൧. സ്ഥാപിത ദര്‍ശനം (Corporate Vision)
ബ്ലോഗ് സൃഷ്ടികള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത/അറിയാത്ത/ബ്ലോഗ് വായിക്കാത്തവരിലും എത്തിക്കുകയും അതുവഴി മലയാളം ബ്ലോഗ് സൃഷ്ടികള്‍ ബ്ലോഗ് വായനക്കാരനിലും അപ്പുറത്തെത്തിക്കുകയും ചെയ്യുക.
(ഇതിനു ബ്ലോഗര്‍മാരുടെ എല്ലാവരുടെയും സമ്മതം വേണമെന്നില്ല, ഇതിലേക്ക് സൃഷ്ടികള്‍ അയക്കുന്നവരുടെ മാത്രം മതിയാവും. ബൂലോഗം ഒരു സംഘടന അല്ല എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ.
൨. വ്യവസ്ഥാപിത നിയോഗം (Organizational Mission)
ബ്ലോഗ് സൃഷ്ടികളില്‍ തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില്‍ ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല്‍ ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്‍പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് കൊണ്ടുവരാന്‍ കാരകമായി വര്‍ത്തിക്കും.
൩. കര്‍മ്മവിഭക്തി (Identification of Objectives)
ആദ്യമായി തീരുമാനിക്കേണ്ടത് സ്ഥാപനം സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തേണ്ടതുണ്ടോ ഇല്ലയോ എന്നാണ് (ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേട്ടു) . ഈ സംരംഭത്തില്‍ നിന്നും പണമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു മാത്രമല്ല, സ്ഥാപനം നിലനില്‍ക്കുന്നതിലേക്കും വളരുന്നതിലേക്കും സ്ഥാപകര്‍ക്കുള്ള താല്‍പ്പര്യത്തെ സാമ്പത്തിക ലാഭം എന്ന പ്രേരകഘടകം പലമടങ്ങ് വര്‍ദ്ധിപ്പിക്കും:
അ. ലാഭേച്ഛ ഇല്ല എങ്കില്‍:- സ്ഥാപനത്തെ കമ്പനി ആയി രെജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്യുക. ഗുണങ്ങള്‍
>കോര്‍പ്പറേറ്റ് ടാക്സുകള്‍ ഒഴിവാക്കാം
>ലാഭം ഉണ്ടാക്കിയോ വീട്ടില്‍ കൊണ്ടുപോയോ എന്ന ചോദ്യങ്ങള്‍ ഒഴിവാക്കാം, ട്രസ്റ്റിന്റെ ഓഡിറ്റഡ് ഫൈനാന്‍ഷ്യല്‍സ് പ്രസിദ്ധീകരിക്കുന്നതിനും പുറമേ വേണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ CP കൈവശമുള്ള എതെങ്കിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റേര്‍ണല്‍ ഓഡിറ്റ് ചെയ്ത് ബ്ലോഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാം
> ബ്ലോഗ് സൃഷ്ടികളുടെ സപ്ലയര്‍മാര്‍ക്ക് പണം പ്രതിഫലമായി കൊടുക്കേണ്ടതില്ല. ബ്ലോഗ് എഴുത്തുകാര്‍ പണം ഇച്ഛിക്കുന്നെന്ന് തോന്നുന്നില്ല, ആ കൃതികളില്‍ നിന്നും മറ്റൊരാള്‍ ലാഭം ഉണ്ടാക്കാതിരിക്കുന്നിടത്തോളം കാലം
> ചാരിറ്റി എന്നാല്‍ അനാഥഅലയത്തിനും മറ്റും പണം കൊടുക്കല്‍ ആകേണ്ടതില്ല. അത്തരം ഫണ്ട് സമാഹരണം ബൂലോഗത്ത് വേറൊരു ഓര്‍ഗനൈസേഷനോ പ്രതിനിധികളോ നടത്തുന്നതാണ് നല്ലത്. ഈ ട്രസ്റ്റിന്റെ സര്‍പ്ലസ് ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഉന്നതിക്ക്- സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റ്, വിക്കി മുതലായവ പരിഭാഷപ്പെടുത്താന്‍ കോണ്ട്രാക്റ്റ് കൊടുക്കല്‍ തുടങ്ങിയവയ്ക്കും മറ്റും ചിലവിടുന്നതാവും ഉചിതം.
ആ. സാമ്പത്തിക ലാഭം ഇച്ഛിക്കുന്നെങ്കില്‍:
>ഒന്നാമതായി വേണ്ടത് അക്കാര്യം അറിയിക്കുകയും സപ്ലയര്‍മാരുമായി ഭാവിയില്‍ ലാഭത്തിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ആശയ വത്യാസം അങ്ങനെ ഒഴിവാക്കുകയും ആണ്
>ലാഭത്തിന്റെ ഒരു വിഹിതം ബൂലോഗത്തിന് എന്ന ആശയം കണ്ടു. അത് ഒട്ടും ആശാസ്യമല്ല. ലാഭം പൊതുജനത്തിനല്ല, മുതല്‍ മുടക്കിയവന് അവകാശപ്പെട്ടതാണ്. വെറുതേ ലാഭ വിഹിതം ആരും വാങ്ങരുത്.
>കൃതികളുടെ സപ്ലയര്‍മാര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് പ്രതിഫലം നല്‍കുക. അവര്‍ക്കും ലാഭത്തില്‍ പങ്കു ചേരാന്‍ അവകാശമില്ല എന്നതിനാല്‍ സപ്ലേ അനുസരിച്ച് വില നല്കി വാങ്ങുക.
> കമ്പനി ഉണ്ടാകുന്ന സംബന്ധിച്ച് ഭാവിയില്‍ ചര്‍ച്ചകളോ തര്‍ക്കങ്ങളോ ഉന്നയിക്കാന്‍ ബൂലോഗം എഴുത്തുകാര്‍ക്കോ വായനക്കാര്‍ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കരുത്. പൊതുജനാഭിപ്രായം അനുസരിച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാന്‍ ആവില്ല.
ഇ. സഹകരണ സംഘം ആയി പ്രസ്ഥാനം രൂപകല്‍പ്പന ചെയ്യുകയാണെങ്കില്‍ ഇതിലേക്ക് കൃതികള്‍ സംഭാവന ചെയ്യുന്നവരെല്ലാം ഷെയറുകള്‍ എടുക്കേണ്ടതും, വോട്ടിങ്ങ് അനുസരിച്ചു മാനേജ്മെന്റ് നിശ്ചയിക്കേണ്ടതും ഉണ്ട്. അങ്ങനെ ആണെങ്കില്‍ ലാഭവിഹിതം സപ്ലയര്‍-മെംബര്‍മാര്‍ക്കു ലഭിക്കും. പക്ഷേ തുടങ്ങിയവര്‍ എന്നും തലപ്പത്തുണ്ടാവണം എന്നോ അവര്‍ തീരുമാനിക്കുന്ന രീതിയില്‍ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നോ ആഗ്രഹിക്കരുത്- സഹകരണ രീതിയില്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ മാര്‍ഗ്ഗവും ലക്ഷ്യവും നേതാവിനെയും ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
൪. വാണിജ്യതന്ത്രം (Commercial Strategy)
അ. ഉപഭോക്തൃനിര്‍ണ്ണയം
ആശംസകളും മുദ്രാവാക്യങ്ങളും അഞ്ചിന്റെ തുട്ടിനു പോലും കൊള്ളില്ല. എത്ര വരിക്കാര്‍ ബൂലോഗത്തു നിന്നും ഇപ്പോള്‍ തയ്യാറുണ്ട് എന്ന് ഒരുഭിപ്രായ സമാഹരണം നടത്തേണ്ടതുണ്ട്. വാരിക/മാസിക പ്രസാധനരംഗത്തു നിന്നുള്ള ബ്ലോഗര്‍മാരോട് ചര്‍ച്ച ചെയ്തും മാര്‍ക്കെറ്റിങ് സ്റ്റഡി രംഗത്തുള്ളവരോട് അഭിപ്രായം ആരാഞ്ഞും ആഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സില്‍ (ABC) രെജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചും തുടക്കത്തല് എത്ര പേര് വരിക്കാരായും കടകളില്‍ നിന്നു വാങ്ങുന്നവരായും കാണുമെന്നും കാലാന്തരത്തില്‍ എത്രകണ്ട് അത് വര്‍ദ്ധിപ്പിക്കാനാവുമെന്നും നിര്‍ണ്ണയിക്കേണ്ടതും, മിനിമം എത്ര പ്രതി വിറ്റാല്‍ മാസിക നടത്തിക്കൊണ്ടു പോകാനുള്ള ചിലവ് ഈടായിക്കിട്ടും (break-even point) എന്ന് നിര്‍ണ്ണയിച്ച് അതിനപ്പുറം തുടക്കത്തിലെയോ സമീപഭാവിയിലോ മാസികയ്ക്ക് സര്‍ക്കുലേഷന്‍ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ആ. ദാതൃതന്ത്രം (Supplier Strategy)
എഴുത്തുകാര്‍ ബൂലോഗത്തു നിന്നുള്ളവര്‍ മാത്രമാണെങ്കില്‍ നിലവിലുള്ളവരില്‍ നിന്നും എത്ര പേര് മാസികയ്ക്കു തങ്ങളുടെ കൃതികള്‍ തരാന്‍ തയ്യാറുണ്ടെന്ന് അഭിപ്രായം സമാഹരിക്കുക. വോട്ടിങ് മതിയാവില്ല, തയ്യാറുള്ള ബ്ലോഗര്‍മാരുടെ പട്ടിക ഉണ്ടാക്കുകയും അവരില്‍ എത്രപേരുടെ കൃതികള്‍ മാസികയുടെ നിലവാരത്തിനു യോജിക്കുന്നെന്ന് കണ്ടെത്തുകയും, അവരുടെ പോസ്റ്റ് ഫ്രീക്വന്‍സി അനുസരിച്ച് ഒരു മാസം മാസികയ്ക്ക് വേണ്ട വിഭാഗങ്ങളില്‍ (ഇ. എന്ന ഭാഗം കാണുക) എല്ലാം അവശ്യം വേണ്ടത് ലഭിക്കുമെന്നും ഉറപ്പാക്കുക.
കരുതിയിരിപ്പ് (base stock) ആയി കാലാന്തര പ്രാധാന്യമുള്ള കൃതികള്‍ കൈവശം സൂക്ഷിക്കേണ്ടതുമുണ്ട്.
ഇ. നിര്‍മ്മിതീതന്ത്രം (product strategy)
നിലവിലുള്ള മാസികകളുടെ രൂപത്തില്‍ ആണോ ബ്ലോഗ് മാസികയും ഇറങ്ങുന്നത് എന്ന് തീരുമാനിക്കുക. സ്ഥിരം വിഭാഗങ്ങള്‍ ആയി എന്തൊക്കെ ഉണ്ടാവുമെന്നും തീരുമാനിക്കുക.
കഥ, കവിത, നിരൂപണം (സാഹിത്യം, സിനിമ), ടെക്നോളജി, ശാസ്ത്രം, രാഷ്ട്രീയ- ഇതര ലേഖനങ്ങള്‍, നര്‍മ്മപംക്തികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പാചകം, ഫോട്ടോ ഫീച്ചര്‍, ബാലപംക്തി തുടങ്ങിയവ സ്ഥിരം പംക്തികളായി നിലനിര്‍ത്താന്‍ മാത്രം എഴുത്തുകാര്‍ സപ്ലയര്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി അവയില്‍ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാവുന്നതാണ്.
ഡിസൈന്‍, ലേ ഔട്ട്, പ്രിന്റിങ് മുതലായവയില്‍ പ്രാവീണ്യം ഉള്ള ബൂലോഗരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് ഉചിതമായവ സ്വീകരിക്കാം.
ഈ. മത്സരതന്ത്രം (competition strategy)
നിലവിലുള്ള ബ്ലോഗ് സൃഷ്ടികളില്‍ എറ്റവും മെച്ചപ്പെട്ടവ മാസിക ആക്കിയാല്‍ പ്രിന്റ് മീഡിയയില്‍ അത് ഭാഷാപോഷിണി, സമകാലിക മലയാളം, മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി എന്നീ വാരിക/ മാസികകളോടാണ് മല്‍സരിക്കുന്നത്. ബ്ലോഗ് എന്തെന്ന കൗതുകം കൊണ്ട് ഒറ്റപ്രതി വാങ്ങുന്നവരെയും, ബ്ലോഗര്‍മാരായ വരിക്കാരെയുമൊഴിച്ചുള്ളവര്‍ ഇവയോട് വിലയും ഗുണനിലവാരവും താരതമ്യപഠനം നടത്തിയാവും ബ്ലോഗ് മാസിക വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവയോട് എങ്ങനെ കിടപിടിക്കാനാവും എന്ന് നിശ്ചയിക്കേണ്ടതുണ്ട്.
8 മുതല്‍ 12 രൂപ വരെ ആണ് ഈ പ്രസിദ്ധീകരണങ്ങള്‍ ഒരു പ്രതിക്ക് വാങ്ങുന്നത് എന്നതിനാല്‍ പരമാവധി 12 രൂപ ആണ് വിലയിടാനാവുന്നതും.
അതല്ലാതെ പച്ചക്കുതിര, Take- 1 എന്നിവ പോലെ പ്രീമിയം പ്രോഡക്റ്റ് ആയി ബ്ലോഗ് മാസികയെ വില്ക്കാന് ആവുമോ എന്ന കാര്യം സംശയമാണെങ്കിലും അങ്ങനെ കഴിയുമെങ്കില്‍ 50 രൂപ വരെ വില കല്പിക്കാന് കഴിയും.
ഭാവിയില്‍ മറ്റൊരു ബ്ലോഗ് മാസികയോ വാര്‍ഷിക പുസ്തകമോ ഇറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്. സപ്ലയര്‍മാര്‍ നിശ്ചിതരായ ഒരു സംഘം മാത്രമാകയാല്‍ ആദ്യം ഇറങ്ങി സ്ഥാപിത മാര്‍ക്കറ്റ് ഉണ്ടാക്കി എന്ന നേട്ടം മുതലാക്കിയും മറ്റാര്‍ക്കു കൊടുക്കാനാവുന്നതിലും പ്രതിഫലം എഴുത്തുകാരനു കൊടുക്കാന്മാത്രം വിറ്റുവരവ് മാസികയില്‍ നിന്നുണ്ടാക്കിയും ഇതര ബ്ലോഗ് മാസികകള്‍ ഉണ്ടായി ഭാവിയില്‍ വിറ്റുവരവ് ഇടിയുന്ന ഭീഷണി നേരിടാവുന്നതാണ്.
ഉ. കച്ചവട തന്ത്രം (marketing strategy)
ചെറുകിട മാസികകള്‍ എങ്ങനെ പരസ്യം കൊടുക്കുന്ന രീതികളുടെ ചിലവ് (ഉദാ. പത്രത്തില്‍, ബിറ്റ് നോട്ടീസ് വച്ച്, പോസ്റ്റര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് അഡ്) കണക്കിലെടുത്ത് അതിന്റെ ഹിറ്റ് റേറ്റും നിര്‍ണ്ണയിച്ച് പരസ്യങ്ങള്‍ എത്ര വേണമെന്നും , ചിലവേറെയില്ലാത്ത മറ്റു തരത്തില്‍- ഷോപ്പ് ഡിസ്പ്ലേ പോലെയും പുസ്തക പ്രദര്‍ശനങ്ങളില്‍ ബാനറുകള്‍ കെട്ടിയും മറ്റും പചരണം നടത്താവുന്നതഅണ്. ബ്ലോഗര്‍മാര്‍ അവരുടെ പരിചയക്കാരോട് പരിചയപ്പെടുത്തി ചെറിയൊരു മാര്‍ക്കറ്റ് നിര്‍മ്മിച്ചേക്കാം.
ഫ്രീ കോപ്പികള്‍ (വായനശാല, കോളെജുകള്‍, സാഹിത്യകാര്‍ മുതലായവര്‍ക്ക്) കൊടുത്തും മാര്‍ക്കറ്റ് വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിയും. അതിന്റെ ചിലവും ഹിറ്റും കണക്കാക്കി ഫ്രീ കോപ്പി എണ്ണം നിര്‍ണ്ണയിക്കേണ്ടതുണ്ട്.
ഹോള്‍സെയില്‍ ഡിസ്റ്റ്രിബ്യൂട്ടര്‍മാരെ ജില്ലാതലത്തില്‍ കണ്ടെത്തി അവരോട് കമ്മീഷന് (അവര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും) ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക. മിക്കവാറും വില്ക്കാത്ത പ്രതികള്‍ മടക്കിയെടുക്കാന്‍ പ്രസാധകന് സമ്മതിക്കേണ്ടി വരും എന്നതിനാല്‍ ഓവര്‍ സ്റ്റോക്ക് ചെയ്യാന്‍ ഡിസ്റ്റ്റിബ്യൂട്ടറെ നിര്‍ബന്ധിക്കാതെ അവര്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റില്‍ നിന്നും തുടങ്ങണം.
ഊ. ആസ്തിതന്ത്രം (resource strategy)
കൃതികളുടെ അനുസ്യൂത ലഭ്യത, മാസികയുടെ വില, മാര്‍ക്കറ്റിങ്ങ് ചാനല്‍, പ്രാരംഭ ഉപഭോക്തൃവലയം എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല്‍ മാസിക പ്രസിദ്ധീകരിക്കാനുള്ള സ്ഥിര പ്രിന്റിങ്ങ് സംവിധാനം (tech resource/outsource), ഭരണം, എഡിറ്റിങ്ങ്, ഓഫീസ് നിര്‍വഹണം എന്നിവയ്ക്ക് യോഗ്യരായ ആളുകള്‍ (human resource), കമ്പനി തുടങ്ങാനും ബ്രേക്ക് ഈവന്‍ സെയില്‍സ് ഉണ്ടാകും വരെ അതിനുള്ള ചിലവുകള്‍ വഹിക്കാനും ഉള്ള ധനം കൈവശമുണ്ട്/ ആവശ്യത്തിനു മുന്നേ വന്നു ചേരും (financial resource)എന്നും ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരണം ആരംഭിക്കാം.
പിന് കുറിപ്പ്: ഇതൊരു പ്രാരംഭ വിശകലം മാത്രം. ലേഖകന്‍ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് എഴുതിയിട്ട് ൧൫ വര്‍ഷം കഴിയുന്നു. മാദ്ധ്യമ രംഗവുമായി യാതൊരു ബന്ധവും ഇല്ല എന്നു മാത്രമല്ല ഉള്ളവരുമായി ബന്ധപ്പെടാനുള്ള സാവകാശവും ലഭിച്ചില്ല. ബ്ലോഗ് മാസിക സംബന്ധിച്ച് ചര്‍ച്ചാ പേജില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് കണ്ടപ്പോള്‍ ൫ ദിവസം സമയം മാറ്റി വച്ചിരുന്ന ഈ റിപ്പോര്‍ട്ട് ൫ മണിക്കൂര്‍ പോലും സമയം കിട്ടാതെ തിടുക്കത്തില്‍ തീര്‍ക്കേണ്ടി വന്നു.
ഇംഗ്ലീഷില്‍ ആലോചിച്ച് മലയാളത്തില്‍ എഴുതിയതാണ്. വിവര്‍ത്തനപ്പിഴകളും ശുഷ്കമായ എന്റെ മലയാള പദസമ്പത്തും മൂലം വന്ന ഏനക്കേടുകള്‍ ഉദ്ദേശശുദ്ധി മാനിച്ച് (ഗുരുവും പണിക്കര്‍മാഷും മറ്റും )തിരുത്തി തരുക/ പൊറുക്കുക.
അറിയിപ്പ്:
രാധേയന്, പട്ടേരി,പ്രോജക്റ്റ് ഫൈനാന്‍സിങ്/ ബാങ്കിങ് പ്രൊഫഷണലുകളോ മറ്റോ ഉണ്ടെങ്കില്‍ അവരും മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവരും ഈ ഏരിയയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക: ഓടി വന്ന് ഒരു കൈ സഹായിച്ചാല്‍ ഈ ദളിതകളേബരത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്‍ക്ക് പുണ്യവും കിട്ടും.
Thursday, May 31, 2007
Subscribe to:
Post Comments (Atom)
37 comments:
താഴെ രണ്ട് ഓപ്പണ്‍ ത്രെഡുള്ളതില് ഉരുക്കു ജോസഫ്, ലെനിന്, ആഡംസ്മിത്ത്, ചര്‍ച്ചില്‍, ആരോമല്‍ ചേകവര്‍, തുളുനാടന്‍ കേളു, ചട്ടമ്പി സ്വാമി, വേല്ക്കീഴു ചെങ്കുട്ടുവന്, വാമനന്, പരശുരാമന്, മഹാബലി, ശങ്കരാചാര്യന്‍ തുടങ്ങി അസംഖ്യം മഹനുഭാവലുകള്ക്കിടയില് പെട്ട് ഞാന്‍ നട്ടം തിരിയുകയാണ്, ഒരു പത്തു ദിവസം കഴിഞ്ഞാല്‍ കുറെ മാസങ്ങള്‍ സമയബന്ധിത ബ്ലോഗെഴുത്ത്, വായന, കമന്റ് അടി, കമന്റ് ഇടി, കമന്റുവെടി മാത്രമേ ഉണ്ടാവൂ. അതിനു മുന്നേ തുടങ്ങിവച്ച ഓച്ചിറക്കളി അവസാനിപ്പിക്കആന് ആഗ്രഹിക്കുന്നതിനാല്‍ ബ്ലോഗ് മാസിക ചര്‍ച്ചയില്‍ സ്ഥിരമായി പങ്കെടുക്കാനാവില്ല, ആവുന്നത് ഇതാണ്, ൫ ദിവസം കിട്ടുമെന്ന് കരുതിയതിനു ൫ മണിക്കൂര്‍ പോലും കിട്ടിയില്ല.
ദേവേട്ടാ... ഞാന്‍ വനവാസത്തലാണ്... പോസ്റ്റ് വായിച്ചില്ല. കോപ്പി എടുക്കുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിന്നീടീവഴിവരാം...
ഏതായാലും ആ കമന്റ് വായിച്ച് ഞാന്‍ ചിരിച്ച് വശംകെട്ടു.... ബൂലോഗസമ്മര്ദ്ധം എന്ന വാക്ക് ആ തലയില്‍തന്നെ വന്നുദിച്ചത് വെറുതെയല്ല.
ദേവേട്ടാ,
നൈസ്! ഒരു കാര്യം കൂടി എനിക്കിപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്..
ബ്ലോഗില്‍ നിന്ന് മാസികക്ക് പോവുമ്പോള്‍ ആ കൃതി ബ്ലോഗില്‍ ഉണ്ടാവുമൊ? അല്ലെങ്കില്‍ അത് താഴെയിറക്കണൊ? ആര്‍ക്കാണ് പ്രസിദ്ധീകരിച്ച ആ കൃതിയുടെ മുകളില്‍ പകര്‍പ്പവകാശം? അത് ആ എഴുത്തുകാരന് നാളെ മറ്റൊരു മാസികക്ക് വില്ക്കാമൊ?
നല്ലവണ്ണം ആഡ്സ് കിട്ടുമെങ്കില്‍ മാഗസിന് ഫ്രീ ആയിട്ട് തന്നെ കൊടുക്കാന്‍ പറ്റുമായിരിക്കും. എന്നു വെച്ചാല്‍, അമേരിക്കയിലേക്ക് അയക്കുന്ന മാഗസിനില്‍ അമേരിക്കന്‍ ആഡ്സാണ്, അല്ലെങ്കില്‍ ദുബായിലോട്ടാണെങ്കില് ദുബായ് സ്ഥാപനങ്ങളുടെ..അങ്ങിനെ പ്രിന്റ് ചെയ്യാന്‍ പറ്റണം. അതാവും കൂടുതല്‍ നല്ലത്. ഇത് ഇമാഗ് ആയിട്ടും ഇറക്കാന്‍ സാധിച്ചാല്‍ നല്ലത്...
ഹഹ ദേവേട്ടാ, ആഡം സ്മിത്തിന്റെ ബാക്കി അപ്പോ ഇനി വേറൊരിക്കലാകാം ലേ? ഞാനും തിരക്കിലായി. കൂടുതല്‍ സംസാരിച്ച് സംഗതികള്‍ ക്ലിയറാക്കണമെന്നുണ്ട്...ലീവെടുത്തിട്ട് ബ്ലോഗാന്‍ ഒരു മടി.:-)
ബ്ലോഗ് ഡൈജസ്റ്റ് എന്നാശയം തന്നെ ഫിനാന്‍ഷ്യലി സൂയിസൈഡല്‍ അല്ലേ? മാസിക ഹിറ്റായാല്‍ ആള്ക്കാര് മാസികയിലില്ലാത്തതെന്തൊക്കെ എന്ന് നോക്കി നെറ്റിലേക്ക് വരികയും, പിന്നെ മാസിക വാങ്ങാതെയാവുകയും ചെയ്യില്ലേ? ലോംഗ് റണ്‍ എന്നൊന്ന് ദേവ്ജി ഇതിനു കാണുന്നുണ്ടോ?
അതിനു കാരണം മാസികയിലുള്ളത് ഫ്രീയായി ലഭിക്കാവുന്ന സംഗതിയാണ് എന്നത് തന്നെ.
സ്പോണ്‍സര്‍മാരെ കണ്ടെത്തി, ഫ്രീയായി കോപ്പികള്‍ ഇറക്കുന്നതായിരിക്കും ഉചിതം.(അഡ്വട്ടൈസേര്സ്).എര്‍ണാകുളം സൌത്തില്‍ നിന്ന് എക്സിക്യൂട്ടീവിന് പോകുന്ന എeല്ലാവര്ക്കും ഒരോ ഫ്രീ കോപ്പി. ട്രെയിനിലെ യാത്രക്കിടയില്‍ സമയം പോക്കാന്‍ ബെസ്റ്റ് വഴി. ഹിറ്റാവാനും വെബ്ബിലെ മലയാളം പ്രശസ്തമാകാനും നല്ല വഴിയല്ലേ?
സംഗതി ഹിറ്റായാല്‍ പരസ്യം തരാനും ആള്ക്കാര് കാണില്ലേ?
ഇതിന് വായനക്കാരോട് പൈസ ഈടാക്കുന്നതില്‍ എന്തോ എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.
അല്ലെങ്കില്‍ വേറെ പ്രശസ്ത ഇന്ത്യന്‍ ബ്ലോഗെഴുത്തുകാര്‍ ചെയ്യും പോലെ, ബ്ലോഗിലൂടെ പ്രശസ്തി നേടിയിട്ട്, ബ്ലോഗല്ലാത്ത ഒരു ബുക്ക് ഇറക്കണം.
ബ്ലോഗിലെ കണ്ടന്റ് പുസ്തകമാക്കിയാല്‍ അത് മിനിമം ബ്ലോഗില്‍ നിന്ന് മാറ്റുകയെങ്കിലും ചെയ്യണ്ടേ?.
കൊടകരയെക്കുറിച്ച് ഞാനിതേ സംശയം പ്രകടിപ്പിച്ചിരുന്നു. ബുക്കായപ്പോഴൂം അത് ബ്ലോഗില്‍ അവൈലബിള്‍ ആയ്യിരിക്കുന്നത് കണ്ട്. വിയെമ്മിന്നോട് വായനക്കാര്‍ക്കുള്ള ആ സ്പെഷ്യല്‍ സ്നേഹം മൂലം വില്‍പ്പനക്ക് വലിയ ക്ഷതം സംഭവിച്ചില്ല എന്ന് ഞാന്‍ കരുതുന്നു. ആ ഒരു കണ്സെസ്ഷന് എല്ലാവര്ക്കും കിട്ടണമെന്നില്ല.
എന്റൊരു വിചാരമാണ്.
കൂടുതല്‍ ചര്‍ച്ച ചെയ്ത് കുളമാക്കില്ലെങ്കിലേ ഇത്തരമൊരു വിഷയത്തില്‍ ഞാന്‍ അഭിപ്രായം പറയൂ എന്ന നിലയിലാണ് ഞാന്‍ മൌനമായി ഇരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഗൌരവമായി ഞാനും ആലോചിക്കുന്ന വിഷയമാണിത്.
എന്തായാലും ദേവാനന്ദ് പിള്ള എഴുതിയ പ്രാഥമികരൂപരേഖയ്ക്ക് കീഴെ എന്റെ ഒരു ഒപ്പ്.
എല്ലാ ബ്ലോഗര്‍മാരും കൂടി എല്ലാത്തിലും കൂടി ഇടപെടേണ്ട ഒരു വിഷയമല്ല ഇത്. കുറച്ചുപേര്‍ കൂടി ഒരു പദ്ധതി ആലോചിക്കുന്നു. അതില്‍ കുറച്ചുപേര്‍ ഉത്തരവാദിത്തം കയ്യേല്‍ക്കുന്നു. പിന്നെയും കുറച്ചുപേര്‍ സഹകരിക്കാന്‍ തയ്യാറാകുന്നു, വേറേ കുറച്ചുപേര്‍ അഭ്യുദയകാംക്ഷികളായി പിന്നിലുണ്ടാവുന്നു. ബാക്കി കുറേ പേര് ഇതിലൊന്നും താല്പ്പര്യമില്ലാത്തവരായി (പിന്നെ എപ്പോഴും ഇവിടേക്കു കടന്നുവരാവുന്ന അവസ്ഥയില്‍ തന്നെ)മാറിനില്ക്കുന്നു എന്നതായിരിക്കണം യാഥാര്‍ത്ഥ്യബോധം.
ബാക്കി പിന്നെ എഴുതാം.
ദേവേട്ടാ, എന്തിനും എഴുതിയത് അക്ഷരം പ്രതി പിടിച്ചു.........ഒരു കാര്യം പറയാമെന്നു മാത്രം. പഴയ ജയന് സ്റ്റൈഇലില്, ആരൊക്കെതിര്ത്താലും, എന്തൊക്കെ സംഭവിച്ചാലും, ബ്ലോഗ് ഡൈജസ്റ്റ് എന്ന സംരഭത്തിനു പൂര്‍വ്വ പിന്തുണ.
ദേവേട്ടാ...
നല്ല ഐഡിയ... കുറുമാന്‍ജി പറഞ്ഞ പോലെ, എന്റെയും സ്മ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
:)
ഇപ്പോള്‍ ഈ മാഗസീനിനെക്കുറിച്ച് ഒരു ഏകദേശ ധാരണ വന്നു. പക്ഷെ അവസാനമെഴുതിയ ഓടി വന്ന് ഒരു കൈ സഹായിച്ചാല്‍ ഈ ദളിതകളേബരത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്‍ക്ക് പുണ്യവും കിട്ടും. വരിയുടെ അര്‍ത്ഥം മാത്രം പിടികിട്ടിയില്ല. കാര്യത്തിലേക്ക്,
• പരസ്യങ്ങളിലൂടെ പ്രസിദ്ധീകരിക്കുവാനുള്ള വരുമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും, മാഗസീന് സൌജന്യമായി നല്‍കുന്നതിനോട് എനിക്കഭിപ്രായമില്ല. എന്തു സൌജന്യമായി നല്കിയാലും അതിന് വിലയുണ്ടാവില്ല. ഒരു നോട്ടീസ് വായിക്കുന്ന ലാഘവത്തോടെയാവും പിന്നെ ഇതിന്റെ വായന.അല്ലെങ്കില്‍ അത് മറ്റെന്തെങ്കിലും വാങ്ങുമ്പോളാവണം. ഉദാ: ടാറ്റ സ്കൈ കേബിള്‍ കണക്ഷന് എടുക്കുന്നവര്‍ക്ക് സൌജന്യമായി...
• ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുള്ളവര്‍, ആദ്യം ആ കൃതി ഡൈജസ്റ്റിന് അയയ്ക്കുക. പ്രസിദ്ധീകരണയോഗ്യമാണെങ്കില്‍ അത് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കും. അപ്പോള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാതിരിക്കുക, അല്ലെങ്കില്‍ കുറച്ചുമാത്രം പ്രസിദ്ധീകരിച്ച് ബാക്കി വായിക്കുവാന്‍ ഡൈജസ്റ്റ് കാണുക എന്നോ മറ്റോ ലിങ്ക് നല്‍കുക.(ഓണ്‍ലൈന്‍ സബ്സ്ക്രിപ്ഷന് ലിങ്ക് ആവാം)
• ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നവ ബ്ലോഗില്‍ വായിക്കുവാന്‍ നല്‍കാതിരിക്കുന്നതാവും ഉചിതം. അല്ലെങ്കില്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷം പൂര്‍ണ്ണരൂപത്തില്‍ ലഭ്യമാക്കാവുന്നതാണ്.
• ഇങ്ങിനെയൊരു ഡൈജസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ടെങ്കില്‍, എവിടെനിന്നുമാണ് അത് പ്രസിദ്ധീകരിക്കുക? മുഴുവന്‍ സമയം ഇതിലേക്കായി ഇതിന്റെ തലപ്പത്തുള്ളവര്‍ക്ക് നീക്കിവെയ്ക്കേണ്ടതായി വരില്ലേ? ചീഫ് എഡിറ്റര്‍, എഡിറ്റര്‍, സബ്-എഡിറ്റര്‍... അങ്ങിനെ ഓഫീസ്, ഡിസ്ട്രിബ്യൂട്ട് ചെയ്യുവാന്‍ വാഹനങ്ങള്‍... മുതലായ എല്ലാ കാര്യങ്ങളും ഇതിനും വേണ്ടി വരില്ലേ?
--
ദേവ പഠനം വായിച്ചു.
(അതുവായിച്ചുകഴിഞ്ഞപ്പോള്‍ ഓണും ഓഫും ചേര്‍ത്തൊരു കമന്റെഴുതാന്‍ ഒരു കൊതി)
പ്രിന്റ് V/s ഓണ്‍ലൈന്‍ മതസരത്തില്‍ അഭിപ്രായം പറയാന്‍ താല്പര്യമില്ല. അതു തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണ്. 1000 ബ്ലോഗര്‍മാര്‍ക്ക് 1500 അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് അതില്‍ നിന്നൊരു അഭിപ്രായ ഏകീകരണം ഈ വിഷയത്തില്‍ 2000 പോസ്റ്റുകള്‍ ഇട്ടാലും ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ല.
പിന്നെ വേണ്ടത് അങ്ങനെ ഒന്ന് ഇറക്കുകയാണെങ്കില്‍ അതിന്റെ സാാധ്യതകളും പ്രശ്നങ്ങളും. അതിനെ കുറിച്ച് അത്യാവശ്യം വേണ്ട ആറു സ്റ്റ്ടാറ്റജികളും ദേവന് ഇവിടെ പ്രതിപാതിച്ച് വിശകലനംചെയ്തിട്ടുണ്ട്.
അതില്‍ മിനിമം ഏതെങ്കിലും 5 എണ്ണം ഇല്ലാതെ ഒരു പബ്ലിക്കേഷനു പ്രവര്‍ത്തിക്കാനാവില്ല.
ഇതില്‍ നിന്നും എനിക്ക് വ്യകതമാവുന്നത് രണ്ടു കാര്യങ്ങളാണ്,
ഒന്നുകില്‍ സാമ്പത്തിക ലക്ഷ്യം ഉള്ള ഒരു റെജിസ്റ്റേര്‍ഡ് കമ്പനി. അല്ലെങ്കില്‍ മലയാളം ബ്ലോഗുകളെ ജനമദ്ധ്യത്തില്‍ എത്തിക്കാവുന്ന/ഇന്റര്‍നെറ്റ് മലയാളത്തെ പരിപോഷിപ്പിക്കുന്ന ഒരു ട്രസ്റ്റ്.
ദേവന് പറഞ്ഞതുപോലെ ബൂലോകം ഒരു സംഘടയയല്ല (ഈ വരികള്‍ക്ക് 100 മാര്‍ക്ക്) എന്നതുകൊണ്ടും / വളര്‍ന്നു വലുതാകുമ്പോള്‍ ഒരു കൂട്ടായ്മയില്‍ എപ്പോഴും ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകളും വലിപ്പച്ചെറുപ്പങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്തതകളും വച്ചു നോക്കുമ്പോള്‍ ഒരു ട്രസ്റ്റ് പോലെ ഒരു ചിന്ത എവിടെയെക്കയോ ബ്രേക്ക് ചെയ്യുന്നു.
ഇനി മറുവശമായ ബിസിനസ്സ് ലക്ഷ്യം ആണെങ്കില്‍ (ഒരാളുടെയോ, അല്ലെങ്കില്‍ ഒരു കൂട്ടത്തിന്റേയോ) ദേവന് ഇവിടെ പറഞ്ഞതുപോലെയുള്ള ഒരു പാട് എഴുതിവച്ചതും എഴുതി വയ്ക്കാത്തതുമായ നിബന്ധനകള്‍ പാലിക്കേണ്ടതായി വരും.
കൃതികള്‍ അയച്ചുതരുന്ന ഓരോ ബ്ലോഗറുടേയും അഭിപ്രായങ്ങള്‍ വിലകല്‍പ്പിച്ച് വിശകലനം ചെയ്തു എടുക്കുകയോ തള്ളുകയോ ചെയ്യാം.
ഇങ്ങനെ ഒരു പ്രിന്റ് എഡിഷന് ഇറക്കും മുന്‍പു ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയാറായ അതിന്റെ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു.
ഇങ്ങനെ ഒരു ചര്‍ച്ച ഇല്ലാതെ തന്നെ സ്വന്തം താല്പര്യങ്ങള് വച്ച് എന്തു നീക്കം ഉണ്ടായാലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒരുപാട് നമ്മുടെ ഇടയില്‍ ഉണ്ടെന്നു നമ്മള് തന്നെ തിരിച്ചറിഞ്ഞതാണ്. (എനിക്ക് തോന്നിയിട്ടുണ്ട്, ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും പലപ്പോഴും സ്വന്തം അഭിപ്രായത്തെ മാറ്റി നിര്‍ത്തി എന്തിന്റെ പിന്നാലേയും ഒരു ജാഥപോലെ എപ്പോഴും യാത്രചെയ്യും. നമ്മളൊക്കെ ഉള്ളില്‍ ഇഷ്ടപ്പെടുന്ന കൂട്ടായ്മ എന്ന ചിന്തയാണ് അതിനൊക്കെ കാരണം. ബ്ലോഗുകൂട്ടായ്മ ഒരു വ്യക്തിപരമായ കൂട്ടായ്മയായി മാറുന്ന കാഴ്ചകളാണ് നമുക്കവിടെ കാണാന്‍ കഴിയുക. -ഒരു തരത്തില്‍ സുഖമുള്ള കാര്യമാണത് -)
പക്ഷെ ആ കൂട്ടായ്മ ജാഥയ്ക്ക് അതികം ആയുസ് ഉണ്ടാകില്ല. യാത്രയുടെ ഏതെങ്കിലും ഒരു തിരിവില്‍ ഒരു ചെറിയ മഴയില്‍ ആ ജാഥ കൂട്ടം തെറ്റും.
അതുകൊണ്ട് ഇങ്ങനെ ഒരു ചര്‍ച്ച വച്ചിട്ട് അതില്‍ ഉരുത്തിരിയുന്ന വിഷയങ്ങള്‍ വിലയ്ക്കെടുത്തിട്ട് മുന്നോട്ട് പോകുന്നത് നല്ലൊരു കാര്യം. ‘ദേവപഠനങ്ങള്’പോലെ ഒരുപാട് ചിന്തകള്‍ ഇനിയും വരാനിരിക്കുന്നു. പക്ഷെ അതിനെ ഒക്കെ അതിന്റെ വിലയോടുകൂടിതന്നെ മാസിക ടീം കാണും എന്നു കരുതുന്നു. എങ്കില്‍ മാത്രമേ വിജയം നിങ്ങളുടെ ഒപ്പമുണ്ടാകൂ. അല്ലെങ്കില്‍ വാശിപ്പുറത്ത് ഇറക്കിയ കുറച്ചു ലക്കങ്ങളില്‍ അതിന്റെ ആത്മാവിരുന്നു കുറുകും.
(ഒരു സംശയം, ഈ കമന്റ് ഇവിടെയാണോ അതോ ബ്ലോഗ് ഡയജസ്റ്റിലാണോ ഇടേണ്ടത്? കിടക്കട്ടെ രണ്ടു കളരിയിലും)
ബ്ലൊഗിനെ സംബന്ധിച്ച് പ്രിന്റ് മീഡിയ എന്നത് തികച്ചും അന്യമായ മറ്റൊരു സഹോധരന്റെ ബിസിനസ്സാണ്. അതിനു പുറകെ ബ്ലൊഗേര്‍സ് നടക്കാതിരിക്കുക. ആവശ്യമെങ്കില്‍ പ്രിന്റ് മീഡിയ ബ്ലൊഗ് സൃഷ്ടികളുടെ (മാന്യമായ)പ്രസിദ്ധീകരണാവകാശത്തിനായി ബ്ലൊഗ്ഗെര്‍സിനെ വ്യക്തിപരമായി ബന്ധപ്പെട്ടുകൊള്ളും. അതിലേ അന്തസ്സുള്ളു. മൂല്യമുള്ളു.
ഇതിപ്പോള്‍ പ്രശസ്തി ആഗ്രഹിക്കുന്ന മനുഷ്യസഹജമായ ദൌര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയാകുമോ എന്ന് ചിത്രകാരന് സന്ദേഹിക്കുന്നു.
qw_er_ty
You have done a wonderful home work.But Devan, there are 50+ magazines now and it will be a task to sell it in our state.Its better to print books and direct market it.Its also good to add a CD with the book with all colour pictures and video clips if any.As you have pointed out a Trust is the easiest way.
പലപ്പോഴുമെന്ന പോലെ ശരിയായ സമയങ്ങളില്‍ തന്നെയാണ് ദേവേട്ടന്റെ ഇടപെടല്‍ എന്നത് എന്നെ അത്ഭുദപ്പെടുത്താറുണ്ട്.
;ബ്ലോഗ് മാസിക- പ്രാഥമിക പഠനം’അവസരോചിതവും കാമ്പുള്ളതും ബ്ലോഗ് മാസിക പുറത്തിറക്കുന്നവര്ക്കുള്ള ഗൈഡ് ആയും ഉപയോഗിക്കാവുന്ന നിര്‍ദ്ദേശങ്ങളാണ്.
ബ്ലോഗ് മാസിക എന്നുള്ളത്
തികച്ചും വ്യക്തിപരമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ആവശ്യമുള്ള ആളുകള്‍ക്ക് സമ്മതം വാങ്ങിച്ച് പുസ്തകമാക്കാം. വില്‍ക്കാം. പുതിയ ബിസ്സിനസ്സ് കെട്ടിപ്പെടുക്കാം. ഇതിനൊക്കെയും ബൂലോകരുടെ മൊത്തം അഭിപ്രായം ക്രോഡീകരിക്കുക എന്നു വച്ചാല്‍ ഒരിക്കലും നടക്കുകയില്ല. പിന്നെ ഒരു മാര്‍ക്കറ്റിങ്ങ് എന്ന രീതിയിലുള്ള ഇടപെടല്‍ മാത്രമായേ ഞാന്‍ ഈ ചര്‍ച്ചയെ കാണുന്നുള്ളൂ.
ചാരിറ്റബിള്‍ ട്രസ്റ്റ് ആവും നല്ലത്. ലാഭം വേണം. കണക്കുകള്‍ അവതരിപ്പിക്കുകയും വേണം. ബ്ലോഗ് മാസിക പ്രിന്റ് ചെയ്യുന്നത് അതാത് രാജ്യങ്ങളിലെ പരസ്യങ്ങള്‍ സഹിതമാകുന്നത് നല്ലത്. വളര്‍ന്നാലും പൊളിഞ്ഞാലും നഷ്ടവും ലാഭവും അധികം വരരുത്. എഴുതാന്‍ എനിക്ക് കള്ളക്കണക്കുകള്‍ മാത്രം അതിനാല്‍ വായിക്കാം.
ഇരിക്കട്ടെ എന്റെയും ഒരൊപ്പ്.
ചര്‍ച്ച രണ്ടിടത്തായിപ്പോയോ? സാരമില്ല, ഇവിടെ വീണ കമന്റുകള്‍ കൊരട്ടിയടിച്ച് അപ്പുറത്തും ഇടാം.
മനൂ, ഹഹഹ (ചിരിക്ക് ക്രെഡിറ്റ് എതിരന്‍) ഈ സമ്മര്‍ദ്ദം തന്നെയാണ് ബ്ലോഗിന്റെ പ്രത്യേകതയും. പ്രിന്റ് മാദ്ധ്യമത്തില്‍ മാവേലി സ്റ്റോറില്‍ അരി കൊടുക്കുമ്പോലെ കാശു വാങ്ങി ഇന്നാ പിടി എന്ന് പറഞ്ഞ് കൃതി കൊടുക്കുകയേ ഉള്ളു കൃതികള്‍. പരമാവധി ആരും സമാധാനം പറയാത്ത ഒരു വായനക്കാരന്റെ പ്രതികരണം എന്ന പേജിലെ രണ്ടു വരി പ്രതീക്ഷിക്കാം. ബൂലോഗത്ത് ഒരു വരി എഴുതിയാല്‍ പട്ടം പറത്തുന്നതു പോലെ അതിന്റെ പൊട്ടന്‍ഷ്യല്‍ തീരും വരെ പോസ്റ്റ് ഇട്ടവന് അതിനെ പറത്തി നിര്‍ത്തണം. (വക്കാരി ദേ താഴെ ബ്ലേഡുകൊണ്ട് എന്റെ ഒരു നൂല് അറുത്തേ അടങ്ങൂ എന്നും പറഞ്ഞ് നില്‍ക്കുന്നത് കണ്ടോ?). ഓര്‍ക്കാതെ ഒരു വരി എഴുതിപ്പോയാല്‍ അത് വലിച്ചു കീറി പാളസ്സാര്‍ ഉടുത്തിട്ടേ ബൂലോഗ വായനക്കാര്‍ അടങ്ങൂ.
ഇഞ്ചീ, അരവിന്ദേ (കുട്ടിയെന്ന വിളി പോയി!)
ഫ്രീ മാഗിനെ പറ്റി പലരും പറഞ്ഞതിനോട് യോജിക്കുന്നു. നമ്മളുടെ ഇടയില്‍ അറിവിനുംക് സാഹിത്യത്തിനും ഒരു snob value ഉണ്ട്. അനുഭവത്തില്‍ നിന്നും ഒരുദാഹരണം പറയാം
കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് കൊല്ലം ചാപ്റ്റര്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ കൊല്ലത്തെ CAമാര്‍ ചെറുതല്ലാത്ത ഒരു ഫണ്ട് ഉണ്ടാക്കിയും അറിയുന്ന പ്രഗത്ഭരെ വാസ്ത
അടിച്ചും ഏറ്റവും നല്ല facultyകള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി തന്നെ കുറെക്കാലം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കി. പിള്ളേര് ആരും വരുന്നില്ല, ഇല്ലാത്ത കാശ് ഉണ്ടാക്കി മദ്രാസിലും കൊച്ചിയിലും പോകുന്നത് തുടരുകയാണ്. അബദ്ധം തിരിച്ചറിഞ്ഞ് മദ്രാസ് നിരക്കു വച്ച് മണിക്കൂറിനു 300 രൂപ ഫീസ് വാങ്ങി അത് ഒരു റിസര്‍വ് ഫണ്ട് ആക്കി. പിള്ളേരുടെ പ്രളയം. ഒരു ഫണ്ടും ഉണ്ടായിക്കിട്ടി- ഗ്രാന്റ് തെണ്ടല് കുറഞ്ഞു.
ആഡ് പിടിക്കാവുന്നത്ര പിടിച്ചോട്ടെ. ഫ്രീ മാഗ് ഇറക്കാന്‍ മാത്രം ആഡ് കിട്ടുമോ എന്ന് സംശയം. ബ്ലോഗ് ഡൈജസ്റ്റ് അല്ലേ, റീഡേര്‍സ് ഡൈജെസ്റ്റ് ഒന്നും അല്ലല്ലോ.
വിശ്വം മാഷേ, അതേ. എല്ലാവരുടെയും സമ്മതം വേണമെന്നില്ല, അതിലേക്ക് കൃതികള്‍ കൊടുക്കാന്‍ തയ്യാറുള്ളവരുടെ മാത്രം മതി.
കുറുമാനേ, ശ്രീ നന്ദി.
ഹരീ,
ഈ ലേഖനം എഴുതാന്‍ സ്വൈരമായ സമയമോ ആവശ്യത്തിനു വിവരങ്ങളോ എന്റെ കൈവശം ഇല്ല, അതുള്ളവരും ഫീസിബിലിറ്റി സ്റ്റഡി നടത്തി പരിചയമുള്ളവരും ഇതിനെ ഡെവലപ്പ് ചെയ്ത് സഹായിച്ചാല്‍ നന്നായിരുന്നു എന്നാണു പറഞ്ഞത്.
ടിപ്സിനു നന്ദി. ഒരു കാര്യത്തില്‍ മാത്രം എനിക്ക് എതിരഭിപ്രായമാണ്, ബ്ലോഗില്‍ വരാതെ മാസികയിലേക്ക് ലേഖനങ്ങള്‍ പോകുന്ന കാര്യത്തില്‍. അത് ബൂലോഗത്തിന്റെയും യൂണിക്കോട് മലയാളം മൂവ്മെന്റിന്റെയും താല്‍പ്പര്യത്തിന്റെ കുറുക്കേ കേറി. ഇവിടെ ഇട്ടതിന്റെ ഫ്ലൈ ആഷ് പോയാല്‍ മതി
പ്രിന്റിലോട്ട്.
കുമാറേ,
അതേ, രണ്ടിലൊന്ന് തീരുമാനിച്ചിട്ട് അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ചാരിറ്റി ആണെങ്കില്‍ സാധനം സപ്ലേ ചെയ്യുന്നവരും ഫ്രീ ആയി കൊടുക്കും, സാമ്പത്തിക ലാഭമുണ്ടാക്കുന്ന സംരംഭം ആണെങ്കില്‍ എഴുത്തുകാരും പോസ്റ്റുകള്‍ വിലയ്ക്കു വില്‍ക്കും.
ചിത്രകാരാ,
ഇതൊരു ലാഭമുണ്ടാക്കാനുള്ള പരിപാടി ആണെങ്കിലും തെറ്റൊന്നും കാണുന്നില്ല, പക്ഷേ മറ്റു ലാഭമുണ്ടാക്കല്‍ പ്രസ്ഥാനങ്ങള്‍ (വാരിക, മാസികകള്‍) കൊടുക്കുന്നതുപോലെ (ഒരേ നിരക്ക് ആയിരിക്കണമെന്നും ഇല്ല) ഒരു പ്രഖ്യാപിത റേറ്റ് എഴുത്തുകാര്‍ക്ക് കൊടുക്കണമെന്നേയുള്ളു. അതില്‍ താല്‍പ്പര്യമുള്ളവര്‍ കൃതികള്‍ കൊടുത്തോട്ടെ.
(ഇതിലേക്ക് മാത്രമേ കൊടുക്കൂ എന്ന സപ്ലൈ കോണ്ട്രാക്റ്റോ അതല്ല ഇഷ്ടമുള്ള പ്രസിദ്ധീകരണത്തിനൊക്കെ കൊടുക്കുമെന്നോ പ്രിന്റാന്‍ ഒരു വരി പോലും കൊടുക്കില്ലെന്നോ അവനവന് തീരുമാനിച്ച് ബ്ലോഗന്മാര് ചെയ്തോട്ടെ)
ഇരിങ്ങല്‍, നന്ദി. അതേ. ആര്‍ക്കും പ്രയോജനമാവട്ടേ എന്നു കരുതിയാണ് ഇത് കമന്റ് ആക്കാതെ പോസ്റ്റ് ആക്കിയത്. ബ്ലോഗ് മാസികയെക്കുറിച്ചും എന്റെ വീക്ഷണം രാജു പറഞ്ഞത് തന്നെ.
ഫ്രാന്‍സിയര്‍, അതേ എത്രയുണ്ടെന്ന് അറിയില്ല മാസികകള്‍, അവയെല്ലാം ടോപ് 5 (സമകാലിക, മാതൃ. കൌമുദി, ഭാഷാപോഷിണി, ഇന്‍ഡ്യ റ്റുഡേ) എന്നിവയോടാണ് മത്സരിക്കുന്നത് (പൈങ്കിളികളെ ഉള്‍പ്പെടുത്തിയിട്ടില്ല) . ഈ വാരിക/ മാസികകളുടെ അഡ്വാന്റേജ് അവര്‍ക്കെല്ലാം (റ്റുഡേയ്ക്ക് അത്രയില്ല) പരസ്യത്തിനും വിതരണത്തിനും ഒരു ദിനപത്രം എസ്റ്റാബ്ലിഷ് ചെയ്ത ചാനല്‍ ഉണ്ടെന്നതാണ്.
സിഡി ഒരു ഒന്നാന്തരം ആശയം ആണ്, മലയാളത്തില്‍ ഒരു മാസികയ്ക്കും ആ സംവിധാനമില്ല.
ചന്ദ്രേട്ടാ,
മാസിക തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് (മോബ് ചാനല്‍ ആയാലും വേറേ ആരെങ്കിലും ആയാലും) ആ തീരുമാനം വിട്ടുകൊടുത്തു, പക്ഷേ ലാഭമുണ്ടാക്കുന്ന പരിപാടി ആണെങ്കില്‍ വില ഈടാക്കി കൃതികള്‍ കൊടുക്കും (കൊടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍) എന്നു മാത്രം.
ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്താല്‍ മിച്ചം കിട്ടുന്നത് പണം മുടക്കിയവര്‍ക്ക് വീതിക്കാന്‍ നിയമം അനുവദിക്കില്ല. ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ന്യായമായ ശമ്പളം (honorarium) വാങ്ങാനേ ട്രസ്റ്റ് ആക്റ്റ് അനുസരിച്ചു കഴിയൂ.
ന്റെ ദേവേട്ടാ.. ഇത് കൊള്ളാം.. :)
എനിക്കു തോന്നുന്നൂ പലരും ഒന്നും വായിക്കുന്നില്ലാ എന്ന്.. പിന്നെ ദേവേട്ടന് എല്ലാം വായിക്കുന്നുണ്ട് എന്ന് പറഞപ്പോള് ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല..
എനിക്ക് തോന്നുന്നത്(ആര്‍ക്കും എന്തും തോന്നമല്ലോ) ഈ മാഗസീന് നല്ലതാണ് എന്നു തന്നെയാ.. എന്തേ ഇത്ര വൈകീ എന്ന് മാത്രം സംശയം ബാക്കി...
താത്പര്യം കാണിക്കുന്നവരും എഫ്ഫര്ട്ട് എടുക്കാന്‍ റെഡിയായിരിക്കുന്നവരും മുന്‍പോട്ടു വരുന്നു.. ഈ മാസിക ആരേയും നിരാശരാക്കും എന്ന് എനിക്ക് തോന്നിയില്ല(ഇത് വരെ).
കുറേ നാളുകളായി നമ്മുടെ ഇടയില്‍ ചര്‍ച്ച ചെയ്യപെടുന്ന ഒരു കാര്യമാണ് ഒരു റിയാലിറ്റി ആകാന്‍ പോകുന്നത്.. തയ്യാറുള്ളവര്‍ അയച്ചു തരൂ എന്ന് അവര്‍ പറയുകയും ചെയ്തു.. പിന്നെ എന്തിനാണ് എനിക്ക് ഇഷ്ട്ടമല്ല എന്റെ സൃഷ്ടികള്‍ അയക്കാന്‍ എന്ന് പറയുന്നതു? (ദൈവമേ ഞാന്‍ വിവാദങളില്‍ ഇല്ല)
ഹരി പറഞത് ശരിയാണ്.. ഈ സൌജന്യം എല്ലാവര്ക്കും ദഹിക്കുമോ? ട്രയിനില്‍ കിട്ടുന്ന ഒരു പേപ്പര്‍ ഉണ്ട്..(കൊച്ചി നഗര വാര്‍ത്തകള്‍ ആണ്.. പേര് മറന്നു) ഞങള്‍ ഒന്നു മറിച്ച് നോക്കി അവിടെ തന്നെ ഇട്ടാണ് പോകാറ്.. ആ ഗതി വരാന്‍ എഴുതുന്ന ഒരാളും തയ്യാറാകും എന്ന് കരുതാന്‍ പറ്റുമോ?(അങനെ എക്സിക്യൂട്ടിവിനു പോകുന്നവര്‍ക്ക് കൊടുക്കുന്നതിലും നല്ലത് പാസഞ്ചര്‍ അല്ലേ അരവിന്ദേട്ടാ? ;) )
പകര്‍പ്പവകാശം: ഇത് കീറാമുട്ടി തന്നെ.. പക്ഷെ നമ്മള് കുറേ പേര് വിചാരിച്ചല് ഒതുങുമോ അത്? മാസിക ഇറക്കുന്നവര്‍ അതിന് ഒരു പോംവഴി തീര്‍ച്ചയായും കണ്ടെത്തുമായിരിക്കും..
ഹരീ ചോദിച്ചപോലെ മാര്‍ക്കറ്റിങ് വല്യ പ്രശ്നമാ.. എങനെ പല ഭാഗത്തെത്തിക്കും? പിന്നെ മൊബ് ചാനല്‍ ബ്ലോഗ് ഡൈജസ്റ്റ് ചര്‍ച്ചാ വേദിയില്‍ അതുല്യേച്ചി പറഞതു പോലെ ഇന്‍ഡ്യാ പോസ്റ്റുമായി ഒരു ധാരണയില്‍ എത്താന്‍ പറ്റിയാല്‍ നല്ലത്...
ഡൈജസ്റ്റ് ടീം കുമാറേട്ടന്റെ കമ്മന്റ് കണ്ടോ ആവോ? കുറേ നല്ല കാര്യങള് അതിലുണ്ടല്ലോ...!
മരുന്ന്: ഈ ഡൈജസ്റ്റ് ടീം ഒരു പ്രൊജെക്റ്റ് കണ്‍സള്‍ട്ടന്റിന്റെ സഹായം തേടുക(തേടിയിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു)
ശ്..ശ്.. ഇതെല്ലാം എന്റെ പേര്‍സണല്‍ വ്യൂ മാത്രം.. ആരും പരിഭവിക്കല്ലേ..!
ഇന്നലെ കേട്ടത്:
സര്‍ക്കാര്‍ ഓഫീസുകളില്‍ മാസികകള്‍ വാങാറുണ്ട്.. 2-3 ലക്കം വാങി നല്ല കണ്ടെന്റ് ആണ് എന്ന് ഉറപ്പാകുംബോള് അവര്‍ സ്തിരമാക്കുന്നു
ദേവന്റെ സാധ്യതാ പഠനം ഇങ്ങനെ ഒരു മാസിക തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ്.
മാസികയായി പ്രസിദ്ധീകരിക്കുന്നതിനുമുന്‍പ് ഒരു വാര്ഷികപ്പതിപ്പു പോലെ ഒന്ന് അച്ചടിച്ചിറക്കി ഇതിന്റെ സാധ്യതകള്‍ ആരായുന്നത് നല്ലതല്ലേ എന്നൊരു എളിയ അഭിപ്രായമുണ്ട്.
ഹരീ, ആലപ്പുഴക്കാരാ
ഫ്രീയായിട്ട് കിട്ടിയ സാധനങ്ങള്‍ക്ക് ഗുമ്ം കുറവാണെന്നോ? വെബ്ബില്‍ ബ്ലോഗ് ഫ്രീ ആയി കിട്ടുന്നതല്ലേ? എന്നിട്ട്? ലിനക്സോ?
ക്വാളിറ്റിയും കോസ്റ്റും താരതമ്യപ്പെടുത്തരുത്. നിര്‍ഭാഗ്യവശാല്‍ നാട്ടില്‍ ക്വാളിറ്റി ഇല്ലാത്ത സാധനങ്ങളേ ഫ്രീ ആയി കൊടുക്കുള്ളൂ. ബ്ലോഗിന് ക്വാളിറ്റി ഇല്ലേ? നഗരവാര്ത്തകളിലെ വാര്‍ത്തയുടേ ക്വാളിറ്റി തന്നെയാകും അതിന് കാരണം. മാതൃഭൂമി ഫ്രീ ആയി കൊടുത്താല്‍ അവിടെ ഇട്ടേച്ച് പോക്വോ?
ദേവേട്ടാ പരസ്യം എന്നത് മാരുതിയുടേയോ, ജെറ്റ് എയര്വേയ്സിന്റേയോ കിംഗ് ഫിഷര്‍ ബീറിന്റേയോ ഒന്നുമല്ല. ലോക്കല്‍ പരസ്യങ്ങള്‍. എറണാകുളം, കൊല്ലം, കോട്ടയം, തിര്വന്തോരം ഇവിടങ്ങളിലെ ചെറുകിട-മിഡ്ഡില്കിട സ്ഥാപനങ്ങള്‍. ഇത് എന്റെ ഐഡിയ ഒന്നുമല്ല, ദുബായിയില്‍ ഉണ്ടോന്നറിയില്ല, ഇവിടെയൊക്കെ സൂപ്പര്‍മാര്‍കെറ്റിലും മറ്റും ഇങ്ങനെ പല ഫ്രീ മാഗസിനുകളും കിട്ടും. ഏതാണ്ട് ഒരു ആഴചപതിപ്പിന്റെ വലിപ്പം, നല്ല മിനുസ പേപ്പര്‍,കട്ടി കുറവായിരിക്കും. ഇഷ്ടം പോലെ ലോക്കല്‍ പ്ലംബിംഗ്, സൂപ്പര്‍മാര്‍കെറ്റ്, കാറ് ഡീലേര്‍സ്, വീട് ഡീലേര്‍സ് പരസ്യങ്ങള്‍, പിന്നെ അതിന്റൊപ്പം, വായിക്കാന്‍ ചില ആരോഗ്യ പംക്തികള്‍, ടൂറിസ്റ്റ് പംക്തികള്‍, ചില ലോക്കല്‍ ഡെവലപ്പ്മെന്റുകള്‍, ജോക്സ് ഇത്യാദി. ആദ്യമൊക്കെ ഞാനതെടുത്ത് ടില്ലില്‍ കൊണ്ടു പോയി പൈസ എത്രേ ന്ന് ചോദിച്ചിരുന്നു.
ആ ഒരു മോഡല്‍. ലാഭം പരസ്യങ്ങളില്‍ നിന്നു തന്നെ.
(ഉദാ : കുറുമയ്യന്റെ യൂറോപ്പ്, മൃതോത്ഥാനം ഇവ പബ്ലീഷ് ചെയ്യുമ്പോള്‍ ടി സാധനങ്ങളിലെ വെള്ളമടി സീനുകള്‍ മൂലം,വാരിക മൊത്തം, ഷാപ്പുകള്‍ സ്പോണ്സെര് ചെയ്യില്ലേ? ഇല്ലേ? ഇല്ലേന്ന്? ;-) കുറൂമയ്യാ പയ്യെ ഇടി.)
വേറൊന്ന്, ബ്ലോഗില്‍ ഫ്രീ ആയി വായിക്കാനിടുന്ന പോസ്റ്റുകള്‍ അച്ചടീക്കുമ്പോള് കാശ് വാങ്ങുന്നതെന്തിന് ? മാസിക ഫ്രീ ആയിക്കൊടുത്താല്‍, അച്ചടിക്കാര് കാശു വാങ്ങുന്നു, അതിന്റെ ഒരു പങ്ക് ഇങ്ങട്ടും എന്ന സ്ഥിതി ഒഴിവാക്കാലോ? ചിലവ് കുറയും, ബ്രേക്ക് ഇവന് പോയന്റ് നല്ലോം താഴും.
ദേവേട്ടെന്റെ ബേസ് സ്റ്റോക്ക് വളരെ ഇമ്പോര്‍ട്ടന്റ് ആണ്. കാശിറങ്ങുമ്പോള് വായനക്കാരന്റെ ക്വാളിറ്റി കോണ്‍ഷ്യസ് വളരെ കൂടും. അതിനനുസരിച്ച് ആ ലെവല്‍ കീപ്പ് ചെയ്യാന്‍ മാത്രം സൃഷ്ടികള്‍ ഉണ്ടോ?ഉണ്ടാവുന്നുണ്ടോ?
മൂന്ന് ലക്കം ജോറായി നാലാം പക്കം ചവറ് എന്ന് വായനക്കാരന് പറഞ്ഞാല്‍? വെബ്ബില്‍ ആ പ്രശ്നമില്ല.
ഒന്നു കൂടി..ഞാനീപ്പറായുന്നതൊക്കെ വെറുതേ ഈ ഒരു വിഷയത്തില്‍ കമ്പം തോന്നി ഇടുന്നതാണ്. മാസിക ഇറക്കാന്‍ ഉറപ്പിച്ചവര്‍ അതുമായി മുന്നോട്ട് പോകുന്നതിന് പേര്‍സണലായി എനിക്ക് യാതൊരു എതിര്‍പ്പുമില്ല. ചിലത് ഇവിടെ നിന്ന് ഞാനും പഠിക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. (പുട്ടുകച്ചവടം)
ആലപ്പുഴക്കാരന്, നിങ്ങള്‍ പറഞ്ഞ
“ഡൈജസ്റ്റ് ടീം കുമാറേട്ടന്റെ കമ്മന്റ് കണ്ടോ ആവോ?
ഈ ഡൈജസ്റ്റ് ടീം ഒരു പ്രൊജെക്റ്റ് കണ്‍സള്‍ട്ടന്റിന്റെ സഹായം തേടുക(തേടിയിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു)“ എന്നിങ്ങനെയുള്ള വരികള്‍ എന്റെ ചിന്തയെ വഴി തെറ്റിക്കുന്നു.
ഈ മാസികയെ കുറിച്ചുള്ള പ്രാരംഭ പോസ്റ്റില്‍ കണ്ടത് ഇങ്ങനെയാണ്, “ഈ ഉദ്യമം വിജയകരമാക്കുന്നതിനു വേണ്ട അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി ഒരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് നടന്നു. ചാരുകേശി, ആലപ്പുഴക്കാരന്, കണ്ണൂരാന്‍, ഇക്കാസ് , അനംഗാരി, ഗുണാളന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായ പങ്കു വഹിച്ചു.“
അപ്പോള്‍ ഞാന്‍ കരുതിയത് ഈ ഡയജസ്റ്റ് ടീം എന്നാല്‍ നിങ്ങളൊക്കെ ചേര്‍ന്ന് എന്നാണ്.
അപ്പോള്‍ പിന്നെ ആരാണ് ഈ ടീം? സുതാര്യത ഉണ്ടാകും ഞങ്ങളുടെ നീക്കങ്ങള്‍ക്ക് എന്ന് വേണ്ടപ്പെട്ടവര്‍ അവിടെ പറഞ്ഞതുകൊണ്ടാണ് ഈ ചോദ്യം. അതുകൊണ്ടു തന്നെ ഞാന്‍ എടുത്തു പറയുന്നു, ഇങ്ങനെ ഒരു സംരഭത്തിനു ഈ ടീം വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഓരോരോ മുങ്കരുതലുകള്‍ ചൂണ്ടിക്കാട്ടാന്‍ തോന്നിയിട്ടാണ് ഈ ചര്‍ച്ചയില്‍ ഞാന്‍ ഇങ്ങനെ ഒക്കെ പറയുന്നത്. പോകുന്നെങ്കില്‍ ഒന്നിലും ഇടിച്ചു നില്‍ക്കാതെ പോകണം ഈ സംരഭം എന്ന് പറയാന്‍ തോന്നുന്നു.
തെറ്റിദ്ധരിക്കാന്‍ ഇടവരരുതെ എന്ന പ്രാര്‍ത്ഥന ഒരു ഓഫ് ടോപ്പിക്കായി അടിയില്‍ കിടന്നോട്ടെ.
എല്ലാ അഭിപ്രായങ്ങളെയും മാനിച്ചു കൊണ്ടു തന്നെയും,
എല്ലാ നിയമങ്ങളെയും അനുസരിച്ചു കൊണ്ടു തന്നെയും,
പരീക്ഷണമെന്ന നിലക്കു ഒരു വാര്ഷികപ്പതിപ്പു ( ഓണപ്പതിപ്പാവാം) എല്ലാ ബ്ലോഗേര്സിന്റെയും ഒരോ രചന ഉള്‍പ്പെടുത്തി ഇറക്കി നോക്കിയാലോ?
കഴിഞ്ഞ വര്‍ഷത്തെ മുഖ്യധാരയിലെ ഓണപ്പതിപ്പുകള്‍ നീരാശ മാത്രമേ തന്നുള്ളു.
നമുക്ക് ഒരു വെല്ലുവിളിയാവാം.പക്ഷെ ധീരമായ നടപടിയായിരിക്കുമത്.
ഞാന്‍ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. (ഇരുമ്പുലക്കയല്ല)
ആലപ്പുഴക്കാരന്റെ കമന്റ് ഇവിടെ കണ്ടതുകൊണ്ടാണ് ഇവിടെ പറഞ്ഞത്. ഞാനിപ്പോള്‍ ആകെ കണ്ഫ്യൂഷനില് ആയി. ഒരു വിഷയത്തില്‍ ഒരുപാട് പോസ്റ്റുകള്‍ ഒരുപാടിടത്തായി ചര്‍ച്ചകള്‍. ദേ അപ്പുറത്ത് ഗന്ധര്‍വ്വ ലോകത്തിലും ഒരു പോസ്റ്റ്. ഇനി ആരൊക്കെയാണാവോ പോസ്റ്റുകളുമായി വരുക?
ന്റെ കുമാറേട്ടാ,
ഞാന്‍ ഒരു സോഫ്റ്റ്വെയര് ടെസ്റ്റര്‍ ആണ്.. എല്ല വിധത്തിലും ഉള്ള ടെക്ക്നിക്കല്‍ ഹെല്പ്പും ഓഫര്‍ ചെയ്തിട്ടുണ്ട്.. ബ്ലോഗിങ് തുടങിയിട്ടു അധികമായിട്ടില്ല.... ആ ചര്‍ച്ചകളില്‍ (ബ്ലോഗ് ഡൈഗസ്റ്റ് ഡോട്ട് ബ്ലോഗ്സ്പോട്ട്) ഞാന്‍ കമ്മന്റ് ഇട്ടിരുന്നു.. കണ്ടില്ലേ?
അന്ന് കൊച്ചീ മീറ്റില്‍ ഈ മാഗസീന് തുടങാം എന്നും .. ബാക്കി കാര്യങള് എല്ലാവരും ആയി കൂടി ആലോചിച്ചിട്ടുമാകും എന്നാണ് പറഞതു(അല്ലേലും പലതുള്ളി പെരുവെള്ളം എന്നല്ലേ).
പിന്നെ മാസികയുടെ ബ്ലോഗ് സ്പോട്ട് എന്ന ആശയവും ഡിസ്ക്കസ്സ് ചെയ്തു.. ഇതെല്ലാം അല്ലേ ഇവിടെ നടക്കുന്നത്?
എല്ലാരും ഉള്ളഴിഞ്ഞ് മനസ്സിരുത്തി ഇതൊന്ന് വായിച്ചേ.
അതിന്‍പടി ഒര് സ്റ്റഡീ ഏണ്‍ഡ് മാര്‍കറ്റ് സ്റ്റഡി ഒക്കെ നടത്തിന്.
എന്നിട്ട് പറയിന്‍ കഥ ശാകുന്തളം തന്നെ മതിയൊ അതോ വിക്രമോര്വശീയമൊ.
ഈ വിഷയത്തില്‍ വിചാരത്തിന്റെ പാഥയിലെ ആദ്യത്തെ വസ്തുനിഷ്ടമായ പഠനം
ഒരൊ ബ്ലൊഗറും ടെന്‍ വരിക്കാരെ കണ്ടെതി മുങ്കൂര്‍ കാശു വാങിയാല്‍ പുസ്തകം വില്കാം..സീഡി കൂടെ വചാല്‍ നന്ന്.
Ther is an experiment in Kerala by Prof Johnsy Jacob. it is successful.They have registered a trust /NGO PRASADAM and doing it.They have yearly get together too.It goes well.(Sorry I am Learing malayalam blogging)
ദേവേട്ടാ,റ്റാസ്ക്കുകള് വീതിച്ച് തരാമെങ്കില്‍ എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു തരാന്‍ ഞാനെപ്പോഴും റെഡി.
പക്ഷെ എനിക്കിപ്പോഴും ഇത് 100% കണ്‍സീവ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഒന്നാമത് ഇതിന്റെ ഫീസിബിലിറ്റി തെളിയിക്കാന്‍ ഇംഗ്ലീഷിലോ മറ്റ് ഏതെങ്കിലും ഭാഷയിലോ സമാനമായ ഉദ്യമങ്ങള്‍ ഉണ്ടോ? അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? അവ സാമ്പത്തികമായ വിജയമാണോ? അതിന്റെ ഉള്ളടക്കം വായനക്കാരെ തൃപ്തിപ്പെടുത്തുന്നുണ്ടോ?കമ്പനിയാകണോ ചാരിറ്റബിള്‍ ട്രസ്റ്റാകണോ എന്നതൊക്കെ ഈ സംരംഭത്തിന്റെ ഫീസിബിലിറ്റി അനുസരിച്ച് മാറുന്ന സംഗതിയാണ്.അത് പോലെ ഇന്‍വെസ്റ്റ്മെന്റും ഇത് നിര്‍ണ്ണയിക്കുന്ന സംഗതിയാണ്.
പിന്നെ ആരാണ് ഉള്ളടക്കം ഫില്‍റ്റര്‍ ചെയ്യുന്നത്,എഡിറ്റ് ചെയ്യുന്നത്? എന്താകണം എഡിറ്റോറിയല്‍ പോളിസി,പൊളിറ്റിക്കല്‍ സമീപനം?
മുന്നോട്ട് ചര്‍ച്ച പോകുമ്പോള്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമാവുമായിരിക്കുമെന്ന് കരുതുന്നു
അരവിന്ദന്മാഷേ...
ഞാന്‍ ക്വാളിറ്റി ഉണ്ടാവില്ല എന്നല്ല പറഞ്ഞത്. വിലയുണ്ടാവില്ല എന്നാണ്. മനോരമയും മാതൃഭൂമിയും ഒക്കെ ഫ്രീയായി കിട്ടിയാല്‍ അവിടെയിട്ടേച്ച് പോവാറുണ്ട്. ഇന്‍ഡ്യന്‍ ഓയില്‍ 500 രൂപയ്ക്ക് അടിക്കുമ്പോള്‍ കിട്ടുന്ന് ഇന്‍ഡ്യാടുഡേ പോലും കാറിന്റെ ചില്ലില്‍ ഫോഗ് വരുമ്പോള്‍ തുടയ്ക്കാനുപയോഗിക്കുന്ന എത്രയോ പേര്...
പക്ഷെ വിലകൊടുത്തു മേടിക്കേണ്ടിവരുമ്പോള്, അത് പ്രയോജനപ്പെടുത്തുന്നവരേ അത് മേടിക്കുവാന്‍ എത്തുകയുള്ളൂ... പിന്നെ ബ്ലോഗില്‍ ഫ്രീയായി ഇടുന്നത് പ്രിന്റില്‍ വരുമ്പോള്‍ കാശു വാങ്ങുന്നത് - ലാഭം ഉണ്ടാക്കുമ്പോള്‍ എഴുതുന്നതിന്റെ ഒരു വിഹിതം എഴുതുന്നവര്‍ക്കും കൊടുക്കുന്നതല്ലേ ഒരു ന്യായം? അത്രയുമേയുള്ളൂ...
--
ഒടുവില്‍ കാകതീയ രാജകുടുംബം മുഴുവന്‍ വിഷവാതകം ശ്വസിച്ച് മരിക്കുമെന്നുറപ്പായപ്പോഴാണ് റിഷഭകുമാരന് ശബ്ദമുണ്ടാക്കി ആളെകൂട്ടാന്‍ തീരുമാനിച്ചത്. കൈയ്യിലുണ്ടായിരുന്ന ‘കാകകൂകാ റബ്ബര്‍ ബാന്റ് കമ്പനിയുടെ‘ പ്ലാസ്റ്റിക് കവര്‍ ഊതി വീര്‍പ്പിച്ച് കുമാരന് പൊട്ടിച്ചു. ഠേ!!
പെട്ടെന്ന്..
“അമ്മേ..” എന്നൊരു നിലവിളിയോടെ കട്ടിലില്‍ നിന്ന് വീണ കുമാരന് മുള്ളാന്‍ പോണ മുറിയുടെ പടിയില്‍ തലയടിച്ച് ബോധരഹിതനായി.
ഓടോ: ഈ സൈസ് കഥകള്‍ ബ്ലോഗ് ഡൈജസ്റ്റിലേക്ക് ഞാന്‍ അയയ്ക്കും എന്നുള്ള ഫാക്ട് കൂടി ഫീസിബിലിറ്റി കണക്കാക്കുമ്പോള്‍ കണാക്കിലെടുത്താല് കൊള്ളാം.[എല്ലാരും ഓഫടിക്കുണൂ.. അപ്പൊ പിന്നെ ഞാനും... (തല്ലീട്ടൊന്നും കാര്യമില്ല നന്നാവില്ല)]
പലയിടത്തായി ബ്ലോഗ് ഡൈജസ്റ്റിന്ക്കുറിച്ച് ചര്‍ച്ച നടക്കുന്നു. നടക്കട്ടെ. എന്നെ സംബന്ധിച്ചിടത്തോളം മാസിക ഇറക്കുന്നതിനും ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നതിനും ഉള്ള പ്രയത്നം, എന്തെങ്കിലും ഗുണമുള്ളതാണ് എന്ന് അത് ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് തോന്നുന്നുവെങ്കില്‍ അങ്ങിനെയാവട്ടെ എന്നേ ഉള്ളൂ.
സാധാരണ ദേവന് പറയുന്ന കാര്യങ്ങളോട് യോജിക്കാനേ കഴിയാറുള്ളൂ. പക്ഷേ ഇവിടെ എനിക്ക് വിയോജിക്കേണ്ടി വരുന്ന ഒരു വാചകം കണ്ടു.
ബ്ലോഗ് സൃഷ്ടികളില്‍ തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില്‍ ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല്‍ ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്‍പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് കൊണ്ടുവരാന്‍ കാരകമായി വര്‍ത്തിക്കും.
ഇതിങ്ങനെയാവില്ല എന്ന് അനുഭവത്തില്‍ നിന്ന് പറയാനാവും. പൊതുവേ മടിയന്മാരാണ് നമ്മളൊക്കെ. ബൂലോഗത്തെ "ഹണിമൂണ്‍ പിരീഡ്" കഴിഞ്ഞു കഴിഞ്ഞാല്‍ വായനയും കമന്റിടലും ഒക്കെ വളരെ തെരഞ്ഞെടുത്താവും. അപ്പോള്‍ നമുക്കു വേണ്ടി ഒരു എഡിറ്റിംഗ് ടീമും, പ്രിന്റ് ചെയ്ത മാഗസിനും കൂടിയാവുമ്പോള്‍ ബൂലോഗത്തു വരുകയേ വേണ്ട എന്നേ തോന്നൂ. ഒരു പരിചയമായിക്കഴിഞ്ഞാല്‍ പിന്നെ സൌഹൃദങ്ങള്‍ നിലനില്‍ക്കുന്നത് ഫോണിലും ടാക്കിലും ഒക്കെ കൂടിയാണല്ലോ. പുതിയ ഒരാളാണെങ്കില്പ്പിന്നെ ബൂലോഗത്ത് പ്രത്യേക പരിചയങ്ങള്‍ ഒന്നും ഇല്ലാത്തതു കാരണം വരികയേ വേണ്ട. വായിക്കാനുള്ളത് കൃത്യമായി കിട്ടിയാല്‍ മതിയല്ലോ. (ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ട് - ജ്യോതിഷ് :-0. സമാന താത്പര്യമുള്ള സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പില്‍ കുറച്ചു കാലം ബൂലോഗത്തെ തെരഞ്ഞെടുത്ത സംവാദങ്ങളും സൃഷ്ടികളും ഇ-പുസ്തകം ആയി വിതരണം ചെയ്തിരുന്നു ഞാന്‍. അവരെക്കൂടി ഇങ്ങോട്ട് ആകര്‍ഷിക്കാന്‍. ഒരു ഗുണവുമുണ്ടായില്ല. വിതരണം നിര്‍ത്തിയപ്പോള്‍ എന്തുപറ്റി എന്നന്വേഷണമായി. ഒന്ന് രണ്ടു പേര് ബ്ലോഗര്‍മാര്‍ ആവുകയും ചെയ്തു.
എന്റെ കാര്യം തന്നെ പറയാമല്ലോ. എനിക്ക് താത്പര്യമുള്ള സൃഷ്ടികള്‍ വേറെ ഏതെങ്കിലും മാര്‍ഗത്തില്‍ കിട്ടുകയാണെങ്കില്‍ ഞാന്‍ ബ്ലോഗില്‍ വരുന്നത് തീര്‍ച്ചയായും കുറയും. സംശയമൊന്നും ഇല്ല അതിന്.
വേറെ ഒരു കാര്യം, ഇങ്ങനെ കഥകളും കവിതകളും ലേഖനങ്ങളും മാത്രം പ്രിന്റ് എഡിഷനില്‍ പോകുന്നത്, ബ്ലോഗിന്റെ സാധ്യതകളെപ്പറ്റി ഒരുപക്ഷേ കൃത്യമല്ലാത്ത ഒരു സന്ദേശം നോണ്‍-ബ്ലോഗര്‍മാരില്‍ എത്തിച്ചേക്കും. ഓണ്‍-ലൈന്‍ ഡയറി ആണ് ബ്ലോഗ് എന്ന് പറയുന്നത് വളരെ നേര്‍ത്ത ഒരു നിര്‍വചനമാണ്. റിവര്‍ബെന്റ് ഡ്രീംസും, മുംബൈ പ്രളയസഹായ ബ്ലോഗും ഒക്കെ എങ്ങനെ പ്രിന്റിലെത്തിക്കാന് പറ്റും? ഇപ്പോള്‍ത്തന്നെ മൂന്നാറില്‍നിന്ന് ഒരു ബ്ലോഗര്‍ ഉണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ നമുക്ക് മൂടിവെക്കപ്പെടാത്ത, സുതാര്യമായ കുറേ സത്യങ്ങള്‍ കൂടി കിട്ടിയേനേ കയ്യേറല്‍ സംഭവങ്ങളെപ്പറ്റി. ഒരു വിവര സൂചികയായിട്ടോ, വിജ്ഞാന സ്രോതസ്സ് ആയിട്ടോ, ഡാറ്റാബേസ് ആയിട്ടോ ഒന്നും നാം ഇതുവരെ ബ്ലോഗ് ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ഓരോ വിഷയങ്ങളിലും കൂടുതല്‍ സാങ്കേതികമായ വിവരമുള്ള വ്യക്തികള്‍ ബ്ലോഗര്‍മാര്‍ ആയി, അവര്‍ ഈ സാധ്യതകള്‍ മനസ്സിലാക്കുമ്പോഴാണ് ബ്ലോഗിന്റെ സ്വാഭാവികമായ ഈ വികാസം സാധ്യമാവുന്നത്. അങ്ങിനെ സാധ്യതാപരമായി ശൈശവദശയില്‍ നില്ക്കുന്ന ബൂലോഗത്തിന്റെ വളര്‍ച്ച, നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കില്‍ കൂടി, ഈ അവസരത്തില്‍ തുടങ്ങുന്ന ഒരു പ്രിന്റ് മാഗസിന് കുറക്കും എന്നാണ് എനിക്ക് തോന്നുന്നത്. കാരണ, തെരഞ്ഞെടുത്ത ഒരു ബ്ലോഗിലെ കഥകളുടേയോ കവിതകളുടേയോ സമാഹാരം പ്രിന്റ് ചെയ്യുന്നതു പോലെയല്ല, ഒരു മാസത്തെ ബ്ലോഗ് ആക്റ്റിവിറ്റികളുടെ എസന്‍സ് അല്ലാത്ത ഒരു സമാഹാരം പ്രിന്റില്‍ പോവുന്നത്. എസന്‍സ് ആണ് എന്ന് അവകാശപ്പെട്ടില്ലെങ്കില്‍ കൂടി, അതാണ് എസന്‍സ് എന്നേ വായനക്കാര്‍ക്ക് ധരിക്കാന്‍ കഴിയൂ.
കുഞ്ഞാലികുട്ടിയുടെ ജിം പോലെയാവരുത്,
ഭാവുകങ്ങള്‍ എല്ലാത്തിനും.
ആദ്യമായി ദേവന്റെ ഫ്രീ ആയ കണ്സള്ടിങിനോടു എല്ലാവരുമെന്ന പോലെ ഞാനും കടപ്പെട്ടിരിയ്ക്കുന്നു.
ഇവിടെ ദേവന് എഴുതിയ വിഷന്‍ നോക്കൂ. ബ്ലോഗു ഇല്ലാത്ത/ വായിയ്ക്കാത്തവരില് ബ്ലോഗ് എത്തിയ്ക്കുക എന്നുള്ളതാണ് ബ്ലോഗു ഡൈജസ്റ്റിന്റെ വിഷന്‍ എന്നാണ് എഴുതിയിരിയ്ക്കുന്നത്.
അതിനുള്ള മിഷന്-എന്തൊക്കെ ചെയ്താല്‍ ആ വിഷനില്‍ എത്തിച്ചേരാം.
അതില്‍ ഏറ്റവും പ്രധാനം. സമ്പത്തിക സംരംഭത്തിന്റെ സ്വഭാവമെന്തെന്നുള്ളതാണ്.
അത് ബ്ലോഗു ഡൈജസ്റ്റിന്റെ ആശയവുമായി മുന്നോട്ടു വന്നവരാണു പ്രധാനമായും തീരുമാനിയ്ക്കുന്നത്. സാമ്പത്തിക സംരംഭത്തിറ്റ്നെ മൂന്നു മോഡലില്‍ ഒന്നില്‍ നിന്നും അവര്‍ അതു തിരഞ്ഞെടുക്കട്ടെ.
ഇതു തിരഞ്ഞെടുക്കുന്നതിനു സാമ്പത്തിക ആസ്തി ഒരു ഘടകമായിരിയ്ക്കുമെന്നു കരുതുന്നു (ദേവാ സാമ്പത്തിക ഭാരണത്തിന്റെ ഒരു ചുക്കും എനിയ്ക്കറിയില്ല. തെറ്റാണെങ്കില്‍ ചെവിയ്ക്കു പിടിയ്ക്കല്ലേ)
ഫീസിബിലിറ്റി പഠനത്തിനും, അത്യാവശ്യം വേണ്ട ചട്ടക്കൂട്ടുകള്‍ ഒപ്പിയ്കാനും മൂലധനം കൈയ്യിലുണ്ടെങ്കില്‍ രണ്ടാമത്തെ മോഡലിനു പോകാം എന്നു തോാന്നുന്നു.അവരുടെ താല്പര്യവും ഫാഷനും അനുസരിച്ച് മസിക/ വീക്കിലി പുറത്തിറക്കുന്നു, നാമുടെയൊക്കെ ആശീര്‍വാദത്തോടെ.
ഇഷ്ടമുള്ള ബ്ലോഗേഴ്സ് കൃതികള്‍ അയയ്ക്കുന്നു, മാഗസിന്റെ വിഷന്‍ അനുസരിച്ച് അവര്‍ കൃതികള്‍ സ്വീകരിയ്ക്കും. സ്വീകരിയ്ക്കാത്തത് നമ്മുടെ മെയീലില് ഒരു റിജക്റ്റെഡ് കുറിപ്പോടെ എത്തുന്നു:). ബ്ലോഗേഴ്സ് അടുത്ത തവണ അവരുടെ കൃതികള്‍ നന്നാക്കാന്‍ ശ്രമിയ്ക്കുന്നു:)ലാഭം മുതലുമുടക്കിയവന്/ര്‍ വീതിച്ചെടുക്കുന്നു.(ഞാന്‍ മാസിക തുടങ്ങിയാല്‍ ഇങ്ങനേചെയ്യൂ:))
ഇനി കൈയ്യില്‍ മൂലധനം ഇല്ലെങ്കില്‍ ആദ്യത്തെ മോഡല്‍ ആകാം എന്നു തോന്നുന്നു. അത്യാവശ്യം തട്ടുമുട്ടു സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് പരസ്യം നോക്കുക.
പക്ഷെ പരസ്യം ഇനത്തില്‍ ചിലവുകള്‍ മുഴുക്കെ നികന്നു പോകുമോ?ഇല്ലെങ്കില്‍ എന്തു ചെയ്യും? ഇവിടെ വേറൊരു സാദ്ധ്യത/പ്രശ്നം ഉണ്ടാകാം. ഏതെങ്കിലും NGOകളുമായുള്ള കൂട്ടു കെട്ട്.
(ഇങ്ങനെയുള്ള ഒരു മോഡലില്‍ എത്രഭീമമായ തുക എന്റെ ഒരു ആര്ട്ടികിളിനു തന്നാലും ഞാന്‍ റിജെക്ഷന് നോട്ടു കൊണ്ട് മാഗസിനെ നിരാശപ്പെടുത്തും. കാരണം NGO കള്‍ അടുക്കളയ്കകത്ത് അടങ്ങിയൊതുങ്ങിയിരുന്ന്, പൂമുഖത്തെ ഭരണത്തില്‍ താണ്ടവം നടത്തുന്ന ചില കുലീന വനിതാ രന്തങ്ങളേപ്പോലെയാണ്:)മാഗസിന് പിന്നെ കേവലമൊരു fronting ആകും.)
ഇവിടെ മാഗസില്‍ ഫ്രീയാകുന്ന കാര്യം. ഈ അഭിപ്രായത്തോടെ എതിര്ത്തകൂട്ടത്തിലാണു ഞാനും.
അരവിന്ദ്
സൌത്താഫ്രിയ്കായില് നല്ല ഗ്ലോസ്ഡ് പേപ്പറില്‍ ഫ്രീ കിട്ടൂന്ന മാഗസില്‍. ഫ്രീ ആയിട്ടെന്തങ്കിലുമുണ്ടോ അതില്‍. അതിന്റെ വില hidden ആണ് എന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇന്നു ഒരു കിലോ പഴത്തിനു അഞ്ചു റാണ്-ഡ്, നാളെ ഏഴു റാണ്-ഡ്. മാനം പോലെ വളര്‍ന്നു നില്ക്കുകുത്തകകളെ പോലെയാണ് സൌത്താഫ്രിയ്ക്കന്‍ സൂപ്പര്‍ മാര്‍കറ്റുകള്‍. ആ ഫ്രീ പ്രസിദ്ധീകരണങ്ങള്‍ കസ്റ്റമേഴ്സിന്റെ ചിലവില്‍ തന്നെയാണു വരുന്നത്. പക്ഷെ അറിയുന്നില്ല എന്നു മാത്രം.അതുപോലെ ഫ്രീ ചെയ്യാന്‍ ഇനിയും തുടങ്ങന്‍ പോകുന്ന ഒരു മാഗസിനു കഴിയുമോ?
ഇനി മൂന്നാം മോഡലില്‍ പോയാല്‍, ബ്ലോഗേഴ്സിന്റെ കോര്‍പരേറ്റ് ഭരണ മോഡലില്‍ മൂലധനം ഉണ്ടാക്കുക. ലാഭവീതം ഷയറെടുത്തവര്ക്കിടയില് വീതിയ്ക്കുക. അപ്പോഴും ശക്തമായ എഡിറ്റോറിയല്‍ ഊണ്ടാകണം.
ഉദ്: ദില്ബന് ഷെയറു കൊറേ എടുത്തു എന്നു വയ്ക്കുക. എന്നിട്ടു മുകളില്‍ കാണിച്ചതു പോലെ ഒരു കഥേമെഴുതി, എന്റെ ഉത്തമ കലാസൃഷ്ടി എന്നും പറഞ്ഞയച്ചാലത്തെ കാര്യമാ ഞാന്‍ പറഞ്ഞത്.
ഈ മോഡലില്‍ മാത്രമേ, എന്റെ ബിസിനസ് പൊട്ടബുദ്ധിയനുസരിച്ച് ബ്ലോഗേഴ്സ് അതും ഷെയറേടുത്തവര് അതിന്റെ ഭരണത്തേക്കുറിച്ചു ബേജാറാകേണ്ടതുള്ളു.
അല്ലാത്ത എല്ലാ മോഡലുകളിലും തങ്ങളുടെ കൃതികള്‍ അയയ്ക്കണോ വേണ്ടയോ എന്നുള്ള വിഷയത്തിലും അതിന്റ് സാങ്കേതികതകളേക്കുറിച്ചും മാത്രം ചിന്തിച്ചാല്‍ പോരേ?
പിന്നെ ബ്ലോഗു വായിയ്ക്കാത്തവരെയാണ് വിഷനില്‍ ലക്-ഷ്യമിട്ടിരിയ്ക്കുന്നതു കോണ്ട് അതു ബ്ലോഗിന്റെ നിലനില്‍പ്പിനെ ബാധിയ്ക്കുമോ എന്ന പ്രശ്നം ഉണ്ടാകുന്നുണ്ടോ? സംശയം:)
പിന്നെ അവസാനത്തെ പോയിന്റ്. ബ്ലോഗു വായിയ്ക്കുന്നില്ല കമ്പ്യൂടര് അറിഞ്നു കൂടാ എന്നു വിചാരിച്ച്, കേരളത്തിലെ സാധാരണക്കര്‍ക്കു വിവരമില്ല എന്നു ധരിയ്ക്കരുത്. അവരവരുടെ ജീവിതപ്രശ്നങ്ങളോടു നീതി പുലര്‍ത്തുന്ന ആനുകാലില പ്രാധാന്യവും അറിവും ഉള്ള പ്രസിദ്ധീകരണങ്ങളിലേ അവര്‍ക്കു താല്പര്യം ഉണ്ടാകൂ. ഇതിനേക്കുറിച്ചൂള്ള കണ്ണൂസിന്റെ ചില ചോദ്യങ്ങള്‍ വളരെ പ്രസക്തമാണെന്നു ഞാന്‍ കരുതുന്നു.
തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കുക കൂട്ടുകാരേ.എങ്കില്‍ തിരുത്താന്‍ തയ്യാരാണ്
കമന്റും പോസ്റ്റും മുഴുവനായി വായിച്ചില്ല. വായിച്ചിടത്തോളം വന്ന ചിന്തകള്‍:
* കണ്ണൂസേ, ബൂലോഗത്തിലെ എന്തു എക്പ്സെരിമെന്റുകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ, മാഗസിന് എന്ന സംരംഭവും. നെറ്റില്‍ നിന്നും ദൂരെയുള്ള അനേകര്‍ക്ക് ബ്ലോഗിന്റെ ഗുണഫലങ്ങള്‍ കിട്ടും എന്നത് തീര്‍ച്ചയായും ഒരു നല്ല സംഗതിയാണ്. അതുകൊണ്ട് കുറച്ചു വായനക്കാര്‍ ബ്ലോഗില്‍ നിന്നും മാറിപ്പോകും എന്നുണ്ടെങ്കില്‍ പോലും പ്രശ്നം തോന്നുന്നില്ല.
* പണ്ടൊരിക്കെ സ്വാര്ഥന് ഈ പരിപാടിക്ക് മുന്‍കൈ എടുത്തതായി ഓര്‍മ്മയുണ്ട്. പക്ഷെ, ഇന്ന് ആരെങ്കിലും ഇതിനെ പറ്റി സീരിയസായി ചിന്തിക്കുന്നതായി അറിയാമോ?എന്റര്പ്രേണേര്ഴ്സാണ് മലയാളത്തില്‍ ഏറ്റവും ദുര്ലഭം എന്ന ഫീലിംഗ് എനിക്കുണ്ട്.
* രചനകള്‍ കണ്ടുപിടിക്കാന്‍ ഷെയേര്‍ഡ് ലിസ്റ്റുകള്‍ തീര്‍ച്ചയായും ഉപയോഗിക്കാനാവും
ഇത്രത്തോളം ക്രിയാശേഷിയും, ധനവും, സമയവും ചെലവഴിക്കേണ്ട ഒരു സംരഭം, പരീക്ഷണം എന്നനിലയില്‍ worth ആണോ എന്ന് ചിന്തിച്ചു എന്ന് മാത്രം സിബൂ. സംഘാടകര്‍ക്ക് വിശ്വാസവും ബോധ്യവുമുണ്ടെങ്കില്‍ പ്രശ്നമൊന്നുമില്ല. സൈബര്‍ ലോകത്തിനു വെളിയില്‍ ബൂലോഗ രചനകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇതൊരു കാരണമാവുമെങ്കില്‍ നല്ലതു തന്നെ. അങ്ങനെ ഒരു വിഭാഗത്തെ മാര്‍ക്കറ്റിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന മോബ് ചാനല്‍ ലക്ഷ്യം വെക്കും എന്നു പ്രതീക്ഷിക്കുന്നു.
സിബുവിന്റെ അഭിപ്രായമായിരിക്കും ഒട്ടുമിക്ക ബ്ലോഗ്ഗേര്‍സിനും.
അനുഭവങ്ങളും അറിവകളും പംകുവക്കുന്നു എന്ന് മാത്രം.
ദേവന്റെ പഠനത്തിനനുസ്രുതമായി ആരെങ്കിലും പഠനമെല്ലാം നടത്തട്ടെ. എന്നിട്ട് ഫീസിബിള്‍ ആണൊ എന്ന് കണ്ടെത്തട്ടെ.
പിന്നെ ആളൊഴിഞ്ഞ ഏരിയ എന്റര്പ്രീനര്ഷിപ്പിനാണ്.ആര് ഇന്‍വസ്റ്റ് ചെയ്യും?. പൂച്ചക്കാര് മണികെട്ടും.
Post a Comment