Sunday, February 8, 2009

പേടി

പേടി

അഞ്ഞൂറു വര്‍ഷം മുന്നേ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി എന്നിവ. പേടി റൂള്‍ ഇപ്രകാരമാണ്‌- സന്ധ്യകഴിഞ്ഞാല്‍ മുന്നോക്കജാതിയില്‍ പെട്ട സ്ത്രീകളെ പുലയരോ പറയരോ മണ്ണാന്മാരോ തീണ്ടിയാല്‍ (ജാതിയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ അറുപത്തിനാലടി അടുത്തുവന്നാലൊക്കെ തീണ്ടലായി) ആ സ്ത്രീയെ ഭ്രഷ്ടുകല്‍പ്പിച്ച്‌ തീണ്ടിയ മനുഷ്യനോടൊപ്പം പടിയിറക്കി വിടണം. തീണ്ടണമെന്നു തന്നെയില്ല ഒരു കല്ലോ കമ്പോ എടുത്ത്‌ സ്ത്രീയുടെ ദേഹത്തെറിഞ്ഞ്‌ "കണ്ടേ" എന്നു വിളിച്ചു കൂവിയാല്‍ മതിയാകും.

ഈ ആചാരത്തെ ഭേദഗതി ചെയ്ത്‌ തീണ്ടാരിയായ സ്ത്രീ കുളിച്ചാല്‍ മതിയെന്നും തീണ്ടുന്ന പുരുഷനെ വധിക്കണമെന്നും (എത്ര നല്ല നീതി, മറ്റു അയിത്താചാരവുമായി എന്തു ചേര്‍ച്ച) വിധിച്ച്‌ ഇരണിയല്‍ കേരളവര്‍മ്മ ഇളയരാജ വിളംബരം ചെയ്തു. മന്ത്രിപ്രമുഖരായിരുന്ന ഇളമ്പയില്‍ പണ്ടാനും ഇടത്തട്ട പോറ്റിയും അടങ്ങുന്ന ഒരു സംഘം മാടമ്പിമാര്‍ വിളംബരത്തോട്‌ പ്രതികരിച്ചത്‌ രാജാവിനെ പതിയിരുന്നാക്രമിച്ച്‌ വധിച്ചാണ്‌.

മാടമ്പിമാര്‍ക്കും മേല്‍ജാതിക്കാര്‍ക്കും തങ്ങളുടെ സ്ത്രീകളെ അവരുടേതല്ലാത്ത കുറ്റത്തിനു ക്രൂരമായി ശിക്ഷിക്കുന്ന ഈ കാടന്‍ നിയമം എങ്ങനെ പ്രിയമുള്ളതായി?

ഒറ്റയടിക്ക്‌ രണ്ടുകാര്യം സാധ്യമായതുകൊണ്ടാണ്‌ ഈ ആചാരം നിലനിന്നിരുന്നതെന്ന് തോന്നുന്നു:
എല്ലാ ജാതിമതാനാചാരങ്ങളുടെയും ഇര സ്ത്രീകളാണ്‌. ജാതി പ്രബലമായിരുന്ന കാലത്ത്‌ ഒരു ജാതിയിലെയും സ്ത്രീയുടെ ജീവിതം ഭേദമായിരുന്നില്ല കേരളത്തില്‍. ഈ ആചാരത്തിന്റെ പേരില്‍ തന്നെയുണ്ട്‌ "പേടി". ഭയപ്പെടുത്തി തങ്ങളുടെ സ്ത്രീകളെ അറയ്ക്കു പുറത്തിറങ്ങാതാക്കാന്‍ ഈ ആചാരത്തിനു ശേഷിയുണ്ട്‌.

രണ്ടാമതായി, ജാതിയില്‍ പിന്നോക്കമായവരെ തീണ്ടാപ്പാട്‌ അകലെ നില്‍ക്കേണ്ട നികൃഷ്ടരായിക്കാണാന്‍ ആളുകളെ, പ്രത്യേകിച്ച്‌ പെണ്ണുങ്ങളെ ഈ നിയമം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

നൂറ്റാണ്ടുകള്‍ മുന്നേ നമ്മള്‍ പേടികളില്‍ നിന്നു വിമുക്തരായെന്ന് കരുതിയിരിക്കുകയായിരുന്നു. മംഗലാപുരത്ത്‌ നടന്നു വരുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും പേടി തീണ്ടുന്നു.

മുസ്ലീം പേടിയാണ്‌ സദാചാരക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌. പബ്ബില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സമയത്തു തന്നെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ സൈറ്റുകള്‍ "മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വശീകരിച്ച്‌ കൊണ്ടുപോവുന്ന സ്ഥലങ്ങളാണ്‌ പബ്ബുകളെന്ന്" വിശദീകരണക്കുറിപ്പുകള്‍ കണ്ടിരുന്നു. ടൂര്‍ പോകുകയായിരുന്ന കോളേജ്‌ കുട്ടികളെയും ഹോസ്റ്റലിലേക്ക്‌ പോകുകയായിരുന്ന സ്കൂള്‍ കുട്ടികളെയും ആക്രമിച്ചതിന്റെ പിന്നിലും അവരെ മുസ്ലീം തീണ്ടിയെന്ന ന്യായമാണ്‌ കാണുന്നത്‌.


പെണ്ണുങ്ങളെ പുരയ്ക്കകത്ത്‌ അടച്ചു കഴിയാന്‍ നിര്‍ബ്ബന്ധിതരാക്കാം, ഒപ്പം അന്യമതസ്ഥന്‍ എന്നാല്‍ ഭയന്ന് ഓടിയൊളിക്കേണ്ട ഒരു സാധനമാണെന്ന ബോധവും അവരോടുള്ള വെറുപ്പും വളര്‍ത്തിയെടുക്കാം. പുതിയ പേടിയുമായി മാടമ്പികളും പിണിയാളരും എത്തിക്കഴിഞ്ഞു.

വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ മാങ്ങാണ്ടിയാണോ മരമഞ്ഞള്‍ ആണോ എന്ന് അറിയാത്ത കാലത്തേക്കാണ്‌ നമ്മള്‍ പോകുന്നതെന്ന പേടിയാണ്‌ എനിക്കിപ്പോള്‍. വ്യക്തിതലത്തിലെ പരിചയക്കാരില്‍ ഒരു ചെറിയ ഭാഗം (സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍ വരെ) ഹിന്ദുത്വവര്‍ഗ്ഗീയതയെക്കാണുന്നത്‌ ന്യൂനപക്ഷ ഭീകരതയെ ചെറുക്കാനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമെന്ന നിലയിലാണ്‌. അതിലും ചെറിയൊരു ശതമാനം "നിങ്ങളെന്നെ വര്‍ഗ്ഗീയവാദിയാക്കി" എന്ന ലൈനിലാണ്‌. ഇവരാരും ഒരു ഹിന്ദുത്വതാലിബാന്‍ ഭരണം സ്വപ്നം കാണുന്നവരല്ല, പക്ഷേ അവരറിയാതെ അതിനെ വെള്ളവും വളവും കൊടുത്തു വളര്‍ത്തുന്നുമുണ്ട്‌. ഇത്തരം സംഭവങ്ങള്‍ ഒരു പാഠമായില്ലെങ്കില്‍ ഒരവധിക്ക്‌ നാട്ടിലെത്തി സ്കൂട്ടറില്‍ കടയിലേക്കു പോകുന്ന എന്നെയും ഭാര്യയെയും കൊല്ലം പട്ടണത്തില്‍ ഏതെങ്കിലും സേന ജനസമക്ഷം തടഞ്ഞു നിര്‍ത്തി " ഒരു മതത്തില്‍ പെട്ടവരാണെന്നു തെളിവുകാണിക്ക്‌" എന്നാവശ്യപ്പെട്ടേക്കാം. സീമന്ദ രേഖയില്‍ സിന്ദൂരവും താലിയും മാലയും പീലിയുമൊന്നും
വിവാഹമോതിരവും ശീലമില്ലാത്ത മതം ഹിതിരിച്ചറിയുന്ന ചിഹ്നങ്ങളൊന്നുമില്ലാത്ത ഞങ്ങള്‍ ഓടയില്‍ കിടന്ന് ചവിട്ടേല്‍ക്കുന്നത്‌ ടീവിയില്‍ ലൈവായി വരുമെന്ന പേടികൊണ്ട്‌ ഇത്രയുമെഴുതിയതാണ്‌.

(പേടിക്കേണ്ട, നാട്ടില്‍ പോകുമ്പോള്‍ സ്കൂട്ടറെടുക്കാതെ ഒരു ബെന്‍സ്‌ വാങ്ങ്‌, എന്നിട്ട്‌ സ്വന്തം ഭാര്യയെയോ വല്ലവന്റെ ഭാര്യയെയോ അതില്‍ കയറ്റി സൌത്ത്‌ പാര്‍ക്കില്‍ ഭക്ഷണവും ഗോള്‍ഫ്‌ ക്ലബ്ബില്‍ പാര്‍ട്ടിയുമായി ജീവിക്ക്‌ ഒരു സേനയും ഒരുകാലത്തും പിടിച്ചു നിര്‍ത്തില്ല എന്ന് രസികനായ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ ഉപദേശം. പണക്കൊഴുപ്പിനു മറികടക്കാന്‍ പറ്റാത്ത സദാചാരമില്ലല്ലോ)

29 comments:

അയല്‍ക്കാരന്‍ said...

ഈ മണ്ണാപ്പേടി എല്ലാ ദിവസവും സന്ധ്യ കഴിഞ്ഞ് ഉണ്ടായിരുന്നോ? വര്‍ഷത്തില്‍ ചില ദിവസങ്ങള്‍ ഇതിനായി റിസര്‍വ്വ് ചെയ്തു വെച്ചിട്ടുണ്ടാ‍യിരുന്നു എന്ന് എവിടെയോ വായിച്ചതു പോലെ.

പിന്നെ ബസില്‍ ആണും പെണ്ണും സീറ്റ് ഷെയര്‍ ചെയ്താല്‍ സമൂഹത്തിന് ഹാലിളകുന്നത് കലയപുരത്തും മംഗലാപുരത്തും മങ്കടയിലും ഒരുപോലെ തന്നെ.

നമ്മുടെ നാടുപോകുന്ന പോക്കു കണ്ടിട്ട് അന്യമതക്കാരോട് മിണ്ടാന്‍ വരെ പേടിയാകുന്ന ലക്ഷണമാ. സര്‍വത്ര പേടി. ഒരന്യമതക്കാരന്‍‌റെ പേരില്‍ ഒരു ബ്ലോഗുണ്ടായിരുന്നതു വരെ പേടി കാരണം ഞാന്‍ പൂട്ടി.

സാമ്പത്തികമായി കഴിവുള്ളവര്‍ സ്വന്തമായിട്ട് ഓരോ സേനയുണ്ടാക്കുക എന്ന് ഒരു പ്രതിവിധിയേ ഉള്ളൂ എന്ന് തോന്നുന്നു. കൊല്ലസേന എന്ന പേര് ജാതിയമായി വര്‍ക്ക് ഔട്ട് ആവില്ല എന്നു തോന്നുന്നെങ്കില്‍ ഒരു ദേവസേനയുണ്ടാക്കി നോക്കണമെന്ന് ദേവനും തോങ്ങിത്തുടങ്ങിയേക്കാം.

മുസ്തഫ|musthapha said...

പഴമയിലേക്ക് തിരിച്ചു പോകാന്‍ കൊതിക്കുന്നവരാണ് നമ്മള്‍ ചില കാര്യങ്ങളിലെങ്കിലും... അതു പിന്നെ അഞ്ഞൂറ് വര്‍ഷം പിറകിലേക്കാണെങ്കില്‍ ബഹുകേമമായില്ലേ!

ഗുപ്തന്‍ said...

പഴയ പേടികളോടുള്ള കമ്പാരിസണ്‍ അസലായി ദേവേട്ടാ. രാഷ്ട്രീയം ഇതേലൈനിലാണെന്ന് ഊഹിച്ചിരുന്നെങ്കിലും ഇത്ര വ്യക്തമായിരുന്നില്ല.

വാലന്റൈന്‍സ് ദിനം/പ്രണയം/ഡേറ്റിംഗ് മുതലായവയോടുള്ള എതിര്‍പ്പും ഇതേ ലൈന്‍ തന്നെ ആണെന്ന് വിചാരിച്ചേ പറ്റൂ. സ്തീകളെ അടക്കിനിര്‍ത്തുന്നതിന്റെ പ്രധാന മാര്‍ഗവും ആയുധവും അടയാളവുമായിരുന്നു ‘കെട്ടിച്ചുകൊടുക്കല്‍‘ എന്ന അറേഞ്ച്ഡ് മാര്യേജ്. കുടുംബത്തിലെ പുരുഷന്മാരോ പുരുഷപിന്തുണയുള്ള മേട്രണോ വിചാരിച്ചാല്‍ ഏത് പെണ്‍കുട്ടിയെയും ആരുടെ കൂടെ വേണമെങ്കിലും പറഞ്ഞുവിടാവുന്ന അവസ്ഥ. അതിന് മാറ്റമുണ്ടാകുന്നതിനോടാണ് ഈ ഭയം.

കാളിയമ്പി said...

മംഗലാപുരത്തെ പുതിയ സംഭവ വികാസങ്ങള്‍ കൂടി കേട്ടപ്പോള്‍ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാതെ നില്‍ക്കുമ്പോഴാണ് ഈ പോസറ്റ്.കൂടുതലൊന്നും പറയാനുമില്ല. ചിന്നക്കടയ്ക്ക് ഒരു വിളിപ്പാടകലെ ഓടയില്‍ ചവുട്ടിത്താഴ്ത്താന്‍ ആള്‍ക്കാര്‍ ഇപ്പോഴേ റേഡിയായി നില്‍പ്പുണ്ട് ദേവേട്ടാ

ജയരാജന്‍ said...

"വ്യക്തിതലത്തിലെ പരിചയക്കാരില്‍ ഒരു ചെറിയ ഭാഗം (സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍ വരെ) ഹിന്ദുത്വവര്‍ഗ്ഗീയതയെക്കാണുന്നത്‌ ന്യൂനപക്ഷ ഭീകരതയെ ചെറുക്കാനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമെന്ന നിലയിലാണ്‌" ഇത് സത്യം. നാട്ടിൻ‌പുറങ്ങളിൽ പ്രത്യേകിച്ചും ഹിന്ദുക്കൾ മാത്രം താമസിക്കുന്ന സ്ഥലങ്ങളിൽ ഇങ്ങനെ ചിന്തിക്കുന്ന ധാരാളം ആളുകളുണ്ട് - അന്യമതക്കാരെപ്പറ്റി മാധ്യമങ്ങളിൽ വരുന്ന സെൻസേഷണൽ വാർത്തകളും ലേഖനങ്ങളും വായിച്ച അറിവേ അവർക്കുള്ളൂ. ഒരു പരിധി വരെ, ഇങ്ങനെയുള്ളവർക്ക് ഭീകരത ആരുടെ ഭാഗത്ത് നിന്നായാലും എതിർക്കപ്പെടേണ്ടതാണെന്ന കാര്യം പറഞ്ഞ് കൊടുക്കാം. എന്നാൽ സോ കാൾഡ് അഭ്യസ്തവിദ്യര്‍ക്ക് ഇത് പറഞ്ഞാലും മനസ്സിലാവില്ലെന്നതാണ് പ്രശ്നം - കാര്യം പറയുന്നവൻ മാർക്സിസ്റ്റും സ്യൂഡൊ സെക്യുലറും ന്യൂനപക്ഷ പ്രീണനക്കാരനും ഒക്കെ ആയി മുദ്ര കുത്തപ്പെടും. ഇത്തരക്കാർ എണ്ണത്തിൽ കുറവാണെന്നതാണ് ഏക ആശ്വാസം
Word veri: runfoe :)

എതിരന്‍ കതിരവന്‍ said...

ആ ബെൻസ് കാറിന്റെ കാര്യം പറഞ്ഞത് എത്ര ശരി. ജാതിവ്യത്യാസവും സാമ്പത്തികവും പ്രമേയമാക്കി കൃഷ്ണ തൃഷ്ണ ഒരു പോസ്റ്റ് ഇട്ടിരുന്നു. പണവും പദവിയും ഉണ്ടെങ്കിൽ ജാതി മത വ്യത്യാസമൊന്നും ആർക്കും പ്രശ്നമല്ല. നിഷാൽ ചന്ദ്രൻ നായർക്ക് ഈഴവ പെൺകുട്ടിയായ കാവ്യ മാധവനെ കല്യാണം കഴിക്കാം. ആർക്കും ഒരു ചുക്കുമില്ല.

അനില്‍ശ്രീ... said...

എന്റമ്മോ.... ഇവിടെയെങ്ങാനും ശ്രീരാമസേന വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ... അറബിയോട് സംസാരിക്കുന്ന ഹിന്ദു സ്ത്രീകളേയൊക്കെ ഇവന്മാര്‍ ചുട്ടി കുത്തിയേനെ. ... :)

vimathan said...

ദേവന്‍ , ശക്തവും സമയോചിതവുമായി ഈ കുറിപ്പ്.
Petit bourgeois ഉം Lumpen Proletariat ഉം, “നമ്മുടെ സംസ്കാരം” സംരക്ഷിക്കാന്‍ ഒന്നിക്കുന്നത് ഫാസിസത്തിന്റെ മുന്നൊരുക്കമാണെന്ന് ചരിത്രം ഓര്‍മ്മിപ്പിക്കുന്നു.

പ്രയാസി said...

കൂടെ പഠിച്ച ജമീല പോയത് ജോയിടെ കൂടെ,

വീടിനടുത്തുള്ള സീനത്ത് കൊത്തന്‍ കുമാറിന്റെ കൂടെ പോയി,

അവസാനം അല്‍‌അമീന്റെ കൂടെ സൂസിയും വന്നു‘

എന്താ ഇങ്ങനെന്ന് ചോയിച്ചപ്പ മൊഹബ്ബത്തിന് കണ്ണില്ലാ കാലില്ലാ മതമില്ലാന്നൊക്കെ ബല്യോര് പറഞ്ഞ്!!

പക്ഷെ ഇപ്പ ഇക്ക് സംശയണ്ട്

കണ്ണില്ലാ കാലില്ലാ മതമില്ലാന്നൊക്കെ പറയണ പോലെ ഇതിന്റെ പിന്നിലൊക്കെ ഓരൊ റോമിയൊമാരുണ്ട്!!

ക്യഷ്ണാ റോമിയോസ്
ജിഹാദി റോമിയോസ്
ഇടയ റോമിയോസ്

കഷ്ടം! പ്രണയമെന്ന വികാരത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍

ഓടോ: ഫെബ്രുവരി പതിനാലെന്ന പടിഞ്ഞാറന്‍ ആഘോഷത്തിന് കളുസം വരെ കീറിയിരുന്ന കാമുകര്‍ ഈ പേടി കാരണം രക്ഷപ്പെട്ടു.

Babu Kalyanam said...

"വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ മാങ്ങാണ്ടിയാണോ മരമഞ്ഞള്‍ ആണോ എന്ന് അറിയാത്ത കാലത്തേക്കാണ്‌ നമ്മള്‍ പോകുന്നതെന്ന പേടിയാണ്‌ എനിക്കിപ്പോള്‍."

:-(

ഇതു കണ്ടായിരുന്നോ?

Radheyan said...

നന്നായി ദേവേട്ടാ...


രാമസേന ചെയ്യൂന്നത് ശരിയാണെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മെമ്പര്‍.
http://www.hindu.com/2009/02/09/stories/2009020959480600.htm#

ഇവരെ ഇരട്ട പെറ്റതാ?

Viswaprabha said...

ഇത്തരം ദുഷ്ടാചാരങ്ങളിൽ ഒളിച്ചിരിക്കുന്ന ഒരു വലിയ സാമൂഹ്യപാഠമുണ്ട്. അതു മനസ്സിലാക്കിയാൽ അതേ പാഠം ഉപയോഗിച്ച് നമുക്ക് പുതിയ ലോകത്തെ മാനവസമത്വം കരുപ്പിടിക്കാനാവും.

ജാതി, സംഘടിതമതം, ഇരുമ്പുലക്കരാഷ്ട്രീയം തുടങ്ങിയ സാമൂഹ്യരോഗങ്ങൾ ആദ്യം തുടങ്ങിവെച്ചിട്ടുണ്ടാവുക അത്തരം ഓരോ സമൂഹത്തിന്റേയും മേൽനിൽ‌പ്പ് / മേൽക്കൈ മറ്റെതിർസമൂഹങ്ങൾക്കുമേൽ നിലനിർത്തുവാനായിട്ടാണു്. ആ നിലനിൽ‌പ്പ് കാലാകാലം തുടരണമെങ്കിൽ മുളച്ചുവരുന്ന കുഞ്ഞുതലമുറകളെ തുടക്കത്തിലേ ഇത്തരം വിഭാഗീയതകളെക്കുറിച്ചും ആർജ്ജിതാധികാരങ്ങളെക്കുറിച്ചും ബോധവാന്മാരാക്കേണ്ടതുണ്ടായിരുന്നു.
ഇവിടെയാണു് പെണ്ണിനു പ്രത്യേകം “പേടി” പടച്ചൊരുക്കി അവരുടെ സ്വാതന്ത്ര്യബോധത്തെ പ്രത്യേകം മൂശയിൽ വാർത്തെടുക്കുക എന്ന മഹാബുദ്ധിയുടെ തുടക്കം.
വളാർന്നുവരുന്ന പൊടിക്കുഞ്ഞുങ്ങൾക്ക് അമ്മ പറയുന്നതു തന്നെ ആപ്തവാക്യം. അമ്മ ചെയ്യുന്നതുതന്നെ ആചാരം. അമ്മയ്ക്ക് അസ്പൃശ്യതയുള്ളവനൊക്കെ അവനും അധമൻ തന്നെ. പിൽക്കാലത്ത് യജമാന-ദാസ്യ മനോഭാവങ്ങൾ വികസിച്ചുവരേണ്ടതിനു് എല്ലാതരത്തിലും കളമൊരുങ്ങുന്നത് അമ്മയുടെ ഈ “പേടി”കളിൽനിന്നു തന്നെ.

ഒരർത്ഥത്തിൽ ഇന്നുമുണ്ട് ഈ “പേടി”കൾ. രൂപത്തിലും ഭാവത്തിലും മാറിത്തോന്നിയേക്കാമെങ്കിലും അല്പമൊന്നാലോചിച്ചാൽ അവയെ ആർക്കും തിരിച്ചറിയാവുന്നതേ ഉള്ളൂ.

അമ്മ”പ്പേടി”യുടെ മറുവശത്തെ ഒരു സദുദ്ദേശ്യമായ ആയുധമായി നമുക്കെല്ലാർക്കും മാറ്റിയെടുക്കാൻ കഴിയുമോ? എങ്കിൽ അതിലും നല്ലൊരു മാർഗ്ഗമില്ല നമ്മുടെ സമഭാവനയ്ക്കു ചിറകുവിരിച്ചുയരാൻ.

തിരിച്ചുചെല്ലേണ്ടതു വീട്ടിലേക്കാണു്. നമ്മുടെ പെണ്ണുങ്ങളോടും കുട്ടികളോടുമാണു് ധീരരായി സമൂഹത്തോട് ഇടപഴകാൻ ആവശ്യപ്പെടേണ്ടത്. അവരെയാണു് സമതാനതയും ശക്തിയും പഠിപ്പിക്കേണ്ടത്. ആ പാഠങ്ങളായിരിക്കണം നാളെ നമ്മുടെ ജാതികളെ തീണ്ടാപ്പാടകലെ നിർത്തുന്നതും സംഘമതങ്ങളെ ഏറാൻ മൂളിക്കുന്നതും കളർക്കൊടിരാഷ്ട്രീയത്തെ പക്വഫലഭൂയിഷ്ഠമാക്കുന്നതും.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇങ്ങനെയൊക്കെ പേടിച്ചാലോമാഷേ

ഇതാ പറഞ്ഞത്,പേടിമാറാന്‍ “ആലത്തൂര്‍ ഹനുമാനേ.."ജപിക്കൂ എന്ന് :-)
എനിയ്ക്കേതായാലും പേടിയില്ല.
ആരൊക്കെ പേടിപ്പിച്ചാലും അവനവന്‍ പേടിയ്ക്കില്ല എന്നു തീരുമാനിച്ചാല്‍ പോരേ?

Ranjith chemmad / ചെമ്മാടൻ said...

പേടിയുണ്ട്, ഭാവിയെക്കുറിച്ച് ഭയാശങ്കകളുമുണ്ട്...
താലിബാനിസത്തിന്റെ വിത്തുകളെക്കുറിച്ചും...
അമ്പലപ്പുഴയിലെ മൂന്ന് മരണങ്ങളുടെ നിലവിളി കേട്ടുകൊണ്ട്....
ഒരു വിശകലനം കൂടി നടത്തിനോക്കണം.....

Eccentric said...

kashtam thanne nammude avastha !!!

ദേവന്‍ said...

പേടിച്ചവര്‍ക്കും പേടിയില്ലാത്തവര്‍ക്കും നന്ദി. ബാബു കല്യാണം, അതു കണ്ടു, അടുത്ത പോസ്റ്റാക്കി

ദേവന്‍ said...

അയല്‍ക്കാരാ,
പേടികള്‍ എന്നുമുണ്ടായിരുന്നു , പക്ഷേ അത് ക്ഷയിച്ച് ഇല്ലാതെയാകുന്ന സമയം ഒക്കെ ആയപ്പോള്‍ അമാവാസി ദിവസം മാത്രമായി. ഒരുതരം ഫേസിങ്ങ് ഔട്ട്- എന്നും പേടി, മാസത്തിലൊരു പേടി, പേടിയില്ല എന്ന്

ദേവന്‍ said...

അഗ്രജാ,
പുറകോട്ട് പോയിപ്പോയി എല്ലാറ്റിലും പിറകിലായി!

ഗുപ്താ, കെട്ടിച്ചുകൊടുക്കല്‍, പെണ്ണിനെ ഇറക്കിവിടല്‍, ഒരുത്തന്റെ കയ്യിലേല്പ്പിച്ചു സമാധാനം, ഇവിടെ രണ്ടെണ്ണം പുര നിറഞ്ഞു നില്‍ക്കുന്നു.

അംബീ,
ചിന്നക്കടയില്‍ റെഡിയായി നില്‍ക്കുന്നത് നമ്മളൊക്കെ എടുത്ത് സൈക്കിളിന്റെ ഫ്രണ്ട് ബാറിലിരുത്ത് വട്ടം ചുറ്റിച്ച പിള്ളേരാകും, ആരറിഞ്ഞു.

കൃഷ്‌ണ.തൃഷ്‌ണ said...
This comment has been removed by the author.
കൃഷ്‌ണ.തൃഷ്‌ണ said...

തികച്ചും അവസരോചിതമായ ഒരു താരതമ്യ ഇടപെടല്‍.

പാമുക്കിന്റെ കഥയിലെ പെണ്‍കുട്ടിയെപ്പോലെ ഇനി നമുക്കൊക്കെ വീടിനുള്ളിലെ കാര്‍പ്പറ്റ് ഒരു കടലാണെന്നും ഉള്ളിലെ ഫര്‍ണിച്ചറുകള്‍ ചെറുദ്വീപുകളാണെന്നും സങ്കല്‍പ്പിച്ചു കാലില്‍ വെള്ളം തൊട്ടു നനയാതെ വീടിനുള്ളില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കാം.

'പൈതൃകപാരമ്പര്യത്തിന്റെ വളര്‍ച്ച' ഇങ്ങനെ അകത്തേക്കാകുമ്പോള്‍ ഇനി ലോകത്തിന്റെ ദൂരം നമുക്കു വീടിനുള്ളിലിരുന്നു അളന്നു കളിക്കാം.

പുറംലോകത്തിന്റെ കാഴ്ചകള്‍ കാണാന്‍
മകളെ വിരല്‍തുമ്പില്‍ കെട്ടി ഇനി ഞാന്‍ എന്തു ധൈര്യത്തിന്റെ പേരില്‍ മുന്നോട്ടുപോകും? ദള്‍-സേനകള്‍ എന്നെ വഴിയോരത്താക്കി, വിരല്‍ത്തുമ്പടര്‍ത്തിമാറ്റി, എന്റെ മകളുടെ കാഴ്ചകള്‍ കുത്തിപ്പൊട്ടിക്കുമ്പോള്‍ സദാചാരത്തിന്റെ മുന്നില്‍ പിതൃത്വത്തിന്റെ തെളിവുരേഖകളുമായി യാചനയോടെ നില്‍ക്കേണ്ടിവരുമെന്നോ?

പുലപ്പേടി മാറുന്നില്ലല്ലോ..

ജ്യോതിര്‍മയി /ज्योतिर्मयी said...

എന്തിനാണു പേടിയ്ക്കുന്നതെന്നു മനസ്സിലാവുന്നില്ല. പേടി ഒരു ഹരമാണെന്നോ? അതവിടെ ഇരിയ്ക്കട്ടേ.

ആരെയാണു പേടിയ്ക്കേണ്ടത്?
ദേവന്‍സാറിനേയോ? അയല്‍ക്കാരനേയോ? അഗ്രജാഗ്രജനേയോ? എതിരന്‍ കതിരവന്‍ സാറിനേയോ കാളിയംബി, അല്ല അംബിസാറിനേയോ? ശരിയ്ക്കും ഉത്തരം തരൂ.(എനിയ്ക്കീപ്പറഞ്ഞവരെയൊന്നും പേടിയില്ല). ഇനിയിപ്പൊ നിങ്ങളൊക്കെ പറഞ്ഞുവരുന്നത്, ‘ഞങ്ങളൊന്നും കുഴപ്പക്കാരല്ല, പക്ഷേ മറ്റുള്ളവര്‍ കുഴപ്പക്കാരാണു്’ എന്നാണോ?

അതുമല്ല, ശ്രീരാമസേനാദികളെയാണോ ഭയപ്പെടണം എന്നു പറയുന്നത്? ഹൊ, അത്രയൊന്നും പൊക്കിവെയ്ക്കേണ്ട അവരെ!

മകളെ വിരല്‍ത്തുമ്പില്‍ക്കെട്ടി കാഴ്ചകള്‍ കാണാന്‍‌കൊണ്ടുപോകുന്ന അച്ഛന്‍‌മാര്‍ മകനെക്കൂടി അതേപോലെ കൂടെക്കൂട്ടിയാല്‍മതി. മകനും മകള്‍ക്കും ഒരേപാഠം കിട്ടണം, കൂട്ടായ്മയും സഹകരണവും സംരക്ഷണവും അവിടെ തുടങ്ങണം.

പെണ്ണുങ്ങളായാല്‍ പേടിക്കണം എന്നു ഉരുവിടുന്നവര്‍ ഒരുവേള ഇരട്ടത്താപ്പുകാരാണെന്നുവരെ തോന്നിപ്പോകുന്നു.

പറ്റുമെങ്കില്‍ ആരെയാണു പേടിയ്ക്കേണ്ടതെന്നു പറഞ്ഞുതരൂ.

-സസ്നേഹം ജ്യോതിര്‍മയി.

Babu Kalyanam said...

"പണവും പദവിയും ഉണ്ടെങ്കിൽ ജാതി മത വ്യത്യാസമൊന്നും ആർക്കും പ്രശ്നമല്ല. നിഷാൽ ചന്ദ്രൻ നായർക്ക് ഈഴവ പെൺകുട്ടിയായ കാവ്യ മാധവനെ കല്യാണം കഴിക്കാം. ആർക്കും ഒരു ചുക്കുമില്ല."

അതെന്താ എതിരാ അങ്ങിനെ? നായര്‍ ചെക്കന്‍ ഈഴവ പെണ്‍കുട്ടിയെ കെട്ടുന്നത് അത്ര വലിയ തെറ്റാണോ? കാശുള്ളത് കൊണ്ട് അത് ഇഷ്യൂ ആയില്ല എന്നൊരു ധ്വനി ഇല്ലേ ?

Kalesh Kumar said...
This comment has been removed by the author.
nalan::നളന്‍ said...

പേടിക്കേണ്ട, നാട്ടില്‍ പോകുമ്പോള്‍ സ്കൂട്ടറെടുക്കാതെ ഒരു ബെന്‍സ്‌ വാങ്ങ്‌, എന്നിട്ട്‌ സ്വന്തം ഭാര്യയെയോ വല്ലവന്റെ ഭാര്യയെയോ അതില്‍ കയറ്റി സൌത്ത്‌ പാര്‍ക്കില്‍ ഭക്ഷണവും ഗോള്‍ഫ്‌ ക്ലബ്ബില്‍ പാര്‍ട്ടിയുമായി ജീവിക്ക്‌ ഒരു സേനയും ഒരുകാലത്തും പിടിച്ചു നിര്‍ത്തില്ല എന്ന് രസികനായ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ ഉപദേശം. പണക്കൊഴുപ്പിനു മറികടക്കാന്‍ പറ്റാത്ത സദാചാരമില്ലല്ലോ

പണക്കൊഴുപ്പിന്റെ ബലത്തില്‍ സദാചാരത്തെ മറികടക്കാന്‍ പറ്റിയത് ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ കാരുണ്യം, അതെ കാപ്പിറ്റലിസത്തിന്റെയും ജനാധിപത്യത്തിന്റെയും കാരുണ്യം...
കൃഷ്ണ തൃഷ്ണ പോസ്റ്റിലെ പരമാബദ്ധം ഇതേ ലോജിക്ക് പഴയ ഫ്യൂഡല്‍ യുഗത്തിലേക്കു വലിച്ചു നീട്ടിയതല്ലേ എതിരാ ?
ഫ്യൂഡലിസത്തിന്റെ കീഴില്‍ ബെന്‍സ് കാറില്‍ പോയിട്ടും കാര്യമില്ല ... തീണ്ടലു തീണ്ടലുതന്നെയാ ശിക്ഷാവിധിക്കു ഒരിളവും പ്രതീക്ഷിക്കേണ്ട.

പിന്നെ മംഗലാപുരം സംഭവം....പിങ്ക് ജട്ടി... അനുഭവിക്കട്ടെ ഇവറ്റകള്‍. പഴയ ഫ്യൂഡല്‍ സംസ്കാരത്തിന്റെ അധികാരം നോസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്ന സംഘപരിവാരങ്ങള്‍ക്കു വോട്ടു ചെയ്ത് അധികാരത്തിലേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു...അനുഭവിക്കട്ടെ, ഹല്ല പിന്നെ..

nalan::നളന്‍ said...

പേടിക്കേണ്ടതാരെയെന്നോ ?
പഴയ ജീര്‍ണ്ണിച്ച ഫ്യൂഡല്‍ സംസ്കാരം നോസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്നവരെ , അതടിച്ചേല്‍പ്പിക്കാന്‍ പ്രാപ്തരായ സംഘടിതശക്തികളെ, അല്ലെങ്കില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നവരെ...ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം താലോലിച്ചു വളര്‍ത്തിയ സംഘപരിവാരങ്ങളെ..
പേടിക്കാതിരുന്നാല്‍ നേരേ പാഞ്ഞുവരുന്ന വെടിയുണ്ട തനിയേ മാറിപ്പോകില്ല.

Wearing of burkha banned in rural college

Journalist injured in attack

Mob beats up students for pasting posters

nalan::നളന്‍ said...

‘Your inflammatory speeches have created an atmosphere of fear’ : Show-cause notice asks Muthalik to appear before District Magistrate on March 12

ചന്ത്രക്കാറന്‍ said...

"ആരൊക്കെ പേടിപ്പിച്ചാലും അവനവന്‍ പേടിയ്ക്കില്ല എന്നു തീരുമാനിച്ചാല്‍ പോരേ?"

അതെയതേ, ധാരാളം മതി. വെട്ടുമ്പോള്‍ കൊള്ളില്ലെന്നും കത്തിക്കുമ്പോള്‍ കത്തില്ലെന്നും തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കെങ്കിലും നമ്മളെയൊക്കെ വെട്ടാനും കത്തിക്കാനും പറ്റുമോ?

P.C.MADHURAJ said...

വിവരമുള്ള നളനും ദേവന്മാരും ഒരുപോലെ മറ്ച്ചുവെക്കാന്‍ ശ്രമിക്കുന്ന സത്യം അവ്ര്ക്കു രണ്ടുകൂട്ടര്‍ക്കും ഭൈമിയുടെ നാലയലത്തു പോലും നില്ക്കാന്‍ അര്‍ഹതയില്ലെന്നതാണു....
ചൂതു കളിക്കാനും പണയം വക്കാനുമുള്ള സ്വാതന്ത്ര്യമാണല്ലോ സ്വാതന്ത്ര്യം...ലിബറല്‍ ഔട് ലുക്!
സത്യം പറയാനാണു സര്‍ ധൈര്യം വേണ്ടത്, ഫാഷനബ് ള്‍ ആയ കാര്യം പറയാനല്ല...

Rineez said...

Vyakthi swathanthryam..
vaanaal vaazhatte!