള്ള മലയാളവും ഈ ഭീഷണിയുടെ നിഴലിലാണെന്നിരിക്കെ കാലാതീതാസ്തിത്വമുള്ള, ഒരു കീ തൊട്ടു വിളിച്ചാലാര്ക്കും എന്നും കണ്മുന്നില് പ്രത്യക്ഷമാവുന്ന ഇന്റെര്നെറ്റ് യൂണിക്കോഡ് മലയാളം എഴുതുന്നവരെല്ലാം നമ്മുടെ ഭാഷയുടെ ചിരന്തനത്വത്തിലേക്ക് എളിയ സംഭാവനകള് ചെയ്യുന്നവരാണ്.
ഞാന് ബ്ലോഗ് എഴുതുന്നത് ഈ ലക്ഷ്യം മാത്രം കണ്ടെന്ന് പറഞ്ഞാല് അത് വെടിമരുന്ന് നിര്മ്മാണത്തെ സഹായിക്കാനാണ് കടല്ക്കാക്ക കാഷ്ഠിക്കുന്നത് എന്ന് അവകാശപ്പെടുമ്പോലെയാകും. എന്റെ എഴുത്ത് എന്റെ ആത്മാവിഷ്കാരമാണ്. 'അനായാസപ്രകാശനം' എന്ന ബ്ലോഗറിന്റെ ആദര്ശസൂക്തം വ്യക്തമാക്കുന്നതുപോലെ എന്റെ ചിന്തകളെയും വീക്ഷണങ്ങളെയും സര്ഗ്ഗവാസനകളെയും അനിയന്ത്രിതമായി പ്രകാശിപ്പിക്കാനുള്ള വേദിയാണെനിക്ക് ബ്ലോഗ്.
എന്റെ ബ്ലോഗെഴുത്തിനു രണ്ടുവയസ്സ് തികയുന്നു. ബ്ലോഗ് എന്നെ എഴുത്തുകാരനാക്കിയെന്ന് പറയവയ്യ. ബ്ലോഗുകളുണ്ടാവും മുന്നേ ബുള്ളറ്റിന് ബോര്ഡുകളിലും മറ്റും ഞാന് എഴുതുകയും ചെയ്തിരുന്നു. എന്നാല് മനോവ്യാപാരങ്ങളുടെ തീവ്രതയും ആര്ജ്ജവവും എല്ലാദിവസവും ഒരുപോലെയായിരിക്കില്ല എന്നത് വകവയ്ക്കാതെ മനസ്സിലുരുത്തിരിയുന്നത് നിലവാരഭേദം വകവയ്ക്കാതെ എന്നും പ്രസാധനം ചെയ്യാന് ബ്ലോഗുകളോളം യോജിച്ച മറ്റൊരു മാദ്ധ്യമവും ഞാന് കണ്ടിട്ടില്ലെന്നത് ബ്ലോഗെന്ന മാദ്ധ്യമത്തെ എനിക്കു പ്രിയങ്കരമാക്കുന്നു.
ബ്ലോഗ് സമൂഹത്തിന്റെ സമ്മേളിതഞ്ജാനകോശമാണ് എന്റെ മിക്ക പോസ്റ്റുകളുടെയും കുറ്റവും കുറവുംകമന്റുകളിലൂടെ കുറച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തില് ജെര്മനിയുടെ പതനത്തിനു സോവിയറ്റ് കത്യൂഷ റോക്കറ്റുകള് വഹിച്ച പങ്കിനെപ്പറ്റി പോസ്റ്റ് ഇടുമ്പോള് ഈയിടെ ഹിസ്ബുള്ള ഹൈഫക്കു നേരേ തൊടുത്ത കത്യൂഷകള് മുന്നില് വന്നു പതിക്കുന്നതു കണ്ട ഡാലി അതില് ചിലത് കൂട്ടിച്ചേര്ക്കുന്നു. മാര്ക്കോ പോളോയുടെ യാത്രകളുടെ ഇംഗ്ലീഷ് വിവര്ത്തനത്തില് എനിക്കു കല്ലുകടിക്കുമ്പോള് ഇറ്റാലിയന് വേര്ഷനില് നിന്നും ഉദ്ധരണികളുമായൊരു മനു വന്നു കമന്റു ചേര്ക്കുകയായി. തിരുവനന്തപുരത്തെയൊരു കര്ഷകനോ കൊറിയയിലെ ഒരു കവിയോ പൂനെയിലെ ഒരു വ്യവസായിയോ കോയമ്പത്തൂരിലെ ഒരു ശില്പിയോ ബാംഗളൂരിലെ സംസ്കൃതാദ്ധ്യാപികയോ വയനാട്ടിലെ ഒരദ്ധ്യാപകനോ അമേരിക്കയിലെ ഒരു ഡോക്റ്ററോ ആഫ്രിക്കയിലെ ഒരെഞ്ചിനീയറോ കൊച്ചിയിലെ ഒരു കലാസംവിധായകനോ ചെന്നെയിലെ ഒരു ഗായകനോ ഞാനായി മാറി അഭിപ്രായങ്ങളും തിരുത്തുകളും കൂട്ടിച്ചേര്ക്കലുകളും നടത്തി എന്റെ പോസ്റ്റുകളെ കുറ്റമറ്റതാക്കുന്നു. വായനക്കാര് കൃതിയില് പങ്കുചേരുന്ന ഈയവസ്ഥയാണ് എഴുത്തുകാരനല്ലാത്ത എന്നെ ബ്ലോഗില് അതാക്കി മാറ്റുന്നതെന്ന് നിസ്സംശയം പറയാം.
Showing posts with label anniversary. Show all posts
Showing posts with label anniversary. Show all posts
Tuesday, September 18, 2007
Subscribe to:
Posts (Atom)
