രംഗം ഒന്ന്: വാരണാസി മെഡിക്കല്‍ കോളേജ് ഗേറ്റ്.
വന്ദനം. ഈ ഗുരുകുലം ധന്യമാക്കാന്‍ അന്യദേശത്തു നിന്നെത്തിയ ഭവാന്‍ ആരാണാവോ?
സുശ്രുതനുണ്ടോ അകത്ത്?
ചക്രവര്‍ത്തിമാര്‍ പോലും വൈദ്യശ്രേഷ്ഠനെന്നും മുനിവര്യനെന്നും മാത്രം സംബോധന ചെയ്യുന്ന പൂജനീയപാദ ഗുരുവിനെ പേരു വിളിക്കാന്‍ താന്‍ ആരുവാ??
ചെലയ്ക്കാതെ അയാള്‍ ഉണ്ടോ ഇല്ലിയോ എന്ന് പറയെട ചെറുക്കാ.
അയാളോ? ദേ കെളവാ തറയാക്കിയാല്‍ ഞാന്‍ കൂതറയാവും. കയ്യി കിട്ടിയ ശസ്ത്രമെടുത്ത് ഞാന്‍ പണ്ടത്തില്‍ കേറ്റും ഇവിടെ കേറിവന്ന് ആക്ഷേപിച്ചാല്‍.
ആരാ പടിക്കല്‍ കിടന്ന് അടികൂടുന്നത്? ഈ വങ്കടങ്ങളെ കൊണ്ട് തോറ്റല്ലോ. പഠിക്കാനാണെന്നും പറഞ്ഞ് ഓരോരുത്തന്‍ വന്നു കേറും. കേറിപറ്റിയാല്‍ പിന്നെ തനി ചന്തയാക്കും. അല്ല ഇതാര് ഹിപ്പോക്രറ്റീസോ? സന്തോഷം. വരൂ.
രംഗം രണ്ട്: കോണ്‍ഫറന്‍സ് റൂം.
എത്ര കാലമായി ഹിപ്പോക്രറ്റീസേ, തന്റെ ഹ്യൂമറസ് മെഡിസിനൊക്കെ എങ്ങനെ പോണു ഗ്രീസില്‍?
വല്യ തരക്കേടില്ല. ആളുകളെ പറ്റിക്കാന്‍ ഓരോ തത്വചിന്തകരു കേറി പ്രസ്താവന ഇറക്കുന്നതൊഴിച്ചാല്‍ കുഴപ്പമില്ല. തനിക്കോ സുശ്രുതാ?
തിരക്കു കൂടുതല്‍ ആണെന്നേയുള്ളു, ഭാരതം അപ്പടി രോഗികളല്ലേ, ചുമ്മാ ഇട്ടാവട്ടം രാജ്യമുണ്ടാക്കി കിടന്നു വെട്ടിയും കുത്തിയും അഡ്മിറ്റ് ആകുന്ന രാജാക്കന്മാരു വേറേയും. ഇന്നിപ്പ ഹാഫ്‌ഡേ ബ്രേക്ക് എടുത്ത് പോയൊന്നു ഉറങ്ങാമെന്ന് വിചാരിച്ചതേയുള്ളു മൂലക്കുരുവും പൊട്ടി ഒരുത്തനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുവന്നിരിക്കുന്നു.
പൈല്‍സിനു ശസ്ത്രക്രിയ ആകാമെങ്കിലും അണുബാധ റിസ്ക് കണക്കിലെടുത്ത് മെഡിക്കേഷന്‍ കൊണ്ട് അടക്കുന്നതാണു നല്ലതെന്നാണല്ലോ നിങ്ങളുടെ ചരകന്‍ എഴുതിയിരിക്കുന്നത്?
ഏട്ടിലെ പശു ചെലപ്പഴേ പുല്ലു തിന്നൂ സായിപ്പേ. മരുന്നു കൊടുക്കാന്‍ ഈ രോഗി പഥ്യം നോക്കണ്ടേ, ആളു മദിരാസക്തനാ.
മദിരാശിത്താനോ? ചേരനോ ചോളനോ പാണ്ഡ്യനോ?
ച്ഛെ. രോഗി മുഴുത്ത തണ്ണിയാണെന്ന്.
ഈ ഒടുക്കത്തെ സംസ്കൃതം കാരണം മനുഷ്യന്‍ തന്റെ ചികിത്സ ഉപേക്ഷിക്കും പറഞ്ഞേക്കാം. മദ്യം, മദിര, സുര, സോമം ഒരു സാധനത്തിനു തന്നെ അഞ്ഞൂറു പേരും, കോപ്പിലെ വ്യാകരണോം.
ഡേ, ഭോജനം ഓര്‍ഡര്‍ ചെയ്യട്ടോ? താനിപ്പോഴും സസ്യാഹാരി തന്നെയോ?
സന്യാസിമാര്‍ക്കു മാത്രമല്ല ശീലം അടക്കാന്‍ കഴിയുന്നത്. ഈ ഹിപ്പോക്രറ്റീസ് നോണ്‍ വെജ് നിര്‍ത്തിയെന്നു പറഞ്ഞാല്‍ അത് ആയുഷ്കാല തീരുമാനമാ. എവിടാ ക്യാന്റീന്‍? പോയി കഴിക്കാം. ഇവിടമൊക്കെ ഒന്നു കാണുകേം ചെയ്യാമല്ലോ.
രംഗം മൂന്ന്: ഭോജനശാല.
(ശിഷ്യന്മാരുടെ കലപില സംസ്കൃതത്തില്‍ ആയതുകാരണം "ഭു, ഭൃ ,ഹ്വാ, സ്വ "എന്നൊക്കെ വേണം ബാക്ക് ഗ്രൌണ്ടില്‍)
ചോദിക്കാന്‍ വിട്ടു താനെന്താ ഒരു മ്നുന്നറിയിപ്പും ഇല്ലാതെ ഇങ്ങ് വന്നത്?
സുശ്രുതാ, ഈയിടെ എങ്ങാനും താന്‍ ഭാവിയിലോട്ട് നോക്കിയിരുന്നോ?
ഇവിടുള്ള പണി തീര്‍ക്കാന്‍ തന്നെ ദിവസം തികയുന്നില്ല. എന്താ ചോദിച്ചത്? ഭാവിയില്‍ വൈദ്യം പുരോഗതിയില്‍ തന്നെ ആണല്ലോ?
മരുന്നുകള്‍ പുരോഗമിക്കുന്നുണ്ട്, രോഗങ്ങളും പുരോഗമിക്കുന്നുണ്ട്, രോഗിയുടെ ധനശേഷിയും പുരോഗമിക്കുന്നുണ്ട്. അതനുസരിച്ച് ഡോക്റ്റര്‍മാരുടെയും മരുന്നു കമ്പനികളുടേയും ആസ്തിയും. എത്രയാ പേറ്റന്റുകള്‍.
പേറ്റന്റോ? താന്‍ പേഷ്യന്റ് എന്നാണോ ഉദ്ദേശിച്ചത്?
അല്ലല്ല. മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ താനൊരു കണ്ടുപിടിത്തം നടത്തിയെന്നു വയ്ക്കുക, പത്തിരുപതു കൊല്ലം കൊള്ളവിലയ്ക്ക് അതു കച്ചവടമാക്കി മൊത്തം ലാഭം കമ്പനിക്കു പോകും.
ഭഗവാനേ. ഞാനും താനുമൊക്കെ അങ്ങനെ തുടങ്ങിയെങ്കില്‍ ഈ ലോകം മുഴുവന്‍ വിലയ്ക്കു വാങ്ങാമായിരുന്നല്ലോടോ.
അതെന്തെങ്കിലുമാകട്ട്, മാനവരാശി വളര്‍ച്ചയില്‍ തന്നെയാണ്, ഭാഗ്യം. പറഞ്ഞു വന്നത്, ഞാനും താനും തമ്മില്‍ എന്താ കണക്ഷന്‍, ഞാന്‍ എന്തിനാണ് ഇന്ത്യന്‍ മെഡിസിന്‍ ഇമ്പോര്‍ട്ട് ചെയ്തിരുന്നത്, ഞാന്‍ തന്നില്‍ നിന്നാണോ താന്‍ എന്നില്‍ നിന്നാണോ പഠിച്ചത്, എന്റെ ലൈബ്രറിയില്‍ കണ്ട പുസ്തകങ്ങളില്‍ എത്രയെണ്ണം താന്‍ തന്നതാണ് എന്നൊക്കെ ഭയങ്കര മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍ ഗവേഷിച്ച് പുസ്തകം ഇറക്കലോട് ഇറക്കല്‍ നടക്കുന്നു, ഒരു രണ്ടായിരത്തഞ്ഞൂറു വര്‍ഷം അപ്പുറത്ത്.
നമ്മളു പോലും അതാലോചിച്ചിട്ടില്ലല്ലോ എന്റെ ഹിപ്പോക്രറ്റീസേ, പിന്നെ ഇവന്മാര്‍ക്കെന്താ അസുഖം?
ഇവന്മാരാണു സോദ്ദേശ ചരിത്രകാരന്മാര്‍. വൈദ്യം പലതായി പിരിഞ്ഞു. ഇപ്പോ ആയുര്‍വേദമാണോ അലോപ്പതിയാണോ ശരി, ഇന്ത്യയാണോ യൂറോപ്പാണോ ചികിത്സയുടെ അവകാശികള്‍ എന്നൊക്കെ ഡോക്റ്റര്‍മാര്‍ തമ്മില്‍ തര്‍ക്കമാണെന്നേ. ആ ഗ്യാപ്പില്‍ പുസ്തകമിറക്കി കാശുവാരുന്നവരാണു മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍.
പൂച്ച ഏതു നിറമാണെങ്കിലും എലിയെ പിടിച്ചാല്‍ പോരേ സായിപ്പേ.
സാമീ, ആ പ്രയോഗം വേണ്ട, മാവോ സെദോങ്ങ് ജനിച്ചിട്ടില്ല.
എന്നിട്ട് ചരിത്ര ഗവേഷകര്‍ എന്താ കണ്ടുപിടിച്ചത്?
അവര്‍ ആഗ്രഹിച്ചതെല്ലാം കണ്ടുപിടിച്ചു. റോയ്‌ലേ എന്ന ആള്‍ "ആന്റിക്വിറ്റി ഓഫ് ഹിന്ദൂ മെഡിസിന്‍" എന്ന പുസ്തകത്തില്‍ പറയുന്നത് എല്ലാം തന്റെയാ, ഞാന്‍ അടിച്ചു മാറ്റി എന്നാണ്.
ഹിന്ദൂ മെഡിസിനോ???
ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദുവും ബൌദ്ധനും ജൈനനും ഒക്കെ ഒന്നാണെന്നേ. സയന്‍സ് ആന്‍ഡ് സീക്രട്ട് ഓഫ് എയര്‍ളി മെഡിസിന്‍ എന്ന ഗ്രന്ഥത്തില്‍ ഥോര്‍വാള്‍ഡ് എന്ന സായിപ്പ് പറഞ്ഞത് എന്റെ ശസ്ത്രം നിന്റെ ശസ്ത്രത്തോളം ക്രിയ ചെയ്യാത്തതുകൊണ്ട് ഞാന്‍ നിന്റെ മുന്നില്‍ ആരുമല്ലെന്നാ.
അപ്പോ തന്റെ ഭാഗം പറയാന്‍ ആരുമില്ലേടോ?
ഇല്ലേന്നോ? മെഡിസിന്‍ ത്രൂഔട്ട് ആന്റിക്ക്വിറ്റി എന്ന പുസ്തകത്തില്‍ അമേരിക്കക്കാരന്‍ ഗോര്‍ഡന്‍ പറയുന്നത് താന്‍ മൊത്തമായി ഗ്രീക്ക് വൈദ്യം മോഷ്ടിച്ചെന്നാ. അങ്ങനെ കുറേ വേറേ ആള്‍ക്കാരും.
ഇവന്മാര്‍ക്ക് എന്തിന്റെ കേടാ? ഒരുമാതിരി കൊച്ചു പിള്ളേര്‍ എന്റെ പിതാവ് നിന്റെ പിതാവും
ഇടികൂടിയാല്‍ എന്റപ്പനേ ജയിക്കൂ എന്നൊക്കെ പറയുന്നതുപോലെ ഉണ്ടല്ലോ ഇത്. മനുഷ്യന്‍ വളരുന്നെന്ന് താന്‍ പറഞ്ഞത് പടവലങ്ങ വളരുന്നതുപോലെ മോളീന്നു കീഴ്പ്പോട്ടാണോടോ?
നില്ല്. പറഞ്ഞു തീര്‍ന്നില്ല. ജോവാന്‍ ഹെര്‍മ്മന്‍ ബാസ്സ് പറയുന്നത് സുശ്രുതന്‍ എന്നൊരാളേ ജീവിച്ചിരുന്നിട്ടില്ല, ആയുര്‍വേദക്കാരു പറയുന്ന ഈ സുശ്രുതന്‍ ഹിപ്പോക്രാറ്റീസ് ആണെന്നാണ്. ആരോ ഹിന്ദു പണ്ട് ഗ്രീസില്‍ പോയവഴി എന്റെ ലൈബ്രറിയിലെ പുസ്തകം മോഷ്ടിച്ച് സംസ്കൃതത്തിലാക്കിയതാണ് സുശ്രുതസംഹിത എന്ന്.
ഹ ഹ. ഞാന്‍ ഇല്ലെന്നോ? സുശ്രുതന്‍ എന്ന പേരിനു ഹിപ്പോക്രറ്റീസുമായി ഒരു സാമ്യവും ഇല്ലല്ലോടോ?
അതല്ലേ രസം. ഇന്ത്യക്കാര്‍ മന്ദബുദ്ധികള്‍ ആയതുകൊണ്ട് എന്നെ കണ്ട് സോക്രട്ടീസ് ആണെന്നു തെറ്റിദ്ധരിച്ച് സംസ്കൃതത്തില്‍ സുശ്രുതന്‍ എന്നു പറഞ്ഞതാണെന്ന്. പിന്നെ താന്‍ ജനിച്ച കാശി എന്ന സ്ഥലം ശരിക്കും ഇല്ലെന്നും അതു ഞാന്‍ ജനിച്ച കോസെ ആണെന്നും ഹെര്‍മ്മന്‍ നിരീക്ഷിക്കുന്നു.
ഞാന്‍ കാശിക്കു പോവ്വാണ് ഹിപ്പോക്രറ്റീസേ.
ഓ വീടിനെക്കുറിച്ചൊന്നു പറഞ്ഞപ്പോഴേക്ക് താന്‍ നൊസ്റ്റാള്‍ജിക്ക് ആയോ? ഇതാണോടോ സന്യാസം?
ച്ഛെ, വീട്ടില്‍ പോണെന്നല്ല, കാശിക്കു പോണു എന്നത് ഒരു പ്രയോഗമാണ്. മടുത്തു, ഒക്കെ ഇട്ടെറിഞ്ഞ് വല്ലവഴിക്കും പോകും എന്നര്‍ത്ഥത്തില്‍.
(ഈ പോസ്റ്റിന്റെ സ്റ്റൈലിനു ക്രെഡിറ്റ്പ്പാട് സാന്‍ഡോസിന്)
Saturday, December 1, 2007
Subscribe to:
Posts (Atom)