Saturday, March 24, 2007

ബൂലോഗ വിചാരണം - 5 ബ്ലോഗാസക്തി

ബ്ലോഗ്‌ ശക്തവും ലളിതവുമായൊരു മാദ്ധ്യമമാണ്‌. തുരുമ്പു പിടിച്ചിരുന്ന ഒരുപാടുപേരെ അത്‌ എഴുത്തുകാരും പ്രസാധകരുമാക്കി. എന്നാല്‍ ബ്ലോഗ്‌ ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ആവശ്യമുള്ളതിലും പ്രാധാന്യമുള്ള ഒന്നായി തോന്നിയിട്ടുണ്ടോ? എങ്കില്‍ സ്വയം ചോദിക്കുക "ഞാന്‍ ബ്ലോഗിന്റെ ഉടമയോ അതോ അടിമയോ?"

ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ്‌ അഡിക്ഷന്‍, ഗെയിമിംഗ്‌ അഡിക്ഷന്‍, പോര്‍ണോഗ്രഫി അഡിക്ഷന്‍, ബ്ലോഗ്‌ അഡിക്ഷന്‍ എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം.

അടിപ്പെടലിന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്നതാണ്‌ മദ്യാസക്തി. മദ്യത്തിനടിമപ്പെട്ടയാള്‍
1. സ്ഥിരമായി മദ്യപിക്കുന്നു.
2. മദ്യമില്ലാതെയാകുമ്പോള്‍ അസ്വസ്ഥനാകുകയും മദ്യപാനം കൊണ്ട്‌ അത്‌ പരിഹരിക്കുകയും ചെയ്യുന്നു.
3. ജോലി, കുടുംബം എന്നിവയ്ക്കു വേണ്ടി ചിലവാക്കേണ്ടിയിരുന്ന സമയം മദ്യപിക്കാന്‍ ഉപയോഗിക്കുന്നു.
4. മദ്യപിക്കാനായി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ബന്ധുക്കളുടെ വിവാഹം, ഔദ്യോഗിക ചടങ്ങുകള്‍, കുട്ടികളുടെ പ്രധാന കാര്യങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയോ വഴിപാടു പോലെ കഴിച്ച്‌ മദ്യശാലയിലേക്ക്‌ മടങ്ങുകയോ ചെയ്യുന്നു.
5. മദ്യം ജോലി നഷ്ടപ്പെടുന്നതിലേക്കോ കുടുംബപ്രശ്നത്തിലേക്കോ നയിക്കുന്നെന്ന് അറിയുമ്പോഴും മദ്യപാനം നിര്‍ത്താനാവുന്നില്ല.
6. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനായി (മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ അടക്കം ) മദ്യപിക്കുന്നു.

വായിച്ചു കഴിഞ്ഞല്ലോ? ഇനി മദ്യം എന്നയിടത്ത്‌ ബ്ലോഗ്‌ എന്നും മദ്യാസക്തന്‍ എന്നയിടത്ത്‌ ബ്ലോഗ്‌ അഡിക്ട്‌ എന്നും മദ്യപാനം എന്നയിടത്ത്‌ ബ്ലോഗ്ഗിംഗ്‌ എന്നും വാക്കുകള്‍ മാറ്റി വായിച്ചു നോക്കുക. ബ്ലോഗ്‌ അഡിക്ഷന്‍ എന്നൊന്നുണ്ടോ അതോ വെറുതേ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണോ എന്ന് സ്വയം ബോദ്ധ്യപ്പെടാം.

എന്താണ്‌ ബ്ലോഗ്‌ അഡിക്ഷന്‍ കൊണ്ട്‌ സംഭവിക്കുന്നത്‌?
തീര്‍ച്ചയായും മദ്യാസക്തി പോലെ ശാരീരിക പ്രശ്നങ്ങള്‍ വലുതായൊന്നും ഉണ്ടാകുന്നില്ല (കുത്തിയിരുന്നു ബ്ലോഗി കണ്ണോ നടുവോ ഫ്യൂസ്‌ ആയേക്കാം), എന്നുവച്ച്‌ അതുകൊണ്ട്‌ ദോഷമൊന്നുമില്ലെന്ന് അനുമാനിക്കാന്‍ പറ്റില്ല.

ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിമറിക്കാന്‍ ഈ ആസ്കക്തിക്കു കഴിയും. ജോലിയിലെ കാര്യക്ഷമത (പ്രൊഡക്റ്റീവിറ്റിയുടെ മലയാളം ഇതു തന്നെയോ?) കുറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ കുറേ വര്‍ഷം കഴിഞ്ഞ്‌, എന്നായാലും അതിന്റെ ദൂഷ്യവശങ്ങളും നമ്മളനനുഭവിച്ചേ തീരൂ. കിട്ടാത്ത പ്രൊമോഷനായോ, മേലുദ്യോഗസ്ഥനോട്‌ പിണങ്ങലായോ, സ്വന്തം സ്ഥാപനമാണെങ്കില്‍ കുറച്ചു സമയം അതിനു വേണ്ടി ചിലവാക്കുന്നതിനാലുള്ള കേടായോ, ഒന്നുമില്ലെങ്കില്‍ കുറ്റബോധമായോ സ്വയമുള്ള മതിപ്പിനു വരുന്ന ഇടിവ്‌ ആയോ എങ്കിലും അത്‌ നമുക്ക്‌ പണി തരും.

വീട്ടുകാരോടൊത്ത്‌ പ്രത്യേകിച്ച്‌ ഭാര്യ/ഭര്‍ത്താവിനോടും കുട്ടികളുമൊത്തും ചിലവിടേണ്ട സമയം ബ്ലോഗിനായി മാറ്റിപ്പോകും അഡിക്റ്റ്‌. അതും വലിയ തെറ്റു തന്നെയാണ്‌. തൊഴില്‍ സ്ഥലത്തെപ്പോലെ തന്നി കുടുംബാംബങ്ങള്‍ക്കും നമ്മുടെ സമയത്തില്‍ അവകാശമുണ്ട്‌, അവരോടൊത്ത്‌ വൈകാരിക വിനിമയം നടത്താന്‍ നമുക്ക്‌ ബാദ്ധ്യതയുമുണ്ട്‌. ദമ്പതികളില്‍ ഒരാള്‍ മാത്രം ബ്ലോഗുന്നയാളാണെങ്കില്‍ (എന്നെപ്പോലെ) recreational companionship ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കാന്‍ അഡിക്റ്റിനു കഴിയുന്നില്ല. മദ്യപന്റെ കാര്യം തന്നെ എടുക്കുക, അയാള്‍ രസിക്കുന്ന കാര്യങ്ങള്‍, ഷാപ്പ്‌, കുടി, അവിടത്തെ കൂട്ടുകാര്‍, ബോധമില്ലാത്ത തോന്യാസങ്ങള്‍ ഒന്നിലും ഭാര്യക്ക്‌ പങ്കു ചേരാനാവുന്നില്ല, അതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍-കടം, വഴക്ക്‌, ആരോഗ്യനാശം ഇതൊന്നും അവര്‍ക്ക്‌ മനസ്സിലാവുകയുമില്ല. ഒറ്റപ്പെടലിന്റെ, അകല്‍ച്ചയുടെ, വഴക്കിന്റെ, തല്ലിന്റെ വിത്ത്‌ അതാണ്‌.

ബന്ധങ്ങള്‍, സൌഹൃദം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും കുറച്ചു കളയാന്‍ അഡിക്ഷനു കഴിയും.

അഡിക്ഷനില്‍ നിന്നും കരകേറുന്നതെങ്ങനെ?
ആദ്യം അഡിക്ഷനുണ്ടോ എന്ന് സ്വയം പരിശോധിച്ച്‌ ബോദ്ധ്യപ്പെടുക (നിര്‍മ്മലയോട്‌ ഒരു ഫ്ലോ ചാര്‍ട്ട്‌ ഞാന്‍ ഏറ്റു പോയി, അതിനാല്‍ വലിയ ആവശ്യമൊന്നുമില്ലാഞ്ഞിട്ടും അതിവിടെ ഇടുന്നു.)

അഡിക്ഷനുണ്ടോ? അതിന്റെ പേരില്‍ ബ്ലോഗൊന്നും നിറുത്തേണ്ടതില്ല (അങ്ങനെ തീരുമാനിച്ചാല്‍ അതൊരു നഷ്ടം തന്നെയാകും. മാത്രമല്ല, ഭാവിയില്‍ തീരുമാനം ലംഘിക്കാനുള്ള സാദ്ധ്യതയും കൂടും).

ആദ്യപടി എളുപ്പമാണ്‌, ബ്ലോഗാന്‍ സ്ഥലപരിധിയും സമയപരിധിയും തീരുമാനിക്കുക .

അടുത്തത്‌, അതായത്‌ ഈ പരിധികള്‍ നടപ്പിലാക്കുകയും ഉപേക്ഷയില്ലാതെ അതു തുടരുകയും ചെയ്യുന്നത്‌ അത്ര എളുപ്പമല്ല. ഇതിനു ഞാന്‍ കണ്ടുപിടിച്ച പരിപാടി അതിലെ അഗ്രീവ്ഡ്‌ ആയ കക്ഷിയോട്‌ തുറന്നു പറയുക എന്നതാണ്‌. ഓഫീസില്‍ ബ്ലോഗ്ഗിംഗ്‌ നിറുത്താന്‍ അവിടെ നിന്നുള്ള സംവിധാനം എടുത്തു കളയുക, വീട്ടില്‍ ബ്ലോഗ്ഗിംഗ്‌ കുറയ്ക്കാന്‍ "ഞാന്‍ ആലോചിച്ചപ്പോള്‍ ആവശ്യത്തിലും കൂടുതല്‍ സമയം ഞാന്‍ ബ്ലോഗില്‍ ചിലവിടുന്നുണ്ട്‌, ഇനിമുതല്‍ രാത്രി 10 മുതല്‍ 10.45 വരെ വീട്ടിലുണ്ടെങ്കില്‍ ആ സമയത്തേ ഞാന്‍ ബ്ലോഗ്‌ എഴുതുകയുള്ളു, ഇത്‌ തെറ്റിക്കുകയാണെങ്കില്‍ നീ എന്നെ ഓര്‍മ്മിപ്പിക്കണം" എന്ന് പറഞ്ഞാല്‍ അവരത്‌ സന്തോഷമായി ചെയ്തു തരും.

ചുരുക്കത്തില്‍ അഡിക്ഷനുണ്ടോ എന്ന് സ്വയം കണ്ടെത്തുക, സ്വയം സമ്മതിക്കുക, അതിലെ വിക്ടിമിനോടും സമ്മതിക്കുക. പ്രശ്നം പരിഹരിക്കപ്പെടും. അധികമായാല്‍ ബ്ലോഗും വിഷം.

ടെയില്‍ ടെയില്‍
22/03/2007 ല്‍ അപ്പീസില്‍ നടന്ന ഫോണ്‍ സംഭാഷണം.
ദേവന്‍ :> ഹലോ
ഹെ. ഡ :> ഐ റ്റി ഹെല്‍പ്പ്‌ ഡെസ്ക്‌, ഞാന്‍ നിന്നെ സഹായിച്ചു ശരിയാക്കിക്കളയും.
ദേവന്‍:> നീ ഒരു സഹായം ചെയ്താല്‍ മതി, പ്രോക്സി അഡ്മിനോ മറ്റോ അവിടെ ഉണ്ടെങ്കില്‍ പിടിച്ചു താ.
(ഫോണിലൂടെ സംഗീതം, പരസ്യം)
വെ മാ:> ഹലോ, ഇത്‌ വെബ്‌ മാസ്റ്റര്‍, ഞാനും സഹായിക്കും.
ദേവന്‍> മാസ്റ്ററേ, രണ്ട്‌ യൂവാറെല്ലുകള്‍ ബ്ലോക്കണം
വെ മാ :> എന്താ കാര്യം, വൈറസ്‌ ഉണ്ടോ? സ്പൈ, ആഡ്വേര്‍, പനി, ചുമ, വാതം?
ദേവന്‍> ഹേയ്‌, അതൊന്നുമില്ല, പക്ഷേ എനിക്കു പ്രലോഭനം സഹിക്കുന്നില്ല, കമ്പത്സീവ്‌ ബ്രൌസിംഗ്‌.
വെ മാ:> ഇപ്പോ ശരിയാക്കാം, അഡ്രസ്സ്‌ പറ.
ദേവന്‍ :> ബ്ലോഗര്‍ ഡോട്ട്‌ കോം, വേഡ്‌ പ്രസ്‌ ഡോട്ട്‌ കോം.
വെ മാ :> രണ്ടു കോമനേം ഞാന്‍ സൈബര്‍ പട്രോളിനെക്കോണ്ട് തടുത്തു.
ദേവന്‍:> സന്തോഷം. ഓഫീസില്‍ നിന്നും ഇതേല്‍ പോകുന്നില്ലെന്ന തീരുമാനം 4 മാസം ഞാന്‍ സ്വയം പാലിച്ചു. ഇന്ന് ഓര്‍ക്കാതെ അതേല്‍ കേറിപ്പോയി. അതാണു പ്രകോപനം.
വെ മാ:> ഇനിയും വല്ലോം ബ്ലോക്കാനുണ്ടേല്‍ വിളിക്കണേ.
ദേവന്‍:> മിക്കവാറും വിളിക്കും, ശരി അപ്പോ.
ഫലം- ഇനിമുതല്‍ രാത്രി അത്താഴത്തിനു ശേഷം മാത്രം ബ്ലോഗിങ്ങ്. അല്ലെങ്കില്‍ അവധിദിനത്തില്‍. അടുത്തത് ബ്ലോഗ്ഗിങ്ങില്‍ സദാ(വാരേണ്ട) ചാരം.

Wednesday, March 14, 2007

ലോനപ്പന്‍ പ്രശ്നം - എന്റെ കമന്റ്

ലോനപ്പന്റെ ബ്ലോഗ്‌ നേരത്തേ കണ്ടിട്ടുണ്ടായിരുന്നു. അതിനപ്പുറമൊന്നും അയാളെക്കുറിച്ച്‌ എനിക്കറിയുകയുമില്ലയിരുന്നു. ഞാന്‍ താല്‍ക്കാലികമായി ബ്ലോഗ്ഗില്‍ നിന്നും വിട്ടുപോയ വെക്കേഷന്‍ സമയത്ത്‌ നാട്ടിലൊരു ബ്ലോഗ്ഗറെ കണ്ട കൂട്ടത്തില്‍ വിവി എന്ന പേരില്‍ ബ്ലോഗെഴുതുന്നത്‌ താനാണെന്ന് വെളിപ്പെടുത്തി ലോനപ്പന്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്നും സാന്ദര്‍ഭികമായി പറയുകയുണ്ടായി .വിവി എന്ന ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.(സത്യവാങ്മൂലം : ബ്ലോഗ്‌ കോമണ്‍ ഇന്ററസ്റ്റ്‌ ഉള്ള വിഷയം ആയതുകൊണ്ട്‌ മാത്രം വന്നുപെട്ടതാണ്‌, അത്‌ അധോലോക ചര്‍ച്ചയൊന്നും ആയിരുന്നില്ല.)

ഒരു ഐഡിയില്‍ പോസ്റ്റ്‌ ചെയ്യുകയും മറ്റൊരു ഐഡിയില്‍ നിന്നും "അടിപൊളി, വിശ്വോത്തരം" എന്നൊക്കെ കമന്റുകയോ, തടവാന്‍ ഒരു ബ്ലോഗര്‍ ഐഡി അപ്പനു വിളിക്കാന്‍ വേറൊന്നും ഉപയോഗിച്ച്‌ ജനത്തെ വഞ്ചിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഒരാള്‍ക്ക്‌ രണ്ടല്ല അഞ്ച്‌ ഐഡി ഉണ്ടെങ്കിലും ഒരു തെറ്റായൊന്നും തോന്നുന്നില്ലെന്നും പറഞ്ഞു ഞാന്‍.

തിരികെ വരാന്‍ റെഡിയായി ഇരിക്കുന്ന സമയം യാത്ര പറയാന്‍ വിളിച്ച ഒരു സുഹൃത്ത്‌ ലോനപ്പന്റെ ഓഫീസില്‍ ആരോ വ്യാജ ഐഡിയില്‍ മെയില്‍ അയച്ചെന്നും പുള്ളി റിപ്രിമാന്‍ഡ്‌ നേരിട്ടെന്നും അതൊരു മോശം സംഭവമായെന്നും പറയുകയുണ്ടായി. മോശം സംഭവം എന്നല്ല, കുറ്റകൃത്യമെന്നാണ്‌ അതിന്റെ പേരെന്നു ഞാനും പറഞ്ഞു.

തിരികെ വന്ന് ബൂലോഗത്ത്‌ നോക്കുമ്പോള്‍ ലോനപ്പന്റെ
ബ്ലോഗുകളൊന്നും കാണാനില്ലയിരുന്നു. അതെവിടെപ്പോയെന്ന് പണ്ടെന്നോ വന്ന സര്‍ക്കുലര്‍ ഓര്‍ക്കുട്ട്‌ മെസ്സേജില്‍ നിന്ന് ലോനപ്പനെ കണ്ടുപിടിച്ച്‌ ചോദിച്ചു. മറുപടിയൊന്നും കണ്ടതുമില്ല, ലോന ഓണ്‍ലൈന്‍ വരാരില്ലെന്ന് ആരോ പറഞ്ഞു. ലോനപ്പന്റെ ബ്ലൊഗില്‍ നടന്ന കമന്റാങ്കളി ഒരാള്‍ (ആരെന്ന് ഓര്‍മ്മയില്ല, പരിചയമുള്ള പേരല്ല) മിറര്‍ ചെയ്ത്‌ പോസ്റ്റ്‌ ചെയ്തതില്‍ നിന്നും അതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കൈവശമുള്ള ആളുകളാരെങ്കിലും കോപ്പി അയക്കണമെന്ന് അവിടെ ഒരു കമന്റിട്ടത്‌ കണ്ട്‌ ഒരു ബ്ലോഗര്‍ എനിക്ക്‌ ആ പോസ്റ്റ്‌ ഈ-മെയില്‍ ചെയ്തു തന്നു. (സത്യവാങ്മൂലം. ഇതും ഒരു പിന്നാമ്പുറ വര്‍ക്കല്ല, ഞാന്‍ പൊതുസ്ഥലത്ത്‌ കമന്റിട്ട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌)

അതും കഴിഞ്ഞപ്പോള്‍ ബൂലോഗ ക്ലബ്ബില്‍ ഗന്ധര്‍വ്വന്‍ മാഷ്‌ ഒരു പോസ്റ്റ്‌ ഇട്ടതിനു താഴെ ഞാന്‍ എന്റെ അഭിപ്രായം ഏതാണ്ട്‌ ഇങ്ങനെ എഴുതി (ഓര്‍മ്മയില്‍ നിന്നാണ്‌ പദാനുപദം ആവര്‍ത്തിക്കാന്‍ കഴിയില്ല)"ലോനപ്പന്‍ സൈബര്‍സ്റ്റാള്‍ക്ക്‌ ചെയ്യപ്പെട്ടത്‌ വളരെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു, കാരണം അത്‌ കോപ്പിറൈറ്റ്‌ പോലെ നഷ്ടപരിഹാരം കൊണ്ട്‌ തീരുന്ന കേസല്ല, വര്‍ഷങ്ങളുടെ ജയില്‍ ശിക്ഷ വാറണ്ട്‌ ചെയ്യുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌. പക്ഷേ അത്‌ വിശ്വപ്രഭ ചെയ്തെന്ന ആരോപണം എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. എത്രയും വേഗം കൃത്യമായി അന്വേഷിച്ച്‌ ശരിയായെ പ്രതിയെ കണ്ടുപിടിക്കാന്‍ നമ്മളെല്ലാം ബാദ്ധ്യസ്ഥരാണ്‌."

പോസ്റ്റ്‌ ഏറെ ദിവസം അവിടെ കിടന്നില്ല. അത്തരം പൊതു ചര്‍ച്ചകള്‍ ലോനപ്പനു ഭീഷണിയാണെന്ന അര്‍ത്ഥത്തിലോ മറ്റോ ആരോ (ആരെന്നോര്‍മ്മയില്ല) കമന്റ്‌ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ ഗന്ധര്‍വ്വര്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.

ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങള്‍. ഇനി, എന്റെ അഭിപ്രായങ്ങള്‍:

1. ലോനപ്പന്‍ എന്ന വ്യക്തിയുടെ മാത്രമല്ല, ഇതൊരു പൊതു താല്‍പ്പര്യ വിഷയമായതുകൊണ്ട്‌ എല്ലാവരും അറിയുകയും അന്വേഷിച്ച്‌ മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്‌. പിന്നാമ്പുറ ചര്‍ച്ചകള്‍ കിരണ്‍ യാഹൂ പ്രശ്നത്തില്‍ പറഞ്ഞതുപോലെ തന്നെ, ഇതിലും ആശാസ്യമല്ല.

2. രഹസ്യമായി ആരെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത്‌ ഇപ്പോഴല്ല. മറിച്ച്‌ ചിലര്‍ അവകാശപ്പെട്ടതുപോലെ വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ടെങ്കില്‍ അത്‌ നിരത്തുകയും വേണം. നിയമവശം ആരാഞ്ഞ്‌ ശിക്ഷാ നടപടികള്‍ എന്തെന്ന് തീരുമാനിക്കണം.

3. അതല്ല ഒരു ഊഹം മാത്രം വച്ച്‌ ഒരാളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത്‌ കാരക്ടര്‍ അസ്സാസിനേഷന്‍ എന്നു പറയുന്ന കുറ്റമായി വാദി പ്രതിയാവും.

4. ലോനപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ബൂലോഗത്ത്‌ ഉണ്ടെന്ന് ഇന്ന് കിരണിന്റെ പോസ്റ്റില്‍ വന്ന കമന്റുകളില്‍ നിന്നും വായിച്ച്‌ മനസ്സിലാക്കി. ലോനക്ക്‌ നെറ്റ്‌ ആക്സസ്‌ ഇല്ലെങ്കിലും തീര്‍ച്ചയായും അവര്‍ വഴി കാര്യങ്ങള്‍ അറിയിക്കാവുന്നതേയുള്ളു.


5. ലോനപ്പന്‍ വേര്‍സസ്‌ ബാക്കി ബ്ലോഗ്ഗേര്‍സ്‌ എന്ന രീതിയില്‍ ലോനയുടെ കൂട്ടുകാര്‍ ഇതിനെ കണ്ടാല്‍ പൊതു താല്‍പ്പര്യം എന്ന ആംഗിള്‍ കേടുവന്നുപോകും. അറുനൂറു ബ്ലോഗര്‍മാരും പ്രതികളല്ല ഈ സൈബര്‍സ്റ്റാള്‍ക്കിംഗ്‌ കേസില്‍.

6.ആര്‍ക്കെങ്കിലും ഈ സംഭവം അന്വേഷിച്ച്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായോ ലോജിക്കലായോ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനുള്ള ബാദ്ധ്യതയുണ്ട്‌.

7. ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന നയം കമ്യൂണിറ്റി എടുത്തതാണെങ്കില്‍ അത്‌ തെറ്റായിപ്പോയി. എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ തകരുന്ന കൂട്ടാണെങ്കില്‍ ആ കൂട്ടിനു വിലയില്ല, മറിച്ച്‌, ലോനപ്പന്റെ നിര്‍ദ്ദേശമാണ്‌ ഇവിടെ ചര്‍ച്ച പാടില്ല എന്നതെങ്കില്‍ ഈ സംഭവം നടന്നിട്ടില്ലെന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളു. വാദിക്ക്‌ പരാതിയില്ലെങ്കില്‍ കുറ്റകൃത്യം സംഭവിച്ചില്ല എന്നേ കോടതി അനുമാനിക്കൂ.

8. യാഹൂവിനെ പിന്തുണച്ച്‌ ലോനപ്പന്‍ സംസാരിച്ചെന്നും അതാണ്‌ കുറ്റവാളി ഊമക്കത്തയക്കാന്‍ കാരണമെന്നും മാത്രമേ ഇതുവരെ ആളുകള്‍ സംശയിച്ചു കണ്ടുള്ളു. ഈ തക്കം മുതലെടുത്ത്‌ ലോനപ്പനോട്‌ വ്യക്തിവൈരാഗ്യം തീര്‍ത്തതാകാം, ലോനപ്പനു അടികിട്ടിയാല്‍ പ്രതിഭാഗത്തേക്ക്‌ ആരോപിക്കാവുന്ന ആളുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതുമാകാം, കൂട്ടത്തല്ലുണ്ടാക്കി രസിക്കാമെന്നു കരുതിയ ഒരു മനോരോഗി ചെയ്തതും ആകാം. ആ സാദ്ധ്യതകള്‍ തള്ളിക്കളയേണ്ടതില്ല.

ഊഹാപോഹങ്ങള്‍ പ്രതിക്ക്‌ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്നു. തമ്മില്‍ തല്ലിയാലും അങ്ങനെ തന്നെ. തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌.

വീട്ടില്‍ ഇന്നും ഇന്റര്‍നെറ്റ്‌ കണക്ഷനെടുത്ത്‌ തിരിച്ചുവന്ന് ബ്ലോഗിംഗ്‌ തുടരുമെന്ന് പറഞ്ഞ ലോനപ്പന്‍ ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്തതും ആരോട്‌ വാശി കാട്ടിയതാണെന്ന് പിടികിട്ടിയില്ല. ബ്ലോഗ്‌ അവനവന്റെ സ്വത്ത്‌ മാത്രമാണ്‌, കമ്യൂണിറ്റിയുടേതല്ല. അതു പോയാല്‍ നഷ്ടവും അവനവനു മാത്രം- രാത്രിഞ്ചരനെയും ക്ഷുരകനെയും മറ്റും ഇവിടെ എന്നും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കമ്യൂണിറ്റി എന്നതിന്റെ going concern concept അതാണ്‌.

Sunday, March 11, 2007

ബൂലോഗ വിചാരണം - 4 വിമര്‍ശനം

ബൂലോഗത്ത്‌ വിമര്‍ശനങ്ങളില്ലാത്തതെന്തെന്ന് ആരോ ചോദിച്ചത്‌ കണ്ടിരുന്നു.
ചിലര്‍ ബ്ലോഗുകള്‍ വിമര്‍ശ്യമല്ലെന്ന് വിചാരിക്കുന്നു. മറ്റു ചിലര്‍ വിമര്‍ശനമെന്നാല്‍ കുറ്റം പറയലും കൊച്ചാക്കലുമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പല ബ്ലോഗര്‍മാര്‍ക്കും സായിപ്പ്‌ "ലവ്‌ മീ, ലവ്‌ മൈ ഡോഗ്‌ സിന്‍ഡ്രോം" എന്നു പറയുന്ന പ്രശ്നമുണ്ടെന്നും വിമര്‍ശന സാദ്ധ്യത കുറച്ചുകളയുകയും ചെയ്യുന്നു. ഭൂരിഭാഗം കമന്റര്‍മാരും "ഒരു റിസ്ക്‌ എടുക്കേണ്ട" എന്ന് മനസ്സില്‍ കരുതി നിരൂപണ സ്വഭാവമുള്ള കമന്റുകള്‍ ഒഴിവാക്കുന്നുണ്ടെന്നും തോന്നുന്നു.

ബ്ലോഗ്‌ നിരൂപണം എങ്ങനെ വേണമെന്ന് ഇവിടെ വന്ന കാലം മുതല്‍ ആലോചിച്ചിട്ടുണ്ട്‌. പലപ്പോഴും കമന്റുകളായി പറഞ്ഞിട്ടുമുണ്ട്‌- അക്കമിട്ടു തന്നെ (അതോ അക്ഷരം ആയിരുന്നോ ഇട്ടിരുന്നതെന്ന് ഓര്‍മ്മയില്ല)

വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശനസ്വഭാവമുള്ള കമന്റ്‌ എഴുതുന്നയാള്‍ മറ്റു മാദ്ധ്യമങ്ങളും ബ്ലോഗുകളുമായുള്ള വത്യാസം തിരിച്ചറിയുന്നതോടെ ബ്ലോഗ്‌ വിമര്‍ശനത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം തീരുന്നതേയുള്ളു.

1. ധര്‍മ്മവിവേചനം
ബ്ലോഗര്‍ എഴുതുമ്പോഴും അത്‌ ആളുകള്‍ വായിച്ചെന്നറിയുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ്‌ പ്രതിഫലമായി വാങ്ങുന്നത്‌. മറ്റു മാദ്ധ്യമങ്ങളില്‍ ഇതിനു പുറമേ പണമിടപാടുകള്‍ കൂടിയുള്ള വിക്രയമാണ്‌ എഴുത്ത്‌. അച്ചടി മാദ്ധ്യമത്തിന്റെ വിമര്‍ശകന്‍ ഉപഭോക്താവിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ വര്‍ത്തിക്കുമ്പോള്‍ ബ്ലോഗ്‌ നിരൂപകന്‍ എഴുത്തുകാരന്റെ അഭിവൃത്തിക്കായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു.

"ഈ മുക്കിലെ പോറ്റി ഹോട്ടലില്‍ ചായക്ക്‌ പിരിഞ്ഞ പാല്‍ ഉപയോഗിക്കുന്നുണ്ട്‌" എന്നു പറയുമ്പോള്‍ ഞാന്‍ ചായകുടിക്കാരുടെ ഭാഗത്തും "അമ്മേ, ഇന്ന് സാമ്പാറില്‍ ഉപ്പില്ലല്ലോ" എന്നു പറയുമ്പോള്‍ അമ്മയുടെ ഭാഗത്തുമാണെന്ന് ഒരുദാഹരണമായി പറയാം.

2. കര്‍മ്മവിവേചനം
വിമര്‍ശ്യമായത്‌ തിരിച്ചറിയുക.പലപ്പോഴും പോസ്റ്റുകള്‍ വിമര്‍ശനത്തിന്‌ അര്‍ഹമല്ല. സ്റ്റേറ്റ്‌മന്റ്‌ രൂപത്തിലുള്ള പോസ്റ്റുകള്‍ ഒരുദാഹരണം.

3. യൌക്തികവിവേചനം
എഴുത്തുകാരന്റെ നിലവാരത്തില്‍ നില്‍ക്കുക.എല്ലാവരും ഒരുപോലെ എഴുതുന്നില്ല. എല്ലാ എഴുത്തുകാരെയും നിരൂപകന്‍ ഒരേ മുഴക്കോലില്‍ അളക്കാനും പാടില്ല. കെ എസ്‌ ഗോപാലകൃഷ്ണന്റെ മലയത്തി പെണ്ണ്‍ എന്ന സിനിമയെ ജോണ്‍ ബൂര്‍മാന്റെ എമറാള്‍ഡ്‌ ഫോറസ്റ്റുമായി താരതമ്യം ചെയ്തു പഠിക്കുന്ന നിരൂപകന്‍ പരിഹാസ്യനാകുന്നു. നിലവാര പരിപാലനം ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നില്ല- എല്ലാവരും എഴുത്തുകാര്‍, എല്ലാവരും പ്രസാധകര്‍ എന്നതത്രേ ബ്ലോഗ്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം.

4. ലക്ഷ്യവിവേചനം
ജ്യോതി ടീച്ചര്‍‍ ഇത്‌ സുന്ദരമായി പറഞ്ഞിരിക്കുന്നു. "എഴുത്തുകാരന്‌
കൂടുതല്‍ നല്ല എഴുത്തിലേക്ക്‌ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍... കുഞ്ഞു കുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാടന്‍ പഠിപ്പിച്ചും..."

ഇതിനെ ഒന്നു വിശദീകരിച്ചാല്‍:
a. തെറ്റുകള്‍ തിരുത്തിക്കൊടുക്കല്‍
b. എഴുത്ത്‌ കൂടുതല്‍ നന്നാക്കാനുള്ള വഴി കാണിച്ചുകൊടുക്കല്‍
c.(ലേഖനങ്ങളിലും മറ്റും) വിട്ടു പോയവയെന്നു തോന്നുന്നത്‌ കൂട്ടിച്ചേര്‍ക്കല്‍
d. വായനക്കാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കല്‍
എന്നിവയാണ്‌ ബ്ലോഗ്‌ വിമര്‍ശകന്റെ ജോലി എന്നു വരുന്നു.

എന്നാല്‍ എങ്ങനെ അല്ലെങ്കില്‍ എന്തായിരിക്കണം ഒരാളിന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ ശ്രമിക്കരുത്‌. silverine എന്ന ഇംഗ്ലീഷ്‌ ബ്ലോഗര്‍ ഒരിക്കല്‍ അവരുടെ ബ്ലോഗില്‍ വന്ന കമന്റ്‌ ഡിലീറ്റ്‌ ചെയ്തു. എന്തിനതു ചെയ്തു വിമര്‍ശനത്തെ ഭയമാണോ എന്ന് കമന്റിട്ടയാള്‍ ചോദിച്ചതിന്‌ മറുപടിയിങ്ങനെ- "നിങ്ങള്‍ക്ക്‌ എന്റെ പോസ്റ്റുകളെ വിമര്‍ശിക്കാം, ഇഷ്ടമായില്ലെന്നു പറയാം, എന്ത്‌ അഭിപ്രായവും പറയാം, പക്ഷേ എങ്ങനെ വേണം എന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ പാടില്ല, ബ്ലോഗ്ഗിങ്ങിന്റെ ഒന്നാം നിയമം അതാണ്‌". വളരെ ശരിയായ നിലപാട്‌. ഞാന്‍ എങ്ങനെ ബ്ലോഗ്‌ ചെയ്യണമെന്ന് പറയുന്നയാള്‍ അറിഞ്ഞോ അറിയാതെയോ എന്റെ പത്രാധിപര്‍ ആകാന്‍ ശ്രമിക്കുന്നു. ബ്ലോഗിനു മറ്റുമാദ്ധ്യമങ്ങളുമായുള്ള പ്രധാന വ്യത്യാസം എഴുത്തുകാരന്‍ പത്രാധിപരാണെന്നതാണല്ലോ.

5. വിമര്‍ശ്യവിവേചനം
വിമര്‍ശനം പോസ്റ്റുകള്‍ക്ക്‌ മാത്രം.വ്യക്തികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ വ്യക്തിഹത്യ (ബൂലോഗത്ത്‌ ഉപയോഗിച്ചു തേഞ്ഞുപോയ ഒരു വാക്ക്‌) ആയി മാറുന്നു. ബോട്ട്‌ വേറേ സ്രാങ്ക്‌ വേറേ. പള്ളി വേറേ പാതിരി വേറേ. (വിമര്‍ശിച്ച്‌ കുട വേറേ കുടക്കാല്‍
വേറേ ആക്കരുത്‌!)

6. വായനക്കാരോടുള്ള കടമ.
ഇതുവരെ വിമര്‍ശകന്‍ ബ്ലോഗ്ഗറുടെ നന്മക്കു വേന്റി എഴുതുന്നവന്‍ (വള്‍) എന്ന റോള്‍ മാത്രമുള്ളയാള്‍ എന്ന ഒരു ചിത്രമാണ്‌ ഞാന്‍ തന്നത്‌. എന്നാല്‍ ചിലപ്പോള്‍ വായനക്കാരോടുള്ള പ്രതിബദ്ധത മറ്റെല്ലാത്തിനെയും മറികടന്ന് ചിലതു ചെയ്യുവാന്‍ വിമര്‍ശകനെ ബാദ്ധ്യസ്ഥനാക്കുന്നു.

>തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ (വസ്തുതാപരമോ ആശയപരമോ ആയി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവ)

>അനാശ്യാസമായ ബ്ലോഗിംഗ്‌ രീതികള്‍ ഉള്ളടക്കചോരണം സാമൂഹ്യവിരുദ്ധം മുതലായവ)

>മറ്റു പൊതുജനക്ഷേമത്തിനു വിരുദ്ധരീതിയിലുള്ള പോസ്റ്റുകള്‍

കമന്റെന്ന രീതിയില്‍ ബ്ലോഗില്‍ വരുന്ന കാര്യങ്ങള്‍ക്കും പരമാധികാരി ബ്ലോഗ്‌ ഉടമ തന്നെയായതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ലിങ്കോടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌ നല്ലതെന്ന് തോന്നുന്നു (കമന്റ്‌ പോസ്റ്റുകളുടെ ഉസ്താദ്‌ ആണ്‌ സിബു
.)

കമന്റിനു ബാധകമാവുന്ന എല്ലാ നിയങ്ങളും വിമര്‍ശനത്തിനും ബാധകമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.

പലപ്പോഴും ബ്ലോഗര്‍ വിമര്‍ശനത്തെ ഭയക്കുന്നു, വിമര്‍ശനം കുറയാനുള്ള ഒരു കാരണം ഇതാണ്‌. ഒരു "കത" എഴുതി പോസ്റ്റ്‌ ചെയ്തതിന്റെ ചുവട്ടില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് കമന്റെഴുതി ഈ പ്രശ്നം പരിഹരിച്ചു. സാധാരണ നിരൂപണങ്ങളെഴുതാത്തവരടക്കം പതിനഞ്ചോളം പേര്‍ ഗൌരവമായി കൃതിയെ പഠിക്കുകയും വിശദമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന കമന്റുകള്‍ ഇടുകയും ചെയ്തു.

നിരൂപഹണം (കട. വീക്കേയെന്‍) ലക്ഷ്യമാക്കി ബ്ലോഗാരംഭ ദശയില്‍ ഉമേഷ്‌ ഗുരുക്കള്‍ തുടങ്ങിയ ബ്ലോഗും പിന്നീട്‌ ബ്ലോഗഭിമാനി തുടങ്ങിയതും അകാലത്തില്‍ സൈബര്‍ ഹെവന്‍ പ്രാപിച്ചു. എല്ലാ പോസ്റ്റുകള്‍ക്കും അല്ലെങ്കില്‍ ബ്ലോഗുകള്‍ക്ക്‌ മൊത്തമായി നിരൂപണം എഴുതുക ഏതാണ്ട്‌ അസാദ്ധ്യമെന്നത്‌ തന്നെ കാരണം.

ചന്ത്രക്കാറന്റെ ഉമേഷിന്‌ സ്നേഹപൂര്‍വ്വം എന്ന നിരൂപണം വീക്ഷണരീതിയുടെ വത്യാസം കൊണ്ടും പിന്തുടര്‍ന്ന് നടന്ന വാശിയേറിയ ചര്‍ച്ചയിലെ ബ്ലോഗ്ഗര്‍മാരുടെ പങ്കാളിത്തം കൊണ്ടും ഗൌരവസ്വഭാവം നിലനിര്‍ത്തലില്‍ വിജയിച്ചതുകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു.

എന്നെ വിമര്‍ശിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ വക്കാരിമസ്താന്റെ കമന്റാണ്‌.

ഒരിടത്ത് ഞാന്‍ ഇങ്ങനെ എഴുതി

“ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌ കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍“
വക്കാരി അതിനു താഴെ ഒരു കമന്റിട്ടു
“...ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത. ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ...”

ഞാന്‍ ഇതെന്തൊരു വികൃതമായ ഭാഷയാണ്‌ ഈ ഉപയോഗിച്ചതെന്നാണ്‌ വക്കാരി ചോദിക്കുന്നത്‌. പക്ഷേ അത്‌ ഒരു തമാശയാക്കി ആര്‍ക്കും നോവാതെ പറഞ്ഞുതന്നു(പിന്നീട്‌ എന്റെ ജീവിതത്തില്‍ ഞാന്‍ സ്വരാഘാതം എന്നല്ലാതെ ആക്സന്റ്‌ എന്നു പറഞ്ഞിട്ടില്ല, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ പോലും ഇനി ഞാന്‍ സ്വരാഘാതം എന്നേ പറയൂ)

അങ്ങനെ വിമര്‍ശകനെ ഒരു വഴിയാക്കി. അടുത്ത ഭാഗം ബ്ലോഗ്‌ അഡിക്ഷനെക്കുറിച്ച്‌. നമസ്കാരം.

Monday, March 5, 2007

ബൂലോഗ വിചാരണം - 3 കമന്റിന്റെ സങ്കീര്‍ണ്ണത

കമന്റോ? അതില്‍ ഇത്ര ആലോചിക്കാന്‍ എന്തിരിക്കുന്നു- ആളുകള്‍ ഒരു പോസ്റ്റ്‌ വായിക്കുന്നു മനസ്സില്‍ തോന്നുന്നിയ അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയുന്നു അത്രയല്ലേ ഉള്ളു കാര്യം? ഞാനും ഒരിക്കല്‍ അങ്ങനെ ചിന്തിച്ചിരുന്നു.

ബൂലോഗത്ത്‌ വന്നൊരു കമന്റിടുന്ന ആള്‍ എന്തെഴുതുന്നു എന്നത്‌ പല വേരിയബിളുകളുടെ ഒരു കോംബിനേഷനാണ്‌. കുറച്ച്‌ ആലോചിച്ചപ്പോള്‍ അവയെ തരം തിരിച്ചെടുക്കാന്‍ പറ്റുമെന്ന് തോന്നി.

വിഭാഗം ഒന്ന്- കമന്റ് എഴുതുന്ന സമയത്തെ മാനസികാവസ്ഥ
1. സന്തോഷവാന്‍/വതി
2. വിഷാദവാന്‍/വതി
3.സമയം കൊല്ലാനുണ്ട്‌
4. ധൃതിയിലാണ്‌
5. ഇതൊന്നും കമന്റിനെ ബാധിക്കില്ല

വിഭാഗം രണ്ട്‌- പൊതുവില്‍ ബൂലോഗത്തോടുള്ള മനോഭാവം
1. നന്നായി എഴുതുന്നവര്‍ എന്ന് മുന്വിധി
2. തന്റെ നിലവാരത്തിനു ചേരുന്നില്ലെന്ന മുന്വിധി
3. എല്ലാവരും തന്റെ കൂട്ടുകാര്‍
4. എല്ലാവരും ശത്രുക്കള്‍
5. ഇതൊന്നും കമന്റിനെ ബാധിക്കില്ല

വിഭാഗം മൂന്ന്- പോസ്റ്റിട്ട ബ്ലോഗര്‍ തന്റെ ആരാണ്‌?
1. സുഹൃത്ത്‌, ബന്ധു
2. രാഷ്ട്രീയ, മതപരമായ, വ്യക്തി തല ബന്ധത്തിലെ ശത്രു
3. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നയാള്‍
4. മുന്‍ പോസ്റ്റുകള്‍ കൊണ്ട്‌ ആളിന്റെ രൂപം മനസ്സിലുണ്ട്‌.
5. ആരായാലും അഭിപ്രായത്തില്‍ മാറ്റമില്ല

വിഭാഗം നാല്‌- പോസ്റ്റിലെ വിഷയത്തോടുള്ള സമീപനം
1. ഇഷ്ടപ്പെട്ടത്‌
2. വെറുക്കുന്നത്‌
3. താല്‍പ്പര്യമില്ല / മനസ്സിലായില്ല എങ്കിലും
കമന്റിടേണ്ടതുണ്ട്‌ കമന്റുകള്‍ കൊണ്ട്‌ തനിക്ക്‌ എല്ലാമറിയാം, നല്ലവനാണ്‌ എന്ന രീതിയില്‍ എന്തെങ്കിലും ഇമേജ്‌ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്‌.
4. മനസ്സിലുള്ളത്‌ എഴുതിയാല്‍ തനിക്കു ഭാവിയില്‍ വരുന്ന കമന്റുകള്‍ പ്രതികൂലമായേക്കാം.
5. മുന്വിധികളൊന്നുമില്ല

(പടത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പമാവും)
ഈ ടേബിളിനു 625 കോംബിനേഷന്‍ ഉണ്ടെന്നാണ്‌ തോന്നുന്നത്‌ (കണക്കു പുലികള്‍ കൂട്ടി നോക്കി പറയട്ടെ). ഇതില്‍ a5b5c5d5 മാത്രമേ പോസ്റ്റിനെക്കുറിച്ചുള്ള കമന്റ്‌ ആയുള്ളു.
വിശദീകരിക്കാം. കൈപ്പള്ളി "അവന്‍ അവളെ നോക്കി അവള്‍ അവനെ നോക്കി ഇരുവരും ഒന്നും കണ്ടില്ല, അവര്‍ക്കിടയില്‍ സമുദായത്തിന്റെ മതില്‍ക്കെട്ട്‌ ഉണ്ടായിരുന്നു" എന്ന് എഴുതുന്നു. ഞാന്‍ a1b1c1d1 ല്‍ നിന്നു കമന്റ്‌ ഇടുകയാണെങ്കില്‍ കൈപ്പള്ളി എന്ന കവിയെക്കുറിച്ച്‌ ഒരു ഖണ്ഡിക എഴുതും. a4b3c4d1 ഇല്‍ ആണെങ്കില്‍ "കൈപ്പള്ളീ, കലക്കി" എന്നെഴുതി പോകും. a2b4c2d4 ആണെങ്കില്‍ പ്രാന്തന്‍ എന്നു മനസ്സില്‍ വിചാരിച്ച്‌ കമന്റ്‌ ഇടാതെ പോകും. ഈ കവിതക്കുപകരം കൈപ്പള്ളി വേറേ എന്തെങ്കിലും ആയിരുന്നു എഴുതിയിരുന്നത്‌ എങ്കിലും ഇതേ കമന്റ്‌ തന്നെ ഞാന്‍ എഴുതിയേനെ. (ആരും ഒഫന്‍ഡഡ്‌ ആകേണ്ട, ടേബിളിലെ എക്സ്റ്റ്രീം കേസുകള്‍ തിരഞ്ഞു പിടിച്ച്‌ ഞാന്‍ ഇട്ടതാണ്‌)

ഇങ്ങനെ ഒരു ക്ലാസ്‌ റൂം സിറ്റുവേഷന്‍ ഉണ്ടാക്കിയാല്‍ പോലും a5b5c5d5(നീല ഹൈലറ്റ്‌ ഇട്ടത്‌) മാത്രമേ ഇക്കണ്ട 625 തരം കമന്റുകളില്‍ പോസ്റ്റിനെക്കുറിച്ചു മാത്രമുള്ളതാവുന്നുള്ളു എന്നതാണ് ബ്ലോഗ്‌ കമന്റുകളുടെ വലിയൊരു കുറവ്‌ ‌. (യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇതില്‍ പലതിന്റെയും മിശ്രിതാവസ്ഥകളിലായതുകൊണ്ട്‌ ആയിരക്കണക്കിനു കോംബിനേഷനുകള്‍ ഉണ്ടായിരിക്കാം)

ബോധപൂര്‍വ്വമായി ഈ നീലക്കളര്‍ കോംബിനേഷനിലേക്ക്‌ വരാന്‍ കുറെയൊക്കെ
ശ്രമിച്ചാല്‍ വളരെ നല്ല കമന്റുകള്‍ ഇടാനും കഴിയും. "ഹിന്ദി കവിയരങ്ങ്‌" ഇഫക്റ്റും (അതായത്‌ എല്ലാത്തിനും വരേ വാഹ്‌ ) & "നിയമസഭാ ചര്‍ച്ച" ഇഫക്റ്റും (അതായത്‌ എല്ലാം ജനദ്രോഹ നയങ്ങള്‍) വളരെ വേഗം കമന്റര്‍ക്ക്‌ ഇല്ലാതെയാക്കാം.

എന്നാലും ഒരു കുഴപ്പമുണ്ട്‌. കമന്റുകളില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത്‌ എല്ലായ്പ്പോഴും പോസ്റ്റിന്റെ വിലയിരുത്തല്‍ മാത്രമല്ല, മിക്ക ബ്ലോഗര്‍മാര്‍ക്കും പ്രോത്സാഹനം, കമ്യൂണിറ്റിയില്‍ അംഗീകാരം, വാല്യൂ അഡിഷന്‍, എന്നിവ കൂടി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്‌. ഇതിനു പരിഹാരമാകാന്‍ ആത്മവഞ്ചനയോടെ കമന്റ്‌ എഴുതി സ്വയവും എഴുത്തുകാരനെയും വഞ്ചിക്കണമെന്നില്ല, ഇതെല്ലാം കൊടുക്കല്‍ പോസ്റ്റിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്ന വ്യാജേന ചെയ്യാതിരുന്നാല്‍ മതി.

ഉദാഹരണം:
1. റീഡര്‍ഷിപ്പ്‌ അഷ്വറന്‍സ്‌
"ദില്‍ബന്റെ പോസ്റ്റ്‌ കണ്ടു, സന്തോഷം"

2. സോഷ്യല്‍ അക്സപ്റ്റന്‍സ്‌
"ഇതുപോലെ പണ്ട്‌ എനിക്കും ഒരു പറ്റു പറ്റി.. കോളേജില്‍ പഠിക്കുന്ന കാലത്ത്‌"

3. പ്രോത്സാഹനം
"പ്രബേഷ്‌ ബ്ലോഗ്‌ അടച്ചു പോയെന്നു ഭയന്നിരുന്നതാണ്‌, ഏറെക്കാലത്തിനു ശേഷം പോസ്റ്റ്‌ വന്നു, സമാധാനം."

4. വാല്യൂ അഡിഷന്‍
"സ്മാര്‍ട്ട്‌ സിറ്റി പ്രശ്നം കൈകാര്യം ചെയ്യ്ത രീതിയെക്കുറിച്ച്‌ ഇത്തവണത്തെ കലാകൌമുദിയില്‍ പറഞ്ഞ കാര്യം കൂടി ഇവിടെ കുറിക്കുന്നു.."

ഇതൊന്നും പോസ്റ്റിനെക്കുറിച്ചുള്ള കമന്റല്ല, എന്നാലും ബ്ലോഗര്‍ ആഗ്രഹിക്കുന്നത്‌ കിട്ടുകയും
ചെയ്തു.

ഓഫ്‌ ടോപ്പിക്കുകള്‍ മിക്കപ്പോഴും ഒന്നുകില്‍ സോഷ്യല്‍ ഡിസ്കോഴ്സിന്‍ട്ടെ ഭാഗമോ അല്ലെങ്കില്‍ ഒരു പോസ്റ്റ്‌ ആക്കാന്‍ മാത്രം വലിപ്പമില്ലെന്നു കരുതിയ അല്ലെങ്കില്‍ സമയമില്ലാതെ മാറ്റിവച്ച കാര്യങ്ങള്‍ മറ്റൊരു പോസ്റ്റിനാല്‍ ട്രിഗര്‍ ചെയ്യപ്പെടുമ്പോള്‍ എഴുതിപ്പോകുന്നതോ ആണ്‌. ഗൌരവമുള്ള ഒരു ചര്‍ച്ചയിലാണു ഓഫ്‌ ടോപ്പിക്കെന്നുവരുകില്‍ അത്‌ ഒരു ശല്യമായി തോന്നിയേക്കാം, അല്ലെങ്കില്‍ ഒരു റീഡര്‍ഷിപ്പ്‌ അഷ്വറന്‍സായും സോഷ്യല്‍ അക്സപ്റ്റന്‍സ്‌ കൊടുക്കാനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌.

നിരൂപണം എന്ന വിഭാഗത്തെ കമന്റില്‍ നിന്നും വേര്‍പെടുത്തി മറ്റൊരദ്ധ്യായമാക്കാന്‍ വച്ചിരിക്കുകയാണ്‌.

അവസാനമായി കമന്റാങ്കളി എന്ന ഓച്ചിറക്കളിയെക്കുറിച്ച്‌. ശക്തമായ വിയോജിപ്പുള്ള ആശയങ്ങള്‍ ബ്ലോഗറും കമന്ററും കൈമാറുകയാണെങ്കില്‍ വാഗ്വാദങ്ങളുണ്ടായേക്കാം, പക്ഷേ കമന്റ്‌ വഴി അടിപിടി നടക്കുകയാണെങ്കില്‍ അത്‌ വ്യക്തികളുടെയോ സംഘങ്ങളുടെയോ മുന്വിധികളുടേയോ ഈഗോകളുടെയോ ഇടച്ചിലുകളാകാനാണു സാദ്ധ്യത. ഒരാളുടെ വാദങ്ങള്‍ അയാള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അംഗീകരിക്കുന്നില്ലെന്നു കണ്ടാല്‍ കമ്യൂണിറ്റി ഡീവിയന്റ്‌ ആയി മാറി തല്ലു തുടങ്ങിയേക്കാം. അശ്ലീല കമന്റുകള്‍ (അബ്യൂസ്‌ എന്ന അര്‍ത്ഥത്തില്‍) ഇന്റര്‍നെറ്റില്‍ എങ്ങനെ ഉണ്ടാവുന്നു എന്നത്‌ കമന്റുകളെക്കാള്‍ സങ്കീര്‍ണ്ണമായ ഒരു കാര്യമാണെന്ന് തോന്നിയതിനാല്‍ എഴുതി ബോറടിപ്പിക്കുന്നില്ല. അനോണിമിറ്റി കൂടും തോറും അശ്ലീലവാസനയുള്ളവര്‍ക്ക്‌ ധൈര്യവും കൂടും. തെറി പറഞ്ഞു ഉപദ്രവിക്കാനുള്ള സൌകര്യമോ അത്‌ മഹാസംഭവമെന്ന എഴുതുന്നയാളിന്റെ വിശ്വാസത്തിനു വളം വയ്ക്കുന്ന രീതിയില്‍ ഷോക്ക്‌ അടിച്ച പ്രതികരണമോ ഇല്ലാതെ ഇരുന്നാല്‍ മിക്കവാറും തീരുകയും ചെയ്യും. ബാഡ്ജര്‍ പിറകേ കൂടുന്നതുപോലെ തെറിക്കാരന്‍ വന്നു കൂടിയാല്‍ കര്‍ശ്ശന നടപടികളെക്കുറിച്ച്‌ ആലോചിക്കുകയും, അതുണ്ടാവും വരെ കമന്റ്‌ മോഡറേഷന്‍ ഏര്‍പ്പെടുത്തുകയുമാവാമല്ലോ.

ബൂലോഗ വിചാരണം - 2 പോസ്റ്റുകളെ അറിയുക.

ബ്ലോഗ്‌ പോസ്റ്റുകള്‍ ആത്മാവിഷ്കാര പരിശ്രമങ്ങളാണെന്നും എഴുത്തുകാരന്‍ പ്രസാധകന്‍ കൂടിയാവുന്ന പുതിയ രീതിയാണെന്നും ഉന്നത തല നിര്‍വചനങ്ങളുണ്ട്‌. പ്രായോഗിക തലത്തില്‍ പോസ്റ്റുകളെ അറിയാന്‍ ബൂലോഗത്തെ ഒരു ചെറു ഗ്രാമമായി കണ്ടാല്‍ എളുപ്പം കഴിയും. അങ്ങനെ നോക്കിയപ്പോള്‍ പോസ്റ്റുകള്‍ ഇങ്ങനെ തരം തിരിഞ്ഞു വരുന്നു

1. ചായക്കട പോസ്റ്റുകള്‍ :
രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ഗ്രാമത്തിലെ സാധാരണക്കാരന്‍ വളരെ ഗൌരവമല്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്യുക ചായക്കടയിലാണ്‌. "ദാ ഈ പത്രം കണ്ടോ , ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്കു യൂ എന്നില്‍ തിരിച്ചടി.." എന്ന രീതിയില്‍. ചര്‍ച്ചയെന്ന രീതിയിലുള്ള ഫീഡ്‌ ബാക്ക്‌ പ്രതിഫലമായി പ്രതീക്ഷിച്ചാണ്‌ ഇത്തരം പോസ്റ്റുകള്‍ ബ്ലോഗര്‍മാര്‍ എഴുതാറ്‌.

2. ആര്‍ട്ട്സ്‌ ക്ലബ്ബ്‌ പോസ്റ്റുകള്‍ :
വൈകുന്നേരമായാല്‍ ആര്‍ട്ട്സ്‌ ക്ലബ്ബില്‍ കുറച്ചാളുകൂടും. ചെറുകഥയോ കവിതയോ മറ്റുള്ളവരെ കാണിച്ച്‌ അഭിപ്രായം ചോദിക്കും. ചിലര്‍ പാട്ടു പാടും. ചിലര്‍ ശ്ലോകം ചൊല്ലും.ശതമാനക്കണക്കില്‍ ആര്‍റ്റ്സ്‌ ക്ലബ്‌ മെംബര്‍മാര്‍ ആംഗലേയ ഗ്രാമത്തിലേതിനെക്കാള്‍ ബൂലോഗ ഗ്രാമത്തില്‍ കൂടുതലാണെന്നുള്ളത്‌ ഒരു വലിയ പ്രത്യേകതയാണ്‌.

3. ചാരായക്കട പോസ്റ്റുകള്‍ :
തമാശകള്‍, പലപ്പോഴും ലോക്കല്‍ തമാശകള്‍ പങ്കുവയ്ക്കപ്പെടുന്നത്‌ ചാരായഷാപ്പിലാണ്‌. ആളുകള്‍ രസിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി, അല്ലെങ്കില്‍ അംഗീകാരം ഉദ്ദേശിച്ചാണ്‌ തമാശകള്‍ അവതരിപ്പിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ.

4. ഊണുമേശ പോസ്റ്റുകള്‍:
സോഷ്യല്‍ ഇന്ററാക്ഷന്റെ ഭാഗമാണ്‌ ഊണുമേശ വിശേഷങ്ങള്‍. "പണ്ട്‌ അപ്പൂപ്പന്‍ കൊച്ചായിരുന്നപ്പോള്‍" എന്നു തുടങ്ങുന്നതാവാം, "ഞാനിന്നു രാവിലേ കോളേജില്‍ പോകാന്‍ നില്‍ക്കുമ്പോള്‍" എന്ന രീതിയിലുമാകാം. ഗ്രൂപ്പിന്റെ, അല്ലെങ്കിലും കമ്യൂണിറ്റിയുടെ അംഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സാമൂഹ്യ ബന്ധമുറപ്പിക്കല്‍ അല്ലെങ്കില്‍ പരസ്പരം അറിയല്‍ എന്നതാണ്‌ ഒരു ലക്ഷ്യം. ഒറ്റക്കല്ല താനെന്ന തിരിച്ചറിവ്‌ മറ്റൊന്നും.

5. കവല പ്രസംഗ പോസ്റ്റ്‌.
പ്രചാരണ ലക്ഷ്യമിട്ട്‌ പ്രധാനമായും രാഷ്ട്രീയവും മതവും വിഷയമാക്കി സംസാരിക്കുന്നയാള്‍ ആരു കേട്ടാലും ഇല്ലെങ്കിലും മനസ്സില്‍ തോന്നുന്നത്‌ ഉറപ്പിച്ച്‌, ആവര്‍ത്തിച്ച്‌, ആരുടെയും അഭിപ്രായം അംഗീകരിക്കാതെ പ്രസംഗിച്ചുകൊണ്ടേയിരിക്കും. സ്വന്തം രാഷ്ട്രീയ- മതപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുക ലക്ഷ്യം.

6. പരിഷത്ത്‌ പോസ്റ്റ്‌.
ഗ്രാമത്തിലെ പരിഷത്തിന്റെ കൊച്ചു മീറ്റിങ്ങുകള്‍ അവനവനു അറിയാവുന്നത്‌ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച്‌ കൂടുതല്‍ മനസ്സിലാക്കിയും മറ്റുള്ളവരെക്കൊണ്ട്‌ അറിവു പങ്കുവയ്പ്പിച്ചും മുന്നോട്ടു പോകും. പ്രധാനമായും ശാസ്ത്ര-സാങ്കേതിക വിഷയങ്ങളാവും പോസ്റ്റില്‍.

7. ചന്തക്കുടിയന്‍ പോസ്റ്റ്‌.
ഊണുമേശയുടെ ഉള്‍ട്ടാ ആണ്‌ ചന്തക്കുടിയന്‍. സോഷ്യല്‍ അക്സപ്റ്റന്‍സ്‌ ഇല്ലാത്തതിലെ അമര്‍ഷം മൂത്ത് ഇദ്ദേഹം വൈകിട്ട്‌ അടിച്ചു കൊളിയായി ചന്തയില്‍ വന്നു നിന്ന് വഴിപോക്കരോട്‌ "ഡാ... നിന്റെ അച്ഛനെ എനിക്കറിയാമെടാ തെക്കേലെ ശാന്തമ്മയുമായി അയാള്‍ക്ക്‌.." എന്നും "ഡീ മേരിക്കുട്ടീ നിന്റെ കെട്ട്യോന്‍ കള്ളനോട്ടടിച്ചല്ലേടീ ഈ പൈസയെല്ലാം.." എന്നും തുടങ്ങി "ഇവനൊന്നും ഒരുകാലത്തും നന്നാവൂല" എന്ന കണ്‍ക്ലൂഷനില്‍ എത്തിച്ച്‌ ഓടയില്‍ വീണോളും. ഇദ്ദേഹത്തിന്റെ കോണ്വര്‍സേഷനില്‍ ആളുകള്‍ പൊതുവില്‍ വന്നു ചേരാത്തതുകൊണ്ട്‌ അങ്ങോട്ടു പോയി സംസാരിക്കുകയാണ്‌ പതിവ്‌. അതായത്‌ പോസ്റ്റിനെക്കാള്‍ കൂടുതല്‍ കമന്റിംഗ്‌ ആണ്‌ ജാതകവശാല്‍ ചന്തക്കുടിയനു രാശി.

യഥാര്‍ത്ഥ ബ്ലോഗിങ്ങില്‍ നമ്മള്‍ പലപ്പോഴും ഓരോ സമയത്ത്‌ ഓരോന്നായി മാറാറുണ്ട്‌. ഒരു സ്ഥലത്തെ സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ അവിടെ തന്നെ ഉറച്ചു നില്‍ക്കുകയോ അല്ലെങ്കില്‍ കാലം കൊണ്ട്‌ മറ്റൊരിടത്തേക്ക്‌ സ്ഥാനക്കയറ്റം നേടുകയോ ചെയ്യുന്നു. ഉദാ. ചായക്കട സൂപ്പര്‍സ്റ്റാര്‍ പരിഷത്തിലെ രാഷ്ട്രീയ ഗവേഷകനായേക്കാം, ഷാപ്പ്‌ തമാശ സൂപ്പര്‍സ്റ്റാര്‍ ഒടുക്കം ഹാസ്യ സാഹിത്യമെഴുതി ആര്‍ട്ട്സ്‌ ക്ലബ്ബില്‍ വരാം. മറിച്ചും സംഭവിച്ചേക്കാം, ആരും ചിരിക്കാത്ത തമാശ പറഞ്ഞു ഫ്രസ്റ്റ്രേറ്റഡായ ഷാപ്പു വാസിയിലെ ചന്തക്കുടിയന്‍ പുറത്തു ചാടി ‍ നേരേ കവലക്കു വച്ചു പിടിച്ചേക്കാം.

ഒരു ഗ്രാമവാസി രാവിലേ ചായക്കടയില്‍ രാഷ്ട്രീയവും ഉച്ചക്ക്‌ പരിഷത്ത്‌ മീറ്റിങ്ങും കഴിഞ്ഞ്‌ വൈകിട്ട്‌ ക്ലബ്ബിലും കയറി തിരിച്ചു പോകുന്ന വഴി ഷാപ്പില്‍ രണ്ട്‌ ജോക്കും പൊട്ടിച്ച്‌ രാത്രി ഊണുമേശയില്‍ വിശേഷങ്ങളും പറഞ്ഞേക്കാം. പക്ഷേ കവല പ്രാസംഗികനും ചന്തക്കുടിയനും ഈ ആള്‍ റൌണ്ടര്‍ (കട. കണ്ണൂസ്‌) പണി ചെയ്യുന്നില്ല.

പോസ്റ്റുകളെ തിരിച്ചറിയല്‍ മാത്രമേ ഈ അദ്ധ്യായത്തില്‍ ലക്ഷ്യമാക്കിയുള്ളു. ലക്ഷണമൊത്ത പോസ്റ്റ്‌ എന്ത്‌ എന്നെഴുതാന്‍ ഇവിടെ വരുന്ന കമന്റുകള്‍ എന്നെ പ്രാപ്തനാക്കും എന്ന് പ്രതീക്ഷയുള്ളതിനാല്‍ അത്‌ മറ്റൊരിടത്തേക്ക്‌ മാറ്റിവച്ചു.

(അടുത്ത ഭാഗം- കമന്റുകളെക്കുറിച്ച്‌- കുറച്ച്‌ ബുദ്ധിമുട്ടി എഴുതേണ്ടതുണ്ടെന്ന് തോന്നിയതിനാല്‍ മനസ്സ്‌ അറിയാതെ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ അടിച്ചുപോയി)

Sunday, March 4, 2007

ബൂലോഗ വിചാരണം - 1

എന്താണീ ബൂലോഗം?
മലയാളം യൂണിക്കോഡില്‍ ബ്ലോഗ്‌ എഴുതുന്നവരെയെല്ലാം ഒന്നിച്ചു വിശേഷിപ്പിക്കാന്‍ ഏതോ ആദിബ്ലോഗന്‍ കണ്ടുപിടിച്ച പേര്‍. മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന മിക്കവരും മിക്കവരും പിന്മൊഴി കമന്റ്‌ അഗ്രിഗേറ്ററിലേക്ക്‌ കമന്റുകള്‍ തിരിച്ചുവിടുന്നുണ്ട്‌. തനിമലയാളം ബ്ലോഗ്‌ സേര്‍ച്ചറും ഉപയോഗിക്കുന്നുണ്ട്‌. മലയാളം ഡോട്ട്‌ ഇന്‍, ചിന്തയുടെ ബ്ലോഗ്‌ അഗ്രിഗേഷന്‍ ഒക്കെ പ്രചാരത്തിലും ഉണ്ട്‌. ഈ സൌകര്യങ്ങളുടെ ഉപഭോക്തൃസമൂഹമാണു ബൂലോഗമെന്നും ഒരു വാദമുണ്ട്‌.

അതിനപ്പുറം ഒരു കമ്യൂണിറ്റി ഉണ്ടോ? ഉണ്ടായിരുന്നു എന്ന് ഉറപ്പായും പറയാം. ഞാനൊക്കെ ബ്ലോഗില്‍ വരുമ്പോള്‍ പത്തു മുപ്പത്‌ ആക്റ്റീവ്‌ ബ്ലോഗര്‍മാര്‍ ഉണ്ടായിരുന്നത്‌ ഒറ്റ കമ്യൂണിറ്റി ആയി തന്നെ നില നിന്നു പോന്നു. എല്ലാ പോസ്റ്റുകളും വായിക്കും, എല്ലാ കമന്റുകളും വായിക്കും, എല്ലാത്തിനെക്കുറിച്ചും അഭിപ്രായവും പറയും, എല്ലാവരെയും എനിക്കറിയാം. ഇവര്‍ക്ക്‌ മലയാളം യൂണികോഡ്‌ പ്രചരിപ്പിക്കും, മലയാളം ബ്ലോഗെഴുത്തു പരമാവധി ആളുകളെ പരിചയപ്പെടുത്തും, മലയാളം ഇന്‍ഫോ ഡേറ്റാ ബേസ്‌ ആകാവുന്ന ലേഖനങ്ങളും മറ്റും ഉണ്ടാക്കും, സാഹിത്യവാസനകള്‍ തിരിച്ചറിഞ്ഞു വികസിപ്പിക്കും എന്നിങ്ങനെ സന്നത്തെടുത്ത ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന സ്ഥിതിക്ക്‌ ഒരു കമ്യൂണിറ്റിയും അതിനുപരി ഒരു ടീമും ആയിരുന്നെന്ന് തോന്നുന്നു.

ഇന്നത്തെ ബൂലോഗം ഒരു വിര്‍ച്യുവല്‍ കമ്യൂണിറ്റി ആണോ?
വി. സി എന്ന പേര്‍ ആദ്യമായി ഉപയോഗിച്ച ഹോവാര്‍ഡ്‌ റെയ്നോള്‍ഡിന്റെ തന്നെ നിര്‍വചനം എടുക്കാം "ഒരു വിര്‍ച്വല്‍ കമ്യൂണിറ്റി എന്നാല്‍ ഇന്റര്‍നെറ്റില്‍ പൊതു ചര്‍ച്ചകളോ മാനുഷിക വികാരങ്ങളോ സൌഹൃദങ്ങളോ വഴി ഉരുത്തിരിയുന്ന വ്യക്തിബന്ധങ്ങളുടെ ശൃംഖലയാണ്‌".

അതായത്‌ വിര്‍ച്വല്‍ കമ്യൂണിറ്റി എന്നു നമ്മളെ വിലയിരുത്തണമെങ്കില്‍
1. ഇന്റര്‍നെറ്റില്‍ ആയിരിക്കണം
2. പൊതു ചര്‍ച്ചകളോ
3. മാനുഷികമായ വികാരങ്ങളോ പങ്കു വയ്ക്കുന്നവരായിരിക്കണം
4. വ്യക്തിബന്ധങ്ങളുള്ളവരായിരിക്കണം

അങ്ങനെ തന്നെ അല്ലേ നമ്മള്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. അല്ല. ആരും തുരുത്തുകളായി ഒറ്റപ്പെട്ട്‌ ബ്ലോഗ്ഗുന്നില്ല, പക്ഷേ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സകലരേയും അറിയുന്നവരോ വ്യക്തി ബന്ധങ്ങള്‍ പുലര്‍ത്തുന്നവരോ അല്ല. എന്നാല്‍ എല്ലാവര്‍ക്കും ഭാഗികമായെങ്കിലും ബൂലോഗത്തുള്ള മറ്റു ചിലരോട്‌ ഇതെല്ലാമുണ്ടു താനും. എല്ലാവരേയും അറിയുന്ന ഒരാളും ബൂലോഗത്തുണ്ടാവുകയുമില്ല. ആ നിലക്ക്‌ അനേകം കമ്യൂണിറ്റികളുടെ ഒരു ഫെഡറേഷന്‍ ആണ്‌ എന്ന് പറയാം.

ബൂലോഗത്തിനു ഒരു പൊതു ലക്ഷ്യം ഉണ്ടോ?
എല്ലാവരും മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു. അതൊരു അജെന്‍ഡയല്ല, മീഡിയം മാത്രമാണ്‌. ബ്ലോഗറുടെ അജെന്‍ഡ നടപ്പാക്കാന്‍ കണ്ടുപിടിച്ച വഴി. ഒരാള്‍ ബ്ലോഗ്‌ എഴുതുന്നത്‌ മലയാളം ഭാഷ നിലനില്‍ക്കണമെന്ന ഉദ്ദേശത്തിലാവാം, മറ്റൊരാള്‍ സാഹിത്യ സൃഷ്ടികള്‍ പ്രകാശനം
ചെയ്യുകയാവാം, വേറൊരാള്‍ സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനിറങ്ങിയതാവാം, ചുമ്മാ തമാശ പറയാന്‍ വന്നവര്‍ കാണും, സുഹൃത്തുക്കളെ കണ്ടെത്താന്‍ വന്നവര്‍ കാണും, വല്ല ലൈനും കിടച്ചാല്‍ ലോട്ടറി എന്നു പറഞ്ഞ്‌ ബ്ലോഗ്‌ എഴുതുന്നവരുണ്ടാകും. ഓഫ്‌ ലൈന്‍ ജീവിതത്തില്‍ സമയം ബാക്കിയുള്ളതുകൊണ്ട്‌ ബ്ലോഗ്‌ ചെയ്യുന്നവരുണ്ടാവും. ബൂലോഗത്തിനൊരു കോമണ്‍ അജെന്‍ഡ കണ്ടെത്താനാവുന്നില്ല. എന്നാല്‍ ഗ്രൂപ്പുകളായി തിരിച്ചാല്‍ അവ ഓരോന്നിനും ഒരു ലക്ഷ്യമുള്ളവരുടെ സംഘടന എന്ന രീതിരിലാവുകയും ചെയ്യുന്നു.

ബൂലോഗം ഒരു വെര്‍ച്വല്‍ കമ്യൂണിറ്റി ആകേണ്ടതുണ്ടോ?
ബ്ലോഗുകളുടെ വളര്‍ച്ചയെ മുന്‍ നിര്‍ത്തി നോക്കിയാല്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. കോമണ്‍‍ അജെന്‍ഡ ഉള്ള പല കമ്യൂണിറ്റികള്‍ ഉണ്ടായിക്കോട്ടെ, പ്രോഗ്രാമര്‍മാരുടെ കമ്യൂണിറ്റി, പാട്ടുകാരുടേത്‌, ഡോക്റ്റര്‍മാരുടേത്‌, രാഷ്ട്രീയക്കാരുടേത്‌, തമാശക്കാരുടേത്‌, കവികളുടെ അങ്ങനെ. ഇവരെല്ലാം ഒരു കമ്യൂണിറ്റിയില്‍ വരേണ്ടതില്ല .വായനക്കാരനു ഇഷ്ടമുള്ളയിടത്തെല്ലാം പോയി വായിക്കാം, കമന്റിടാം ഇഷ്ടമുള്ളവര്‍ക്കെല്ലാം കൂട്ടുകൂടാം, തമ്മില്‍ കാണാം, കെട്ടിപ്പിടിക്കാം, അടിച്ചു പിരിയാം- ഇതെല്ലാം ഗ്രൂപ്പ്‌ തലത്തിലല്ലാതെ കമ്യൂണിറ്റി തലത്തിലാവുമ്പോള്‍ കമ്യൂണിറ്റി എന്ന തൊപ്പിക്കു ചേരാന്‍ തല ചെത്തി ഷേപ്പ്‌ വരുത്താന്‍ ഓരോ ബ്ലോഗ്‌ എഴുത്തുകാരനും നിര്‍ബ്ബന്ധിതനാവും. അത്‌ സ്വാഭാവികമായുള്ള കമ്യൂണിറ്റി വളര്‍ച്ചയെ മുരടിപ്പിക്കുകയും കമ്യൂണിറ്റി ട്രെന്‍ഡിനു പുറത്ത്‌ പുതിയൊരു മാനം കൈക്കൊള്ളാന്‍ ബ്ലോഗര്‍ക്കു സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

ബ്ലോഗ്ഗര്‍മാര്‍ ഒന്നിക്കേണ്ട ആവശ്യമില്ലെന്നാണോ?
അല്ലേയല്ല. മലയാളം ബ്ലോഗിംഗ്‌ അല്ലെങ്കില്‍ ബ്ലോഗെഴുത്ത്‌ പൊതുവേയുള്ള കാര്യത്തില്‍ (ഉദാഹരണം - കോപ്പിറൈറ്റ്‌ അടിച്ചു കൊണ്ടു പോകലും അടിച്ചുകൊണ്ട്‌ വന്ന് ബ്ലോഗ്‌ എഴുതലും, സൈബര്‍ സ്റ്റാള്‍ക്കിംഗ്‌, തുടങ്ങിയ കാര്യങ്ങളോ അതുപോലെ ഫോര്‍മല്‍ ലക്ഷ്യങ്ങളുള്ള എന്തിനെങ്കിലുമോ ഒക്കെ ഒന്നിക്കേണ്ട ആവശ്യമുണ്ടായേക്കാം). എന്താവും കോമണ്‍ ഇന്ററസ്റ്റ്‌ എന്നറിയാന്‍ ബ്ലോഗ്‌ എഴുതുന്നവര്‍ ഓരോരുത്തരും എന്തിനു ബ്ലോഗ്‌ എഴുതുന്നു എന്ന് ആദ്യം കണ്ടെത്തണം, എന്നിട്ട്‌ അതില്‍ പൊതുവേയുള്ള കാര്യങ്ങള്‍ അല്ലെങ്കില്‍ എല്ലാവരും അംഗീകരിക്കുന്ന ലക്ഷ്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണം. അങ്ങനെ ഒന്നില്ലെങ്കില്‍ ഒന്നിക്കാന്‍ സാധിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരേ ലക്ഷ്യമുള്ളവര്‍ ചെറു ഗ്രൂപ്പുകളായി നിന നില്‍ക്കുകയേ നിവൃത്തിയുള്ളു പിന്നെ.

എന്തിനാണ്‌ ബൂലോഗത്ത്‌ ആളുകള്‍ എഴുതുന്നത്‌?
1. സാഹിത്യമോ ലേഖനങ്ങളോ സ്വയം പത്രാധിപരായി പ്രകാശനം ചെയ്യാന്‍
2. തമാശകളും കൊച്ചുവര്‍ത്തമാനങ്ങളും പങ്കു വയ്ക്കാന്‍
3. അറിയുന്ന കാര്യങ്ങള്‍ നാലാള്‍ക്കു പറഞ്ഞു കൊടുക്കാന്‍
4. സാമൂഹികമായ അംഗീകാരം കമന്റെഴുതിയും കിട്ടിയും തൃപ്തിപ്പെടാന്‍
5. രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍
6. മതം പ്രചരിപ്പിക്കാന്‍ അല്ലെങ്കില്‍ മറ്റു മതങ്ങളുടെ പ്രചരണം തടയാന്‍
7. പുതിയ ചാറ്റ്‌/ ഓണ്‍-ഓഫ്ലൈന്‍ കൂട്ടുകാരെയോ കൂട്ടുകാരികളെയോ കിട്ടാന്‍
8. സോഷ്യല്‍ ഡിസ്റ്റര്‍ബന്‍സ്‌ ഉണ്ടാക്കി സമാധാനപ്പെടാന്‍
9. പുരുഷന്‍ സ്ത്രീയായോ മറിച്ചോ ജീവിക്കുക, യഥാര്‍ത്ഥ ജീവിതത്തില്‍ പറയുകയാനോ ചെയ്യാനോ ചെയ്യാനോ ആയിത്തീരാനോ പറ്റാത്ത കാര്യങ്ങള്‍ പറയാന്‍/ചെയ്യാന്‍/ആണെന്നു ഭാവിക്കുകാന്‍

മറ്റൊരുപാടു കാര്യങ്ങളുണ്ടാവാം. അതെല്ലാം നിരത്തി എല്ലാവര്‍ക്കും ഈ അജെന്‍ഡകള്‍ പരസ്പരം അംഗീകരിക്കാനും പൊതു താല്‍പ്പര്യങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞാല്‍ ഫെഡറല്‍ കമ്യൂണിറ്റിയെങ്കിലും നിലവിലുണ്ട്‌. ഇല്ലെങ്കില്‍ അവയുള്ളവയുടെ സ്വതന്ത്ര ഗ്രൂപ്പുകള്‍ ഒരേ ഭാഷ സംസാരിക്കുന്നെന്നു മാത്രം.

ബ്ലോഗ്‌ വ്യക്തിത്വം.
ബ്ലോഗ്‌ ദീര്‍ഘ കാല ചിന്തകളുടെയും അദ്ധ്വാനത്തിന്റെയും ഫലമെന്ന നിലക്ക്‌ ചാറ്റ്‌ വ്യക്തിത്വം പോലെ എന്നും മാറി രസിക്കുകയോ പൂര്‍ണ്ണമായും താനല്ലാതെയായി മാറുകയോ എതാണ്ട്‌ അസാദ്ധ്യമെന്നു തന്നെ പറയാം. എന്നാല്‍ ഓഫ്‌ലൈന്‍ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണ പ്രതിഫലനമായിരിക്കും എല്ലാവരുടെയും ബ്ലോഗ്‌ വ്യക്തിത്വമെന്ന് പ്രതീക്ഷിക്കന്‍ പാടില്ല. ഗുരുതരമായ പിഴവുകളും കുറവുകളും ഓണ്‍ലൈന്‍ വ്യക്തിത്വത്തില്‍ മിക്കപ്പോഴും മറച്ചു വയ്ക്കപ്പെടുകയാണ്‌ പതിവ്‌ (കടപ്പാട്‌ സൈക്കോളജി ഓഫ്‌ സൈബര്‍സ്പേസ്‌ എന്ന ഗവേഷണ പ്രബന്ധം). അപരിചിതരുടെ കൂട്ടമെന്ന നിലക്ക്‌ അതിലൊരു കൊലപാതകിയോ സൈക്കോപാത്തോ സ്റ്റാള്‍ക്കറോ ബ്ലാക്ക്‌ മെയിലറോ ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയേണ്ടതില്ല. (ബൂലോഗത്ത്‌ അങ്ങനെയുള്ളവരുണ്ടെന്ന് അര്‍ത്ഥമാക്കിയില്ല, ഇല്ലെന്ന് വിശ്വസിക്കുന്നത്‌ ബുദ്ധിയല്ല എന്നേ ഉദ്ദേശിച്ചുള്ളു)

ഗ്രൂപ്പുകളുടെ പ്രസക്തി.
കോമണ്‍ അജെന്‍ഡ ഇല്ലാത്ത കമ്യൂണിറ്റി അംഗങ്ങള്‍ മറ്റാരെങ്കിലുമൊക്കെ ചെയ്യുന്നത്‌ ശരിയല്ലെന്ന് വാദിച്ചുകൊണ്ടേയിരിക്കും. അത്‌ ബ്ലോഗ്ഗുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയെ തടയുകയേയുള്ളു. കമ്യൂണിറ്റിയില്‍ പോപ്പുലാരിറ്റിയുള്ള കാര്യങ്ങളേ അംഗീകരിക്കപ്പെടുന്നുള്ളു എന്നത്‌ ബ്ലോഗ്ഗറുടെ സ്വാഭാവികമായ ആവിഷ്കാര രീതിയെ ബാധിക്കുകയും ചെയ്യുന്നു. പുതിയൊരു രീതിയിലോ കാര്യത്തെക്കുറിച്ചോ എഴുതാനാഗ്രഹിക്കുന്ന ആളുകളുടെ ബ്ലോഗ്‌ രംഗത്തേക്കുള്ള കടന്നു വരവ്‌ കുറയ്ക്കുകയും ചെയ്യുന്നുണ്ടാവാം. എല്ലാവരുടെയും കമ്യൂണിറ്റി എന്നതില്‍ നിന്നും വൈദ്യരംഗത്തു പ്രവര്‍ത്തിക്കുന്ന അഞ്ചു പേരുടെ ഒരു ഗ്രൂപ്പ്‌, അത്‌ ഇരുപതാകുമ്പോള്‍ പിരിഞ്ഞ്‌ ഡോക്റ്റര്‍മാരുടെ ഒരു ഗ്രൂപ്‌. 50 ഡോക്റ്റര്‍മാര്‍ പിരിഞ്ഞു ഒരു ചെറു കാര്‍ഡിയോളജി ഗ്രൂപ്പ്‌, അതു വളരുമ്പോള്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളുടെ ഒരു ഗ്രൂപ്പ്‌ അതില്‍ നിന്നും ഉരുത്തിരിയുന്നു അങ്ങനെ പിളരും തോറും വളരുന്ന രീതിയെ ഒറ്റ കമ്യൂണിറ്റി, കൂട്ടായ്മ, ഒറ്റക്കെട്ട്‌ എന്ന മിഥ്യാബോധത്താല്‍ നമ്മള്‍
ഇല്ലാതാക്കുന്നെന്ന് ശങ്ക. പിളര്‍പ്പാല്‍ റീഡര്‍ഷിപ്പ്‌ കുറയുമെന്ന ഭയം അസ്ഥാനത്താണെന്നു തോന്നുന്നു. ബ്ലോഗ്‌ സേര്‍ച്ചറുകളുള്ളപ്പോള്‍ പലവുരു പിരിഞ്ഞുണ്ടായ കാര്‍ഡിയോളജി ഗ്രൂപ്പിലെ അംഗത്തിനു സിനിമാ നിരൂപണം വായിക്കല്‍ അസാദ്ധ്യമാകുന്നില്ല. അഥവാ അത്‌ വായിക്കാന്‍ താല്‍പ്പര്യമില്ലാത്ത ആളാണെങ്കില്‍ കൂട്ടായ്മയെന്നു പറഞ്ഞ്‌ പൂണ്ടടക്കം കെട്ടിപ്പിടിച്ചു നിന്നാലും അയാളതു വായിക്കാനും പോകുന്നില്ല

Saturday, March 3, 2007

പോര്‍ട്ടല്‍ വായിക്കരുത്!

ഹരീ എന്ന ബ്ലോഗര്‍ ഒരു കമന്റില്‍ ഇന്റര്‍നെറ്റില്‍ പലയിടത്തും വ്ലാഡിമിര്‍ നക്കോബോവ്‌ എന്നു കാണുന്നെന്ന് പറഞ്ഞു കണ്ടു. ഇതെന്താ ഇങ്ങനെ എന്നു ചോദിച്ചപ്പോള്‍ ഗൂഗിളമ്മച്ചി പറഞ്ഞ കഥയിങ്ങനെ.

ഫെബ്രുവരി ഒന്നാം തീയതി എം എസ്‌ എന്‍ ഇന്‍ഡ്യാ നിശബ്ദ്‌ എന്ന ചിത്രത്തിന്റെ കഥ വ്ലാഡിമിര്‍ നക്കോബോവിന്റെ ലോലിത ആണെന്ന് സിനി റിവ്യൂവില്‍ (അതൊരു ടൈപ്പിംഗ്‌ പിശകല്ല, പലതവണ പറഞ്ഞിട്ടുണ്ട്‌)നമുക്ക്‌ പറഞ്ഞു തന്നു.
http://content.msn.co.in/NR/exeres/2C83995F-8758-4936-A710-0830CD21008F.htm

തുടര്‍ന്ന് ഇന്‍ഡ്യാ എഫ്‌ എം വ്ലാഡിമിര്‍ നകോബോവ്‌ എന്നൊരു എഴുത്തുകാരന്റെ പ്രൊഫൈല്‍ പ്രസിദ്ധീകരിച്ചു. ഇങ്ങോരു ആകെ ചെയ്തത്‌ നിശബ്ദ്‌ എന്ന പടത്തിനു കഥ എഴുതുകയാണെന്നും അവരു പറയുന്നു.

ബോളിവൂഡ്‌ ബ്ലിറ്റ്സ്‌, ഇന്‍ഡ്യാ ഇന്‍ഫോ എന്നു വേണ്ട സകലമാന ആളുകളും നക്കോബോവിനെ അങ്ങു കൊണ്ടാടി. നിശബ്ദിനെ കുറിച്ചെഴുതുമ്പോള്‍ ഇനി നക്കോബോവിന്റെ പേരു മാറ്റിയാല്‍ ആളുകള്‍ തല്ലുമെന്ന അവസ്ഥയായി.
webindia സമദൂര സിദ്ധാന്തം പാലിച്ചു. അവര്‍ നബകോവ്‌ എന്നും നക്കോബോവ്‌ എന്നും ഒരേ സ്ഥലത്ത്‌ അടുത്തടുത്ത വരികളില്‍ പറഞ്ഞു പ്രശ്നം പരിഹരിച്ചു. ആരും തര്‍ക്കത്തിനു വരരുതല്ലോ.
[പി. സുബ്ബയ്യാപിള്ള പണ്ടെഴുതിയത്- ലേഖകന് ചോദിക്കുന്നു “സാറേ, മാക്സിം ഗോര്‍ക്കിയാണോ മാര്‍ക്സിം ഗോര്‍ക്കിയാണോ ശരി? “ എഡിറ്റന് “താന് മാക്സിമം ഗോര്ക്കികളെ ഉള്‍ക്കൊള്ളിച്ചോ, ആരും തര്‍ക്കിക്കില്ല”.]

ഹരീ എഴുതിയ കഥയാണെങ്കില്‍ പ്രണയിതാവിനു പെണ്‍കുട്ടിയുമായി വലിയ പ്രായ വത്യാസം ഉണ്ടെന്നല്ലാതെ വ്ലാഡിമിര്‍ നബക്കോവിന്റെ ലോലിതയുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നുന്നില്ല.

ഗുണപാഠം: പോര്‍ട്ടലുകള്‍ വായിക്കരുത്‌- അടിച്ചു മാറ്റിയ പാചകം മുതല്‍ ആളെ മാറ്റുന്ന ലേഖനം വരെ കാണും അതില്‍. കേരള മുഖ്യമന്ത്രി അത്യുചാനന്ദന്‍ ആണെന്ന് കുറച്ചു കഴിയുമ്പോള്‍ നമ്മള്‍ക്കു തന്നെ തോന്നിയാലോ. മനോരമ വാരികയും മരം കൊത്തി മാസികയും തന്നെ ഭേദം

ബൂലോഗത്തിനും ദുനിയാവിനും നടുവില്‍

യാഹൂവും ബൂലോഗവും ഇടയുന്ന നേരം ബെന്നി എന്തു ചെയ്യണം? സിബുവും മറ്റുപലരും ചില പ്രതീക്ഷകള്‍ പ്രകടിപ്പിച്ചു കണ്ടപ്പോള്‍ ഇത്‌ കുറിക്കാന്‍ തോന്നി.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബ്ലോഗ്ഗിലോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ എനിക്കു ബന്ധമുള്ളതോ ആയ ഒരാള്‍ക്കൊരു തര്‍ക്കം വന്നാല്‍ ഞാന്‍ ആര്‍ക്കു വേണ്ടി നിലപാടെടുക്കണം? തീര്‍ച്ചയായും എന്റെ കമ്പനിക്കു വേണ്ടിയാണ്‌ (അടുത്ത ബന്ധമുള്ള ആളാണെങ്കില്‍ ഒരു ദിവസം "പാലൂട്ടി വളര്‍ത്ത കിളി, പഴം കൊടുത്തു പാര്‍ത്ത കിളി, നാന്‍ വളര്‍ത്തും ചെല്ലക്കിളി, നാളെ വരും കച്ചേരിക്ക്‌ സൊല്ലവാ എന്ന സൊല്ലവാ" പാടി കുറച്ചു നേരം വിഷമിച്ചിരുന്നേക്കാം, അതു വേറേ.)

ഒരു കച്ചേരി മനസ്സറിയാതെ കയറി വന്നതുകൊണ്ട്‌ ഉദാഹരണവും അവിടെന്നായിക്കോട്ടെ. ഞാന്‍ ഒരാളെ തല്ലിയ കേസ്‌ കോടതിയില്‍ എത്തിയപ്പോഴാണ്‌ വാദി ഭാഗം വക്കീലായെത്തിയത്‌ എട്ടുപത്തു വര്‍ഷമായി അറിയാവുന്ന യാത്രാമൊഴിയാണെന്ന് മനസ്സിലാവുന്നത്‌. ഞാന്‍ യാത്ര എനിക്കുവേണ്ടി മയത്തില്‍ മൊഴിയുമെന്ന് പ്രതീക്ഷിക്കാന്‍ പാടുണ്ടോ? ഇനി, ഞാന്‍ യഥാര്‍ത്ഥത്തില്‍ തല്ലിയിട്ടില്ലെന്നും കള്ളക്കേസാണെന്നും വയ്ക്കുക, ഉത്തരത്തിനു മാറ്റമുണ്ടോ?

നമ്മളോരോരുത്തരും പണിശാലയുടെ വക്താക്കള്‍ കൂടി ആണെന്ന് എഴുത്തിലില്ലെങ്കില്‍ കൂടി implied ആയ ഒരു അഗ്രീമന്റ്‌
നിലവിലുണ്ട്‌. "കാക്കിയിട്ടാല്‍ പിന്നെ അപ്പനുമില്ല അളിയനുമില്ല" എന്ന് പോലീസുകാര്‍ പറയുന്ന തരം അഗ്രീമന്റ്‌. അതടക്കം പലതും പ്രതീക്ഷിച്ചാണ്‌ എല്ലാ സ്ഥാപനവും ശമ്പളം എണ്ണിയെണ്ണി കൊടുത്തുകൊണ്ടേയിരിക്കുന്നത്‌.

ബെന്നി വെബ്‌ ദുനിയായുടെ ജീവനക്കാരനാണ്‌, അതിന്റെ താല്‍പ്പര്യങ്ങള്‍ സ്വാര്‍ത്ഥമാണെങ്കിലും കൂടി സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥനുമാണ്‌. അങ്ങനെ തന്നെ നില്‍ക്കുന്നതാണ്‌ ധാര്‍മ്മികമായ ശരിയും . ഒരു സ്ഥാപനത്തിന്റെ ശരി നില നില്‍ക്കാന്‍ എനിക്ക്‌ ഒരിക്കല്‍ "ജസ്റ്റിഫൈയബിള്‍" എന്നു തോന്നി ചെയ്ത ഒരു കാര്യത്തിനു എന്നെ തന്നെ ശിക്ഷിക്കേണ്ടി വന്നു (കണക്കപ്പിള്ളമാര്‍ക്കൊഴിച്ച്‌ ബാക്കിയെല്ലാവര്‍ക്കും അത്‌ ഒരു പൊട്ടത്തരമായി തോന്നുന്നുണ്ടാവുമോ ആവോ) ! എന്റെ ശരിയല്ല കമ്പനിയുടെ ശരി. കമ്പനിയുടെ ശരികള്‍ നടപ്പാക്കാന്‍ അതെന്നെ ശമ്പളം തന്ന് വാടക്കെടുത്തിരിക്കുന്നു. അത്‌ എനിക്കെതിരേയായാലും അങ്ങനെ തന്നെ.

ബെന്നി വെബ്‌ ദുനിയായുടെ ഭാഗം മാത്രമേ പറയേണ്ടതുള്ളു. മറുപക്ഷത്ത്‌ ബൂലോഗമായത്‌ ബെന്നിയുടെ തെറ്റല്ല. (മിഥുനം സിനിമയില്‍ സി ഐ പോളിനോട്‌ ഇന്നസന്റ്‌ "ഞാന്‍ ഇവന്റെ ചേട്ടനാണെന്ന്" പറയുമ്പ്പോള്‍ മോഹന്‍ലാല്‍ "അതെന്റെ കുറ്റമ്മല്ല സാര്‍" എന്നു പറയുന്നതുപോലെ)

Friday, March 2, 2007

And Yahoo counsels us to respect intellectual rights of others !

The news of yahoo starting a Malayalam Unicode portal would have been something to make a pleasant day for me, had it come in any form other than of a plagiarism alert.

A Blog post by puzha.com intimating the lifting of poems they had previously published caused my first (and probably last ) visit to Yahoo’s Malayalam section , only to find that many recipe posts by Malayalam bloggers were also appearing there with yahoo’s copyright stamp sans credit to original authors. Most of the copied ones dug were originally published by blogger Suryagayathri, though other blogger's works were replicated too.

Many a blogger sent e-mails to yahoo questioning the content theft(as I understand from email responses published by them) and all received the same reply stating that Yahoo does not find itself responsible for the publications in question, since these are furnished by a content provider who may be contacted to air any grievance. However, the lifted contents were subsequently deleted from Yahoo Malayalam.

The question whether recipes are copyrighted was brought to many courts long back . There are plenty of legal opinions available on a Google search that will tell you while recipes aren’t intellectual property of any author, texts and compilations are certainly copyrightable – meaning someone just cannot reproduce a recipe published by Dr. McDougall word by word, though another one to make the same dish is permissible. Probably a vague point to moot in a court, my concern it not exactly on that.

Anybody who learned law of any country would find the disowning attempt in Yahoo's e-mail responses hilarious. Lets put it like this- you receive a purchase order from a company to supply something, do so in good faith and when you ask for payment, can the management tell you that the purchase order was not valid since it was signed by a clerk while the company’s Rule is that no purchase orders shall be issued by anybody below a manager’s grade? Answer is no, unless that rule was intimated to you before the purchase order was issued. The legal term for this canon is “doctrine of indoor management” which in simple terms mean an outsider is not required to know what the company’s internal affairs that are not communicated to them beforehand.

In the plagiarism issue, doctrine of indoor management makes Yahoo solely responsible for the contents it published, since there was no disclaimer of responsibility at the time of publication or later. Yahoo has to respond in the capacity of the entity responsible for the content of their website. Any other justification attempt will not hold water.

Related posts:
Ginger and Mango: Bloggers Protest Event against Yahoo! India - March 5th 2007
Desi Pundit
Kevin & Siji

Copyright Violations: March 5th 2007 - Blog Event against Plagiarism!