Wednesday, April 18, 2007

ബൂലോഗസമ്മര്‍ദ്ദം

ബൂലോഗത്ത്‌ എഴുത്തുകാരനു വായനക്കാര്‍ സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടോ എന്ന് സംസാരിച്ചവഴി സിദ്ധാര്‍ത്ഥന്‍ പറഞ്ഞ രണ്ടു വരി എനിക്കു വളരെ രസിച്ചതുകൊണ്ട്‌ വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കി.

മത്തായി ഉറങ്ങാന്നേരം ചുമ്മാ ബ്ലോഗിലൊരു പോസ്റ്റിട്ടു.
"പന്തല്ലൂരിലെ പഞ്ചായത്താപ്പീസിനു പിറകിലെ പനഞ്ചോട്ടില്‍ പതിഞ്ഞിരുന്ന പച്ചത്തവളയെ പാമ്പ്‌ പിടിച്ചു തിന്നു"

രാവിലേ എഴുന്നേറ്റ്‌ ബ്ലോഗ്‌ ആരെങ്കിലും വായിച്ചോ എന്നു നോക്കിയപ്പോള്‍ സമാധാനം പറയേണ്ട കമന്റുകള്‍:

എവിടെയാ പന്തല്ലൂര്‍? അവിടെയുള്ള പഞ്ചായത്താപ്പീസ്‌ പന്തല്ലൂര്‍ പഞ്ചായത്താപ്പീസാണോ അതോ പന്തല്ലൂര്‍ അടങ്ങുന്ന വലിയൊരു ഏരിയയുടെ പഞ്ചായത്താപ്പീസാണോ? ആണെങ്കിലത്‌ ജില്ലാ പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ? സ്വന്തം കെട്ടിടമാണോ വാടകയ്ക്കാണോ? സ്വന്തമാണെങ്കില്‍ പഴേ ബില്‍ഡിംഗ്‌ ആണോ ബേക്കര്‍ സായിപ്പ്‌ പഞ്ചായത്താപ്പീസുകള്‍ക്കും മറ്റു ചെറു ഗവര്‍ണ്മ്നെറ്റ്‌ ആപ്പീസുകള്‍ക്കും ഡിസൈന്‍ ചെയ്ത മാതൃകയില്‍ പണിതതാണോ? ആരാണീ പഞ്ചായത്ത്‌ ഭരിക്കുന്നത്‌? പ്രസിഡന്റ്‌ ആ പഞ്ചായത്തിലെ തന്നെ ആള്‍ ആണോ വരത്തനാണോ? തുടര്‍ച്ചയായി ഒരു പാര്‍ട്ടി തന്നെയാണോ ഭരിക്കുന്നത്‌?

അതിനു പിറകില്‍ പനയുണ്ടോ? കരിമ്പനയോ കുലച്ചിപ്പനയോ കുടപ്പനയോ നിലപ്പനയോ ? ഓഫ്‌ ടോപ്പിക്ക്‌- പനക്ക്‌ ചോറു തടിയിലാണെന്നു പഴഞ്ചൊല്ലുണ്ടല്ലോ, അതിന്റെ അര്‍ത്ഥമെന്താണ്‌? ആ പന കരിമ്പനയാണെങ്കില്‍ ചെത്താന്‍ കൊടുക്കുന്നുണ്ടോ? അതിന്റെ വരുമാനം പഞ്ചായത്ത്‌ ഏന്തു കണക്കിലാണ്‌ കൊള്ളിക്കുന്നത്‌? ലോക്കല്‍ ഫണ്ട്‌ ആഡിറ്റര്‍ കള്ളിന്റെ കണക്ക്‌ കൃത്യമാണോ എന്ന് എങ്ങനെ പരിശോധിക്കും (ഓഫ്‌- ഡിവിഷണല്‍ അക്കൌണ്ടന്റ്‌ പരീക്ഷയുടെ ഫലം പീയെസ്സി എന്നു പുറത്തിറക്കും?)

പച്ചത്തവള അവിടെ സാധാരണ ഉണ്ടാവാറുണ്ടോ? ആഗോള താപനില ഉയരുന്നത്‌ ആദ്യം ബാധിക്കുക തവളകളെയാണെന്ന് ജോസഫ്‌ ആന്റണി പറയുന്നല്ലോ? അപ്പോ ഈ പഞ്ചായത്തില്‍ താപനില സുരക്ഷിതമാണെന്ന് ഈ ഒരു തവളയെ കണ്ടതില്‍ നിന്നും അനുമാനിക്കാമ്മോ? ഇതെന്തിനാണു പതിഞ്ഞിരുന്നത്‌, തവളകള്‍ സാധാരണ കരിയിലയുടെയും കല്ലിന്റെയും പുല്ലിന്റെയും ഇടയിലല്ലേ പതിഞ്ഞിരിക്കാറ്‌ പതിഞ്ഞു എന്നതിനു impression എന്നും അര്‍ത്ഥമുണ്ടോ? പന ഒരു നിലപ്പന ആണെങ്കില്‍ അതിന്റെ താഴെ തവളക്കു പതിഞ്ഞിരിക്കാന്‍ ഇടമില്ലല്ലോ? കരിമ്പനയോ കുലപ്പനയോ കുടപ്പനയോ ആണെങ്കില്‍ അതിന്റെ താഴെ എങ്ങനെ പതിഞ്ഞിരിക്കും അതിനു പോടുകളുണ്ടായിരുന്നോ? (ഓഫ്‌ കുടപ്പനയില്‍ നിന്നാണോ കട്ടപ്പന എന്ന വാക്കുണ്ടായത്‌ അതോ കട്ടപ്പന വേറൊരു മരമാണോ? വീണ്ടും ഓഫ്‌ കുടപ്പനക്കുന്നില്‍ ഒരു കുടപ്പനയും കാണാനില്ലല്ലോ സര്‍ക്കാര്‍ അതെല്ലാം മുറിച്ചു വിറ്റതാണോ?)

എന്തു തരം പാമ്പാണ്‌ തവളയെ പിടിച്ചത്‌? പഞ്ചായത്ത്‌ മുന്നിട്ട്‌ രാജവെമ്പാലകളെ വളര്‍ത്തിയാല്‍ അത്‌ മറ്റു പാമ്പുകളെ തിന്ന് ഉരഗശല്യം കുറയ്ക്കാന്‍ സാദ്ധ്യതയില്ലേ? (ഓഫ്‌ മദ്യപന്മാരെ പാമ്പെന്നു വിളിക്കാറുണ്ടല്ലോ, അത്‌ പുതിയ പ്രയോഗമോ പഴയതോ?)കേരളത്തില്‍ കഴുകന്മാരുടെയും പരുന്തുകളുടെയും എണ്ണം കുറഞ്ഞെന്ന് കൈപ്പള്ളി അബുദാബി മീറ്റില്‍ പറഞ്ഞിരുന്നു, അത്‌ പാമ്പുകളുടെ എണ്ണം കൂട്ടി തവളകളുടെ വംശനാശത്തിനും, തവളകള്‍ അങ്ങനെ തീര്‍ന്ന് ഒടുക്കം പാമ്പുകള്‍ തന്നെ ഭക്ഷണമില്ലാതെ മരിച്ചു പോയി ഒരു ചെയിന്‍ ഓഫ്‌ എക്സ്റ്റിങ്ങ്ഷന്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ?

പാമ്പു തവളയെ വിഴുങ്ങിക്കഴിഞ്ഞ്‌ എത്ര നേരം കഴിഞ്ഞാല്‍ അടുത്ത ഇര തേടും? പാമ്പിനു തവളയെയാണൊ എലിയെ ആണോ കൂടുതല്‍ പ്രിയം? ഈ പഞ്ചായത്താഫീസിനു പിറകില്‍ പാമ്പുള്ളതുകൊണ്ട്‌ എലികള്‍ ഫയലുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യത കുറവായിരിക്കുമോ? പഞ്ചായത്തുകള്‍ പേപ്പര്‍ലെസ്സ്‌ ഓഫീസുകള്‍ ആക്കാന്‍ വി എസ്‌ അച്ചുതാനന്ദന്‍ ചെയര്‍മാനായുള്ള ഐ ടി ട്രാന്‍സിഷന്‍ ടീം തീരുമാനിച്ചെന്നു പത്രത്തില്‍ കണ്ടല്ലോ (ഓഫ്‌ അച്ചുതാനന്ദനെ സുജിത്ത്‌ വരയ്ക്കുന്നതാണോ സുധീര്‍ വരയ്ക്കുന്നതാണോ നല്ലത്‌? ഓഫിന്മേല്‍ ഓഫ്‌- സാക്ഷിയുടെയും കുമാറിന്റെയും ചിത്രങ്ങള്‍ ഈയിടെയായി കാണുന്നില്ലല്ലോ?)


"പച്ച"ത്തവളയെ പാമ്പു എന്നതിനു ഗൂഢാര്‍ത്ഥങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്ലീം ലീഗിനെ കേരളത്തില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു എന്ന് അര്‍ത്ഥം വരുന്നുണ്ടോ?

തവള കൃഷിയുടെയും പാമ്പ്‌ ഇറോസിന്റെയും സൂചനയാണല്ലോ, കര്‍ഷകരിലെ ആത്മഹത്യക്ക്‌ അത്തരത്തില്‍ ഒരു വശം ഉണ്ടെന്ന് അര്‍ത്ഥമാക്കിയിട്ടുണ്ടോ?

പിടിച്ചു എന്നതിനു
കൈകൊണ്ടെടുത്തു എന്നല്ലാതെ അര്‍ത്ഥമുണ്ടോ? അപ്പോള്‍ പാമ്പ്‌ കടിച്ചു തിന്നു എന്നല്ലേ ശരി? പാമ്പ്‌ തവളയെ തിന്നുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ അതോ പാമ്പു പോകുന്നത്‌ കണ്ട്‌ ഇതിന്റെ വയറ്റില്‍ ഒരു തവള ഉണ്ടെന്ന് ആകൃതിയാലെ നിരീക്ഷിച്ച്‌ അതു വന്ന വഴിയായ പനഞ്ചുവട്ടില്‍ ഒരു തവള ഉണ്ടായിരുന്നെന്‍ അനുമാനിച്ചതാണോ? അങ്ങനെയാണെങ്കില്‍ തവള പച്ചത്തവള ആണെന്നു പറയാന്‍ കാരണം ചൊറിത്തവളയേയും മരത്തവളയേയും പാമ്പ്‌ തിന്നാറില്ലാത്തതുകൊണ്ടാണോ അതോ ഈ പഞ്ചായത്തില്‍ പച്ചയല്ലാത്ത തവള ഇല്ലാത്തതുകൊണ്ടാണോ? ആഗോളതാപനം ചൊറിത്തവളയെ ആണോ പച്ചത്തവളയെ ആണോ ആദ്യം ബാധിക്കുന്നത്‌?

ചൊറിത്തവളയുടെ ഇറിറ്റന്റ്‌ കെമിക്കല്‍ ആയ ബ്യൂട്ടൊഫോക്സിന്‍ ആ പേരില്‍ എന്തിനു അറിയപ്പെടുന്നു? ചൊറിത്തവളയുടെ ദ്വിധനാമധേയ വംശം ബ്യൂഫോ എന്നല്ലേ? അപ്പോള്‍ ബ്യൂഫോഫോക്സിന്‍ എന്നായിരുന്നല്ലോ അതിനു പേരു വിളിക്കേണ്ടത്‌? അറ്റന്റ്ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡറിനു ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നോറിപിനെഫിനെ C8H11NO3 ബ്യൂട്ടോഫോക്സിനുമായി ഏതാണ്ട്‌ മൊത്തത്തില്‍ സാമ്യമുള്ള മരുന്നല്ല്ലേ? അപ്പോള്‍ വാശി പിടിച്ചു കരയുന്ന കുട്ടികള്‍ക്ക്‌ ചൊറിത്തവളയെ പുഴുങ്ങി കൊടുത്താല്‍ വാശി കുറയുമോ? തവളയെ പുഴുങ്ങിയാല്‍ ബ്യൂട്ടോഫോക്സിന്‍ രൂപം മാറുമോ?

ഒരു തവളയെ പാമ്പു തിന്നാല്‍ പഞ്ചായത്തിലെ കൊതുകുകളുടെ എണ്ണം എത്രമാത്രം കൂടും? ഈ പഞ്ചായത്ത്‌ ഓടകളില്‍ കൊതുകുനാശിനി തളിച്ചതുകൊണ്ടാണോ തവള ഓടയിലിരിക്കാതെ പനഞ്ചോട്ടില്‍ വന്നിരുന്നത്‌? കാക്ക വന്നു പനമ്പഴം വീണ്‌ ചത്ത തവളയെ അല്ല പാമ്പു തിന്നതെന്ന് എങ്ങനെ മനസ്സിലായി? പാമ്പ്‌ ചത്ത തവളകളെ തിന്നാറുണ്ടോ? ഉണ്ടെങ്കില്‍ ചത്ത്‌ എത്ര മണിക്കൂര്‍ കഴിഞ്ഞ തവളകളെ വരെ തിന്നും? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ തിന്നുന്നില്ല? പച്ചത്തവളകളോടൊപ്പം കാണാറുള്ള പുള്ളിത്തവളകള്‍ ലെപ്പേര്‍ഡ്‌ ഫ്രോഗ്‌ ആണോ മിങ്ക്‌ ഫ്രോഗ്ഗ്‌ ആണോ? ഏഷ്യന്‍ പെയിന്റഡ്‌ ഫ്രോഗ്‌ കേരളത്തില്‍ ഇല്ല എന്നത്‌ ശരിയാണോ? എന്തുകൊണ്ടില്ല? കാനോപ്പി ഫ്രോഗിനെ ഒരെണ്ണം വയനാട്ടില്‍ കണ്ടെത്തിയല്ലോ? ഒരെണ്ണം കണ്ട സ്ഥിതിക്ക്‌ അവിടെ എത്രയെണ്ണം കണ്ണില്‍ പെടാതെ പോയിട്ടുണ്ടാവും?

മത്തായിച്ചന്‍ മിഴിപൂട്ടി, പിന്നെ ബ്ലോഗ്ഗ്‌ പൂട്ടി, കമ്പ്യൂട്ടറേ പൂട്ടി, വീടും പൂട്ടി ഇറങ്ങി.

Sunday, April 15, 2007

തിബത്തന്‍ പ്രവാസികള്‍

പ്രിയ ചുള്ളിക്കാട്,
അഭയാര്‍ത്ഥിയുടെ വേദന എന്ന കുറിപ്പ് വായിച്ചു. അഭയാര്‍ത്ഥിയായിപ്പോയ ആ കവിയുടെ യാതനകള്‍ കേട്ട്‌ ഖേദിക്കുന്നു. പുസ്തകം വായിക്കാത്തതുകൊണ്ട്‌ അഭിപ്രായം പറയാനും ഞാന്‍ ആളല്ല. എന്നാല്‍ പുസ്തകം പരിചയപ്പെടുത്തുന്ന പോസ്റ്റില്‍ ശ്രീ ചുള്ളിക്കാട്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ വിയോജിപ്പുണ്ട്‌. അത്‌ പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇടുന്നത്‌ അനുചിതമാവുമെന്ന് കണ്ട്‌ മറ്റൊരു പോസ്റ്റാക്കുന്നു.

തിബത്ത്‌ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു/1949ഇല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തിബറ്റിനെ വിഴുങ്ങി എന്നു ശ്രീ ചുള്ളിക്കാട്‌ നിരീക്ഷിക്കുന്നു.

ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു.

അതിനും ശേഷം വന്ന ക്യുങ്ങ്‌ ചക്രവര്‍ത്തിമാര്‍ ടിബറ്റന്‍ പ്രവിശ്യയില്‍ ലാമമാര്‍ക്ക്‌ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ അവകാശം കൊടുത്തു (സ്വത്രന്ത്ര രാജ്യമോ പ്രവിശ്യയോ ആക്കിക്കൊടുത്തെന്ന് അതിനര്‍ത്ഥമില്ല)

1913 വരെ അങ്ങനെ തന്നെ തുടര്‍ന്നു. ബ്രിട്ടണ്‍ ചൈനയില്‍ നിന്നും സിംലാ കരാരില്‍ ടിബറ്റിനെ ലോക്കല്‍ ബോഡി ആക്കാന്‍ തീരുമാനിച്ചു. ടിബറ്റിലെ ചൈനീസ്‌ ഗവര്‍ണ്ണറും ചൈനീസ്‌ രാജാവും അതിനു സമ്മതമല്ലെന്ന്
കത്തെഴുതിയതോടെ ബ്രിട്ടന്‍ അവിടെ ഓഫീസ്‌ സ്ഥാപിക്കുകയും ചൈനയില്‍ നിന്നും വിട്ടുമാറാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ടിബറ്റന്‍ പ്രവിശ്യ ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും നിരോധിച്ച ഒരു ഏകമത പ്രവിശ്യയായിരുന്നു (ബ്രിട്ടീഷ്‌ മിഷണറിമാരെ അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനു വധിച്ച ചരിത്രവും ഉണ്ടെന്ന് ഓര്‍മ്മ) അതിനാല്‍ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ ചേരാന്‍ അവര്‍ക്ക്‌ സമ്മതമില്ല.

പി ആര്‍ സി ആര്‍മി ടിബറ്റ്‌ കീഴടക്കി എന്നതിനെക്കാള്‍ വീണ്ടെടുത്തു എന്നു പറയുന്നതാവും ശരിയെന്ന് തോന്നുന്നു. ദുരിതപൂര്‍ണ്ണം തന്നെയായിരുന്നു അത്‌. കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ. ഒരുപക്ഷേ ഒരു ബുദ്ധമതാതിഷ്ടിത രാജ്യം എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നായിരിക്കാം (മതാധിപത്യമുള്ള രാഷ്ട്രങ്ങളോട്‌ എനിക്കു പ്രതിപത്തി കുറവാണെങ്കിലും)

ജുനഘട്ട്‌, ഹൈദരാബാദ്‌, ജമ്മു കശ്മീര്‍, ത്രിപുര എന്നിവ സ്വന്തന്ത്ര രാജ്യങ്ങളായിരുന്നു. അവയ്ക്കൊന്നും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ടിബറ്റ്‌ ചൈനയുടെ സ്വന്തന്ത്ര പ്രവിശ്യയായിരുന്നു, പക്ഷേ രാജ്യമായിരുന്നില്ല.

ഗവര്‍ണ്‍മന്റ്‌ അവിടെ എന്തു ചെയ്തു എന്ന് എനിക്കറിയില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടാവാം, ചൈനയില്‍ ഒട്ടാകെ നടക്കുന്നുണ്ടത്‌, കയ്യും കണക്കുമില്ലാതെ തന്നെ.

ചൈനീസ്‌ വിപ്ലവകാലത്ത്‌ വിപ്ലവകാരികള്‍ ടിബറ്റിലെ എതാണ്ട്‌ മിക്ക വിഹാരങ്ങളും തകര്‍ത്തുകളഞ്ഞു. വിപ്ലവകാരികളില്‍ ടിബറ്റന്‍ വംശജരും ധാരാളം ഉണ്ടായിരുന്നു താനും.

അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നില്ലെന്നും ശ്രീ ചുള്ളിക്കാട്‌ പരാതിപ്പെടുന്നു.

1950 മുതല്‍ ഇരുപതു വര്‍ഷം അമേരിക്കന്‍ പിന്തുണയോടെ ടിബറ്റ്‌ സ്വാതന്ത്ര്യ ശ്രമം നടത്തിയിരുന്നു. വിപ്ലവകാലത്തും ഇക്കാലത്തും എക്സൈല്‍ ആയവരാണ്‌ ഭൂരിഭാഗവും. 1988 ശേഷം 2006 വരെ ഇരുനൂറുപേരോളം പലായനം ചെയ്തെന്നും 150 ഓളം പേരെ കസ്റ്റഡിയില്‍ വച്ചെന്നും ടിബറ്റ്‌ സ്വാതന്ത്ര്യ സംഘടനയുടെ സൈറ്റില്‍ പറയുന്നു.

ടിബറ്റിനെ വിഘടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത അമേരിക്കക്കുപോലും പൊതു പിന്തുണ ഇല്ലാതെ പോയതിന്റെ കാര്യം 1913 മുതല്‍ ചൈന ഭരണം വീണ്ടെടുക്കുന്നതുവരെയുള്ള കാലത്തെ മത ഭരണം പൊതുജനത്തിനു ഗുണകരമായി ഒന്നും ചെയ്യാത്തതും ഇപ്പോള്‍ സാധാരണക്കാരന്റെ ജീവിതം 20 മടങ്ങ്‌ മെച്ചപ്പെട്ടെന്നതും കൊണ്ടാണെന്ന് ചൈന അവകാശപ്പെടുന്നത്‌ വീരവാദം തന്നെയായിരിക്കണം, എന്നാല്‍ തീവണ്ടികള്‍ ടിബറ്റിലോടുന്നത്‌ മതസംസ്കാരത്തെ തകര്‍ക്കുമെന്നും മറ്റുമതങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതോ മത വിശ്വാസം ഇല്ലാതെയാകുന്നതോ നിരോധിക്കണമെന്നും ലാമ ആവശ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണു മഴ കുറയുന്നതെന്ന (ആരാണെന്നു മറന്നു പോയി, എതൊ താടിസ്വാമി) ഹിന്ദുമത്രഭ്രാന്തന്റെയും സ്ത്രീകള്‍ മുഖപടം പൊക്കി നില്‍ക്കുന്നത് കണ്ടാല്‍ ചാട്ടകൊണ്ട് അടിക്കുമെന്നു പറഞ്ഞ മുസ്ലീം മതാന്ധവിശ്വാസിയുടെയും കാപ്പിരിക്ക്‌ ആത്മാവില്ല അതിനാല്‍ അവനെ പീഡിപ്പിക്കാം എന്നു പറഞ്ഞ ക്രിസ്തീയ പുരോഹിതന്റെയും വീക്ഷണങ്ങളോര്‍ത്തു പോകുന്നു. മതങ്ങളെല്ലാം എനിക്കിഷ്ടമാണ്‌, അധികാരത്തിനായി ജനങ്ങളുടെ മതവിശ്വാസം ചൂഷണം ചെയ്യപ്പെടരുതെന്നേയുള്ളു.

പറഞ്ഞു പറഞ്ഞ്‌ ഞാന്‍ കാടു കയറിപ്പോയി. പറയാനുദ്ദേശിച്ചത്‌ ടിബറ്റന്‍ അഭാര്‍ത്ഥികളുടെ കാര്യം കഷ്ടമാണെങ്കിലും അത്‌ ഒരുപാട്‌ ഓവര്‍സ്റ്റേറ്റ്‌ ചെയ്തെന്നാണ്‌ എനിക്കു തോന്നുന്നത്‌ എന്നാണ്‌. യൂ എന്‍ കണക്കു പ്രകാരം ലോകത്ത്‌ 12 കോടി അഭയാര്‍ത്ഥികളുണ്ട്‌. അതില്‍ സുഡാനികള്‍ (50 ലക്ഷം) ആണ് ഭൂരിപക്ഷം. എട്ടു ലക്ഷം പലസ്തീനികള്‍ ഇരുപതു ലക്ഷം ഇറാക്കികള്‍‌ എന്നിങ്ങനെ പോകുന്ന കണക്കില്‍ മൂന്നുലക്ഷം തമിഴ്‌ ശ്രീലങ്കര്‍, രണ്ടു ലക്ഷം നേപ്പാളികള്‍, ഒന്നേമുക്കാല്‍ ലക്ഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഒന്നരലക്ഷം ബീഹാറി ഹിന്ദുക്കള്‍, എന്നിവര്‍ വാലറ്റത്തായിപ്പോയതാണ്‌. (റെഫ്യൂജി കണക്കുകള്‍ യൂ എന്‍ സ്റ്റാറ്റ്‌ ക്വോട്ട്‌ ചെയ്ത്‌ വിക്കിപ്പീഡിയയില്‍ ഉള്ളത്‌)
[വളരെ വേഗതയില്‍ ടൈപ്പ്‌ ചെയ്യേന്റിവന്നു അക്ഷര പിശാചിനുവേണ്ടി പിശാചുവക്കീല്‍ ആയ ഞാന്‍ മാപ്പു ചോദിക്കുന്നു)