Thursday, February 12, 2009

ഷഡ്ഡിസമരം- മാര്‍ക്സിയന്‍ വീക്ഷണത്തില്‍

വാലന്റൈന്‍ ദിനത്തില്‍ ഒരുമിച്ചു കാണുന്നവരെ രാഖിയോ താലിയോ കെട്ടിക്കും എന്ന ഹിന്ദുത്വവാദികളുടെ ഭീഷണിയെ ബംഗല്ലൂരിലെ "പബ്ബില്‍ പോകുന്ന അയഞ്ഞ മൂല്യങ്ങളുള്ള പുരോഗമനവനിത"കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന (പേര്‌ ഒരു പ്രതിഷേധത്തിനു വേണ്ടി തെരഞ്ഞെടുത്താണെന്ന് വ്യംഗ്യം) സംഘടന പിങ്ക് ചഡ്ഡി ക്യാമ്പെയിന്‍ തുടങ്ങി വച്ചാണ്‌ നേരിട്ടത്. നിരവധി പോയിന്റുകളില്‍ വര്‍ഗ്ഗീയവാദികളുടെ ഭീഷണിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിങ്ക് ഷഡ്ഡികള്‍ നിക്ഷേപിക്കാം, വാലന്റൈന്‍ ദിനത്തില്‍ സംഘടന ഇതെല്ലാം പ്രമോദ് മുത്തലിക്കിന്‌ അയച്ചു കൊടുക്കുമെന്നാണ്‌ തീരുമാനം.

ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു സംഘടനയോട് സ്ത്രീകള്‍ അതിശക്തമായി പ്രതികരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്‌. ആകെ ഒരു ഷഡ്ഡി മാത്രമുള്ളത് കുളിക്കുമ്പോഴെല്ലാം പുരയ്ക്കു മുന്നില്‍ ഉണക്കുന്ന കര്‍ണ്ണാടകത്തിലെ ദരിദ്രസ്തീകള്‍ക്ക് വാലന്റൈന്‍സ് ദിനവും രാഖിയും എന്തെന്നറിയില്ല എന്നതിനാല്‍ ഷഡ്ഡിദാനയജ്ഞത്തിനോട് വലിയ താല്പ്പര്യമുണ്ടാവാന്‍ വഴിയില്ല. ഒരുപക്ഷേ അവരറിയുകപോലുമില്ല ഇതൊന്നും.

മദ്ധ്യവര്‍ത്തി സദാചാരവുമായി ബന്ധപ്പെട്ടാണ്‌ ഭീഷണിയും പ്രതിഷേധവുമുണ്ടായത്. മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രപ്രകാരം മൂലധനം ഭരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ബൂര്‍ഷ്വാസമൂഹത്തിനു മേല്‍ മുതലാളിത്തം പാകി വളര്‍ത്തുന്ന ബോധമാണ്‌ അവിടെ നിലവില്‍ വരുന്ന സദാചാരം . നിരന്തരം പ്രസസിച്ചും പാലൂട്ടിയും ജനസംഖ്യ പെരുപ്പിക്കുന്ന യന്ത്രമായി സ്ത്രീയെ മാറ്റിയെടുക്കുക വഴി മനുഷ്യാദ്ധ്വാന വിപണി ഉത്പന്നം (തൊഴില്‍ വില്‍ക്കുന്നവര്‍) കുമിഞ്ഞു കൂടി വിലയിടിഞ്ഞ ഒന്നായി മാറ്റിയെടുക്കുകയും അതേ സമയം നിര്‍മ്മിത ഉപഭൊഗവസ്തുവിന്റെ ആവശ്യക്കാരുടെ തലയെണ്ണം വര്‍ദ്ധിക്കുകയും സാദ്ധ്യമാക്കും. വിക്റ്റോറിയന്‍ സദാചാരസംഹിതയായ "അടക്കം, ഒതുക്കം, വീടിനക്കത്ത് ജീവിതം, മൃഗതുല്യമായ അനുസരണാശീലം " കൃത്യവും നിരന്തരവുമായ പ്രസവയന്ത്രമാക്കി സ്ത്രീയെ മാറ്റുന്നത് മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ബോധപൂര്വ്വമായ ഒരു മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണ്‌. ഇതിനെതിരേ ഒച്ചയുയര്‍ന്നാല്‍ അതമര്‍ത്തുന്ന തരം ഫാസിമ്വും ഇതിന്റെ ഭാഗമാണ്‌. ജൂഡിത്ത് വാക്കോവിറ്റ്സ് തന്റെ (പേരോര്‍മ്മയില്ല) ഒരു പുസ്തകത്തില്‍ വിക്റ്റോറിയന്‍ സദാചാരത്തിനെ വെല്ലുവിളിച്ച സ്ത്രീകള്‍ അതിദാരുണമായി ഇല്ലായ്മ ചെയ്യപ്പെട്ട സംഭവങ്ങള്‍- ജാക്ക് ദ റിപ്പര്‍ നടത്തിയ കൊലകള്‍ അടക്കമുള്ളവ എങ്ങനെ ഈ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നെന്ന് വിശകലനം ചെയ്യുന്നുണ്ട്.

ചിക്കാഗോ യൂണിവേര്‍സിറ്റിയിലെ (ഫെമിനിസത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട) പ്രൊഫസ്സര്‍ മര്‍ലീന്‍ ഡിക്സന്‍ "ഫെമിനിസത്തിന്റെ ഉയര്‍ച്ചയും പതനവും- ഒരു വര്‍ഗ്ഗവിശകലനം" എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നത് ഏതാണ്‌ ഇങ്ങനെയാണ്‌- സാമൂഹ്യമായും സാംസ്കാരികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും വ്യക്തിത്വരഹിതമായൊരു മഹതീവല്‍ക്കരണതിനു വിധേയമാകുകയും ചെയ്ത മദ്ധ്യവര്‍ത്തിവര്‍ഗ്ഗത്തിലെ മേല്‍ത്തട്ടിലെ സ്ത്രീകളും വിദ്ദ്യാര്‍ത്ഥിനികളും പ്രതികരിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു രാഷ്ട്രീയ തത്വസംഹിതയൊന്നുമുണ്ടാവില്ല. തൊട്ടുമുന്നില്‍ കാണുന്നതിനോട്- മിക്കപ്പോഴും മുന്നിലുള്ള പുരുഷനോട് അവര്‍ ആകാവുന്നത്ര പ്രതികരിച്ചു. ..... സംഘടിതരായി സ്ത്രീകള്‍ ഏതെങ്കിലും ദുരവസ്ഥയ്ക്കെതിരായി പ്രതികരിക്കുന്നത് നല്ലതിനു തന്നെ.

എന്നാല്‍ സാങ്കല്പ്പികമായുണ്ടാക്കിയ ഒരു സര്വ്വ സഹോദരിത്തം സ്ത്രീവിമോചനപ്രസ്ഥാനത്തിനെ വഴിതെറ്റിച്ചുവെന്നും മര്‍ലീന്‍ നിരീക്ഷിക്കുന്നുണ്ട്. അഖിലലോക സ്ത്രീ ഐക്യം മിക്കപ്പോഴും പ്രതികരിച്ചത് ബൂര്‍ഷ്വാസ്ത്രീകള്‍ മാത്രമോ അവരടങ്ങുന്ന പൊതുസമൂഹമോ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമായിപ്പോയി.

വാലന്റൈന്‍ ഷഡ്ഡികള്‍ ബൂര്‍ഷ്വാഫെമിനിസത്തിന്റെ കൃത്യമായ ചിത്രമാണ് തരുന്നത്. പബ്ബില്‍ പോകാന്‍ പറ്റുന്നില്ല, ഇഷ്ടമുള്ള വ്യക്തിക്കൊപ്പം നടക്കണമെങ്കില്‍ അവന്റെ സഹോദരിയോ ഭാര്യയോ ആയിരിക്കണം എന്ന് റിപ്പര്‍ മോഡല്‍ സദാചാര റീയിന്‍ഫോഴ്സ്മെന്റ് ശ്രമം. മര്‍ലീന്റെ നിരീക്ഷണം യോജിക്കുന്നത് ഇവടെയാണ്‌. വ്യക്തിസ്വാത്രന്ത്ര്യത്തിനെ ഒരു സംഘം പച്ചയായി ചോദ്യം ചെയ്ത സംഭവത്തിനെതിരേ സ്ത്രീകള്‍ പ്രതികരിക്കുന്നത് നല്ലതിനാണ്‌ (ലണ്ടനിനും പരിസരത്തും മണ്ണില്‍ കിടന്നുരുണ്ട ഗര്‍ഭപാത്രങ്ങളുടെയും സ്തനങ്ങളുടെയും ചിത്രങ്ങളെ ബൂര്‍ഷ്വാവിപ്ലവത്തിന്റെ ചരിത്രത്തില്‍ വരച്ചു ചേര്‍ത്ത വാക്കോവിറ്റ്സ് എന്നെ ഇവരുടെ സുരക്ഷയെപ്പറ്റി ആശങ്കാലുവാക്കുന്നുമുണ്ട്) . ബൂര്‍ഷ്വാവിപ്ലവത്തെ പിന്‍‌തുടര്‍ന്ന് യഥാര്‍ത്ഥവിപ്ലവം സഭവിക്കുമ്പോലെ ബൂര്‍ഷ്വാസ്ത്രീവിമോചനം ഇന്ത്യയില്‍ സ്ത്രീഭ്രൂണഹത്യയും സ്ത്രീധനമരണവും തൊഴില്‍ രംഗത്തെ സ്ത്രീവിവേചനവും പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉടലെടുത്തേക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. അങ്ങനെ ഭവിച്ചില്ലെങ്കില്‍ പോലും സകലമാന സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്നത്തെ തങ്ങളെ ബാധിക്കുന്നെന്ന കാരണം കൊണ്ടെങ്കിലും വെല്ലുവിളിക്കാന്‍ അവര്‍ മുതിര്‍ന്നെന്നത് നല്ലകാര്യമാണ്‌. ഷഡ്ഡി സമരം ജയിക്കട്ടെ.

14 comments:

vimathan said...

യോജിക്കുന്നു, പരിപൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യം എന്നത് തീര്‍ച്ചയായും ഒരു ബൂര്‍ഷ്വാ ജനാധിപത്യ മുദ്രാവാക്യം തന്നെയാണ്. ഷഡ്ഡി സമരം വിജയിക്കട്ടെ!

[ nardnahc hsemus ] said...

ഷഡ്ഡി സമരം വിജയിക്കട്ടെ!

-----------------------
ബെര്‍ളിയുടെ ഷഡ്ഡിസമര പോസ്റ്റുമായ് ഇന്നത്തെ ഓഫീസ് ദിവസം തുടങ്ങി.. തീരുന്നതും ഷഡ്ഡിയില്‍ തന്നെ! ഇവിടെ പക്ഷെ കാഴ്ചപ്പാടിനൊരു തെളിച്ചം കിട്ടി.. നന്ദി!

Radheyan said...

ഷഡ്ഡിക്കാര്‍ക്ക് കോണ്ടം അയച്ചു കൊടുക്കുക (അവരുടെ അയഞ്ഞ ജീവിതത്തിനിടയില്‍ STD കിട്ടാതിരിക്കാന്‍) എന്നൊരു ബദലുമായി സംഘികള്‍ ഇറങ്ങിയിട്ടുണ്ട്.

ഇത്തരം ശാക്തീകരണം കാതലായ സ്ത്രീപ്രശ്നങ്ങളെ നേരിടാന്‍ ഉള്ള സമൂഹത്തിന്റെ മുന്നൊരുക്കമായി മാറുമെങ്കില്‍ അത്രയും നന്ന്.

പക്ഷെ ഒരു കാര്യം പറയാതെ വയ്യ,ബാംഗ്ലൂരില്‍ ഇന്നീ സമരത്തിനിറങ്ങി പുറപ്പെട്ട ഉപരി-മധ്യവര്‍ഗ്ഗത്തിലെ ഭൂരിപക്ഷവും കഴിഞ്ഞ തവണ തടിയൂരപ്പയുടെ താലിബാന് വോട്ട് ചാര്‍ത്തിയവര്‍ തന്നെ.വടക്കൂടെ ഇഴഞ്ഞ് പോയ ഈ ഉപദ്രവത്തെ സ്വന്തം കൌപീനത്തില്‍ പ്രതിഷ്ഠിച്ചവര്‍ക്ക് തന്നെയാണ് ഇന്ന് കൌപീനമഴിച്ച് കുടഞ്ഞ് പ്രതിഷേധിക്കേണ്ടി വരുന്നത്.

മൂര്‍ത്തി said...

ഷഡ്ഡിയൂരി വണക്കം എന്നൊരു പ്രയോഗം തോന്നുന്നു.:)

Promod P P said...

അവരുടെ ഐഡിയോളജി എന്തുമാകട്ടെ..
അവർ ഇതെങ്കിലും ചെയ്യാൻ ധൈര്യം കാണിക്കുന്നുണ്ടല്ലൊ.കൊമ്പത്തെ രാഷ്ട്രീയക്കാർ പ്രസ്താവനയിൽ ഒതുക്കി സ്വയം ഒതുങ്ങിയില്ല്ലെ?(ഒരു കേരള എം എൽ എ യുടെ മകൾക്ക് നേരേ ആക്രമണം ഉണ്ടായപ്പോൾ അവിടെ എന്തോ ഒച്ചപ്പാടുകൾ ഉണ്ടായതൊഴിച്ചാൽ)

പബ്ബിൽ പോകാൻ താൽ‌പ്പര്യമുള്ളവർ പോകട്ടെ.എനിക്ക് തോന്നിയാൽ ഞാൻ പോകും. എന്റെ കൂടെ വരാൻ താൽ‌പ്പര്യപ്പെട്ട് ഒരു പെൺകുട്ടി വന്നാൽ അവളേയും കൊണ്ട് പോകും.
കല്യാണം കഴിപ്പിക്കും എന്ന ഭീഷണി ഒക്കെ അങ്ങ് പള്ളിയില്.

പൂവാലന്റൈൻ ദിനത്തിനോട് ഒരു താൽ‌പ്പര്യവും ഉണ്ടായിട്ടല്ല.പരിപൂർണ്ണ വ്യക്തിസ്വാതന്ത്രം ബൂർഷ്വാ മുദ്രാവാക്യമാണൊ എന്നറിയില്ല്ല. അങ്ങനെ ഒരു സ്വാതന്ത്ര്യം എവിടെ എങ്കിലും ഉണ്ടാകും എന്ന വിശ്വാസവും ഇല്ല. പക്ഷെ ആണും പെണ്ണും തമ്മിൽ സംസാരിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ അത് “ കോംഗോ എന്നൊരു നാടുണ്ട്,അവിടെ കോംഗോവനം എന്നൊരു വനമുണ്ട്,ആ വനത്തിൽ ആൾക്കുരങ്ങൻ എന്നൊരു രാജാവുണ്ട്.അയാ‍ളുടെ പെങ്ങളെ കെട്ടിയവനാണ് കാട്ടു പോത്ത് എന്ന കോമളൻ.. അങ്ങേരുടെ അടുത്ത് ചെന്ന് പറഞ്ഞാൽ മതി" (കട: ടി.ശിവദാസമേനോൻ)

t.k. formerly known as thomman said...

"ബൂര്‍ഷ്വാവിപ്ലവത്തെ പിന്‍‌തുടര്‍ന്ന് യഥാര്‍ത്ഥവിപ്ലവം സഭവിക്കുമ്പോലെ ബൂര്‍ഷ്വാസ്ത്രീവിമോചനം ഇന്ത്യയില്‍ സ്ത്രീഭ്രൂണഹത്യയും സ്ത്രീധനമരണവും തൊഴില്‍ രംഗത്തെ സ്ത്രീവിവേചനവും പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉടലെടുത്തേക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല."

സ്ത്രീയുടേതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു ബൂര്‍ഷ്വാവശമുണ്ടെന്ന് ഇപ്പോഴാണ് കേള്‍ക്കുന്നത്. മാര്‍ക്സിസ്റ്റുകളടക്കമുള്ള, എല്ലാ നിറത്തിലും രൂപത്തിലുള്ള ഫാഷിസ്റ്റുകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് ഇത്തരം തരംതിരുവുകള്‍ നടത്തിയാണ്.

Suraj said...

നഗരകേന്ദ്രീകൃത അപ്പര്‍ക്ലാസിന്റെ മറ്റൊരു "രംഗ് ദേ ബസന്തി" ആയിട്ടേ തോന്നിയുള്ളൂ. മുംബൈ ആക്രമണ ശേഷം ഉയര്‍ന്ന "പൊളിറ്റീഷന്‍സ് ഗോ ബാക്ക്; പട്ടാളം കം ബാക്ക്" നിലവിളികളുടെ വേറൊരു വെര്‍ഷന്‍ . അവനവന്റെ തൊലിപ്പുറത്ത് വെയില് തട്ടുമ്പോള്‍ മാത്രം മരത്തണലിനെക്കുറിച്ചു ചിന്തിക്കുന്ന എലീറ്റ് വര്‍ഗ്ഗത്തിന്റെ കൊച്ചമ്മ(a)രാഷ്ട്രീയം.

ശരിക്കും പിങ്ക് ജട്ടികളുടെ "പവര്‍ " കാണിക്കേണ്ടിയിരുന്നത് പോളിംഗ് ബൂത്തിലായിരുന്നു. അന്നത് കാണിച്ചിരുന്നെങ്കില്‍......

വിന്‍സ് said...

I think this is a great protest against the sree rama sena people.

oru muslim conductorodu samsarichathinte peeril Baj rangadal marddhicha pen kutty veettil athmahathya cheythirikkunnu!!! Congratulations!!!

nalan::നളന്‍ said...

"യോജിക്കുന്നു, പരിപൂര്‍ണ്ണ വ്യക്തിസ്വാതന്ത്ര്യം എന്നത് തീര്‍ച്ചയായും ഒരു ബൂര്‍ഷ്വാ ജനാധിപത്യ മുദ്രാവാക്യം തന്നെയാണ്." - വിമതന്‍

അങ്ങിനെയെങ്കില്‍ ലെഫ്റ്റ് ലിബറലിസവും ഒരു ബൂര്‍ഷ്വാ ജനാധിപത്യ(?) മുദ്രാവാക്യമാകുമല്ലോ :)

ഓഫ്: ഷഡ്ഡി സമരം വിജയിക്കട്ടെ!
പ്രതികരിച്ചു തുടങ്ങുന്നത് നല്ല ലക്ഷണമാണു!

vimathan said...

നളന്‍, വ്യക്തി സ്വാതന്ത്ര്യം എന്നത് ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്നതില്‍ എന്താണിത്ര സംശയം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതായിരുന്നില്ലേ ഫ്രെഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാനം തന്നെ. ഇന്ത്യയെപോലെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ അടിസ്ഥാന കടമകള്‍ പോലും, പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത, അവ നടപ്പിലാക്കാന്‍ തദ്ദേശീയ ബൂര്‍ഷ്വാസി മടികാണിക്കുന്ന രാജ്യങളില്‍, ആഗോളവല്‍ക്കരണം കൊണ്ടുണ്ടായ ഒരു നേട്ടം എന്നത് തന്നെ, വ്യക്തി സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ (ബൂര്‍ഷ്വാ) അവകാശങള്‍ക്ക് വേണ്ടിയുള്ള സമരങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കൈ വരുന്നു എന്നതാണ്. തീര്‍ച്ചയായും, ഈ അവകാശങള്‍, പാരമ്പര്യത്തിന്, പാരമ്പര്യമൂല്യങള്‍ക്ക് (മത-ജാതി-ഫ്യൂഡല്‍ ഹയറാര്‍ക്കിയല്‍)എതിര് നില്‍ക്കുന്നത് തന്നെയായിരിക്കും എന്നതും ശരിയാണ്. സ്ത്രീകളുടേതടക്കം, വര്‍ദ്ധിച്ച് വരുന്ന പര്‍ശ്വവല്‍കൃത ജനവിഭാഗങളുടെ അവകാശസമരങളെ എതിര്‍ക്കുന്ന മത-മൌലികവാദികള്‍ ( ശ്രീ രാം സേനയടക്കം )എപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആഗോളവല്‍ക്കരണത്തെയാണ് എന്നതും കൂട്ടിവായിക്കാം.

nalan::നളന്‍ said...

വിമതാ,
മിയാ കള്‍പ്പാ.. ഇസ്മൈലി ചതിച്ചു ! വിയോജിക്കുന്നുവെന്നുദ്ദേശിച്ചിരുന്നില്ല.
പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എങ്ങിനെ പ്രതിലോമമാകുമെന്നു വ്യക്തമാക്കാത്തിടത്തോളം ലിബറലിസത്തിനു ആഗോളവല്‍ക്കരണക്കുതിരപ്പുത്തൊരു ഫ്രീ റൈഡല്ലേ ഇടതുപക്ഷം കൊടുക്കുന്നത്. ?
വ്യക്തിതാല്‍പര്യം സമൂഹതാല്‍പര്യവുമായി കലഹിക്കുമ്പോള്‍, ആരുടെ കൂടെ നില്‍ക്കണമെന്നത് ഉത്തരാവിദിത്വമുള്ള പണിയാണു. വ്യക്തിതാല്‍പര്യങ്ങള്‍ക്കുമേല്‍ സമൂഹതാല്‍പര്യത്തിനു പ്രാധാന്യം കൊടുക്കുന്നതാണല്ലോ ഇടതു രാഷ്ട്രീയം. എന്നാല്‍ ലിബറലാശയങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന സ്പേസ് ക്രീയാത്മകമായി സാമൂഹികമാറ്റത്തിനായി ഉപയോഗിക്കേണ്ടതുമുണ്ട്. ഫ്യൂഡല്‍ ചുറ്റുപാടില്‍ ഇതിനു കൂടുതല്‍ പ്രാധാന്യവുമുണ്ട്. ഷഡ്ഡി സമരം വിജയിക്കട്ടെ!

ഇവിടെ ശ്രീരാമസേനയുള്‍പ്പെടുന്ന സംഘപരിവാങ്ങള്‍ സംസ്കാരത്തിന്റെ പേരില്‍ പൊക്കിപ്പിടിക്കുന്നത് ഫ്യൂഡല്‍ ആശയങ്ങളാണു. Pride in Indian culture can be traced to a nostalgic affinity towards feudalism.
ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം സംഘപരിവാരത്തിന്റെ ഹിന്ദുത്വരാഷ്ട്രീയവുമായി ആഭിമുഖ്യം വച്ചുപുലര്‍ത്തുമ്പോഴും, ഫ്യൂഡലിസത്തില്‍ ഇന്‍ഹറന്റായ ഫാസിസത്തില്‍ നിന്നും മുക്തരാണു (ആഗോളവല്‍ക്കരണത്തിനും ജനാധിപത്യത്തിനും കടപ്പാട്). അതായത് ഫ്യൂഡലിസം മൈനസ് ഫാസിസം ! ഫ്യൂഡലിസത്തിനെതിരെ ഒരു സാമൂഹ്യമാറ്റത്തിനു അധികാരം ആസ്വദിക്കുന്നവര്‍ താല്‍പര്യം കാണിക്കില്ല, എന്നാല്‍ അധികാരം വിട്ടുകൊടുക്കാതെ തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടി മുന്നോട്ടുവരാന്‍ മടിക്കില്ല. അതുകൊണ്ടാണു ഈ ഉപരിവര്‍ഗ്ഗത്തെ ഷഡ്ഡി സമരത്തില്‍ മാത്രം കാണാന്‍ കഴിയുന്നത്,

paarppidam said...

ഇന്ത്യയെ താലിബാനിസത്തിലേക്ക്‌ കൊണ്ടുപോകുവാൻ ശ്രമിക്കുന്നവരെ (അതു ന്യൂ-ഭൂ പക്ഷമായാലും) എതിർക്കേണ്ടതാണ്‌. തോന്നണപോലെ മദ്യപിക്കുവാനും മദനോത്സവമാടാനും അനുവദിക്കണം എന്നതു ശരിയാണോ എന്ന്ത്‌ പരിശോധിക്കേണ്ട വിഷയം ആണ്‌.കാരണം പൊതുസമൂഹത്തിൽ ആഭാസകരമായ രീതിയിൽ പെരുമാറുവാൻ ഉള്ള സ്വാതന്ത്രം എന്ന സങ്കൽപ്പം ശരിയാണെന്ന് തോന്നുന്നുമില്ല.

തഥാഗത‍ാ"കേരളാ എം.എൽ.എയുടെ മകൾക്ക്‌ നേരെ ആക്രമണം" എന്നത്‌ തെറ്റാണെന്ന് പല പത്രങ്ങളിലും വന്നുകഴിഞ്ഞുമാഷേ.യദാർത്ഥ വിഷയത്തെ വഴിതെറ്റിക്കുവാനും അതുപോലെ "അന്യജാതിയിൽ പെട്ടവനായ ചെറുപ്പക്കാരനോട്‌ സംസാരിച്ചു" എന്നതിന്റെ പേരിൽ ആക്രമിച്ചു എന്ന് പറയ്മ്പോൾ അതിൽ കിട്ടാവുന്ന വോട്ടിന്റെ അളവായിരിക്കാം പരിഗണിചത്‌. ചത്തത്‌ കീചകനെങ്കിൽ......

സൂരജ്‌ താങ്കൾ പറയുന്നതിനോട്‌ യോജിക്കുന്നു.പോളിങ്ങ്‌ ബൂത്ത്‌ കാണാത്ത അപ്പർക്ക്ലാസുകൾ ധാരാളം ഉണ്ട്‌ മാഷേ നമ്മുടെ നാട്ടിൽ..
ഇടതു ഭരണത്തിൻ കീഴിലെ വ്യക്തിസ്വാതന്ത്രത്തെ കുറിച്ച്‌ നമ്മുക്ക്‌ ചീനക്കാരോട്‌ ചോദിക്കേണ്ടിവരും...സാമൂഹികമായ ജാഗ്രതയാണിതിൽ ആവശ്യം.അല്ലാതെ പിങ്ക്‌ പാന്റി അയച്ചുകൊടുക്കലല്ല........ഇത്തരം പ്രതിഷേധങ്ങളിലൂടെ ചില ശ്രദ്ധപിടിച്ചുപറ്റൽ ഉണ്ടാക്കാം.എന്നാൽ ഇതിനപ്പുറം വല്ലതും ഉണ്ടാകും എന്ന് കരുതുന്നത്‌ നിങ്ങൾ വനിതകളുടേ തെറ്റായ ധാരണയാണ്‌...

സമഗ്രാധികാരം അതിന്റെ നിലനിൽപിനായി അതാതു കാലഘട്ടങ്ങളിൽ ജനങ്ങളെ ചൂഷണം ചെയ്തു നിലനിൽക്കുവാൻ അനുയോജ്യമായ വഴികൾ തേടും.അതാതുകാലത്ത്‌ തങ്ങൾക്കനുകൂലമായ ഭരണകൂടങ്ങളെ വ്യവസായികൾ വാഴിച്ചുകൊണ്ടിരിക്കും.സ്ത്രീകൾ അതിൽ കേവലം ഉപഭോഗവസ്തുമാത്രം...തിരക്കുണ്ട്‌..പിന്നെ ആകാം.

Kalesh Kumar said...

ഷഡ്ഡിസമരക്കഥയുടെ ബാക്കി:

ബാംഗളൂരില്‍ നിന്ന് ഷഡ്ഡികള്‍ അയച്ച ചിലര്‍ അവരുടെ മേല്‍‌വിലാസം ധൈര്യപൂര്‍വ്വം നല്‍കിയിരുന്നു. അവരൊക്കെ ഇപ്പം അക്രമിക്കപ്പെടുകയാണ് - ഒറ്റപ്പെട്ട സംഭവങ്ങളായി തോന്നപ്പെടുന്ന രീതിയില്‍.

ഷഡ്ഡി സമരം ആഘോഷിച്ച് പോപ്പുലറാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. അവര്‍ ഈ സംഭവങ്ങളൊന്നും കണ്ട മട്ട് കാ‍ണിക്കുന്നില്ല. നീറ്റായിട്ട് കൈ കഴുകി അവര്‍!

napuamac said...

How to play roulette online for money - DrMCD
Roulette casino 제주 출장안마 online is a 구미 출장샵 site that's operated under license from the 목포 출장안마 Kahnawake Gaming Commission. It uses a mix of 진주 출장안마 live 서귀포 출장안마 dealers and video games