Sunday, May 13, 2007

ലോസിഫ്, നന്ദി

ലോസിഫ്‌ വിസ്സാരിയോനോവിച്ച്‌,
ആരൊക്കെയോ ബൂലോഗത്ത്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്നു. രണ്ട്‌ അണുബോംബുകളാണ്‌ യുദ്ധത്തില്‍ ആക്സിസിനെ പരാജയപ്പെടുത്തിയതെന്നുവരെ പറയുന്നു. ഞാന്‍ നന്ദിപൂര്‍വ്വം നിന്നെയോര്‍ക്കട്ടെ. നീ സ്വയമിട്ട ഉരുക്കു ജോസഫ്‌ എന്ന പേര്‍ കൂടി ഞാനെഴുതിയാല്‍ ലോകമെന്നെ നോക്കി ചിരിക്കും. അത്ര വിചിത്രമാണ്‌ എന്റെ കാലത്തെ വീക്ഷണം!

ലോകതാണ്‌. നിന്റെ കുറ്റങ്ങളും പാളിച്ചകളും നീ ചെയ്ത ഹത്യകളും മാത്രമേ ഓര്‍ക്കപ്പെടൂ. ഒരു കര്‍ഷകരാജ്യത്തില്‍ നിന്നും വ്യവസായപ്രമുഖമായൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ത്സുഗാസ്‌വില്ലിയിലെ അടിയാളര്‍ പെണ്ണിനും മദ്യപാനിയായൊരു ചെരുപ്പുകുത്തിക്കും പിറന്ന ലോസിഫ്‌ അല്ല നീ ലോകത്തിന്‌ . യുദ്ധമൊഴിവാക്കാന്‍ നീയൊപ്പിട്ട സമാധാന ഉടമ്പടിയുമവര്‍ക്കറിയില്ല.

ഉടമ്പടിയും ലംഘിച്ച്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ നിനക്കു നേരേ തിരിഞ്ഞ ഹിറ്റ്‌ലര്‍ തന്റെ മൊത്തം സേനയുടെ നാലില്‍ മൂന്നും സോവിയറ്റ്‌ യൂണിയനു നേരേ തൊടുത്തപ്പോള്‍ നീ അലൈഡ്‌ രാജ്യങ്ങളിലെ മറ്റെല്ലാവരും ഒന്നിച്ചു ചേര്‍ന്നാല്‍ വരുന്നതിലും വലിയ സൈന്യം ഒറ്റക്ക്‌ നിര്‍മ്മിച്ച്‌ എതിരിട്ടു. ലോകത്തിലെ ഏറ്റവും രക്ഷരൂക്ഷിത യുദ്ധമായ സ്റ്റാലിന്‍ഗ്രാഡ്‌ വിജയവും മറ്റനേകം വിജയങ്ങളുമായി നീ ബെര്‍ലിനില്‍ കടന്നപ്പോള്‍ നാസിസം നാശം കണ്ടു. മൂന്നു ലക്ഷം
അമേരിക്കന്‍ പട്ടാളത്തെയും പതിമൂന്നു ലക്ഷം ചൈനക്കാരെയും അറുപതു ലക്ഷം ജൂതന്മാരെയും ആരോ ഓര്‍ത്തു കഴിഞ്ഞു ഈയിടെ. അവരുടെയിടല്‍ നിന്റെ രണ്ടു കോടി പട്ടാളക്കാരെയും ഞാന്‍ കുറിച്ചോട്ടെ. അവരും മറ്റുള്ളവരെപ്പോലെ എന്റെ ഇന്നത്തെ ലോകത്തിനായി മരിച്ചവരാണ്‌.

ശേഷമൊരു ജപ്പാനിലേക്കു നീ തിരിഞ്ഞപ്പോള്‍ ആഗസ്റ്റ്‌ ആറിനു ഹിരോഷിമയിലും ആഗസ്റ്റ്‌ ഒമ്പതിനു നാഗസാക്കിയിലും വീണ അണുബോംബിന്റെ ബഹളത്തിനു നടുവില്‍ ആഗസ്റ്റ്‌ എട്ടിനു സഖ്യസേന വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും വിമോചിതമാകാതിരുന്ന മഞ്ചൂരിയന്‍ പ്രവിശ്യ സ്വന്ത്രമായത്‌ ആരും കണ്ടില്ല. ജപ്പാന്റെ 66 നഗരങ്ങളില്‍ 59ഉം സഖ്യസേനക്കു മുന്നില്‍ ആഗസ്റ്റിനു മുന്നേ തോറ്റിരുന്നെന്നും ആരും ശ്രദ്ധിച്ചില്ല.

[റഷ്യ വന്നില്ലെങ്കിലും രണ്ടാഴ്ച്ചകൊണ്ട്‌ ജപ്പാന്‍ ഞങ്ങള്‍ കീഴടക്കുമായിരുന്നു എന്നു പറഞ്ഞ അമേരിക്കന്‍ വ്യോമസേനാ മേധാവി കര്‍ട്ടിസ്‌ ലീമേയോട്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു "അപ്പോള്‍ അണുബോംബ്‌ ഇല്ലായിരുന്നെങ്കിലോ?"
"യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."]

ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു
വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം.

കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം."

39 comments:

ദേവന്‍ said...

കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം“

ഗുപ്തന്‍ said...

ദേവേട്ടാ നല്ല കുറിപ്പ്.

യുദ്ധം ജയിക്കുന്നവനല്ല വിജയം വിറ്റഴിക്കുന്നവനാണ് ജേതാവ്. ഇതു ലോകത്തിന്റെ ചരിത്രം. വിട്ടുവീഴ്ചയില്ലാത്ത ചരിത്രം. ആര്‍ജിക്കുന്നതല്ല ആഘോഷിക്കുന്നതാണ് വിജയം എന്ന് മറുവഴിക്ക് വിജയത്തെ തന്നെ നിര്‍വചിക്കുകയുമാവാം. ഇതൊന്നും മീഡിയയുടെ പുകമറയില്‍ ഉണ്ടായ രാഷ്ട്രീയ സങ്കല്പങ്ങളുമല്ല. ഹോമറും വ്യാസനും ഒക്കെ പറഞ്ഞകഥകളില്‍ ഉരുക്കുജോസഫുമാര്‍ തുരുമ്പെടുത്ത് കിടക്കുന്നുണ്ട്.

സത്യത്തിന്റെ ഇടനാഴികള്‍ ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന ഈ കുറിപ്പിനു നന്ദി.

പുള്ളി said...

ലോകമഹായുദ്ധം വിഷയമാക്കിയ ഹോളിവുഡ് സിനിമകളിലെ അവസാന ഷോട്ടുകളില്‍ അമ്മയുടെ ഒക്കത്തിരിയ്ക്കുന്ന കുഞുങളെ അമേരിക്കന്‍ പതാക വഹിക്കുന്ന പാറ്റണ്‍ ടാങ്കുകളിലിരുന്ന്‌ കൈ വീശിക്കാണിക്കുന്ന പട്ടാളക്കാരാണ് ഒരു പരിധിവരെ യുദ്ധാനന്തര തലമുറയിലുള്ള അനേകരുടെ മനസ്സുകളില്‍ മായാതെ നില്‍ക്കുന്ന വിജയിയുടെ ദൃശ്യം.
‘വിജയം വിറ്റഴിക്കുന്നവരുടെ’ കൂട്ടത്തില്‍‌പ്പെടാത്തത് ഒരു തെറ്റു തന്നെ.

Pramod.KM said...

നല്ല എഴുത്ത്.
ജപ്പാന് കീഴടങ്ങാന്‍ സന്നദ്ധരായിരുന്നെങ്കിലും അണുബോംബിന്റെ അനന്തര ഫലങ്ങള്‍ പരീക്ഷിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു.
യുറേനിയം ബോംബിന്റെ ഫലങ്ങള്‍ ഹിരോഷിമയും പ്ലൂട്ടോണിയം ബോംബിന്റെ ഫലങ്ങള്‍ നാഗസാക്കിയും കാണിച്ചു തന്നപ്പോള്‍ അമേരിക്ക തൃപ്തിപ്പെട്ടു.
ലേഖനത്തിന്‍ നന്ദി.

Siju | സിജു said...

എന്റെ ദേവേട്ടാ..
ഇതൊക്കെയെഴുതുമ്പോ ഒന്നു നേരേ ചൊവ്വേ എഴുതിക്കൂടെ.. രണ്ടു പ്രാവശ്യം വായിച്ചു കുറെ സേര്‍ച്ചു ചെയ്തൊക്കെയാ ഒന്നു മനസ്സിലാക്കിയെടുത്തത്.
രണ്ടാമത്തെ പ്രാവശ്യം വായിച്ചപ്പോ ആ ലേബല്‍ കണ്ടത് ഭാഗ്യം
പക്ഷേ, എല്ലാം കഴിഞ്ഞു നോക്കുമ്പോ സാധനം കൊള്ളാട്ടാ.. :-)

വേണു venu said...

ഉത്സവം, വക്കാരി, ദുരന്തത്തിന്‍റെ ചിത്രങ്ങളും തെളിവുകളിലൂടെയും കൈപിടിച്ചുകൊണ്ടു പോയി. ഇതാ ഇ നല്ല പോസ്റ്റും. ജപ്പാന്‍റെ കീഴടങ്ങലല്ലാ, അണു ബോബിന്‍റെ അനന്തര ഫലം മനുഷ്യമനസ്സാക്ഷിയുടെ നെഞ്ചു പിളര്‍ത്തി കാണുക എന്ന ദൌത്യം നടപ്പാക്കാപ്പെടുകയായിരുന്നു.
നല്ല പോസ്റ്റു്.:)

കാളിയമ്പി said...

ഭസ്മാസുരന്‍ ചെയ്ത ഏറ്റവും വലിയ നന്മ അവന്‍ പരമേശ്വരനെ ആക്രമിയ്ക്കുകയായിരുന്നു..ഹിറ്റ്ലറോട് എന്നും നാം നന്ദിയുള്ളവരാകണം..റഷ്യയെ വെറുതേ വിടാന്‍ തോന്നാത്തതിന്..
പിന്നീട്
വലിയൊരു ബോംബിന്റെ കാര്യം ലോസിഫ് വിസാരിയോനോവിച്ചിനോട് പറഞ്ഞിരുന്നു എന്നും അതണുഗുണ്ടാണെന്ന് പറഞ്ഞില്ലയെന്നും പറഞ്ഞിരുന്നെങ്കില്‍ ലോസിഫ് സമ്മതിയ്ക്കില്ലായിരുന്നെന്നും അണിയറമൊഴികള്‍..അദ്ദേഹത്തിന്റെ പില്‍ക്കാല പ്രവര്‍ത്തികളുടെ വെളിച്ചം ആ ശുഭാപ്തിവിശ്വാസത്തിന് കരിനിഴല്‍വീഴ്ത്തുന്നുവെങ്കിലും..
ദേവേട്ടാ..ഒത്തിരി നന്ദി..ഈ സത്യങ്ങള്‍ മനസ്സിലേയ്ക്ക് കൊണ്ട് വന്നതിന്.........

അമ്പി പ്രസാദ്

മുസ്തഫ|musthapha said...

"യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."

കണ്ടെത്തലിന്‍റെ ഫലപ്രാപ്തിയറിയാനുള്ള വ്യഗ്രതയോ അതോ അതാസ്വദിക്കാനുള്ള കൌതുകമോ - അതിനു മുന്നില്‍ സഹജീവികളുടെ ജീവന് ഒരു വിലയും അവര്‍ കൊടുത്തില്ലല്ലോ!

ദേവേട്ടാ... വളരെ നല്ല കുറിപ്പ്.

Satheesh said...

സോവിയറ്റ് യൂണിയന്‍ ജര്‍മനിയെ ചെറുത്ത് നില്‍ക്കാനും തോല്‍പ്പിക്കനും പറ്റിയിട്ടുണ്ടെങ്കില്‍ അത് സ്റ്റാലിന്റെ ‘ധീര നേതൃത്വം‘ കൊണ്ടൊന്നുമല്ല.[തന്റെ ബോം‌ബ് ഷെല്‍ട്ടറ് ദിവസേന പരിശോധിക്കാന്‍ മാത്രം 18 എന്‍‌ജിനീയര്‍മാരെ നിയോഗിച്ച ‘ധീര’നായ സ്റ്റാലിന്‍!]. അതായിരുന്നെങ്കില്‍ മോസ്കോക്ക് 20കിമീ ചുറ്റുവട്ടത്ത് നാസിപ്പട എത്തില്ലായിരുന്നു. ജര്‍മനിയെ തോല്പിച്ചത് ജര്‍മനി തന്നെയായിരുന്നു. കടന്നുകയറിയ ഓരോ നാട്ടിലും അവരഴിച്ചു വിട്ട ക്രൂരതകള്‍...അതായിരുന്നു ജര്‍മനിയുടെ മുഖ്യ ശത്രു. തോറ്റ് പിന്മാറിയാല്‍ ജര്‍മനിക്കാര്‍ വീട്ടില്‍ കയറി കൊല്ലും, എന്നാല്‍പ്പിന്നെ യുദ്ധക്കളത്തില്‍ തന്നെ അവരെ നേരിടുന്നതല്ലേ എന്തു കൊണ്ടും നല്ലത്! അങ്ങനെ ശത്രുവിനെ തോല്‍പ്പിക്കുക എന്ന ഒറ്റ വഴി മാത്രമായിരുന്നു ചെമ്പടക്കുണ്ടായിരുന്നത്.
കീവില്‍ തോറ്റ പാവ്ലോവിനെയും കൂട്ടരെയും ട്രീറ്റ് ചെയ്ത രീതിയില്‍നിന്നു തന്നെ അറിയാം സ്റ്റാലിനെന്ന ക്രൂരനായ ഭീരുവിനെ[അതും തോല്‌വി ഉറപ്പാണെന്നും അതുകൊണ്ട് സേനയെ പിന്‍‌വലിക്കണമെന്നും ഉള്ള സുഖോവിന്റെ അപേക്ഷ തള്ളിയ അതേ സ്റ്റാലിന്‍ തന്നെ...!]!

ദേവേട്ടന്റെ പോസ്റ്റിഷ്ടപ്പെട്ടു.

അനംഗാരി said...

പടിഞ്ഞാറ് നിന്നൊരു കറുത്ത മാസദാഹിയായ കഴുകന്‍ നമുക്കുമേലെ വട്ടമിട്ട് പറന്ന് കൊണ്ടേയീരിക്ക്കുന്നു.ഒരു കോടി വെള്ളരിപ്പിറാവുകള്‍ ഒരുമിച്ച് പറന്നടുത്തിട്ടും, ദാഹം തീരാതെ അവന്‍ അങ്ങിനെ പറന്നുകൊണ്ടേയിരിക്കുന്നു.
എന്തൊരു ലോകമാണ് ഞാനും നിങ്ങളും നമ്മുടെ മക്കള്‍ക്കായി വിട്ടേച്ച് പോകുന്നത്!

ദേവോ:ഗംഭീര ലേഖനം.ഞാന്‍ എന്റെ എഴുത്താണി കുത്തിയൊടിച്ച് കളയട്ടെ.

Satheesh said...

അംബീ, ജൂലൈ 16ന്‍ ടെസ്റ്റ് ചെയ്ത ബോം‌ബിന്റെ കാര്യം 24തീയതി ട്രൂമാന്‍ (പോട്സ്ഡാം മീറ്റിങില്‍ വെച്ച് ) സ്റ്റാലിനോട് പറഞ്ഞിരുന്നു എന്ന് എവിടെയോ വായിച്ചിരുന്നു. ഇപ്പം ഗൂഗിളമ്മാമ്മ തന്നത് അതേ പടി ചേര്‍ക്കുന്നു..

“Potsdam: At the plenary session on July 24, Truman walked over to Stalin and (in the words of Leahy) "told him quietly that we had developed a powerful weapon more potent than anything yet seen in war. The President said later that Stalin’s reply indicated no special interest and that the Generalissimo did not seem to have any conception of what Truman was talking about. It was simply another weapon and he hoped we would use it effectively."

പരാജിതന്‍ said...

ദേവാ, ഉജ്ജ്വലമായ കുറിപ്പ്.

സ്റ്റാലിന്റെ ക്രൂരതകളെപ്പറ്റി വായിച്ചറിഞ്ഞും മറ്റും അദ്ദേഹത്തിനോട് വെറുപ്പ് തന്നെ തോന്നിയിട്ടുണ്ട്. പില്ക്കാലത്ത് യുക്തിചിന്ത കാരണം ആശയക്കുഴപ്പങ്ങളുമുണ്ടായി. സ്റ്റാലിന്റെ തന്നെ പ്രഗത്ഭവും ഒട്ടൊക്കെ ബാലന്‍സ്‌ഡ് ആയതുമായ വാദഗതികള്‍ അഭിമുഖങ്ങളില്‍ കണ്ട് ആദരവും തോന്നിയിട്ടുണ്ട്. “ഭരണവര്‍‌ഗ്ഗം അദ്ധ്വാനിക്കുന്ന വര്‍‌ഗ്ഗത്തിന് വഴിമാറിക്കൊടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ സന്തോഷത്തോടെ നൃശംസതയുടെ മാര്‍‌ഗ്ഗം വെടിഞ്ഞേനെ. എന്നാല്‍ ചരിത്രാനുഭവം അത്തരമൊരു അഭ്യൂഹത്തിന് എതിരായാണ് സംസാരിക്കുന്നത്” എന്നു പറഞ്ഞ സ്റ്റാലിന്‍ എന്തു കൊണ്ടാവും ഭരണത്തിലിരിക്കുമ്പോഴും നൃശംസതയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതനായത്?

“സുദീര്‍ഘയാനങ്ങള്‍ക്കായി പുറപ്പെട്ട ഭീമന്‍ കപ്പലിന്റെ കപ്പിത്താന് “ എവിടെയായിരിക്കും പിഴച്ചത്? വല്ലാത്തൊരു ജന്മം തന്നെ എന്തായാലും.

പഴയൊരഭിമുഖത്തില്‍ നിന്ന് സ്റ്റാലിന്റെ വാക്കുകള്‍: “...ലോകത്തിന്റെ പരിവര്‍‌ത്തനമെന്നത് ബൃഹത്തും സങ്കീര്‍‌ണ്ണവും വേദനാപൂര്‍‌ണ്ണവുമായ ഒരു പ്രക്രിയയാണ്..”

mumsy-മുംസി said...

നന്ദി ദേവേട്ടാ..

പരാജിതന്‍ said...

ദേവാ, വിട്ടുപോയി. ഒരക്ഷരപ്പിശാച്, രണ്ടാമത്തെ ഖണ്ഡികയുടെ തുടക്കത്തില്‍: ലോകമതാണ്..
qw_er_ty

കുറുമാന്‍ said...

ദേവേട്ടാ, ഇങ്ങനെ ഇടക്കിടെ, അടിക്കടി എഴുതികൊണ്ടേയിരിക്ക്....ഇങ്ങനെ നാലാള്‍ക്ക് ഉപയോഗപ്രദമാകുന്ന കാര്യങ്ങള്‍ എഴുതുന്നവര്‍ ബൂലോകത്തില്‍ വളരെ വിരളം...

ദേവന്‍ said...

സതീഷ്‌,
ഹിറ്റ്‌ലര്‍ സ്വന്തം ക്രൂരതകൊണ്ട്‌ തോറ്റത്‌ എങ്ങനെയെന്നു പിടികിട്ടിയില്ല, ഒന്നു വിശദീകരിക്കാമോ?

ഇതേ ക്രൂരതയ്ക്കു മുന്നിലാണ്‌ അന്നത്തെ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യം ബ്രിട്ടന്‍ വാലു ചുരുട്ടി ഓടിയത്‌. സഖ്യസേനയ്ക്കും ഇതേ ക്രൂരത നേരിടേണ്ടി വന്നിട്ടും പോളണ്ട്‌, ഡെന്മാര്‍ക്ക്‌ ലക്സംബര്‍ഗ്‌, ഫ്രാന്‍സ്‌, ബെല്‍ജിയം, നോര്‍വേ, ഫ്രാന്‍സ്‌, യൂഗോസ്ലോവ്യ, ഹോളണ്ട്‌, ഗ്രീസ്‌, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ (അതിന്റെ പേരുകള്‍ ഓര്‍ക്കാന്‍ വിഷമം) തുടങ്ങി പത്തിരുപത്‌ രാജ്യങ്ങളെ ഹിറ്റ്‌ലറുടെ സാമ്രാജ്യത്തില്‍ ലയിക്കുന്നതില്‍ നിന്നും തടുക്കാനായില്ലല്ലോ? ഹംഗറിയും ആസ്റ്റ്രിയയും ഫിന്‍ലന്റും റൊമേനിയയും പോലെ ഹിറ്റ്‌ലര്‍ക്കു വഴങ്ങിയവരെയും മോചിപ്പിക്കാനായില്ലല്ലോ? എന്നിട്ടുമെന്തേ ഇവിടെയെല്ലാം ക്രൂരതയില്‍ ജയിച്ച ഹ്ഗിറ്റ്‌ലര്‍ തന്റെ സേനയുടെ 80 ശതമാനവും വിന്യസിച്ചിട്ടും യു എസ്‌ എസ്‌ ആറിനോട്‌ തോറ്റു? ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി യു എസ്‌ എസ്‌ ആര്‍ അല്ലായിരുന്നല്ലോ അക്കാലം (എക്കാലത്തുമല്ലായിരുന്നു)

സ്റ്റാലിനും ട്രുമാനും ചര്‍ച്ചിലും യുദ്ധകാലത്ത്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മോസ്കോയിലേക്ക്‌ അമേരിക്ക ആയുധങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്‌ (ആ ക്വോട്ട്‌ ചെയ്ത കാര്യം ഞാന്‍ കേട്ടിട്ടില്ലെങ്കിലും അസംഭാവ്യമല്ല എന്ന് എനിക്കുമറിയാം എന്നു പറഞ്ഞതാണ്‌). ആ യുദ്ധകാല സഖ്യത്തിന്റെ കാരണവും വളരെ
വ്യക്തമായിരുന്നു, അമേരിക്കയ്ക്കും ബ്രിട്ടനും മറ്റെല്ലാവര്‍ക്കും "ജര്‍മനി ഒരണുബോംബ്‌ വികസിക്കും മുന്നേ ഹിറ്റ്‌ലര്‍ വീണില്ലെങ്കില്‍" എന്ന ഡെഡ്‌ ലൈന്‍ നല്ല ബോദ്ധ്യമുണ്ടായിരുന്നു.

ഒരു പ്രസിഡണ്ടും ചക്രവര്‍ത്തിയും രണ്ടാം മഹായുദ്ധത്തില്‍ യുദ്ധ നിരയില്‍ നേരിട്ടിറങ്ങിയില്ല, ശരി. അത്‌ ഭീരുത്വമൊന്നും ആയി കാണുകയും വയ്യ രാജാവ്‌ കുതിരപ്പുറത്തിനു വാള്‍ വീശുന്ന യുദ്ധമല്ലായിരുന്നല്ലോ, രാഷ്ട്രനായകന്‍ ജീവിച്ചിരിക്കേണ്ടത്‌ യുദ്ധത്തിന്റെ ആവശ്യമാണ്‌ .

ഉരുക്കു ജോസഫിനെ നന്മയുടെ പ്രതീകമായൊന്നും ഞാന്‍ കാണുന്നില്ല, പക്ഷേ
" താങ്കളുടെ മകന്‍ യാക്കോവിനെ നാസി പാളയം വിട്ടു തരാന്‍ തയ്യാറാണ്‌, പകരം ഫീല്‍ഡ്‌ മാര്‍ഷല്‍ പൌളസിനെ ജെര്‍മനിക്കു വിട്ടു തരണം" എന്ന നാസി സന്ദേശത്തോട്‌

"ഒരു സോവിയറ്റ്‌ ലെഫ്റ്റനന്റ്‌ തടവുപുള്ളിയെ കിട്ടാന്‍ ഞാന്‍ ഒരു ജെര്‍മന്‍ ജനറലിനെ വിട്ടയക്കണമെന്നോ? സ്വീകാര്യമല്ല" എന്ന് പ്രതികരിച്ച സ്റ്റാലിനെ ഭീരുവായി കാണാന്‍ എന്തോ, വയ്യ.
[ കൈമാറ്റം നടത്താന്‍ സ്റ്റാലിന്‍ വിസമ്മതിച്ച ശേഷം യാക്കോവ്‌ നാസി തടങ്കല്‍ പാളയത്തില്‍ മരിച്ചു]

evuraan said...

വാളെടുത്തവന്‍ വാളാലേ /ഇടിവാളെന്ന ബ്ലോഗനല്ല/ എന്ന ആത്മീയ തത്വ്‌മനുസരിച്ചാണു് ജര്‍മ്മനി തോറ്റതെന്ന സതീഷിന്റെ അഭിപ്രാ‍യത്തോടു യോജിപ്പില്ല.

ജീവിച്ചിരുന്നതു കൊണ്ടു മരിച്ചു പോയി, രാതിയല്ലെങ്കില്‍ പകല്‍ -- ഇതൊക്കെ സാമാന്യ യുക്തിക്കു് നിരക്കുന്ന വാദഗതികള്‍ തന്നെ, സമ്മതിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞതൊക്കെ എന്തിനു വേണ്ടിയായിരുന്നു, ആര്‌ക്കു വേണ്ടിയായിരുന്നു എന്നൊക്കെ ചരിത്രം ചിന്തിപ്പിക്കുന്നതു്‌ സാധാരണമാണു്‌.

കാരണങ്ങളും സംഭവങ്ങളും അതിന്റെ ലേയൗട്ടില് തന്നെ വീഴുമ്പോളല്ലേ‌ ചരിത്രമാവുന്നുള്ളൂ.

മറിച്ചായിരുന്നെങ്കില്, അല്ലെങ്കില് അന്നയാള്ക്കു പനി പിടിച്ചിരുന്നെങ്കില്? ഫിക്ഷനുള്ള വകയൊക്കും. പക്ഷെ അതല്ലല്ലോ ചരിത്രം. ആണോ?

myexperimentsandme said...

പാവം സ്റ്റാലിന്‍...

ലിങ്കുകളോ റഫറന്‍സുകളോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

പൊന്നപ്പന്‍ - the Alien said...
This comment has been removed by the author.
പൊന്നപ്പന്‍ - the Alien said...

I second wakkaari.
But just on his second point
പാവം എന്ന വിശേഷണം ചേര്‍ക്കാന്‍ തോന്നുന്നില്ല.

qw_er_ty

ദേവന്‍ said...

ഹയ്യ്‌. ഓടാന്‍ പോയപ്പോഴാണു പോസ്റ്റിനു പറ്റിയ ടൈറ്റില്‍ മനസ്സില്‍ വന്നത്‌. ഇതാണു പറയുന്നത്‌, ഒക്കെ ഡ്രാഫ്റ്റാക്കണം, വെപ്രാളം കേറി പതിനഞ്ചു മിനുട്ടുകൊണ്ട്‌ പോസ്റ്റടിക്കരുതെന്ന്.

ഓടിക്കോണ്ടിരുന്നപ്പോള്‍ മനസ്സില്‍ തോന്നിയത്‌- ഈ പോസ്റ്റിനു പറ്റിയ ടൈറ്റില്‍- "കൂത്തിക്കുണുക്ക്‌" !

ഇവിടെ നാടന്‍ ചീട്ടുകളി അറിയാത്തവരുണ്ടെങ്കില്‍ (ചീട്ടുകളി അറിയാത്ത മലയാളിയോ?) ഈ വാക്ക്‌ ഏതാണ്ട്‌ തെറിയാണെന്നു കരുതി എന്റെ പിടലി ഒടിക്കാന്‍ വരുമോന്ന ഭയത്തില്‍ ലതിനെ ഒന്നു വിശദീകരിക്കാം.

ഗുലാന്‍ പെരിശ്‌ (28/56 എന്നൊക്കെയും പറയും) കളിക്കുമ്പോള്‍ പരിപൂര്‍ണ്ണമായ തോല്‍വി തോറ്റ്‌ തൊപ്പി കയറുന്നതാണ്‌,. (അവന്‍ പരീക്ഷയില്‍ തോറ്റു തൊപ്പിയിട്ടു എലക്ഷനില്‍ ഇടതുപക്ഷം തൊപ്പിയിട്ടു എന്നൊക്കെയുള്ള പ്രയോഗം ഗുലാന്‍ പെരിശിലെ തൊപ്പിയിടലില്‍ നിന്നും വന്നതാണ്‌) പക്ഷേ ഏറ്റവുമ്ന്‍ നാണം കെട്ട, നിന്ദ്യമായ, ദയനീയമായ തോല്വി അതല്ല, ഒരുത്തനു കുണുക്കു വയ്ക്കാന്‍ ശ്രമിച്ച്‌, അത്‌ പിഴയ്ച്ചതിന്‍ ഫലമായി സ്വന്തം ചെവിയില്‍ ഇടേണ്ടി വന്ന കുണുക്ക്‌. അതിന്റെ പേര്‍ കൂത്തിക്കുണുക്ക്‌ :)

മോസ്കോക്കു കുണുക്കിടാന്‍ ശ്രമിച്ച അഡോള്‍ഫ്‌ അണ്ണനെ തിരിച്ചു പായിച്ച്‌ ബെര്‍ളിനില്‍ അയാളുടെ ചെവിയില്‍ കയറ്റിയ കൂത്തിക്കുണുക്കല്ലേ ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ :)
(ഓടി വട്ടാകുമോ ഡോക്റ്റര്‍? 42 ഡെഗ്രീ ചൂടില്‍ ഓടിയാല്‍?)

ഡാലി said...

ഉവ്വ്, 42 ഡിഗ്രിയില്‍ ഓടിയാല്‍ വട്ടാകും, ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആവശ്യമില്ലാത്ത കാലത്ത് ഉറക്കെ വിളിച്ച് പറഞ്ഞാലും. :)

സോവിയറ്റ് യൂണിയന്‍ എന്ന മാസികയുടെ മിനുസമുള്ള പേജുകള്‍ ഓര്‍മ്മിപ്പിച്ച എഴുത്തിന് നന്ദി.

ദേവന്‍ said...

വക്കാരീ, പൊന്നപ്പാ,
ഏതിനൊക്കെയാണു റെഫറന്‍സും ലിങ്കുംവേണ്ടതെന്ന് പറഞ്ഞാല്‍ ഞാനിടാം. മൊത്തത്തില്‍ ഇടാന്‍ പറഞ്ഞാല്‍ ഞാന്‍ സബ് കോണ്ട്രാക്റ്റ് കൊടുക്കേണ്ടി വരും!

ലിങ്കാന്‍ പറഞപ്പോ ഞാനൊന്നു വിക്കി. ന്യൂട്രാലിറ്റി ചലെഞ്ജ് ആയി, മാറു വല്യമ്മേ മതിലിടിഞ്ഞു വീഴും, എന്നൊക്കെ അവിടെ പ്രതീക്ഷിച്ചാണു പോയത്. ലെഫ്റ്റ് റൈറ്റ് ബോല്‍ ഷേവിക്ക് തര്‍ക്കം ഒഴിച്ചാല്‍ അവിടെയും തര്‍ക്കോവ്സ്കിയൊന്നും കണ്ടില്ല. കണ്ടമാനം ലിങ്കും. ലതിലെ റെഫറന്‍സ് പോരാതെ വരുന്ന സ്ഥലത്ത് ഞാനിടാം. ഇന്റര്‍നെറ്റില്‍ എല്ലാമുണ്ടോയെന്ന് ഉറപ്പില്ല, എവിടെന്നെങ്കിലും റെഫറന്‍സെങ്കിലും ഇടാമെ.

സാജന്‍| SAJAN said...

എന്നൊക്കെയോ കേട്ടുമറന്നചരിത്രത്തിലെ ചീളുകള്‍.. വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി.. അതും പുതിയ ആംഗിളില്‍.. ആകര്‍ഷണീയമായി:)

Pramod.KM said...

ഡാലി ചേച്ചി ,ഉദ്ദേശിക്കുന്ന മാഗസിന്‍ ‘സോവിയറ്റ് നാട് ‘ എന്ന മാസിക അല്ലേ?മിനുസമുള്ള കട്ടികൂടിയ കടലാസ്സോടു കൂടിയത്?

SunilKumar Elamkulam Muthukurussi said...

"ഏറ്റവും രക്ഷരൂക്ഷിത "-ദേവാ ഇതൊന്നു ശരിയാക്കൂ.
സ്റ്റാലിന്റെ കാര്യം പറഞപ്പോള്‍, എന്തേ ഷോളോഖോവിന്റേയും മറ്റും നോവലുകള്‍ ഓര്‍ക്കാന്‍ കാരണം? -സു-

അപ്പൂസ് said...

ദേവേട്ടാ, നന്ദി..
ഉരുക്കു മനുഷ്യന്റെ കാണാത്ത മുഖത്തേയ്ക്ക് ഇത്തിരി വെട്ടം തെളിയിച്ചതിന്. പറഞ്ഞ ചരിത്രത്തിനും പറയാത്ത ചരിത്രത്തിനും ഇടയിലെവിടെയോ ആവും സത്യം എന്നുമെന്ന് ഓര്‍മ്മിപ്പിച്ചതിന്.

Radheyan said...

നന്ദി ദേവേട്ടാ,ചരിത്രത്തിന്റെ ചോരപ്പാടുകള്‍ വീണ പാതകളില്‍ കൂടി ഓര്‍മ്മയുടെ രഥം വീണ്ടും തെളിച്ചതിന്.നൃശംസനെന്ന് സ്റ്റാലിനെ പലപ്പോഴും വിളിക്കുംപോഴും അദ്ദേഹത്തെ അതാക്കിയത് ആ കാലഘട്ടത്തിന്റെ അനിവാര്യത അല്ലായിരുന്നുവോ.അല്ലെങ്കില്‍ അന്നത്തെ ഭരണാധികാരികളില്‍ ആരാണ് ക്രൂരര്‍ അല്ലാതിരുന്നത്.

ചില കാലഘട്ടങ്ങള്‍ അങ്ങനെയാണ്.21 വട്ടം ക്ഷത്രിയരെ നശിപ്പിച്ച് പരശുരാമന്‍ ഭൂമിയുടെ ഭാരം കുറച്ചു എന്നൊക്കെ പറയുമ്പോള്‍ ഒരു പക്ഷേ ഈ ക്ഷത്രിയര്‍ എത്ര ക്രൂരര്‍ ആയിരുന്നു എന്നറിഞ്ഞാലെ പരശുരാമനെ ദുഷ്ടനെന്നോ ശിഷ്ടനെന്നോ വിധിക്കാനാവൂ.അതിന് ചരിത്രത്തില്‍ നുണകളുടെ ചാരത്താല്‍ മൂടപ്പെട്ട സത്യത്തിന്റെ കനല്‍ ആരെങ്കിലും ഊതി തെളിക്കേണ്ടതുണ്ട്.

ഒരു വിഷയം കൂടി, ഫാസിസ്റ്റ് സാമ്രാജിത്വത്തിനെതിരേ ഉള്ള വിശാലസഖ്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ ക്വിറ്റിന്ത്യാ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുക ഉണ്ടായല്ലോ.പാര്‍ട്ടി പിന്നീട് അത് തെറ്റായിരുന്നു എന്ന് ഏറ്റ് പറഞ്ഞു.പക്ഷെ എനിക്ക് എപ്പോഴും തോന്നിയിരുന്നത് അന്നത്തെ നിലപാട് ശരി ആയിരുന്നു എന്ന് തന്നെയാണ്.വലിയ ഒരു വിപത്ത് വരുമ്പോള്‍ ചെറിയ വിപത്തുകളുമായി ഐക്യമുന്നണി ഉണ്ടാക്കിയും അതിനെ നേരിടുക എന്നത് സ്വാഭാവികമായ കാര്യമാണ്.അതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

ദീപു : sandeep said...

ദേവേട്ടാ, ഡേങ്ക്‌സ്...

ഹിറ്റ്‌ലറിനു പറ്റിയ വലിയൊരബദ്ധം റഷ്യയെ ആക്രമിയ്ക്കാന്‍ തെരഞ്ഞടുത്ത സമയം ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്... അവിടത്തെ കൊടും തണുപ്പില്ലായിരുന്നെങ്കില്‍ റഷ്യയും ഹിറ്റ്‌ലറിനു കീഴടങ്ങിയേനെ. It continues....

രണ്ട് മൂന്ന് മാസം മുമ്പ് ഹിസ്റ്ററി ചാനലില്‍ എങ്ങനെ റഷ്യന്‍ സൈന്യം ഹിറ്റ്‌ലറിന്റെ പടയെ ടാക്കിള്‍ ചെയ്തു എന്നു കാണിച്ചിരുന്നു.... പടങ്ങളും പ്ലാനുകളും എല്ലാം ഉള്‍പ്പെടുത്തി.

ഓ.ടോ: പ്രമോദ് സോവിയറ്റ് യൂണിയന്‍ കണ്ടിട്ടില്ലേ.. പണ്ട് ഒന്നും രണ്ടും ക്ലാസ്സിലെല്ലാം എന്റെ ബുക്കിന്റെ കവര്‍‌ അതായിരുന്നു... നല്ല മിനുസ്സമുള്ള കട്ടി പേപ്പര്‍.


qw_er_ty

അഭയാര്‍ത്ഥി said...

അനംഗാരി പറഞ്ഞതുപോലെ ഞാനീ മുനയില്ലാത്ത പെന്‍സില്‍ ഒടിച്ചു കളയട്ടെ.

ഇങ്ങിനെ മലയാളമെഴുതിയാല്‍ ഗ്രാസിനേക്കാള്‍ പച്ചയായ ആ സാധനമുണ്ടല്ലൊ.
അത്‌ വന്ന്‌ കേറുന്നു.

ഭാഷ.
മലയാളം എന്നാല്‍ ഇത്‌.

തിബറ്റിന്‌ ശേഷം ചരിത്രം വീണ്ടും. ഹീറോപേനയിലുമുണ്ടായിരുന്നു.

ജോസഫ്‌ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍ കമ്മൂണിസം എന്നത്‌ എന്നേ മരിച്ച
ഒരു ഐഡിയോളജി ആയിരുന്നേനെ.

സ്റ്റാലിന്റെ മകള്‍ ബാംഗ്ലൂരിലാണ്‌ സെറ്റില്‍ ചെയ്തിരിക്കുന്നതെന്ന്‌ കേട്ടിരുന്നു.

ക്രൂരതകള്‍ ഏത്‌ ഡിക്റ്റേറ്റര്‍ക്കും അത്യാവശ്യമായത്‌.

സ്വന്തം പട്ടാളക്കാരെ പോളണ്ടിന്റെ യൂണീഫോം അണിയിച്ച്‌ അവരുടെ അതിര്‍ത്തിയില്‍
അയച്ച്‌ ജര്‍മന്‍ ബോര്‍ഡറിലേക്ക്‌ വെടി വപ്പിച്ച്‌ രണ്ടാം ലോക മഹായുദ്ധം
തുടങ്ങിയ യുഗ പുരുഷനായ ഹിറ്റ്ലര്‍ പറയുന്നതിത്‌.
"തോറ്റവന്‍ ജയിച്ചവനോട്‌ കണക്ക്‌ ചോദിക്കില്ല".

സന്ദേശത്തില്‍ ശ്രിനിവാസന്‍ പറയുന്നു "പോളണ്ടിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടിപ്പോകരുത്‌".

ഷിന്‍ഡ്ലേര്‍സ്‌ ലിസ്റ്റ്‌ പോലെ ക്ലാസിക്കലായ എഴുത്ത്‌ തേവരുടെ.

അത്തിക്കുര്‍ശി said...

ദേവന്‍,

താങ്കള്‍ വീണ്ടും വിസ്മയപ്പേടുത്തുന്നു

chithrakaran ചിത്രകാരന്‍ said...

ഒരു കവിതപോലെ, തൊട്ടുതലോടി അവതരിപ്പിച്ച ഈ കുറിപ്പ്‌ മനോഹരമായിരിക്കുന്നു

vimathan said...

ദേവന്‍, ഒരു കാര്യം കൂട്ടിചേര്‍ത്തുകോള്ളട്ടേ. സ്റ്റാലിന്റെ ക്രൂരതകള്‍ എഴുതുന്നവര്‍ പലപ്പോഴും, റെഡ് ആര്‍മിയുടെയും, സോവിയെറ്റ് ജനതയുടെയും ഐതിഹാസികമായ ഫാ‍സിസ്റ്റ് വിരുദ്ധ ചെറുത്ത് നില്‍പ്പുകള്‍ കാണാതെ പോവുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യാറുണ്ട് എന്നത് സത്യമാണ്. ഒരു പക്ഷെ സോവിയെറ്റ് യൂണിയനെ വലതുപക്ഷത്തു നിന്ന് കൊണ്ട് വിമര്‍ശിച്ചവരായിരുന്നു,അല്ലെങ്കില്‍ വിമര്‍ശിക്കുന്നവരാ‍കുന്നു ഭൂരിപക്ഷം എന്നുള്ളതാകാം കാരണം. പക്ഷെ സ്റ്റാലിനും കൂട്ടാളികളും ചേര്‍ന്ന് മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു സ്വപ്നത്തെ എങിനെ സംശയവും, ഭീതിയും, കണ്ണീരും, രക്തവും കലര്‍ന്ന ഒരു ദുസ്വപ്നമാക്കി മാറ്റി എന്നാലോചിക്കുമ്പോള്‍ സ്റ്റാലിന് ചരിത്രം മാപ്പ് കൊടുക്കില്ല. ഒരു വശത്ത് സ്റ്റാലിനിസ്റ്റുകളുടെയും, മറുവശത്ത് വലതുപക്ഷക്കാരുടെയും വാദപ്രദിവാദങള്‍ക്കിടയില്‍, ഈ രണ്ട് പക്ഷക്കാരാലും വേട്ടയാടപ്പെട്ട, മനുഷ്യസ്നേഹികളായ, ഒരു പാട് കമ്മ്യൂണിസ്റ്റുകളുടെ, യഥാര്‍ത്ഥ ബോള്‍ഷെവിക്കുകളുടെ, സ്റ്റാലിനിസം എന്ന ബോള്‍ഷെവിക്ക് വിരുദ്ധ പ്രത്യശാസ്ത്രത്തിന്റെ ഇടതുപക്ഷ വിമര്‍ശകരുടെ, ശബ്ദങള്‍ മുങിപ്പോയിട്ടുണ്ട് എന്ന സത്യം കാണാതിരുന്നുകൂടാ. അതു കൊണ്ട് താങ്കള്‍ ഗാന്ധിയെ ഉദ്ധരിച്ചതു പോലെ സത്യം ആവര്‍ത്തിച്ച് പറഞ്ഞു കോണ്ടേയിരിക്കുക, പക്ഷെ മുഴുവന്‍ സത്യങളും പറയാന്‍ ശ്രമിക്കുക. telling the truth is always revolutionary എന്നല്ലേ ഗ്രാംഷി പറഞ്ഞിട്ടുള്ളത്.

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ... അറിയാത്ത ഒത്തിരി ചിന്തകള്‍ പകര്‍ന്നുതന്നു ഈ പോസ്റ്റ്.
qw_er_ty

Areekkodan | അരീക്കോടന്‍ said...

നല്ല കുറിപ്പ്.

ദേവന്‍ said...

മനു, നന്ദി. അതേ, ഇതിഹാസങ്ങള്‍ നിറയെ ഉരുക്കു ജോസഫുമാര്‍. പലരെയും മൃഗവും
രാക്ഷസ്സനും മാലാഖയുമൊക്കെ ആക്കി വച്ചു.

പുള്ളീ, തീര്‍ച്ചയായും. മാര്‍ക്കെറ്റിങ്ങില്‍ ആണു കളി. മീഡിയ പൊന്നു
തമ്പുരാനായത്‌ അതുകൊണ്ടല്ലേ!

പ്രമോദ്‌. അതേ. കൊണ്ടിടീച്ച കര്‍ട്ടിസ്‌ ലീമേയുടെ വാക്കുകള്‍ കൊണ്ടിടാന്‍
പറഞ്ഞ ട്രുമാന്റെ വാക്കുകളെക്കാള്‍ വിശ്വാസ്യതയുള്ളതാണെന്ന് എനിക്കും
തോന്നി.

സിജൂ,
ശകലം സ്പീഡ്‌ കുറച്ച്‌ ആളുകള്‍ വായിക്കട്ടെന്നു കരുതി തന്നെയാണ്‌ ഹാഫ്‌
ക്ലച്ച്‌ ചവിട്ടി വണ്ടി ഓടിച്ചത്‌ :) നന്ദി

വേണുമാഷേ,
ഉത്സവവും വക്കാരിയുമിട്ട പോസ്റ്റിലെ കമന്റുകള്‍ കണ്ടപ്പോഴാണ്‌ ഇതൊരെണ്ണം
എഴുതാമെന്ന് വച്ചത്‌. നന്ദി.

അംബീ,
ലോസിഫിനു ഒരുപക്ഷേ അറിവു കാണുമായിരുന്നിരിക്കണം. സതീഷ്‌ താഴെ ഉണ്ടെന്ന്
പറഞ്ഞിരിക്കുന്നു. കാരണം ഹിറ്റ്‌ലര്‍ ഒരു അണുബോംബ്‌ താ എന്റെ
ആര്യദൈവങ്ങളേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്‌ എല്ലാവരും
ഭീതിയോടെ കണ്ടിരുന്ന അക്കാലത്ത്‌ പുള്ളി ആ സുനാപ്പി ഉണ്ടാക്കും മുന്നേ
നാശമാ പോഹണം എന്നായിരുന്നു സര്‍വ്വ രാജ്യങ്ങളും ആഗ്രഹിച്ചത്‌. അതില്‍
ആകെയുണ്ടായിരുന്ന ടൈം ഫാക്റ്റര്‍ സോവിയറ്റുകള്‍ അന്നു വീണിരുന്നെങ്കില്‍
ഹിറ്റ്‌ലര്‍ക്ക്‌ അനുകൂലമായി തന്നെ വന്നേനെ, കാരണം അയാളുടെ പട
പോയടുത്തൊന്നും ബാക്കി ആലികള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍
പറ്റിയിട്ടില്ല, പറ്റുകയുമില്ലായിരുന്നു.

ശേഷകാലം സ്റ്റാലിന്‍ പണ്ടാറടക്കിയ
മുപ്പതു ലക്ഷം യു എസ്‌ എസ്സ്‌ ആറുകാരെക്കുറിച്ച്‌ ലേഖനാന്ത്യത്തിലുണ്ടേ.

അഗ്രജാ,
എന്തു കണ്ടുപിടിത്തവും പരീക്ഷിക്കപ്പെടേണ്ടെ. അതു ലാബ്‌ സിറ്റുവേഷനല്ലാതെ
ശരിക്കുള്ള സാഹചര്യത്തില്‍ സാധിക്കാന്‍ പറ്റിയ ചാന്‍സ്‌ അങ്ങോട്ട്‌
മുതലാക്കി. ആരു പോയാലെന്താ.

സതീഷേ,
ഞാന്‍ ഒരു സംശയം ചോദിച്ചിരുന്നു.. കണ്ടില്ലേ അതോ മടുത്ത്‌ പോസ്റ്റ്‌
കളഞ്ഞിട്ടു പോയതാണോ?

അനംഗാ,
ചീഫ്‌ സിയാറ്റിലിന്റെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ "ഞാനാര്‌ ഈ ഭൂമി
പിടിച്ചെടുക്കാനും വിട്ടു കൊടുക്കാനും? പണ്ടെന്നോ മരിച്ചു പോയവരും
ഇനിയിവിടെ ജനിക്കാനുള്ള ആയിരക്കണക്കിനു തലമുറയോ എനിക്ക്‌ സമ്മതം
തന്നിട്ടില്ലല്ലോ ഇതിനെ പിടിച്ചു പറിക്കാനും വിറ്റു കാശാക്കാനും?"
എഴുതാണി കളഞ്ഞാല്‍ ഞാന്‍ രാജി വയ്ക്കും .

ഹരീ,
ചരിത്രത്തിന്റെ ഓരോ വിചിത്രവഴികള്‍ കാണുമ്പോ ഞാനും വട്ടായി
പോയിട്ടുണ്ട്‌. സ്റ്റാലിന്റെ പിഴച്ച പരിഹാരക്രിയകളുടെ പ്രസക്തിയെപ്പറ്റി
വിമതനും ഹരിക്കും മാത്രമായി ഒരു കമന്റ്‌ വേറേ ചേര്‍ക്കുന്നുണ്ട്‌.
അക്ഷരപ്പിശാചിനെ ഉച്ചാടനം നടത്താം, നന്ദി.

മുംസി, നന്ദി
കുറുമാനേ നന്ദി. ഈ പോസ്റ്റിനു കാരണമായ കമന്റുകള്‍ ഉത്സവത്തിനും
വക്കാരിക്കും ഇട്ടവര്‍ക്കും നന്ദി.

എവൂരാനേ, അതേ. വാളെടുത്തവന്‍ വാളാലെ പോയി, തല കൊയ്ത വാള്‍ എടുക്കാന്‍
വിധി വന്നത്‌ ഉരുക്കു ജോസഫിനായിരുന്നു, ചരിത്രത്തിന്റെ ഓരു കര്യമേ.
ചിലപ്പോള്‍ കൊയ്യാനൊരു വാള്‍ ഉണ്ടായില്ലെന്നും വരും. ഹിറ്റ്‌ലറെക്കാള്‍
വലിയ പടയോട്ടം നടത്തിയ ജെംഘിസ്‌ ഖാന്റെ തല കൊയ്യാന്‍ ഒരു വാളും
ഉയര്‍ന്നില്ലല്ലോ. അങ്ങേരു വയസ്സായി മേലോട്ട്‌ പോകും വരെ
ഹിറ്റ്‌ലറേട്ടന്‍ നാസികളോട്‌ ചെയ്തതിനെക്കാള്‍ വലിയ കലാ പരിപാടി അങ്ങ്‌
റഷ്യ മുതല്‍ ഇങ്ങു ജപ്പാന്‍ കടലു വരെ നടത്തിക്കൊണ്ടേയിരുന്നതിന്റെ ഫലമായി
ജനസംഖ്യ തന്നെ ചുരുങ്ങിപ്പോയി പോലും. ഇത്രയും വര്‍ഷം തലമുറകള്‍
വംശവര്‍ദ്ധന നടത്തി കഴിഞ്ഞപ്പോള്‍ 16 മില്ല്യണോ മറ്റോ ( നമ്പര്‍ എഴുതാന്‍
പേടിയാ, സിജു ഇപ്പോള്‍ അത്‌ 19ഓ 15.75 ഓ ആണെന്ന് പറയും) ഏഷ്യക്കാരില്‍
ജെംഘിസ്‌ ഖാന്റെ ജീനുകള്‍ ഉണ്ടെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍. എപ്പടി? (
ഹിറ്റ്ലര്‍ എത്ത്നിക്ക്‌ ക്ലെന്‍സിംഗ്‌ നടത്താന്‍ ശ്രമിച്ചു തോറ്റു,
ജംഘിയണ്ണന്‍ എത്നിക്ക്‌ മേര്‍ജര്‍ ബലാത്സംഗം വഴി പരീക്ഷിച്ചു ജയിച്ചു )

വക്കാരീ, പൊന്നപ്പാ, ലിങ്കെവിടെ വേണമപ്പാ?

ഡാലി,
സോവിയറ്റ്‌ നാട്‌ രസമുള്ള മാസികയായിരുന്നു, പക്ഷേ സ്പുട്ട്നിക്ക്‌
എന്റമ്മോ. ഏറ്റവും ഇഷ്ടം അവരുടെ ബാലസാഹിത്യമാണ്‌. എന്നെ വായനക്കാരന്‍
ആക്കിയ സോവിയറ്റ്‌ നാടോടിക്കഥകളെയും നികിതമാരെയും ചുക്കുഗെക്കന്മാരെയും
ഒക്കെ പറ്റി ബെന്നിയും പണ്ടെഴുതിയിരുന്നു.


സാജന്‍, നന്ദി.

സുനില്‍ മാഷേ, അപ്പോ രക്തരൂക്ഷിതം തെറ്റാണല്ലേ? രൂക്ഷിതം എന്നതിനു
എന്തെങ്കിലും വീണു വൃത്തികേടായത്‌ എന്ന അര്‍ത്ഥമുണ്ടെന്നാണു
വിചാരിച്ചിരുന്നത്‌. സംഭവം മാറ്റാം, നന്ദി.

അപ്പൂസേ, നന്ദി.

രാധേയാ.
രാഷ്ട്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും മാപ്പ്‌ പറച്ചില്‍ ബൂലോഗത്ത്‌
ഓഫടിക്കാന്‍ നേരം പറയുന്ന മാപ്പിന്റെ പോലെ ഒരര്‍ത്ഥവുമില്ലാത്തതാണ്‌.
സാഹചര്യത്തിനനുസരിച്ച്‌ എല്ലാവരും മാപ്പ്‌ പറഞ്ഞോളും.

ക്വിറ്റ്‌ ഇന്‍ഡ്യ സമരം തുടങ്ങിയ സമയം വളരെ പിഴച്ചതായിരുന്നു. ബ്രിട്ടനും
അമേരിക്കയും പോലെയുള്ള ഡൈ ഹാര്‍ഡ്‌ ആന്റി കമ്യൂണിസ്റ്റുകള്‍ വരെ ഏതു
സ്റ്റാലിനും പാലു കൊടുക്കാം, ലോകമൊന്നു രക്ഷപ്പെട്ടാല്‍ മതി എന്നു
തിരിച്ചറിഞ്ഞ്‌ കൂടെ കൂടി നില്‍ക്കുകയായിരുന്ന സമയം. ഇന്ത്യന്‍
കമ്യൂണിസ്റ്റുകള്‍ ചെയ്തത്‌ തെറ്റാണെന്ന് എനിക്കു തോന്നിയിട്ടില്ല.
മാപ്പ്‌ ഫാഷനാകുമ്പോള്‍ അവരും പറയട്ടെ.

ഏറ്റവും സഹിക്കാത്തത്‌ ജപ്പാന്റെ കൂടെ കൂടിയ നേതാജിയെയാണ്‌.
കഷ്ടകാലത്തില്‍ ആക്സിസ്‌ ഫോര്ഴ്സ്‌ ജയിച്ചിരുന്നെങ്കില്‍ ബ്രിട്ടീഷ്‌
കോളനി ഈസ്റ്റ്‌ ഇന്‍ഡ്യ സ്വപനത്തില്‍ പോലും സങ്കല്‍പ്പിക്കാനാകാത്ത
ജപ്പാന്‍ നരകക്കോളനി ആയേനെ. ഉറപ്പാണത്‌.

യുദ്ധത്തില്‍ വീഴും വരെ ജപ്പാന്റെ കോളനിയായും പിന്നെ യുദ്ധത്തില്‍
പിടിച്ചടക്കിയതും ഒക്കെയായ ഫിലിപ്പൈന്‍സ്‌, മഞ്ചുക്കോ മഞ്ചൂരിയ, മലേഷ്യ
വിയെറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെപ്പോലെ നമ്മുടെ പെണ്ണുങ്ങളും റിലീഫ്‌
ഗേള്‍സ്‌ ആയേനെ, നമ്മളും ഒഫീഷ്യലി സാധൂകരിച്ച അടിമകള്‍ ആയേനെ. ജപ്പാന്‍
അതിന്റെ കോളനികളില്‍
ചെയ്തുവന്നതിന്റെ നൂറിലൊരംശം ബ്രിറ്റീഷ്‌ അടിമത്തകാലത്ത്‌ ഇന്ത്യ
അനുഭവിച്ചിട്ടില. മൂലക്കുരു വന്നതിനു ഹോക്കി സ്റ്റിക്ക്‌ തറച്ചു
കയറ്റിയാല്‍ മതി എന്നജാതി ഒരു പരിഹാരം നേതാജി കണ്ടത്‌ എനിക്ക്‌ തീരെ
രസിച്ചില്ല.

ദീപു, നന്ദി
റഷ്യയിലെ തണുപ്പ്‌ വലിയൊരു ഫാക്റ്റര്‍ ആയിരുന്നു, പക്ഷേ ടൈം എലിമന്റ്‌
വളരെ പ്രധാനമായിരുന്നതിനാല്‍ ഹിറ്റ്‌ലര്‍ നിര്‍ബന്ധിതനായിപ്പോയി. പിന്നെ
അതുവരെ എല്ലാ രാജ്യങ്ങളും തോറ്റോടിയതിന്റെ അഹങ്കാരവും ഉണ്ടെന്നു കൂട്ടാം.
അതിലെല്ലാം ഉപരി, സ്റ്റാലിനൊഴികെ റെഡ്‌ ആര്‍മി പോലും
വിശ്വസിച്ചിരുന്നില്ല യുദ്ധം തൂടങ്ങുമ്പോള്‍ സോവിയറ്റുകള്‍ക്ക്‌ പിടിച്ചു
നില്‍ക്കാന്‍ ആവുമെന്ന്, അത്ര odds അവര്‍ക്കെതിരായിരുന്നു. അതിനിടയില്‍
വീണു കിട്ടിയ മഹാഭാഗ്യം- കത്യുഷ എന്ന മള്‍റ്റിപ്പിള്‍ റോക്കറ്റ്‌
ലോഞ്ചര്‍ കണ്ടുപിടിച്ചത്‌ നാസികളെ തുരത്തിയതിലും ബെര്‍ലിന്‍ വീണതിലും
വളരെ വളരെ വലിയൊരു പങ്കു വഹിച്ചു. ടീവി തീരെ കാണണ്ടെന്നു വച്ചതിനാല്‍
ഹിസ്റ്ററി ചാനലിലെ പരിപാടി എനിക്കു മിസ്സായല്ലോ.. നന്ദി

ഗന്ധര്‍വ്വരേ, നന്ദി. എന്താന്നറിയില്ല, ലാസ്റ്റ്‌ മൂന്നു പോസ്റ്റും
യുദ്ധത്തിന്മേലായിപ്പോയി. മറ്റുള്ളവരുടെ പോസ്റ്റുകളുടെ ഇന്‍ഫ്ലുവന്‍സില്‍
അങ്ങനെ അങ്ങു സംഭവിച്ചതാണേ, ഇനി പുതിയതെന്തെങ്കിലും തിരഞ്ഞെടുക്കാം

അത്തിക്കുര്‍ശി മാഷേ, നന്ദി.

ചിത്രകാരാ, നന്ദി
അപ്പു, നന്ദി
അരീക്കോടന്‍, നന്ദി.

വിമതന്‍,

താങ്കളുടെ കമന്റ്‌ ഇവിടെ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു! (ആള്‍ വളരെ സൌ‌മ്യനാണെന്നും മനസ്സിലാക്കി. ക്ഷോഭിച്ച ബോല്‍‌ഷേവിക്കിനെ പ്രതീക്ഷിച്ചു ഞാന്‍ ;))
വിമതനും കൂട്ടത്തില്‍ പരാജിതനും ചേര്‍ത്ത്‌ അടുത്ത കമന്റ്‌ ഞാന്‍ ഒരു പോസ്റ്റാക്കുന്നു.

അഭയാര്‍ത്ഥി said...

ഘനഗംഭീരങ്ങളായ ഈ ചരിത്രമെഴുത്തുകള്‍ നിര്‍ത്തിയേക്കല്ലെ ദേവന്‍ മാഷെ.

ജപ്പാന്‍ കാര്‍ ചെയ്തിട്ടുള്ള ക്രൂരതകളെ അപേക്ഷിച്ച്‌ ബ്രിട്ടീഷ്കാര്‍ ചെയ്തിട്ടുള്ളത്‌ എത്രയൊ തുച്ചം. നമ്മുടെ ഒറ്റുകാരും കൂട്ടികൊടുപ്പുകാരുമായ നാട്ടുകാര്‍ തന്നേയാണ്‌ ബ്രിട്ടീഷ്‌ ക്രൂരതകളെന്ന്‌ നാം അറിയുന്നവക്ക്‌ പുറകില്‍. ഈ സത്യം വിളിച്ചുപറയാനും വസ്തുനിഷ്ടമായി തെളിവുകള്‍ നിരത്തുവാനും സര്‍വോപരി ഉത്കൃഷ്ടമായ ഭാഷയില്‍ എഴുതുവാനും അങ്ങേക്കെ കഴിയു.

മൂലക്കുരുവിന്‌ ഹോക്കി സ്റ്റിക്കെന്ന തീരുമാനം തന്നേയാണ്‌ നേതാജി എടുത്തത്‌. പോരാട്ടത്തിന്റെ ഉദ്ദേശ ശുദ്ധി ഒഴികെ ന്യായീകരിക്കപ്പെടാത്തതാണ്‌ നേതാജി പിടിച്ച പക്ഷം.

എന്റെ പെന്‍സിലൊടിക്കുന്ന കാര്യമാണേ ഞാന്‍ പറഞ്ഞത്‌.

Kaithamullu said...

പല കാര്യങ്ങളിലും സമാന മനസ്ഥിതി പുലര്‍ത്തുന്നതുകൊണ്ടായിരിക്കാം വായന, ആ വിചാരങ്ങളും, ഹൃദ്യമായിത്തോന്നി.
-എഴുതിക്കൊണ്ടിരിക്കൂ!

e'PEN said...

Hai Mr. Devan Congratulations for your Blogg Devapdham, Eapen from DXB