സ്പോയിലര്‍ വാണിങ്ങ്: പ്രകാശനം നടന്ന് എട്ടുമാസത്തോളം കഴിഞ്ഞ നിലയ്ക്ക് ബ്ലോഗ് വായനക്കാരില്‍
'ഡില്‍ഡോ (ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം)' വായിക്കാന്‍ ഉദ്ദേശിച്ചിരുന്നവര്‍ അത് ചെയ്തു കഴിഞ്ഞു എന്ന അനുമാനത്തിലാണ് ഈ കുറിപ്പെഴുതുന്നത്. മറിച്ചുള്ളവര്‍ക്ക് പുസ്തകത്തിന്റെ വായനാസുഖത്തെ കുറച്ചുകളയാന്‍ സാധ്യതയുള്ള അഭിപ്രായ പ്രകടനമാണിതെന്ന് അറിയിക്കുന്നു.
പുസ്തകം വായിക്കും മുന്നേ റിവ്യൂ വായിക്കാറില്ല ഞാന്‍. എന്നാല്‍ ദേവദാസിന്റെ പുസ്തകത്തിനെക്കുറിച്ച് നിരവധി ബ്ലോഗ്പോസ്റ്റുകള്‍ വന്നതിനാല്‍ ചിലതെങ്കിലും ഓടിച്ചു നോക്കാന്‍ ഇടയായി. മുഴുവനായും അവയൊന്നുപോലും വായിച്ചുമില്ല. അതിനാലാവണം സങ്കീര്ണ്ണമായയ രചന എന്നോ ബുദ്ധിമുട്ടി വായിക്കേണ്ട ഒന്നെന്നോ ഒരു മുന്‍വിധിയില്‍ ഞാനെത്തിച്ചേര്‍ന്നു. വി. എം. ദേവദാസിന്റെ മറ്റുകഥകളൊന്നും ഞാന്‍ വായിച്ചിട്ടുമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ എനിക്കു കിട്ടിയ പ്രതി വായിക്കാതെ അലമാരയില്‍ തന്നെ ഇരിക്കാനും ശേഷം ആരോ ആവ്യശ്യപ്പെട്ടപ്പോള് എടുത്തു കൊടുക്കാനും അത് കാരണമായി. ഈയിടെ മറ്റൊരു കോപ്പി വാങ്ങുമ്പോഴും ഇതിനു വേണ്ടി കുറച്ചു ദിവസങ്ങള്‍ മാറ്റി വയ്ക്കേണ്ടി വരുമെന്നു കരുതി.
പേരില്‍ പറയുന്നതുപോലെ ആറു മരണങ്ങളുടെ പാഠപുസ്തകമാണ് ഇതിവൃത്തം. ഓരോ ക്ലാസ്സുകളില്‍ അധ്യാപകനായിത്തന്നെ നോവലിസ്റ്റ് എടുത്തു തരുന്ന തുണ്ടുകള്‍ ചേര്‍ത്തു വച്ച് ജിഗ്-സോ പസില്‍ പൂര്‍ത്തിയാക്കുകയേ വേണ്ടൂ വായനക്കാരന്. പാഠങ്ങളുടെ അന്ത്യത്തിലെ എക്സര്‍സൈസുകള്‍ നോവലിനെ വ്യത്യസ്ഥമായൊരു വായനക്കുള്ള സാധ്യതകള്‍ അടച്ച രീതിയിലെ കഥനമാക്കുന്നു. ആഖ്യാനരീതിയാല്‍ ഡില്‍ഡോ ബുദ്ധിമുട്ടിക്കുന്നേയില്ല.
സ്ത്രീക്ക് ലൈംഗികവികാരമുണ്ടെന്ന് നൂറ്റാണ്ടൊന്നു മുന്നേ വരെ ആരും വിശ്വസിച്ചിരുന്നില്ല. വൈദ്യശാസ്ത്രം സ്ത്രീയുടെ കാമാവേശത്തെ "സ്ത്രീകള്‍ക്കുണ്ടാവുന്ന സന്നി" ആയി കണക്കാക്കുകയായിരുന്നു. ഇത്തരം സന്നിബാധിച്ച സ്ത്രീകളുടെ യോനീഭാഗം വേഗത്തില്‍ തിരുമ്മി അപസ്മാരമൊഴിപ്പിക്കുക എന്നതായിരുന്നു ചികിത്സാരീതികളില്‍ ഒന്ന്. ഡോക്റ്റര്‍മാര്‍ക്ക് ആയാസമുള്ള തിരുമ്മല്‍ ജോലി യന്ത്രവത്കരിക്കാന്‍ കണ്ടുപിടിച്ച ഉപകരണം അത് കണ്ടെത്തിയവരും പ്രിസ്ക്രൈബ് ചെയ്തവരും വിറ്റവരും വാങ്ങിയവരും ഉപയോഗിച്ചവരും അറിയാതെ ആദ്യത്തെ ഡില്ഡോയായി. കാഴ്ച കുറഞ്ഞവനു കണ്ണട പോലെയോ കാലു മുടന്തിയവന് ഊന്നുവടി പോലെയോ സാധാരണ വൃത്തിക്കുള്ള ശേഷിക്കുറവ് പരിഹരിക്കുന്ന ഉപകരണസഹായിയല്ല ഡില്‍ഡോ. അതൊരു അസ്വാഭാവികമായ പകരം വയ്ക്കലാണ്- വെര്‍ച്വല്‍ പെറ്റ് പോലെ. മാവോയിസത്തിലേക്ക് തിരിഞ്ഞ ജനാധിപത്യ രാജ്യത്തിലെ പൗരന്, കാമുകിയുടെ മകളെ വളര്‍ത്തി അവളെ പുനര്‍ജ്ജനിപ്പിക്കാന്‍ അഴിമതിയില്‍ ഏര്പ്പെടുന്നയാള്, കടയുടെ സ്ഥാപിത ലക്ഷ്യം നിലനിര്‍ത്താന്‍ വയ്യാതെ നിരോധിക്കപ്പെട്ട സാധനം വില്ക്കാന് തീരുമാനിക്കുന്നവന്, നഷ്ടപ്രണയം മുലവേദനയായവള് സ്വാഭാവിക വഴികള്‍ വിട്ട് അസ്വാഭാവിക പരിഹാരങ്ങള്‍ തേടുന്നവര്‍ കാരണഹേതുവാകുന്ന അസ്വാഭാവികമായ മരണങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പൊതുഘടകമായി കഥയില്‍ ഈ യന്ത്രം വരുന്നു.
അച്ചാലും മുച്ചാലും വായ്ച്ചാലും തടിയും ഇരുമ്പും കൊഴുവിനു പൂട്ടി വെറും ചെളിക്കണ്ടമായിപ്പോയ പാടം പോലെയുള്ള ഇതിവൃത്തങ്ങളും വായനക്കാരനു കൃത്രിമമായി ആയാസം നിര്‍മ്മിച്ചു നല്കി പരിഹസിക്കുന്ന ആഖ്യാനരീതിയും മൂലം മലയാളം കഥകള്‍ വിരസമാണെന്ന് തോന്നിത്തുടങ്ങിയിട്ട് നാളേറെയായി. അതില്‍ നിന്നൊരു വ്യതിയാനം- എന്തു വ്യതിയാനവും സ്വാഗതാര്‍ഹമെന്നാണ് എന്റെ വീക്ഷണം. പണ്ടെന്നോ ഒരു പോസ്റ്റില്‍ ബ്ലോഗര്‍ രേഷ്മ ഇമോഷണല്‍ ട്രാന്സിഷനെ ടെക്സ്റ്റിന്റെ കളര്‍ ഗ്രഡേഷന് ആയി നിര്‍മ്മിച്ചത് ഇപ്പോഴുമോര്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഡില്‍ഡോ കയ്യിലെടുത്ത് ഒന്നര മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ന്നു. ഏറേക്കാലം നിര്‍ത്തിവച്ചിരുന്ന മലയാളം സാഹിത്യവായന പുനരാരംഭിച്ചത് ഈ പുസ്തകമെടുത്താണ്.
Tuesday, April 27, 2010
Subscribe to:
Posts (Atom)