Monday, March 5, 2007

ബൂലോഗ വിചാരണം - 3 കമന്റിന്റെ സങ്കീര്‍ണ്ണത

കമന്റോ? അതില്‍ ഇത്ര ആലോചിക്കാന്‍ എന്തിരിക്കുന്നു- ആളുകള്‍ ഒരു പോസ്റ്റ്‌ വായിക്കുന്നു മനസ്സില്‍ തോന്നുന്നിയ അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയുന്നു അത്രയല്ലേ ഉള്ളു കാര്യം? ഞാനും ഒരിക്കല്‍ അങ്ങനെ ചിന്തിച്ചിരുന്നു.

ബൂലോഗത്ത്‌ വന്നൊരു കമന്റിടുന്ന ആള്‍ എന്തെഴുതുന്നു എന്നത്‌ പല വേരിയബിളുകളുടെ ഒരു കോംബിനേഷനാണ്‌. കുറച്ച്‌ ആലോചിച്ചപ്പോള്‍ അവയെ തരം തിരിച്ചെടുക്കാന്‍ പറ്റുമെന്ന് തോന്നി.

വിഭാഗം ഒന്ന്- കമന്റ് എഴുതുന്ന സമയത്തെ മാനസികാവസ്ഥ
1. സന്തോഷവാന്‍/വതി
2. വിഷാദവാന്‍/വതി
3.സമയം കൊല്ലാനുണ്ട്‌
4. ധൃതിയിലാണ്‌
5. ഇതൊന്നും കമന്റിനെ ബാധിക്കില്ല

വിഭാഗം രണ്ട്‌- പൊതുവില്‍ ബൂലോഗത്തോടുള്ള മനോഭാവം
1. നന്നായി എഴുതുന്നവര്‍ എന്ന് മുന്വിധി
2. തന്റെ നിലവാരത്തിനു ചേരുന്നില്ലെന്ന മുന്വിധി
3. എല്ലാവരും തന്റെ കൂട്ടുകാര്‍
4. എല്ലാവരും ശത്രുക്കള്‍
5. ഇതൊന്നും കമന്റിനെ ബാധിക്കില്ല

വിഭാഗം മൂന്ന്- പോസ്റ്റിട്ട ബ്ലോഗര്‍ തന്റെ ആരാണ്‌?
1. സുഹൃത്ത്‌, ബന്ധു
2. രാഷ്ട്രീയ, മതപരമായ, വ്യക്തി തല ബന്ധത്തിലെ ശത്രു
3. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നയാള്‍
4. മുന്‍ പോസ്റ്റുകള്‍ കൊണ്ട്‌ ആളിന്റെ രൂപം മനസ്സിലുണ്ട്‌.
5. ആരായാലും അഭിപ്രായത്തില്‍ മാറ്റമില്ല

വിഭാഗം നാല്‌- പോസ്റ്റിലെ വിഷയത്തോടുള്ള സമീപനം
1. ഇഷ്ടപ്പെട്ടത്‌
2. വെറുക്കുന്നത്‌
3. താല്‍പ്പര്യമില്ല / മനസ്സിലായില്ല എങ്കിലും
കമന്റിടേണ്ടതുണ്ട്‌ കമന്റുകള്‍ കൊണ്ട്‌ തനിക്ക്‌ എല്ലാമറിയാം, നല്ലവനാണ്‌ എന്ന രീതിയില്‍ എന്തെങ്കിലും ഇമേജ്‌ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്‌.
4. മനസ്സിലുള്ളത്‌ എഴുതിയാല്‍ തനിക്കു ഭാവിയില്‍ വരുന്ന കമന്റുകള്‍ പ്രതികൂലമായേക്കാം.
5. മുന്വിധികളൊന്നുമില്ല

(പടത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പമാവും)
ഈ ടേബിളിനു 625 കോംബിനേഷന്‍ ഉണ്ടെന്നാണ്‌ തോന്നുന്നത്‌ (കണക്കു പുലികള്‍ കൂട്ടി നോക്കി പറയട്ടെ). ഇതില്‍ a5b5c5d5 മാത്രമേ പോസ്റ്റിനെക്കുറിച്ചുള്ള കമന്റ്‌ ആയുള്ളു.
വിശദീകരിക്കാം. കൈപ്പള്ളി "അവന്‍ അവളെ നോക്കി അവള്‍ അവനെ നോക്കി ഇരുവരും ഒന്നും കണ്ടില്ല, അവര്‍ക്കിടയില്‍ സമുദായത്തിന്റെ മതില്‍ക്കെട്ട്‌ ഉണ്ടായിരുന്നു" എന്ന് എഴുതുന്നു. ഞാന്‍ a1b1c1d1 ല്‍ നിന്നു കമന്റ്‌ ഇടുകയാണെങ്കില്‍ കൈപ്പള്ളി എന്ന കവിയെക്കുറിച്ച്‌ ഒരു ഖണ്ഡിക എഴുതും. a4b3c4d1 ഇല്‍ ആണെങ്കില്‍ "കൈപ്പള്ളീ, കലക്കി" എന്നെഴുതി പോകും. a2b4c2d4 ആണെങ്കില്‍ പ്രാന്തന്‍ എന്നു മനസ്സില്‍ വിചാരിച്ച്‌ കമന്റ്‌ ഇടാതെ പോകും. ഈ കവിതക്കുപകരം കൈപ്പള്ളി വേറേ എന്തെങ്കിലും ആയിരുന്നു എഴുതിയിരുന്നത്‌ എങ്കിലും ഇതേ കമന്റ്‌ തന്നെ ഞാന്‍ എഴുതിയേനെ. (ആരും ഒഫന്‍ഡഡ്‌ ആകേണ്ട, ടേബിളിലെ എക്സ്റ്റ്രീം കേസുകള്‍ തിരഞ്ഞു പിടിച്ച്‌ ഞാന്‍ ഇട്ടതാണ്‌)

ഇങ്ങനെ ഒരു ക്ലാസ്‌ റൂം സിറ്റുവേഷന്‍ ഉണ്ടാക്കിയാല്‍ പോലും a5b5c5d5(നീല ഹൈലറ്റ്‌ ഇട്ടത്‌) മാത്രമേ ഇക്കണ്ട 625 തരം കമന്റുകളില്‍ പോസ്റ്റിനെക്കുറിച്ചു മാത്രമുള്ളതാവുന്നുള്ളു എന്നതാണ് ബ്ലോഗ്‌ കമന്റുകളുടെ വലിയൊരു കുറവ്‌ ‌. (യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇതില്‍ പലതിന്റെയും മിശ്രിതാവസ്ഥകളിലായതുകൊണ്ട്‌ ആയിരക്കണക്കിനു കോംബിനേഷനുകള്‍ ഉണ്ടായിരിക്കാം)

ബോധപൂര്‍വ്വമായി ഈ നീലക്കളര്‍ കോംബിനേഷനിലേക്ക്‌ വരാന്‍ കുറെയൊക്കെ
ശ്രമിച്ചാല്‍ വളരെ നല്ല കമന്റുകള്‍ ഇടാനും കഴിയും. "ഹിന്ദി കവിയരങ്ങ്‌" ഇഫക്റ്റും (അതായത്‌ എല്ലാത്തിനും വരേ വാഹ്‌ ) & "നിയമസഭാ ചര്‍ച്ച" ഇഫക്റ്റും (അതായത്‌ എല്ലാം ജനദ്രോഹ നയങ്ങള്‍) വളരെ വേഗം കമന്റര്‍ക്ക്‌ ഇല്ലാതെയാക്കാം.

എന്നാലും ഒരു കുഴപ്പമുണ്ട്‌. കമന്റുകളില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത്‌ എല്ലായ്പ്പോഴും പോസ്റ്റിന്റെ വിലയിരുത്തല്‍ മാത്രമല്ല, മിക്ക ബ്ലോഗര്‍മാര്‍ക്കും പ്രോത്സാഹനം, കമ്യൂണിറ്റിയില്‍ അംഗീകാരം, വാല്യൂ അഡിഷന്‍, എന്നിവ കൂടി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്‌. ഇതിനു പരിഹാരമാകാന്‍ ആത്മവഞ്ചനയോടെ കമന്റ്‌ എഴുതി സ്വയവും എഴുത്തുകാരനെയും വഞ്ചിക്കണമെന്നില്ല, ഇതെല്ലാം കൊടുക്കല്‍ പോസ്റ്റിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്ന വ്യാജേന ചെയ്യാതിരുന്നാല്‍ മതി.

ഉദാഹരണം:
1. റീഡര്‍ഷിപ്പ്‌ അഷ്വറന്‍സ്‌
"ദില്‍ബന്റെ പോസ്റ്റ്‌ കണ്ടു, സന്തോഷം"

2. സോഷ്യല്‍ അക്സപ്റ്റന്‍സ്‌
"ഇതുപോലെ പണ്ട്‌ എനിക്കും ഒരു പറ്റു പറ്റി.. കോളേജില്‍ പഠിക്കുന്ന കാലത്ത്‌"

3. പ്രോത്സാഹനം
"പ്രബേഷ്‌ ബ്ലോഗ്‌ അടച്ചു പോയെന്നു ഭയന്നിരുന്നതാണ്‌, ഏറെക്കാലത്തിനു ശേഷം പോസ്റ്റ്‌ വന്നു, സമാധാനം."

4. വാല്യൂ അഡിഷന്‍
"സ്മാര്‍ട്ട്‌ സിറ്റി പ്രശ്നം കൈകാര്യം ചെയ്യ്ത രീതിയെക്കുറിച്ച്‌ ഇത്തവണത്തെ കലാകൌമുദിയില്‍ പറഞ്ഞ കാര്യം കൂടി ഇവിടെ കുറിക്കുന്നു.."

ഇതൊന്നും പോസ്റ്റിനെക്കുറിച്ചുള്ള കമന്റല്ല, എന്നാലും ബ്ലോഗര്‍ ആഗ്രഹിക്കുന്നത്‌ കിട്ടുകയും
ചെയ്തു.

ഓഫ്‌ ടോപ്പിക്കുകള്‍ മിക്കപ്പോഴും ഒന്നുകില്‍ സോഷ്യല്‍ ഡിസ്കോഴ്സിന്‍ട്ടെ ഭാഗമോ അല്ലെങ്കില്‍ ഒരു പോസ്റ്റ്‌ ആക്കാന്‍ മാത്രം വലിപ്പമില്ലെന്നു കരുതിയ അല്ലെങ്കില്‍ സമയമില്ലാതെ മാറ്റിവച്ച കാര്യങ്ങള്‍ മറ്റൊരു പോസ്റ്റിനാല്‍ ട്രിഗര്‍ ചെയ്യപ്പെടുമ്പോള്‍ എഴുതിപ്പോകുന്നതോ ആണ്‌. ഗൌരവമുള്ള ഒരു ചര്‍ച്ചയിലാണു ഓഫ്‌ ടോപ്പിക്കെന്നുവരുകില്‍ അത്‌ ഒരു ശല്യമായി തോന്നിയേക്കാം, അല്ലെങ്കില്‍ ഒരു റീഡര്‍ഷിപ്പ്‌ അഷ്വറന്‍സായും സോഷ്യല്‍ അക്സപ്റ്റന്‍സ്‌ കൊടുക്കാനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌.

നിരൂപണം എന്ന വിഭാഗത്തെ കമന്റില്‍ നിന്നും വേര്‍പെടുത്തി മറ്റൊരദ്ധ്യായമാക്കാന്‍ വച്ചിരിക്കുകയാണ്‌.

അവസാനമായി കമന്റാങ്കളി എന്ന ഓച്ചിറക്കളിയെക്കുറിച്ച്‌. ശക്തമായ വിയോജിപ്പുള്ള ആശയങ്ങള്‍ ബ്ലോഗറും കമന്ററും കൈമാറുകയാണെങ്കില്‍ വാഗ്വാദങ്ങളുണ്ടായേക്കാം, പക്ഷേ കമന്റ്‌ വഴി അടിപിടി നടക്കുകയാണെങ്കില്‍ അത്‌ വ്യക്തികളുടെയോ സംഘങ്ങളുടെയോ മുന്വിധികളുടേയോ ഈഗോകളുടെയോ ഇടച്ചിലുകളാകാനാണു സാദ്ധ്യത. ഒരാളുടെ വാദങ്ങള്‍ അയാള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അംഗീകരിക്കുന്നില്ലെന്നു കണ്ടാല്‍ കമ്യൂണിറ്റി ഡീവിയന്റ്‌ ആയി മാറി തല്ലു തുടങ്ങിയേക്കാം. അശ്ലീല കമന്റുകള്‍ (അബ്യൂസ്‌ എന്ന അര്‍ത്ഥത്തില്‍) ഇന്റര്‍നെറ്റില്‍ എങ്ങനെ ഉണ്ടാവുന്നു എന്നത്‌ കമന്റുകളെക്കാള്‍ സങ്കീര്‍ണ്ണമായ ഒരു കാര്യമാണെന്ന് തോന്നിയതിനാല്‍ എഴുതി ബോറടിപ്പിക്കുന്നില്ല. അനോണിമിറ്റി കൂടും തോറും അശ്ലീലവാസനയുള്ളവര്‍ക്ക്‌ ധൈര്യവും കൂടും. തെറി പറഞ്ഞു ഉപദ്രവിക്കാനുള്ള സൌകര്യമോ അത്‌ മഹാസംഭവമെന്ന എഴുതുന്നയാളിന്റെ വിശ്വാസത്തിനു വളം വയ്ക്കുന്ന രീതിയില്‍ ഷോക്ക്‌ അടിച്ച പ്രതികരണമോ ഇല്ലാതെ ഇരുന്നാല്‍ മിക്കവാറും തീരുകയും ചെയ്യും. ബാഡ്ജര്‍ പിറകേ കൂടുന്നതുപോലെ തെറിക്കാരന്‍ വന്നു കൂടിയാല്‍ കര്‍ശ്ശന നടപടികളെക്കുറിച്ച്‌ ആലോചിക്കുകയും, അതുണ്ടാവും വരെ കമന്റ്‌ മോഡറേഷന്‍ ഏര്‍പ്പെടുത്തുകയുമാവാമല്ലോ.

25 comments:

ദേവന്‍ said...

ഈ അദ്ധ്യായത്തിലെ സൈക്കോപ്പിണ്ണാക്ക്‌ രേഷ്മക്കും ടേബിള്‍ നിര്‍മ്മലക്കും (ഗ്രാഫ്‌ അടുത്തതിലാവാം) ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

ബാക്കിയെല്ലാം കമന്റിനു മറുപടി എഴുതുന്നത്‌ (അപ്പണി ഇനിയുള്ള ദിവസങ്ങളിലേക്ക്‌ വച്ചു, കിട്ടിയ സമയം കൊണ്ട്‌ പോസ്റ്റ്‌ മുന്നോട്ടു കൊണ്ടുപോവാനുള്ള ശ്രമമാണേ) മാറ്റിവച്ചിട്ടും "യെവന്‍ എന്തരു മര്യാദ കെട്ടവങ്ങ്‌" എന്നു പറയാതെ ക്ഷമിച്ച എല്ലാ വായനക്കാര്‍ക്കും വെടിക്കെട്ട്‌ ചെയ്തു.

ഭീഷണി: ഇത് തുടരും!

ബിന്ദു said...

ഇതിനിപ്പൊ എന്തു കമന്റിട്ടാലും കുരുക്കില്‍ പെടുമല്ലൊ. :)എന്നാലും ഇടുന്നു, എഴുതിയ രീതി ഇഷ്ടായി. നന്നായി എഴുതാന്‍ അറിയാവുന്ന ആളോട് എഴുതിയ രീതി ഇഷ്ടായി എന്നു പറഞ്ഞാല്‍ അതേതു പട്ടികയില്‍ വരും? എന്നാലും കുറച്ച് കൂടി കമന്റുകളെ കുറിച്ചു പറയാമായിരുന്നു. പേരിനൊരു വിമര്‍ശനവും ഇരിക്കട്ടെ. :)

Inji Pennu said...

devetta,
a1b1c3d5 :)

sandoz said...

കൊച്ചീലു വച്ച്‌ ഒതുങ്ങി കിട്ടില്ല...ദുബായിക്ക്‌ കൊട്ടേഷന്‍ കൊടുക്കേണ്ടി വരൂന്നാ തോന്നണേ.......മഹവിഷ്ണൂന്റെ നടക്കല്‍ ഇടാന്‍ വച്ച കാശ്‌ ദേവനു തന്നെ ഇരിക്കട്ടെ.......

പരാജിതന്‍ said...

ദേവാ,
എല്ലാ പോസ്റ്റും വായിക്കുന്നുണ്ട്‌. നോക്കീം കണ്ടും ഒരു കമന്റിടണമെന്നൊക്കെ വിചാരിക്കും. അപ്പോഴേക്കും അടുത്ത പോസ്റ്റ്‌ വരും.
അപ്പോള്‍ (വിചാരിച്ച പോലെ) ഉജ്ജ്വല ഫോമില്‍ തന്നെ; അല്ലേ? :)

(ഈ കമന്റിനു പിന്നിലെ പ്രധാന ചേതോവികാരം: എഴുതിയ ബ്ലോഗറോടുള്ള അസൂയ!)

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവ്‌ ജീ,
കാണുന്നുണ്ട്, വായിച്ചുപഠിച്ചുവരുന്നേയുള്ളൂ.
പതുക്കെ, ആലോചിച്ച്‌ കമന്റിടണമെന്നു തോന്നിയാല്‍ കമന്റിടാം. ഈ മൂന്നാം പതിപ്പ്‌ ഇപ്പൊ കണ്ടതേയുള്ളൂ. വായിക്കട്ടെ.
(നല്ല കമന്റ്റ്റേപ്പറ്റി ഞാനൊന്നുറക്കെ ചിന്തിച്ചിരുന്നു... ദാ ഇപ്പോ, വാഗ്‌ജ്യോതിയില്‍)

riyaz ahamed said...

ദേവന്‍ജിയുടെ പോസ്റ്റ്‌ കണ്ടു, സന്തോഷം!

സുല്‍ |Sul said...

ദേവാ,

ശുദ്ധ അസംബന്ധം (ത്രീഡി)

ഇതിനെന്നാ ഒരവസാനം ഗുരുവേ.
ഓടോ:
മക്കള്‍ക്കൊക്കെ സുഖം തന്നെ. അന്വേഷണം അറിയിക്കണേ.

-സുല്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

ഓട്ടോ:
ഒരു പോസ്റ്റിനെ പറ്റി മാത്രമല്ല, നാം ഈ ലോകത്തിലെ എല്ലാ സംഭവത്തേയും വിലയിരുത്തുന്നത് “a1b1c1d1; a3b2c4d5, a4b3c3d1..." എന്നൊക്കെയാണല്ലോ. a5b5c5d5 എന്നതായാലും ലോകത്തെക്കുറിച്ച്‌ സത്യമായ നിരീക്ഷണം ആവുകയില്ല, വേറേയും വേരിയബ്‌ള്‍സ് ഉണ്ടാ‍വാം.

(ഈ ഓട്ടോയ്ക്ക് ലേബലൊട്ടിച്ചാല്‍, പകരം വീട്ടും:-)
എന്റെ കയ്യില്‍ താങ്കളിട്ട ഒരു കമന്റുണ്ട്, സൂക്ഷിച്ചുവെച്ചിട്ട്).

Unknown said...

ദേവേട്ടാ,
ഇതും നന്നായിട്ടുണ്ട്. ഈ സോദ്ദേശ്യ പ്രയത്നത്തിനെങ്കിലും ഫലമുണ്ടാകട്ടെ.

ബൂലോഗത്ത് സമാധാനത്തിന്റെ പ്രളയമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു:)

എന്റെ കമന്റിനെക്കുറിച്ച്, എനിക്കു തന്നെ അറിയില്ല എന്താ പറയേണ്ടതെന്ന്:)(:

വേണു venu said...

ഇതും ഘന ഗംഭീരം.
കമന്‍റുകളുടെ പിന്നിലെ മാനസ്സികാവസ്ഥ.അതുമൊരു നിര്‍ണ്ണായക ഘടകം ആകുന്നു. ഭാര്യയുമായി വഴക്കു കൂടീട്ടു വരുന്ന സാറു് അന്നാര്‍ക്കെങ്കിലും പിള്ളാര്‍ക്കു് രണ്ടു പൊട്ടിക്കുമെന്നുറപ്പാണു്.
ചെല കമന്‍റുകള്‍‍ ഇതു് തോന്നിപ്പിക്കാറുമുണ്ടു് .
ഇതും നല്ല പോസ്റ്റു തന്നെ.:)

ബയാന്‍ said...

ദേവന്‍ജി, ദേവ്ജി , ദേവഗുരുവേ, ദേവഗുരുജീ,ദേവധിദേവാ, ദേവരാഗം മാഷെ, ദേവേട്ടാ, ദേവാ,...ഇതില്‍ എന്തു വിളിക്കുന്നതാ ദേവനു ഇഷ്ടം. പ്രതിഷ്ഠകള്‍ക്കുവേണ്ടി തല്ലു കൂടുന്നവര്‍ - വളരെ നല്ല പോസ്റ്റുമോര്‍ട്ടം. കമന്റ്‌ എഴുതുന്നതിനേക്കാളും കൂടുതല്‍ വായനക്കാരുണ്ടു - 50 അടിച്ചതും സെഞ്ച്വറി അടിക്കുന്നതും ഒരു മാനദണ്ഡമാകാതിരിക്കട്ടെ. ഉത്തരം താങ്ങാന്‍ ഇനിയും ആള്‍കാരു വേണം. (when someone hugs you , let them be the first to let go)

Haree said...

• ഈ ടേബിളെടുത്ത് സേവ് ചെയ്തു വെച്ചിട്ട്, ഓരോ കമന്റിടുമ്പോഴും റഫര്‍ ചെയ്ത്, കമന്റിട്ടാലോ...
• വായിച്ചിട്ട് ആദ്യം തോന്നുന്നത്, ഒരുപക്ഷെ എഴുതിയ ആള്‍ക്ക് ഇഷ്ടമാവുകയില്ലായിരിക്കാം, അതങ്ങ് കമന്റിയാലോ?
• എന്താണെഴുതിയിരിക്കുന്നതെന്ന് വിശദമായി വായിച്ച്, കിട്ടാവുന്ന റഫറന്‍സൊക്കെ നോക്കി, പിന്നെയും കമന്റിടണെമെന്നു തോന്നുന്നെങ്കില്‍ ഇടേണ്ടതാണോ ഇനി കമന്റുകള്‍?

ഓടോ: ഇതിനി ടേബിളില്‍ എത് ചതുരത്തില്‍ വരുമോ ആവോ...
--

ശിശു said...

:)
a5b1c3d5

അതുല്യ said...

പാമ്പിനെ കുറിച്ചുള്ള പോസ്റ്റില്‍, കമന്റിടുമ്പോ, പാമ്പിന്റെ കാലിന്റെ ചിത്രം ലിങ്കായിട്ട്‌ ഇടുന്നവരെ ഏത്‌ കോളത്തിലു കൂട്ടും ദേവാ?

(പാമ്പ്‌ ഇപ്പോഴും അവിടെ തന്നെയുണ്ടല്ലോ അല്ലേ? :)

എന്നും രണ്ട്‌ സ്പൂണ്‍ ബ്ലോഗാദിഘടഹം കമന്റാദി ലേഹ്യത്തില്‍ ചാലിച്ച്‌ സേവിച്ചാല്‍ പോസ്റ്റിടാന്‍ തോന്നുന്ന അസ്ക്യതയ്ക്‌ ഒരു നിമിത്തം ഉണ്ടാവുമോ ദേവഗുരുവേ?

അലിഫ് /alif said...

ആദ്യം ബോക്സിംഗ് പഠിക്കട്ടെ(ബോക്സിലുള്ളത്) പിന്നാവാം കമന്‍റുകളെകുറിച്ചുള്ള ഈ കുറിപ്പിനൊരു കമന്‍റ്. എന്നാലും ചോദ്യങ്ങളാകുന്ന കമന്‍റുകള്‍, ഉദാ: ഒരു ചര്‍ച്ച, അതില്‍ തനിക്കറിയേണ്ടുന്ന ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുവാനുപയോഗിക്കുന്ന തരം കമന്‍റുകള്‍
ഏത് കോളത്തില്‍ പെടും..?

ഇതും നല്ല പോസ്റ്റ്..ഭീഷണി വരവുവെച്ചിരിക്കുന്നു, തുടരുഹ..

Siju | സിജു said...

ഇടുന്ന എല്ലാ കമന്റുകളേയും ഇത്ര കൃത്യമായി കാറ്റഗറൈസ് ചെയ്യാന്‍ പറ്റുമോ..
പല കമന്റുകളും ഇതിനു പുറത്തു പോകുന്നില്ലേ..

ഇതൊരു ഔട്ട് ഓഫ് ബോക്സ് സോറി ടേബിള്‍ കമന്റാ.. :-)

ഏറനാടന്‍ said...

ദേവേട്ടാ, ദേവേട്ടാ നമ്മ സ്വന്തം ദേവൂട്ടാ.. (രജനി സ്‌റ്റൈല്‍ പാടല്‍)..

ഇനി ഗമന്റാനും ഒരു പൊസ്‌റ്റ്‌ തട്ടിക്കൂട്ടിയിടാനും ഒന്നൂടെ പേടിയായി, ഇതൂടെ വായിച്ചപ്പോള്‍..!

ഗന്ധര്‍വഗുരുവും ദേവേന്ദ്രഗുരുവും കൂടി ബൂലോഗം തൂത്തുവാരി പുണ്യാഹം തളിച്ച്‌ ശുദ്ധീകരിക്കാന്‍ തന്നെ പുറപ്പെട്ടതേതായാലും 'പ്രേത-ഭൂത-അനോണിചാത്തന്‍സിന്‌' അറുതിവരുത്തുമല്ലോ..

നന്ദി ഉദ്യമം വിജയീഭവ: ഒരു യാഗം ആക്കിയാലോ? എന്തേയ്‌?

Kaippally കൈപ്പള്ളി said...

ദേവന്‍.

എന്തിന ദേവ ഇങ്ങനെ തലമുടി നരപ്പിക്കുന്നത്.

വേറെ വിഷയം ഒന്നുമില്ലെ അണ്ണ.

കാര്യം കൊള്ളം പക്ഷെ അല്പം വിരസമാകുന്നോ എന്നൊരു തോന്നല്‍.

കെവിൻ & സിജി said...

ഗവേഷകാ, ഈ പ്രബന്ധം ഏതു യൂണിവേഴ്സിറ്റീലാ അവതരിപ്പിക്കാന്‍ പോണേ? ഏതെങ്കിലും കാലിക്കൂത്തു് വാഴ്സിറ്റിയിലും കൊണ്ടുകളഞ്ഞേക്കല്ലേ, ട്ടോ.
സംഗതി ഇഷ്ടായീന്നു അനുബന്ധം.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ആത്മീയതയെക്കുറിച്ചുള്ള പോസ്റ്റ്‌ പൊലും ഇത്ര ബോറല്ല. താങ്കള്‍ ഒരു നിസ്സാര വസ്തുത താത്വികമാക്കി പുകയില്‍ മറക്കാന്‍ ശ്രമിക്കുന്നു. നൂറു ദിവസം ഓടട്ടെ !

krish | കൃഷ് said...

ഇതിനിപ്പോ എന്താ പറയ്വാ.. :):)

സിദ്ധാര്‍ത്ഥന്‍ said...

കമന്റുകളെ വകതിരിച്ചു പറയുന്നതു കൊണ്ടുള്ള ഒരു ഗുണം, അര്‍ഹിക്കുന്ന രീതിയില്‍ അവയെ കണക്കിലെടുക്കാന്‍ സഹായിക്കുമെന്നതാണു്. അങ്ങനെ സാധിക്കുമ്പോള്‍ പല അനാവശ്യമായ കമറ്റുകളും ഒഴിവാക്കാന്‍ കഴിയും. വകതിരിക്കല്‍ അതു നിര്‍വ്വചിക്കാന്‍ കഴിവുള്ള ഒരാളുടെ കൈകൊണ്ടാവുമ്പോള്‍ അതിനാധികാരികത വരും.

ഓട്ടോ: ഒരു അക്കൌണ്ടന്റിനേക്കാള്‍ ക്രെഡിറ്റ് ഡെബിറ്റ് വഹതിരിക്കാന്‍ കഴിവുള്ളവനാരു് ;)

നിര്‍മ്മല said...
This comment has been removed by the author.
നിര്‍മ്മല said...

ആഹാ... വളരെ നന്ദി!
എന്നാലും ഒരു b4 കമന്റെ
എനിക്ക് അഴികള്‍(കോളം) സമര്‍പ്പിച്ചത് പ്രതീകാത്മകമാണോ?