Monday, July 30, 2007

കണക്കില്ലാത്ത മലയാളം

പണം മൂല്യ ചിഹ്നമായി ഉണ്ടാകും മുന്നേ തന്നെ കണക്കുകളുടെ രൂപത്തില്‍ അത് നിലനിന്നിരുന്നെന്നാണ്‌ അനുമാനിക്കപ്പെടുന്നത്. എഴുത്തു രൂപപ്പെട്ടത് അതിനും ശേഷമാകയാല്‍ അറിയപ്പെടുന്ന സംസ്കാരങ്ങളെല്ലാം നിലവില്‍ വന്നപ്പോഴേ അവര്‍ക്ക് കണക്കെഴുത്തും ഉണ്ടായിരുന്നെന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ കണക്കുകള്‍ കച്ചവടക്കാരന്റെയും രാഷ്ട്രത്തിന്റെയും രഹസ്യങ്ങളാകയാല്‍ അവ മറ്റു ചരിത്രരേഖകള്‍ പോലെ കണ്ടുകിട്ടാന്‍ വിഷമമായാല്‍ എന്തു തരം സമ്പ്രദായമായിരുന്നു അവിടങ്ങളിലെന്ന് കൃത്യമായി ഊഹിക്കാന്‍ പ്രയാസമാണ്‌.

ആധുനിക ലോകം മുഴുവന്‍ അംഗീകരിക്കുകയും പിന്‍‌തുടരുകയും ചെയ്യുന്ന അക്കൗണ്ടിങ് സമ്പ്രദായം ആണ്‌ ഇരട്ടപ്പെരുക്കം (ഡബിള്‍ എന്റ്റി സിസ്റ്റം). ആദ്യമായി ഇതിനെപ്പറ്റി പുസ്തകങ്ങളുണ്ടായത് വെനീസിലാണെങ്കിലും മദ്ധ്യേഷ്യ ആണ്‌ ഈ രീതിയുടെ അമ്മവീടെന്നും മുഗള്‍ അധിനിവേശക്കാലത്താണ്‌ ഇന്ത്യയില്‍ ഈ രീതി നിലവില്‍ വന്നതെന്നും അനുമാനിക്കപ്പെടുന്നു. (സകലതും ആര്‍ഷഭാരത്തിന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ ഡബിള്‍ എന്റ്രി സിസ്റ്റവും ഇന്ത്യയിലുണ്ടായെന്നു പറയുന്നെങ്കിലും നിരത്തുന്ന തെളിവുകള്‍ അതു വിശ്വസിക്കാന്‍ മാത്രം ശക്തമല്ല). ബി സി നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ രാജ്യം കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുകയും അവ ആഡിറ്റിനു വിധേയമാക്കണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും കണക്കെഴുത്തു ഡിപ്പാര്‍ട്ട്മെന്റ് എങ്ങനെ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണം എന്നതിനെക്കുറിച്ചും വിശദമായ നിര്‍ദേശങ്ങളുണ്ട്, എന്നാല്‍ എന്തു സമ്പ്രദായം വേണം കണക്കെഴുതാന്‍ പിന്‍‌തുടരേണ്ടത് എന്നതിനെപ്പറ്റി ഒന്നും കാണുന്നില്ല. എന്തായാലും ഇരട്ടപ്പെരുക്ക രീതിയടക്കം ആധുനിക കണക്കെഴുത്തുശാസ്ത്രം കൊളോണിയല്‍ ഭരണകാലത്തിനും മുന്നേ തന്നെ കേരളത്തില്‍ നിലവിലുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്‌.

കണക്കെഴുത്ത് ഒരു കൈത്തൊഴിലായി മൂത്ത കണക്കപ്പിള്ളയില്‍ നിന്നും ശിഷ്യനിലേക്ക് എന്ന സമ്പ്രദായം മാത്രമേ നമുക്കുണ്ടായിരുന്നുള്ളു. കലാശാലയില്‍ കണക്കെഴുത്തു പഠിപ്പിക്കുന്ന രീതി വന്നത് ബ്രിട്ടീഷ് ഭരണ കാലത്തായതിനാല്‍ കണക്കെഴുത്തു ബിരുദങ്ങളുള്ളവരെല്ലാം ആ വിദ്യ പഠിച്ചത് ഇംഗ്ലീഷിലായിരുന്നു. മലയാളത്തിലെ കണക്കെഴുത്തിന്റെ ക്ഷയം അക്കാലം തന്നെ തുടങ്ങിയെങ്കിലും നാശം പരിപൂര്‍ണ്ണമായത് കമ്പ്യൂട്ടറൈസേഷനോടുകൂടിയാണ്‌. കേരളത്തില്‍ കണക്കുകള്‍ കമ്പ്യൂട്ടറൈസേഷന്റെ ആരംഭകാലത്ത് കണക്കെഴുത്തും ഓഡിറ്റും ചെയ്ത ആളെന്ന നിലക്ക് ഒരു പക്ഷേ മലയാളത്തിലെഴുതിയ കണക്കുകള്‍ കാണാന്‍ ഭാഗ്യം ലഭിച്ച തലമുറയിലെ അവസാനക്കാരിലൊരാളാവാ0‍ ഞാന്‍.

ഇന്ന് ഭാഷ കമ്പ്യൂട്ടറുകള്‍ക്ക് പ്രശ്നമല്ല. പക്ഷേ മലയാളത്തില്‍ കണക്കെഴുതാവുന്ന പ്രമുഖ ഈ ആര്‍ പി ളൊന്നും നിലവിലില്ലെന്നാണ്‌ അറിവും വിശ്വാസവും. ഉദാഹരണത്തിന്‌, ഓറക്കിള്‍ ഫിനാന്‍ഷ്യല്‍സിനു മലയാളമില്ല, ഓറക്കിള്‍ ഡേറ്റബേസിനു മലയാളം മനസ്സിലാവുമെന്നിരിക്കെ
(http://www.oracle.com/global/in/pressroom/factsheet.html ) ആ കമ്പനിക്ക് അതൊരു വലിയ കാര്യമല്ലെങ്കിലും ആവശ്യക്കാരനില്ലാത്ത സ്ഥിതിക്ക് ഉല്പ്പന്നവും അവരുണ്ടാക്കുന്നില്ല. അറബി അറിയാത്ത ഞാന്‍ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ ഉപയോഗിച്ച് അറബിയിലും ഇംഗ്ലീഷിലും റിപ്പോര്‍ട്ടുകള്‍ അടിക്കുന്നു . ഔദ്യോഗിക ഭാഷ "ഇംഗ്ലീഷും മലയാളവും" എന്ന് പ്രഖ്യാപിച്ച കേരള സംസ്ഥാനത്തിന്‌ മലയാളത്തില്‍ കണക്കെഴുതാന്‍ സം‌വിധാനമൊന്നുമില്ല.

ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍ :
1. വൈകാരിക വിനിമയം
2. ആശയ വിനിമയം
3. വിവര സംഭരണം/വിതരണം
4. ഔദ്യോഗിക ഉപയോഗം
5. സാഹിത്യ/ഇതര വിനോദപരമായ കാര്യങ്ങള്‍

എന്നിവയില്‍ ഭൂരിപക്ഷവും അതുകൊണ്ട്‌ സാധിക്കുന്ന തരക്കേടില്ലാത്ത അംഗബലമുള്ള ഒരു സമൂഹമുണ്ടായിരിക്കണം. അല്ലെങ്കില്‍ അത്‌ മൃതഭാഷയായിപ്പോകുകയോ മറ്റേതെങ്കിലും ഭാഷയിലേക്ക്‌ assimilate ചെയ്യപ്പെടുകയോ സംഭവിക്കും.
( മുന്‍ പോസ്റ്റ് : commentara.blogspot.com/2007/03/blog-post.html എന്നതില്‍ നിന്നും എടുത്തെഴുതിയത്)
വിവരസംഭരണം, തൊഴില്പരമായ അല്ലെങ്കില്‍ ഔദ്യോഗിക ഉപയോഗം എന്നീ രണ്ടു കാര്യങ്ങളിലാണു മലയാളത്തിന്റെ നില പരുങ്ങലിലേക്ക് പോയത് എന്നതിനാല്‍ മലയാളത്തിലെ കണക്കെഴുത്തിനു ഭാഷയെ നിലനിറുത്തുന്നതിലും ഒരു പങ്കുണ്ടെന്ന് കാണേണ്ടതുണ്ട്.

സാങ്കേതികമായി മലയാളത്തില്‍ കണക്കെഴുതാന്‍ സാധിക്കുന്ന ഈ ആര്‍ പി നിലവില്‍ വരാന്‍ വലിയ ബുദ്ധിമുട്ടുകളില്ലെന്നു കണ്ടല്ലോ. വേണ്ടത് കണക്കെഴുത്ത് മലയാളത്തില്‍ ചെയ്യാന്‍ അറിവുള്ളവരും, അങ്ങനെ ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളുമാണ്‌.

തുടക്കമെന്ന നിലയ്ക്ക് കണക്കെഴുത്തു തൊഴില്‍ മലയാളത്തില്‍ പഠിക്കാന്‍ ഒരു പാഠപുസ്തകവും, ഇംഗ്ലീഷില്‍ പഠിച്ചവര്‍ക്ക് തത്തുല്യമായ മലയാളപദങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കാന്‍ ഒരു സാങ്കേതിക നിഘണ്ടുവുമാണ്‌. അതിലേക്ക് ഒരു തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്നു. കണക്കെഴുത്ത്, ഓഡിറ്റ് തുടങ്ങിയ മേഘലകളിലുള്ളവരുടെ സഹായം ഇതിലേക്ക് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ തെക്കന്‍ കേരളത്തില്‍ തമിഴ് കണക്കെഴുത്തു പദങ്ങളുടെ ആധിക്യം കൂടുതലുള്ളതായാണ്‌ കാണുന്നത്. വടക്കന്‍ കേരളത്തിന്റെ പദങ്ങള്‍ ഇതല്ലെങ്കില്‍ അറിയുന്നവര്‍ പറഞ്ഞുതരേണ്ടതുണ്ട്.