Showing posts with label boologam benny. Show all posts
Showing posts with label boologam benny. Show all posts

Saturday, March 3, 2007

ബൂലോഗത്തിനും ദുനിയാവിനും നടുവില്‍

യാഹൂവും ബൂലോഗവും ഇടയുന്ന നേരം ബെന്നി എന്തു ചെയ്യണം? സിബുവും മറ്റുപലരും ചില പ്രതീക്ഷകള്‍ പ്രകടിപ്പിച്ചു കണ്ടപ്പോള്‍ ഇത്‌ കുറിക്കാന്‍ തോന്നി.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബ്ലോഗ്ഗിലോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ എനിക്കു ബന്ധമുള്ളതോ ആയ ഒരാള്‍ക്കൊരു തര്‍ക്കം വന്നാല്‍ ഞാന്‍ ആര്‍ക്കു വേണ്ടി നിലപാടെടുക്കണം? തീര്‍ച്ചയായും എന്റെ കമ്പനിക്കു വേണ്ടിയാണ്‌ (അടുത്ത ബന്ധമുള്ള ആളാണെങ്കില്‍ ഒരു ദിവസം "പാലൂട്ടി വളര്‍ത്ത കിളി, പഴം കൊടുത്തു പാര്‍ത്ത കിളി, നാന്‍ വളര്‍ത്തും ചെല്ലക്കിളി, നാളെ വരും കച്ചേരിക്ക്‌ സൊല്ലവാ എന്ന സൊല്ലവാ" പാടി കുറച്ചു നേരം വിഷമിച്ചിരുന്നേക്കാം, അതു വേറേ.)

ഒരു കച്ചേരി മനസ്സറിയാതെ കയറി വന്നതുകൊണ്ട്‌ ഉദാഹരണവും അവിടെന്നായിക്കോട്ടെ. ഞാന്‍ ഒരാളെ തല്ലിയ കേസ്‌ കോടതിയില്‍ എത്തിയപ്പോഴാണ്‌ വാദി ഭാഗം വക്കീലായെത്തിയത്‌ എട്ടുപത്തു വര്‍ഷമായി അറിയാവുന്ന യാത്രാമൊഴിയാണെന്ന് മനസ്സിലാവുന്നത്‌. ഞാന്‍ യാത്ര എനിക്കുവേണ്ടി മയത്തില്‍ മൊഴിയുമെന്ന് പ്രതീക്ഷിക്കാന്‍ പാടുണ്ടോ? ഇനി, ഞാന്‍ യഥാര്‍ത്ഥത്തില്‍ തല്ലിയിട്ടില്ലെന്നും കള്ളക്കേസാണെന്നും വയ്ക്കുക, ഉത്തരത്തിനു മാറ്റമുണ്ടോ?

നമ്മളോരോരുത്തരും പണിശാലയുടെ വക്താക്കള്‍ കൂടി ആണെന്ന് എഴുത്തിലില്ലെങ്കില്‍ കൂടി implied ആയ ഒരു അഗ്രീമന്റ്‌
നിലവിലുണ്ട്‌. "കാക്കിയിട്ടാല്‍ പിന്നെ അപ്പനുമില്ല അളിയനുമില്ല" എന്ന് പോലീസുകാര്‍ പറയുന്ന തരം അഗ്രീമന്റ്‌. അതടക്കം പലതും പ്രതീക്ഷിച്ചാണ്‌ എല്ലാ സ്ഥാപനവും ശമ്പളം എണ്ണിയെണ്ണി കൊടുത്തുകൊണ്ടേയിരിക്കുന്നത്‌.

ബെന്നി വെബ്‌ ദുനിയായുടെ ജീവനക്കാരനാണ്‌, അതിന്റെ താല്‍പ്പര്യങ്ങള്‍ സ്വാര്‍ത്ഥമാണെങ്കിലും കൂടി സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥനുമാണ്‌. അങ്ങനെ തന്നെ നില്‍ക്കുന്നതാണ്‌ ധാര്‍മ്മികമായ ശരിയും . ഒരു സ്ഥാപനത്തിന്റെ ശരി നില നില്‍ക്കാന്‍ എനിക്ക്‌ ഒരിക്കല്‍ "ജസ്റ്റിഫൈയബിള്‍" എന്നു തോന്നി ചെയ്ത ഒരു കാര്യത്തിനു എന്നെ തന്നെ ശിക്ഷിക്കേണ്ടി വന്നു (കണക്കപ്പിള്ളമാര്‍ക്കൊഴിച്ച്‌ ബാക്കിയെല്ലാവര്‍ക്കും അത്‌ ഒരു പൊട്ടത്തരമായി തോന്നുന്നുണ്ടാവുമോ ആവോ) ! എന്റെ ശരിയല്ല കമ്പനിയുടെ ശരി. കമ്പനിയുടെ ശരികള്‍ നടപ്പാക്കാന്‍ അതെന്നെ ശമ്പളം തന്ന് വാടക്കെടുത്തിരിക്കുന്നു. അത്‌ എനിക്കെതിരേയായാലും അങ്ങനെ തന്നെ.

ബെന്നി വെബ്‌ ദുനിയായുടെ ഭാഗം മാത്രമേ പറയേണ്ടതുള്ളു. മറുപക്ഷത്ത്‌ ബൂലോഗമായത്‌ ബെന്നിയുടെ തെറ്റല്ല. (മിഥുനം സിനിമയില്‍ സി ഐ പോളിനോട്‌ ഇന്നസന്റ്‌ "ഞാന്‍ ഇവന്റെ ചേട്ടനാണെന്ന്" പറയുമ്പ്പോള്‍ മോഹന്‍ലാല്‍ "അതെന്റെ കുറ്റമ്മല്ല സാര്‍" എന്നു പറയുന്നതുപോലെ)