Tuesday, March 11, 2008

പോസ്റ്റ് നമ്പ്ര മുന്നൂറ്റി നാല്‌

ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഒരു രസത്തിന്‌ ഇതുവരെ എത്ര പോസ്റ്റിയെന്ന് എണ്ണി നോക്കി. മുന്നൂറ്റി മൂന്നെന്ന് കാണുന്നു. ബ്ലോഗ് തിരിച്ചുള്ള പട്ടിക ഇങ്ങനെ
ആയുരാരോഗ്യം- 31
ദേവദത്തന്‍- 17
എന്റെ ചിത്രങ്ങള്‍-58
കമന്ററ-29
ദേവപഥം-25
കൂമന്‍പള്ളി-37
ദേവരാഗം-54
വിദ്യ-12
കൊല്ലം- 8
സമകാലികം- 11
നളപാചകം- 1
ബൂലോഗ ക്ലബ്-3
വിവാഹിതര്‍- 4
യൂ ഏ ഈ ബൂലോഗം-13

പോസ്റ്റിയാല്‍ പിന്നെ വായിച്ചു നോക്കുന്ന ഇടപാട് ഇല്ലാത്തതുകാരണം എന്താണീ മുന്നൂറ്റിച്ചില്വാനത്തിലെന്ന് ഒന്നോടിച്ചു നോക്കി. ദത്തന്റെ ബ്ലോഗിലും യൂ ഏ ഈ ബൂലോഗത്തും നളപാചകത്തിലും വിഷയമെന്തെന്ന് നോക്കാതെ തന്നെ അറിയാം. എന്റെ ചിത്രങ്ങള്‍ എന്നത് വെറുതേ ക്യാമറ ഡൗണ്‍ലോഡുമ്പോഴെല്ലാം എടുത്തിടുന്ന കാര്യമാക്കാനില്ലാത്ത പടങ്ങളും.

ആയുരാരോഗ്യത്തില്‍ മിക്കതും ആരെങ്കിലും ഒരാള്‍ ഇന്നതെഴുത് എന്ന് ആവശ്യപ്പെട്ടതിന്‍ പടി എഴുതിയ കാര്യങ്ങളാണ്‌. രണ്ടെണ്ണം (കൊതുക്, പള്‍സ് പോളിയോ) ചിന്ത.കോമിമില്‍ വന്നു കഴിഞ്ഞതും. ഞാന്‍ വായനക്കാരനായാണ്‌ അവിടെ എത്തിയതെങ്കില്‍ സ്നേഹോപദേശം എന്ന പോസ്റ്റിനു പാസ്സ് മാര്‍ക്ക് കിട്ടും.

ദേവപഥത്തില്‍ ബൂലോഗവിചാരണം ഏഴോളം അദ്ധ്യായമായിട്ടുണ്ട്, അതിനു ചെലവിടുന്ന സമയത്തിന്റെ കുറവാണ്‌ മുഴുമിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണം, കുറേ കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ വിഷയം മടുത്തും തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയിരിക്കുന്നത് (അറുപത്തൊമ്പത്) ലോനപ്പന്‍ എന്ന ബ്ലോഗര്‍ക്ക് ഓഫീസില്‍ ഊമക്കത്തു കിട്ടിയ സംഭവത്തെക്കുറിച്ചാണ്‌. ചില പോസ്റ്റുകള്‍ റിയാക്ഷനുകള്‍ ആയാണ്‌ വന്നിരിക്കുന്നത്. തിബത്തന്‍ പ്രവാസികള്‍ എന്ന പോസ്റ്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇന്നില്ലാത്ത ഒരു ബ്ലോഗ് പോസ്റ്റിനോട് പ്രതികരണമായി ഉണ്ടായതാണ്‌. അദ്ദേഹം ആ പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ചുള്ളിക്കാടിന്റെ ബ്ലോഗ്ഗിങ്ങിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. തുടങ്ങിയത് അങ്ങനെയെങ്കിലും കമന്റിലൂടെ ചര്‍ച്ച നീണ്ടത് മുഖ്യമായും വിമതന്റെയും മറ്റു കമന്റര്‍മാരുടെയും സജീവ സാന്നിദ്ധ്യം മൂലവും. ലോസിഫ് നന്ദിയും അങ്ങനെ തന്നെ ഉണ്ടായതാണ്‌ മൂന്നു ഭാഗം നീളാന്‍ കാരണം വക്കാരിയുടെ കമന്റുകളും. തിബത്തില്‍ ബസാങ്ങിനെ പരിചയപ്പെടുത്തിയതും ലോസിഫില്‍ ഡാലി കത്യൂഷ കണ്ട കഥയെഴുതിയതും വാല്യു അഡിഷന്‍.

കൂമന്‍പള്ളിയില്‍ രണ്ടായിരത്തേഴ് ഏപ്രിലില്‍ മൂന്നു ഭാഗമായി എഴുതിയ ഹീറോയുടെ പേന എനിക്ക് മനസ്സു നിറഞ്ഞെഴുതാന്‍ പറ്റിയ ഒരേയൊരു പോസ്റ്റ് ആണ്‌. ഇനിയും നന്നാക്കമ്മായിരുന്നു എന്ന് തോന്നാത്ത ഒരേയൊരെണ്ണം. ബിസ്മി ഇഷ്ടമുള്ള മറ്റൊരു പോസ്റ്റ്. മറ്റെല്ലാ പോസ്റ്റുകളും എനിക്കു പരിചയമുള്ള ഒരാളിനെ വായനക്കാരനു കാട്ടിക്കൊടുക്കണം എന്ന ഒറ്റ ഉദ്ദേശത്തില്‍ മാത്രം എഴുതിയവയും.

ദേവരാഗം ഞാന്‍ ആദ്യം തുടങ്ങിയ ബ്ലോഗ്. മലയാളവേദി വിട്ട് ഏറെക്കാലത്തിനു ശേഷം ബ്ലോഗ് തുടങ്ങുമ്പോള്‍ ഗൗരവമുള്ള ഒന്നും എഴുതില്ല, ഒരു ഫോട്ടോയും രണ്ടുവരി അടിക്കുറിപ്പും എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. രണ്ടായിരം വായനക്കാര്‍ മലയാളവേദിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൈറ്റ് മീറ്ററില്‍ സന്ദര്‍ശകരെ എണ്ണാത്തതുകൊണ്ട് കൃത്യമായി അറിയില്ല, അമ്പതോളം പേര്‍ ഉണ്ടാവണം എന്റെ റീഡര്‍ ബേസില്‍ ഗൗരവമായി വായിക്കുന്നവര്‍. അവര്‍ മൂലം പോസ്റ്റുകള്‍ ആയാസമെടുത്ത് തന്നെ എഴുതേണ്ടിവന്നു. സാലഭഞ്ജനം എട്ടു വയസ്സനു ശേഷം പത്തുമുപ്പത് വര്‍ഷം ഗ്യാപ്പ് കഴിഞ്ഞ് ബുദ്ധിമിട്ടു എഴുതിയ കഥയാണ്‌. കഥാകാരനൊന്നുമല്ലാത്തതുകൊണ്ട് അതിനെ അത്രയെങ്കിലും എത്തിച്ച സന്തോഷമല്ലാതെ നിരാശയൊന്നുമില്ല. അതിന്റെ റീഡര്‍ ഫീഡ് ബാക്ക് അനുസരിച്ചാണ്‌ തിരുത്ത് എന്ന കഥയുണ്ടാക്കിയത്. ഓകെമിന്റെ ക്ഷൗരക്കത്തിയില്‍ പരാമര്‍ശിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ ആളുകളുടെ പ്രൈവസി വയലേഷന്‍ ആകുമെന്ന് ബന്ധപ്പെട്ട പലരും പറഞ്ഞതുകൊണ്ട് അതിനെ രാമേശ്വരത്തെ ക്ഷൗരം പോലെ നിര്‍ത്തേണ്ടി വന്നു.

എന്റെ പോസ്റ്റുകളെ ഞാന്‍ തന്നെ ഇങ്ങനെ എടുത്തിട്ട് പരിശോധിച്ച് വീണ്ടും നിരത്തുന്നത് എന്തിനെന്നല്ലേ? മൊത്തം ഒന്ന് അരിച്ചു പെറുക്കിയാല്‍ മുന്നൂറില്‍ പാസ്സ് മാര്‍ക്ക് കിട്ടുന്നവയെ ഒരിടത്ത് കൂട്ടി വയ്ക്കാന്‍. എട്ടുപത്തേയുള്ളെന്ന് കണ്ടതില്‍ അതിശയമൊന്നുമില്ല, എന്തെങ്കിലും എഴുതണം എന്ന് മനസ്സില്‍ വിചാരിച്ച് തുടങ്ങുമ്പോള്‍ എന്തെങ്കിലും ഉണ്ടാവും. പോസ്റ്റ് മനസ്സില്‍ വളര്‍ന്ന് വന്ന് "എന്നെ തുറന്നു വിടെടോ" എന്നു പറഞ്ഞാലേ കൊള്ളാവുന്നത് പിറക്കൂ.

ഇഷ്ടത്തിന്റെ ഓര്‍ഡറില്‍ മൂന്നൂറില്‍ നിന്നും പൊക്കിയെടുത്തത് ഇതൊക്കെ

1. ഹീറോയുടെ പേന ഒന്ന് രണ്ട് മൂന്ന്
2. ബിസ്മി
3. ലോസിഫ് നന്ദി ഒന്ന് രണ്ട് മൂന്ന്
4. തിബത്തന്‍ പ്രവാസികള്‍
5. തിരുത്ത്
6. സ്നേഹോപദേശം
7. വിപ്രലംഭ പര്വ്വം
8. പണമ്പുരാണം (മുഴുമിക്കാം, സത്യം)
9. പ്രലംഭം
10. വന്മരങ്ങള്‍ വീഴുമ്പോള്‍

16 comments:

Radheyan said...

ദേവേട്ടന്‍ എന്ത് എഴുതിയാലും എനിക്കിഷ്ടമാണ്.അതില്‍ സമഗ്രതയുടെ ഒരു സ്പര്‍ശമുണ്ട്,ഹൃദ്യമായ ഒരു ഭാഷയും.

കുമരകത്തെ പാമ്പു പിടുത്തം പരാമര്‍ശിച്ച സചിത്രപോസ്റ്റ് ഒരു തൂവാനത്തുമ്പികള്‍ ഫീലിംഗ് ഉണ്ടാക്കി.ചങ്ങാതികൂട്ടത്തിലേക്ക് മുങ്ങി മറ്റൊരാളായി മാറുന്ന ആത്മകഥാംശം.എന്നെങ്കിലും ഒരു ഷോട്ട് ഫിലിം ചെയ്യുമെങ്കില്‍ ഇന്‍സ്പയര്‍ ചെയ്യാവ്വുന്ന ഫ്രേയിം ബ്യൂട്ടി ആ വരികള്‍ക്ക് ഉണ്ടായിരുന്നു.

Satheesh said...

ദേവേട്ടന്റെ സകല പോസ്റ്റുകളുടെയും ഒരു വായനക്കാരനാണ്‍ ഞാന്‍. മറ്റാരുടെയെങ്കിലും ബ്ലോഗ് ഞാനിങ്ങനെ പൂ‍ര്‍ണമായിട്ട് വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‍.
കുമരകത്തെ പാമ്പ് പിടുത്തമാണ്‍ (രാധേയന്‍ പറഞ്ഞത് പോലെ!) മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പോസ്റ്റ്!
എല്ലാവിധ ഭാവുകങ്ങളും.
കുറേ കാലം കഴിഞ്ഞാല്‍ പിള്ളേര്‍ സ്കൂളില്‍ പഠിക്കുമായിരിക്കും-
പുരാ ബ്ലോഗാനാം ഗണനാപ്രസംഗേ
കനിഷ്‌ഠികാധിഷ്ഠിത ദേവരാഗാ
അദ്യാപി തത്തുല്യ ബ്ലോഗാന ഭാവാദ
നമികാ സാര്‍ത്ഥകനാമധേയാ :)

കണ്ണൂരാന്‍ - KANNURAN said...

ദേവന്റെ ഏതു പോസ്റ്റാ മോശം?? അങ്ങനൊന്നില്ലെന്നു തോന്നുന്നു.

ദിലീപ് വിശ്വനാഥ് said...

എന്റെ ഇഷ്ടം:

1. ആയുരാരോഗ്യം
2. ദേവപഥം.
3. സമകാലികം.

പോസ്റ്റ് തിരിച്ചുള്ളവ പറയുന്നില്ല. കാരണം എല്ലാമൊന്നും വായിച്ചിട്ടില്ല. ദേവേട്ടന്റെ പോസ്റ്റുകള്‍ ഒരു അലസ‌വായനയ്ക്ക് പറ്റിയവ അല്ലല്ലോ..

സിദ്ധാര്‍ത്ഥന്‍ said...

ബിസ്മി എനക്കും പുടിച്ച പോസ്റ്റ് .മറ്റേതൊന്നും പിടിച്ചില്ല എന്നല്ല. ദേവന്റെ പ്രയോരിറ്റിയിലും അതു വന്നു കണ്ടപ്പോളുണ്ടായൊരിണ്ടല്‍.

പണമ്പുരാണം മുഴുമിക്കുകയല്ല വേണ്ടതു് തുടരുകയാണു്. നേരെ അക്കൌണ്ടന്‍സിയിലേക്കു പോട്ടു്.

തോന്ന്യാസി said...

അതെന്തെങ്കിലും ആകട്ടെ ബൂലോഗക്ലബിലെക്ക് ഞാനയച്ച മെംബര്‍ഷിപ്പിനുള്ള അപേക്ഷ എന്തായി?

Anonymous said...

അഭിവാദ്യങ്ങള്‍!
താങ്കളുടെ ലേഖനങ്ങള്‍ മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും (ഉടന്‍ പരമാവധി വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കും) വായിച്ചിടത്തോളം അറിവിന്റെ വിസ്ഫോടനം തന്നെയാണെന്നത് ഏറെ ആഹ്ലാദമുളവാക്കുന്നു.

അതുല്യ said...

അയ്യടി മനമേ ഈ പോസ്റ്റ് ഞാങ് കണ്ടില്ലല്ലോ ചെല്ലാ ഇത് വരെ.
പറയുമ്പോഴ് എല്ലാം പറയണോല്ലോ, നിങ്ങളീ പറഞതാണോ ആദ്യായിട്ട് മലയാളം ബ്ലോഗിലെ കമന്റും റ്റൈപ്പടീം ആദ്യം ഇട്ട പോസ്റ്റിനു മുമ്പ്?? ഒന്നറിയാലോ വച്ചാണേ. വഴക്കൂടാന്‍ തീരെ താല്പര്യമില്ലെനിക്ക്.


കൂട്ടത്തില്‍ രണ്ടു മൂന്ന് പ്പോസ്റ്റിന്റെ റിക്വസ്റ്റും കൂടെ
ക്രെഡിറ്റ് കാര്‍ഡിലെ കയം
ഹൌസിങ് ലോണെടുക്കുമ്പോള്‍ കണ്ണോടിയ്ക്കേണ്ടവ്
അച്ഛനാവുമ്പോഴ് അഹങ്കാരം എന്ത് കൊണ്ട്?

അതുല്യ said...

എനിക്കിഷ്ടപെട്ട പോസ്റ്റുകളില്‍ ഒന്നിതാണു.

Suraj said...

മുന്നൂറ്റി നാല് പോസ്റ്റുകള്‍!

ദേവേട്ടനെ വളരെക്കുറച്ചേ ഞാന്‍ വായിച്ചിട്ടുള്ളൂവെന്ന് മനസിലായി. പോസ്റ്റുകളേക്കാള്‍ കമന്റുകളിലൂടെയാണ് പരിചയം എന്നും തിരിച്ചറിയുന്നു. എങ്കിലും വായിച്ചിടത്തോളം എനിക്കിഷ്ടപ്പെട്ടത് ‘ഒക്കാമിന്റെ കത്തി’യാണ്. ഒരു വയനാടന്‍ ട്രെക്കിംഗിന്റെ നൊസ്റ്റാള്‍ജിയകൂടി തരുന്നതുകൊണ്ടാകാം...അല്ലെങ്കില്‍ ‘വൈദ്യക്കണ്ണ്’കൊണ്ട് ഞാന്‍ കണ്ടതുമാകാം.
ആ കഥയിലെ ഈ വാക്കുകള്‍ "..ഗവേഷണത്തിനുള്ള അറിവുകള്‍ മാത്രം സമ്പത്തായി കൊണ്ടു പോവുക കൂട്ടരേ , അനാവശ്യമായവ ബാദ്ധ്യതയായി, വേദനയായി നിങ്ങളെ ഉത്തരമില്ലാത്ത അന്വേഷണങ്ങളിലേക്ക് നയിക്കാതിരിക്കട്ടെ.." പറയാനാവാത്ത എന്തോ ഒരു വികാരം ഉളവാക്കുന്നു...ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ഹാര്‍ക്കറോട് പറയുന്നതു പോലെ :“നിങ്ങളുടെ ഇവിടത്തെ ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ, പോകുമ്പോള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ഒരു പങ്ക് ഇവിടെ വിട്ടിട്ട് പോകുക...”
(പിന്‍ കഴുത്തില്‍ അരിച്ചു കയറുന്ന ഒരു കിരുകിരുപ്പ്!)

Jayarajan said...

ഇതില്‍ സമകാലികത്തിലെ 11ഉം യു ഏ ഈ ബൂലോഗത്തിലെ 13ഉം ഒഴിച്ചാല്‍ ബാക്കി മിക്കതും (കമന്റ്സ്‌ അടക്കം) വായിച്ചതാണ്‌! ഇനി അതും കൂടി വായിക്കണം. അല്ല ദേവേട്ടാ, ഒന്നിലധികം പേര്‌ പോസ്റ്റുന്ന ഇടങ്ങളില്‍ നിന്നും ഒരാളുടെ പോസ്റ്റ്‌ മാത്രം എങ്ങനെ കണ്ടുപിടിക്കും? എന്തെങ്കിലും എളുപ്പവഴി? ആര്‍ക്കും ഉത്തരം പറയാം :)

Kalesh Kumar said...

ദേവേട്ടാ, എന്റെ അറിവില്ലായ്മകൊണ്ടോ അഹങ്കാരം കൊണ്ടോ ഉണ്ടായ ഒരു തര്‍ക്കത്തില്‍ നിന്നാണ് ദേവേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്....

ദേവേട്ടന്റെ ഓരോ പോസ്റ്റും, ഒരോ കമന്റും ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്... ഞാന്‍ അവയുടെ കടുത്ത ആരാധകനും.

അറിവില്ലായ്മ മുലം എന്തേലും വിവരക്കേട് ഞാന്‍ എപ്പഴേലും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കു....

ദേവേട്ടന്‍ ഇനിയും ഒരുപാട് എഴുതണം....

smitha adharsh said...

വൈകിവന്നത് കൊണ്ടു പലതും വായിക്കാന്‍ കഴിഞ്ഞിട്ടില്ല... അത് വൈകാതെ തന്നെ നികത്തുന്നുണ്ട്....

സൂഫി said...

കാത്തിരുന്ന് വായിക്കുന്ന
ഒരു സഹൃദയന്‍...
കമന്റിടാന്‍ ഒരു മടിയനും.
എഴുത്തുകാരന്റെ പ്രയോരിറ്റികളും വായനക്കാരനു പഥ്യം.

സാജന്‍| SAJAN said...

ദെപ്പൊ എഴുതി?
രാധേയന്‍ എഴുതിയത് പോലെ ദേവേട്ടന്‍ എന്തെഴുതിയാലും എനിക്കും ഇഷ്ടമാണ്:) കുറെനാളായി ബൂലോഗത്തില്‍ അത്ര സജീവമല്ലാതിരുന്നത് കൊണ്ട് എന്തെങ്കിലും പോസ്റ്റുകള്‍ മിസ് ചെയ്തോ എന്നറിയില്ല.
ഇനിയും എഴുതൂ (എഴുതുന്നുണ്ടാവുമല്ലോ അല്ലേ?)

വര്‍ണ്ണമേഘങ്ങള്‍ said...

ദേവന്‍ എന്തെഴുതിയാലും വായിയ്ക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്‌. വായിക്കാറുമുണ്ടായിരുന്നു.

കുറെ കാലം ഒളിവില്‍ പോയി (ഗ്ലോറിഫൈഡ്‌ രൂപം) തിരികെ വന്നപ്പോള്‍ പഴയ കൂട്ടുകാര്‍ എല്ലാം വളരെ സീരിയസ്സ്‌ ആയിപ്പോയതു പോലെ.ഇനിയിപ്പോ ഈയുള്ളവന്റെ ഭ്രമമാണോ..ശിവനേ..ഒട്ടും നിശ്ചയില്ല്യാല്ലോ..!