൧. സ്ഥാപിത ദര്‍ശനം (Corporate Vision)
ബ്ലോഗ് സൃഷ്ടികള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത/അറിയാത്ത/ബ്ലോഗ് വായിക്കാത്തവരിലും എത്തിക്കുകയും അതുവഴി മലയാളം ബ്ലോഗ് സൃഷ്ടികള്‍ ബ്ലോഗ് വായനക്കാരനിലും അപ്പുറത്തെത്തിക്കുകയും ചെയ്യുക.
(ഇതിനു ബ്ലോഗര്‍മാരുടെ എല്ലാവരുടെയും സമ്മതം വേണമെന്നില്ല, ഇതിലേക്ക് സൃഷ്ടികള്‍ അയക്കുന്നവരുടെ മാത്രം മതിയാവും. ബൂലോഗം ഒരു സംഘടന അല്ല എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ.
൨. വ്യവസ്ഥാപിത നിയോഗം (Organizational Mission)
ബ്ലോഗ് സൃഷ്ടികളില്‍ തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില്‍ ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല്‍ ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് കൊണ്ടുവരാന്‍ കാരകമായി വര്‍ത്തിക്കും.
൩. കര്‍മ്മവിഭക്തി (Identification of Objectives)
ആദ്യമായി തീരുമാനിക്കേണ്ടത് സ്ഥാപനം സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തേണ്ടതുണ്ടോ ഇല്ലയോ എന്നാണ് (ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേട്ടു) . ഈ സംരംഭത്തില്‍ നിന്നും പണമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു മാത്രമല്ല, സ്ഥാപനം നിലനില്‍ക്കുന്നതിലേക്കും വളരുന്നതിലേക്കും സ്ഥാപകര്‍ക്കുള്ള താല്പ്പര്യത്തെ സാമ്പത്തിക ലാഭം എന്ന പ്രേരകഘടകം പലമടങ്ങ് വര്‍ദ്ധിപ്പിക്കും:
അ. ലാഭേച്ഛ ഇല്ല എങ്കില്‍:- സ്ഥാപനത്തെ കമ്പനി ആയി രെജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്യുക. ഗുണങ്ങള്‍
>കോര്‍പ്പറേറ്റ് ടാക്സുകള്‍ ഒഴിവാക്കാം
>ലാഭം ഉണ്ടാക്കിയോ വീട്ടില്‍ കൊണ്ടുപോയോ എന്ന ചോദ്യങ്ങള്‍ ഒഴിവാക്കാം, ട്രസ്റ്റിന്റെ ഓഡിറ്റഡ് ഫൈനാന്‍ഷ്യല്‍സ് പ്രസിദ്ധീകരിക്കുന്നതിനും പുറമേ വേണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ CP കൈവശമുള്ള എതെങ്കിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റേര്‍ണല്‍ ഓഡിറ്റ് ചെയ്ത് ബ്ലോഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാം
> ബ്ലോഗ് സൃഷ്ടികളുടെ സപ്ലയര്‍മാര്‍ക്ക് പണം പ്രതിഫലമായി കൊടുക്കേണ്ടതില്ല. ബ്ലോഗ് എഴുത്തുകാര്‍ പണം ഇച്ഛിക്കുന്നെന്ന് തോന്നുന്നില്ല, ആ കൃതികളില്‍ നിന്നും മറ്റൊരാള്‍ ലാഭം ഉണ്ടാക്കാതിരിക്കുന്നിടത്തോളം കാലം
> ചാരിറ്റി എന്നാല്‍ അനാഥഅലയത്തിനും മറ്റും പണം കൊടുക്കല്‍ ആകേണ്ടതില്ല. അത്തരം ഫണ്ട് സമാഹരണം ബൂലോഗത്ത് വേറൊരു ഓര്‍ഗനൈസേഷനോ പ്രതിനിധികളോ നടത്തുന്നതാണ് നല്ലത്. ഈ ട്രസ്റ്റിന്റെ സര്‍പ്ലസ് ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഉന്നതിക്ക്- സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ്, വിക്കി മുതലായവ പരിഭാഷപ്പെടുത്താന്‍ കോണ്ട്രാക്റ്റ് കൊടുക്കല്‍ തുടങ്ങിയവയ്ക്കും മറ്റും ചിലവിടുന്നതാവും ഉചിതം.
ആ. സാമ്പത്തിക ലാഭം ഇച്ഛിക്കുന്നെങ്കില്‍:
>ഒന്നാമതായി വേണ്ടത് അക്കാര്യം അറിയിക്കുകയും സപ്ലയര്‍മാരുമായി ഭാവിയില്‍ ലാഭത്തിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ആശയ വത്യാസം അങ്ങനെ ഒഴിവാക്കുകയും ആണ്
>ലാഭത്തിന്റെ ഒരു വിഹിതം ബൂലോഗത്തിന് എന്ന ആശയം കണ്ടു. അത് ഒട്ടും ആശാസ്യമല്ല. ലാഭം പൊതുജനത്തിനല്ല, മുതല്‍ മുടക്കിയവന് അവകാശപ്പെട്ടതാണ്. വെറുതേ ലാഭ വിഹിതം ആരും വാങ്ങരുത്.
>കൃതികളുടെ സപ്ലയര്‍മാര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് പ്രതിഫലം നല്‍കുക. അവര്‍ക്കും ലാഭത്തില്‍ പങ്കു ചേരാന്‍ അവകാശമില്ല എന്നതിനാല്‍ സപ്ലേ അനുസരിച്ച് വില നല്‍കി വാങ്ങുക.
> കമ്പനി ഉണ്ടാകുന്ന സംബന്ധിച്ച് ഭാവിയില്‍ ചര്‍ച്ചകളോ തര്‍ക്കങ്ങളോ ഉന്നയിക്കാന്‍ ബൂലോഗം എഴുത്തുകാര്‍ക്കോ വായനക്കാര്‍ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കരുത്. പൊതുജനാഭിപ്രായം അനുസരിച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാന്‍ ആവില്ല.
ഇ. സഹകരണ സംഘം ആയി പ്രസ്ഥാനം രൂപകല്പ്പന ചെയ്യുകയാണെങ്കില്‍ ഇതിലേക്ക് കൃതികള്‍ സംഭാവന ചെയ്യുന്നവരെല്ലാം ഷെയറുകള്‍ എടുക്കേണ്ടതും, വോട്ടിങ്ങ് അനുസരിച്ചു മാനേജ്മെന്റ് നിശ്ചയിക്കേണ്ടതും ഉണ്ട്. അങ്ങനെ ആണെങ്കില്‍ ലാഭവിഹിതം സപ്ലയര്‍-മെംബര്‍മാര്‍ക്കു ലഭിക്കും. പക്ഷേ തുടങ്ങിയവര്‍ എന്നും തലപ്പത്തുണ്ടാവണം എന്നോ അവര്‍ തീരുമാനിക്കുന്ന രീതിയില്‍ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നോ ആഗ്രഹിക്കരുത്- സഹകരണ രീതിയില്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ മാര്‍ഗ്ഗവും ലക്ഷ്യവും നേതാവിനെയും ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
൪. വാണിജ്യതന്ത്രം (Commercial Strategy)
അ. ഉപഭോക്തൃനിര്‍ണ്ണയം
ആശംസകളും മുദ്രാവാക്യങ്ങളും അഞ്ചിന്റെ തുട്ടിനു പോലും കൊള്ളില്ല. എത്ര വരിക്കാര്‍ ബൂലോഗത്തു നിന്നും ഇപ്പോള്‍ തയ്യാറുണ്ട് എന്ന് ഒരുഭിപ്രായ സമാഹരണം നടത്തേണ്ടതുണ്ട്. വാരിക/മാസിക പ്രസാധനരംഗത്തു നിന്നുള്ള ബ്ലോഗര്‍മാരോട് ചര്‍ച്ച ചെയ്തും മാര്‍ക്കെറ്റിങ് സ്റ്റഡി രംഗത്തുള്ളവരോട് അഭിപ്രായം ആരാഞ്ഞും ആഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സില്‍ (ABC) രെജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചും തുടക്കത്തല് എത്ര പേര്‍ വരിക്കാരായും കടകളില്‍ നിന്നു വാങ്ങുന്നവരായും കാണുമെന്നും കാലാന്തരത്തില്‍ എത്രകണ്ട് അത് വര്‍ദ്ധിപ്പിക്കാനാവുമെന്നും നിര്‍ണ്ണയിക്കേണ്ടതും, മിനിമം എത്ര പ്രതി വിറ്റാല്‍ മാസിക നടത്തിക്കൊണ്ടു പോകാനുള്ള ചിലവ് ഈടായിക്കിട്ടും (break-even point) എന്ന് നിര്‍ണ്ണയിച്ച് അതിനപ്പുറം തുടക്കത്തിലെയോ സമീപഭാവിയിലോ മാസികയ്ക്ക് സര്‍ക്കുലേഷന്‍ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ആ. ദാതൃതന്ത്രം (Supplier Strategy)
എഴുത്തുകാര്‍ ബൂലോഗത്തു നിന്നുള്ളവര്‍ മാത്രമാണെങ്കില്‍ നിലവിലുള്ളവരില്‍ നിന്നും എത്ര പേര്‍ മാസികയ്ക്കു തങ്ങളുടെ കൃതികള്‍ തരാന്‍ തയ്യാറുണ്ടെന്ന് അഭിപ്രായം സമാഹരിക്കുക. വോട്ടിങ് മതിയാവില്ല, തയ്യാറുള്ള ബ്ലോഗര്‍മാരുടെ പട്ടിക ഉണ്ടാക്കുകയും അവരില്‍ എത്രപേരുടെ കൃതികള്‍ മാസികയുടെ നിലവാരത്തിനു യോജിക്കുന്നെന്ന് കണ്ടെത്തുകയും, അവരുടെ പോസ്റ്റ് ഫ്രീക്വന്‍സി അനുസരിച്ച് ഒരു മാസം മാസികയ്ക്ക് വേണ്ട വിഭാഗങ്ങളില്‍ (ഇ. എന്ന ഭാഗം കാണുക) എല്ലാം അവശ്യം വേണ്ടത് ലഭിക്കുമെന്നും ഉറപ്പാക്കുക.
കരുതിയിരിപ്പ് (base stock) ആയി കാലാന്തര പ്രാധാന്യമുള്ള കൃതികള്‍ കൈവശം സൂക്ഷിക്കേണ്ടതുമുണ്ട്.
ഇ. നിര്‍മ്മിതീതന്ത്രം (product strategy)
നിലവിലുള്ള മാസികകളുടെ രൂപത്തില്‍ ആണോ ബ്ലോഗ് മാസികയും ഇറങ്ങുന്നത് എന്ന് തീരുമാനിക്കുക. സ്ഥിരം വിഭാഗങ്ങള്‍ ആയി എന്തൊക്കെ ഉണ്ടാവുമെന്നും തീരുമാനിക്കുക.
കഥ, കവിത, നിരൂപണം (സാഹിത്യം, സിനിമ), ടെക്നോളജി, ശാസ്ത്രം, രാഷ്ട്രീയ- ഇതര ലേഖനങ്ങള്‍, നര്‍മ്മപംക്തികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പാചകം, ഫോട്ടോ ഫീച്ചര്‍, ബാലപംക്തി തുടങ്ങിയവ സ്ഥിരം പംക്തികളായി നിലനിര്‍ത്താന്‍ മാത്രം എഴുത്തുകാര്‍ സപ്ലയര്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി അവയില്‍ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാവുന്നതാണ്.
ഡിസൈന്‍, ലേ ഔട്ട്, പ്രിന്റിങ് മുതലായവയില്‍ പ്രാവീണ്യം ഉള്ള ബൂലോഗരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് ഉചിതമായവ സ്വീകരിക്കാം.
ഈ. മത്സരതന്ത്രം (competition strategy)
നിലവിലുള്ള ബ്ലോഗ് സൃഷ്ടികളില്‍ എറ്റവും മെച്ചപ്പെട്ടവ മാസിക ആക്കിയാല്‍ പ്രിന്റ് മീഡിയയില്‍ അത് ഭാഷാപോഷിണി, സമകാലിക മലയാളം, മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി എന്നീ വാരിക/ മാസികകളോടാണ് മല്‍സരിക്കുന്നത്. ബ്ലോഗ് എന്തെന്ന കൗതുകം കൊണ്ട് ഒറ്റപ്രതി വാങ്ങുന്നവരെയും, ബ്ലോഗര്‍മാരായ വരിക്കാരെയുമൊഴിച്ചുള്ളവര്‍ ഇവയോട് വിലയും ഗുണനിലവാരവും താരതമ്യപഠനം നടത്തിയാവും ബ്ലോഗ് മാസിക വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവയോട് എങ്ങനെ കിടപിടിക്കാനാവും എന്ന് നിശ്ചയിക്കേണ്ടതുണ്ട്.
8 മുതല്‍ 12 രൂപ വരെ ആണ് ഈ പ്രസിദ്ധീകരണങ്ങള്‍ ഒരു പ്രതിക്ക് വാങ്ങുന്നത് എന്നതിനാല്‍ പരമാവധി 12 രൂപ ആണ് വിലയിടാനാവുന്നതും.
അതല്ലാതെ പച്ചക്കുതിര, Take- 1 എന്നിവ പോലെ പ്രീമിയം പ്രോഡക്റ്റ് ആയി ബ്ലോഗ് മാസികയെ വില്‍ക്കാന്‍ ആവുമോ എന്ന കാര്യം സംശയമാണെങ്കിലും അങ്ങനെ കഴിയുമെങ്കില്‍ 50 രൂപ വരെ വില കല്പിക്കാന്‍ കഴിയും.
ഭാവിയില്‍ മറ്റൊരു ബ്ലോഗ് മാസികയോ വാര്‍ഷിക പുസ്തകമോ ഇറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്. സപ്ലയര്‍മാര്‍ നിശ്ചിതരായ ഒരു സംഘം മാത്രമാകയാല്‍ ആദ്യം ഇറങ്ങി സ്ഥാപിത മാര്‍ക്കറ്റ് ഉണ്ടാക്കി എന്ന നേട്ടം മുതലാക്കിയും മറ്റാര്‍ക്കു കൊടുക്കാനാവുന്നതിലും പ്രതിഫലം എഴുത്തുകാരനു കൊടുക്കാന്‍മാത്രം വിറ്റുവരവ് മാസികയില്‍ നിന്നുണ്ടാക്കിയും ഇതര ബ്ലോഗ് മാസികകള്‍ ഉണ്ടായി ഭാവിയില്‍ വിറ്റുവരവ് ഇടിയുന്ന ഭീഷണി നേരിടാവുന്നതാണ്.
ഉ. കച്ചവട തന്ത്രം (marketing strategy)
ചെറുകിട മാസികകള്‍ എങ്ങനെ പരസ്യം കൊടുക്കുന്ന രീതികളുടെ ചിലവ് (ഉദാ. പത്രത്തില്‍, ബിറ്റ് നോട്ടീസ് വച്ച്, പോസ്റ്റര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് അഡ്) കണക്കിലെടുത്ത് അതിന്റെ ഹിറ്റ് റേറ്റും നിര്‍ണ്ണയിച്ച് പരസ്യങ്ങള്‍ എത്ര വേണമെന്നും , ചിലവേറെയില്ലാത്ത മറ്റു തരത്തില്‍- ഷോപ്പ് ഡിസ്പ്ലേ പോലെയും പുസ്തക പ്രദര്‍ശനങ്ങളില്‍ ബാനറുകള്‍ കെട്ടിയും മറ്റും പചരണം നടത്താവുന്നതഅണ്. ബ്ലോഗര്‍മാര്‍ അവരുടെ പരിചയക്കാരോട് പരിചയപ്പെടുത്തി ചെറിയൊരു മാര്‍ക്കറ്റ് നിര്‍മ്മിച്ചേക്കാം.
ഫ്രീ കോപ്പികള്‍ (വായനശാല, കോളെജുകള്‍, സാഹിത്യകാര്‍ മുതലായവര്‍ക്ക്) കൊടുത്തും മാര്‍ക്കറ്റ് വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിയും. അതിന്റെ ചിലവും ഹിറ്റും കണക്കാക്കി ഫ്രീ കോപ്പി എണ്ണം നിര്‍ണ്ണയിക്കേണ്ടതുണ്ട്.
ഹോള്‍സെയില്‍ ഡിസ്റ്റ്രിബ്യൂട്ടര്‍മാരെ ജില്ലാതലത്തില്‍ കണ്ടെത്തി അവരോട് കമ്മീഷന്‍ (അവര്‍ക്കും ചില്ലറ വില്പ്പനക്കാര്‍ക്കും) ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക. മിക്കവാറും വില്‍ക്കാത്ത പ്രതികള്‍ മടക്കിയെടുക്കാന്‍ പ്രസാധകന്‍ സമ്മതിക്കേണ്ടി വരും എന്നതിനാല്‍ ഓവര്‍ സ്റ്റോക്ക് ചെയ്യാന്‍ ഡിസ്റ്റ്റിബ്യൂട്ടറെ നിര്‍ബന്ധിക്കാതെ അവര്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റില്‍ നിന്നും തുടങ്ങണം.
ഊ. ആസ്തിതന്ത്രം (resource strategy)
കൃതികളുടെ അനുസ്യൂത ലഭ്യത, മാസികയുടെ വില, മാര്‍ക്കറ്റിങ്ങ് ചാനല്‍, പ്രാരംഭ ഉപഭോക്തൃവലയം എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല്‍ മാസിക പ്രസിദ്ധീകരിക്കാനുള്ള സ്ഥിര പ്രിന്റിങ്ങ് സംവിധാനം (tech resource/outsource), ഭരണം, എഡിറ്റിങ്ങ്, ഓഫീസ് നിര്വഹണം എന്നിവയ്ക്ക് യോഗ്യരായ ആളുകള്‍ (human resource), കമ്പനി തുടങ്ങാനും ബ്രേക്ക് ഈവന്‍ സെയില്‍സ് ഉണ്ടാകും വരെ അതിനുള്ള ചിലവുകള്‍ വഹിക്കാനും ഉള്ള ധനം കൈവശമുണ്ട്/ ആവശ്യത്തിനു മുന്നേ വന്നു ചേരും (financial resource)എന്നും ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരണം ആരംഭിക്കാം.
പിന്‍ കുറിപ്പ്: ഇതൊരു പ്രാരംഭ വിശകലം മാത്രം. ലേഖകന്‍ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് എഴുതിയിട്ട് ൧൫ വര്‍ഷം കഴിയുന്നു. മാദ്ധ്യമ രംഗവുമായി യാതൊരു ബന്ധവും ഇല്ല എന്നു മാത്രമല്ല ഉള്ളവരുമായി ബന്ധപ്പെടാനുള്ള സാവകാശവും ലഭിച്ചില്ല. ബ്ലോഗ് മാസിക സംബന്ധിച്ച് ചര്‍ച്ചാ പേജില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് കണ്ടപ്പോള്‍ ൫ ദിവസം സമയം മാറ്റി വച്ചിരുന്ന ഈ റിപ്പോര്‍ട്ട് ൫ മണിക്കൂര്‍ പോലും സമയം കിട്ടാതെ തിടുക്കത്തില്‍ തീര്‍ക്കേണ്ടി വന്നു.
ഇംഗ്ലീഷില്‍ ആലോചിച്ച് മലയാളത്തില്‍ എഴുതിയതാണ്. വിവര്‍ത്തനപ്പിഴകളും ശുഷ്കമായ എന്റെ മലയാള പദസമ്പത്തും മൂലം വന്ന ഏനക്കേടുകള്‍ ഉദ്ദേശശുദ്ധി മാനിച്ച് (ഗുരുവും പണിക്കര്‍മാഷും മറ്റും )തിരുത്തി തരുക/ പൊറുക്കുക.
അറിയിപ്പ്:
രാധേയന്‍, പട്ടേരി,പ്രോജക്റ്റ് ഫൈനാന്‍സിങ്/ ബാങ്കിങ് പ്രൊഫഷണലുകളോ മറ്റോ ഉണ്ടെങ്കില്‍ അവരും മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവരും ഈ ഏരിയയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക: ഓടി വന്ന് ഒരു കൈ സഹായിച്ചാല്‍ ഈ ദളിതകളേബരത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്‍ക്ക് പുണ്യവും കിട്ടും.
Showing posts with label ബ്ലോഗ് മാസിക. Show all posts
Showing posts with label ബ്ലോഗ് മാസിക. Show all posts
Thursday, May 31, 2007
Subscribe to:
Posts (Atom)
