Wednesday, May 30, 2007

ശങ്കരന്റെ വാല്‍ , ചേരന്റെ വേല്‍ തുടങ്ങിയവയെപ്പറ്റി.

മിസ്സിങ് ലിങ്ക് എന്ന പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണങ്ങള്‍
൧. ശങ്കരന്റെ ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു!

അംബി ചോദിക്കുന്നു ശങ്കരാചാര്യന്‍ ഒരു നമ്പൂതിരി ആയിരുന്നില്ലേ? അപ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പറയുന്ന കാലത്തിനും മുന്നേ (൭-൮ആം നൂറ്റാണ്ട്) നംബൂതിരിമാര്‍ ഉണ്ടായിരുന്നില്ലേ?

ശങ്കരാചാര്യരുടെ ജാതി എന്താണ്‌ ? അദ്ദേഹം ശങ്കരന്‍ നമ്പൂതിരി ആയിരുന്നോ? അച്ഛന്റെ പേരു ശിവഗുരു നംബൂതിരി എന്നായിരുന്നോ? അമ്മയുടെ പേര്‍ ആര്യാംബാ അന്തര്‍ജ്ജനം എന്നായിരുന്നോ? അപ്പൂപ്പന്റെ പേര്‍ വിദ്യാപതീ നമ്പൂതിരി എന്നായിരുന്നോ? ആചാര്യന്‍ ജനിച്ചെന്നു പറയുന്ന കൈപ്പള്ളി കുടുംബത്തിനെ എത്ര തലമുറ താഴോട്ടു വന്നാലും ഒരൊറ്റ നംബൂതിരി ഉണ്ടെന്നു സ്ഥാപിക്കാന്‍ വയ്യ. ( ഇനി നിഷാദ് കൈപ്പള്ളി ശങ്കരാചാര്യന്റെ ആരെങ്കിലും ആണോ എന്നും തിരക്കേണ്ടിയിരിക്കുന്നു ) ആര്യന്‍ ഇന്വേഷന്‍ തീയറി പൊളിച്ചു ഞാന്‍ എന്നു പറഞ്ഞ് ഹാരപ്പയിലെ കാളയെ അഡോബ് ഫോട്ടോഷോപ്പിഒല്‍ കുതിരയാക്കിയ എന്‍ എസ് രാജാരാമന്റെ നാടാണിതെന്റെ അമ്പിയേ. ആര്യഭട്ടന്‍, ഭാസ്കരന്‍, വാഗ്ഭടന്‍ , അഗസ്ത്യന്‍ തുടങ്ങിയ നമ്പൂതിരിമാരെക്കുറിച്ചും ഉടനേ വെബ് സൈറ്റുകള്‍ ഉണ്ടായേക്കാം.

ആചാര്യന്‍ സ്മാര്‍ത്ത ശൈവന്‍ ആയിരുന്നു. തമിഴു വൈഷ്ണവ ശൈവരരോട് വിഭജിച്ചു നിന്ന ഒരു മൈനോറിറ്റി ... നിര്‍ബന്ധമാണെങ്കില്‍ ശങ്കരപ്പട്ടര്‍ എന്നു വിളിച്ചോ, സ്മാര്‍ത്ത ശൈവര്‍ ശിവനെ മാത്രം പൂജിച്ചു, അതില്‍ നിന്നും വിട്ടു ചാടി ഭജഗോവിന്ദം ചൊല്ലി എന്നതുകൊണ്ട് ആചാര്യനെ നമ്പൂതിരി ആക്കാമോ? വയ്യ. സ്മാര്‍ത്ത ശൈവര്‍ നിര്‍ബ്ബന്ധമായും ശിവന്റെ പര്യായങ്ങളുള്ള പേരുകള്‍ ഇട്ടിരുന്നു. ആചാര്യന്റെ അപ്പാവ് ശിവഗുരു കാലടി സ്വയംഭൂ ശിവക്ഷേത്രത്തിലെ പൂജാരി ആയിരുന്നു . അമ്മയുടെ പേര്‍ സതി/ ആര്യ എന്നായിരുന്നു.

ശങ്കരന്‍ ആചാര്യനെ നമ്പൂതിരി ആക്കി എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പദ്മപാദര്‍ മലയാളി ബ്രാഹ്മണന്‍ ആണെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ച് ഗവേഷണം നടക്കുന്നുണ്ട്. എങ്ങോട്ടും അങ്ങനെ അടുക്കുന്നില്ലെന്നു മാത്രം. എന്നോടു ചോദിച്ചാല്‍ എനിക്കറിയില്ലെന്നു ഞാന്‍ പറയും.

വാദത്തിനിനി ആചാര്യന്‍ നമ്പൂതിരി ആണെന്നു സമ്മതിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ കാലത്ത് മൊത്തമായി കേരള ബ്രാഹ്മണര്‍ (എല്ലാ ശൈവരും വൈഷ്ണവ തമിഴന്മാരും ഒക്കെ അടക്കം ) അരശതമാനം പോലും ഇല്ലായിരുന്നെന്നും അവര്‍ പ്രഭുക്കന്മാരോ മനുഷ്യരെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്ന കാട്ടാളന്മാരോ അല്ലായിരുന്നെന്നും സാധാരണക്കാരായ പുരോഹിതര്‍ ആയിരുന്നെന്നും എതു രേഖ പരിശോധിച്ചഅലും തെളിഞ്ഞു കാണാം. ഉദാ:- കൊല്ലം രാമേശ്വരം ശാസനത്തില്‍ അമ്പലത്തിലെ വരുമാനത്തില്‍ നിന്നും ബ്രാഹ്മ്മണര്‍ക്ക് ഒരു തുക ജീവിത ചിലവിനായി നീക്കി വയ്ക്കണമെന്നും പുറമ്പോക്ക് പതിച്ച് ബ്രാഹ്മണര്‍ക്ക് കൊടുക്കണമെന്നും പറയുന്നു. അതില്‍ നിന്നും കേരളത്തിനു കുത്തകാവകാശമുള്ള ബ്രഹ്മസ്വത്തെ കാണാനാവില്ലെന്നു മാത്രമല്ല, ദേവസ്വത്തിനും ബ്രാഹ്മണനു പ്രത്യേകിച്ച് അവകാശമൊന്നും ഇല്ലെന്ന് കാണാനാവുന്നില്ലേ? (കൊല്ലം ഇന്‍സ്ക്രിപ്ഷന്‍ ആധാരം കഡോ. . പി ജെ ചെറിയാന്റെ ലേഖനം)

ഒരു രേഖയുമില്ലെങ്കില്‍ ‍ തന്നെ ജൈന രാജാക്കന്മാര്‍ ഭരിച്ചിരുന്ന, ബ്രാഹ്മണേതര്‍ നാടുവാണിരുന്ന ഒരു പ്രാധാന്യവും അധികാര സ്ഥാനമാനങ്ങളും ഇല്ലായിരുന്ന ഒരു വര്‍ഗ്ഗമായിരുന്നു അന്നത്തെ പൂജാരിമാര്‍.

൨. മുഖ്യധാര
കരീം മാഷേ,
എന്തോ എനിക്കു മുഖ്യധാരയില്‍ വിശ്വാസം പോയി പോയി വരുന്നു. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ചരിത്ര ഗവേഷണ കൗണ്‍സിലിനോ ഡോ. ചെറിയാന്‍, ഡോ. രാജന്‍ ഗുരുക്കളെ ഇവരെ പോലെ ആര്‍ക്കെങ്കിലും എഴുതി നോക്കാം.

൩. പി കെ ബാലകൃഷ്ണന്‍
കുടുംബം കലക്കീ,
പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ അല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്നതു പോലെ വായിച്ചിട്ടില്ല. "ജാതിവ്യവസ്ഥിതിയും കേരളചരിത്രവും" എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടില്ല, ൧൮൦൦കളിലെ ചരിത്രമാണതെന്ന് ആരോ എഴുതിയ റിവ്യൂവില്‍ കണ്ടതുപോലെ... ശരിയാണോ?

അംബീ,
ലിങ്ക് കിട്ടി ബോധിച്ചു, നന്ദി. ചട്ടമ്പി സ്വാമികള്‍ പെന്‍ഡിങ് ആണ്‌ ഇടാമേ.

൪. പരശു vs വേല്‍!
മാവേലി,
ഇന്ത്യയുടെ ചരിത്രം അവനവന്റെ ഗ്രൂപ്പിന്റെ ചരിത്രം ആണെന്ന് സ്ഥാപിക്കാനുള്ള തരം റിസല്‍ട്ട് ഓറിയന്റട് ചരിത്രകാരന്മാരും (സായിപ്പും ഗോസായിയും എല്ലാം) ഫിക്ഷനില്‍ കൂട്ടിക്കുഴച്ച് ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു പറയുന്നവരും ഒക്കെ കൂടി എടുത്തിട്ടു പെരുമാറുകയാണ്‌.

നമുക്കു ചുറ്റുമുള്ളതിനു കുറച്ചു കൂടി ചിട്ട ഉണ്ട്. അതിനു വലിയൊരു നന്ദി പറയേണ്‍റ്റത് ഗ്രന്ഥവരി സമ്പ്രദായത്തിനാണ്‌ . എന്നാല്‍ നമ്മുടെ മണ്ടയ്ക്കിട്ടും കേരളോല്പ്പത്തി, കേരളചരിതം എന്നൊക്കെ തോന്ന്യാങ്ങള്‍ എഴുതി വച്ചിട്ടമുണ്ട്. കുള്ളന്റെ കള്ളങ്ങളെ ഒരു ചട്ടമ്പി ഇടിച്ചു പൊളിച്ചു കളഞ്ഞിട്ടുമുണ്ട്. (ചട്ടമ്പി സ്വാമി തിരുത്തിയത് എന്തൊക്കെ എന്ന് പ്രത്യേക കുറിപ്പ് അംബിസ്സമ്മര്‍ദ്ദം മൂലം ഉണ്ടാവുന്നുണ്ട്)

എല്ലാം അടുക്കി പെറുക്കി വയ്ക്കണം, മാവേലിയും ഒപ്പമുണ്ടല്ലോ അല്ലേ? ഓണമെന്താണെന്ന് ഒത്തിരി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്, ഒറ്റ അഭിപ്രായം പറയുക വയ്യ, പക്ഷേ ബലിയെ കേരളം അഡോപ്റ്റ് ചെയ്തത് സംബന്ധിച്ചു ഒരു തീരുമാനം ആയില്ല. ബലിയെ പുരാണത്തില്‍ കേരള രാജനെന്നു കണ്ടെത്തുകയും വയ്യാ.

പക്ഷേ പരശുരാമ കഥ ഇങ്ങോട്ടെടുത്തതിനു കാരണമെന്താണോ? ചേരന്‍ ചെങ്കുട്ടുവന്‍ ഭരിക്കുന്ന കാലത്ത് കടല്‍ കുറേ പിന്മാറി കര രൂപപ്പെട്ടു (എതാണ്ട് ഈ കാലത്താണ്‌ കൊല്ലത്തിന്റെ കുരക്കേണി കടല്‍ കൊണ്ട് പോയതും ) ഇത്രയും കര ഉണ്ടായത് (കേരളമല്ല) ചെങ്കുട്ടുവന്റെ കാലത്തായതുകൊണ്ട് "കടലെ പിറകോട്ടിയ ചെങ്കുട്ടുവന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടു. സംഘകാല പാട്ടുകളില്‍ അത് ചെങ്കുട്ടുവന്‍ മലമുകളില്‍ നിന്നും ഒരു വേല്‍ കടലിലേക്ക് എറിഞ്ഞ് കര പൊന്തിച്ചു എന്ന വീരഗാഥ ആയി മാറി. പിന്നെയെപ്പോഴോ ആ കഥയില്‍ നിന്നും ഊറ്റം കൊണ്ട് എറിഞ്ഞത് ചെങ്കുട്ടുവന്റെ വേലല്ല, രാമന്റെ പരശു ആണെന്നും അതെറിഞ്ഞത് ഞങ്ങള്‍ക്ക് ഭൂമി കിട്ടാനാണെന്നും പറഞ്ഞ്‌ ഒരു കേരള ചരിതം ഉണ്ടാക്കിയെടുത്തതാവാം!

നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയെന്ന് പറഞ്ഞു നടക്കുന്ന കൃസ്ത്യാനികള്‍ അവര്‍ അവകാശപ്പെടുന്ന പഴക്കം ഉണ്ടെങ്കില്‍ ജൈനമതത്തില്‍ നിന്നുള്ള കണ്‌വേര്‍ട്ടുകള്‍ ആയിരിക്കാനാണു സാദ്ധ്യത. എന്തായാലും അതൊരു വലിയ ചര്‍ച്ചക്കുള്ള വിഷയമല്ല, പണ്ട് നമ്പൂതിരിമാര്‍ ആയിരുന്നെങ്കിലും ജൈനന്മാര്‍ ആയിരുന്നെങ്കിലും അവരുടെ ഇന്നത്തെ മത വിശ്വാസത്തെ അതു ബാധിക്കുന്നില്ലല്ലോ? പിന്നെ പഴക്കം പറയാനാണെങ്കില്‍ ഉള്ളാടരും മലവേടരും കുറച്ചു കൂടെ അബോറിജിനല്‍ ഡിസന്റ് അവകാശപ്പെടാന്‍ യോഗ്യരാണ്‌. മുക്കുവരും.

കുറുമാനേ, നന്ദി.
ചിത്രകാരാ, ഒപ്പമുണ്ടാവുമല്ലോ ചരിത്രകാനാവാന്‍?

൫.കേരളപ്പഴമ, ശങ്കരാചാര്യര്‍ , ചാതുര്‍‌വര്‍ണ്ണ്യം
ജ്യോതി ടീച്ചറേ,
1. കേരളപ്പഴമ: കേരളത്തിറ്റെ ഭൂരിഭാഗം കടലില്‍ നിന്നും ഒരു സീസ്മിക്ക് ആക്റ്റിവിറ്റിയില്‍ എത്രയോ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്നേ കടലില്‍ നിന്നും പൊന്തിയെന്ന് ഭൂമിശാസ്ത്രകാരന്മാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. ശേഷവും കേരളത്തിന്റെ പല ഭാഗങ്ങള്‍ കടലില്‍ നിന്നും പൊന്തിയിട്ടുണ്ട്, പലതും കടല്‍ കൊണ്ടു പോയിട്ടുമുണ്ട് (ഉദാ കൊല്ലം കുരക്കേണി). എന്നാല്‍ ഇതിഹാസങ്ങള്‍ എഴുതപ്പെടുന്നതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ തന്നെ കേരളമുണ്ടായിരുന്നു. എന്റെ തൊട്ടയല്വക്കം, കടല്‍ത്തീരത്തു നിന്നും 15 കിലോമീറ്റര്‍ മാത്രമുള്ള മങ്ങാടു നിന്നെടുത്ത നന്നങ്ങാടിയിലെ മൃതന്‍ 3000 BC യിലേതെന്ന് c-14 പരീക്ഷണങ്ങള്‍ പറയുന്നു. കേരളത്തില്‍ ഒട്ടേറേ സ്ഥലത്ത് മെഗാലിഥിക്ക് കാലത്തെ നന്നങ്ങാടികള്‍ കിട്ടിയിട്ടുണ്ട്.

2. ബുദ്ധമതവും , അതിനെക്കാള്‍ ആഴത്തില്‍ ജൈനമതവും ഇവിടെ വേരോടിയിട്ടുണ്ട് (പ്രധാനമായും ചേരരാജാക്കന്മാര്‍‍ ജൈനരായതുകൊണ്ട് അവര്‍ പ്രചാരം കൊടുത്തതാണ്‌. മതത്തിനൊരു താങ്ങ് ഇല്ലാതെ പ്രചരിക്കാന്‍ ബുദ്ധിമുട്ട് കുറേയുണ്ട്, അതു പറഞ്ഞാല്‍ ഇനി വര്‍ഗീയ ലഹള തുടങ്ങും. ഒരു സ്റ്റേറ്റിന്റെ മത ചായ്വ് മാറാതെ മാസ്സ് ലെവലില്‍ മതം മാറുന്നത് അപൂര്വ്വമാണ്‌. ഒരു മൈനോറിറ്റി സ്വയം മതം അന്വേഷിച്ചറിഞ് മാറും, ഭൂരിഭാഗം പ്രചരണത്തിലാണ്‌ മാറുന്നത്. എത്ര ആകര്‍ഷക തത്വം ഉള്ള മതം ആണെങ്കിലും. ) ബുദ്ധനും ജൈനനും ഉണ്ടാവും മുന്നേയും കേരളത്തില്‍ മതങ്ങളുണ്ടായിരുന്നു, അതെല്ലാം ഹിന്ദുമതം തന്നെ. ആ ഹിന്ദുമതാചാര പ്രകാരമാണ്‌ 3000 വര്‍ഷം മുന്നേ മരിച്ച ആ അബോറിജിന്‍ പ്രഭുക്കളെ മണ്‍ കുടത്തില്‍ അടക്കം ചെയ്തത്. ആ ഹിന്ദു മതത്തില്‍ നിന്നും കണ്‍വേര്‍ട്ട് ആയവരാണ്‌ ജൈനന്മാര്‍.

3. ശങ്കരാചാര്യന്‍ ഹിന്ദു മതത്തിന്റെ വീഴ്ചയേയും അനാചാരങ്ങളെയും, പ്രധാനമായും കാപാലികത്തത്തേയും ഉച്ചാടനം ചെയ്തിട്ടുണ്ട് നല്ലൊരളവില്‍. എന്നാല്‍ അദ്ദേഹത്തിന്റെ എഫര്‍ട്ടുകള്‍ കേരളത്തില്‍ ആയിരുന്നില്ല , വേദാന്തമോ ഒന്നും തന്നെ കേരളത്തില്‍ വലിയ പ്രചാരവുമില്ലായിരുന്നു. ആ നിലയ്ക്ക് ശങ്കരനു കേരള ചരിത്രത്തില്‍ വലിയ സ്ഥാനമില്ല, അദ്ദേഹം മലയാളമണ്ണില്‍ ജനിച്ചു എന്നതൊഴിച്ചാല്‍.

മഹാവ്യാധിയായി ഇന്ത്യയെ നശിപ്പിച്ച ജാതി വ്യവസ്ഥയെ ഒന്നും ചെയ്യാന്‍ ശങ്കരനായില്ലല്ലോ? അദ്വൈതിയായ അദ്ദേഹത്തിനു നുണ പറയേണ്ടി വന്നു ശിവന്‍ ചണ്ഡാലനായെത്തിയപ്പോഴഅണ്‌ അയിത്തമെന്ന അസംബന്ധം മനസ്സിലായതെന്ന്... അതും ജീവിതാവസാനത്തോടടുത്ത് !

4. ഒരു കാര്യത്തില്‍‍ ശക്തിയായി വിയോജിക്കട്ടെ. ആദ്യം വന്നവര്‍ ബ്രാഹ്മണരും പിന്നെ പിന്നെ എത്തിയവര്‍ കീഴ്ജാതികളും ആയാണ്‌ ചാതുര്വര്‍ണ്യം രൂപപ്പെട്ടതെന്നതില്‍.

അറിവ് ഏറ്റവും വലിയ ആയുധമാണ്‌, അതു പൂഴ്ത്തിവച്ചവര്‍ ബ്രാഹ്മണര്‍ ആയി (വേദിക്കുകള്‍ ബ്രാഹ്മണര്‍ ആയിരുന്നില്ല , ശാരീരിക നാശത്തിനുള്ള ആയുധം കയ്യിലുള്ളവര്‍ ക്ഷത്രിയരായി, പണമുള്ളവന്‍ വൈശ്യനായി... ബാക്കിയുള്ളവന്‍ സ്വമേധയാ ശൂദ്രനായി ഹിന്ദുമതത്തിലേക്ക് വന്നു ചേര്‍ന്നെന്നാണോ ടീച്ചര്‍ പറയുന്നത്? അവനു എതു ദൈവത്തെ സം‌രക്ഷണത്തെ, എതു വിദ്യയെ, എതറിവിനെ, എതു അവകാശത്തെ കൊടുത്തു ആ മതം? അവന്‍ വേറേ ചോയ്സ് ഇല്ലാതെ ജീവിച്ചു, അല്ലാതെ സ്വയം വന്നു ചേര്‍ന്നതാവില്ല. അതായത്, കയ്യൂക്കുള്ളവന്‍ മേലെയെത്തി, ബാക്കി വരുന്ന ഭൂരിപക്ഷത്തെ പീഡിപ്പിച്ചു ജീവിച്ചു. അടിമക്കച്ചവടംനിലവിലുണ്ടായിരുന്ന ലോകമായിരുന്നല്ലോ അന്ന്.

5.ആചാര്യന്‍ അദ്വൈതം പ്രചരിപ്പിച്ചു, ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ചു ഒക്കെ നല്ല കാര്യങ്ങള്‍. എറ്റവും നല്ല കാര്യം ഉപനിഷത്തുക്കളില്‍ ചിലതിനു ഭാഷ്യം നല്‍കി. പക്ഷേ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ്‌? കേരളത്തിലെ ജൈനമത വിശ്വാസികളെ തിരിച്ചു ആചാര്യന്‍ ഹിന്ദു മത വിശ്വാസികളാക്കിയോ? ഇല്ലെന്നു തോന്നുന്നു. ആക്കിയെങ്കില്‍ അതൊരു ക്രൂരകൃത്യവുമായിപ്പോയി. ബുദ്ധ-ജൈനമതക്കാല ശേഷം തിരിച്ചു കേരളം പോയത് ആ നല്ല പഴയ കാലത്തേക്കല്ല, ബ്രഹ്മസ്വവും ദേവസ്വവും സര്വ്വസ്വവും അടിച്ചു മാറ്റിയ ജനങ്ങളിലെ മഹാഭൂരിഭാഗവും ശൂദ്രനും അവര്‍ണ്ണനുമായി തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കേണ്ട, സ്ത്രീകള്‍ ഭോഗപ്പണ്ടങ്ങള്‍ മാത്രമായ ഒരു അധ:പതിച്ച പ്രാകൃത കാലത്തേക്കാണ്‌. അതില്‍ പങ്കുണ്ടോ ആചാര്യന്‌? ഇല്ലാതിരിക്കട്ടെ.


സീരിയല്‍ അടുത്ത ലക്കം :)
ഫൈസല്‍, സിബു എന്നിവര്‍ വടക്കന്‍ പാട്ടിന്റെ കാലഘട്ടം എങ്ങനെ നിര്‍ണ്ണയിക്കും എന്നും നന്ദു അതൊരു ഫിക്ഷണല്‍ ആഗ്രഹം മാത്രമാണോ എന്നു ചോദിച്ചതിനും അടക്കം ഒരു വടക്കന്‍ പാട്ട് സ്പെഷല്‍ മറുപടി അടുത്ത പോസ്റ്റായി വരുന്നുണ്ട്. എതിരന്റെ ഇന്‍പുട്ട് അവിടെ നമുക്ക് കടലക്കറി കൂട്ടി കഴിക്കുകേം ചെയ്യാം. അടുത്ത പോസ്റ്റ് വടക്കന്‍ പാട്ടുകളുടെ കാല നിര്‍ണ്ണയത്തെക്കുറിച്ച്.

15 comments:

ദേവന്‍ said...

ആരൊക്കെയോ പാടിപ്പഴകിയ വരികള്‍ എടുത്തു വില്ലടിച്ചാന്‍ പാട്ടു പാടാന്‍ വയ്യാ, മണ്മറഞ്ഞു പോയ കാണാത്തെരുവുകളിലൂടെ ഒരു ബാലന്റെ കുത്തിയോട്ടം...

ജ്യോതിര്‍മയി /ज्योतिर्मयी said...

“ആചാര്യന്‍ സ്മാര്‍ത്ത ശൈവന്‍ ആയിരുന്നു. തമിഴു വൈഷ്ണവ ശൈവരരോട് വിഭജിച്ചു നിന്ന ഒരു മൈനോറിറ്റി ... നിര്‍ബന്ധമാണെങ്കില്‍ ശങ്കരപ്പട്ടര്‍ എന്നു വിളിച്ചോ, സ്മാര്‍ത്ത ശൈവര്‍ ശിവനെ മാത്രം പൂജിച്ചു, അതില്‍ നിന്നും വിട്ടു ചാടി ഭജഗോവിന്ദം ചൊല്ലി എന്നതുകൊണ്ട് ആചാര്യനെ നമ്പൂതിരി ആക്കാമോ? വയ്യ. സ്മാര്‍ത്ത ശൈവര്‍ നിര്‍ബ്ബന്ധമായും ശിവന്റെ പര്യായങ്ങളുള്ള പേരുകള്‍ ഇട്ടിരുന്നു”

:) :) :) എനിയ്ക്കുവയ്യ... ആര്‍ക്കാ ഒരു കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് കൊടുക്കേണ്ടതെന്ന്‌ ആലോചിച്ചു നടക്കുകയായിരുന്നു.:)

നല്ലോരു ലേഖനമായിരുന്നു... ന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല ജീ :)

[ലോട്ടറിവില്‍പ്പനക്കാരന്‍ ‘ലജ്ജാവതിയേ..’ പാടുന്നതുപോലെ, അല്ലെങ്കില്‍ ഇന്ദ്രന്‍സ് ‘ഒരു മുറൈ വന്ത് പാത്തായാ’ പാടുന്നതുപോലെ അതുമല്ലെങ്കില്‍ ...വേണ്ട, അധികം പറയുന്നില്ല, ... ജാതിയുടെ ആധാരത്തില്‍നിന്നുകൊണ്ടല്ലാതെ ശങ്കരാചാര്യരെ പഠിക്കാന്‍ പറ്റില്ലേ?]
പരിഹാസച്ചുവ തോന്നിയെങ്കില്‍ ക്ഷമിയ്ക്കുക. എഴുത്തുകാരനെ ബഹുമാനമുണ്ട്.

qw_er_ty

ദേവന്‍ said...

ജ്യോ ടീച്ചറേ,
ആ ഭാഗം ശങ്കരന്‍ ഒരു നമ്പൂതിരി ആയിരുന്നില്ലേ എന്ന അംബിയുടെ ചോദ്യത്തിനുത്തരമാണ്. ശങ്കരാചാര്യന്‍ എന്ന വ്യക്തിക്ക് കേരള ചരിത്രത്തില്‍ സ്ഥാനമെന്താണെന്ന് അതിനെക്കാള്‍ വലിയ ഒരു ഭാഗമായി തന്നെ ഉണ്ടേ കുറിപ്പില്‍.

ഞാന്‍ പറഞില്ലേ, ഹരികഥയല്ല, കുത്തിയോട്ടമാണ് . എനിക്കു ചോരയൊലിക്കും, കാണുന്നവര്‍ക്കും നോവും ചിലപ്പോള്‍- എന്തു ചെയ്യാന്‍, ഒരു നിയോഗം, നേര്‍ച്ച. ആചാര്യന്റെ ജാതി എന്ത് എന്നു ചോദിച്ചാല്‍ ജാതി പറയും. നിറമെന്ത് എന്നു ചോദിച്ചാല്‍ അതും പറയും. പ്രസക്തി എന്തെന്നു ടീച്ചര്‍ ചോദിച്ചപ്പോള്‍ അതും പറഞ്ഞു. ഇന്നതേ ചോദിക്കാവൂ എന്നില്ല, പറയാവൂ എന്നും. പരിമിതികള്‍ വായനക്കാരുടെ പോലും ഫ്രീഡത്തെ ബാധിക്കുകയില്ലേ?

myexperimentsandme said...

ശങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെയായല്ലേ.

ബ്രാഹ്‌മണന്‍ എന്നാല്‍ നല്ല വെളുത്ത, കുടവയറുള്ള, പൂണൂലിട്ട, വയറും തിരുമ്മി വെയിലുകായുന്ന ആ സ്ഥിരം രൂപം.

ഇതാണ് അംബി ചോദിച്ചത്:

ശങ്കരാചാര്യര്‍ ദേവേട്ടന്‍ പറഞ്ഞ കാലത്തിന് കുറേ മുന്‍പ് ജീവിച്ചിരുന്നയാണ്.അന്നും നമ്പൂരിമാര്‍ സമൂഹത്തില്‍ പിടിമുറുക്കിയിരുന്നെന്നാണല്ലോ കഥ(കഥ തന്നെയാവും).അല്ല അന്നവര്‍ വെറും പൂജാരിമാര്‍ മാത്രമായിരുന്നോ..?എങ്കില്‍ മനീഷാ പഞ്ചകത്തിനു കാരണമായതായി പറയന്ന കഥ എങ്ങനെയുണ്ടായി..(തീണ്ടാപാടകലെ നില്‍ക്കാനാണല്ലോ പറയുന്നത്.. ചണ്ണ്ടാലനോട്)

qw_er_ty

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ...പിന്നെയും കുറേ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു ഈ പോസ്റ്റ്

കാളിയമ്പി said...

ദേവേട്ടാ ഞാന്‍ ചോദിച്ചത് നമ്പൂതിരിമാരുടേ കേരള ചരിത്രത്തിലെ പഴക്കത്തെപ്പറ്റിയുള്ള ചോദ്യമായിരുന്നു.ച്ചിരി ഉത്തരം എനിയ്ക്ക് തന്നെ കിട്ടിയിട്ടുണ്ട്

ശങ്കരന്‍ നമ്പൂതിരിയായിരുന്നു എന്നാണ് ഞാന്‍ കേട്ടിരുന്നത്.അതിനു കാരണമായി വിശ്വസിച്ചിരുന്നത് രണ്ട് കാര്യങ്ങളാണ്

ഒന്ന്) അദ്ദേഹത്തിന്റെ അമ്മയുടെ ശവസംസ്കാരവുമഅയി കേള്‍‍ക്കുന്ന ഐതിഹ്യം..സന്യാസിയ്ക്ക് അതൊന്നും പാടില്ല എന്ന് പറഞ്ഞ് നമ്പൂരിമാര്‍ ഉടക്കി നിന്നെന്നും..അവസാനം ആളില്ലാഞ്ഞ് മൃതദേഹം പലതായി മുറിച്ച് ഓരോ കഷണങ്ങള്‍ ചിതയിലേയ്ക്ക് തനിയേ എടുക്കേണ്ടി വന്നു ശങ്കരന് എന്നുമൊരു കഥ..(കഥ തന്നെയായിരിയ്ക്കും..വീണ്ടും..:)

(ശങ്കരാചാര്യരുടേ അറുയപ്പെടുന്ന ജീവിതകഥകളില്‍ എത്ര സത്യമുണ്ടെന്ന് തെളിയിക്കേണ്ടിയിരിയ്ക്കുന്നു...ശങ്കരന്റെ കാലം കഴിഞ്ഞ് ഏതാണ്ട് പത്തഞ്ഞൂറ് കൊല്ലം കഴിയേണ്ടി വന്നു അദ്ദേഹത്തെപ്പറ്റി എഴുതിക്കണ്ട ഒരു രേഖയുണ്ടാവാന്‍.)

രണ്ട്) പിന്നെ മനീഷാ പഞ്ചകത്തെപ്പറ്റി ...

എനിയ്ക്കറിയാവുന്ന ഒരു ആചാര്യന്റെ ഗവേഷണ പ്രകാരം ശങ്കരന്‍ തീണ്ടല്‍ ആചരിച്ചിരുന്നുവെന്നത് വെറും കഥയാകാനാണ് സാധ്യതയത്രേ...മനീഷാ പഞ്ചകം വായിച്ചപ്പോള്‍ എനിയ്ക്കും തോന്നിയിരിയ്ക്കുന്നു..ശിഷ്യരിലാരോ ചണ്ടാളനോട് മാറിപ്പോകാന്‍ പറഞ്ഞെന്നും ആ ശിഷ്യന് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടി ശങ്കരാചാര്യര്‍ മനീഷാ പഞ്ചകം എഴുതിയെന്നുമാണ് അദ്ദേഹം പറയുന്നത്.

ഭാഷ്യങ്ങളും മറ്റും എഴുതിക്കഴിഞ്ഞ ആളിന് ഒരിയ്ക്കലും തീണ്ടല്‍ ആചരിക്കാനാവില്ല..ആചരിച്ചെന്നാല്‍ താനെഴുതിയതിനെത്തന്നെയൊക്കെ നിഷേധിച്ചു പറയലാകും .ആയതുകൊണ്ട് സാമാന്യ ബുദ്ധിയുള്ളവരൊന്നും അങ്ങനെ ചെയ്യില്ല എന്ന് ഒരു കാര്യം.മറ്റൊന്ന് പരിവ്രാജകനായി നാടൊട്ടുക്ക് അലഞ്ഞുനടന്ന ശങ്കരന്‍ സന്യാസിയായ ശങ്കരന്‍ എന്ന് വായിയ്ക്കണം.എങ്ങനെ തീണ്ടല്‍ ഒക്കെ തെറ്റാതെ ആചരിച്ചു എന്ന പ്രാക്റ്റിക്കാല്‍റ്റിയുടെ പ്രശ്നം.

പിന്നെ മനീഷാ പഞ്ചകം നോക്കിയാലും അതില്‍ ആദ്യത്തെ ശ്ലോകത്തിലാണ് ചണ്ടാലന്‍ എന്ന ഒരു വാകുപയോഗിച്ചിരിയ്ക്കുന്നത്..ആ വാക്കില്ലായിരുന്നെങ്കില്‍ ശങ്കരന്റെ തലയില്‍ കെട്ടിവച്ചിരിയ്ക്കുന്ന അയിത്താചരണം എന്ന ദൂഷ്യം ഇല്ലാതാകുമയിരുന്നു.(എന്തു പറയാന്‍, പ്രാരാബ്ധ കര്‍മ്മം തൂത്താല്‍ പോകമോ..ശങ്കരനായാലും സമയമായാല്‍ ചീത്ത കേക്കാനായി ആ വാക്കുപയോഗിയ്ക്ക തന്നെ ചെയ്യും:))

ഇതാണാ വരി

"ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ
യാ സമ്വഞ്ജ്രംഭതേ

യാ ബ്രഹ്മാദി പിപീലികാന്തതനുഷു
പ്രോതാ ജഗത് സാക്ഷിണീ

സൈവോഹം ന ച ദൃശ്യ വസ്തുതി ദൃഡ
പ്രജ്ഞാപി യസ്സ്യാസ്തി ചേത്

ചണ്ഡാലോസ്തു സ തു ദ്വിജോസ്തു ഗുരുരി
ത്യേഷാ മനീഷാ മമ."

ജാഗ്രത് സ്വപ്ന സുഷുപ്തികളില്‍ സ്ഫുടതരമായി എന്താണോ സദാ പ്രകാശിച്ചു കൊണ്ടിരിയ്ക്കുന്നത്, എന്താണൊ ബ്രഹ്മാവുമുതല്‍ ഉറുമ്പു വരെയുള്ള ശരീരങ്ങളില്‍ ജഗത് സാക്ഷിണിയായി കൊണ്ട് കോര്‍ത്തിണക്കപ്പെട്ടിരിയ്ക്കുന്നത്,

അത് ഞാനാണ്..

ആ അറിവ് ദൃഢ പ്രജ്ഞനായി അറിയുന്നത് ആരാണൊ അവന്‍ ചണ്ഡാളനായാലും ദ്വിജനായാലും ഗുരുവാണ്..അത് എന്റെ ഉറച്ച ബുദ്ധി ആകുന്നു(ഉറച്ച തീരുമാനമാണ്)


ഈ എഴുത്തില്‍ ശിവനെ കണ്ട് പേടിച്ച അയിത്താചാരിയുടേ മുഖമോ എല്ലാമറിയുന്ന സമ്യക്കായി ന്യസിച്ചവന്റെ മുഖമോ ശങ്കരന്?

സ്വയം പറയുന്നതായല്ല.ആരേയോ ഉപദേശിയ്ക്കുന്ന ഗുരുവാണിതില്‍..പ്രകരണങ്ങളൊക്കെ എഴുതപ്പെട്ടത് ശിഷ്യര്‍ക്ക് വേണ്ടിയാണു താനും.

ഈ ശ്ലോകം വായിച്ചിട്ട് ആര്‍ക്കാണാവോ ശങ്കരന്‍ അയിത്തം ആചരിച്ചിരുന്നെന്ന് പറയാന്‍ തോന്നിയത്..അത് വിശ്വസിയ്ക്കാന്‍ ഞാനും..:)

ദേവേട്ടന്‍ എഴുതിയതു തന്നെ ശരി..പണ്ട് നാം കേള്‍ക്കുന്ന പോലെ അയിത്താചാരമുണ്ടായിരുന്നില്ല..ശങ്കരന്റെ ഈ ചണ്ഡാള കഥയിലാണെനിയ്ക്ക് ഡൗട്ട് കുരുങ്ങിയത്..അത് മാറി..

പിന്നെ ജ്യോതിടീച്ചറേ അവാര്‍ഡ് കളയണ്ടാ..തെളിവുമായി വന്നാല്‍ ദേവേട്ടനു കൊടുക്കാന്‍ വച്ചേക്കൂ.ഇന്നല്ലെങ്കില്‍ നാളേ..ശങ്കരന്റെ ജാതി തിരക്കിയാണിവിടെ ചര്‍ച്ച നടന്നത്.ആചാര്യന്റെ കൃതികള്‍ വിശകലനം ചെയ്യുകയായിരുന്നില്ല.എന്തിനാണങ്ങനെ ചര്‍ച്ച നടക്കുന്നത് എന്ന ചോദ്യമുണ്ടെങ്കില്‍ ആചാര്യന്റെ ജാതി പറഞ്ഞ് ഒത്തിരികാര്യങ്ങള്‍ കുടുംബസ്വത്താക്കി വച്ചിരിയ്ക്കുന്നത് തെറ്റാണെന്ന് തെളിയിക്കാനാണെന്നു വയ്ക്കാം.എന്നും സത്യം മൂടിവയ്ക്കുന്നതെന്തിന് എന്നൊരു അന്വേഷണമെന്നും കരുതാം..:)

പിന്നെ ശങ്കരാചാര്യര്‍ വാദത്തിലും മറ്റും തോല്പ്പിച്ചത് കൂടുതലും ഹൈന്ദവവേദങ്ങളിലെ കര്‍മ്മകാണ്ഡത്തില്‍ വിശ്വസിച്ചിരുന്നവരെയാണെന്നാണല്ലോ കേള്‍ക്കുന്നത്. കുമാരില ഭട്ടന്‍ ബുദ്ധമതതത്വങ്ങളേ വാദത്തില്‍ തോല്പ്പിച്ചയാളാണ്.മീമാംസാകാരനാണ്.അദ്ദേഹത്തെയാണ് ആദ്യം ശങ്കരന്‍ വാദപ്രതിവാദങ്ങള്‍ക്കായി സമീപിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനാണ് മണ്ഡനമിശ്രന്‍.പിന്നെ പാണ്ടിനാട്ടില്‍ ശൈവരെ, കര്‍ണ്ണാടകത്തിലെ ശാക്തേയരെ, ദ്വാരകയിലെ വൈഷ്ണവരെ, ഇടയ്ക്ക് കാപാലികളെ,കാമപുരിയിലെ തീവ്ര ശാക്തേയരെ ഒക്കെയാണല്ലോവാദത്തില്‍ തോല്പ്പിച്ചിരിയ്ക്കുന്നത്.ഇവരിലാരും ബൗദ്ധരായില്ലല്ലോ.

എവിടെയാണ് ബുദ്ധമതക്കാരെയും ജൈനരേയും ശങ്കരന്‍ നാമാവശേഷമാക്കി എന്നും മറ്റും പറയുന്നതെന്ന് അറിഞ്ഞുകൂടാ.ദേവേട്ടനും അങ്ങനെ സംശയിച്ചുകാണുന്നു..

ദേവേട്ടാ ഒട്ടും തിടുക്കം വേണ്ടാ..തിടുക്കത്തിലെന്തെങ്കിലും എഴുതി എന്നെ ഓടിയ്ക്കാമെന്നു കരുതേണ്ടാ..ഞാന്‍ പോവൂലാ..ദേവേട്ടന്‍ എഴുതുന്നതിനെ ഏതു രാജന്‍ ഗുരുക്കളെക്കാളും മുഖ്യമായി ഞാന്‍ കാണുന്നു.കാരണം അതില്‍ കണ്ണിനെ മനപൂര്‍വം മറയ്ക്കുന്ന മുന്വിധികള്‍ കലരാറില്ല എന്നതു തന്നെ..

തിടുക്കമൊന്നുമില്ലെന്നു മാത്രം..:)..അതുകൊണ്ട് സമ്മര്‍ദ്ദം വേണ്ടാ..

രാജ് said...

പ്രധാനമായും ചേരരാജാക്കന്മാര്‍‍ ജൈനരായതുകൊണ്ട് അവര്‍ പ്രചാരം കൊടുത്തതാണ്‌.

ദേവാ ഈ ഭാഗത്തല്പം ശങ്കയുണ്ട്. ദേവന്‍ തന്ന വേണാടിന്റെ ചരിത്രത്തിലെ പരാമര്‍ശങ്ങള്‍ മറിച്ചൊരു അഭിപ്രായമാണ് എനിക്കുണ്ടാക്കിയത്.

ജ്യോതിര്‍മയി /ज्योतिर्मयी said...

അംബിമാഷേ :) ഞാനും യോജിയ്ക്കുന്നു. അപ്പൊ അവാര്‍ഡ് ഇപ്പൊ കൊടുക്കുന്നില്ല, സൂക്ഷിച്ചുവെക്കാം :)

എന്നാലും എനിയ്ക്കിത്രകൂടി പറയണം-

ഭാ....വിയില്‍ ഒരുദിവസം പുതിയ ബ്ലോഗ്സമൂഹം, ദേവപഥത്തിലെ ഈ പോസ്റ്റ് പഠനവിധേയമാക്കി എന്നിരിക്കട്ടെ--

[അവരുടെ പഠനവിഷയം “അക്ഷരസ്നേഹം അളന്നുനോക്കാം” എന്നാണെങ്കില്‍!]

“ദേവന്‍ അക്ഷരസ്നേഹിയാണെന്നു പറഞ്ഞുകൂടാ, സ്വരങ്ങള്‍ക്ക്‌ അദ്ദേഹം വ്യഞ്ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുത്തു, ഓരോ പാരയ്ക്കും മുന്നില്‍ “അ”, “ആ” “ഇ”... എന്ന്‌ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞിരിക്കുന്നു. എന്തുകൊണ്ട്, “ക” “കാ” .. എന്നു വ്യഞ്ജനങ്ങളേക്കൂട്ടിപ്പറഞ്ഞില്ല? എന്നാല്‍ തികച്ചും സാധാരണക്കാരായി, വിഷയം അവതരിപ്പിച്ചുതീര്‍ക്കാന്‍ വ്യഞ്ജനങ്ങളെ നന്നായി ചൂഷണം ചെയ്തിട്ടുമുണ്ട്...” [അവരുടെ ചര്‍ച്ചാവിഷയം “അക്ഷരസ്നേഹം അളന്നുനോക്കാം” എന്നാണെങ്കില്‍!]

എന്നൊരു വിലയിരുത്തലില്‍ വന്നുചേര്‍ന്നാല്‍ മൂക്കത്തുവിരല്‍ വെയ്ക്കാന്‍ തോന്നുമോ അതോ ഇല്ലേ?

ഏതാണ്ടിതുപോലെയാണ്, മനീഷാപഞ്ചകം പഠിച്ച് ശങ്കരന്റെ ജാതി വിലയിരുത്തുന്നത്... എന്നാണെനിയ്ക്കുതോന്നിയത്.

ദേവന്‍ ജി :) ജ്യോതിടീച്ചറിനു തന്ന നീണ്ട മറുപടിയും വായിച്ചു. ചിലതെല്ലാം പുതിയ വിവരങ്ങളായിരുന്നു. ‘മിസ്സിങ് ലിങ്കില്‍’ വന്ന കമന്റ് 49 നല്ലേ ഈ മരുപടി. (ആ കമന്റിലെ ചില വസ്തുതകള്‍ താങ്കള്‍ തെറ്റിദ്ധരിച്ചു(ഞാന്‍ തെറ്റിദ്ധരിപ്പിച്ചതാണോ) വളച്ചൊടിച്ചു എന്നു പറയാതിരിക്കാം :)

ഈ ചര്‍ച്ചയും പഠനവും ഗൌരവം അര്‍ഹിക്കുന്നു. ഒരു തര്‍ക്കത്തിലേയ്ക്ക്‌ വീണുപോവാതിരിക്കാന്‍ വേണ്ടി, ഞാന്‍ മിണ്ടാതിരിക്കാം, ശ്രദ്ധിച്ചിരിക്കാം...

[ജാതിവ്യവസ്ഥയും വര്‍ണ്ണവ്യവസ്ഥയും ഞാന്‍ കൂട്ടിക്കുഴച്ചില്ല, അതുരണ്ടും രണ്ടായിരുന്നു. രണ്ടും ദുഷിച്ചു നാറി എന്നതുകൊണ്ട്, രണ്ടും ഒന്നാണെന്നുവരുന്നില്ല. വര്‍ണ്ണത്തില്‍ മേലും കീഴും ഉണ്ടായിരുന്നില്ല. ആദ്യമാദ്യം വന്നവര്‍ ബ്രാഹ്മണരെന്നും പിന്നെ വന്നവര്‍ ‘കീഴ്ജാതിക്കാര്‍’ എന്നും ഞാന്‍ പറഞ്ഞില്ല.]


ചരിത്രത്തിന്റെ കാണാതെപോയ കണ്ണി വിളക്കിച്ചേര്‍ക്കാന്‍ ഗൌരവമുള്ള പഠനങ്ങള്‍ തുടരാന്‍ സാധിക്കട്ടെ !

Satheesh said...

ദേവേട്ടാ‍, ഇടക്കിടെ ഇങ്ങനെ സര്‍ടിഫിക്കറ്റ് തരാന്‍ ബുദ്ധിമുട്ടായതു കാരണം ഒരു കൊല്ലത്തേക്കുള്ള ഗുഡ് സര്‍ടിഫിക്കറ്റ് ഇതാ തന്നിരിക്കുന്നു!

ശങ്കരന്റെ ജാതിയാണ്‍ ചര്‍ച്ചയിലെ ഒരു ‘വിഷയം‘ എന്നത് കൊണ്ടു അതിനെ പറ്റി. ശ്രീശങ്കരന്‍ കേരളാ ബ്രഹമണന്‍ തന്നെ എന്നാണ്‍ വായിച്ചുകേട്ടത് മുഴുവന്‍.(നമ്പൂതിരി എന്ന് എവിടെയും വായിച്ചുകേട്ടതായിട്ട് ഓര്‍മയില്ല എന്നും പറയട്ടെ). ബ്രാഹമണരടക്കം എല്ലാരേയും അവര്‍ ചെയ്യുന്ന തൊഴിലിനനുസരിച്ച് ജാതികളായി തിരിച്ചപ്പോള്‍ അന്നിവിടെ നിലനിന്നിരുന്ന ശക്തമായ ബുദ്ധമതവിശ്വാസത്തിന്റെ സ്വാധീനം കൊണ്ടായിരിക്കാം, തീണ്ടലും അശുദ്ധവും ഉണ്ടായിരുന്നില്ലെന്ന് വായിച്ചിട്ടുണ്ട്. ശ്രീശങ്കരന്റെ യൌവനകാലം വരെയും ഇതായിരിക്കം സ്ഥിതി.
ശ്രീശങ്കരന്റെ ജാതി എന്തായിരുന്നാലും ഇവിടുത്തെ ബ്രാഹ്മണസമുദായത്തില്‍ നിന്ന് കടുത്ത എതിര്‍പ്പും ഭ്രഷ്ടും ആണ്‍ അദ്ദേഹത്തിന്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ ഭാരതമൊട്ടുക്കും ഹിന്ദുമതത്തിന്റെ നവോത്ഥാന ശക്തിയായി ശ്രീശങ്കരന്‍ രൂപപ്പെട്ടപ്പോള്‍ കേരള ബ്രാഹ്മണസമൂഹം അദ്ദേഹത്തിനെ വണങ്ങാന്‍ ക്യൂ നിന്നു എന്ന് ചരിത്രം.
പിന്നെ അംബി പറഞ്ഞ ശവസംസ്കാരത്തിന്റെ കഥ. സന്യാസിയാവാന്‍ സ്വന്തം ഉദകക്രിയ വരെ ചെയ്യുന്ന ഒരാള്‍ക്ക് അമ്മയുടെ ശവസംസ്കാരത്തിനെ വേറെ ഏതൊരാളേയും പോലെ സാക്ഷിയായി നില്‍ക്കാന്‍ മാത്രമേ പറ്റൂ. അതില്‍ കൂടുതലായി എന്തെങ്കിലും ചെയ്യുന്നതിനെ സമൂഹം അന്നെതിറ്ത്തത് സ്വാഭാവികം! പണ്ട് ഇതേ സമൂഹത്തില്‍ നിന്നേറ്റ കഷ്ടപ്പാടുകള്‍ക്ക് ഏതറ്റം വരെ പോവേണ്ടി വന്നാലും ഒരു മറുപടി കൊടുക്കണം എന്നുള്ളത് ആചാര്യന്റെ ഒരു ഈഗോ യും ആയിരിക്കം! (അതിലെ അതിശയോക്തി പരമായ ഭാഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇത്രയേ ഉള്ളു എന്നാണെന്റെ അഭിപ്രായം! )

ദേവന്‍ said...

സതീശേ, ഇന്റര്‍നെറ്റില്‍ ചരിത്രം വായിച്ച ആരും അംബി ചോദിച്ച ചോദ്യം ചോദിച്ചുപോകും. വിക്കിയിലെ നമ്പൂതിരി പേജും നമ്പൂതിരി.കോമിലെ ശങ്കരാചാര്യന്‍ പേജും മാത്രമല്ല മിക്ക സ്ഥലങ്ങളിലും പ്രശസ്തരായ നമ്പൂതിരിമാരുടെ പട്ടികയില്‍ ശങ്കരന്റെ പേരു കാണാം .

രാജേ,
ചിന്ന കംയൂണിക്കേഷന്‍ ഗ്യാപ്പ് വന്നതാണേ. ചെങ്കുട്ടുവനും സഹോദരന്‍ തിരുവള്ളുവരും ഒക്കെ അടങ്ങുന്ന ആദ്യ ചേര സാമ്രാജ്യത്തിന്റെ കഥ പറഞ്ഞു വരുമ്പോഴാണ് ജൈനമത വിശ്വാസികളെന്നു പറഞ്ഞത്. അവര്‍ എഴുതിയ സ്ക്രിപ്റ്റുകളും സ്ഥാപിച്ച സര്‍വ്വകലാശാലകളും ജൈനമതപ്രചരണം നടത്തിയിരുന്നു (10 തലമുറ ആദ്യ ചേരന്മാര്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു) പതിറ്റുപ്പത്തില്‍ ഇവര്‍ മിക്കവരെയും കുറിച്ച് പരാമര്‍ശവുമുണ്ട്.

മദ്ധ്യചേരന്മാര്‍ ഹിന്ദു മത വിശ്വാസികള്‍ (ഓര്‍മ്മ ശരിയാണെങ്കില്‍ ശൈവര്‍ ) ആയി മാറി. ജൈനമതത്തിനു ദക്ഷിണേന്ത്യയില്‍ ക്ഷയവും അതോടെ തുടങ്ങി. ഒരിക്കല്‍ കൂടി - മൊത്തക്കച്ചവടമായി മതം വളരുന്നതും തളരുന്നതും അധികാരത്തിനു ഏതു മതം എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒറ്റപ്പെട്ട കുടിയിറക്കലുകളും അടിച്ചു പിരുക്കലും നടന്നിട്ടുണ്ടാവണം, പക്ഷേ ദക്ഷിണഭാരതത്തില്‍ ജൈനന്മാരെ ആകെ കൊന്നൊടുക്കി എന്ന രീതിയിലെ പ്രചാരണവും അവിശ്വസനീയം ആണെന്ന് ഞാന്‍ കരുതുന്നതിന്റെ കാരണവും അതാണ്.

അന്ത്യകാല ചേരന്മാര്‍ ആധുനിക കാലത്തെ അഞ്ചാറു വന്‍ രാജ്യങ്ങള്‍ തന്നെ അടങ്ങുന്ന രാജരാജ ചോള സാമ്രാജ്യത്തിനു മുന്നില്‍ കീഴടങ്ങി തുന്നം പാടി കേരളത്തിലേക്ക് പാഞ്ഞുകളഞ്ഞവരാണ്. വര്‍മ്മന്‍ എന്നു പേരുള്ളവരെല്ലാം അന്ത്യകാല ചേരന്മാര്‍ ആണ്. ഇവര്‍ വൈഷ്ണവര്‍ ആയിരുന്നു.


ശങ്കരാചാര്യരുമായി ബന്ധപ്പെട്ട പല കഥകളും ചെങ്കുട്ടുവന്‍ വേലെറിഞ്ഞതുപോലെ ആണ്. ചണ്ഡാല ദര്‍ശനമൊന്നും ഉണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. ആളുകള്‍ അത് പുള്ളിയുടെ തലയില്‍ വച്ചു കെട്ടിയതാവാം. അതിലും കൂടുതല്‍ സാദ്ധ്യത അദ്ദേഹത്തിനു ജാതി എന്ന അസംബന്ധം പൊതുജനത്തിനു കാട്ടി കൊടുക്കാന്‍ ശിവന്‍ വന്നു എന്നൊരു നുണ പറയേണ്ടി വന്നതും ആകാം, അത്ര ശക്തമായിരുന്നു വടക്കൊക്കെ ജ്യാതിവ്യവസ്ഥ അന്ന്.

ശങ്കര ദിഗ്വിജയങ്ങളില്‍ എട്ടില്‍ ഏഴും ഹിന്ദുക്കള്‍ (എനിക്കാ വാക്ക് അത്ര ശരിയാവുന്നില്ല) ആയ ചിന്തകരോട് ആയിരുന്നു എന്ന് അംബി പറഞ്ഞതും ശരിയാണ്, പണ്ടെങ്ങോ ഞാന്‍ കമന്റായി ദിഗ്വിജയത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്.

ജ്യോ ടീച്ചറേ, മറുപടി പറയാന്‍ സമയം ആയില്ല, രണ്ടു ചോദ്യം:
വര്‍ണ്ണ വ്യവസ്ഥയും ജാതിയും രണ്ടാണെന്നു സ്ഥിരമായി ഞാന്‍ കേള്‍ക്കാറുണ്ട്. ജാതിരഹിത വര്‍ണ്ണ വ്യവസ്ഥ, അല്ലെങ്കില്‍ ദുരാചാരമില്ലാത്ത വര്‍ണ്ണ വ്യവസ്ഥ എവിടെ ഉണ്ടായിരുന്നു (വ്യാസന്റെ കഥയില്‍ അല്ലാതെ ചരിത്രത്തില്‍) എന്നൊന്നു കാണിച്ചു തരണേ, ചരിത്രം മുഴുവന്‍ പരതാന്‍ സമയമില്ലാത്തതുകൊണ്ടാണേ

ente keyman poyi - if the idol worshipper class evolved as brahmins naturally why didnt ezhavas become brahmins when chathurvarnya hindutwa was thrust on kerala? they had many famous temples, where eezhavas did perform entire pooja.

ദേവന്‍ said...

“ദേവന്‍ അക്ഷരസ്നേഹിയാണെന്നു പറഞ്ഞുകൂടാ, സ്വരങ്ങള്‍ക്ക്‌ അദ്ദേഹം വ്യഞ്ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുത്തു, ഓരോ പാരയ്ക്കും മുന്നില്‍ “അ”, “ആ” “ഇ”... എന്ന്‌ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞിരിക്കുന്നു. എന്തുകൊണ്ട്, “ക” “കാ” .. എന്നു വ്യഞ്ജനങ്ങളേക്കൂട്ടിപ്പറഞ്ഞില്ല? എന്നാല്‍ തികച്ചും സാധാരണക്കാരായി, വിഷയം അവതരിപ്പിച്ചുതീര്‍ക്കാന്‍ വ്യഞ്ജനങ്ങളെ നന്നായി ചൂഷണം ചെയ്തിട്ടുമുണ്ട്...”

ഈ ചോദ്യത്തിനു മറുപടിയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളം യൂണിക്കോഡ് എഴുത്തുകള്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി AD 2890ഇലെ മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് വാങ്ങിയ കുമാരി ഇക്കുക്കോ വത്തനാബേ ഇങ്ങനെ നിരീക്ഷിക്കുന്നു. (ജാപ്പനീസില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തത് കെല്‍ട്രോണിന്റെ ഹ്യൂമനിഫോം റോബോട്ട് ആയ എഴുത്തച്ഛന്‍-2.11 )

ഈ ലേഖനത്തില്‍ ശ്രീ. ദേവന്‍ എഴുതിയിരുന്നത് ലേഖനകാലത്തിന് ആയിരം വര്‍ഷം മുന്നേയുള്ള കാര്യങ്ങള്‍ ആയിരുന്നു. അന്നത്തെ സാംഖ്യാരീതിയില്‍ കപടയാദിക്കണക്ക് മുഖ്യമായും കാലത്തെയും ടൈം സ്കെയിലില്‍ വരുന്ന സംഖ്യകളേയും കുറിക്കാന്‍ ഉപയോഗിച്ചിരുന്നെന്ന് ഒരു വാദം നിലവില്‍ ഉണ്ടായിരുന്നു 20-21 നൂറ്റാണ്ടുകളില്‍. തന്റെ അക്കമിടീല്‍ രീതി കലിദിനവര്‍ഷ ഗണിതത്തെയോ കാലഗമനത്തെയോ കുറിക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നല്ലെന്ന് വ്യക്തമാക്കാന്‍ ആയിരിക്കണം അദ്ദേഹം കപടയാദി സമ്പ്രദായം ഉപയോഗിക്കാതെ സ്വരാക്ഷരങ്ങള്‍ കൊണ്ട് അക്കം നിരത്തിയത്. നംബറിങ്ങില്‍ പോലും വ്യക്തത പുലര്‍ത്തിയ അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ രീതിയിലെമ്പാടും ഭാഷാസ്നേഹം നിറഞ്ഞു നില്‍ക്കുന്നു. മാത്രമല്ല ഓരോ അക്ഷരത്തെയും സ്നേഹിച്ചിരുന്ന ദേവന്‍ കപടയാദിക്കണക്കില്‍ സ്വരാക്ഷരങ്ങള്‍ക്ക് പൂജ്യം വില കല്‍പ്പിച്ചിരുന്നതിനോട് പ്രതിഷേധിച്ച് അക്ഷരതുല്യതക്കായി ഈ രീതികൊണ്ട് പോരാടുകയായിരുന്നു എന്നും നമുക്ക് അനുമാനിക്കാം.
:)

ജ്യോതിര്‍മയി /ज्योतिर्मयी said...

:)

qw_er_ty

Kaippally said...

1620 സുന്ദരപാണ്ടിയന്‍ എന്ന രാജാവ് ഭരിക്കുന്ന മദുരൈയില്‍, കായല്‍പട്ടിനം എന്ന പ്രദേശത്ത് iraqല്‍ നിന്നും egyptല്‍ നിന്നും അനേകം കച്ചവടക്കാരും കടല്ക്കോള്ളക്കാരും അവിടെ വന്നു കച്ചവടം നടത്തിയിരുന്നു. അബീസിനിയക്കാരായ അനേകം അടിമകളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കായല്‍ പട്ടിനത്തിലുള്ള പഴയ പള്ളികളിലുള്ള ഖബറടികളുടെ മെംബര്‍ (Headstone)ല്‍ ഇപ്പോഴും പേരിന്റെ അവസാനം അറബിയില്‍ Al Basri, Al Misri, Al Thikrithi, AL Adeni എന്നെല്ലാം കാണാം. ഈ കൂട്ടത്തില്‍ പെട്ട അനേകം പേര്‍ സുന്ദരപ്പാണ്ടിയന്റെ പട്ടാളത്തിലും, അന്നത്തെ Dutch പട്ടാളത്തിലും നാവിക പടയാളികളായി ചേരുകയും ചെയ്തു. ഇതില്‍ അബിസിനിയക്കാരായ കറുത്ത വര്‍ഗ്ഗക്കാരും ഉണ്ടായിരുന്നു.

ഇവരെ Lebbai എന്നാണു് അവര്‍ സ്വയം വിശേഷിപ്പിച്ചിരിന്നത്. Lebbaik എന്നാല്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ എന്നു് സ്വയം വെളിപ്പെടുത്തിയവര്‍. (Those who have declared) 1620ഉം 1640നും ഇടയില്‍ ലബ്ബകള്‍ Dutch പടക്ക്പ്പലുകള്‍ പോയ നാടുകളിലെല്ലാം കുടിയേറി. Sri Lank, Indonesia, Malyasia, തുടങ്ങി പലയിടങ്ങളിലും ഇന്ന് Lebbaകള്‍ ഉണ്ട്.

കൈപ്പള്ളി എന്ന കുടുമ്പ പേരു് ഉണ്ടായതും കായല്‍പട്ടണത്തില്‍ തന്നെയാണു്. അതിനു ശ്രീ ആദി ശങ്കരാചാര്യരുടെ ചരിത്രവുമായി ബന്ധം ഉണ്ടാവാന്‍ സാദ്ധ്യത കുറവാണു്. തിരുവാങ്കൂറില്‍ മാത്രമാണു് ലെബ്ബകള്‍ ഉള്ളതും. കച്ചവടമാണു് ഇവര്‍ അധികവും ചെയ്യുക. Sri Lankaയിലുള്ള ലെബ്ബകള്‍ കൃഷി ചെയ്യുന്നവരുമാണു്.

Unknown said...

ശങ്കരാ ചാര്യർ വിശ്വകര്മജൻ ആയിരുന്നു ശങ്കര വിജയത്തിൽ അദ്ദേഹം ചൊല്ലുന്ന ശ്ലോകം കാണുക ആചാര്യോ ശന്കരോ നാമ ആദിബ്രഹ്മ കുലോത്ഭവ ത്വഷ്ട പുത്രാ ന സംശയ

Ratheesh Musthu said...

അപശൂദ്രാധികരണം എഴുതിയ ടീം ആണ് ഇദ്ദേഹം. എത്ര വെള്ള അടിച്ചാലും ജാതിവെറി വെളിയിൽ ഉണ്ട്