ബ്ലോഗിങ്ങിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും പ്രിന്റ്-വിഷ്വല്‍ മാദ്ധ്യമങ്ങളിലെഴുതുന്നവര്‍ക്ക് ശരിയായൊരവബോധം വരാത്തതുകൊണ്ടാണ് അവര്‍ ബ്ലോഗുകള്‍ തുടങ്ങാത്തതെന്ന് ഒരു മിഥ്യാധാരണ ഞാന്‍ കുറേക്കാലംവച്ചു പുലര്‍ത്തിയിരുന്നു. (വളരെയാളുകള്‍ക്കറിയാത്തതെന്തോ എനിക്കറിയാം എന്നൊരു അഹങ്കാര-ഞെളിയല്‍, ഏത്?) പ്രിന്റ് എഴുത്തുകാരിലെ ചില നവാഗതര്‍ ഇന്‍ഡ്യ റ്റുഡേയിലും മറ്റും ഒന്നുരണ്ട് വര്‍ഷം മുന്നേ എഴുതിക്കൂട്ടിയ ബ്ലോഗിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഈ വിശ്വാസത്തെ വളര്‍ത്തുകയും ചെയ്തു.
ബ്ലോഗിനെക്കുറിച്ച് പൊതുവേദിയില്‍ മേതില്‍ പ്രസംഗിക്കുന്നതു കേട്ടപ്പോഴും ഈ വിശ്വാസത്തിനു കുലുക്കമൊന്നുമുണ്ടായില്ല. അദ്ദേഹം കാലങ്ങളായി ബുള്ളറ്റിന് ബോര്‍ഡ് ഉടമയും മറ്റുമായിരുന്നതിനാല്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നനാണെന്നേ കരുതിയുള്ളു.
സക്കറിയ തനിക്കൊരു ബ്ലോഗ് പരിപാലിക്കാനുള്ള സമയവും സാവകാശവും കിട്ടുമ്പോള്‍ അതിലെന്തെഴുതും, എന്തുകൊണ്ട് അത് പ്രിന്റിനയക്കില്ല എന്ന് ഒരു സ്വകാര്യവേളയില്‍ പറഞ്ഞു തുടങ്ങിയതോടെ എന്റെ മുന്‍വിധി കുലുങ്ങി തുടങ്ങി. അദ്ദേഹം ബ്ലോഗിന്റെ സാദ്ധ്യതയും പരിമിതിയും നല്ല ബോദ്ധ്യമുള്ളയാള്‍ തന്നെ.
ഇളക്കി മറിച്ചിട്ടുകളഞ്ഞത് സേതുവായിരുന്നു. "മാഷിനു ഞങ്ങളെ ബൂലോഗത്തെ പറ്റി എന്തര് അഭിപ്രായമാണ് ഒള്ളത്?" എന്ന കൈപ്പള്ളിയുടെ ചോദ്യത്തിനു.
"You are a bunch liberated souls(...) lucky to have access to a sea of information to refine and support your words(...) but often getting data confused with knowledge (...) എന്നു തുടങ്ങിയ സേതുമാഷും ബ്ലോഗിങ്ങിനെ വളരെ അടുത്തറിയാവുന്ന ഒരാളെപ്പോലെ തന്നെ സംസാരിച്ചു.
അങ്ങനെ പൊളിഞ്ഞ അഹങ്കാരവുമായി മിച്ചം വന്ന സാദ്ധ്യതകളെ നിരത്തി നോക്കുമ്പോള്‍ ഇതുപോലെയൊക്കെ തോന്നുന്നു.
1. എഴുത്ത് മുഖ്യവരുമാനമായിട്ടുള്ളവര്‍ക്ക് ബ്ലോഗ്ഗിങ്ങ് വരുമാനമില്ലാത്ത ഒരു ചിലവായി തോന്നിയേക്കാം
2. ബ്ലോഗിന്റെ റീച്ചബിലിറ്റി ഇന്നും തീരെക്കുറവാണ് മലയാളത്തില്‍. പത്രത്തിലെഴുതിയാല്‍ ഒറ്റയടിക്ക് ലക്ഷക്കണക്കിനാളുകള്‍ വായിക്കും (അന്നു വൈകുന്നേരം ആക്രിക്കാരന് എടുത്ത് മുട്ടയ്ക്ക് ട്റേ ഉണ്ടാക്കുന്ന കമ്പനിയില്‍ അയക്കുന്നതോടെ തീരുകയും ചെയ്യും അതു മറ്റൊരു കാര്യം)
3. ബ്ലോഗിലെഴുതിയ സൃഷ്ടി " എഴുത്തുകാരന് നെഞ്ചേറ്റി ലാളിക്കുന്ന കൈക്കുഞ്ഞല്ല, അഴിച്ചു വിട്ട യാഗാശ്വമാണ്, അതിനെ പിടിച്ചു കെട്ടി യുദ്ധം കുറിക്കാന്‍ അന്യരെ അനുവദിച്ചേ മതിയാവൂ, യാഗാന്ത്യത്തിലതിനെ വധിക്കാനും എഴുതുന്നയാള്‍ തയ്യാറാവണം." (ക്വട്ടേഷനിലുള്ളത് സക്കറിയ പണ്ടെഴുതിയത്, പക്ഷേ ബ്ലോഗുകളെക്കുറിച്ചായിരുന്നില്ല). ഈ ഇന്ററാക്ഷന് പെഡസ്റ്റലില്‍ നിന്ന് താഴേക്കു പ്രസംഗിച്ചു ശീലമുള്ള പ്രിന്റ് മീഡിയ എഴുത്തുകാര്‍ക്ക് എപ്പോഴും സുഖമുള്ള അനുഭവം ആകണമെന്നില്ല. ബ്ലോഗുകളില്‍ പലപ്പോഴും കമന്റര്‍ പോസ്റ്റ് ഇട്ടയാളെക്കാള്‍ തിളങ്ങും, തെറ്റുകള്‍ തിരുത്തിത്തരും, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കും, മൊത്തമായി ഖണ്ഡിക്കുകയും ചെയ്യും, എക്സ്പര്‍ട്ടുകള്‍ വാലിഡേറ്റ് ചെയ്യും, ചിലപ്പോള്‍ പോസ്റ്റിനെക്കാള്‍ വലിയ കമന്റ് എഴുതിയെന്നും വരാം. നെഞ്ചത്തു ചേര്‍ത്ത് ഉമ്മ കൊടുക്കുന്ന കൈക്കുഞ്ഞാണു കൃതിയെങ്കില്‍ അതിനെ കൊലയ്ക്കു കൊടുത്തെന്ന് എഴുത്തുകാരനു തോന്നും.
4. എഴുത്തിന്റെ ആധികാരികതയില്‍, വര്‍ക്കിന്റെ പെര്ഫക്ഷനില് സംശയമില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഈ ബൂലോഗസമ്മര്‍ദ്ദം സുഖമാണ്. ജോസഫ് മാഷോടോ സുജിത്തിനോടോ ഒക്കെ ചോദിച്ചു നോക്കിക്കേ. ഐക്കിയയില്‍ കസേരപ്പുറത്ത് അമ്മിക്കല്ലിട്ടിടിച്ച് ഉറപ്പുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു യന്ത്രമുണ്ട്. അതാണ് അവരുടെ കസേര വാങ്ങാന്‍ നമുക്കും വില്ക്കാന് അവര്‍ക്കും ഉള്ള വിശ്വാസത്തിന്റെ തെളിവ്.
5. സമന് എന്ന രീതിയില്‍ ഏതു കമന്ററും സംവദിക്കും. അതില്ലാതെ നിലനില്ക്കാന് ബ്ലോഗുകള്‍ക്ക് മാത്രമേ കഴിയൂ. ഉദാഹരണത്തിനു ജാക്കി ചാന്റെയോ മരിയ ഷരപ്പോവയുടെയോ ബ്ലോഗുകളില്‍ അവരുടെ ക്രിയേറ്റീവ് വര്‍ക്കുകളൊന്നും ഇല്ല, മറ്റെവിടേയോ അവര്‍ ചെയ്യുന്ന വര്‍ക്കിനെക്കുറിച്ച് ആസ്വാദകര്‍ അഭിപ്രായമെഴുതുന്ന ഫാന്‍സ് ഗസ്റ്റ് ബുക്കുകള്‍ മാത്രമാണ് അവ. അങ്ങനെ വരുന്നില്ലല്ലോ എഴുത്തുകാരന്, അയാളുടെ ബ്ലോഗും എഴുത്തു തന്നെയല്ലേ. പെഡസ്റ്റല്‍ വിട്ട് നിലത്തിറങ്ങിയേ മതിയാവൂ.
6. ചിലര്‍ക്കെങ്കിലും സ്വാതന്ത്ര്യം എന്നാലെന്തെന്ന് അറിയില്ല. കൂട്ടില്‍ ജനിച്ച് അവിടെ വളര്‍ന്ന തത്തയെ ഇറക്കി വിട്ടാല്‍ അത് ഭയന്ന് അവിടെ ഇരിക്കുമെന്നല്ലാതെ ഒന്നും ചെയ്യില്ലെന്ന് ആരാ പറഞ്ഞത്, നളനാണോ? [കടപ്പാട് - റീനംബറിങ്ങ് - സുല്‍, നളനല്ല ഇതു പറഞ്ഞത്, ചന്ത്രക്കാറന്‍ എന്നു തിരുത്തിയ തുളസിക്ക്]
Monday, January 7, 2008
Subscribe to:
Posts (Atom)