Monday, June 11, 2007

നയം വ്യക്തമാക്കുന്നു

എന്റെ ബ്ലോഗ്ഗിങ് നയം WEF 15-06-2007

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം കൊണ്ട് മലയാളം യൂണിക്കോഡ് ബ്ലോഗിങ്ങ് വളര്‍ന്നത് അതിശയകരമായ വേഗതയിലാണ്‌. ഒരു വരിയെങ്കിലും യൂണിക്കോഡില്‍ എഴുതി ഇന്റര്‍നെറ്റിലെത്തിച്ചവര്‍ക്കെല്ലാം അതില്‍ വളരെയേറെ അഭിമാനിക്കാം. വായിച്ചു തീര്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ എഴുതയുണ്ടാക്കുക എന്നത് ഒരു ശ്രമകരമായ ദൗത്യം തന്നെയായിരുന്നു ഒരിക്കല്‍. ഇന്ന് വായിക്കാനൊന്നുമില്ല എന്ന അവസ്ഥ മാറിപ്പോയി. വന്‍ പോര്‍ട്ടലുകള്‍ പോലും മലയാളം യൂണിക്കോഡില്‍ എത്തിക്കഴിഞു. ഈ ഒരു നാഴികക്കല്ല് പിന്നിട്ട അവസ്ഥയില്‍ ഞാനെന്റെ ബ്ലോഗിങ് ശീലത്തെ പുന:പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു.

ഇതുവരെ ബ്ലോഗുകളും കമന്റുകളും എഴുതിയിരുന്നത് പരമാവധി മലയാളം കണ്ടന്റ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലായിരുന്നു. സ്വാഭാവികമായും ഞാന്‍ രസിക്കുന്നതെല്ലാം ബ്ലോഗ് വഴി ചെയ്തു, എനിക്കിഷ്ടമുള്ള തമാശകള്‍ പോസ്റ്റാക്കി, കമന്റ് ആക്കി, പലപ്പോഴും അന്ത:സ്സാരം പോലുമില്ലാത്ത കുറിപ്പുകളും കമന്റുകളും എഴുതി. വളരെ ആസ്വദിച്ചു തന്നെ, എന്നാല്‍ ആവശ്യം അറിഞ്ഞുകൊണ്ടും.
എന്റെ മിക്ക പോസ്റ്റുകളും കമന്റുകളും ഞാനൊന്നു വായിച്ചു നോക്കാന്‍ കൂടി സമയം എടുക്കാതെ പബ്ലിഷ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്, അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ പോലും സമയം എടുത്തിട്ടില്ല.

ഇന്ന് അളവു കൂട്ടാനുള്ള ശ്രമങ്ങള്‍ അനാവശ്യമായിരിക്കുന്നതിനാല്‍ വാരിക്കൂട്ടല്‍ ഒരു വിപ്ലവം എന്നതിനെക്കാള്‍ ചവറു കൂനയുണ്ടാക്കല്‍ എന്ന ശല്യം ആയി മാറുകയാണെന്നു തോന്നുന്നു.

മാറിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ ബ്ലോഗിങ്, വായനാ, കമന്റു നയം ഇങ്ങനെ മാറ്റിയെഴുതുന്നു (ആദ്യത്തേത് രണ്ടുവര്‍ഷം മുന്നേ എവിടെയോ കമന്റ് ആയി ഇട്ടിരുന്നു, ആ ബ്ലോഗ് നിലവിലില്ലെന്നു തോന്നുന്നു, അത് കാണാനില്ല. ഇനിയതിനു പ്രസക്തിയുമില്ല)
എന്റെ ബ്ലോഗുകള്‍ :

൧. നിലവില്‍ എനിക്ക് ദേവരാഗം, കൂമന്‍പള്ളി, ദേവപഥം, വിദ്യ, ആയുരാരോഗ്യം എന്നീ ബ്ലോഗുകള്‍ ആണ്‌ ഉള്ളത്, എന്റെ ചിത്രങ്ങള്‍, കമന്ററ എന്നിവ അപ്രസക്തമായ ആവര്‍ത്തന പോസ്റ്റുകളോ ഗ്രീറ്റിങ്ങ് കാര്‍ഡ് ചിത്രങ്ങളോ മറ്റു ചെറുവകകളോ ആണ്‌ ഉള്‍ക്കൊള്ളുന്നത്.

൨. ഇവയൊന്നും ജൂണ്‍ ൧൫ നു ശേഷം പിന്മൊഴികള്‍, ആള്‍ട്ട് മൊഴി തുടങ്ങിയ സം‌വിധാനങ്ങളിലേക്ക് കമന്റ് ഫീഡ് ചെയ്യുന്നതല്ല. എന്റെ പോസ്റ്റുകള്‍ വായനക്കാരിലെത്തിച്ചിരുന്നത് പിന്മൊഴി ആയിരുന്നു. ഇന്ന് അതിലും ശക്തമായ പോസ്റ്റ് അഗ്രിഗേഷന്‍ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്.

൩. സമകാലികം, ബൂലോഗ ക്ലബ്ബ് എന്നീ ജോയിന്റ് ബ്ലോഗുകളിലെ എഴുത്തുകുത്തുകള്‍ ഞാന്‍ നിര്‍ത്തുന്നു. സമകാലികത്തിലോ ക്ലബ്ബിലോ എഴുതാന്‍ കഴിയുന്നതെന്തും എന്റെ സ്വന്തം ഉത്തരവാദിത്തതില്‍ നടത്തുന്ന ബ്ലോഗുകളില്‍ എഴുതാന്‍ കഴിയും എന്നതുകൊണ്ട് മാത്രമാണ്‌.

൪. കൊല്ലം, സ്കൂള്‍ കുട്ടി, ബൂലോഗ കാരുണ്യം, യൂ ഏ ഈ ബൂലോഗം എന്നീ ജോയിന്റ് ബ്ലോഗുകളില്‍ ഞാന്‍ അംഗമായി തുടരുന്നുണ്ട്.

൫. എന്റെ ബ്ലോഗുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, ഞാന്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും അംഗമല്ല താനും. എന്റെ ബ്ലോഗുകള്‍ ഒരു പ്രസ്ഥാനത്തിന്റെയും പ്രചരണത്തിനായുള്ളതല്ല.

൬. എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ അടക്കം എല്ലാത്തിനും ഞാന്‍ പൊതുജനത്തോട് ഉത്തരവാദിയാണ്‌. അതിനാല്‍ എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകളില്‍ അശ്ലീലം, വ്യക്തിഹത്യ, പകര്‍പ്പവകാശ ലംഘനം, നിയമലംഘനം എന്നിവ കണ്ടാല്‍ ഞാന്‍ അത് നീക്കം ചെയ്യും. ഓഫ് ടോപ്പിക്കുകളോ ഓണ്‍ ടോപ്പിക്കുകളോ അപ്പെന്‍ഡിക്സോ, നിശിതമായ വിമര്‍ശനമോ, മുകളില്‍ പറഞ്ഞ നാലു കാര്യങ്ങളല്ലാതെയുള്ള എന്തും തന്നെ സ്വാഗതാര്‍ഹമാണ്‌

൭. എത്തിക്കല്‍ ബ്ലോഗിങ്ങിനു അനോണിമസ് കമന്റുകള്‍ വിലങ്ങു തടിയാണെന്ന് ബ്ലോഗ് സദാചാരത്തെക്കുറിച്ചുള്ള എല്ലാ എഴുത്തുകളിലും കണ്ടിരുന്നു. അതിനാല്‍ അനോണി ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതായിരിക്കും

൮. റീഡര്‍മാരെ ക്യാ‌ന്‍‌വാസ് ചെയ്തിട്ടില്ല, ചെയ്യാനുദ്ദേശവുമില്ല. അത്യാവശ്യം വരുന്നയിടങ്ങളില്‍ ബാക്ക് ലിങ്കുകള്‍ ഇട്ട് കമന്റുകള്‍ എഴുതും, അതും പരമാവധി എണ്ണത്തില്‍ കുറച്ച്. എന്റെ പോസ്റ്റ് വായിക്കു എന്നു പറഞ്ഞ് എന്തെങ്കിലും സന്ദേശം ആര്‍ക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല, കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അയച്ചതുമല്ല.

൯. നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് എനിക്ക് നീളമേറിയതോ മൊത്തത്തില്‍ വിയോജിക്കുന്നതോ ആയ കമന്റുകള്‍ ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ ലിങ്ക് ചെയ്ത് പുതിയ പോസ്റ്റ് ഇറക്കും. അതില്‍ വ്യക്തിഹത്യയോ പ്രതിഷേധകരമായ എന്തെങ്കിലുമോ ഉണ്ടെന്നു തോന്നിയാല്‍ എന്നെ അറിയിക്കേണ്ടതാണ്‌, സംശയത്തിന്റെ ആനുകൂല്യമെങ്കിലും ഉണ്ടെങ്കില്‍ അത് നിങ്ങളുറ്റെ പക്ഷത്തായിരിക്കും.

ഈ തീരുമാനങ്ങള്‍ക്ക് ബൂലോഗവുമായോ അവിടെ നടന്നിട്ടുള്ളതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ യാതൊന്നുമായും ഒരു ബന്ധവുമില്ല, എത്തിക്കല്‍ ബ്ലോഗ്ഗിങ് കോഡ് ഇതാണെന്ന് ഞാന്‍ അവകാശപ്പെടുന്നുമില്ല.

ഞാനിടുന്ന കമന്റുകള്‍ :
ഏതു ത്രെഡിലും ഓഫ് ടോപ്പിക്ക് ചേര്‍ത്തെഴുതുന്ന ശീലം ഉണ്ടായിരുന്നത് നിര്‍ത്തുകയാണ്‌. നിങ്ങളുടെ ബ്ലോഗില്‍ ഞാനിടുന്ന ഏതു കമന്റും എടുത്തു കളയാന്‍ എന്റെ സമ്മതം ചോദിക്കേണ്‍റ്റതില്ല. കാരണവും (അതെന്തു തന്നെ ആകട്ടെ) എനിക്കറിയേണ്ടതില്ല.(പി എസ്. ഇതിനെ മെയില്‍ ചെയ്തപ്പോള്‍ അറിയാതെ സ്കൂള്‍ കുട്ടികളുടെ അടുത്തു പോയി. സാല്‍‌ജോ എഴുതിയ ഒരു കമന്റും പോയി കിട്ടി. സാല്‍ജോ, സോറി)

18 comments:

ദേവന്‍ said...

സാല്‍ജോ+saljo said...
പിണങ്ങാതെ മാഷെ..

തീരുമാനങ്ങള്‍ നല്ലതുതന്നെ.. സജീവ സാന്നിദ്ധ്യം പ്രതീക്ഷിക്കാമല്ലോ അല്ലേ..

Unknown said...

ദേവേട്ടാ‍,

ഈ നയം വ്യക്തമാക്കല്‍ നല്ലതു തന്നെ. അതിനു പലരുടെയും തെറ്റിദ്ധാരണ ഒഴിവാക്കാന്‍ സാധിക്കും.

എന്നില്‍ പലപ്പോഴും അത്ഭുതമുളവാക്കിയിട്ടുണ്ട് താങ്കളുടെ രചനാപാടവവും ശൈലികളും.തുടര്‍ന്നും മലയാളത്തിന് സ്വതസ്സിദ്ധശൈലിയില്‍ വളരെയേറെ സംഭാവന നല്‍കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ഒരു വിഷമമുള്ളതിതാണ്,

“ഏതു ത്രെഡിലും ഓഫ് ടോപ്പിക്ക് ചേര്‍ത്തെഴുതുന്ന ശീലം ഉണ്ടായിരുന്നത് നിര്‍ത്തുകയാണ്‌.“

കാരണം ആ ഓഫ് ടോപ്പിക്കുകളും വളരെ ചിന്തിപ്പിക്കുന്നവയും നര്‍മ്മത്തിന്റെ ചെറുതുണ്ടുകളിലൂടെ ആഴത്തില്‍ അറിവു പകരുന്നവയുമായിരുന്നു. അതു ഇനിമേലില്‍ ഉണ്ടാവില്ല എന്നറിയുമ്പോള്‍ ശരിക്കും ദു:ഖം തോന്നുന്നു.

അതുല്യ said...

നിങ്ങളു പോയ എനിക്ക് പോനാ പോകട്ടും പോടാ..

ഇത് പറഞത് കൊണ്ട് ഇതും പറയണം,
നിങ്ങളെ കൂടുതല്‍ എനിക്ക് ബഹുമാന്യനാക്കീത്, എല്ലാ സൌകരങ്ങളുമുള്ള, ആരോടും ആന്‍സറബിള്‍ അല്ലാത്ത നിലയില്‍ ജോലിയിരിയ്കുമ്പോഴും, ആ മേശയിലിരുന്ന് ബ്ലോഗ്ഗില്ലാ എന്ന് പറയുകയും അത് അതേ പടി ഇന്നേ വരെ നിലനിര്‍ത്തി പോന്നതിലാണു. ഒരു പരിധി വരെ പിന്മൊഴിയെ ഈ വഴിയ്ക് (?)എത്തിച്ചത് നമ്മടെ (മിക്കവാറും ആളുകളുടെ),വര്‍ക്ക് സ്റ്റേഷനില്‍ തന്നെയുള്ള ഈസി അവെയല്‍ബിലിറ്റിയാണു, 10 മിനിറ്റില്‍ ഒരിയ്കല്‍ ചായ എത്തിയ്കുന്ന ഒരു ആപ്പിസുണ്ടായിരുന്നു പണ്ട് എനിക്ക്, അതില്‍ നിന്ന് കിട്ടിയ കുറെ അസുഖങ്ങളും.അത് പോലെ തന്നെയിതും.ഫ്രീ ആയി കിട്ടുന്ന നെറ്റുള്ളപ്പോ, കമന്റ് എഴുതുക പോസ്റ്റ് എഴുതുക എന്നതൊക്കെ വളരെ വഴങ്ങുന്ന കാര്യം. മിക്കവര്‍ക്കും ഈ ഒരു അവെയിലബിലിറ്റി ഇല്ലാതാക്കുകയോ വേണ്ടാന്ന് വയ്കുകയോ ചെയ്താല്‍, എല്ലാരും കുറച്ച് കൂടി സെലക്റ്റീവ് ആവുകയും, കാര്യമാത്ര പ്രസ്കതിയുള്ള കമന്റിനു സമയം കണ്ടെത്തും.പിന്മൊഴി കമന്റ് കൂന ആവാതേയും ഇരുന്നേനെ. (വീട്ടില്‍ നിന്ന് അത്രേയേ നടക്കൂ. നെറ്റ് കേഫില്‍ കയറിയും കമന്റ് ഇടുകയോ അപ്ഡേഷന്‍ കാണുകയോ ചെയ്യുന്നവര്‍ ഉണ്ടാവും, എങ്കിലും വിരളം)ചാറ്റുകളും,അതിന്റെ ഊക്കം കൂട്ടുവാന്‍ ആയി അനോണിക്കമന്റുകള്‍ക്ക് വരെ സമയവും കിട്ടീത് ഒക്കെ നമ്മുടെ ജോലി സമയത്ത് എന്തുമാവാം എന്ന നില വന്നത് കൊണ്ടാണു. (വീട്ടിലെ ജോലിക്കാരി വന്നയുടനെ റ്റി.വി സീരിയലു കാണാനിരുന്നാല്‍ നമ്മളു പിടിച്ച് രണ്ട് പൊട്ടിയ്കില്ലേ.. :)

അത് കൊണ്ട് ആ ഒരു “ഓസ്” വേണ്ടാ, അത് ചെയ്യരുത് എന്ന് ഒരു തീരുമാനത്തില്‍ നിങ്ങള്‍ അന്ന് എത്തിയതില്‍ ഞാനന്നേ തൊപ്പിയൂരി പിടിച്ചിരുന്നു. ഒന്നും കൂടി നിങ്ങള്‍ക്ക് എന്റെ ലാല്‍ സലാം.

ഞാനിവിടെ തന്നെ ഒക്കെയുണ്ടാവും. അടികൂടണമെന്ന് തോന്നുമ്പോ പോന്നേരു ഇങ്ങട്. ലോകം എത്ര ചെറുത്, ഇത് നിങ്ങളു എന്നെ ബ്ലോഗിലു പരിചയപ്പെട്ടപ്പോ (ഒരു സംവാദം-ഒരടിയിലൂടെ) അന്ന് ഇട്ട കമന്റിലെ ഒരു വരി, അത് പോലെ, ഈ ചെറിയ ലോകത്ത് ഇത് പോലെ നമുക്ക് വല്ലപ്പോഴും കാണാംന്നേ. അത് മതി. പക്ഷേ വക്കാരീം ദേവനും ഒന്നുമില്ലാത്ത പിന്മൊഴി എനിക്ക് അപ്പു ഇന്നാളു പറഞപോലെ ഡയപ്പറില്ലാതെ മൂത്രമൊഴിച്ച് കിടക്കുന്ന കുട്ടി പോലെയാണു. എന്നാലും എപ്പോഴുമുള്ള ആ ചട്ടമ്പിത്തരം ഇതും പറയാന്‍ പ്രേരിപ്പിയ്കുന്നു, ദേവന്‍ പോയാല്‍ പിന്മൊഴിയ്ക് ഒന്നും സംഭവിയ്കില്ല, ഒരു ചുക്കും വരില്ല. ദേവന്‍ എന്ന സുഹ്രത്ത് ബാക്കി നില്‍കും എനിക്ക്, ദേവരാഗം എന്ന ബ്ലോഗ്ഗര്‍ എഡി കണ്ടില്ലെങ്കിലും. പോട്ട് പുല്ല്.

(എനിക്ക് പിന്മൊഴി വേണമെന്നോ അല്ല അത് നിര്‍ത്തണമെന്നോ ഒരു അഭിപ്രായവുമില്ലാ, എന്റെ ബ്ലോഗ്ഗ് സെറ്റിങ്സ് കലേഷ് ഇട്ട് തന്ന സമയത്ത് മുതല്‍ എന്റെ ബ്ലോഗ്ഗ് ഡിലീറ്റ് ആവുന്നത് വരെ ആ സെറ്റിങിസില്‍ അതുണ്ടാവും, അത് കൊണ്ട് ഒരു പ്രയോജനം എന്റെ കണ്ണില്‍ പെടുകയോ ഇല്ലാതാവുമ്പോ നൊമ്പരമോ ഒന്നുമുണ്ടാവില്ലാ എനിക്ക്, അനേകായിരും വെപ്ബ് പേജ് തുറക്കുമ്പോ ചിലതൊക്കെ വെബ് പേജ് നോട്ട് ഫൌണ്‍ട് എന്ന് വരും, പരാതിക്കൊന്നും നില്ക്കാറില്ലാ ഞാന്‍ അത്രേയുള്ളു ഇതും. ഉണ്ടെങ്കില്‍ ഉണ്ട്, ഇല്ലെങ്കില്‍ ഇല്ല)

ഓഫാവാല്ലോ അല്ലേ?

Kumar Neelakandan © (Kumar NM) said...

ദേവാ, എന്റെ കാഴ്ചപ്പാടില്‍ പലപ്പോഴും താങ്കളുടെ പോസ്റ്റിനെകാളും മികച്ചതായിരുന്നു ശക്തവും വിശദവുമായ കമന്റുകള്‍. എന്നുവച്ചാല്‍ എഴുതുന്ന ഓരോ കമന്റും ഒരുപോസ്റ്റ് ആകാന്‍വേണ്ട കോപ്പുള്ളത്.

എന്റെ ബ്ലോഗുകളില്‍ നിങ്ങളുടെ അത്തരം കമന്റുകള്‍ (ഓണ്‍ ആയും ഓഫായും) ഞാന്‍ ഇനിയും പ്രതീക്ഷിക്കുന്നു. എന്റെ ഒരു അവകാശമായിട്ടുതന്നെ.

വരും എന്നറിയാം. കാരണം, ദേവന്‍ കമന്റുവച്ചിരുന്നത് ഇതുവരെ പിന്മൊഴിയില്‍ നിറയാനല്ലായിരുന്നു എന്ന അറിവുതന്നെ.

ഗുപ്തന്‍ said...

ദേവേട്ടാ....

പിന്മൊഴിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എന്തോ ആകട്ടെ... ആ ഓഫിന്റെ ഒരു ആരാധകനായിരുന്നു ഞാന്‍ എന്ന് ഇനി ഒരിക്കല്‍ കൂടി പറയണ്ടല്ലോ.... ആ തീരുമാനത്തില്‍ വിട്ടുവീഴ്ചവരുമെന്ന് പ്രതീക്ഷിക്കുന്നു.

keralafarmer said...

ദേവാ കൊട്‌ കൈ. ആണത്വം എന്ന്‌ പറയുന്നത്‌ ഇതിനെയാണ്. ഞാന്‍ പിന്മൊഴിയില്‍ തുടരണമെങ്കില്‍ ബ്ലോഗ്‌ ചെയ്യുന്ന ആളുടെ ഒരൊറ്റ കമെന്റായി നിലനിറുത്താന്‍ തയ്യാറാണെങ്കില്‍ മാത്രം 17-06-07 ന് ശേഷം പിന്മൊഴികളിലുണ്ടാകുകയുള്ളു.അല്ലാതെ കരഞ്ഞതുകൊണ്ടോ ദുഃഖിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല ബ്ലോഗുകള്‍ അനോനിമസ്‌ കമെന്റില്ലാതെതന്നെ തുടരണം. മോഡറേറ്റ്‌ ചെയ്യുന്നതാവും നല്ലത്‌. ആരും വായിക്കുവാന്‍ പാടില്ലാത്തത്‌ പിന്നീട്‌ ഡിലീറ്റ്‌ ചെയ്യുന്നതിനെക്കാള്‍ചെയ്യുന്നതിനേക്കാള്‍ മോഡറേറ്റ്‌ ചെയ്യുന്നതല്ലെ നല്ലത്‌ എന്നൊരു സംശയം.
ദേവനില്‍ നിന്നും മുന്‍പത്തേതിനേക്കാള്‍ (മുന്‍പത്തേത്‌ വളരെ നല്ലത്‌ എന്നത്‌ സത്യം) കരുത്തുള്ള ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു.ഫയര്‍ഫോക്സില്‍ ടൈപ്പ്‌ ചെയ്തതുകാരണം അക്ഷരതെറ്റുണ്ടെങ്കില്‍ പൊറുക്കുക.

Unknown said...

ഞാന്‍ വയിച്ചത് ഇങ്ങനെ(ക്ഷമിക്കണേ):
"എന്റെ ബ്ലോഗിന് ആവശ്യത്തിന് പ്രചാരവും വായനക്കാരും ഉണ്ടായിരിക്കുന്നു.അതിനാല്‍ ഇനി പിന്‍മൊഴിയുടെ ആവശ്യമില്ല."

പിന്‍മൊഴികളുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊന്നും കാണാനില്ല;വൈപുല്യം കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ അല്ലാതെ.

ദേവന്‍ said...

ബൂലോഗവുമായി ഒരു ബന്ധവുമില്ലാത്ത തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട്‌ (അതിനി അടിപിടി ആണോ എന്ന് ആരും സംശയിക്കാതിരിക്കാന്‍ കാരണവും പറയാം) ബ്ലോഗില്‍ ചെലവിടാന്‍ പറ്റുന്ന സമയത്തെ 80% കണ്ട്‌ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കാരണം, 1996 മുതല്‍ കുറച്ചു കാലം (എന്റെ സ്വന്തം ആപ്പീസ്‌ ആയിരുന്ന സമയം) ഒഴികെ ഒരു സമയത്തും ഓഫീസില്‍ നിന്നും ചാറ്റ്‌ ചെയ്യാറിലായിരുന്നെങ്കിലും മലയാളവേദി ഫോറം എഴുതി തുടങ്ങുമ്പോള്‍ (1998/99 ഓര്‍മ്മയില്ലാ‍മുതല്‍ പോസ്റ്റുകളും കമന്റുകളും ഞാന്‍ പ്രധാനമായും ഓഫീസില്‍ നിന്നായിരുന്നു ചെയ്തിരുന്നത്‌. അതൊരു നിയമവിരുദ്ധ പണിയാണെന്ന് എനിക്കിട്ട്‌ ചട്ടം കെട്ടിയിട്ടില്ലെങ്കിലും ധാര്‍മ്മികമായി ശരിയല്ലെന്ന് തോന്നിയപ്പോള്‍ ( മേയ്‌ 2006?) മുതല്‍ ഞാന്‍ ഓഫീസില്‍ നിന്നും ബ്ലോഗ്‌ എഴുത്ത്‌, വായന നിറുത്തി (ഒരിക്കല്‍ മാത്രം ലംഘിച്ചു അത്‌, ആ സങ്കടത്തില്‍ ഐ ടി ഡിപ്പാര്‍ട്ട്മെന്റില്‍ വിളിച്ചു പറഞ്ഞ്‌ ബ്ലോഗറും വേഡ്‌ പ്രസും പ്രോക്സി ബ്ലോക്കിംഗ്‌ ചെയ്യിച്ചു)

ശേഷം ഞാന്‍ ഒരു മെല്ലെബ്ലോഗ്‌ നയം സെപ്റ്റംബര്‍ വരെ കൊണ്ടു നടന്നു. http://devaragam.blogspot.com/2006/07/blog-post_23.html (അക്കാലവും ബ്ലോഗിംഗ്‌ കുറവും, കമന്റടി തീരെക്കുറവും ആയിരുന്നു) അതിനു ശേഷമുള്ള എട്ടുമാസം കുടുംബം നാട്ടിലും ഞാന്‍ ഇവിടെയുമായിരുന്നതിനാല്‍ വെറുതേ ഇരിക്കാന്‍ ഒരുപാട്‌ സമയം
കിട്ടിയതുകൊണ്ട്‌ ഒരുപാട്‌ സമയം കമന്റും പോസ്റ്റും എഴുതാന്‍ കിട്ടി. ആ സര്‍പ്ലസ്‌ സമയം കിട്ടുന്ന ജീവിതം മാറി വീണ്ടും പഴയകാലത്തേക്ക്‌ തിരിച്ചു പോകുമ്പോള്‍ ബ്ലോഗ്‌ എഴുത്തു, വായന സമയം വീണ്ടും വെട്ടിക്കുറക്കേണ്ടി വന്നതാണ്‌. വീട്ടില്‍ കുത്തിയിരുന്നു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌, ആ സമയമല്ല ഇപ്പോള്‍. എന്റെ ഭാര്യ അടുത്ത മൂന്നു നാലു വര്‍ഷം ജോലി ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്‌, രാവിലേ ഇറങ്ങി പോകുന്ന ഞാന്‍ വൈകുന്നേരം വന്ന് വീട്ടില്‍ ചുരുണ്ടു കൂടിയിരിക്കുന്ന ഭാര്യയോടും മകനോടും ഒപ്പം ചിലവിടാന്‍ ന്യായമായും കൊടുക്കേണ്ട്ര സമയം എടുത്ത്‌ ബ്ലോഗ്‌ എഴുതാന്‍ നോക്കുന്നത്‌ ശരിയല്ലല്ലോ എന്നു തോന്നി പിന്നോട്ട്‌ പോകുന്നതാണ്‌. അല്ലാതെ ഒരു കാരണവുമില്ല, എന്നെ അടുത്തറിയാവുന്നവരില്‍ മിക്കവരോടും ഈ നയങ്ങളെല്ലാം മാസങ്ങള്‍ക്കു മുന്നേ വ്യക്തമാക്കി കഴിഞ്ഞതുമാണ്‌. അല്ലാതെ ഒരു പിണക്കവും ഇണക്കവും എന്നെ കുലുക്കില്ല. കുലുക്കുമെങ്കില്‍ ബൂലോഗത്തെത്തി ഒന്നാം ദിവസം എന്നെ ഇടിക്കാന്‍ പടയെടുത്തു വന്ന ഭീമനോടും ഝാന്‍സി റാണിയോടും പിണങ്ങി ഞാന്‍ തുടങ്ങിയ അന്നു തന്നെ നിര്‍ത്തിയേനെ ബ്ലോഗ്‌.

പൊതുവാളേ, കുമാറേ, മനൂ,
ആഴ്ചയില്‍ ആകെ കമന്റാന്‍ നീക്കി വച്ചിരിക്കുന്ന ഒന്നോ രണ്ടോ മണിക്കൂര്‍ ആളുകളുടെ പോസ്റ്റിനെപ്പറ്റി വായിച്ച്‌ എന്തെങ്കിലും ഓണ്‍ അടിക്കാം എന്നു വിചാരിച്ചതാണ്‌, ഓഫെഴുതി ആരുടെയും സമയം
കളയുകയും വേണ്ടെന്നു വച്ചു. ഓഫ്‌ സ്വാഗതാര്‍ഹമാണെങ്കില്‍ ആ നയം ദാ പൊളിച്ചെഴുതി. പൂര്‍വ്വാധികം ശക്തിയായി ഓഫ്‌ അടിക്കും, നിങ്ങള്‍ വിക്കി എന്നെഴുതിയാല്‍ ഞാന്‍ മിക്കി മൌസിന്റെ കഥ പറയും, നിങ്ങള്‍ കഥകളി എന്നു പറഞ്ഞാല്‍ ഞാന്‍ ക്രിക്കറ്റ്‌ കളിയെപ്പറ്റി എഴുതും , അതാണു എനിക്കും ഇഷ്ടം (വായേല്‍ തോന്നുന്നത്‌ പറയാം, ടോപ്പിക്കിനെപ്പറ്റി അറിയില്ലെങ്കിലും കമന്റാം. അഭിപ്രായം ആയാസമാണുണ്ണീ, ഓഫല്ലോ സുഖപ്രദം)

ചന്ദ്രേട്ടാ, നന്ദി. ഇവിടെയൊക്കെ തന്നെ ഉണ്ടാവും, പോസ്റ്റുകളും കമന്റുകളും ഒക്കെ ആയി, എണ്ണം കുറഞ്ഞെന്നേയുള്ളു.

അതുല്യാമ്മേ,
ആരു പോയാലും പിന്മൊഴിക്കൊന്നുമില്ല, ബ്ലോഗിനും ഒന്നുമില്ല. പ്രത്യേകിച്ചും എണ്ണത്തില്‍ ഇത്രയും ഉള്ള ഈ കാലത്ത്‌. ആകെ പത്തു ബ്ലോഗുള്ള സമയത്താണു രാത്രിഞ്ചരനും ക്ഷുരകനും പാപ്പാനും ഒക്കെ ബ്ലോഗ്‌ നിര്‍ത്തിയത്‌ എന്നിട്ട്‌ എന്തു പറ്റി? പിന്നെയാണോ ആയിരത്തോളം ബ്ലോഗ്‌ ഉള്ള കാലത്ത്‌. പിന്നെ തല്ലു നമുക്ക്‌ കൂടാമെന്നേ, ഈ-മെയില്‍ തല്ലും ബോറടിക്കും, നമുക്ക്‌ ഫോണ്‍ ചെയ്ത്‌ തല്ലു കൂടാം! വരമൊഴിത്തല്ലല്ല, വാമൊഴിത്തല്ല്. വായ്ത്താരി പോരെങ്കില്‍ ഒരു അങ്കം തന്നെ നടത്താം (ഒരക്കം കുറിച്ചിട്ട്‌ കാലമെത്രയായി, വാളും പരിചയും തുരുമ്പിച്ചു.)

സുരലോഗം മാഷേ,
പിന്നെ, ഞാന്‍ പിന്മൊഴി അടയ്ക്കണം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അതിന്റെ നടത്തിപ്പുകാര്‍ ഇട്ട പോസ്റ്റിലും ഞാന്‍
ആര്‍ക്കെങ്കിലും അതു വേണമെങ്കില്‍ അവിടെ കിടന്നോട്ടെ, അല്ലെങ്കില്‍ വേണ്ടവര്‍ സ്വന്തമായി തുടങ്ങട്ടെ എന്നേ പറഞ്ഞിട്ടുള്ളു.

പിന്മൊഴിയെ വളരെക്കാലം ഉപയോഗിച്ച്‌, പല സാദ്ധ്യതകളും പരീക്ഷിച്ച്‌ (ഉദാ. മൂന്നു മാസത്തോളം കമന്റുകള്‍ മാത്രമല്ല, എന്റെ പോസ്റ്റുകള്‍ മൊത്തം ഞാന്‍ പിന്മൊഴിയിലേക്ക്‌ അയക്കുമായിരുന്നു, പിന്നെ കുറേക്കാലം കമന്റും അയച്ചില്ല) ടെസ്റ്റ്‌ ചെയ്ത്‌- പിന്മൊഴിയെ ഒരുകാരണവുമില്ലാതെ ഫ്ലഡ്‌ ചെയ്ത്‌ ഉപയോഗശൂന്യമാക്കി അതുമൂലം ബൂലോഗം ഇടിഞ്ഞോ എന്നു നോക്കിയിട്ടുണ്ട്‌, ഫ്ലഡ്‌ വാള്‍ കെട്ടി (ക്ലബ്ബിലും യൂ ഏ ബൂലോഗത്തും കമന്റു പ്രളയം വന്നപ്പോളൊക്കെ) അതുകൊണ്ട്‌ കമന്റുകള്‍ കുറയുന്നോ എന്നു നോക്കിയിട്ടുണ്ട്‌.

പിന്മൊഴി എന്നെ വളര്‍ത്തിയോ പ്രചരിപ്പിച്ചോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ബൂലോഗത്തെ മൊത്തത്തില്‍ ഒരുകാലത്ത്‌ അത്‌ താങ്ങി നിര്‍ത്തിയിരുന്നു, എന്നേയും. പിന്മൊഴി ഉള്ള അവസ്ഥയില്‍ ബാക്കി എല്ലാവരും എന്താകുമായിരുന്നോ, ഇല്ലാത്ത അവസ്ഥയില്‍ എന്താകുമായിരുന്നോ അതൊക്കെ ഞാനും ആയി, അല്ലെങ്കില്‍ അല്ലാതെ ആയി.

പിന്മൊഴിയുടെ രണ്ടു നടത്തിപ്പുകാരെ (പെരിങ്ങോടന്‍, വിശ്വം മാഷ്‌) ഒരുമിച്ചു കണ്ട സമയത്ത്‌- ഏകദേശം ഒരു ആറു മാസം മുന്നേ, ഞാന്‍ പോസ്റ്റിട്ടാല്‍ ഉടനേ വന്ന് എനിക്കു ആദ്യത്തെ കമന്റ്‌ ഞാന്‍ തന്നെ ഇടുന്നു, ആ കമന്റ്‌ കണ്ട്‌ അടുത്തയാള്‍ ഇടുന്നു, രണ്ടും കണ്ട്‌ മൂന്നാമത്തെ ആള്‍ കമന്റ്‌ ഇടുന്നു എന്നു വന്നാല്‍
കമന്റിനു കമന്റ്‌ ഉണ്ടാവുന്നെന്നല്ലാതെ എന്റെ പോസ്റ്റിനൊരു വിലയും ഇല്ലാതെ പോകുമല്ലോ, ഇതൊരു വഴി കാണണമെന്നും, ബൂലോഗം ഒരു കമ്യൂണിറ്റി, സംഘടന, പ്രസ്ഥാനം എന്നൊക്കെ ആളുകള്‍ വിശ്വസിക്കുന്നത്‌ ഇല്ലാതെ ആക്കിയില്ലെങ്കില്‍ പലരും അപകടത്തില്‍ ചാടുമെന്നും പറഞ്ഞിരുന്നു. ഗൂഗിള്‍ റീഡര്‍, ജീമെയില്‍ ഡോക്‌ പബ്ലിഷിംഗ്‌ തുടങ്ങിയ പണികള്‍ പഠിക്കാന്‍ കാരണവും അതാണ്‌.

പിന്മൊഴി നിര്‍ത്താനോ തുടരാനോ പറയാന്‍ ഞാന്‍ ആരുമല്ല, എന്നോട്‌ ചോദിച്ചിട്ടല്ലല്ലോ അത്‌ തുടങ്ങിയത്‌. എനിക്ക്‌ കമന്റിന്റെ കമന്റ്‌ വേണ്ടെന്നും പോസ്റ്റ്‌ കണ്ട്‌ ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറയുകയാണെങ്കില്‍ (ഓഫ്‌ അടക്കം സര്‍വ്വതും സ്വാഗതം എന്റെ ബ്ലോഗില്‍) കേട്ടാല്‍ മതി എന്നു തോന്നി. പിന്നെ ഒരു സാങ്കേതിക പ്രശ്നവും തോന്നി, അത്‌ വിശദീകരിച്ചു ബോറാക്കുന്നില്ല.
ഓഫ്‌:
ഏറ്റവും സമയം പാഴാക്കല്‍ ഓര്‍ക്കുട്ട്‌ ആണെന്നു തോന്നുന്നതിനാല്‍ മാസത്തിലൊരിക്കലേ സ്ക്രാപ്പ്‌ വായിക്കാന്‍ പ്ലാനുള്ളു എന്നും പറഞ്ഞുകൊള്ളട്ടെ! എനിക്കു സീ മെയില്‍ ആയി ഒരു കടലാസ്സയച്ചാലും അതിലും വേഗത്തില്‍ ഞാന്‍ വായിക്കും :)

നിര്‍മ്മല said...

"അതിനു ശേഷമുള്ള എട്ടുമാസം കുടുംബം നാട്ടിലും ഞാന്‍ ഇവിടെയുമായിരുന്നതിനാല്‍ വെറുതേ ഇരിക്കാന്‍ ഒരുപാട്‌ സമയം
കിട്ടിയതുകൊണ്ട്‌ ഒരുപാട്‌ സമയം കമന്റും പോസ്റ്റും എഴുതാന്‍ കിട്ടി. ആ സര്‍പ്ലസ്‌ സമയം കിട്ടുന്ന ജീവിതം മാറി വീണ്ടും പഴയകാലത്തേക്ക്‌ തിരിച്ചു പോകുമ്പോള്‍ ബ്ലോഗ്‌ എഴുത്തു, വായന സമയം വീണ്ടും വെട്ടിക്കുറക്കേണ്ടി വന്നതാണ്‌."
അങ്ങനെ വരണം!! ;)
എന്തിനെക്കുറിച്ചും കൃത്യമായും വിശദമായും നര്‍മ്മത്തോടെ ഉത്തരങ്ങള്‍ തരുന്ന ദേവനോട് എനിക്ക് അതിഭയങ്കര അസൂയ ഉണ്ടായിരുന്നു. പോരാത്തതിന് ഇത്രയൊക്കെ എഴുതിക്കൂട്ടണമെങ്കില്‍ എന്തോരം സമയം വേണം എന്നൊരു നെടുവീര്‍പ്പും. ഹൊ! ഇപ്പൊ ചെറിയൊരു സമാധാ‍നം :) :)

ബ്ലോഗ് മാസത്തിലൊരിക്കലും ഓര്‍ക്കൂട്ട് ആഴ്ചയിലൊരിക്കലും എന്നാക്കിയിട്ടും നേരം തികയാതെ വിഷമിക്കുന്ന ഒരു കാനഡ-പ്രജക്കു മനസ്സിലാവും ബുദ്ധിമുട്ട്. എന്നാലും ഇടക്കൊക്കെ ഈ വഴിവരുമല്ലൊ അല്ലെ!

“അഭിപ്രായം ആയാസമാണുണ്ണീ, ഓഫല്ലോ സുഖപ്രദം“ വെരി വെരി സത്യം :)

ശാലിനി said...

ദേവാ,

ഓഫ് ടോപ്പിക്ക് തുടരണം.

അതുല്യ said...

ജാന്‍സി റാണിയെന്നോക്കെ എന്നെ വിളിച്ചതിലു ഒരു പീഡിപ്പിയ്കല്‍ പ്രതിലോമകരം എന്നൊക്കെയുള്ള അടങ്ങുന്ന വികാരം ഇല്ലായ്കയില്ല. കൂടുതല്‍ അതില്‍ പങ്ക് എന്നെ വാശി കയറ്റിയ കലേഷിനാണു. എവിടെ കലേഷ് വിളി അവനേ.

ദേവന്‍ പറഞതത് മുഴുവനും സത്യം, വീട്ടില്‍ 10 മണിക്കുറോളം ചടഞിരിയ്കുന്ന കുഞിനേയും അമ്മയേയും ഒക്കെ മാറ്റി നിര്‍ത്തി ആപ്പീസില്‍ നിന്ന് വന്നിട്ട് ബ്ലോഗ് എഴുതാനോ വായിക്കാനോ നില്‍ക്കുന്ന്ന ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊല്ലണം. അതും പറഞ് അസ്ഥിയ്ക് പിടിച്ച്, അപ്പീസില്‍ നിന്ന് വരണ വഴി നെറ്റ് കേഫില്‍ കയറല്ലേ ദേവാ :) :) :) മൂന്ന് സ്മൈലി , ഇനി ഇതും പറഞ് ഇടിയ്കാന്‍ വരണ്ട.

Vish..| ആലപ്പുഴക്കാരന്‍ said...

അങനെ ദേവേട്ടനും...

ഇനി ഓഫ് ഇടാം..
ചുമ്മാതല്ല ദേവേട്ടന്‍ താടിക്കു കയ്യും കൊടുത്തിരിക്കുന്നെ..
അല്ലാ നയം വ്യക്തമാക്കുന്നൂ എന്ന് ഒരു സിനിമയില്ലയോ?

Siju | സിജു said...

all the best

Satheesh said...

നിര്‍മ്മല പറഞ്ഞതാണതിന്റെ കാര്യം! ദേവേട്ടന്റെ അവസ്ഥ വായിച്ചപ്പോ സമാധാനമായി! ഇനി ബാക്കിയുള്ളോര്‍ക്ക് സ്വസ്ഥമായി വിവരക്കേട് പറയാലോ!

മലയാളം യൂണിക്കോഡ് ബ്ലോഗിങ്ങ് നന്നാവാന്‍ രണ്ടു കാര്യങ്ങളാണ്‍ ഈ പോസ്റ്റില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത്.
൧. ഓഫീസ് സമയത്തെ ബ്ലോഗിങ്ങ് നിരോധിക്കുക
൨. ബാച്ചികളെ ബ്ലോഗ് ചെയ്യാനനുവദിക്കരുത്. അഥവാ അവര്‍ വല്യ നിര്‍ബന്ധം പിടിച്ചാല്‍ ,വേഗം കല്യാണം കഴിച്ച് കുട്ടികളായതിന്‍ ശേഷം വന്നോളാന്‍ പറയുക! :)

“വായന പലവിധത്തിലാവാം..പത്രം വായിക്കുന്നത് പോലെയല്ലല്ലോ നമ്മള്‍ പാഠ്യപുസ്തകങ്ങള്‍ വായിക്കുന്നത്. എഴുതുന്ന രീതിയും തദനുവിധായിയാവാതെ തരമില്ലല്ലോ. പുതിയ ആശയങ്ങള്‍, പുതിയ പ്രസാധനരീതികള്‍ - അങ്ങനെ പുതുമകളാണ്‍ എഴുതുന്നവന്റെയും വായിക്കുന്നവന്റെയും മനസ്സില്‍ നിറയെ.” ആ നിലക്ക് ഇനി ഈ പുതുമയെ ഞാന്‍ സ്വാഗതം ചെയ്യുന്നു!
ഓടോ: എം‌പി ശങ്കുണ്ണിനായരുടെ 'ഛത്രവും ചാമരവു'മാണ്‍ ഇപ്പോഴത്തെ വായന.ദേവേട്ടന്‍ വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ ഒന്ന്‍ ശ്രമിക്കാവുന്നതാണ്‍. വായിക്കാന്‍ തുടങ്ങിയിട്ട് നാലഞ്ചു ദിവസമായി എന്നാലും നേരാംവണ്ണം ഒന്നും ഇതുവരെ മനസ്സിലായിട്ടില്ല.

qw_er_ty

Kalesh Kumar said...

അതുല്യേച്ചീ‍, ഞാനിവിടെയുണ്ടേ....

ദേവേട്ടാ, പറഞ്ഞതൊക്കെ ശരി. സമ്മതിച്ചു. പിന്മൊഴി ഉണ്ടേലും ഉണ്ടില്ലേലും ഉണ്ണിക്കണെലും, സാരമില്ല. ദേവേട്ടന്റെ സാന്നിദ്ധ്യം തുടര്‍ന്നും വേണം.

ദേവേട്ടനും വക്കാരിയും വിശാലനും അരേം കൈപ്പള്ളിയും അതുല്യേച്ചിയും കുമാര്‍ഭായിയും ഒക്കെ
ഇല്ലാത്തൊരു ബൂലോഗത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്ക് - അങ്ങനൊരിടത്തേക്ക് ഞാനെന്നല്ല, പലരും വരില്ല.

ദൈവമേ, എന്ത് രസമായിരുന്നിവിടെ! പഴയ ആളുകള്‍ പലരും ഒന്നും എഴുതുന്നില്ല - അനിലേട്ടന്‍, രാമേട്ടന്‍ (ഗന്ധര്‍വന്‍) - ഇവരൊക്കെ എന്തേലും എഴുതീട്ട് കാലങ്ങളായി!
എല്ലാര്‍ക്കും മടുപ്പായിരിക്കും! :(

ദേവേട്ടാ, ദേവേട്ടനും അതുപോലെ ഉള്‍വലിയല്ലേ....

Kalesh Kumar said...

ഭീമനെപ്പോലെ തന്നെ ജാന്‍‌സി റാണിയും കുറ്റക്കാരിയാണ്! (ചേച്ചീ, നമ്മുക്ക് ഗുസ്തി പിടിക്കാം!)

രാജ് said...

ദേവ്, താന്താങ്ങളുടെ രാഷ്ട്രീയം പുനഃപരിശോധിക്കുന്നത് ഒരാള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ്‌. 'അന്ന്' നമുക്ക് മലയാളത്തില്‍ എഴുതപ്പെട്ട കണ്ടന്റുകള്‍ ആവശ്യമായിരുന്നു. ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ അതിന്റെ പ്രതിഫലവും നമ്മള്‍ ഭീമന്‍ പോര്‍ട്ടലുകളുടെ ഭാഷാവേര്‍ഷനുകളിലൂടെയും ബ്ലോഗുകളുടെ ജനസമ്മതിയിലൂടെയും തിരിച്ചറിഞ്ഞു കഴിഞ്ഞു. 'ഇന്ന്' ഭാഷയെ മരിക്കുവാന്‍ അനുവദിക്കാതിരിക്കുക എന്നതായിരിക്കരുത് രാഷ്ട്രീയം, ഭാഷയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ആശയസം‌വാദങ്ങള്‍ക്കും കഴിയണം, അതിനു്‌ ഏറ്റവും അനുകൂലമായ നിലപാടെടുത്തിരിക്കുന്ന ദേവിന്റെ ഈ പുതിയ രാഷ്ട്രീയത്തിനെ സ്വാഗതം ചെയ്യുന്നു.

Raji Chandrasekhar said...

ദേവാ,,,
മുന്‍ പരിചയം ഇല്ല.
താങ്കളുടെ ഭാവവും വികാരവും ഉള്‍ക്കൊള്ളുന്നു.
ഒരിക്കലും ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞോടുന്നവനല്ല താങ്കള്‍ എന്നും വരികള്‍ക്കിടയിലൂടെ മനസ്സിലാക്കുന്നു.
ദേവപഥം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം.
വീണ്ടും കാണാം