ഇന്റര്‍നെറ്റ് അഡിക്ഷന് എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ് അഡിക്ഷന്, ഗെയിമിംഗ് അഡിക്ഷന്, പോര്‍ണോഗ്രഫി അഡിക്ഷന്, ബ്ലോഗ് അഡിക്ഷന് എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം.
അടിപ്പെടലിന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്നതാണ് മദ്യാസക്തി. മദ്യത്തിനടിമപ്പെട്ടയാള്‍
1. സ്ഥിരമായി മദ്യപിക്കുന്നു.
2. മദ്യമില്ലാതെയാകുമ്പോള്‍ അസ്വസ്ഥനാകുകയും മദ്യപാനം കൊണ്ട് അത് പരിഹരിക്കുകയും ചെയ്യുന്നു.
3. ജോലി, കുടുംബം എന്നിവയ്ക്കു വേണ്ടി ചിലവാക്കേണ്ടിയിരുന്ന സമയം മദ്യപിക്കാന്‍ ഉപയോഗിക്കുന്നു.
4. മദ്യപിക്കാനായി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ബന്ധുക്കളുടെ വിവാഹം, ഔദ്യോഗിക ചടങ്ങുകള്‍, കുട്ടികളുടെ പ്രധാന കാര്യങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയോ വഴിപാടു പോലെ കഴിച്ച് മദ്യശാലയിലേക്ക് മടങ്ങുകയോ ചെയ്യുന്നു.
5. മദ്യം ജോലി നഷ്ടപ്പെടുന്നതിലേക്കോ കുടുംബപ്രശ്നത്തിലേക്കോ നയിക്കുന്നെന്ന് അറിയുമ്പോഴും മദ്യപാനം നിര്‍ത്താനാവുന്നില്ല.
6. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനായി (മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ അടക്കം ) മദ്യപിക്കുന്നു.
വായിച്ചു കഴിഞ്ഞല്ലോ? ഇനി മദ്യം എന്നയിടത്ത് ബ്ലോഗ് എന്നും മദ്യാസക്തന് എന്നയിടത്ത് ബ്ലോഗ് അഡിക്ട് എന്നും മദ്യപാനം എന്നയിടത്ത് ബ്ലോഗ്ഗിംഗ് എന്നും വാക്കുകള്‍ മാറ്റി വായിച്ചു നോക്കുക. ബ്ലോഗ് അഡിക്ഷന് എന്നൊന്നുണ്ടോ അതോ വെറുതേ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണോ എന്ന് സ്വയം ബോദ്ധ്യപ്പെടാം.
എന്താണ് ബ്ലോഗ് അഡിക്ഷന് കൊണ്ട് സംഭവിക്കുന്നത്?
തീര്‍ച്ചയായും മദ്യാസക്തി പോലെ ശാരീരിക പ്രശ്നങ്ങള്‍ വലുതായൊന്നും ഉണ്ടാകുന്നില്ല (കുത്തിയിരുന്നു ബ്ലോഗി കണ്ണോ നടുവോ ഫ്യൂസ് ആയേക്കാം), എന്നുവച്ച് അതുകൊണ്ട് ദോഷമൊന്നുമില്ലെന്ന് അനുമാനിക്കാന്‍ പറ്റില്ല.
ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിമറിക്കാന്‍ ഈ ആസ്കക്തിക്കു കഴിയും. ജോലിയിലെ കാര്യക്ഷമത (പ്രൊഡക്റ്റീവിറ്റിയുടെ മലയാളം ഇതു തന്നെയോ?) കുറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ കുറേ വര്‍ഷം കഴിഞ്ഞ്, എന്നായാലും അതിന്റെ ദൂഷ്യവശങ്ങളും നമ്മളനനുഭവിച്ചേ തീരൂ. കിട്ടാത്ത പ്രൊമോഷനായോ, മേലുദ്യോഗസ്ഥനോട് പിണങ്ങലായോ, സ്വന്തം സ്ഥാപനമാണെങ്കില്‍ കുറച്ചു സമയം അതിനു വേണ്ടി ചിലവാക്കുന്നതിനാലുള്ള കേടായോ, ഒന്നുമില്ലെങ്കില്‍ കുറ്റബോധമായോ സ്വയമുള്ള മതിപ്പിനു വരുന്ന ഇടിവ് ആയോ എങ്കിലും അത് നമുക്ക് പണി തരും.
വീട്ടുകാരോടൊത്ത് പ്രത്യേകിച്ച് ഭാര്യ/ഭര്‍ത്താവിനോടും കുട്ടികളുമൊത്തും ചിലവിടേണ്ട സമയം ബ്ലോഗിനായി മാറ്റിപ്പോകും അഡിക്റ്റ്. അതും വലിയ തെറ്റു തന്നെയാണ്. തൊഴില്‍ സ്ഥലത്തെപ്പോലെ തന്നി കുടുംബാംബങ്ങള്‍ക്കും നമ്മുടെ സമയത്തില്‍ അവകാശമുണ്ട്, അവരോടൊത്ത് വൈകാരിക വിനിമയം നടത്താന്‍ നമുക്ക് ബാദ്ധ്യതയുമുണ്ട്. ദമ്പതികളില്‍ ഒരാള്‍ മാത്രം ബ്ലോഗുന്നയാളാണെങ്കില്‍ (എന്നെപ്പോലെ) recreational companionship ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കാന്‍ അഡിക്റ്റിനു കഴിയുന്നില്ല. മദ്യപന്റെ കാര്യം തന്നെ എടുക്കുക, അയാള്‍ രസിക്കുന്ന കാര്യങ്ങള്‍, ഷാപ്പ്, കുടി, അവിടത്തെ കൂട്ടുകാര്‍, ബോധമില്ലാത്ത തോന്യാസങ്ങള്‍ ഒന്നിലും ഭാര്യക്ക് പങ്കു ചേരാനാവുന്നില്ല, അതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍-കടം, വഴക്ക്, ആരോഗ്യനാശം ഇതൊന്നും അവര്‍ക്ക് മനസ്സിലാവുകയുമില്ല. ഒറ്റപ്പെടലിന്റെ, അകല്‍ച്ചയുടെ, വഴക്കിന്റെ, തല്ലിന്റെ വിത്ത് അതാണ്.
ബന്ധങ്ങള്‍, സൌഹൃദം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും കുറച്ചു കളയാന്‍ അഡിക്ഷനു കഴിയും.
അഡിക്ഷനില്‍ നിന്നും കരകേറുന്നതെങ്ങനെ?
ആദ്യം അഡിക്ഷനുണ്ടോ എന്ന് സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടുക (നിര്‍മ്മലയോട് ഒരു ഫ്ലോ ചാര്‍ട്ട് ഞാന്‍ ഏറ്റു പോയി, അതിനാല്‍ വലിയ ആവശ്യമൊന്നുമില്ലാഞ്ഞിട്ടും അതിവിടെ ഇടുന്നു.)

അഡിക്ഷനുണ്ടോ? അതിന്റെ പേരില്‍ ബ്ലോഗൊന്നും നിറുത്തേണ്ടതില്ല (അങ്ങനെ തീരുമാനിച്ചാല്‍ അതൊരു നഷ്ടം തന്നെയാകും. മാത്രമല്ല, ഭാവിയില്‍ തീരുമാനം ലംഘിക്കാനുള്ള സാദ്ധ്യതയും കൂടും).
ആദ്യപടി എളുപ്പമാണ്, ബ്ലോഗാന്‍ സ്ഥലപരിധിയും സമയപരിധിയും തീരുമാനിക്കുക .
അടുത്തത്, അതായത് ഈ പരിധികള്‍ നടപ്പിലാക്കുകയും ഉപേക്ഷയില്ലാതെ അതു തുടരുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല. ഇതിനു ഞാന്‍ കണ്ടുപിടിച്ച പരിപാടി അതിലെ അഗ്രീവ്ഡ് ആയ കക്ഷിയോട് തുറന്നു പറയുക എന്നതാണ്. ഓഫീസില്‍ ബ്ലോഗ്ഗിംഗ് നിറുത്താന്‍ അവിടെ നിന്നുള്ള സംവിധാനം എടുത്തു കളയുക, വീട്ടില്‍ ബ്ലോഗ്ഗിംഗ് കുറയ്ക്കാന്‍ "ഞാന്‍ ആലോചിച്ചപ്പോള്‍ ആവശ്യത്തിലും കൂടുതല്‍ സമയം ഞാന്‍ ബ്ലോഗില്‍ ചിലവിടുന്നുണ്ട്, ഇനിമുതല്‍ രാത്രി 10 മുതല്‍ 10.45 വരെ വീട്ടിലുണ്ടെങ്കില്‍ ആ സമയത്തേ ഞാന്‍ ബ്ലോഗ് എഴുതുകയുള്ളു, ഇത് തെറ്റിക്കുകയാണെങ്കില്‍ നീ എന്നെ ഓര്‍മ്മിപ്പിക്കണം" എന്ന് പറഞ്ഞാല്‍ അവരത് സന്തോഷമായി ചെയ്തു തരും.
ചുരുക്കത്തില്‍ അഡിക്ഷനുണ്ടോ എന്ന് സ്വയം കണ്ടെത്തുക, സ്വയം സമ്മതിക്കുക, അതിലെ വിക്ടിമിനോടും സമ്മതിക്കുക. പ്രശ്നം പരിഹരിക്കപ്പെടും. അധികമായാല്‍ ബ്ലോഗും വിഷം.
ടെയില്‍ ടെയില്‍
22/03/2007 ല്‍ അപ്പീസില് നടന്ന ഫോണ്‍ സംഭാഷണം.
ദേവന് :> ഹലോ
ഹെ. ഡ :> ഐ റ്റി ഹെല്‍പ്പ് ഡെസ്ക്, ഞാന്‍ നിന്നെ സഹായിച്ചു ശരിയാക്കിക്കളയും.
ദേവന്:> നീ ഒരു സഹായം ചെയ്താല്‍ മതി, പ്രോക്സി അഡ്മിനോ മറ്റോ അവിടെ ഉണ്ടെങ്കില്‍ പിടിച്ചു താ.
(ഫോണിലൂടെ സംഗീതം, പരസ്യം)
വെ മാ:> ഹലോ, ഇത് വെബ് മാസ്റ്റര്‍, ഞാനും സഹായിക്കും.
ദേവന്> മാസ്റ്ററേ, രണ്ട് യൂവാറെല്ലുകള്‍ ബ്ലോക്കണം
വെ മാ :> എന്താ കാര്യം, വൈറസ് ഉണ്ടോ? സ്പൈ, ആഡ്വേര്‍, പനി, ചുമ, വാതം?
ദേവന്> ഹേയ്, അതൊന്നുമില്ല, പക്ഷേ എനിക്കു പ്രലോഭനം സഹിക്കുന്നില്ല, കമ്പത്സീവ് ബ്രൌസിംഗ്.
വെ മാ:> ഇപ്പോ ശരിയാക്കാം, അഡ്രസ്സ് പറ.
ദേവന് :> ബ്ലോഗര്‍ ഡോട്ട് കോം, വേഡ് പ്രസ് ഡോട്ട് കോം.
വെ മാ :> രണ്ടു കോമനേം ഞാന്‍ സൈബര്‍ പട്രോളിനെക്കോണ്ട് തടുത്തു.
ദേവന്:> സന്തോഷം. ഓഫീസില്‍ നിന്നും ഇതേല് പോകുന്നില്ലെന്ന തീരുമാനം 4 മാസം ഞാന്‍ സ്വയം പാലിച്ചു. ഇന്ന് ഓര്‍ക്കാതെ അതേല് കേറിപ്പോയി. അതാണു പ്രകോപനം.
വെ മാ:> ഇനിയും വല്ലോം ബ്ലോക്കാനുണ്ടേല്‍ വിളിക്കണേ.
ദേവന്:> മിക്കവാറും വിളിക്കും, ശരി അപ്പോ.
ഫലം- ഇനിമുതല്‍ രാത്രി അത്താഴത്തിനു ശേഷം മാത്രം ബ്ലോഗിങ്ങ്. അല്ലെങ്കില്‍ അവധിദിനത്തില്‍. അടുത്തത് ബ്ലോഗ്ഗിങ്ങില്‍ സദാ(വാരേണ്ട) ചാരം.