Wednesday, May 16, 2007

ബോല്‍‌ഷേവിസവും സ്റ്റാലിനും പിന്നെ സോവിയറ്റു നാടും

[ഒഴിവ്‌: ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌. ]


പ്രധാനമായും വിമതന്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞത് :
ഒന്ന് സ്റ്റാലിനെന്ന ഹൃദയരഹിതനായ മനുഷ്യന്‍ സോവിയറ്റു നാട്ടില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച്‌:- 200% യോജിക്കുന്നു. മുന്‍ പോസ്റ്റ്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിനെക്കുറിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജ്യഭരണം ആ ലേഖനത്തിന്റെ പുറത്താണ്‌. എന്നാലും സ്റ്റാലിനെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്ഠുരകൃത്യങ്ങളും പറയേണ്ടതുണ്ടല്ലോ എന്നു വച്ച്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സ്റ്റാലിനാല്‍ മരിച്ച കുറ്റം ചെയ്തവരും, ചെയ്തോ ഇല്ലയോ എന്നു നിശ്ചയമില്ലാത്തവരും ഒരു തെറ്റും ചെയ്യാത്തവരുമായ 30 ലക്ഷം സോവിയറ്റ്‌ പൌരന്മാര്‍ക്കായി ഞാന്‍
സ്റ്റാലിനെ ശപിച്ചിട്ടാണു നിര്‍ത്തിയത്‌.

അത്രയും പോരെങ്കില്‍ ഇനിയും എത്ര വേണമെങ്കിലും പറയാം:
ആദ്യകാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണമില്ലെന്നു പറഞ്ഞ പോരാളികളോട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ നിര്‍ദ്ദേശിച്ച കാലം മുതല്‍ അവസാനം മരിച്ചു കിടക്കുമ്പോള്‍ ഇദ്ദേഹം മരിച്ചതാണോ ഉറങ്ങുകയാണോ എന്ന് തൊട്ടു നോക്കാന്‍ ഗാര്‍ഡുകള്‍ പേടിച്ചു നിന്നതു വരെ സ്റ്റാലിനെ ചൂഴ്ന്നു നിന്നത്‌ നിര്‍ദ്ദയത്വമാണ്‌.

ഭാര്യയുടെ ശവപ്പെട്ടിക്കരികില്‍ നിന്ന് "എന്നില്‍ മനുഷ്യത്വത്തിന്റെ എന്തെങ്കിലും കണിക അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതും ഇവളോടൊപ്പം ഇന്നു മരിച്ചു." എന്നു സ്റ്റാലിന്‍ പറഞ്ഞത്‌ വെറും വാക്കായിരുന്നില്ല, ആത്മാര്‍ത്ഥമായിതന്നെ ആയിരുന്നു.

രണ്ടാമത്തെ കാര്യം- ബോല്‍ഷേവിക്കുകളെ നശിപ്പിച്ചത്‌ അല്ലെങ്കില്‍ റഷ്യന്‍ കമ്യൂണിസത്തിന്റെ നാശം സ്റ്റാലിന്‍ മൂലമാണെന്ന വാദത്തോട്‌ ഞാന്‍ യോജിക്കുന്നില്ല.

1. റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കിയ ബൊല്‍ഷേവിക്കുകള്‍- ലെനിനടക്കം അതോടെസമത്വ സുന്ദരമായ രാജ്യം നിലവില്‍ വന്നെന്നും തത്വസംഹിതകള്‍ക്കനുസരിച്ച്‌ അത്‌ അങ്ങു പുരോഗമിച്ചോളും എന്നും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു, ഭാഗികമായെങ്കിലും.

2. ശരിക്കുള്ള സാഹചര്യം അതായിരുന്നില്ല. അതുകൊണ്ടല്ലേ ലെനിനു പാര്‍ലമന്റ്‌ പിരിച്ചു വിട്ട്‌ സിവില്‍ വാര്‍ നേരിടേണ്ടി വന്നത്‌.

3. വെള്ളപ്പടയേയും പച്ചപ്പടയേയും വെന്ന് ചെമ്പട സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്‍ സ്വര്‍ഗ്ഗവുമായി ഒരു സാമ്യവുമില്ലാത്ത, പത്തു മില്യണ്‍ ആളുകളുടെ ശവം നാറുന്ന, നശിച്ചു നാറാണക്കല്ലായ രാജ്യത്തിന്റേതായിരുന്നു, ബൊല്‍ഷേവിക്കുകള്‍ അപ്പോഴും സ്വപ്നരാജ്യം മുളച്ചു വരുന്നത്‌ കാത്തിരിക്കുകയായിരുന്നു.

4. അതങ്ങനെ തനിയേ സംഭവിക്കുന്ന ഒന്നായിരുന്നില്ല. ലെനിന്‍ മരിക്കുമ്പോള്‍ സാര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു വിളവു തരുന്ന, പട്ടിണി മരണത്തിലും ദാദ്രിദ്ര്യത്തിലും ഉഴറുന്ന ഒരു സോവിയറ്റ്‌ നാടായിരുന്നു അദ്ദേഹം വിട്ടിട്ടു പോയത്‌. സ്വപ്നം കണ്ട സ്വഗ്ഗം ആയിരുന്നില്ല. (രണ്ടു റൂബിളിനു ഒരു ഡോളര്‍ എന്ന വിനിമയ നിരക്ക്‌ 1914 ല്‍
ഉണ്ടായിരുന്നത്‌ സിവില്‍ വാറിനു ശേഷം 1200 റൂബിളിനു ഒരു ഡോളര്‍ എന്നായി ഡീവാല്യൂ ചെയ്തെന്ന് വിക്കിപ്പീഡിയ പറയുന്നു)

5. ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ പോളിസി, എക്കണോമിക്ക്‌ പോളിസി, പഞ്ചവത്സര പദ്ധതി, സ്ത്രീകള്‍ക്ക്‌ ജോലി, കോളറ, മലേറിയ നിവാരണം എന്നിവ എന്തു വില കൊടുത്തും (അടി കൊടുത്തും വെടി കൊടുത്തും എങ്കില്‍ അങ്ങനെ )
നടപ്പിലാക്കുമെന്ന ശപഥവുമായി അധികാരത്തില്‍ കയറിയ സ്റ്റാലിന്‍ അതെല്ലാം നടപ്പിലാക്കി, സോവിയറ്റ്‌ യൂണിയന്‍ എന്നാല്‍ ഒരു ശക്തി ആയി (ആരുടെ ചോരയില്‍ എന്നത്‌ ഒക്റ്റോബര്‍ വിപ്ലവം ആരുടെ ചോരയില്‍ എന്നതു കൊണ്ട്‌ ഞാന്‍ ന്യായീകരിച്ചു)

6. സ്റ്റാലിന്റെ പരിഷ്കാരങ്ങളില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചില്ലെങ്കില്‍ പോലും കമ്യൂണിസ്റ്റ്‌ റഷ്യ ലോകയുദ്ധകാലത്തെ ക്ഷാമം
നേരിടാനാവതെ തനിയേ തകര്‍ന്നു പോകുമായിരുന്നുെന്നതിനാല്‍ എല്‍ കമ്യൂണിസം സ്റ്റാലിനിസം കൊണ്ട്‌ മരിച്ചു എന്ന വാദം ഞാന്‍ വരവു വയ്ക്കാറില്ല. അയാളുള്ളതുകൊണ്ട്‌ അതിനു ജീവിതം നീട്ടിക്കിട്ടി.

7. സ്റ്റാലിനു താല്‍പര്യമുള്ളതില്‍ മാത്രം ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ബാക്കി അവഗണിക്കുകയും ചെയ്തിരുന്നു (പില്‍ക്കാലത്ത്‌ നോബല്‍ പ്രൈസ്‌ ജേതാവായ ലന്‍ഡോവിനെ പിടിച്ചു ജയിലില്‍ ഇട്ടിട്ടുണ്ട്‌ ഈ മനുഷ്യന്‍!)
എന്നാല്‍ ആയുധം ബഹിരാകാശം, കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഭ്രാന്തമായി ഗവേഷണം പ്രോത്സാഹിപ്പിച്ചത്‌ റഷ്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചു. ജര്‍മനിയോട് യുദ്ധം ജയിച്ചത്-‍ വോള്‍ഗാതീരത്താകട്ടെ, ബര്‍ലിനിലാകട്ടെ - ഒരേ സമയം നിരവധി റോക്കറ്റുകള്‍ ഉതിര്‍ക്കുന്ന കത്യൂഷയും പിന്നെ ദസ്ത്യാറേവ്, സിമൊണോവ ആന്റി ടാങ്ക് തോക്കുകളും കൂടാതെ കഴിയില്ലായിരുന്നു.

8. ഹിറ്റ്‌ലറോട്‌ യുദ്ധം തോല്‍ക്കുമെന്ന് ചെമ്പട പോലും പറഞ്ഞിട്ടും അയാള്‍ പിടിച്ചു നിന്നതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ റഷ്യ ബാക്കിയായത്‌. ഇല്ലെങ്കില്‍ ആക്സിസ്‌ ജയിച്ചാല്‍ നാസികള്‍ വംശനാശം വരുത്തിയ ട്രൈബുകളുടെ
ആളില്ലാ റഷ്യയോ ആലികള്‍ ജയിച്ചാല്‍ (സ്റ്റാലിനില്ലാതെ അതു സാധിക്കുമോ എന്ന ചോദ്യം വിട്ടു) ക്യാപിറ്റലിസ്റ്റ്‌ റഷ്യയുമോ മാത്രമേ
ബാക്കിയുണ്ടാവുമായിരുന്നുള്ളു.

9. സ്റ്റാലിന്‍ ബ്യൂറോക്രസിയേയും മിലിട്ടറിയേയും ജനങ്ങളുടേ മേല്‍ ശക്തമായി ഉപയോഗിച്ചു, തെറ്റ്‌, പക്ഷേ ആ തെറ്റ്‌ ലോകയുദ്ധത്തിനു മേലേ ആഭ്യന്തരയുദ്ധവും കൂടി എന്ന സാഹചര്യം ഒഴിവാക്കി. അത്തരം സാഹചര്യം ഇല്ലാതെ
വന്നപ്പോഴെങ്കിലും പിന്‍ ഗാമികള്‍ , ക്രൂഷ്ചേവും ബ്രഷ്‌നേവും ആന്ദ്രപ്പോവും ഗവര്‍മന്റ്‌ മെഷീനറി പരിഷ്കരിക്കുകയും മാറിയ
സാഹചര്യമനുസരിച്ച്‌ അധികാരം ഉപയോഗപ്പെടുത്തുകയും ലോക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുകയും ചെയ്തതില്‍, അഴിമതിയും ദ്രോഹവുമായി സര്‍ക്കാര്‍ ഒരു കുരിശ്ശായെന്ന് ജനങ്ങള്‍ക്ക്‌
തോന്നിപ്പിക്കാന്‍ ഇടയാക്കാതിരുന്നെങ്കില്‍ സ്റ്റാലിന്‍ ചോരയില്‍ കഴുകി ജീവന്‍ നില നിര്‍ത്തിയ യു എസ്‌ എസ്‌ ആര്‍ ഒരു പക്ഷേ.. ഒരു പക്ഷേ ഇന്നും നില നിന്നേനെ.

പക്ഷേ ലെനിന്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ വാര്‍ അതിജീവിക്കില്ലായിരുന്നു എന്നതു പോലെ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍
സോവിയറ്റ്‌ നാട്‌ ഉണ്ടായപ്പോഴേ മരിച്ചും പോയേനെ. സാഹചര്യമതായിരുന്നു.

ഒരു കോടി ആളുകളുടെ ശവത്തിന് മേല്‍ ചവിട്ടി ലെനിന്‍ സാര്‍ ചക്രവര്‍ത്തിയുടെയും മറ്റും കൂതറ സാമ്രാജ്യത്തിനെ വിമോചിപ്പിച്ചു, അനാര്‍ക്കിസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചു, സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഉണ്ടാക്കി. മറ്റൊരു 30 ലക്ഷത്തിനെ കുരുതി കൊടുത്ത് ചാകാന്‍ പോയ അതിന്റെ ജീവന്‍ സ്റ്റാലിന്‍ ഒരമ്പതു വര്‍ഷം നീട്ടി. പിന്നെയൊന്നും സംഭവിച്ചില്ല, അതു പോയിക്കിട്ടി. പ്രത്യയശാസ്ത്രം എന്തു പറഞ്ഞാലും ജനങ്ങളെ ഏകോപിപ്പിച്ച് അതിനെ അവര്‍ക്ക് ആവശ്യമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു സൂപ്പര്‍ ലീഡര്‍ വേണം, ലെനിനും സ്റ്റാലിനും ശേഷം അവിടം ശൂന്യമായിരുന്നു. നേതാക്കള്‍ ബ്യൂറോ‍ ഏമാന്‍ മാരായും ബ്യൂറോക്രസി തോന്നിവാസികളായും അഴിമതിക്കാരായും പോയി. അതു കണ്ടുകൊണ്ട് ജനിച്ച തലമുറയ്ക്ക് അതാനാവശ്യമെന്നു തോന്നുമ്പോള്‍ പുസ്തകവും ചരിത്രവുമെടുത്തു കാട്ടിയാല്‍ മതിയാവില്ല.

20 comments:

ദേവന്‍ said...

ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌.

Pramod.KM said...

ദേവേട്ടാ..നന്നായി ഈ പോസ്റ്റ്.ക്രൂഷ്ചേവിന്റെ കാലം മുതല്‍ തകറ്ച്ച തുടങ്ങി എന്നതാണ്‍ എന്റെയും അറിവ്.
റഷ്യയെ കുറിച്ചുള്ള ക്ഷണം എന്ന കവിതയില്‍ കണ്ണൂസ് ചേട്ടന്‍ പറഞ്ഞ പോലെ ‘ഗൃഹാതുരത്വമുള്ള ഒരു നിരാശ‘ ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
സ്റ്റാലിനെ പോലുള്ള ഭരണാധികാരികളായിരുന്നു 2-3 വട്ടം കൂടി പിന്‍ഗാമികളാവേണ്ടിരിരുന്നതെന്ന് അച്ഛന്‍ പറഞ്ഞത് കേട്ടിട്ടുണ്ട്.കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞുകൂടാ:)

Dinkan-ഡിങ്കന്‍ said...

ദേവേട്ടാ
ഇത് അമ്മേ തല്യാലും രണ്ട് പക്ഷം ഉണ്ടെന്ന് പറയുന്ന പോലാകും. മൊളോട്ടോവിനേയും, ബെറിയയേയും പോലുള്ള അടുത്ത വൃന്ദത്തിലുള്ളവരെ പോലും തെറ്റിദ്ധാരണയുടെ പേരില്‍ പീഡിപ്പിച്ച ചരിത്രവും ഇങ്ങേര്‍ക്കില്ലേ? മരണശേഷം നിഹിതോ ക്രൂഷ്ചേവിന്റെ വിമര്‍ശനം ശബ്ദം പാ‍ര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉയരും വരെ എങ്കിലും ഒരേകാധിപതി തന്നെയാണ് റഷ്യ വാണത്.
സര്‍,ഉലൈനോവ്,റസ്പുച്ചിന്‍,സ്റ്റാലില്‍ എന്നിവരില്‍ നിന്നൊരു തിരഞ്ഞെടുപ്പ് പോലും ദുഷ്ക്കരമല്ലേ?

Radheyan said...

സ്റ്റാലിനെക്കുറിച്ച് പറയുമ്പോള്‍ ആ പഴയ ഏറെ ആവര്‍ത്തിച്ചിട്ടുള്ള കഥ ഓര്‍മ്മ വരുന്നു.ഒരു മീറ്റിംഗില്‍ സ്റ്റാലിനെ നിശിതമായി വിമര്‍ശിച്ച് ക്രൂഷ്ചേവ് മുന്നേറവേ സദസ്സില്‍ നിന്ന് ആരോ ചോദിച്ചു- ഇതൊക്കെ അന്ന് പറയാഞ്ഞതെന്തേ? തലയുയര്‍ത്തി പ്രസിഡന്റ് ക്രൂഷ്ചേവ് ചോദിച്ചു- ആരാ ആരണത് ചോദിച്ചത്? ആരും അനങ്ങിയില്ല.ഒന്നു ചിരിച്ച് ക്രൂഷ്ചേവ് പറഞ്ഞു-ഇതുതന്നെ കാരണം.ഭയം അതു കൊണ്ട് അന്ന് പറഞ്ഞില്ല.

ഓരോ രാജ്യത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന രീതി എന്ന നിലയിലും കാലഘട്ടത്തിന് അനുരൂപമായ ഒന്ന് എന്ന രീതിയിലും സ്റ്റാലിനെ കാണാന്‍ ശ്രമിച്ചാല്‍ അത്ര വലിയ പ്രശ്നമുണ്ടാകില്ല.മറിച്ച് സ്റ്റാലിനെ അന്ധമായി ഇന്ത്യന്‍ പരിസ്ഥിതികളില്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ വലിയ പരാജയമാകും.

സ്റ്റാലിന്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചത് കാപിറ്റലിസ്റ്റ് ജനാധിപത്യ വ്യവസ്ഥിതിയല്ല മറിച്ച് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമാണ്.സ്വാഭാവികമായും ഏത് സര്‍വ്വാധിപത്യത്തിലും ഉണ്ടാവാന്‍ സാധ്യതയുള്ള absolute power ന്റെ ദുര്യുപയോഗം അവിടെയും നടന്നിരിക്കാം.വ്യക്തിതാല്‍പ്പര്യങ്ങള്‍ തൊട്ടു തീണ്ടാത്ത ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്നു സ്റ്റാലിന്‍.ഏകാധിപത്യം തന്റെ കുടുംബത്തിനും അടുക്കളകോക്കസ്സിനും പ്രയോജനമാകുന്ന വിധത്തില്‍ ഉപയോഗിച്ച ചൊഷ്സ്ക്യൂവിനെയോ കിമ്മിനെയോ പോലെ അദ്ദേഹത്തെ കാണാനവില്ല തന്നെ.കുടുംബത്തോട് നീതി പുലര്‍ത്തിയില്ല,മകള്‍ തള്ളി പറഞ്ഞു എന്നൊക്കെയാണ് മനോരമയടക്കമുള്ള കമ്യൂണിസ്റ്റ് വിരുദ്ധമാദ്ധ്യമങ്ങള്‍ അങ്ങേരെ പെറ്റി ഇന്നും പറയുന്നത്.ജനാധിപത്യക്കാരനായ നെഹ്രുവിനെയോ കരുണാകരനെയോ പെറ്റി ആരും പറയാനിടയില്ലാത്ത അപവാദം-കുടുംബസ്നേഹമില്ലാത്തവന്‍ എന്ന്

ദേവന്‍ said...

പ്രമോദ്‌ നന്ദി (മേനകയിലേക്ക്‌ ലിങ്കിട്ടത്‌ കണ്ടു.. ആഞ്ജനേയാ കണ്ട്രോള്‍.

ഡിങ്കാ, ലേഖനത്തിന്റെ ലക്ഷ്യം സ്റ്റാലിന്‍ നല്ലയാളാണോ അല്ലയോ എന്നല്ല. പക്ഷേ തുടങ്ങിയയിടം മുതല്‍ ഒടുക്കം വരെ അദ്ദേഹത്തിന്റെ ക്രൂരകൃത്യങ്ങള്‍ വിവരിച്ചിട്ടുമുണ്ട്‌.


പക്ഷേ സാറും (ഡിങ്കന്‍ ഉദ്ദേശിച്ചത്‌ നിക്കോളാസ്‌ രണ്ടാമന്‍ എന്ന റോമനോവ്‌ വംശജനെ ആവും, സാര്‍ എന്നാല്‍ റഷ്യയിലും ബള്‍ഗേറിയയിലും സേര്‍ബിയയിലും ചക്രവര്‍ത്തി എന്ന അര്‍ത്ഥമേയുള്ളു. പല വംശജരായ സാറുമാരും പലനാട്ടിലും ഉണ്ടായിരുന്നു. ചില മലയാളം പുസ്തകങ്ങള്‍ സാര്‍ ചക്രവര്‍ത്തി എന്നൊക്കെ എഴുതുന്നത്‌ പോസ്റ്റ്‌ തൂണ്‌, ട്രങ്കു പെട്ടി എന്നൊക്കെ എഴുതുന്നതുപോലെ തെറ്റാണ്‌) റസ്പൂട്ടിനും സ്റ്റാലിനും ഒരുപോലെയാണെന്നു പറയുന്നതില്‍പ്പരം സത്യത്തില്‍ നിന്നും ദൂരെ പോകാനില്ല.

നിക്കോളാസ്‌ രണ്ടോ അതിനു മുന്നേ കാണാവുന്ന റഷ്യന്‍ ചരിത്രത്തില്‍ ഒരാളു പോലും ജനങ്ങള്‍ക്കു പട്ടിയുടെ വിലപോലും കൊടുത്തിട്ടില്ല എന്നതില്‍ നിന്നുമാണ്‌ റഷ്യയില്‍ വിപ്ലവപ്രസ്ഥാനത്തിനു വേരോടിയത്‌. അവസാന സാര്‍ ആയിരുന്ന നിക്കോളാസിന്റെ കാലത്താണ്‌ ചരിത്രം കണ്ട ഏറ്റവും വലിയ ക്ഷാമം റഷ്യയിലുണ്ടായത്‌. ജനം വിശപ്പു സഹിക്കാതെ ശവങ്ങള്‍ പാചകം ചെയ്തു കഴിക്കുമ്പോള്‍ സാര്‍ കപ്പം പിരിക്കുകയും കൊട്ടരത്തില്‍ പുളയ്ക്കുകയുമായിരുന്നു. അതിനും മുന്നേയുള്ള ആയിരം വര്‍ഷക്കാലത്ത്‌ ക്ഷാമമവും പട്ടിണി മരണവും സ്ഥിരം സംഭവമായിരുന്നു. ചെറുപ്പക്കാരെയും
ചെറുപ്പക്കാരികളേയും നിര്‍ബ്ബന്ധിച്ച്‌ കൊട്ടാരം ജോലിക്കും പട്ടാളത്തിലും എടുപ്പിച്ചിരുന്നു, ഇടയ്ക്കിടയ്ക്ക്‌ അയല്‍നാടുകള്‍ പിടിച്ചെടുക്കാന്‍ അനാവശ്യ യുദ്ധങ്ങളുണ്ടാക്കി (മിക്കവാറും തോല്‍ക്കുന്ന) വച്ച ദുരിതം വേറേയും.

റഷ്യന്‍ ബോല്‍ഷേവിക്കുകള്‍ പൊതു ജനത്തിനിടയില്‍ പ്രചാരം നേടിയത്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ചു കേള്‍പ്പിച്ചല്ല, എഴുത്തും വായനയും പഠിക്കുന്നത്‌ നിഷേധിക്കപ്പെട്ട അവര്‍ക്ക്‌ എന്തു മനസ്സിലാവാന്‍! ബോത്ഷേവിക്കുകള്‍ തെരുവില്‍ നിന്ന് വിശന്നലയുന്ന ചെറുപ്പക്കാരോട്‌ നീ ആ പ്രഭുക്കന്മാരുടെ കട തുറന്ന് റൊട്ടിയെടുത്തു തിന്നോ, ആരും തല്ലാന്‍ വരാതെ ഞങ്ങള്‍ കൂടെ വരാം എന്നു പറഞ്ഞാണ്‌. അങ്ങനെ ലക്ഷങ്ങള്‍ ബോല്‍ഷേവിക്ക്‌ അനുഭാവികളായി എന്നു പറയുമ്പോള്‍ റഷ്യ സാറു ഭരണത്തില്‍ എന്തായിരുന്നു എന്ന് ചെറിയൊരു ഊഹം കിട്ടുമോ?

ഗ്രിഗറി റസ്പൂട്ടിന്‍ ഭരണാധികാരിയൊന്നുമായിരുന്നില്ല, നിക്കോളാസിനോടും അയാളുടെ സാറിനയോടും അടുത്ത ബന്ധമുണ്ടായിരുന്ന ഒരു മിസ്റ്റിക്ക്‌ മാത്രമായിരുന്നു.

ഇവരോട്‌ ലെനിനെയും (ഉത്സെനോവ്‌ എന്ന് ഉദ്ദേശിച്ചത്‌ ലെനിനെ തന്നെ അല്ലേ?) സ്റ്റാലിനെയും താരമ്യം ചെയ്യാനേ കഴിയില്ലല്ലോ.
രാധേയാ,
തീര്‍ച്ചയായും, മറ്റൊരിടത്തെന്നല്ല, റഷ്യയില്‍ തന്നെ മാറിയ സാഹചര്യത്തില്‍ സ്റ്റാലിനിസ്റ്റ്‌ രീതി അഭിലഷണീയമോ അനുകരണീയമോ അല്ലായിരുന്നു. സ്റ്റാലിന്റെ കാലത്ത്‌ തന്നെ അത്‌ അഭിലഷണീയമാണോ എന്ന ചോദ്യത്തിനു അങ്ങനെ അല്ലായിരുന്നെങ്കില്‍ വലഞ്ഞേനെ എന്ന ന്യായീകരണമേയുള്ളു.

പൊന്നപ്പന്‍ - the Alien said...

ദേവേട്ടാ..
ഒരൊന്നേമുക്കാല്‍ ഓഫ്:

ആഴം എപ്പോഴും പേടിയുമായി പ്രൊപ്പോഷണലാണ്.
വീട്ടിലെ കിണറു തൊട്ടു പെട്രോണാസ് ടവറു വരെ മേലോട്ടും താഴോട്ടും കുത്തിയെടുത്തതും ആ പേടിയില്‍ നിന്ന് ആഴത്തെ മാനിഫെസ്റ്റ് ചെയ്തു കൊണ്ടാണ്.
ഇത്രയും ഡീറ്റൈലായി പറയുന്നതു കൊണ്ടു തന്നെ ഓരോ അക്ഷരത്തേയും സൂക്ഷിച്ചു കൊള്ളൂ നാട്ടാരേയെന്ന പ്രക്ഷേപണ തരംഗങ്ങളാണ് ഈ എഴുത്തില്‍ നിന്നു പുറപ്പെടുന്നത്. അതു കൊണ്ടു തന്നെ ചുമ്മാതെ വിശ്വസിക്കാന്‍ ഈ പോസ്റ്റുകള്‍ എന്നെ സമ്മതിക്കുന്നില്ല. കണ്ടെന്റിനെ പറ്റിയല്ല ഞാന്‍ പറയുന്നത് എന്നു മനസ്സിലായല്ലോ. അറിവിന്റെ കൊടുക്കല്‍ വാങ്ങലുകളിലെ നൂലിഴകളെ പറ്റിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ Pedagogy യെ പറ്റി. ഇപ്പോത്തന്നെ ഇതിലെ ഓരോ വരികളും ഞാന്‍ വിക്കിപ്പീഡിയ തൊട്ട് ഗൂഗിളമ്മാച്ചനില്‍ വരെ തപ്പിക്കൊണ്ടേയിരിക്കുന്നു. പാഠപുസ്തകത്താന്റെ (ഒരു) പരീക്ഷണ വസ്തുവായിട്ട് ദേവേട്ടനെ ചൂണ്ടിക്കാണിച്ചു കൊടുക്കാം. ആ 'ഒരു' എന്ന വാക്കു പോലും ആ പേടിയാക്കലീന്നാ എനിക്കു കണ്ടെത്താന്‍ പറ്റിയേ..

എന്തായാലും പേടിപ്പിച്ചതിന് നന്ദി. ഞാനിച്ചിരിയൊക്കെ നന്നാവുന്നുണ്ട്

ദേവന്‍ said...

പൊന്നപ്പാ, മനസ്സിലായപ്പാ.

ദേവപഥത്തില്‍ ഉള്ളതൊന്നും പാഠങ്ങളല്ലപ്പാ, അഭിപ്രായങ്ങള്‍ മാത്രമാണ്‌. ആരും പറയാത്ത കാര്യവും ആരും പറയാത്ത കഥയും പറയാനാണു താല്‍പ്പര്യം. എങ്കിലും ഇതിലെ വസ്തുതാപരമായ കാര്യങ്ങള്‍ നെറ്റില്‍ തപ്പിയാല്‍ തീര്‍ച്ചയായും നല്ലൊരു ശതമാനം കിട്ടേണ്ടതാണ്‌, അറിയാവുന്നത്‌ സേര്‍ച്ചിംഗ്‌ നല്ല ബോറഡിക്കുന്ന പണിയാണ്‌ എന്നാലും ചെയ്യാം, ഇല്ലെങ്കില്‍ ഏതു പുസ്തകത്തില്‍ കാണുമെന്നെങ്കിലും പറയാം.

ഇതിലെ അക്കമിട്ട ഒമ്പതു കാര്യങ്ങളിലെ പോയിന്റ്‌ 1,2,3,4
ഇതില്‍ കിട്ടേണ്ടതാണ്‌ - http://www.historyguide.org/europe/lecture7.html

പോയിന്റ്‌ നമ്പര്‍ 5 ഭാഗികമായി ഇതില്‍ കിട്ടും http://www.historyguide.org/europe/lecture10.html#stalin ബാക്കി ഞാന്‍ തപ്പിയെടുക്കാം ശകലം സമയം താ.

പോയിന്റ്‌ 6 - മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യവും മുന്നേയുള്ള പോസ്റ്റും അടിസ്ഥാനപ്പെടുത്തി ഒരു നിരീക്ഷണം മാത്രമാണ്‌, ഫാക്റ്റുകള്‍ ഒന്നും അതിന്റേതായി മാത്രമില്ല, ബാക്കിയുള്ളവ കവര്‍ ചെയ്യുമ്പോള്‍ അതും ആയിക്കോളും

പോയിന്റ്‌ 5 - നല്ലൊരു ശതമാനം ഇവിടെ കിട്ടും http://www.historylearningsite.co.uk/Stalin.htm
കത്യുഷ മോള്‍ വിക്കിയില്‍ ദാ http://en.wikipedia.org/wiki/Katyusha
റോമനോവും മറ്റു ആന്റി ടാങ്ക്‌ തോക്കുകളും എങ്ങനെ ലോകോത്തര നിര്‍മ്മിതിയായെന്ന് ഇവിടെ
http://www.quarry.nildram.co.uk/tankbusters.htm

പോയിന്റ്‌ 8 ഒരു നൂറു ലിങ്ക്‌ വേന്റി വരും
ഒന്നു ഇതാ
http://www.plp.org/misc/ww2cd852.html
ശരിയായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കുറെയൊക്കെയുണ്ട്‌ എങ്കിലും how the red army stopped hitler എന്ന ഡേവിഡ്‌ ഗ്ലാന്‍സും ജോ ഹൌസും എഴുതിയ പുസ്തകം ആണു ആധികാരിക ഗ്രന്ഥം.

ബെര്‍ളിന്‍ ജയം വിശദമായി http://www.historylearningsite.co.uk/death_of_adolf_hitler1.htm

പോയിന്റ്‌ 9 ഒരു കണ്‍ക്ലൂഷന്‍ മാത്രമാണ്‌.

അവസാനമായി സ്റ്റാലിന്റെ വിക്കി പേജ്‌
http://en.wikipedia.org/wiki/Joseph_Stalin പേജിലല്ല, അതിലെ ലിങ്കുകളില്‍ കൂടുതല്‍ വിവരമുണ്ട്‌.

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ പറയൂ, സേര്‍ച്ചാം.

പൊന്നപ്പന്‍ - the Alien said...

ദേവേട്ടാ..
ങ്ങള് ചുമ്മാ പാഠപുസ്തകത്തിന്റെ മോഡലല്ല..
പാഠപുസ്തകം തന്നാ മാഷേ.
സമാധാനിക്കണ്ടാ... ഇതിലെ ഓരോ അരിയും ഞാന്‍ പെറുക്കിയെടുക്കും. രാമന്നായരുടെ വീട്ടി മാത്രം കേറില്ല. അവിടെ പോലീസുകാര്‍ക്ക് കേറിക്കൂടെന്നൊരു ഓര്‍ഡിനന്‍സ് ഉണ്ടേ..

ദേവന്‍ said...

പാരഗ്രാഫ്‌ ഒന്ന്, രണ്ട്‌, മൂന്ന് (ഒമ്പതു പോയിന്റുകള്‍ക്കു മുന്നേയുള്ള കാര്യങ്ങള്‍ വിക്കിയിലെ സ്റ്റാലിനെക്കുറിച്ചുള്ള ലേഖനത്തിലും ഉണ്ട്‌. ആരും ചാലെഞ്ജിയിട്ടുമില്ല.

http://en.wikipedia.org/wiki/Joseph_Stalin
കമ്പ്ലീറ്റ്‌ ലിങ്കുകള്‍ ആയില്ലേ? ഇതെല്ലാം ആണെങ്കിലും ഞാന്‍ മുകളില്‍ പറഞ്ഞ പുസ്തകം ആണു നല്ലത്‌. വാങ്ങണേല്‍ ആമസോണില്‍ കിട്ടുമത്‌.

ലിങ്കിംഗ്‌ ഇനി വേണ്ടല്ലോ? മൊത്തമായില്ലേ? ഇല്ലെങ്കില്‍ ഒരു ബ്രേക്ക്‌ എടുത്തിട്ട്‌ നാളെ ലിങ്കാം , ബാര്‍ ബാര്‍ ബോര്‍ ബോര്‍ :)

Unknown said...

പോസ്റ്റിനെ കുറിച്ച് എന്തു പറയാന്‍. നിങ്ങളിങ്ങനെ എഴുതുന്നത് തീരെ ശരിയല്ല ദേവേട്ടാ. സ്പുട്നിക്ക് എന്നൊക്കെ നിങ്ങളെന്തിന് പറയുന്നു! പക്ഷേ ഒന്നുണ്ട്, ഇടക്കാലത്ത് റഷ്യക്കാരുമായി കമ്പനി ആയപ്പോ റഷ്യന്‍ കമ്യൂണിസത്തെ, അമ്മേരിക്കന്‍ മുതലാളിത്തതെ എന്ന പോലെ തന്നെ മാറ്റി നിര്‍ത്തിയിരുന്നു. അതു കുറഞ്ഞ് വരുന്നുവോ. നിങ്ങളേ ഭയക്കേണ്ടിയിരിക്കുന്നു.

പോയിന്റ് നമ്പ്ര 7 അതായത് സാക്ഷാല്‍ കത്യൂ‍ഷയ്ക്ക് എന്റെ വക ഒരു അനൂഭവ സാക്ഷ്യം.

ലെബനാന്‍ യുദ്ധം നല്ല ശേലായി നടക്കുന്നു. ഇസ്രായേല്‍ എയര്‍ ഫോഴ്സ് അഹങ്കാരത്തിന്റെ ആള്രൂപങ്ങളായി ലബനാന്‍ തകര്‍ക്കുകയാണ്. തിരിച്ചൊന്നും ചെയ്യാനില്ലാതെ ലബനോന്‍ ജനങ്ങള്‍. സര്‍ക്കാര്‍ യുദ്ധത്തില്‍ പങ്കെടുകുന്നില്ല. ഹിസ്ബുള്ളയ്ക്കെതിരെ ഏകപക്ഷീയമാ‍യ ഇസ്രായേല്‍ ആക്രമണമാണ്. ഹിസ്ബുള്ളയ്ക്ക് ഒരു ഹെലികോപ്റ്റര്‍ പോലും ഇല്ല. (എയര്‍ ഫോഴ്സുള്ള ഒരെ ഒരു തീവ്രവാദ ഗ്രൂപ്പ് പുലികളാണേന്ന് ഇന്നാള് വായിച്ചു). അവരുടെ മേലാണ് ലോകത്തിലെ തന്നെ ഏറ്റവും ഗംഭീരമായ ഫൈറ്റര്‍ പ്ലൈനും റഡാര്‍ സിസ്റ്റവും മൊസാദും ഒക്കെയുള്ള ഇസ്രായേലിന്റെ നിര്‍ദാഷിണ്യമായ ഫയറിങ്ങ്. ഇത്രേം പറഞ്ഞത് ഹിസ്ബുള്ളയുടെ ദുര്‍ബലത മനസ്സിലാക്കാനാണ്.

ഹിസ്ബുള്ളയുടെ ഒരേ ഒരു ആയുധമാണീ കത്യൂഷ. ഒരുകൂട്ടം മിസൈലുകള്‍ ഒന്ന്നിച്ച് വിടൂന്ന മിസൈല്‍ ലോഞ്ചര്‍. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തികളിലൊക്കെ അവര്‍ അതു വച്ച് നാശം വിതച്ചു.പക്ഷേ ഇസ്രായേലിന്റെ വടക്കുള്ള വ്യവസായിക നഗരമായ ഹൈഫയീലേയ്ക്ക് ഈ കത്യൂഷ വച്ച് ഒന്നും ചെയ്യാനാവില്ല എന്നു തന്നെ ഇസ്രായേല്‍ സേന കരൂത്തി. പക്ഷേ യുദ്ധത്തിന്റെ നാലാം ദിവസം ഹൈഫ പോര്‍ട്ടിലൂം റെയിവേ യാര്‍ഡിലും കത്യൂഷ വീണു. 8 പേരാണ് മരിച്ചത്. 8 പേരുടെ ജീവന്‍ ഇസ്രായേലിന്‍ വലുത്തായിരുന്നു. പിന്നെ ഒരു മാസത്തിലധികം ഹിസ്ബുല്ല ഈ കത്യൂഷ മാത്രം വച്ച് ഇസ്രായേല്‍ സേനയോട് പോരാടി. യുദ്ധത്തിന്റെ നഷ്ടങ്ങള്‍ കൂടുതല്‍ ലെബനൊനായിരിക്കാം. പക്ഷേ ഈയുദ്ധത്തില്‍ മൂക്കും കുത്തി വീണത് ഇസ്രായേലാണ്. 6 ദിവസം കൊണ്ട് ഒറ്റയ്ക്ക് 4 രാജ്യങ്ങള്‍ക്കെതിരെ പൊരുതി ജയിച്ചവരുടെ ഹിസ്ബുള്ളയ്യ്ക്കെതിരെയുള്ള ജയം നാണം കെട്ടതായത് ഈ കത്യൂഷ ഒന്നു കൊണ്ട് മാത്രമായിരുന്നു.

ഈ സാധനം വീഴണ കാണാന്‍ അഥവാ കേള്‍ക്കാന്‍ നല്ല രസമാണ്. ആദ്യം സൈറണ്‍ അപ്പോ ഷെല്‍ട്ടറില്‍ പോകാന്‍ പറ്റിയാല്‍ പോകുക. അപ്പോ ഠേ.. ഠേ... ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ അമിട്ട് പോലെ 13 എണ്ണം വരെ കേള്‍ക്കാം. അപ്പോ കുറേ കെട്ടിടങ്ങള്‍ പോയിണ്ടാവും എന്ന് ഊഹിക്കാം. ഇനി ഒളിക്കാന്‍ പറ്റാത്തോടത്താണെങ്കില്‍ വല്ല മരത്തിന്റെ ചോട്ടിലും മുകളിലേയ്ക്ക് നോക്കി നിക്ക്. 4-5 എണ്ണത്തിനെ ഒക്കെ ശബ്ദം കേട്ട് തിരിച്ചറീയാം.

ഈ റഷ്യക്കാരുടെ കാര്യേ,ഉണ്ടാക്കുമ്പോള്‍ പെര്‍ഫെക്റ്റ് ടെക്നോളജിയേ ചെയൂ. ഒറ്റ പ്രശ്നേ ഉള്ളൂ ഇവന് ഗൈഡഡ് അല്ല. ചക്കേനെ എറിഞ്ഞാ മാങ്ങ വിഴും. ചക്കീം മാങ്ങീം തമ്മില്‍ ഹിസ്സ്ബുള്ളയ്ക്കൊരു വ്യതാസവും ഇല്ലതാനും.

(ഓഫിനു മാപ്പില്ല. ചൂടാവല്ലേ ഞാനിനീ ഈ വഴി വരില്ല, :))

ദേവന്‍ said...

ഹ ഡാലിയാരേ. അപ്പോ കത്യൂഷയെ കണ്ടിട്ടുണ്ടല്ലേ.

അവള്‍ ജനിച്ച സമയത്ത്‌ ആര്‍ക്കും അങ്ങനെ ഒരു ടെക്നോളജി ഇല്ലാതെ ഇരുന്നതുകൊണ്ട്‌ കത്യു കേറി വിലസി. ഇന്നിപ്പോ ലേസര്‍ ഗൈഡഡ്‌ ആയ അമേരിക്കയുടെ ഹൈഡ്ര, റഷ്യയുടെ തന്നെ കാരണ്‍ ബ്രിട്ടന്റെ ഡെമോസ്‌ തുടങ്ങി എയര്‍ റ്റു സര്‍ഫസ്‌ റോക്കറ്റിനും മറ്റുമാണു ഡിമാന്‍ഡ്‌.

കത്യുഷ നായിക സ്ഥാനത്തു നിന്നും ചില്ലിക്കാശിനു ഡാന്‍സില്‍ കോറസ്‌ ചെയ്യേണ്ട ഗതികേടിലായി.
നമ്മടെ ജോസഫ്‌ ആന്റണി വാറ്റു ടെക്നോളജിയുടെ കാര്യം പറഞ്ഞതുപോലെയാണേ പുലികളുടെ എയര്‍ ഫോഴ്സ്‌. അവര്‍ സെന്‍സ്നയും സെനിക്കയും പോലെ ചെറിയ 4-8 സീറ്റര്‍ പാസഞ്ചര്‍ എയര്‍ ക്രാഫ്റ്റ്‌ വാങ്ങി അതിനെ ആള്‍ട്ടര്‍ ചെയ്ത്‌ ബോംബ്‌ ക്യാരിയര്‍ ആക്കുന്നതാണ്‌. വല്ല ചാവേറിനുമേ ഈ ചവറു കൊള്ളാവൂ. നല്ല റൈഫിള്‍മാന്‍ ഉണ്ടെങ്കില്‍ ചുമ്മാ വെടിവച്ചാല്‍ സാധനം നിലത്തു പോരും.

Unknown said...
This comment has been removed by the author.
myexperimentsandme said...

ദേവേട്ടാ, ദേവേട്ടന്‍ തന്ന ലിങ്കിലും (http://www.historyguide.org), എഴുതിയ പുള്ളിക്കാരന്‍ റഫറന്‍സുകള്‍ കൊടുത്തിട്ടില്ലല്ലോ (ഉണ്ടോ?). അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതെഴുതിയ ആളുടെ അഭിപ്രായമാണോ അതോ റഫേഡ് കാര്യങ്ങളാണോ?

സ്റ്റാലിനെപ്പറ്റിയുള്ള വിക്കി ലേഖനത്തിലും പലയിടത്തും റഫറന്‍സുകളില്ല എന്നാണല്ലോ വിക്കിയും പറയുന്നത്? സ്റ്റാലിനാര്‍ട്ടിക്കിളിന്റെ ന്യൂട്രാലിറ്റി വിക്കിയില്‍ ചലഞ്ചിയിട്ടുണ്ടല്ലോ.

എന്‍‌സൈക്കിള്‍ പീഡിക ബ്രിട്ടാനിയ സ്റ്റാലിനെപ്പറ്റി ഇങ്ങിനെ പറയുന്നു:

Stalin has arguably made a greater impact on the lives of more individuals than any other figure in history. But the evaluation of his overall achievement still remains, decades after his death, a highly controversial matter. Historians have not yet reached any definitive consensus on the worth of his accomplishments, and it is unlikely that they ever will. To the American scholar George F. Kennan, Stalin is a great man, but one great in his “incredible criminality . . . a criminality effectively without limits,” while Robert C. Tucker, an American specialist on Soviet affairs, has described Stalin as a 20th-century Ivan the Terrible. To the British historian E.H. Carr, the Georgian dictator appears as a ruthless, vigorous figure, but one lacking in originality—a comparative nonentity thrust into greatness by the inexorable march of the great revolution that he found himself leading. To the late Isaac Deutscher, the author of biographies of Trotsky and Stalin—who, like Carr, broadly accepts Trotsky's version of Stalin as a somewhat mediocre personage—Stalin represents a lamentably deviant element in the evolution of Marxism. Neither Deutscher nor Carr has found Stalin's truly appalling record sufficiently impressive to raise doubts about the ultimate value of the Russian October Revolution's historic achievements.

To such views may be added the suggestion that Stalin was anything but a plodding mediocrity, being rather a man of superlative, all-transcending talent. His special brilliance was, however, narrowly specialized and confined within the single crucial area of creative political manipulation, where he remains unsurpassed. Stalin was the first to recognize the potential of bureaucratic power, while the other Bolshevik leaders still feared their revolution being betrayed by a military man. Stalin's political ability went beyond tactics, as he was able to channel massive social forces both to meet his economic goals and to expand his personal power.

കണ്ണൂസ്‌ said...

ദേവാ, രണ്ടു പോസ്റ്റിലും ഉള്ള വിവരങ്ങള്‍ എല്ലാം പുതിയവ. വായിച്ചു. ചര്‍ച്ച പുരോഗമിക്കുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് ആശിക്കുന്നു.

vimathan said...

ദേവന്‍, നന്ദി. ആദ്യമായി, ബോള്‍ഷെവിസം അല്ലെങ്കില്‍ മാര്‍ക്സിസം-ലെനിനിസം സമം സ്റ്റാലിനിസം എന്ന സമവാക്യം ശരിയല്ല എന്നാണ് ഞാന്‍ കരുതുന്നത്. സോവിയെറ്റ് യൂണിയനില്‍ സ്റ്റാലിനിസം മേല്‍ക്കൈ നേടിയതോടെ, അത്, ബ്യൂറൊക്രസി ഭരിക്കുന്ന ഒരു degenerated workers state (തത്തുല്യ മലയാളപദം അറിയില്ല)ആയി മാറി എന്ന ട്രോട്സ്കിയുടെയും, പാര്‍ട്ടീയിലെ, ഇടതു പക്ഷത്തിന്റെ ( left opposition )ന്റെയും, പിന്നീട് നാലാം ഇന്റെര്‍നാഷലിന്റെയും വിമര്‍ശനം ശരിയാണെന്ന് കരുതുന്ന ആളാണ് ഞാന്‍.
മാര്‍ക്സ് വിഭാവനം ചെയ്ത, തെരഞ്ഞെടുക്കുന്നവര്‍ക്ക്, തിരിച്ചുവിളിക്കാന്‍ അവകാശമുള്ള (right to recall)പ്രതിനിധികളുടെ കൌണ്‍സിലുകള്‍ക്ക് (സോവിയെറ്റുകള്‍ക്ക്)പൂര്‍ണ്ണാധികാരം എന്ന ബോള്‍ഷെവിക് ആശയത്തിന് പകരം, ജനാധിപത്യമില്ലാത്ത പാര്‍ട്ടീ ബ്യൂറൊക്രസി ഭരണം, തൊഴിലാളി വിപ്ലവത്തിന്റെ സാര്‍വദ്ദേശീയത എന്ന മാര്‍ക്സിസ്റ്റ് മുദ്രാവാക്യത്തിന് പകരം ഏക രാജ്യ സോഷ്യലിസം (socialism in one country)എന്ന മുദ്രാ‍വാക്യം, സോഷ്യലിസ്റ്റ് വിപ്ലവത്തിന് പകരം രണ്ട് ഘട്ട വിപ്ലവം (ആദ്യം ദേശീയ ജനാധിപത്യ വിപ്ലവം/ പുത്തന്‍ ജനാധിപത്യ വിപ്ലവം പിന്നീട് സോഷ്യലിസ്റ്റ് വിപ്ലവം)എന്ന മാര്‍ക്സിറ്റ് വിരുദ്ധ സിദ്ധാന്തവും,, അതിനു വേണ്ടി, ദേശീയ ബൂര്‍ഷ്വാസിയുമായി ചേര്‍ന്ന് ജനകീയ മുന്നണീ (popular front)രൂപീകരിക്കാം എന്ന അടവു നയവും,മേല്‍പ്പറഞ്ഞ സ്റ്റാലിനിസ്റ്റ് നയങള്‍ എല്ലാം തന്നെ സോവിയെറ്റ് യൂണിയനില്‍ മാത്രമല്ല, ലോകത്തില്‍ എല്ലായിടത്തും മാര്‍ക്സിസം ലെനിനിസം എന്ന പ്രത്യയശാസ്ത്രത്തെ descredit ചെയ്യാനും, അനേകായിരം വിപ്ലവകാരികളുടെ കൂട്ടകൊലയ്ക്കും വഴിയൊരുക്കി എന്നത് ഒരു വസ്തുതയാണ്. ( ചൈന, സ്പെയിന്‍, ഇറാഖ്, ഇന്തോനേഷ്യ, തുടങി അനവധി ഉദാഹരണങള്‍). അതു കൊണ്ട് തന്നെ ബോള്‍ഷെവിസം അല്ലെങ്കില്‍ മാര്‍ക്സിസം-ലെനിനിസം എന്ന പ്രത്യശാസ്ത്രത്തെ വളച്ചൊടിച്ച്, വലതുപക്ഷത്തിന് എക്കാലവും ഉപയോഗിക്കാനാവുന്ന ഒരു ആയുധം കൊടുത്തു എന്നതാണ് സ്റ്റാലിനിസത്തിന്റെ പ്രധാന പങ്ക്. പിന്നെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍, റെഡ് ആര്‍മിയും, അവര്‍ക്കൊപ്പം പോരാടിയ അനേകായിരം സോവിയെറ്റ് പാര്‍ട്ടിസാനുകളും, യുദ്ധ മുന്നണിയിലേക്ക് വേണ്ട ഉത്പാദന വര്‍ദ്ധനവിന് വേണ്ടീ അഹോരാത്രം പണിയെടുത്ത സോവിയെറ്റ് തൊഴിലാളിവര്‍ഗ്ഗവും, കഴിഞ്ഞേ, ചരിത്രത്തില്‍ സ്റ്റാലിന് ഒരു സ്ഥാനമുണ്ടാവൂ.
ദേവന്‍, ഒരു polemic ന് ഉള്ള ആവേശവും, സമയവും, ഇപ്പോള്‍ തീരെയില്ലാത്തതിനാല്‍, വളരെ ചുരുക്കിയെഴുതേണ്ടി വരുന്നു.സ്റ്റാലിന്‍ എന്ന വ്യക്തിക്കുപരിയായി സ്റ്റാലിനിസം എന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രത്തെയാണ് ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടൂള്ളത്.
ദേവന്‍,, ഒരു തരത്തില്‍, നമ്മുടെ ബൂലോഗത്തില്‍ ഒരു taboo വിഷയമായ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് ഇടം കൊടുത്തതിന് താങ്കളെ നമിക്കുന്നു. ഒരു പക്ഷെ ഇത് താങ്കള്‍ക്ക് മാത്രമേ ഇവിടെ സാധ്യമാവുകയുള്ളൂ. നന്ദി.

Sathyardhi said...

വക്കാരി,
ഹിസ്റ്ററി ഗൈഡ്‌ സൈറ്റ്‌:
ആ സൈറ്റ്‌ ഒരു ഹിസ്റ്ററിൊ അദ്ധ്യാപകന്റെ ലെക്ചര്‍ നോട്ട്‌ രൂപങ്ങളായാണ്‌ വരുന്നത്‌. റെഫറന്‍സ്‌ വേണമെന്ന് പൊന്നപ്പന്‍ പറഞ്ഞപ്പോള്‍ കിട്ടിയ ഹിറ്റുകളില്‍ ഒന്ന്, അതില്‍ അങ്ങോരു ക്ലാസില്‍ ലിങ്കാത്തത്‌ ഞാന്‍ ലിങ്കാം, നോ പ്രോബ്ലം, സമയം തന്നാല്‍ മതി. ചിലപ്പോ ലിങ്കു പുസ്തകത്തിലോട്ടു പോകുമെന്ന് മാത്രം, ഇന്റര്‍നെറ്റില്‍ എല്ലാ വിവരവും ഇല്ല (വിവരത്തിനു കാശു വേണം പോല്‍ ശിവനെ ഹിസ്റ്ററി തേവിടിശ്ശിയെന്നോ? :) )

എന്‍സൈക്കിളേല്‍ പിടി ബീരാനിക്ക:
വിവാദങ്ങളുണ്ടെന്നും ഹിസ്റ്റോറിയന്‍സ്‌ തമ്മില്‍ തമ്മില്‍ "സ്റ്റാലിന്‍ മഹാനാണോ ശരാശരി മനുഷ്യനാണോ" എന്ന് തര്‍ക്കമുണ്ടെന്നും പറയുന്നു. ആയിക്കോട്ടെ, എന്റെ ലേഖനത്തിലൊരിടത്തും സ്റ്റാലിന്‍ മഹാനാണോ അല്ലയോ എന്നു ഞാന്‍ പറയുന്നില്ല, മരിച്ചു പോയ മനുഷ്യന്‍ ബാക്കി വയ്ക്കുന്നത്‌ അയാളുടെ മഹത്വമൊന്നുമല്ല, പ്രവര്‍ത്തികള്‍ മാത്രമാണ്‌. ഈ ലേഖനം അയാളുടെ മൂന്നു പ്രവര്‍ത്തികളെ കുറിച്ചു മാത്രമാണ്‌
അതായത്‌- രണ്ടാം ലോക മഹായുദ്ധം, ക്രൂരമായ സിറ്റിസണ്‍ കൊലകള്‍, പോസ്റ്റ്‌ സിവില്‍ വാരിലെ മരിക്കുന്ന റഷ്യ ക്ഷാമത്തിലായിരുന്നതില്‍ നിന്നും സ്റ്റാലിന്‍ ഭരിച്ചപ്പോള്‍ ഒരു വന്‍ ശക്തി ആയോ എന്നത്‌. ഇതില്‍ ഏതു ഹിസ്റ്ററിയന്‍ തര്‍ക്കോവ്സ്കി നടത്തി എന്നു ബ്രിട്ടാനിക്കാക്ക പറയുന്നു? ഒന്നുമില്ലല്ലോ?

വിക്കി ന്യൂട്രാലിറ്റി.
ഇത്രയും ചലെഞ്ജുകള്‍ ആണു വിക്കിയില്‍ നടന്നത്‌
1.സ്റ്റാലിന്‍ ഒരു
ഡിക്റ്റേറ്ററാണോ അല്ലയോ? ആണെന്നും അല്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഈ ലേഖനത്തില്‍ അത്‌ വിഷയമല്ല
2. ആദ്യവരിയില്‍ തന്നെ കൊന്ന 20-50 മില്യണ്‍ വിക്കി ആദ്യ വരിയില്‍ തന്നെ പറയണം- അത്‌ വിക്കി എഴുത്തുകാരുടെ തീരുമാനം, എന്നെ ബാധിക്കുന്നില്ല, എവിടെ വേണേല്‍ പറഞ്ഞോട്ടെ
3. ഉക്രെയിനിലെ കൃഷിക്കാര്‍ ക്ഷാമകാലത്ത്‌ ഭക്ഷണം പൂഴ്തി വച്ചിട്ടില്ല. - അതും എന്നെ ബാധിക്കുന്ന കാര്യമല്ല, ഉക്രൈനികള്‍ എന്തു ചെയ്താലും എന്റെ ലേഖനവുമായി ബന്ധമില്ല
4. ഫോട്ടോയില്‍ കൂടെ നില്‍ക്കുന്നാളിന്റെ പ്രായം തെറ്റ്‌- ആയിക്കോട്ടെ.
5. സ്റ്റാലിന്റെ അമ്മയുടെ ജാതി
ആവോ, ആര്‍ക്കു വേണം ജാതി
6. സ്റ്റാലിനെ ഓഫിഷ്യലി വിളിച്ച പേരു. കല്ലി വല്ലി, ഇപ്പോള്‍ ഓഫിഷ്യലി "മരിച്ചു പോയവന്‍" എന്നു വിളിക്കാം നമുക്ക്‌
7. ക്രൂഷ്ചേവ്‌ സ്റ്റാലിനിസം തുടര്‍ന്നിട്ടുണ്ടോ? അതും എന്നെ ബാധിക്കുന്നില
8. ചില വാക്കുകളുടെ തര്‍ജ്ജിമയിലെ തെറ്റ്‌ (പരിഹരിചെന്നു പറയുന്നു)എതായാലും ഞാന്‍ വാക്കുകളൊന്നും എടുത്തിട്ടില്ല വിക്കിയില്‍ നിന്ന്

9. ക്വാണ്ടം മെക്കാനിക്സില്‍ സ്റ്റാലിന്റെ കാലത്തെ പുരോഗതി പറഞ്ഞിട്ടില്ല. അതും എന്നെ ബാധിക്കുന്നില്ല
10. ഗ്രാമറില്‍ തെറ്റ്‌- നോ കണ്‍സേണ്‍
11. മുപ്പതു ലക്ഷം മരിച്ചില്ല, 11.7 ആണ്‌ ( ഞാന്‍ കൂടിയ സംഖ്യ ആണല്ലോ പറഞ്ഞിരിക്കുന്നത്‌, വക്കാരിയുടെ സൈഡിലോട്ട്‌ ചാഞ്ഞ്‌ ) വിക്കി നോക്കി അല്ല കണക്കെടുത്തത്‌ ഞാന്‍

12. രണ്ടു ലിങ്കില്‍ തെറ്റ്‌ (അതവരുടെ
കാര്യം)

13. മുകളില്‍ പറഞ്ഞിരിക്കുന്ന 12ഉം ആര്‍ട്ടിക്കിള്‍ ഡിസ്പ്യൂട്ടാന്‍ മാത്രമൊന്നും പോരുന്നതല്ല (എന്തരോ ചെയ്യട്ട്‌)
14. സ്റ്റാലിന്റെ നീളം പറഞ്ഞിട്ടില്ല (ചത്ത പശുവിന്റെ പല്ലെണ്ണിയിട്ടില്ലാന്ന്)
15. എനിക്കു കുറേ റഫറന്‍സ്‌ കിട്ടി
(അതിനു എനിക്കെന്നാ?)
16. ഡിസാംബിഗ്വേഷന്‍ പേജില്‍ പിശക്‌ (അതായത്‌ ആ പേജില്‍ ആംബിഗ്വേഷനെന്ന്. എന്റെ വിക്കി ഭഗോതീ)
17. സ്റ്റാലിന്‍ ഡിക്റ്റേറ്റര്‍ അല്ല, 18 ആണ്‌ (രണ്ടായാലും എനിക്കു കുന്തമാ)

ഇനി പറ വക്കാരീ, ഇതെന്തെങ്കിലും ഈ ലേഖനത്തെ ബാധിക്കുന്നോ? ഉണ്ടാവില്ല, കാരണം ഞാനിതെഴുതുമ്പോള്‍ വിക്കി കണ്ടില്ല.

vimathan said...

ദേവന്‍, മറ്റൊന്നു കൂടി. സ്റ്റാലിനിസം എന്ന പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, തങ്കള്‍ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് പാര്‍ട്ടികളിലാണ്, പ്രവര്‍ത്തിക്കുന്നത് എന്ന് തെറ്റിദ്ധരിച്ച്, നമ്മുടെ നാട്ടിലെ വിവിധ സ്റ്റാലിനിസ്റ്റ് പാര്‍ട്ടികളില്‍, പ്രവര്‍ത്തിക്കുന്ന, അനേകായിരം പ്രവര്‍ത്തകരെയും, നേതാക്കളെയും, നിന്ദിക്കുകയോ, അവരുടെ പ്രവര്‍ത്തനങളെ വില കുറച്ചു കാണുകയോ ചെയ്യുന്നില്ല, മറിച്ച് അവരുടെ ആര്‍ജ്ജവത്തെ, അഭിനന്ദിക്കുന്നതിനും എനിക്ക് മടിയില്ല. അതേ പോലെ തന്നെ ഒരു കാലത്ത്, ഒരു ചെറിയ സ്റ്റാലിനിസ്റ്റ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന എന്റെ തന്നെ ഭൂതകാലത്തെയോ, ആ സമരങളെയോ, സഖാക്കളെയോ, തള്ളിപ്പറയാനും എനിക്ക് സാധിക്കില്ലാ.
qw_er_ty

myexperimentsandme said...

തന്നെ തന്നെ ദേവേട്ടാ,

ഹിസ്റ്ററി സൈറ്റിന്റെ കാര്യത്തിലായിരുന്നു സംശയം. ഒരാളുടെ വ്യക്തിപരമായ നിഗമനങ്ങള്‍ റഫര്‍ ചെയ്യുന്നതും റഫറന്‍സുകള്‍ വഴി അയാളുടെ നിഗമനങ്ങളെ അയാള്‍ തന്നെ സാധൂകരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ.

ചരിത്രം പഠിക്കുമ്പോള്‍ വന്‍‌ശക്തിയായോ-ആയി/ഇല്ല എന്ന് മാത്രമല്ലല്ലോ പഠിക്കേണ്ടത്.ആയെങ്കില്‍ എങ്ങിനെ ആയി എന്നതും ആയോ ഇല്ലയോ എന്ന് പഠിക്കുന്നതുപോലെ തന്നെ പ്രധാനമല്ലേ? ഹിസ്റ്റോറിയന്മാര്‍ പലരും ആ ഒരു ആംഗിളും കൂടി എടുത്തിട്ടാണോ ഫൈനല്‍ കണ്‍ഫ്യൂഷനില്‍ എത്തിയത്?

ചരിത്രത്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്ന് അതില്‍‌നിന്നും ഉള്‍ക്കൊള്ളേണ്ട പാഠമല്ലേ (ആണോ?). കുറച്ചൊക്കെ മസില്‍ പിടിച്ച് ഒരു സ്റ്റാലിന്‍ സ്റ്റൈല്‍ വന്‍‌ശാക്തീകരണം നടത്തിക്കളയാം എന്ന് ഏതെങ്കിലും ഭരണാധികാരിക്ക് തോന്നിയാല്‍ പ്രശ്‌നമാവില്ലേ. അതൊക്കെക്കൊണ്ടു കൂടിയാണോ സ്റ്റാലിനെ മൊത്തത്തില്‍ ചരിത്രത്തില്‍ എങ്ങിനെ വിലയിരുത്തണം എന്ന് ചരിത്രകാരന്മാര്‍ക്ക് സംശയം?

ഏതെങ്കിലും വിക്കി ലേഖനത്തിന്റെ ന്യൂട്രാലിറ്റി ചലഞ്ചിയാല്‍ പിന്നെ അങ്ങോട്ട് പോകാറില്ലായിരുന്നു. ആ രീതി മാറ്റണമെന്ന് തോന്നുന്നു.

ദീപു : sandeep said...

ദേവേട്ടാ.. ഈ പോസ്റ്റിനും ലിങ്കുകള്‍‌ക്കും വളരെ നന്ദി.

qw_er_ty

ദേവന്‍ said...

പൊന്മുട്ടയിടുന്ന താറാവ്‌ എന്ന സിനിമയില്‍ ഒടുവില്‍ "ഇത്‌ ഞാനാ പശുവിനെ കളഞ്ഞ പാപ്പി" എന്നു പറയുന്നതുപോലെ ഡാലി ഇനിമേല്‍ "കത്യൂഷ കണ്ട ഡാലി" എന്ന് അറിയപ്പെടും.

വക്കാരീ, വിമതന്‍, നിങ്ങള്‍ക്കുള്ള കമന്റ്‌ ഞാന്‍ അടുത്ത പോസ്റ്റ്‌ ആക്കി.

ദീപു, നന്ദി.