പ്രാരംഭഘട്ടത്തിലെ അഭിപ്രായങ്ങള്‍ പി. രാജേന്ദ്രന്റെ വിജയസാദ്ധ്യതയാണ് കാണിക്കുന്നത്. വിദ്യഭ്യാസകാലത്തേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി രാജേന്ദ്രനെ പൊതുജനം ആദ്യമറിയുന്നത് തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ആയാണ്. ശേഷം കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു. ശേഷം സി പി എം പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പിന്തുണ ലഭിച്ചതിനെത്തുടര്‍ന്ന് കാഷ്യൂ ഡെവപ്മെന്റ് കോര്‍പ്പറേഷന്റെ ചുമതല, ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റീ ചെയറ്മാന് തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനെത്തുറ്റര്‍ന്ന് പി രാജേന്ദ്രന് ഇടതുമുന്നണിയിലെ സിറ്റിങ്ങ് എം പി ആര് എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന് സിറ്റിങ്ങ് എം പി ആയിരുന്ന സീറ്റിലേക്ക് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അമ്പത്തേഴില് സി ഐ ഐയുടെ കൊടിയന്‍ ജയിച്ചിരുന്നതൊഴിച്ചാല്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥികള്‍ കൊല്ലത്ത് ആര് എസ് പിയുടെ ശ്രീകണ്ഠന് നായരും എന്‍ കെ പ്രേമചന്ദ്രനും മാത്രമായിരുന്നു.
ചെറുപ്പക്കാരനും പൊതവില്‍ ജനസമ്മതനുമായ പ്രേമചന്ദ്രനെ തല്‍സ്ഥാനത്തു മൂന്നാം വട്ടം മത്സരിപ്പിക്കാതിരുന്നതല് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടായിരുന്നെന്നു വേണം കരുതാന്‍. നേരിയ ഭൂരിപക്ഷത്തിലാണ് പി രാജേന്ദ്രന് വലതു സ്ഥാനാര്‍ത്ഥി എം പി ഗംഗാധരനെ തോല്‍പ്പിച്ചത്. തൊണ്ണൂറ്റൊമ്പതില്‍ ലോക്സഭയിലെത്തിയ രാജേന്ദ്രന് കര്‍മ്മനിരതയും പാര്‍ട്ടി രാഷ്ട്രീയ മതവര്‍ഗ്ഗീയ ഭേദം തൊട്ടുതീണ്ടാത്ത സമീപനവും മൂലം വളരെ വേഗം കൊല്ലത്തിന്റെ "സ്വന്തം ആള്" ആയി മാറി. രണ്ടായിരത്തി നാലില്‍ രണ്ടാം വട്ടം ജനവിധി തേടിയ രാജേന്ദ്രന് പഴയ ആയിരത്തിന് ഭൂരിപക്ഷം ലക്ഷം കടത്തി ശൂരനാട് രാജശേഖരനെ തോല്‍പ്പിച്ചു .
കശുവണ്ടിത്തൊഴിലാളിനേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച രാജേന്ദ്രന് തൊഴിലാളികളും സാധാരണക്കാരും സ്വന്തത്തിലെ ഒരാളായി കരുതിപ്പോരുന്ന തരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ചായക്കട ചര്‍ച്ചയില്‍ "പീതാംബരക്കുറുപ്പ് ആരാന്ന് എനിക്കറിയത്തില്ല, ചെലെപ്പം നല്ലയാളായിരിക്കും, പക്ഷേ ഈസ് എസ് ഐ മെഡിക്കല്‍ കോളേജ് ഇവിടെ തുടങ്ങിക്കാനും പ്രോവിഡന്റ് ഫണ്ടീന്ന് ഒരു ലോണെടുക്കണേല്‍ ആയിരം രൂപ ശമ്പളക്കാരന് നൂറു രൂപ മുടക്കി തിരുവനന്തപുരത്ത് പോകേണ്ടാത്ത അവസ്ഥ ഉണ്ടാക്കാനും നമുക്ക് രാജേന്ദ്രന് സാറ് തന്നെ വേണം" എന്നൊക്കെ പ്രാരംഭദശയിലെ അഭിപ്രായങ്ങള്‍ ധാരാളം കേള്‍ക്കാന്‍ ഇടയായ സാഹചര്യത്തില്‍ ഇത്തവണയും സാദ്ധ്യത രാജേന്ദ്രനെന്ന പ്രാധമിക ധാരണയിലാണ് ഞാന്‍.
പീതാംബരക്കുറുപ്പ് പ്രധാനമായും നേരിടുന്ന പ്രശ്നവും രാജേന്ദ്രന്റെ "സ്വന്തം ആള്" ഇമേജാണ്. അതിനാല്‍ തന്നെ കൊല്ലം അതിര്‍ത്തിക്കടുത്തുള്ള തിരുവനന്തപുരത്തുകാരനായ കുറുപ്പ് "കൊല്ലത്തിന്റെ സ്വന്തം കുറുപ്പേട്ടനെ വിജയിപ്പിക്കുക" എന്നച്ചടിച്ച പോസ്റ്ററുകളുമായാണ് പ്രചരണത്തിനിറങ്ങിയത്. വ്യക്തിജീവിതത്തിലോ രാഷ്ട്രീയ കാര്യക്ഷമതയിലോ രാജേന്ദ്രനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാനൊന്നുമില്ലാത്തതിനാല്‍ കുറുപ്പ് എല്‍ ഡി എഫിന്റെ കേരളഭരണത്തെയും പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും വിമര്‍ശിച്ചും യു പി ഏ സര്‍ക്കാരിന്റ് സംഭാവനകളെ ഉയത്തിക്കാട്ടിയുമാണ് ജനത്തെ സമീപിക്കുന്നത്. മറ്റു സ്ഥാനാര്‍ത്തികള്‍ക്ക് പ്രതീക്ഷ പോലുമില്ലാത്തതിനാലാവണം പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോസ്റ്ററുകളൊഴിച്ചാല്‍ വളരെയൊന്നും കാണുന്നില്ല.

