Tuesday, October 16, 2007

മോബ് ജസ്റ്റിസിന്റെ കാലം വരവായി

മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്‌. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്.

ആധുനിക ലോകത്തിന്‌ ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു.

കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം.

ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു.

സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍.

അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ്‌ ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ്‌ ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി.

മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌?
൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ
൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം
൩ അരക്ഷിതത്വബോധം
൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും.
൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം

മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്‌. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ഇക്കാലത്തും നിലവിലുള്ളത്. ചൈനയില്‍ ഈ അടുത്ത സമയത്ത് ഒരു സൈക്കിള്‍ യാത്രക്കാരിയെ കാര്‍ യാത്രക്കാരി ഇടിച്ചുകൊന്ന ഒരു സംഭവം ഡിസ്കഷന്‍ ഫോറത്തില്‍ പോസ്റ്റ് ആയി വന്നു. അവളുടെ കാറടിച്ചു തകര്‍ക്കണം, കാലു വെട്ടണം എന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ പോലീസ് ഫോറം അടച്ചുപൂട്ടാന്‍ ഹോസ്റ്റിനു നിര്‍ദ്ദേശം നല്‍കി. "ലിഞ്ച്ചിങ്ങ് തെമ്മാടികളുടെ രീതിയാണ്‌. ഓണ്‍ലൈന്‍ ലിഞ്ച്ചിങ്ങ് നടത്തുന്നവര്‍ സൈബര്‍ തെമ്മാടികളും. നമ്മുടെ നീതിബോധത്തിനതു യോജിക്കില്ല." എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഈ പോസ്റ്റ് രാജീവ് ചേലനാട്ടിന്റെ അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ എന്ന പരിഭാഷയ്ക്ക് സമര്‍പ്പിക്കുന്നു. നന്ദി

15 comments:

Kalesh Kumar said...

വായിച്ചിട്ട് പേടിയാകുന്നു ദേവേട്ടാ....

കണ്ണൂരാന്‍ - KANNURAN said...

അശാന്തിയുടെ നാളുകള്‍ തന്നെയാണ് നമ്മെ കാത്തിരിക്കുന്നത്. അത് ബീഹാറിലായാലും, കേരളത്തിലായാലും, ചൈനയിലായും.. ചിന്തിപ്പിക്കുന്ന പോസ്റ്റ്...

Siju | സിജു said...

ഇതെല്ലാം മുംബ്ബും ഉള്ളതല്ലേ..
ഇപ്പോള്‍ നമ്മള്‍ കാണുന്നുവെന്ന വിത്യാസമല്ലേയൊള്ളൂ..

Sherlock said...

പോലീസിന്റെ നിഷ്ക്രിയത്തം മൂലമാണ് ബീഹാറില്‍ ജനങ്ങള്‍ നിയമം കൈയ്യിലെടുത്തെത് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്...

പക്ഷേ വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരുമൊക്കെയാണെന്ന് അഭിമാനം കൊള്ളുന്ന നമ്മുടെ നാട്ടില്‍, ഇങ്ങനെയൊന്ന് നടന്നത് തികച്ചും മോശമായി പോയി...

vimathan said...

ദേവന്‍, തികച്ചും അവസരോചിതമായി പോസ്റ്റ്. ഏടപ്പാള്‍ സംഭവം ഉണ്ടായപ്പോള്‍, മനോരമ ചാനല്‍, “നാടോടിസംഘങള്‍” നടത്തുന്ന കുറ്റകൃത്യങള്‍ക്കെതിരെ പൊലീസ് ഒന്നും ചെയുന്നില്ലാ എന്നും അതില്‍ “നാട്ടുകാര്‍ക്ക്” പ്രതിഷേധം ഉണ്ട് എന്നും മറ്റും അഭിപ്രായങള്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു.

simy nazareth said...

ലിഞ്ച് എന്നതിനു തച്ചുകൊല്ലുക എന്നല്ലേ മലയാളം വാക്ക്?

ദേവാ, ഇതൊരു സാംക്രമിക രോഗമാ‍ണല്ലോ. രോഗം പടര്‍ത്താന്‍ സഹായിക്കുന്നതില്‍ ഉപരിപ്ലവമായതല്ലേ പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും. ഒരുപക്ഷേ അവര്‍ക്കു തന്നെയായിരിക്കും കേരളത്തില്‍ ഇതിനെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കാന്‍ കഴിയുക (കുറ്റവാളികള്‍ക്കു കൊടുത്ത ശിക്ഷയെ പെരുപ്പിച്ചു കാട്ടിയാല്‍?)

എങ്കിലും അക്ഷരാഭ്യാസമില്ലാത്ത ബിഹാറിലെ ഗ്രാമീണര്‍ക്ക് ഈ രോഗം എങ്ങനെകിട്ടി എന്നുമനസിലാവുന്നില്ല. അന്തര്‍ലീനമായ കാട്ടുനീതിയോ?

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ അവസരോചിതമായ പോസ്റ്റ്.
സിമിയുടെ കമന്റും ചിന്തിക്കേണ്ട വിഷയംതന്നെ.

Radheyan said...

ഇതു താനണ്ണാ വാര്‍ത്താചാനലുകളുടെ റിയാലിറ്റി ഷോ...

(ഇടി കൊണ്ട്)“സംഗതി”കളെല്ലാം പുറത്ത് വന്നില്ലേ...

ഇതൊക്കെ പോക്കറ്റടിക്കാരനും അതു പോലെയുള്ള പെറ്റി പ്രതികളുടെ അടുത്തേ നടക്കൂ.വന്‍ അഴിമതിക്കാരും കള്ളന്മാരുമൊക്കെ ധാരാളമുണ്ടല്ലോ.മോബ് ഒന്ന് കയറി നീതി നടത്തി നോക്ക്.
....വിറയ്ക്കും

Myna said...

ജീവിതത്തില്‍ ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്‌.
വഴിയില്‍ മാന്യന്മാര്‍ തല്ലിക്കൊണ്ടിരുന്ന വൃദ്ധനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതിന്‌ എന്റെ കൂട്ടുകാരനെ നീയും കള്ളനാണല്ലേ എന്നു ചോദിച്ച്‌ കൈയ്യേറ്റം ചെയ്‌ത കഥ. അവസാനം പോലീസ്‌, കോടതിയൊക്കെയായി... നന്നായി.

Sethunath UN said...

ദേവേട്ടാ,
വായിയ്ക്കാന്‍ അപ്പപ്പോ‌ള്‍ ആളെക്കൂട്ടുക... ഏറ്റ‌വും കൂടുത‌ല്‍ വ‌രിക്കാരെ സൃഷ്ടിയ്ക്കുക... ആത്യന്തികമായി.. കൂടുത‌ല്‍ പണ‌മുണ്ടാക്കുക. ഇതിന‌പ്പുറമുള്ള ഒരു മാധ്യമ പ്രവ‌ര്‍ത്ത‌ന‌വും ഇന്ന് ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യനും മൃഗ‌വും തമ്മിലുള്ള അന്ത‌ര‌ം ഇല്ലാതാകുന്ന ഈ പ്രവണ‌തയെ വ‌ള‌രെ സ്വാഭാവികം എന്നു വിശേഷിപ്പിച്ച്, പ്രോത്സാഹിപ്പിയ്ക്കാനുള്ള ഈ ത്വര കാണുമ്പോ‌ള്‍ ഭയ‌ം തോന്നുന്നു. സ‌ത്യത്തില്‍ എന്തൊരു അരക്ഷിതത്വബോധ‌ം ഇന്നു നാട്ടില്‍. അതും കൊടുക്കാനുള്ള നികുതിയും കൈമ‌ടക്കും എല്ലാം കൊടുത്തിട്ടും.
യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ചൂണ്ടുന്ന പോസ്റ്റ്.

വേണു venu said...

ആള്‍ക്കൂട്ടം ചിന്തിക്കുന്നില്ല. ഭ്രാന്തമായ ഒരു തരം മസ്തിഷ്ക്ക പ്രക്ഷാളനത്തിനു് വിധേയമാകുന്ന ജനക്കൂട്ടം. മോബു് വയലന്‍സു് എന്നൊക്കെയുള്ള പേരില്‍ നിരപരാധികളെ പോലും നിര്ദാക്ഷിണ്യം ഇല്ലാതാക്കാന്‍ നിമിഷങ്ങള്‍ മതി. ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം നോര്‍ത്തിന്‍ഡ്യന്‍ പട്ടണങ്ങളില്‍ നടന്നതൊക്കെ ഈ ഒരു തരം ഭ്രാന്തു് ആയിരുന്നു. രാജീവു് ഗാന്ധിയുടെ വധത്തിനു ശേഷം രണ്ടു മൂന്നു ദിവസം ഈ ആള്‍ക്കൂട്ടത്തെ ഭയന്നു് ഒരു തെക്കേ ഇന്‍ഡ്യക്കാരനായതിനാല്‍‍ പുറത്തിറങ്ങാതെ ഒളിച്ചിരുന്നവരുടെ കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു.
ഇതാ ആള്‍ക്കൂട്ടം നിയമം നടപ്പിലാക്കുന്നു. ബീഹാര്‍, യൂപി, കേരളവും.
ശ്രീ.ദേവരാജന്‍, ലേഖനം ചിന്തിപ്പിക്കുന്നു, ഭയപ്പെടുത്തുന്ന പല യാഥാര്ഥ്യങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്നു ഈ പോസ്റ്റ്.
ഇന്നലെ കാണ്‍പൂരില്‍ വീണ്ടും ആള്‍ക്കൂട്ടം നിയമം നടപ്പാക്കി.
ഇവിടെ

nalan::നളന്‍ said...

‘ഇനിയെന്നെ തല്ലിയാല്‍ ഞാന്‍ തിരിച്ചു തല്ലും’ എന്നു മൂന്നു തവണ വില്ലനോടു ക്ഷമിച്ച ശേഷമാണു പ്രേം നസീര്‍ ടിഷും ടിഷും തുടങ്ങുക.

മോഹന്‍ലാലു പക്ഷെ സവാള ഗിരി ഗിരി ന്നു പറഞ്ഞങ്ങോട്ടു കേറി തല്ലുതുടങ്ങുവല്ലേ.

മോബ് സൈക്കോളജി ഒക്കെപറഞ്ഞാല്‍ തീരില്ല.

Unknown said...

ഒരു തരം രസമാണ് എന്ന് തോന്നുന്നു ജനത്തിന്. വാങ്കഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രെലിയക്കാരന്‍ സൈമണ്ട്സിനെ വംശീയമായി അധിഷേപിയ്ക്കുന്ന രംഗം കണ്ടപ്പോള്‍ തോന്നിയതാണ്. അതും മോബ് സൈക്കോളജി തന്നെയല്ലേ.

സു | Su said...

ജനം, ശിക്ഷ വിധിച്ച് മുന്നേറുമ്പോള്‍, ശരിക്കും നീതി ഉണ്ടാവുമോ? അങ്ങനെ ഉണ്ടാവുന്നില്ലെങ്കില്‍, നീതിക്കു വേണ്ടിയാണ് പ്രതികരിച്ചത് എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?

Rajeeve Chelanat said...

ദേവന്‍,

ഇപ്പോഴാണ് കുറിപ്പ് കണ്ടത്. ഈ മോബ് ജസ്റ്റീസിന്റെ പിന്നില്‍ മറ്റൊരു മാനസികാവസ്ഥകൂടിയുണ്ട് എന്നു തോന്നുന്നു.

ലിഞ്ചിങ്ങ് ശരിയായി അര്‍ഹിക്കുന്ന നിരവധിപേരുണ്ടെന്നും (ബുഷ്, ബ്ലയര്‍, മോഡി, തൊഗ്ഗാഡിയ, കാന്തപുരം, മുതല്‍, ലിസ്റ്റ് അനന്തമായി നീളും) എന്നാല്‍ അവരോട് തീര്‍ക്കാന്‍ പറ്റാത്ത(രാധേയന്‍ നിരീക്ഷിച്ചതിന്റെ മറ്റൊരു വശം)അരിശം ഇവിടെ, സാധുക്കളുടെമേല്‍ തീര്‍ക്കാമെന്നും തോന്നിപ്പിക്കുന്ന ഒരു തരം സാഡിസം. പിന്നെ മറ്റൊന്ന്,പൊതുവെ ഈ ലിഞ്ചിങ്ങ് നടക്കുന്നത്, ദുര്‍ബ്ബലജനവിഭാഗങ്ങള്‍ക്കുനേരെയാണ്.ചോദിക്കാന്‍ ആരുമില്ലാത്തവര്‍. ഭരണവര്‍ഗ്ഗങ്ങളുടെ ഒത്താശയോടെതന്നെയാണിത് പലപ്പോഴും നടക്കുന്നതും.

മറ്റൊന്നുകൂടി. മോബ് ജസ്റ്റീസിന്റെ ഈ അപകടസാദ്ധ്യത മനസ്സിലാക്കിയതുകൊണ്ടാണ് ഗാന്ധിജി പല അവസരങ്ങളിലും തന്റെ സമരപരിപാടികളില്‍നിന്ന് അവസാനനിമിഷത്തില്‍ പിന്നോട്ടുപോയിരുന്നത് എന്ന്, ഗാന്ധിയെക്കുറിച്ചുള്ള വിലയിരുത്തലില്‍ റൊമാങ്ങ് റൊളാങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

കുറ്റക്ര്‌ത്യത്തില്‍ ആര്‍ക്കും personal involvement ഇല്ലയെന്നതും, ഈ മോബ് ജസ്റ്റീസിന്റെ പിന്നിലെ ഒരു പ്രധാനപ്രേരകമാണെന്നുകൂടി കാണാവുന്നതാണ്.