Monday, March 2, 2009

എന്താണിപ്പോള്‍ സ്വപ്നം കാണുന്നത്?

ആര്‍. ബാലകൃഷ്ണപിള്ളയുടെ എന്നെസ്സ് പ്രസംഗം കണ്ട് ഒഴുക്കിനൊപ്പം നീങ്ങുന്ന ഉണ്ണിയുടെ സ്റ്റൈലില്‍ ഗൂഗിളിനോട് മാടമ്പി എന്നു തിരക്കി. മുമ്പേ വന്നത് - മോഹന്‍ലാല്‍ ഇന്‍ ആന്‍ഡ് അസ് മാടമ്പി.

ശരാശരി കൊമേര്‍ഷ്യല്‍ സിനിമ സാധാരണക്കാരന്‍ കാണുന്ന സ്വപ്നങ്ങള്‍ റിബ്ബണാക്കിയതാണ്‌. സ്ലം ഡോഗ് മില്യണയറാകുന്നതരം ഭക്തകുചേലക്കഥകള്‍ എന്നും ഹിറ്റാകുന്നതിന്റെ ഒരു കാരണമതഅണ്‌. ആലിപ്പഴം പോലെ ഞാവല്പ്പഴം പോലെ ആയിരം പൊന്‍‌പണം വീണുകിട്ടുന്ന സ്വപ്നമാണല്ലോ മനുഷ്യനെ സൂപ്പര്‍ ലോട്ടോ കളിപ്പിക്കുന്നത്.

മലയാളം സിനിമ തുടങ്ങുന്ന സമയം സ്ഥിരം ഹരികഥകളും വീരഗാഥകളുമൊക്കെയായിരുന്നു. അവിടെനിന്ന് അത് ശിവാജിഗണേശന്‍ സ്റ്റൈലില്‍ നീതിക്കുവേണ്ടി സ്വയം ബലികൊടുക്കുന്ന നായകനില്‍ ചുറ്റിത്തിരിഞ്ഞു ഒരുപാടുകാലം. ചേരിയില്‍ നിന്നും കൂലിപ്പണിയെടുത്തും അല്പ്പസ്വല്പ്പം തെമ്മാടിത്തരവും നിയമവിരുദ്ധപ്പണിയും ചെയ്ത് കോടീശ്വരനാകുന്ന സ്വപ്നം ജയന്‍ കാലത്തോടെ ശക്തമായി. വീരാരാധന സിംഗപ്പൂരില്‍ നിന്നും ഒരു കപ്പല്‍ നിറയെ വജ്രവുമായി വരുന്നവനെ കൊള്ളയടിച്ച് പാവങ്ങള്‍ക്കുവേണ്‍റ്റി ജീവിക്കുന്ന കായംകുളം കൊച്ചുണ്ണിയിലേക്ക് തിരിഞ്ഞു.സാധാരണക്കാരന്റെ ജീവിതത്തില്‍ അസാധാരണ സംഭവങ്ങളുമായി വരുന്ന പെണ്ണ്, വെറുതേ കുത്തിയിരിക്കുന്നവനെ കൊല്ലാന്‍ ബോംബേയില്‍ നിന്നു വണ്ടിപിടിച്ചു വന്നവന്‍ എന്നൊക്കെയായി പിന്നെ.

സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ എന്തും കാണിക്കുന്നവന്‍- ഇന്നത്തെ സൂപ്പര്‍താരങ്ങള്‍ സ്വപ്നം ഏറ്റെടുത്തപ്പോള്‍ അതങ്ങനെയായിരുന്നു. ആദ്യമൊക്കെ ഒരു പൊയറ്റിക് ജസ്റ്റിസ് ഉള്‍ക്കൊള്ളിക്കാന്‍ കഥയെഴുത്തുകാര്‍ ശ്രമിച്ചിരുന്നു - ഉയരങ്ങള്‍ കീഴടക്കാന്‍ കൊല നടത്തുന്നവനെ അവസാന നിമിഷത്തില്‍ അടിതെറ്റിക്കണം. അധോലോകങ്ങളുടെ രാജകുമാരന്‍ ഒടുക്കം പോലീസിന്റെ വെടിയുണ്ടയില്‍ തീരണം.

ജനത്തിനതും മടുത്തു. അവനിതെല്ലാം ചെയ്ത് സസുഖം വാഴണം. അവനു കള്ളുകുടിച്ച് കണ്ടവനെയൊക്കെ തല്ലി സാമൂഹ്യവിരുദ്ധനായി ജീവിക്കണം, അങ്ങനെ ഇരിക്കുമ്പോള്‍ തന്നെ ഇഷ്ടമുള്ള പെണ്ണുങ്ങളും അവനെ സ്നേഹിക്കണം. ചിരഞ്ജീവിയും ദീഘസുമംഗലിയുമായി അങ്ങനെ ദേ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍ വേണം.

എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വല്യാപ്പയുമൊന്നിച്ചാണ്‌ ദേവാസുരം കാണാന്‍ പോയത്. കാര്‍ന്നോര്‍ അങ്ങനെ മംഗലശ്ശേരി തറവാട്ടില്‍ പുനര്‍ജനിച്ച്, ശത്രുക്കളെ ക്വട്ടേഷന്‍ പാര്‍ട്ടിയെ വിട്ടു കൊല്ലിച്ച്, അതു ചോദിക്കാന്‍ വന്നവനെ വഴിയിലിട്ടു തല്ലി, ഉത്സവത്തിനു നൃത്തം ചെയ്യാന്‍ വന്ന പെണ്ണിനെ തട്ടിക്കൊണ്ട് വന്ന് വീട്ടിലിട്ട് ഡാന്‍സ് കളിപ്പിച്ച് രസിക്കുകയായിരുന്നു. അപ്പോഴാണ്‌ നീലാണ്ടന്റെ വീടുവില്‍ക്കാനുണ്ടോ എന്നന്വേഷിച്ച് പണ്ട് ദരിദ്രനായിരുന്ന ഒരാശ്രിതന്റെ ഗള്‍ഫില്‍ പോയി പണക്കാരനായ മകന്‍ വരുന്നത്. നീലന്‍ "നിനക്കെങ്ങനെ ധൈര്യം വന്നെടാ, നിന്റെ ഫാദര്‍ജിയെ ഞാന്‍ ഈ മരത്തില്‍ കെട്ടിയിട്ടു തല്ലിയിട്ടുണ്ട്.." എന്നജാതി ഗീര്വ്വാണം തുടങ്ങിയപ്പോഴേക്ക് കാര്‍ന്നോരുടെ സ്വപ്നം ഠപ്പേന്ന് ഉടഞ്ഞുപോയി. അദ്ദേഹവും ഇതുപോലെ ചെറുപ്പത്തില്‍ കഷ്ടപ്പെട്ട് ഗള്‍ഫില്‍ പോയി കാശുകാരനായതാണ്‌! പെട്ടെന്ന് ദേ ആളുകൂടുവിട്ടു കൂടുമാറിപ്പോയി. നീലാണ്ടന്‍ ഇപ്പോ താനല്ല, എതിരാളിയാണ്‌. അയാള്‍ ജയിക്കുന്നതെങ്ങനെ സഹിക്കും ഇനി?

ടീം വര്‍ക്ക് ആയി നടക്കേണ്ട കാര്യങ്ങളില്‍ -പ്രത്യേകിച്ച് സാമൂഹ്യമേഘലയില്‍ നായകനും സില്‍ബന്ധികളുമൊഴികെ എല്ലാവരും പിഴച്ചവരും നശിച്ചവരും മണ്ടന്മാരും ആയതിനാല്‍ നിയമം കയ്യിലെടുത്തും സകലതിനെയും വെല്ലുവിളിച്ചും ഒക്കെ ശരിയാക്കുന്ന നായകന്‍ മറ്റൊരു സ്ഥിരം സ്വപ്നമായി. സമൂഹമില്ല, ഉണ്ടെങ്കില്‍ തന്നെ അതു കാല്‍ക്കാശിനു കൊള്ളുകയുമില്ല. ഞാന്‍, ഞാന്‍ മാത്രം.

അരിസ്റ്റോക്രസി പുനര്‍ജ്ജനിച്ചതും ഇതോടനുബന്ധിച്ചാണ്‌. പുരാതനതറവാട്ടിലെ, അല്ലെങ്കില്‍ മലമ്പ്രദേശമാകെ കൈയ്യേറി കോടീശ്വരനായ കൃസ്ത്യാനിയുടെ മകന്‍, വന്‍‌കിട കച്ചവടക്കാരനായ മുസ്ലീം ധനികന്റെ മകന്‍- നമ്മുടെ സൂപ്പര്‍ സ്വപ്നത്തിനു നിര്‍ബ്ബന്ധമായും ഒരു ആഢ്യത്തം വേണം.

മാടമ്പിയെന്നു കണ്ടപ്പോള്‍ ഇത്രയുമോര്‍ത്തുപോയതാണ്‌. ഏതുമാടമ്പിയാകാനാണ്‌ നമ്മള്‍ കൊതിക്കുന്നത്? നാണം മറയ്ക്കാന്‍ ശ്രമിച്ച പെണ്ണുങ്ങളുടെ ഉടുതുണിയൂരാന്‍ കൂലികളെ റോന്തുചുറ്റാന്‍ വിടുന്ന മാടമ്പിയെയോ? എന്നിട്ട് ഒടുക്കം അവരിലൊരുവള്‍ നമ്മളെ പ്രേമിക്കുകയും ആരാധിക്കുകയും കൂടി വേണം അല്ലേ? ഭൂമിവിട്ടുകൊടുക്കാത്തവന്റെ കൈയ്യും കാലും വെട്ടി കൊടിമരത്തില്‍ പ്രദര്‍ശിപ്പിച്ച മാടമ്പിയെയോ? കൂട്ടത്തില്‍ അവന്റെ മക്കള്‍ നമ്മളെ സിന്ദാബാദും വിളിക്കണം അല്ലേ? ഭൂരിപക്ഷത്തിന്റെ ഭരണകൂടം വരുതിക്കു വന്നില്ലെങ്കില്‍ അതിനെ മറിച്ചിടാന്‍ തുനിയുന്ന മാടമ്പിയെയോ? എന്നിട്ട് അവര്‍ നമ്മളെ അനുസരിച്ചും സ്നേഹിച്ചും ജീവിക്കുകയും വേണം അല്ലേ?

ഈ മാടമ്പിത്തം അവസാനിപ്പിക്കാന്‍ ഒത്തിരി ചോര കൊടുത്തവരുടെ തൊട്ടടുത്ത തലമുറകളിലുള്ള നമ്മളുടെ സ്വപ്നത്തില്‍ എവിടെനിന്നു വന്നു കയറി മാടമ്പി?

7 comments:

സുല്‍ |Sul said...

ദേവാ
ഇനി ഒരു മലയാള പടം പോലും കാണേണ്ടതില്ല. മലയാള പടങ്ങളുടെ ജനനം ബാല്യം കൌമാരം യവ്വനവും വാര്‍ദ്ദക്ക്യ്‌വും എല്ലാം അരച്ചു കലക്കിയിട്ടുണ്ടല്ലോ. ഇനി വാര്‍ദ്ദ്ക്യം പിടിച്ചവര്‍ അരങ്ങു വിട്ടിട്ടുവേണം ഒന്ന് യൌവന വീണ്ടെടുക്കാനെന്നു പറഞ്ഞ് മരണ ശ്വാസം വലിക്കുന്ന മലയാള സിനിമയുടെ നാള്‍വഴികള്‍.

-സുല്‍

കാളിയമ്പി said...

എവിടെയൊന്ന് പരസ്യം ചെയ്യും എന്നാലോചിച്ച് ഒരു മാസമായി ഉറങ്ങിയിട്ടില്ല. അപ്പോഴല്ലേ നല്ല പ്രൈം സ്പോട്ടിലൊരു വമ്പന്‍ ബില്‍ ബോര്‍ഡ്...

ഇതുവഴികൂടേ ഒന്നു പോയി നോക്കണേ

ഡേവേട്ടാ..പരസ്യം സഹിച്ചോ

ജയരാജന്‍ said...

അംബീ പ്രൈം സ്പോട്ടിൽ പരസ്യം ചെയ്താപ്പോരാ ലിങ്ക് ശരിയായോന്നൊന്ന് ക്ലിക്കി നോക്കണം. ഇതാ ശരിയായ ലിങ്ക് എന്നെപ്പറ്റിക്കാൻ നോക്കണ്ടാ... :)
അത് പറഞ്ഞപ്പോഴാ, മോഹൻലാൽ എന്ന നടന്റെ ആരാധകനായിരുന്ന സമയത്ത് കണ്ടത് കൊണ്ടായിരിക്കണം ‘ദേവാസുരം‘ എന്റെ ഇഷ്ട പടങ്ങളിൽ ഒന്നായിരുന്നു... :(

കാളിയമ്പി said...

കണ്ട ആക്രാന്തത്തില്‍ ഒരു പോസ്റ്ററൊറ്റിച്ച് ഓടിപ്പോയതല്ലേ. ജയരാജാ. നന്ദി..

ദേവേട്ടാ..ഈ മാടമ്പിത്തം ഇല്ലാതാക്കാന്‍ നമ്മളൊക്കെത്തന്നെ ഇനിയുമൊത്തിരി ചോരയോ വിയര്‍പ്പോ ഒഴുക്കേണ്ടിവരും..പിന്നെ മുതലാളിത്തത്തിന്റെ കുത്തൊഴുക്കുണ്ടായാല്‍ ..(ഒഴുക്ക് എന്നേ തുടങ്ങിക്കഴിഞ്ഞു.) പണം മാടമ്പിയാവും.

Kalesh Kumar said...

ദേവേട്ടാ, കഥകളിനിയുമുണ്ടാ‍കും.....
മാടമ്പികളുടെ എത്ര വെര്‍ഷനുകള്‍ വരാനിരിക്കുന്നു ഇനിയും!

പരാജിതന്‍ said...

ദേവാ,
പൊതുവേ ‘അച്ഛാ തീയേറ്ററില്‍ പോണം’ എന്നു പറഞ്ഞ് ആദിത്യന്‍ നിര്‍‌ബന്ധം പിടിക്കുന്ന അപൂര്‍‌വ്വം സമയത്ത് മാത്രം സിനിമ കാണാന്‍ പോകുന്ന ഞാന്‍ അമ്മാതിരി ഒരവസരത്തില്‍ ഈ ‘മോഹന്‍ലാല്‍ ഇന്‍ ആന്റ് ആസ് മാടമ്പി’ കണ്ടിരുന്നു. സംഗതി പ്രതീക്ഷിച്ച പോലെ, ദേവന്‍ പറഞ്ഞ പോലെയും, ഉന്നത്തകുലജാതനും വിധിവൈപരീത്യത്താല്‍ ചെറുപ്പത്തിലേ കടബാധ്യതകള്‍ ശിരസ്സേറ്റേണ്ടി വന്നവനും പിന്നീട് മലപോലെ വളര്‍‌ന്നവനും വക്കീല്‍ മുതല്‍ സോപ്പ്ചീപ്പ് വില്പനക്കാരന്‍ വരെയുള്ള, ഓച്ഛാനിച്ചു നില്‍ക്കുന്ന അനുചരവൃന്ദമുള്ളവനുമായ നായകന്റെ ദിഗ്വിജയകഥ തന്നെ. പക്ഷേ ഈ പടത്തിന് മോഹന്‍ലാലിന്റെ മറ്റു തട്ടുപൊളിപ്പന്‍ ‘അവതാര’പ്പടങ്ങളില്‍ നിന്നു കാര്യമായ ഒരു വ്യത്യാസമുണ്ട്. ഇതില്‍ മൂപ്പര്‍ ഒരു തൊഴില്‍ ചെയ്യുന്നുണ്ട് എന്നതാണ് ആ വ്യത്യാ‍സം. തൊഴില്‍ പലിശയ്ക്കു കൊടുപ്പാണെന്നു മാത്രം. എന്നാലും സാരമില്ല, അത്രയുമെങ്കിലുമായല്ലോ.

സാധാരണ മോഹന്‍‌ലാലിന്റെ അമാനുഷപരിവേഷസിനിമകളില്‍ അദ്ദേഹം എന്തെങ്കിലും പണിയെടുത്തു ജീവിക്കുന്നതായി കാണാറില്ല. (എക്സെപ്ഷന്‍‌സുമായി വരരുത്, ഫാന്‍‌സ്. പൊതുവേയുള്ള കാര്യമാണ് വിവക്ഷ.) ഒന്നുകില്‍ അപ്പനപ്പൂന്മാര്‍ ഉണ്ടാക്കിയ സ്വത്ത് വിറ്റു തിന്ന് അര്‍‌മ്മാദിച്ചു നടക്കുന്ന ഹീറോ. അല്ലെങ്കില്‍ മെറ്റീരിയല്‍ വേള്‍‌ഡ് മെറും മായ എന്നു വിശ്വസിക്കുന്ന ജ്ഞാനിയായ കൂലിത്തല്ലുകാരന്‍. കൂലിത്തല്ലെന്നു പറഞ്ഞാല്‍ ഏതെങ്കിലും എരപ്പയ്ക്കിട്ടു നാലു കീച്ചു കീച്ചിയാല്‍ മൂന്നു കോടി വേണോ മുപ്പതു കോടി വേണോ എന്നു ക്വട്ടേഷന്‍ കൊടുത്തവനെക്കൊണ്ട് ചോദിപ്പിക്കാന്‍ പാങ്ങുള്ള ആഢ്യന്‍! അതുമല്ലെങ്കില്‍ ചെയ്യുന്നത് ഇന്റര്‍‌നാഷനല്‍ ബിസിനസാണെന്ന് ആരുടെയെങ്കിലും ഡയലോഗ് വഴി മാത്രം വെളിപ്പെടുത്തിയാലും സ്ക്രീനില്‍ ചെയ്യുന്നത് പിച്ചാത്തി കയ്യിലുണ്ടെങ്കിലും ഒരാളെ ‘നേരെ ചൊവ്വേ’ കുത്താന്‍ പോലുമറിയാത്ത കൂതറച്ചട്ടമ്പികളെ തലങ്ങും വിലങ്ങുമടിക്കുന്ന പണി മാത്രം ചെയ്യുന്ന പണച്ചാക്കിന്റെ റോള്‍. ഒറ്റ വിരട്ടിലോ തല്ലിലോ മറിയുന്നത് കോടികള്‍. കുലത്തിന്റെ കാര്യത്തില്‍ യാതൊരു സന്ധിയുമില്ല അപ്പോഴും. (അധോലോകനായകന്റെ കാര്യം പ്രത്യേകം പറയുന്നില്ല. ആ കേസില്‍ പിന്നേം പറയേണ്ടി വരും)
എന്തായാലും നാട്ടിലുള്ള ക്വട്ടേഷന്‍ ടീമുകള്‍, അവരുടെ നേതാക്കള്‍ എന്നിവരുടെ സൈക്കി മോഹന്‍ലാലിന്റെ തിരജന്മങ്ങളുമായി ഒത്തു പോകുന്നുവെന്നത് ഒരു സത്യം മാത്രമാണ്. (‘സിനിമയില്‍ ബീഡി വലിച്ചാല്‍ കാണുന്നോ‍രെല്ലാം ബീഡി വലിക്കുമോ?’ എന്ന ചീളുചോദ്യവുമായി വരുന്നവര്‍‌ക്ക് വേണേല്‍ മറുപടി വേറേ തരാം, വേറേ ടൈമില്‍.) ഉദാഹരണങ്ങള്‍ നേരിട്ടറിയാം. കുറിയും തൊട്ട്, ഉത്സവവും നടത്തി, സകല കൂതറപ്പണക്കാരന്മാര്‍ക്കും ശിഖണ്ഡി രാഷ്ട്രീയക്കാരന്നുമൊക്കെ വേണ്ടി കൂലിത്തല്ല് ഓര്‍‌ഗനൈസ് ചെയ്തും നടത്തിയുമൊക്കെ കഴിയുന്നവന്മാര്‍‌ക്ക് ധാര്‍‌മ്മികപിന്തുണയായി മോഹന്‍ലാല്‍ വേഷങ്ങളുണ്ട്. അവയില്ലായിരുന്നെങ്കില്‍ ലവന്മാരൊക്കെ പുണ്യാത്മാക്കളായിരുന്നേനെ എന്നല്ല. സമൂഹത്തില്‍ അവര്‍‌ക്കു കിട്ടുന്ന സ്വീകാര്യത കൂടിയാണ് വിഷയം. പഴങ്കഞ്ഞി കട്ടു കുടിച്ചവനെ വളഞ്ഞു നിന്നിടിച്ചിരുന്ന നാട്ടില്‍ പലിശ കൊടുക്കാന്‍ വൈകിയവനെ തള്ളയ്ക്കു വിളിക്കുകയും തല്ലുകയും കടത്തില്‍ വാങ്ങിയ വണ്ടിയുടെ തവണ മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വണ്ടിയെടുത്തിട്ടു പോകുകയും ചെയ്യുന്നവന്‍ സ്വീകാര്യനും ഒട്ടൊക്കെയൊരു ഹീറോയുമായിത്തീര്‍‌ന്നതിന്റെ ക്രെഡിറ്റ് മോഹന്‍‌ലാലിനു കൂടി അവകാശപ്പെട്ടതാണ്. നസീറിന്റെ കാലത്ത് ചെറുപ്പക്കാര്‍ ‘പമ്പരവിഡ്ഢികളായ‘ അധോലോകക്കാരെ പിടി കൂടുന്ന ‘സുന്ദരവിഡ്ഢിയായ‘ സി ഐ ഡിയാകാന്‍ മോഹിച്ചു. ജയന്റെ കാലത്ത് കൌമാരക്കാര്‍ മാലമോ‍ഷ്ടാവെങ്കിലും പെങ്ങളെ ബലാത്സംഗം ചെയ്ത കഥ കേട്ട് മാനസാന്തരപ്പെടാന്‍ തയ്യാറുള്ള ശുദ്ധാത്മാവായ ക്രിമിനലാകാന്‍ ദാഹിച്ചു. മോഹന്‍‌ലാലിന്റെ കാലത്ത് അല്ലറ ചില്ലറ നമ്പരും തല്ലുമൊഴികെ ദൈനംദിനമുള്ള ‘മെയ്യനങ്ങല്‍’ ആവശ്യമില്ലാതെ അര്‍‌മ്മാദിക്കാന്‍ കഴിവുള്ള ഹീറോവാകാന്‍ കൊതിച്ചു. ഇതാണ് മലയാളം മെയിന്‍‌സ്ട്രീം സിനിമയുടെ ചുരിത്രം (ചരിത്രം ചുരുക്കിയത്). ബാക്കിയുള്ളതൊക്കെ വെറും ചില്ലറ സൈഡ് ഡിഷെസ്.

ബാക്കി പിന്നെ കമന്റാം. ഇപ്പോള്‍ തന്നെ മടുത്തു. :(

ഗുപ്തന്‍ said...

ഹരിയേട്ടന്‍ പറഞ്ഞതിനോട് ചേര്‍ത്ത്

ആറെസ്സെസ് ദിനങ്ങളെക്കുറിച്ച് ഉണ്ണി ആര്‍ എഴുതിയിരുന്നു ഈ അടുത്തിടെ. ശരീരം പരിപാലിക്കുന്നതില്‍ അതീവശ്രദ്ധ. സ്ത്രീകളുടെ സ്വഭാവം പോലെ ഉള്ള സാംസ്കാരിക ‘മൂല്യ’ങ്ങളോട് പരിഗണന. അമ്പലം/പള്ളി നടത്തിപ്പ്. ധനവും അധികാരവും ഉള്ളവരിലെ ഒരു പകുതിയുമായി അടുത്ത ബന്ധം. അഗ്രസ്സീവ് സോഷ്യല്‍ ഇന്‍‌വോള്‍വ്മെന്റ്. ‘സംഘകാല സാമൂഹികത’യുടെ മൂര്‍ത്തീഭാവവും ആകുന്നുണ്ട് മോഹന്‍ ലാലിന്റെ നായകന്‍ എന്നുസൂചിപ്പിക്കാന്‍ മാത്രം ഇത്.

സ്തീമൂല്യങ്ങളോടുള്ള സമീപനം കാണിക്കാന്‍ ഒരു കുഴപ്പം പിടിച്ച ഉദാഹരണം തരാം. താണ്ഡവം എന്ന് ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിക്കുന്ന കമ്മീഷണര്‍ രാജീവന്‍ മോഹന്‍ലാലിന്റെ കാശിനാഥനെ കാണാന്‍ വരുന്നു. പെങ്ങള്‍ മോഹന്‍ലാലിനെ കണ്ട് പ്രണയപരവശയായിപ്പോയി -അവള്‍ക്കു വേണ്ടി പ്രൊപോസല്‍ ഇന്‍ ദ പ്രോപര്‍ ചാനലാണ് ഉദ്ദേശ്യം. തെറിച്ചപെണ്ണെന്ന് അതിനിടയില്‍ തന്നെ തോന്നിപ്പിക്കുന്ന പെങ്ങള്‍ പുറമ്പൂച്ചൊക്കെ അഴിച്ചുവച്ചാല്‍ ശുദ്ധപാവം ആണെന്ന് സര്‍ട്ടിഫിക്കറ്റ്. (ആയേ പറ്റൂ. സീസേഴ്സ് വൈഫ്! രാമായണത്തിലെ സീത.) അതിനു തൊട്ടുമുന്‍പ് ഉറപ്പായിരുന്ന പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ഒഴിവാക്കിക്കൊടുത്തതിന് കൂട്ടുകാരനായ ‘ഫാവി’ അളിയനെ ബാംഗ്ലൂരുകൊണ്ടുപോയി പെണ്ണുകൂട്ടിക്കൊടുക്കുന്ന കാര്യം പറയുന്നുണ്ട് രഹസ്യത്തില്‍ കമ്മീഷണര്‍ . ഇതൊക്കെ പലതുകഴിഞ്ഞതല്ലേ എന്ന് നായകന്റെ ചോദ്യം. പെണ്ണിനു പുറം പൂച്ചേ അകാവൂ. ആണിനു പുറവും അകവും നോക്കാതെ പൂശാം.

കേരളസമൂഹത്തിലെ ‘വലതുപക്ഷ നവോത്ഥാനത്തിന്റെ’ വമ്പന്‍ ആയുധങ്ങളാണ് സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ ഓരോന്നും. ഉളുപ്പില്ലാതെ വലതുപക്ഷ ആശയങ്ങള്‍ പച്ചക്ക് വിളിച്ചുപറയാന്‍ ബ്ലോഗിലെ വിദ്യാഭ്യാസം ലഭിച്ചകൂട്ടത്തില്‍ തന്നെ ആളുണ്ടാകുന്നതും ഈ ‘നവോത്ഥാനത്തിന്റെ‘ സൂചന തന്നെയാണ്.

കൂടുതല്‍ പ്രതികരണങ്ങള്‍ ഈ പോസ്റ്റില്‍ പ്രതീക്ഷിച്ചു. :(