Tuesday, June 12, 2007

വടക്കന്‍ പാട്ടുകളുടെ കാലം

വടക്കന്‍ പാട്ടുകളുടെ കാലം ആരൊക്കെയോ എവിടെയൊക്കയോ പറഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഞാന്‍ മിക്കതും വായിച്ചിട്ടില്ല. ഉള്ളൂര്‍ അത് ആറാം നൂറ്റാണ്ടാണെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് ഞാന്‍ മറ്റൊന്നും ആശ്രയിക്കാതെ അവയുടെ രചനാ രീതി, ചരിത്ര പശ്ചാത്തലം എന്നിവയെ കേരളചരിത്രവുമായി മാച്ച് ചെയ്ത് കാല നിര്‍ണ്ണയം നടത്താന്‍ ഒരുമ്പെടുന്നു. റെഫറന്‍സിനു പറ്റിയ പുസ്തകങ്ങള്‍ തല്‍ക്കാലം കയ്യിലില്ല, അതുകൊണ്ട് ഓര്‍മ്മയില്‍ ഉറച്ചു നില്‍ക്കുന്ന കാര്യങ്ങള്‍ മാത്രമെടുത്തുള്ള ഒരു ശ്രമമാണിത്.

രചനാരീതി:
പതിറ്റുപ്പത്ത്, പുറനാനൂറ് എന്നിവയില്‍ അകനാനൂറിലെ പ്രണയവും കൂട്ടിച്ചേര്‍ത്താല്‍ വടക്കന്‍ പാട്ടുകളുടെ ശൈലി ആയി! സംഘകാല കൃതി എന്ന രീതിയില്‍ വടക്കന്‍ പാട്ടുകളെ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഈ ശൈലിയും ഭക്തി പ്രസ്ഥാനത്തിന്റെ കണിക പോലും പാട്ടുകളില്‍ ഇല്ലാത്തതുമാണ്‌.

അതിന്റെ ഭാഷയെക്കുറിച്ച് സിബു ഉന്നയിച്ചിരിക്കുന്ന സംശയം പ്രധാനപ്പെട്ട ഒന്നാണ്‌. ഇന്നു കാണുന്ന വടക്കന്‍ പാട്ടുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷയാണ്‌, കാരണം അവ തലമുറകളിലേക്ക് വാമൊഴിയായി വന്നു ചേര്‍ന്നവയാണ്‌. സംഘകാലത്തെ മലയാളത്തിലെ മറ്റു പാട്ടുകള്‍ ഒറിജിനല്‍ ഭാഷയിലേടുത്തു നോക്കാം:
കോളരി പാട്ടിന്റെ ഒരു വരി (സ്ക്രിപ്റ്റ് വട്ടെഴുത്ത്, ചട്ടമ്പി സ്വാമിയുടെ പ്രാചീന മലയാളത്തില്‍ ‍ ഉദ്ധരിച്ചിട്ടുള്ളത്, ഓര്‍മ്മയില്‍ നിന്ന്, പദങ്ങള്‍ മാറിയിട്ടില്ലെങ്കിലും ഓര്‍ഡര്‍ മാറിയിട്ടുണ്ടാവും)
"വളി, പുനല്‍, കാന്‍ വിശുമ്പും"
ഇന്നും കോളരിപ്പാട്ട് നിലനിന്നിരുന്നെങ്കില്‍ ഈ വരി
" കാറ്റും കടലുംനടുങ്ങീ അവന്റെ പൗരുഷം കാണെ.." എന്നോ മറ്റോ ആകുമായിരുന്നു.

മൊഴിയുടെ പരിണാമത്തില്‍ കഥയും അതിന്റെ പശ്ചാത്തലവും മാറുമോ? മാറുമെങ്കില്‍ ഇന്നത്തെ രൂപത്തിലെ വടക്കന്‍ പാട്ടുകളെ ചരിത്രത്തിലേക്ക് map ചെയ്താല്‍ പത്തൊമ്പതാം നൂറ്റാണ്ടെങ്കിലും കിട്ടുമല്ലോ? നമുക്കൊന്നു ശ്രമിക്കാം:

ഈ പാട്ടുകള്‍ എന്താണു പറയുന്നത്? നാടുവാഴികളും ദേശവാശികളും ഭരിക്കുന്നൊരു കേരളം (ആദ്യചേരകാലത്ത് അത് നിലവില്‍ വന്നിട്ടില്ലായിരുന്നു കോലത്തിരിയുടെയും സാമൂതിരിയുടെയും ഭരണത്തോടെ ആ സമ്പ്രദായം പോയി.) ഹിന്ദു മതക്കാരും ഇസ്ലാം മതക്കാരും ഉണ്ട്, എന്നാല്‍ ബുദ്ധ/ജൈനരെക്കുറിച്ചു പറയുന്നില്ല. അമ്പലങ്ങളിലെ പൂജാരികള്‍ക്ക് പ്രസക്തി കൊടുത്തു കാണുന്നില്ല, ചെട്ടികളും പട്ടന്മാരും ഒക്കെവരുന്നുണ്ട്, പക്ഷേ പാട്ടുകളില്‍ നമ്പൂതിരി ഇല്ല, യൂറോപ്യരില്ല, അതിനെക്കാള്‍ ഒക്കെ ശ്രദ്ധേയം കളരിപ്പയറ്റുകാരുടെ മഹാ സംഘര്ഷവും വീരശൂരത്വ പ്രകടനവും ആയിരുന്ന മാമാങ്കം വടക്കന്‍ പാട്ടുകളില്‍ ഇല്ല. അതുണ്ടായിരുന്ന കാലത്താണെങ്കില്‍ ഒരു ചേകവനോ കുറുപ്പോ മാപ്പിളയോ മാമാങ്കത്തിനു പോയി ജയിച്ചതോ ചതിയില്‍ പെട്ടതോ ആയ ഒരു പാട്ടെങ്കിലും കാണാതിരിക്കുമോ?



വ്യക്തമായും ഒമ്പത്, പത്ത്, പതിനൊന്നാം നൂറ്റാണ്ടുകള്‍ക്കിടയില്‍ നില്‍ക്കുന്നു പാട്ടുകള്‍ പറയുന്ന കാലം എന്ന് നമുക്ക് കാണാം

കഥയില്‍ കാണുന്ന സംഭവങ്ങളെയും വളരെ കുറച്ചല്ലാതെ അതിശയോക്തി ചേര്‍ത്തിട്ടുണ്ടാവാം, ഉദാഹരണം, പത്താം നൂറ്റാണ്ടോടെ വെടിമരുന്ന് പ്രചാരത്തിലായെങ്കിലും അക്കാലം ഒന്നോ രണ്ടോ എന്നല്ലാതെ തുളുനാടന്‍ കോട്ടയില്‍ ഒരു പീരങ്കി ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത് കടന്ന പ്രയോഗമാവാം. ഒരു പക്ഷേ വടക്കന്‍ പാട്ടുകളിലെ വീരന്മാര്‍ സാങ്കല്പിക കഥാപാത്രങ്ങള്‍ തന്നെ ആവാം ( പതിറ്റുപ്പത്തില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളാണെങ്കില്‍ അകനാനൂറില്‍ അത് സാങ്കല്പ്പിക മനുഷ്യര്‍ ആയിരുന്നെന്ന് എന്റെ ഊഹം, രണ്ടും വടക്കന്‍ പാട്ടുകളില്‍ വരാം) എന്നാല്‍ അതുപയോഗിച്ചു കാലവും ജീവിതരീതിയും നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം വലിയ പങ്കൊന്നും വഹിക്കുന്നില്ല.

14 comments:

കണ്ണൂരാന്‍ - KANNURAN said...

നല്ല ഉദ്യമം. ഇതൊന്നാം ഭാഗമല്ലെ.. ബാക്കി പിറകെ ഉണ്ടാവില്ലെ..

ദേവന്‍ said...

ദേവപഥം - Devapadham: മിസ്സിങ് ലിങ്ക്
എന്ന പോസ്റ്റിന്റെയും
ദേവപഥം - Devapadham: ശങ്കരന്റെ വാല്‍ , ചേരന്റെ വേല്‍ തുടങ്ങിയവയെപ്പറ്റി.
എന്ന രണ്ടാം ഭാഗത്തിന്റെയും തുടര്‍ച്ചയാണിതു കണ്ണൂരാനേ, ഉവ്വ്. ഇനിയും തുടരും.

Kaithamullu said...

വായിച്ചു.
അഭീപ്രായം പറയാ‍ന്‍ മാത്രം പരന്ന വായനക്കുടമയല്ലല്ലോ, ഞാന്‍!

Physel said...
This comment has been removed by the author.
Physel said...

ഹ...ഒരു മുറിച്ചുരിക നിലവറയില്‍ ഇപ്പോഴും അനങ്ങിക്കൊണ്ടിരിക്കുന്നല്ലോ ദേവരാഗച്ചേകവരേ എന്നു പറയാനിരിക്കുകയായിരുന്നു. പോട്ട്

ഇതു മൊത്തത്തില്‍ ഒന്നു ഇനം തിരിച്ചെടുക്കാന്‍ ഒരു രാത്രിയിലെ ഉറക്കം മാറ്റിവെക്കേണ്ടിവരും... വ്യാഴാഴ്ച നോക്കാം! ഒറ്റനോട്ടത്തില്‍ ഓര്‍മ്മവന്നവ.

സാമൂതിരിയെപറ്റി വടക്കന്‍പാട്ടില്‍ എവിടെയോ പരാമര്‍ശമുണ്ട്....എവിടെ എന്നു തപ്പിയെടുക്കണം.
പിന്നെ ഞാന്‍ മുന്നെ സൂചിപ്പിച്ച ലോകനാര്‍കാവിന്റെ കാര്യവും. ലോകനാര്‍കാവ് കടത്തനാട്ടേക്ക് പറിച്ചു നട്ടിട്ട് 500 വര്‍ഷങ്ങളേ ആയുള്ളൂ എന്നാണറിവ്! അതും കണക്കിലെടുക്കണമല്ലോ നമുക്ക്. (വിക്കിയില്‍ ലോകനാര്‍കാവിനെ കുറിച്ച് പറയുന്നിടത്ത് അതിനു 1500 വര്‍ഷം പഴക്കം എന്നു പറയുന്നുണ്ട്...അത് പക്ഷേ ഒറിജിനല്‍ ലോകനാര്‍കാവിനെക്കുറിച്ചായിരുന്നു എന്നു തോന്നുന്നു. പിന്നീട് കടത്തനാട്ടേക്കു കുടിയേറിയ ആര്യന്മാര്‍ കൂടെ ആവാഹിച്ചു കൊണ്ടുവന്ന് കുടിയിരുത്തി എന്നു വിശ്വസിക്കപ്പെടുന്ന ദുര്‍ഗാ പ്രതിഷ്ഠയാണവിടെ. ഈ സംഭവം നടന്നിട്ട് 500 വര്‍ഷത്തോളമേ ആയുള്ളൂ എന്നാണ് വാദം)പിന്നെ വടക്കന്‍ പാ‍ട്ടില്‍ നമ്പൂതിരിമാരെക്കുറിച്ച് പരാമര്‍ശമില്ല എന്നതും ശരിയല്ലെന്നു തോന്നുന്നു. അതും ഇപ്പോ ചുമ്മാ ഒഴുക്കനായി പറഞ്ഞതാണേ. വിശദമായി നോക്കിയിട്ട് പിന്നെ വരാം. (അടുത്ത വലിയ പെരുന്നാളിന്......!!!)

Vempally|വെമ്പള്ളി said...

കുറെനാളു കൂടി ദേവഗുരുവിന്‍റെ ഒരു പോസ്റ്റ് വായിച്ചു. തീര്‍ച്ചയായും അറിയാനാഗ്രഹമുള്ള കാര്യങ്ങളാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി വല്യ വിവരമില്ലാത്തതിനാല്‍ കുറെ ആലോചിച്ച് ഒരു ഇന്‍റലിജന്‍റ് അഭിപ്രായം പറയുന്നില്ല.
ഗുരുവിനു വന്ദനം

പുള്ളി said...

വായിക്കുന്നുണ്ട്.
ഓഫ്: ഇല്ല.

നന്ദു said...

ദേവന്‍, ഞാന്‍ മുന്‍പു പറഞ്ഞതുപോലെ തന്നെ ഒരു ഫിക്ഷന്റെ ഭാഗമായിത്തന്നെ കണ്ടാല്‍, ഈ നമ്പൂതിരിമാരെയും മറ്റും മന:പൂര്‍വ്വം ഒഴിവാക്കിയതായിക്കൂടെ?., സമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ മാത്രമായ ചുറ്റുപാടുകള്‍ക്ക് പ്രാധാന്യം നല്‍കി എഴുതപ്പെട്ട മോഹങ്ങളുടെ/സ്വപ്നങ്ങളുടെ (മോഹഭംഗങ്ങളുടേയും)കഥ ആയിക്കൂടെ വടക്കന്‍ പാട്ടുകള്‍.
എനിക്ക് സ്വപ്നത്തില്‍ ഇന്ത്യന്‍ പ്രസിഡന്റാകാം അവിടെ ഞാന്‍ ഇപ്പോഴത്തെ പ്രസിഡന്റിനെ കാണുന്നില്ല പകരം ഇന്ദ്രപ്രസ്ഥത്തില്‍ ഞാനും എന്റെ “മച്ചമ്പി“മാരുമെയുള്ളു അതുപോലൊരു കഥ?

Unknown said...

ദേവേട്ടാ,
എല്ലാം വായിക്കുന്നുണ്ട്.

ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇത്തരം പഠനങ്ങള്‍ തമസ്ക്കരിക്കപ്പെട്ട ചില സത്യങ്ങള്‍ വരും തലമുറയ്ക്കെങ്കിലും കാട്ടിക്കൊടുക്കാന്‍ പര്യാപ്തമാകട്ടെ എന്നാശംസിക്കുന്നു.

മൂര്‍ത്തി said...

ദേവാ,
ഏപ്രില്‍ 2007 ലക്കം വിജ്ഞാനകൈരളി(ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം)യില്‍ “വടക്കന്‍ പാട്ടുകളും പ്രാദേശിക ചരിത്രവും” എന്ന ലേഖനത്തില്‍ ഡോ.കെ.കെ.മുസ്തഫ പുത്തുര്‍ (പ്രിന്‍സിപ്പല്‍, എന്‍.എ.എം.കോളേജ്, കള്ളിക്കണ്ടി, തൂവക്കുന്ന്, കണ്ണൂര്‍-670693) തച്ചോളി ഒതേനന്റെ ജീവിതകാലമായി പറയുന്നത് 1584-1616 ആണ്. അതിനദ്ദേഹം പ്രത്യേകിച്ച് റഫറന്‍സ് ഒന്നും കൊടുത്തിട്ടില്ല. അക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള സമുദായഭേദമോ വിഭാഗീയതയോ അക്കാലത്ത് നിലവിലിരുന്നതായി വടക്കന്‍പാട്ടുകളില്‍ സൂചനയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒതേനനും ജ്യേഷ്ഠന്‍ കോമക്കുറുപ്പും നായര്‍ സമുദായക്കാരാണെങ്കില്‍, ആരോമല്‍ച്ചേകവര്‍ ഈഴവ സമുദായക്കാരനായിരുന്നു. സാധാരണക്കാരായ നിരവധിപ്പേരുടെ പേരുകളും വടക്കന്‍ പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് (ഉദാ:ചെട്ടി, മലയന്‍, പുള്ളുവന്‍, ജോനകന്‍, കൊല്ലന്‍)ഫ്യൂഡല്‍ സാഹചര്യങ്ങളിലും ഇത്തരക്കാര്‍ക്ക് ശബ്ദമുണ്ടായിരുന്നതായി നിസ്തര്‍ക്കം ബോദ്ധ്യമാവുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പക്ഷേ അതേ ലേഖനത്തില്‍ത്തന്നെ ഒതേനനും കതിരൂര്‍ ഗുരുക്കളുമായി (മതിലൂര്‍ ഗുരുക്കള്‍ എന്ന് ലോഗനും പാട്ടുകഥയും പറയുന്നു) ഒതേനന്‍ ഇടഞ്ഞപ്പോള്‍ പറയുന്നത് ജാതിയില്‍ കുഞ്ചാരനായ, കുലത്തില്‍ താഴ്ന്നവനായ ഗുരിക്കളോട് താന്‍ ആചാരം ചെയ്യുകയില്ല എന്നാണ്. അല്പം വൈരുദ്ധ്യം ഇല്ലേ?

ഡാലി said...

ദേവന്‍ (ഏട്ടയെ കളഞ്ഞു),
വായിക്കുന്നു.
ഫിക്ഷന്റെ ഭാഗമായി കണ്ടൂടെ എന്ന ചോദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ലോജികിലായ്മ.
ഒരാള്‍ മാത്രം അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് മാത്രം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ എഴുതിയതാണെങ്കില്‍ മനപൂര്‍വ്വം ഒരു സമുദായത്തെ അല്ലെങ്കില്‍ ഒരാളേ മാറ്റി നിര്‍ത്തുക എളുപ്പം.വടക്കന്‍ പാട്ടുകള്‍ അങ്ങനെ ഒരാളോ ഒരു ഗ്രൂപ്പോ എഴുതിയതല്ല. ഒരു കാലത്തെ ഒരു പാട്ട് രീതി ആയിരുന്നു അത് (അല്ലെ?). സംഘടിത ഉദ്ദേശ്യം ഇല്ലായിരുന്നെങ്കില്‍ അങ്ങനെ ഒരു സമുദായത്തെ മാത്രം മാറ്റുക 99% അസംഭ്യവ്യമാണ്. (1% എന്ന സാദ്ധ്യത ഒന്നിനും ഒഴിവാക്കാനാവാത്തതും ആണ്.)
ആധികാരികമായി വടക്കന്‍ പാട്ടിനെ കുറിച്ച് എനിക്ക് പറയാന്‍ അറിയില്ല. മേല്‍ പറഞ്ഞ 100% ഭാവന (ഫിക്ഷന്‍) എന്ന ആശയത്തിനെതിരെ ചെയ്യാന്‍ പറ്റുക വടക്കന്‍ പാട്ടുകള്‍ സംഘടിത ശ്രമമായിരുന്നോ എന്ന് അന്വേഷിക്കലാണ്.(അല്ല എന്നാണ് എനിക്ക് മനസ്സിലായിരിക്കുന്നത്)

കാളിയമ്പി said...

ദേവേട്ടാ എനിയ്ക്ക് ഇതില്‍ യാതൊരു വിവരവുമില്ല..(മറ്റുള്ള കാര്യങ്ങളിലുണ്ടോ എന്നു ചോദിയ്ക്കരുത്..):)

ബുദ്ധമതം ഇല്ല എന്നുള്ളത് - ഒമ്പതാം നൂറ്റാണ്ടിനു ശേഷം (ചാര്‍ട്ടില്‍) എങ്ങനെയെന്ന് മനസ്സിലായില്ല.ഒമ്പതാം നൂറ്റാണ്ടിനു ശേഷം കേരളത്തില്‍ ബുദ്ധമതം ഒട്ടും തന്നെ നിലവിലിരുന്നില്ല എന്നാണോ.

ഇനി പറയുന്നത് ഈ പോസ്റ്റില്‍ ഓഫ്..മുഴുവന്‍ പോസ്റ്റിലൂടെ ഓണ്‍:)

വടക്കന്‍ പാട്ടുകളില്‍ ചേകവരുടെ ആരാധനാ രീതിയെന്താണെന്ന് വല്ല സൂചനയുമുണ്ടോ?

( ഉണ്ണി ഗണപതി തമ്പുരാനേ.. അങ്കക്കരിനാഗ ദൈവങ്ങളേ.. എന്ന ആധുനികന്‍‍ മദ്രാസു പാട്ട്(വീരഗാഥ) കേട്ട ശീലമേ എനിയ്ക്കുള്ളൂ..)

ശ്രീലങ്കയില്‍ നിന്നും വന്നവരും വടക്ക് നിന്നു വന്നവരുമായ ബൗദ്ധര്‍ കേരളത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന സമൂഹവുമായി ലയിച്ച് (ഒരു പരിധി വരെ) അവരുടെ തനത് സ്വത്വം വെടിഞ്ഞ് ഈഴവരായി നിലകൊണ്ടു എന്നൊരു വാദം കേട്ടിരിയ്ക്കുന്നു..ആയോധന പാരമ്പര്യവും വൈദ്യപാരമ്പര്യവുമൊക്കെ അതില്‍ നിന്നു വന്നതാണെന്നും വടക്ക് തീയരെന്നും തെക്ക് ഈഴവനെന്നും തണ്ടാനും ചെത്തുകാരനുമുള്‍പ്പെടെയുള്ളവരുമൊക്കെ അതില്‍ നിന്നു വന്നതെന്നും വായിച്ചിട്ടുണ്ട്.

പറഞ്ഞ് വന്നത് ആ വാദം ശരിയെങ്കില്‍ സ്വാഭാവികമായി നിലവിലുണ്ടായിരുന്ന ഒരു സിസ്റ്റത്തില്‍ ചാതുര്‍ വരേണ്യമെന്ന തൊഴിലാളി കര്‍ഷകന്‍ പട്ടാളക്കാരന്‍ ബുദ്ധിജീവി വര്‍ഗ്ഗീകരണത്തിന്റെ വികലാനുകരണം പിന്നീട് ഫ്യൂസ് ചെയ്യിച്ചതെന്നതിന് അതും ഒരു തെളിവാണ്.

ഒരിയ്ക്കലും ഇത്തരമൊരു ചര്‍ച്ചയില്‍ ചെയ്യാന്‍ പാടില്ലാത്തത് ഞാന്‍ ചെയ്തു..എല്ലാവരും ക്ഷമിയ്ക്കുക..ഊഹാപൊഹയങ്ങളും കേട്ടറിവുകളും റഫറന്‍സില്ലാതെ വിളമ്പി..:)റഫറന്‍സുണ്ടെങ്കില്‍ ആരെങ്കിലും തരുമല്ലോ..

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ഇതിനൊക്കെ രെഫരന്‍സു ചോദിച്ചാല്‍ കിട്ടിയെന്നു വരില്ല.
പുരാണങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും അച്ചടിക്കപ്പെട്ടു എന്ന റഫരന്‍സു മാത്രമേ ഉള്ളു.
അതുപോലെത്തന്നെയാണ്‌ നശിപ്പിക്കപ്പെട്ട ചരിത്രവും.

അതിനാല്‍ ബ്ലൊഗില്‍ കേട്ടുകേല്വിയും ഊഹങ്ങളും മുങ്കൂര്‍ ജാമ്യമെടുത്ത്‌ പറയാം.


ശ്രീമാന്‍ ദേവേട്ടന്‍,
ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.
കൈത പൊത്തില്‍ വച്ചിട്ടുണ്ട്‌.
ഒന്നു വായിക്കണെ.
http://www.muthapan.blogspot.com/

Cibu C J (സിബു) said...

ദേവാ,

മൂന്നു തരം ലോജിക്കുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌.

X എന്ന സംഭവം ഉണ്ട്‌ അത്‌ x നൂറ്റാണ്ടിന് ശേഷമാണ്
Y എന്ന സംഭവം ഉണ്ട് അത്‌ y നൂറ്റാണ്ടിനുമുമ്പാണ്
Z എന്ന സംഭവം ഇല്ല; അതിനാല്‍ z നൂറ്റാണ്ടിനു മുമ്പാണ്

ഇതിലെ X ലോജിക്ക് തീര്‍ച്ചയായും ശരിയാണ്. എന്നാല്‍ Y, Z എന്നിവയില്‍ എനിക്ക്‌ അത്ര ഉറപ്പില്ല.

Y: കോലോത്ത്‌ നാടിനെ പറ്റി പറയുന്നതിനാല്‍ ‘കളിയാട്ടം’ സിനിമ 9-ആം നൂറ്റാണ്ടിലെതാവുമോ? പണ്ടുള്ളവര്‍ ആനുകാലിക സംഭവങ്ങളെ പറ്റി മാത്രം പാട്ടെഴുതി, ആധുനികന്‍ മാത്രം പുരാണങ്ങളെ പറ്റിയെഴുതി എന്ന ലൈന്‍ ശരിയാണോ?

Z: ഇതിനെ പറ്റി പലരും പറഞ്ഞു കഴിഞ്ഞു. ഒരു സംഭവം ഒരു കഥയിലില്ല എന്നതിനാല്‍ അത്‌ അക്കാലത്തുണ്ടായിരുന്നില്ല എന്ന്‌ പറയുന്നത്‌ ശരിയാണെന്ന്‌ തോന്നുന്നില്ല. അത്‌ ആ കഥയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിന് സാമുദായികമോ രാഷ്ട്രീയമോ ആയ കാര്യങ്ങള്‍ പലതുണ്ടാവാം. ആ കാലഘട്ടത്തെ പറ്റി അത്ര കൃത്യമായി അറിയുന്നവരല്ലല്ലോ നമ്മള്‍.