രചനാരീതി:
പതിറ്റുപ്പത്ത്, പുറനാനൂറ് എന്നിവയില്‍ അകനാനൂറിലെ പ്രണയവും കൂട്ടിച്ചേര്‍ത്താല്‍ വടക്കന്‍ പാട്ടുകളുടെ ശൈലി ആയി! സംഘകാല കൃതി എന്ന രീതിയില്‍ വടക്കന്‍ പാട്ടുകളെ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഈ ശൈലിയും ഭക്തി പ്രസ്ഥാനത്തിന്റെ കണിക പോലും പാട്ടുകളില്‍ ഇല്ലാത്തതുമാണ്.
അതിന്റെ ഭാഷയെക്കുറിച്ച് സിബു ഉന്നയിച്ചിരിക്കുന്ന സംശയം പ്രധാനപ്പെട്ട ഒന്നാണ്. ഇന്നു കാണുന്ന വടക്കന്‍ പാട്ടുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷയാണ്, കാരണം അവ തലമുറകളിലേക്ക് വാമൊഴിയായി വന്നു ചേര്‍ന്നവയാണ്. സംഘകാലത്തെ മലയാളത്തിലെ മറ്റു പാട്ടുകള്‍ ഒറിജിനല്‍ ഭാഷയിലേടുത്തു നോക്കാം:
കോളരി പാട്ടിന്റെ ഒരു വരി (സ്ക്രിപ്റ്റ് വട്ടെഴുത്ത്, ചട്ടമ്പി സ്വാമിയുടെ പ്രാചീന മലയാളത്തില്‍ ഉദ്ധരിച്ചിട്ടുള്ളത്, ഓര്‍മ്മയില്‍ നിന്ന്, പദങ്ങള്‍ മാറിയിട്ടില്ലെങ്കിലും ഓര്‍ഡര്‍ മാറിയിട്ടുണ്ടാവും)
"വളി, പുനല്‍, കാന്‍ വിശുമ്പും"
ഇന്നും കോളരിപ്പാട്ട് നിലനിന്നിരുന്നെങ്കില്‍ ഈ വരി
" കാറ്റും കടലുംനടുങ്ങീ അവന്റെ പൗരുഷം കാണെ.." എന്നോ മറ്റോ ആകുമായിരുന്നു.
മൊഴിയുടെ പരിണാമത്തില്‍ കഥയും അതിന്റെ പശ്ചാത്തലവും മാറുമോ? മാറുമെങ്കില്‍ ഇന്നത്തെ രൂപത്തിലെ വടക്കന്‍ പാട്ടുകളെ ചരിത്രത്തിലേക്ക് map ചെയ്താല്‍ പത്തൊമ്പതാം നൂറ്റാണ്ടെങ്കിലും കിട്ടുമല്ലോ? നമുക്കൊന്നു ശ്രമിക്കാം:
ഈ പാട്ടുകള്‍ എന്താണു പറയുന്നത്? നാടുവാഴികളും ദേശവാശികളും ഭരിക്കുന്നൊരു കേരളം (ആദ്യചേരകാലത്ത് അത് നിലവില്‍ വന്നിട്ടില്ലായിരുന്നു കോലത്തിരിയുടെയും സാമൂതിരിയുടെയും ഭരണത്തോടെ ആ സമ്പ്രദായം പോയി.) ഹിന്ദു മതക്കാരും ഇസ്ലാം മതക്കാരും ഉണ്ട്, എന്നാല്‍ ബുദ്ധ/ജൈനരെക്കുറിച്ചു പറയുന്നില്ല. അമ്പലങ്ങളിലെ പൂജാരികള്‍ക്ക് പ്രസക്തി കൊടുത്തു കാണുന്നില്ല, ചെട്ടികളും പട്ടന്മാരും ഒക്കെവരുന്നുണ്ട്, പക്ഷേ പാട്ടുകളില്‍ നമ്പൂതിരി ഇല്ല, യൂറോപ്യരില്ല, അതിനെക്കാള്‍ ഒക്കെ ശ്രദ്ധേയം കളരിപ്പയറ്റുകാരുടെ മഹാ സംഘര്ഷവും വീരശൂരത്വ പ്രകടനവും ആയിരുന്ന മാമാങ്കം വടക്കന്‍ പാട്ടുകളില്‍ ഇല്ല. അതുണ്ടായിരുന്ന കാലത്താണെങ്കില്‍ ഒരു ചേകവനോ കുറുപ്പോ മാപ്പിളയോ മാമാങ്കത്തിനു പോയി ജയിച്ചതോ ചതിയില്‍ പെട്ടതോ ആയ ഒരു പാട്ടെങ്കിലും കാണാതിരിക്കുമോ?

വ്യക്തമായും ഒമ്പത്, പത്ത്, പതിനൊന്നാം നൂറ്റാണ്ടുകള്‍ക്കിടയില്‍ നില്‍ക്കുന്നു പാട്ടുകള്‍ പറയുന്ന കാലം എന്ന് നമുക്ക് കാണാം
കഥയില്‍ കാണുന്ന സംഭവങ്ങളെയും വളരെ കുറച്ചല്ലാതെ അതിശയോക്തി ചേര്‍ത്തിട്ടുണ്ടാവാം, ഉദാഹരണം, പത്താം നൂറ്റാണ്ടോടെ വെടിമരുന്ന് പ്രചാരത്തിലായെങ്കിലും അക്കാലം ഒന്നോ രണ്ടോ എന്നല്ലാതെ തുളുനാടന്‍ കോട്ടയില്‍ ഒരു പീരങ്കി ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത് കടന്ന പ്രയോഗമാവാം. ഒരു പക്ഷേ വടക്കന്‍ പാട്ടുകളിലെ വീരന്മാര്‍ സാങ്കല്പിക കഥാപാത്രങ്ങള്‍ തന്നെ ആവാം ( പതിറ്റുപ്പത്തില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളാണെങ്കില്‍ അകനാനൂറില്‍ അത് സാങ്കല്പ്പിക മനുഷ്യര്‍ ആയിരുന്നെന്ന് എന്റെ ഊഹം, രണ്ടും വടക്കന്‍ പാട്ടുകളില്‍ വരാം) എന്നാല്‍ അതുപയോഗിച്ചു കാലവും ജീവിതരീതിയും നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം വലിയ പങ്കൊന്നും വഹിക്കുന്നില്ല.