അങ്ങനെ തെരഞ്ഞെടുപ്പ് ഫലം ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം അറിഞ്ഞു. ജനവികാരം ഇത്തവണ ഇടതുപക്ഷത്തിനെതിരാണെന്ന് വ്യക്തമാണ്. മാതൃകാ ജനനേതാക്കളായ സുരേഷ് കുറുപ്പ്, പി രാജേന്ദ്രന്‍ എന്നിവര്‍ പോലും ജയിക്കാതിരുന്നതും ജനപ്രതിനിധി എന്ന് കണക്കാനാവാത്ത ശശി തരൂരിന്റെയും എങ്ങും രക്ഷപെടാത്താ ഷാനവാസിന്റെയും വിജയവും പാര്‍ട്ടിതലത്തില്‍ എല്‍ ഡി എഫിനോട് വിയോജിക്കുന്ന ജനവികാരത്തെത്തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി അധികാരത്തിലെത്തിയില്ല എന്നതൊഴിച്ചാല്‍ ഇടതുപക്ഷത്തിനു ആശ്വസിക്കാവുന്നതൊന്നും തിരഞ്ഞെടുപ്പു ഫലത്തില്‍ കാണുന്നില്ല.
അഖിലേന്ത്യാതലത്തിലെ വന്‍ തിരിച്ചടി കേരളവും വെസ്റ്റ് ബംഗാളും എന്ന നിലയില്‍ രണ്ടായി തിരിച്ചു കാണേണ്ടിയിരിക്കുന്നു. കേരളത്തില്‍ അച്യുതാനന്ദന്‍ നയിക്കുന്ന നിയമസഭയ്ക്ക് നിരവധി നേട്ടങ്ങള്‍ കൈവശമുള്ളതിനാല്‍ സംസ്ഥാനഭരണം ജനവികാരത്തിനെ മാറ്റാന്‍ പോന്ന ഒന്നെന്ന് കരുത വയ്യ.
മാദ്ധ്യമങ്ങള്‍ നിറുത്താതെ കൊണ്ടാടിയ മദനിയുടെ പിന്‍തുണ ഇടതുപക്ഷത്തിന്റെ മതങ്ങളോടുള്ള ആഭിമുഖ്യമില്ലായ്മ എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്പ്പിച്ചുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാന്തപുരം തുടങ്ങിയ മതനേതാക്കളോട് വോട്ടഭ്യര്‍ത്ഥിച്ചത് വ്യക്തിതലത്തില്‍ എനിക്ക് വിയോജിപ്പുള്ള കാര്യമായിരുന്നു. പള്ളികളും അമ്പലങ്ങളും ഇടതിനു വേണ്ടി ഇടയലേഖങ്ങള്‍ ഇറക്കുന്ന ഒരു നാളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നല്ലതിനല്ല. അങ്ങനെ സംഭവിക്കുമെന്നും ഞാന്‍ കരുതുന്നില്ല.
ഒരു ആന്റി ബീജെപി വികാരമാണ് വലതിനനുകൂലമായ സ്ഥിതി ഉണ്ടാക്കിയതെന്ന് കേരളത്തിലും ബംഗാളിലും കരുത വയ്യ.
പിണറായിയും അച്യുതാനന്ദനും തമ്മില്‍ പരസ്യമായി അഭിപ്രായവത്യാസമുണ്ടെന്ന് എന്നും കൊട്ടിഘോഷിക്കാന്‍ മാത്രം വകുപ്പ് ഇവര്‍ തമ്മില്‍ ഉണ്ടാകുന്നത് വലിയൊരളവ് ദോഷം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയെന്നാല്‍ പിണറായിയോ അച്യുതാനന്ദനോ അല്ല. പലപ്പോഴും പിണറായി ഘടകകക്ഷികള്‍ എടുക്കേണ്ട തീരുമാനം പോലും വ്യക്തിതലത്തില്‍ എടുത്തിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.
ജനപ്രിയ നേതാക്കളില്‍ ഒരാളായ സെബാസ്റ്റ്യന്‍ പോളിനു പകരം നില്‍ക്കാന്‍ (അദ്ദേഹം അനുപേക്ഷണീയനൊന്നുമല്ല തീര്ച്ചയായും) സിന്ധുജോയി പോരുമെന്ന് എനിക്കു തോന്നുന്നില്ല.
ഒരു നേതാവ് എന്ന നിലയില്‍ കാരാട്ടിന്റെ പ്രകടനം ഒട്ടും തൃപ്തികരമോ ഫലപ്രദമോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് വേളയില്‍ പ്രത്യേകിച്ചും. യെച്ചൂരിയുടെ അലേര്‍ട്ട്‌നെസ്സും സെന്‍സിറ്റീവിറ്റിയും കാരാട്ടില്‍ കാണുന്നില്ല.
പ്രകടനപത്രിക പോലും അതീവഗുരുതരമായ പലതും മിസ്സ് ചെയ്തുപോയ നിലയിലാണ് കണ്ടത്.
എന്നും വളര്‍ന്നാല്‍ റോസ പുഷ്പിക്കില്ല. അതിനു പ്രൂണിങ്ങ് വേണം. ഒരടിയും കിട്ടാതെ വളര്‍ന്നാല്‍ കുട്ടി വാളിയായിപ്പോകും. മുറിച്ച തണ്ടില്‍ നിന്നും കിട്ടിയ പ്രഹരത്തില്‍ നിന്നും പഠിക്കേണ്ടതുണ്ട്, ജനപക്ഷത്തു നില്‍ക്കുന്നവര്‍ എന്നും മാറേണ്ടതുണ്ട്. പതിമ്മൂന്ന് ആണവനിലയങ്ങള്‍ കേരളത്തിലാണെന്ന് ഇന്ന് ഫോര്‍വേര്‍ഡഡ് മെയില്‍ കിട്ടി, സത്യമാണോ എന്നറിയില്ല. ഇതെല്ലാം ഒരു പാര്‍ട്ടിയുടെ നിസ്സാര പിഴവുകള്‍ക്ക് ഒന്നുമറിയാത്ത സാധാരണക്കാരന്‍ അടയ്ക്കേണ്ട പിഴ എന്നരീതിയില്‍ കാണാനാണ് ഞാനാഗ്രഹിക്കുന്നത്, വോട്ടു ചെയ്ത് ജയിപ്പിച്ച ജനം അതിന്റെ ഫലവും അനുഭവിക്കും എന്ന രീതിയിലല്ല. അങ്ങനെ കാണാന്‍ കഴിയുമെങ്കില്‍ ഒരു തരം രാഷ്ട്രീയ പ്രചരണത്തിനും പ്രസക്തിയില്ലല്ലോ.
(സമയക്കുറവ് മൂലം ദീര്‍ഘമായ പോസ്റ്റുകള്‍ എഴുതാന്‍ കഴിയുന്നില്ല. ശക്തമായ പുന:പരിശോധന അത്യാവശ്യമെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് കൃത്യത കുറവുള്ള ഈ ചെറു കുറിപ്പ്)
Sunday, May 17, 2009
Subscribe to:
Posts (Atom)