Wednesday, April 18, 2007

ബൂലോഗസമ്മര്‍ദ്ദം

ബൂലോഗത്ത്‌ എഴുത്തുകാരനു വായനക്കാര്‍ സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടോ എന്ന് സംസാരിച്ചവഴി സിദ്ധാര്‍ത്ഥന്‍ പറഞ്ഞ രണ്ടു വരി എനിക്കു വളരെ രസിച്ചതുകൊണ്ട്‌ വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കി.

മത്തായി ഉറങ്ങാന്നേരം ചുമ്മാ ബ്ലോഗിലൊരു പോസ്റ്റിട്ടു.
"പന്തല്ലൂരിലെ പഞ്ചായത്താപ്പീസിനു പിറകിലെ പനഞ്ചോട്ടില്‍ പതിഞ്ഞിരുന്ന പച്ചത്തവളയെ പാമ്പ്‌ പിടിച്ചു തിന്നു"

രാവിലേ എഴുന്നേറ്റ്‌ ബ്ലോഗ്‌ ആരെങ്കിലും വായിച്ചോ എന്നു നോക്കിയപ്പോള്‍ സമാധാനം പറയേണ്ട കമന്റുകള്‍:

എവിടെയാ പന്തല്ലൂര്‍? അവിടെയുള്ള പഞ്ചായത്താപ്പീസ്‌ പന്തല്ലൂര്‍ പഞ്ചായത്താപ്പീസാണോ അതോ പന്തല്ലൂര്‍ അടങ്ങുന്ന വലിയൊരു ഏരിയയുടെ പഞ്ചായത്താപ്പീസാണോ? ആണെങ്കിലത്‌ ജില്ലാ പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ? സ്വന്തം കെട്ടിടമാണോ വാടകയ്ക്കാണോ? സ്വന്തമാണെങ്കില്‍ പഴേ ബില്‍ഡിംഗ്‌ ആണോ ബേക്കര്‍ സായിപ്പ്‌ പഞ്ചായത്താപ്പീസുകള്‍ക്കും മറ്റു ചെറു ഗവര്‍ണ്മ്നെറ്റ്‌ ആപ്പീസുകള്‍ക്കും ഡിസൈന്‍ ചെയ്ത മാതൃകയില്‍ പണിതതാണോ? ആരാണീ പഞ്ചായത്ത്‌ ഭരിക്കുന്നത്‌? പ്രസിഡന്റ്‌ ആ പഞ്ചായത്തിലെ തന്നെ ആള്‍ ആണോ വരത്തനാണോ? തുടര്‍ച്ചയായി ഒരു പാര്‍ട്ടി തന്നെയാണോ ഭരിക്കുന്നത്‌?

അതിനു പിറകില്‍ പനയുണ്ടോ? കരിമ്പനയോ കുലച്ചിപ്പനയോ കുടപ്പനയോ നിലപ്പനയോ ? ഓഫ്‌ ടോപ്പിക്ക്‌- പനക്ക്‌ ചോറു തടിയിലാണെന്നു പഴഞ്ചൊല്ലുണ്ടല്ലോ, അതിന്റെ അര്‍ത്ഥമെന്താണ്‌? ആ പന കരിമ്പനയാണെങ്കില്‍ ചെത്താന്‍ കൊടുക്കുന്നുണ്ടോ? അതിന്റെ വരുമാനം പഞ്ചായത്ത്‌ ഏന്തു കണക്കിലാണ്‌ കൊള്ളിക്കുന്നത്‌? ലോക്കല്‍ ഫണ്ട്‌ ആഡിറ്റര്‍ കള്ളിന്റെ കണക്ക്‌ കൃത്യമാണോ എന്ന് എങ്ങനെ പരിശോധിക്കും (ഓഫ്‌- ഡിവിഷണല്‍ അക്കൌണ്ടന്റ്‌ പരീക്ഷയുടെ ഫലം പീയെസ്സി എന്നു പുറത്തിറക്കും?)

പച്ചത്തവള അവിടെ സാധാരണ ഉണ്ടാവാറുണ്ടോ? ആഗോള താപനില ഉയരുന്നത്‌ ആദ്യം ബാധിക്കുക തവളകളെയാണെന്ന് ജോസഫ്‌ ആന്റണി പറയുന്നല്ലോ? അപ്പോ ഈ പഞ്ചായത്തില്‍ താപനില സുരക്ഷിതമാണെന്ന് ഈ ഒരു തവളയെ കണ്ടതില്‍ നിന്നും അനുമാനിക്കാമ്മോ? ഇതെന്തിനാണു പതിഞ്ഞിരുന്നത്‌, തവളകള്‍ സാധാരണ കരിയിലയുടെയും കല്ലിന്റെയും പുല്ലിന്റെയും ഇടയിലല്ലേ പതിഞ്ഞിരിക്കാറ്‌ പതിഞ്ഞു എന്നതിനു impression എന്നും അര്‍ത്ഥമുണ്ടോ? പന ഒരു നിലപ്പന ആണെങ്കില്‍ അതിന്റെ താഴെ തവളക്കു പതിഞ്ഞിരിക്കാന്‍ ഇടമില്ലല്ലോ? കരിമ്പനയോ കുലപ്പനയോ കുടപ്പനയോ ആണെങ്കില്‍ അതിന്റെ താഴെ എങ്ങനെ പതിഞ്ഞിരിക്കും അതിനു പോടുകളുണ്ടായിരുന്നോ? (ഓഫ്‌ കുടപ്പനയില്‍ നിന്നാണോ കട്ടപ്പന എന്ന വാക്കുണ്ടായത്‌ അതോ കട്ടപ്പന വേറൊരു മരമാണോ? വീണ്ടും ഓഫ്‌ കുടപ്പനക്കുന്നില്‍ ഒരു കുടപ്പനയും കാണാനില്ലല്ലോ സര്‍ക്കാര്‍ അതെല്ലാം മുറിച്ചു വിറ്റതാണോ?)

എന്തു തരം പാമ്പാണ്‌ തവളയെ പിടിച്ചത്‌? പഞ്ചായത്ത്‌ മുന്നിട്ട്‌ രാജവെമ്പാലകളെ വളര്‍ത്തിയാല്‍ അത്‌ മറ്റു പാമ്പുകളെ തിന്ന് ഉരഗശല്യം കുറയ്ക്കാന്‍ സാദ്ധ്യതയില്ലേ? (ഓഫ്‌ മദ്യപന്മാരെ പാമ്പെന്നു വിളിക്കാറുണ്ടല്ലോ, അത്‌ പുതിയ പ്രയോഗമോ പഴയതോ?)കേരളത്തില്‍ കഴുകന്മാരുടെയും പരുന്തുകളുടെയും എണ്ണം കുറഞ്ഞെന്ന് കൈപ്പള്ളി അബുദാബി മീറ്റില്‍ പറഞ്ഞിരുന്നു, അത്‌ പാമ്പുകളുടെ എണ്ണം കൂട്ടി തവളകളുടെ വംശനാശത്തിനും, തവളകള്‍ അങ്ങനെ തീര്‍ന്ന് ഒടുക്കം പാമ്പുകള്‍ തന്നെ ഭക്ഷണമില്ലാതെ മരിച്ചു പോയി ഒരു ചെയിന്‍ ഓഫ്‌ എക്സ്റ്റിങ്ങ്ഷന്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ?

പാമ്പു തവളയെ വിഴുങ്ങിക്കഴിഞ്ഞ്‌ എത്ര നേരം കഴിഞ്ഞാല്‍ അടുത്ത ഇര തേടും? പാമ്പിനു തവളയെയാണൊ എലിയെ ആണോ കൂടുതല്‍ പ്രിയം? ഈ പഞ്ചായത്താഫീസിനു പിറകില്‍ പാമ്പുള്ളതുകൊണ്ട്‌ എലികള്‍ ഫയലുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യത കുറവായിരിക്കുമോ? പഞ്ചായത്തുകള്‍ പേപ്പര്‍ലെസ്സ്‌ ഓഫീസുകള്‍ ആക്കാന്‍ വി എസ്‌ അച്ചുതാനന്ദന്‍ ചെയര്‍മാനായുള്ള ഐ ടി ട്രാന്‍സിഷന്‍ ടീം തീരുമാനിച്ചെന്നു പത്രത്തില്‍ കണ്ടല്ലോ (ഓഫ്‌ അച്ചുതാനന്ദനെ സുജിത്ത്‌ വരയ്ക്കുന്നതാണോ സുധീര്‍ വരയ്ക്കുന്നതാണോ നല്ലത്‌? ഓഫിന്മേല്‍ ഓഫ്‌- സാക്ഷിയുടെയും കുമാറിന്റെയും ചിത്രങ്ങള്‍ ഈയിടെയായി കാണുന്നില്ലല്ലോ?)


"പച്ച"ത്തവളയെ പാമ്പു എന്നതിനു ഗൂഢാര്‍ത്ഥങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്ലീം ലീഗിനെ കേരളത്തില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു എന്ന് അര്‍ത്ഥം വരുന്നുണ്ടോ?

തവള കൃഷിയുടെയും പാമ്പ്‌ ഇറോസിന്റെയും സൂചനയാണല്ലോ, കര്‍ഷകരിലെ ആത്മഹത്യക്ക്‌ അത്തരത്തില്‍ ഒരു വശം ഉണ്ടെന്ന് അര്‍ത്ഥമാക്കിയിട്ടുണ്ടോ?

പിടിച്ചു എന്നതിനു
കൈകൊണ്ടെടുത്തു എന്നല്ലാതെ അര്‍ത്ഥമുണ്ടോ? അപ്പോള്‍ പാമ്പ്‌ കടിച്ചു തിന്നു എന്നല്ലേ ശരി? പാമ്പ്‌ തവളയെ തിന്നുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ അതോ പാമ്പു പോകുന്നത്‌ കണ്ട്‌ ഇതിന്റെ വയറ്റില്‍ ഒരു തവള ഉണ്ടെന്ന് ആകൃതിയാലെ നിരീക്ഷിച്ച്‌ അതു വന്ന വഴിയായ പനഞ്ചുവട്ടില്‍ ഒരു തവള ഉണ്ടായിരുന്നെന്‍ അനുമാനിച്ചതാണോ? അങ്ങനെയാണെങ്കില്‍ തവള പച്ചത്തവള ആണെന്നു പറയാന്‍ കാരണം ചൊറിത്തവളയേയും മരത്തവളയേയും പാമ്പ്‌ തിന്നാറില്ലാത്തതുകൊണ്ടാണോ അതോ ഈ പഞ്ചായത്തില്‍ പച്ചയല്ലാത്ത തവള ഇല്ലാത്തതുകൊണ്ടാണോ? ആഗോളതാപനം ചൊറിത്തവളയെ ആണോ പച്ചത്തവളയെ ആണോ ആദ്യം ബാധിക്കുന്നത്‌?

ചൊറിത്തവളയുടെ ഇറിറ്റന്റ്‌ കെമിക്കല്‍ ആയ ബ്യൂട്ടൊഫോക്സിന്‍ ആ പേരില്‍ എന്തിനു അറിയപ്പെടുന്നു? ചൊറിത്തവളയുടെ ദ്വിധനാമധേയ വംശം ബ്യൂഫോ എന്നല്ലേ? അപ്പോള്‍ ബ്യൂഫോഫോക്സിന്‍ എന്നായിരുന്നല്ലോ അതിനു പേരു വിളിക്കേണ്ടത്‌? അറ്റന്റ്ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡറിനു ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നോറിപിനെഫിനെ C8H11NO3 ബ്യൂട്ടോഫോക്സിനുമായി ഏതാണ്ട്‌ മൊത്തത്തില്‍ സാമ്യമുള്ള മരുന്നല്ല്ലേ? അപ്പോള്‍ വാശി പിടിച്ചു കരയുന്ന കുട്ടികള്‍ക്ക്‌ ചൊറിത്തവളയെ പുഴുങ്ങി കൊടുത്താല്‍ വാശി കുറയുമോ? തവളയെ പുഴുങ്ങിയാല്‍ ബ്യൂട്ടോഫോക്സിന്‍ രൂപം മാറുമോ?

ഒരു തവളയെ പാമ്പു തിന്നാല്‍ പഞ്ചായത്തിലെ കൊതുകുകളുടെ എണ്ണം എത്രമാത്രം കൂടും? ഈ പഞ്ചായത്ത്‌ ഓടകളില്‍ കൊതുകുനാശിനി തളിച്ചതുകൊണ്ടാണോ തവള ഓടയിലിരിക്കാതെ പനഞ്ചോട്ടില്‍ വന്നിരുന്നത്‌? കാക്ക വന്നു പനമ്പഴം വീണ്‌ ചത്ത തവളയെ അല്ല പാമ്പു തിന്നതെന്ന് എങ്ങനെ മനസ്സിലായി? പാമ്പ്‌ ചത്ത തവളകളെ തിന്നാറുണ്ടോ? ഉണ്ടെങ്കില്‍ ചത്ത്‌ എത്ര മണിക്കൂര്‍ കഴിഞ്ഞ തവളകളെ വരെ തിന്നും? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ തിന്നുന്നില്ല? പച്ചത്തവളകളോടൊപ്പം കാണാറുള്ള പുള്ളിത്തവളകള്‍ ലെപ്പേര്‍ഡ്‌ ഫ്രോഗ്‌ ആണോ മിങ്ക്‌ ഫ്രോഗ്ഗ്‌ ആണോ? ഏഷ്യന്‍ പെയിന്റഡ്‌ ഫ്രോഗ്‌ കേരളത്തില്‍ ഇല്ല എന്നത്‌ ശരിയാണോ? എന്തുകൊണ്ടില്ല? കാനോപ്പി ഫ്രോഗിനെ ഒരെണ്ണം വയനാട്ടില്‍ കണ്ടെത്തിയല്ലോ? ഒരെണ്ണം കണ്ട സ്ഥിതിക്ക്‌ അവിടെ എത്രയെണ്ണം കണ്ണില്‍ പെടാതെ പോയിട്ടുണ്ടാവും?

മത്തായിച്ചന്‍ മിഴിപൂട്ടി, പിന്നെ ബ്ലോഗ്ഗ്‌ പൂട്ടി, കമ്പ്യൂട്ടറേ പൂട്ടി, വീടും പൂട്ടി ഇറങ്ങി.

49 comments:

ദേവന്‍ said...

ബൂലോഗത്ത്‌ എഴുത്തുകാരനു വായനക്കാര്‍ സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടോ എന്ന് സംസാരിച്ചവഴി സിദ്ധാര്‍ത്ഥന്‍ പറഞ്ഞ രണ്ടു വരി എനിക്കു വളരെ രസിച്ചതുകൊണ്ട്‌ വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കി.

സുല്‍ |Sul said...

“ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......” “ഠേ.......”
ദേവേട്ടാ ചിരിച്ചു ചിരിച്ചു കൊടലു കരിഞ്ഞു.
സൂപ്പര്‍ പോസ്റ്റ്. നന്ദി.
-സുല്‍

RR said...

ദേവേട്ടാ :) ഇതു കൊണ്ടല്ലേ എനിക്കു ബ്ലോഗ്‌ ഇല്ലാത്തത്‌ ;)

സുല്‍ |Sul said...

“അറ്റന്റ്ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡറിനു ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നോറിപിനെഫിനെ C8H11NO3 ബ്യൂട്ടോഫോക്സിനുമായി ഏതാണ്ട്‌ മൊത്തത്തില്‍ സാമ്യമുള്ള മരുന്നല്ല്ലേ? അപ്പോള്‍ വാശി പിടിച്ചു കരയുന്ന കുട്ടികള്‍ക്ക്‌ ചൊറിത്തവളയെ പുഴുങ്ങി കൊടുത്താല്‍ വാശി കുറയുമോ? തവളയെ പുഴുങ്ങിയാല്‍ ബ്യൂട്ടോഫോക്സിന്‍ രൂപം മാറുമോ?“
കഠിനം അതി കഠിനം.

വല്യമ്മായി said...

പാവം മത്തായിമാര്‍ :)

മത്തായിയെ കുറിച്ച് ഒരു മുന്‌ധാരണ വായനക്കാര്‍ക്കുള്ളപ്പോഴേ ഈ സമ്മര്‍ദ്ദമൊക്കെ ഉള്ളൂ.

പോസ്റ്റ് നന്നായി.

Dinkan-ഡിങ്കന്‍ said...

ദേവന്‍,
നിങ്ങള് ഡിങ്കനെ ചിരിപ്പിച്ചു കൊല്ലും അല്ലെ ദുഷ്ടാ.
ഇതുപോലെ എത്ര മത്തായിച്ചന്‍സ് ഉണ്ട്. ഒരാള് ഈയടുത്ത് പൂട്ടി അല്ലെ?

ഒ.ടോ.
പാലായില്‍ എത്ര മത്തായിമാര്‍ ഉണ്ട്?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Devs
:):)

ആഷ | Asha said...

അല്ലാ ഈ മത്തായിച്ചന്‍ മിഴി പൂട്ടിയിട്ടു എങ്ങനെ ബ്ലോഗ് പൂട്ടി?

ഞാന്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയോ ഇനി?
;)

കണ്ണൂരാന്‍ - KANNURAN said...

ഇതോണ്ടന്നെയാ നമ്മളൊക്കെ ബ്ലോഗു പൂട്ടി വെറും കമന്റുമായി നടക്കുന്നതെ.. യേത്... ഇടിവെട്ടു പോസ്റ്റന്നെ മാഷെ...

Unknown said...

സ്പോട്ട് ഓണ്‍! :-)

Rasheed Chalil said...

ഹി. ഹി. ഹി... ഇനി വായ തുറന്നള്ള ചിരി. ഹ ഹ ഹ

ദേവേട്ടാ ഞന്‍ മണ്ടി കെയ്ച്ചിലായി.

sandoz said...

ദേവേട്ടാ...
ചോദ്യങ്ങള്‍ മാത്രം ചോദിക്കുക..
ഉത്തരം ആരു പറയണു...
ഉത്തരത്തിനു പകരം മറുചോദ്യം ചോദിക്കുക....
അങ്ങനെ ചോദ്യങ്ങള്‍ മാത്രം അവുമ്പോ ഒരു സമ്മര്‍ദ്ദോം ഇല്ലാ....
വിവാദത്തിനു വിവാദം...
അടിക്ക്‌ അടി..മാപ്പിന്‍ മാപ്പ്‌...
ഒറക്കോം സുഖാവും....

അതുല്യ said...

ദേവ്വ്വ്യോയ്‌.. ഇതിനു കൂടി മറുപടി പ്ലീസ്സ്‌

പഞ്ചായത്ത്‌ ന്ന് പറഞ്ഞാ മറ്റ്‌ ബ്ലോഗര്‍ന്മാര്‍ ഇത്‌ "മറ്റേ പഞ്ചായത്ത്‌" ആണെന്ന് തെറ്റ്‌ ധരിയ്കുമൊ?

പീ.എസ്‌. സീ ടെ ഫലം പുറത്തിറയ്കുമ്പോഴ്‌, ഇന്നലെ ന്യൂസിലുണ്ട്രായ യു.പി.എസ്‌. സീീടെ പോലെ ഇന്‍ഡിവിഡുവല്‍ മാര്‍ക്കും പുറത്തിറക്കുമോ?

പാമ്പ്‌ പാമ്പ്‌ ന്ന് ഇടയ്കിടെ പറഞ്ഞതോണ്ട്‌ പാമ്പാവുന്നവര്‍ ധര്‍ണ്ണയ്ക്‌ വരുമോ?

ദേവ്വ്യോയ്‌.. കൈയ്യകലത്തില്‍ ഇല്ല്യാണ്ടേ പോയത്‌ നന്നായീട്ടോ? (ഇനി കൈയ്യകലം എന്നതിനു മറ്റ്‌ അര്‍ഥങ്ങളുണ്ടോ ആവോ ഈശ്വരാ..ഈ കമന്റ്‌ സമ്മര്‍ദ്ദത്തിനും നാളെ ഉത്തരം പറയേണ്ടി വരുവോ ആവോ?

അഭയാര്‍ത്ഥി said...

ബൂലോഗസമ്മര്‍ദ്ദം"

Great

മുസ്തഫ|musthapha said...
This comment has been removed by the author.
ഏറനാടന്‍ said...

ദേവേട്ടാ ഈ മത്തായി ആണോ ഏറനാട്ടിലെ കാലങ്കുട-ആലങ്കോഴി മത്തായി? ആണേല്‍ അയാളെപ്പോ കമ്പ്യൂട്ടര്‍ വാങ്ങി? എന്തുവിലകൊടുത്തു? റൊക്കമോ അടവോ? അയാള്‍ വീടും പൂട്ടി പോയത്‌ കട്ടപ്പനയിലോ അതോ കുടപ്പനയിലോ? പൂട്ടിയത്‌ വിടാണോ അപ്പീസാണോ? അതോ രണ്ടുമോ? ആപ്പീസ്‌ എന്നാല്‍ ഇപ്പറഞ്ഞ പഞ്ചായത്താപ്പീസാണോ?
ഇനി ആരാണ്‌ പൂട്ടിക്കാന്‍ ശ്രമിക്കുന്നത്‌?
ദേവേട്ടാ,
സമ്മര്‍ദ്ധം പോസ്‌റ്റനോ അതോ വായിച്ച്‌ എമ്മാതിരി കമന്റിട്ട്‌ നോക്കാം എന്ന്‌ ഗവേഷണം നടത്തുന്നവര്‍ക്കോ?

ഇനി ചോദ്യാവലി തയ്യറാക്കീട്ട്‌ വരട്ടോ?

:)

ഇടിവാള്‍ said...

ഗൊഡ് കൈ ദേവേട്ടാ!

ഇവരൊന്നും മനസ്സിലാക്കുന്നില്ലല്ലോ കര്‍ത്താവേ.. മത്തായിക്കു ബ്ലോഗു പൂട്ടിയാല്‍ &^$%##* ആണെന്നു.. കാരണം മത്തായിക്കു സീരിയലുണ്ട് !

കുറുമാന്‍ said...

ഒരാഴ്ചയായി മുടിഞ്ഞ പണി തിരക്ക്. രണ്ട് മൂന്നു ദിവസമായി പോസ്റ്റുകള്‍ മിക്കവാറും, തുറക്കുന്നുണ്ടായിരുന്നില്ല, അഥവാ തുറന്നാല്‍ കമന്റിടാന്‍ പറ്റുന്നുമുണ്ടായിരുന്നില്ല. ഇന്നലെ ചെറുതായൊന്നു കയറി, ഇന്ന് ദാ തുറന്നത് ദേവേട്ടന്റെ പോസ്റ്റ്, എനിക്ക് വയ്യ. ചിരിച്ചൊരു വഴിക്കായി.....ഇങ്ങനെയെങ്ങനെ കാടുകയറാന്‍ പറ്റുന്നിഷ്ടാ:)

തറവാടി said...

ഈ ചോദ്യത്തേക്കാള്‍ ,
ഒരു നൂറു ചോദ്യംകൂടി ചോദിച്ചാലും ഒരു മത്തായിയും

ഇവിടെ ബ്ളൊഗിങ്ങ് നിര്‍ത്താന്‍പോകുന്നില്ല ,

പത്തു ചോദ്യംക്കൂടെ ബ്ളൊഗില്‍ ചോദിക്കാന്‍ അവന്‍ പ്രാര്‍ത്ഥിക്കും ,

ചോദിക്കാത്തവര്‍ക്ക് മെയില്‍ അയക്കും ,

ചാറ്റിലൂടെ പറയും

അതാണു സത്യം !!

asdfasdf asfdasdf said...

േവേട്ടാ, ഇത് കലക്കീട്ടുണ്ട്.
മത്തായിച്ചന്‍ പാമ്പിനെ പിടിക്കാന്‍ എന്തിനാ പഞ്ചായത്താഫീസ് വരെ പോയത് ?
ബസ്റ്റോപ്പിലും വഴിവക്കിലുമൊക്കെ ഇഷ്ടമ്പോലെ പാമ്പും പെരുച്ചാഴിയും കാണും. ഒന്ന് തപ്പി നോക്കണം. തപ്പുന്നതിനുമുമ്പ് ത്രേസ്യമ്മ കൂടെ കൊടുത്തുവിട്ട വടി കയ്യിലുണ്ടോന്നൊന്ന് ഇടക്കിടെ ശ്രദ്ധിക്കണം. ബാക്കിയെല്ലാം ത്രേസ്യാ‍മ്മ കൊടുത്തയച്ച വടിയുടെ ശക്തി പോലെയിരിക്കും. :) :)

തമനു said...

പോസ്റ്റ് കലക്കി മത്തായിച്ചാ, പോസ്റ്റ് വായിച്ച്‌ ഒള്ള സമ്മര്‍ദ്ദം പോയിക്കിട്ടി.

പക്ഷേ ഒരു സംശയം, മണ്ടേലെന്തെങ്കിലും ഉണ്ടേന്ന്‌ (മുടിയല്ല ഉദ്ദേശിച്ചേ...) വായനക്കാരന്‍ വിശ്വസിക്കുന്ന മത്തായിമാരോടല്ലേ ഇതൊക്കെ ചോദിക്കൂ.

പിന്നെ ഇതൊക്കെ കേട്ടിട്ടെന്തിന് സമ്മര്‍ദ്ദം കൂട്ടുന്നു. ഇതൊക്കെ മത്തായിക്ക്‌ വെറും, ഇടിവാളു പറഞ്ഞ സാധനം, ആണെന്നു വിചാരിച്ചാല്‍ പോരെ..?

ബിന്ദു said...

ഈ ദേവനെകൊണ്ട് തോറ്റു! :)(ഓരോ കമന്റിനും ഇടേണ്ട സമൈലികള്‍ വിട്ടുപോവരുത്ട്ടോ).

അശോക് കർത്താ said...

John Abraham(natanalla -samvidhayakan) Kottayathu ethra Mathayi marundu ennu chadichathil peduna Mathayi ano ee mathai? enkil athil ethramathe mathai anu ee mathai?

സു | Su said...

മത്തായി, സമയം പോക്കാന്‍ ആണ് ബ്ലോഗിങ്ങെങ്കില്‍ ഉത്തരം കൊടുക്കാം. സമയം കളയാമല്ലോ.

മത്തായി, സീരിയസ്സ് ബ്ലോഗിങ്ങാണെങ്കിലും ഉത്തരം കൊടുക്കാം. കാരണം, ഉള്ള അറിവ്, പങ്ക് വെക്കാമല്ലോ.

ഇതിന് രണ്ടിനും ഇടയ്ക്കുള്ള മത്തായിമാര്‍ ആണെങ്കിലേ വിഷമിക്കേണ്ടതുള്ളൂ.

Pramod.KM said...

ഹിഹി.
ഇനി എന്തു സാദ്ധ്യത ആണ്‍ മത്തായിച്ചന്റെ ബ്ലോഗ്ഗിനുള്ളത്!!!
എല്ലാ മേഖലയെയും ആസ്വാദകറ് ചൂഷണം ചെയ്തു കയ്യില്‍ കൊടുത്തില്ലേ?;)

nalan::നളന്‍ said...

ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷനിസമായല്ലോ! :)

Unknown said...

മത്തായിദേവാ, നില്ലവിടെ.

ഇത്ഥം നിന്നോടിടഞ്ഞു, ആത്മരതിയും വീരമൃത്യുവും പരിവേഷവും നേടട്ടെ ഞാന്‍.

അതു കഴിഞ്ഞിട്ട് പൊക്കോളൂ..

:)

പൊന്നപ്പന്‍ - the Alien said...

മോശമായിപ്പോയി.. ആ പാമ്പ് കശ്മലന്‍ എങ്ങാണെന്നന്വേഷിച്ചോ..?
അറ്റ്‌ലീസ്റ്റ് ആ തവളയുടെ കുടുമ്മത്തേക്കൊരു അനുശോചനപ്പോസ്റ്റെങ്കിലും അയച്ചു കൊടുക്കാരുന്നു ! :(

പരാജിതന്‍ said...

ദേവാ, അന്യായം! :)
ചിരിപ്പിച്ചോളൂ. പക്ഷേ ഇങ്ങനെ നോണ്‍സ്റ്റോപ്പായി ചിരിപ്പിക്കാന്‍ പാടുണ്ടോ?

Santhosh said...

ഹ ഹ!

Unknown said...

ചോദ്യമെന്ന പദത്തിനെന്തര്‍ഥം?
ബിറ്റ്വീന്‍, ഞാനൊന്നു ചോദിക്കട്ടെ, ആ തവള പറതവള ആവാനുള്ള സാദ്ധ്യത എന്തുമാത്രം കാണും?

Inji Pennu said...

ഇന്നീമുണ്ട്.... പോസ്റ്റ് ഒരിക്കല്‍ നാട്ടിയാ പിന്നെ ബ്ലോഗ് ഡിലീറ്റ്യാ സമ്മര്‍ദ്ദം, പോസ്റ്റ് ഡിലീറ്റിയാ സമ്മര്‍ദ്ദം, പിന്മൊഴീന്ന് പോയാ സമ്മര്‍ദ്ദം, പോസ്റ്റ് അടിക്കടി ഇട്ടില്ലെങ്കില്‍ സമ്മ്മര്‍ദ്ദം, മിണ്ടിയാ സമ്മര്‍ദ്ദം, മിണ്ടീല്ലെങ്കി സമ്മര്‍ദ്ദം, കമന്റ് മോഡറേറ്റ് ചെയ്താ സമ്മര്‍ദ്ദം, കമന്റ് മുക്കിയാ സമ്മര്‍ദ്ദം, കമന്റ് മുക്കീല്ലെങ്കില്‍ സമ്മര്‍ദ്ദം, കമന്റ് എടിറ്റിയാ സമ്മര്‍ദ്ദം, അനോണികളുടെ സമ്മര്‍ദ്ദം, വര്‍മ്മകളുടെ സമ്മര്‍ദ്ദം, അഭിപ്രായം പറയണോ വേണ്ടയോ എന്നുള്ള സമ്മര്‍ദ്ദം, അഭിപ്രായം ശരിയായില്ലാന്നുള്ള സമ്മര്‍ദ്ദം, വരികള്‍ക്കിടയിലുള്ള സമ്മര്‍ദ്ദം...അങ്ങിനെ ഒരഞ്ചാറി കിലോ സമ്മര്‍ദ്ദം..

ശുഭം!

വേണു venu said...

ഒരു സമ്മര്‍ദ്ദവും ഇല്ല. ഉണ്ടെങ്കില്‍‍ അതു നമ്മള്‍‍ തന്നെ സൃഷ്ടിച്ചേടുക്കുന്ന ഒരു മാനസിക പ്രക്രിയ ആണെന്നെനിക്കു് തോന്നുന്നു. state of mind നമ്മള്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒന്നു്.
ആ അവ്സ്ഥ ഉണ്ടാക്കാതെയിരുന്നാല്‍‍...?

sreeni sreedharan said...

മത്തായിക്കങ്ങനെ തന്നെ വേണം.



(എന്നാലും എന്‍റെ മത്തായീ ;)

സുശീലന്‍ said...

സമ്മര്‍ദ്ദം, സമ്മര്‍ദ്ദം സര്‍വ്വത്ര സമ്മര്‍ദ്ദം.
ഈ ബൂലോഗ സമ്മര്‍ദ്ദമാപിനി എവിടെയാണാവോ കിട്ടുക ?

സാജന്‍| SAJAN said...

മത്തായി റ്റിബറ്റിനു പോയതാണ് കൂടുതല്‍ വിവരങ്ങളും ആയി തിരിച്ചുവരും..

അന്ന് ഈ കളിയാക്കിയവരെ എല്ലാം ഒന്നു കാണണം

ദേവേട്ടനെ അടക്കം

കരീം മാഷ്‌ said...

"ഞങ്ങളെ വീട്ടിലെ പുറമ്പണിക്കാരി മുണ്ടി പാടത്തു പണിയൊന്നും ഇല്ലാഞ്ഞപ്പോള്‍ ചൂരക്കൊട്ടയുമെടുത്ത കാഞ്ഞിരക്കുരു പെറുക്കാന്‍ പോയി".

എന്നു തുടങ്ങുന്ന കഥ കഥനം രണ്ടുദിവസം കഴിഞ്ഞു മത്തായിക്കു കെട്ട്യോളുടെ തിരുത്തല്‍ കഴിഞ്ഞു കിട്ടിയത്‌

"കിടക്കപ്പായിന്നെണീറ്റ കാളി കിഴക്കു നോക്കി ഒരു കോട്ടുവായിട്ടു,
കുടിലിന്റെ കോണീല്‍ വെച്ച കൊട്ടയെടുത്തവള്‍ കാളികാവിലെ കൊപ്പങ്കുന്നു കണക്കാക്കി നടന്നു.
കൃഷിപ്പണി ഇപ്പോ ഒരു കണക്കായിരിക്കുന്നു. കുറച്ചു കാഞ്ഞിരക്കുരു പെറുക്കണം"


ഈ കഥ ബ്ലോഗിലിട്ടു മത്തായി ഉറങ്ങാന്‍ കിടന്നു.രാവിലെയേ തനിമലയാളത്തിലെത്തൂ. അര്‍ജ്ജണ്ടായി വായിക്കുന്നവര്‍ക്കു പിന്മൊഴിയിലൊരു വാലുമിട്ടു കൊടുത്തു.
വാലില്ലാത്തവര്‍ക്കു വായിക്കാന്‍ വള്ളിയില്‍ തൂങ്ങിയെത്താമല്ലോ!

സ്ഥിരം കമണ്ടിടുന്ന ചിലരോക്കെ വന്നു അപാരം,അത്യുഗ്രന്‍ എന്നൊക്കെ പതിവു തലോടല്‍ തന്നു പോയി.അവരെയൊക്ക നോക്കിവെച്ചു, ഇനി അവര്‍ക്കു മടക്കികൊടുക്കണം.കല്ല്യാണത്തിനു പ്രസണ്ടേഷന്‍ കിട്ടുന്ന പോലെ.

ഓഫീസിലെ കഠിന ജോലിയും അവിടെ ബ്ലോഗെഴുത്തില്ലന്ന പ്രതിജ്ഞയും അയാളെ വീട്ടില്‍ ബിസിയാക്കിയിരിക്കുന്നു.

അന്നു വൈകി ഉറങ്ങാന്‍ കിടന്നതാണ്‌ മത്തായി.
അപ്പോള്‍ മൊബെയില്‍ നിര്‍ത്താതെ അടിക്കുന്നു. ഉറക്കപിച്ചുമായി നോക്കിയപ്പോള്‍ അപ്പനാണ്‌ നാട്ടില്‍ നിന്ന്‌
" ഏടാ തനിക്കെന്താ പണി.?"
"ഉറക്കം"
"പണി എന്നാല്‍ ജോലി എന്താ എന്നാ ചോദിച്ചത്‌?"
“പഴയ പണി തന്നെ. പതിനാറു വര്‍ഷമായി ചെയ്യുന്നത്‌ (അക്കൗണ്ടന്റ്‌)"

“നീയിപ്പോ മുണ്ടിനെക്കുറിച്ചു കഥയെഴുതി കമ്പ്യൂട്ടറിലച്ചടിച്ചോ?“

"ആരാപ്പാ അതു അവിടെ വന്നു പറഞ്ഞത്‌?"

"നിനക്കു കിട്ടുന്ന ശംബളം പോരാന്നുണ്ടോ?"

“മതിയപ്പാ, അതു തന്നെ അധികം"

"പിന്നെന്താ നെനക്കു വയറ്റില്‍ വറ്റു വിലങ്ങടിക്കുന്നുണ്ടോ? ആ പാവങ്ങളുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടക്കണോ?"
"ഇതുപോലെ ഒരുത്തന്‍ വന്നു ഫോട്ടൊയെടുത്തു പൊക്കിപ്പറത്തി അരപ്പേജു വാര്‍ത്തയിട്ടിട്ടാ റുഖ്യാന്റെ ചെറുതൊഴില്‍ കിടക്ക-തലയണ നിര്‍മ്മാണ യൂണിറ്റ്‌ പത്രത്തിലൊക്കെ വന്നൂലോ എന്നും ചൊല്ലി കൈക്കൂലിക്കാന്‍ കേറിയിറങ്ങി മുടിപ്പിച്ചത്‌.

“ആട്ടെ അപ്പനിതൊക്കെ എങ്ങനറിഞ്ഞു?“

“ബാംഗ്ലൂരില്‍ പണിയെടുക്കുന്ന രണ്ടു ചെക്കന്മാര്‍ രണ്ടീസായിട്ടുന്‍ ഇരുമ്പുഴിയില്‍ കറങ്ങി നടപ്പാണ്‌.
ഇന്നലെ നിന്റെ അനിയന്റെ കടയില്‍ വന്നു തെരക്കീന്നോ അവരു പിന്നെ കാളിയാണ്‌ മുണ്ടിയെന്നു മനസ്സിലാക്കി അവളെ തെരക്കി ചെന്നൂന്നും അവളാകെ പേടിച്ച്‌ ഇങ്ങോട്ടോടി വന്നു പെന്‍ഷന്‍ മുടങ്ങോന്നും ചോദിച്ചു അലമുറയിട്ടു കരച്ചില്‍. അവളുടെ പെന്‍ഷന്‍ മുടങ്ങിയാല്‍ നിന്റെ തൊള്ളയില്‍ ക്യാന്‍സര്‍ വരും. ഞാന്‍ പറഞ്ഞേക്കാം. അഹമ്മതിക്കും ഒരതിരുണ്ട്‌.ജോലി ചെയ്തു കിട്ടുന്നതു തിന്നു ജീവിച്ചാല്‍ പോരെ?"

അപ്പന്റെ അടുത്തു നിന്നും കിട്ടിയതു വാങ്ങിച്ചു മത്തായി വീണ്ടും ഉറങ്ങാന്‍ കിടന്നു. നല്ല ഉറക്കം പിടിച്ചപ്പോള്‍ അയാള്‍ ഒരു സ്വപ്നം കണ്ടു. വായിലാകെ ക്യാന്‍സറുമായി അയാള്‍ കിടന്നു പിടയുന്നു. ക്യാന്‍സറിന്റെ വൃണങ്ങള്‍ പൊട്ടി അയാളുടെ കവിളിലൂടെ ഒലിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌ .കയ്യില്‍ ഒരു എഴുത്താണിയും ഉണ്ട്‌.എഴുത്താണിയുടെ അറ്റം വളരെ മൂര്‍ച്ചയുള്ളത്‌. അതു തട്ടിയ അയാളുടെ പലഭാഗത്തും വീണ്ടും ക്യാന്‍സര്‍ വന്നു.

മത്തായി ഞെട്ടിയുണര്‍ന്നു.

കണ്ണു തിരുമ്മി റെറ്റിനയും കൃഷ്മമണിയും തമ്മിലെ ദൂര അനുപാതം കൃത്രിമമായി ശരിയാക്കി. കമ്പ്യൂട്ടര്‍ ഓണായി തന്നെ കിടക്കുന്നു. ഡയലപ്പ്‌ ചെയ്തു പിന്മൊഴി തുറന്നു.
അവിടെ ഒരു കേക്കിന്റെ അത്യന്താധുനീക കഥ വായിച്ചു പുലികളായ പലരും മനസ്സിലാക്കാന്‍ പ്രയാസപ്പെട്ടു ചക്രശ്വാസം വലിക്കുന്നു.

മത്തായിയും മൂന്നു വട്ടം വായിച്ചു. അയാള്‍ക്കൊന്നും മനസ്സിലായില്ല.
പക്ഷെ അയാളുടെ മനസ്സില്‍ വായ നിറയെ അര്‍ബുദം വരുന്നതും എഴുത്താണിയുടെ മൂര്‍ച്ച തട്ടി മേലാസകലം മുറിവാകൗന്നതും മാത്രമായിരുന്നപ്പോള്‍. അതിനാല്‍ അയാള്‍ അതിനു ചേര്‍ന്ന ഒരു കമണ്ടിട്ടു പബ്ലിഷു ചെയ്തതും ജി ടാക്കില്‍ നിന്നു ചതുരത്തില്‍ ഒരുപാടു കുമിളകള്‍ അയാളുടെ കമ്പ്യൂട്ടറിന്റെ താഴെക്കോണില്‍ നിന്നു ഉയര്‍ന്നു വരുന്നതും അയാള്‍ ശ്രദ്ധിക്കാതെ വീണ്ടും പുതപ്പിനടിയിലേക്കും ഊളിയിട്ടു..
വായനക്കാരന്‍ ബ്ലോഗെഴുത്തുകാരനു സമ്മര്‍ദ്ദം കൊടുക്കുന്നില്ലന്നു തന്നെയാണിപ്പോഴും മത്തായി വിചാരിക്കുന്നത്‌.
(മത്തായി ചരിതം മൂന്നാം ഭാഗം. പേജ്‌ 45. ഖണ്ഡിക 3.)

ഇട്ടിമാളു അഗ്നിമിത്ര said...

സമ്മര്‍‌ദ്ദക്കാരാണോ ബ്ലോഗ് പൂട്ടുന്നെ.. അറ്റകുറ്റപണിക്ക് പൂട്ടിയാലോ ... വെറുതെ ചോദിച്ചതാ ...

Siju | സിജു said...

ദിതാണ് സമ്മര്‍ദ്ദ തന്ത്രം സമ്മര്‍ദ്ദ തന്ത്രം ന്ന് പറയണത്

അരവിന്ദ് :: aravind said...

ഹഹഹ :-)

കരീം മാഷടെ കമന്റും എറിച്ചു.

ഏറനാടന്‍ said...

തറവാടിക്കാ കൊടുകൈ.. നന്നായിട്ടുണ്ട്‌ മത്തായിചരിതം.

ന്നാലും എന്റെ വ്യഥ അതല്ല. ഞാനിനി എന്റെ മത്തായിചേട്ടനേം മകള്‌ മോളിയേം എങ്ങനെ തുടരണം?

ബൂലോഗകോടതീലേക്ക്‌ ഏതുവഴിയാ പോവേണ്ടത്‌? പഞ്ചായത്തില്‍ പോയി പറഞ്ഞാ മതിയോ? എന്റെ മത്തായിനെ വിട്ടുതരിക. എനിക്കിനിയും മൂപ്പരെ വെച്ച്‌ ചിലതൊക്കെ ചെയ്യാനുണ്ടേയ്‌..

:)

മിടുക്കന്‍ said...

അതൊക്കെ ഉത്തരം പറയണമെന്ന് തോന്നുന്നവര്‍ക്ക്...
ഞാനടക്കം പലരുടേയും മുദ്രാവാക്യം വേറെയാ....
“ആരെന്തു ചൊദിച്ചാലും പറഞ്ഞാലും.. ഞങ്ങള്‍ ബ്ലോഗും...കമന്റും..“
:)

സൂര്യോദയം said...

ദേവേട്ടാ... ഹാസ്യത്തിലൂടെയുള്ള ഉഗ്രന്‍ നിരീക്ഷണം...

അല്ലാ, എന്താ ഈ ബൂലോഗസമ്മര്‍ദ്ദം??, ആര്‍ക്കാ?? എന്തിനാ?? ആ...... മൈന്റ്‌ ചെയ്യണ്ടാന്നേ... :-)

Kalesh Kumar said...

ദേവേട്ടാ, ചിരിച്ച് വശക്കേടായി!
സൂപ്പര്‍!

പുതിയൊരു വാക്ക് കൂടി - ബൂലോഗസമ്മര്‍ദ്ദം!

Ajith Pantheeradi said...

എഴുത്തുകാരനു മാത്രമല്ല ഒരു കമന്റ് എഴുതുന്നവനു പോലുമുണ്ടല്ലൊ ബൂലോഗസമ്മര്‍ദ്ദം, കമന്റുകള്‍ക്കു മറുകമന്റുകള്‍ വരുന്ന ഈ ബൂലോഗത്ത് !!

ദേവന്‍ said...

മത്തായിക്കുപറ്റിയ അത്യാഹിതമറിഞ്ഞ്‌ ഓടിയെത്തിയവര്‍ക്കെല്ലാം അദ്ദേഹം അകൈബലമായ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്‌. താന്‍ നാടുവിട്ടു പോയതല്ലെന്നും ഒരു തലകറക്കം തോന്നി ആശുപത്രി വരെ പോയതാണെന്നും ജോണ്‍ പറഞ്ഞതുപോലെ ഏത്രയോ മത്തായിമാരുള്ള നാട്ടില്‍ ഏറനാടന്റെ മത്തായി വേറാരോ ആണെന്നും അറിയിച്ചിട്ടുണ്ട്‌. കരീം മാഷിന്റെ മത്തായിചരിതവും അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചിട്ടുണ്ട്‌ ഞാന്‍.


മുജ്ജന്മത്തില്‍ ചെയ്ത സല്‍ക്കര്‍മ്മത്തിന്റെയോ ഇജ്ജന്മത്തില്‍ ചെയ്ത വ്യായാമത്തിന്റെയോ ഫലമാകാം മത്തായിക്ക്‌ വാസോസ്പാസം ഉണ്ടായെങ്കിലും ശ്വാസോച്ഛ്വാസം നിലയ്ക്കാഞ്ഞത്‌ എന്ന് അദ്ദേഹത്തെ പരിശോധിച്ച ഭിഷഗ്വരന്‍ നിരീക്ഷിച്ചു. ബൂലോഗസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ രക്തസമ്മര്‍ദ്ദവും ഉയര്‍ന്നതെന്ന് കേട്ട്‌ ഫിസിഷ്യന്‍ മത്തായിയെ മനശാസ്ത്ര വിഭാഗത്തിലേക്ക്‌ റെഫര്‍ ചെയ്തു‌. ശാസ്ത്രികള്‍ക്ക്‌ ബൂലോഗത്തെ പറ്റി മത്തായി വിവരിച്ച അറിവേയുള്ളെങ്കിലും ചില നിര്‍ദ്ദേശങ്ങളും മാനസിക പിരി മുറുകാതിരിക്കാനും മണ്ടയിലെ ബാക്കി എല്ലാ പിരികളും അയയാതിരിക്കാനും ചില മരുന്നുകളും നല്‍കി ഡിസ്ച്ചാര്‍ജ്ജ്‌ ചെയ്തു. മത്തായിയോട്‌ മനശ്ശാസ്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ഇവിടെയും അറിയിക്കാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്‌ അതായത്‌
1. ബൂലോഗമല്ല ജീവിതം, ഒരു ലിമിറ്റിനപ്പുറം ബ്ലോഗെഴുത്ത്‌ ഗൌരവമായെടുക്കരുത്‌
2.
കമന്റിനെയെല്ലാം ഒരു കര്‍മ്മയോഗിയെപ്പോലെ കാണുക. വന്ന കമന്റെല്ലാം നല്ലതിന്‌, വരാത്ത കമന്റും നല്ലതിന്‌, കിട്ടിയ കമന്റെല്ലാം പോസ്റ്റിട്ടവന്‍ എഴുതിയതാണോ? കിട്ടാത്ത കമന്റെല്ലാം എന്തെങ്കിലും നഷ്ടമുണ്ടാക്കിയോ എന്ന (ഗീതയില്‍ ഉണ്ടെന്ന് ആളുകള്‍ ചുമ്മാ പറയുന്ന) ലൈന്‍.

3. എല്ലാ കമന്റിനും മറുപടി എഴുതാന്‍ ബ്ലോഗം ബാദ്ധ്യസ്ഥനൊന്നുമല്ല. മിണ്ടാതിരുന്നാല്‍ അത്‌ പാപമല്ല. ചിലപ്പോള്‍ ഒരു കമന്റിനു മറുകമന്റ്‌ മറുപടിയായിക്കോളും, മറുപടി കിട്ടാതെ കമന്റര്‍ തൂങ്ങി ചത്താല്‍ ബ്ലോഗര്‍ക്കു ദൈവശ്ശാപമൊന്നും കിട്ടില്ല.

4. പോസ്റ്റ്‌ അവിടെത്തന്നെ കിടന്നോളും, വേറേ പണിയൊന്നുമില്ലാത്തപ്പോള്‍ കമന്റിനെല്ലാം മറുപടി എഴുതാം എന്നു വിചാരിക്കുന്നത്‌ മര്യാദകേടൊന്നുമല്ല.

5. പെര്‍ഫോര്‍മന്‍സ്‌ ആങ്ക്സൈറ്റി വളരെക്കൂടുതല്‍ ഉള്ള മത്തായിയെപ്പോലെയുള്ളവര്‍ക്കാണ്‌ ബൂലോഗ സമ്മര്‍ദ്ദം വളരെയേറെ അനുഭവപ്പെടുന്നതെന്നും, എഴുതി പബ്ലിഷ്‌ ബട്ടണ്‍ അടിച്ചു കഴിഞ്ഞാല്‍ ഇന്നെ പോസ്റ്റുകളോട്‌ വൈകാരികമായി യാത്രൊരു പ്രതിപത്തിയും ഇല്ലാതെയിരിക്കണം.

ഇതിനെല്ലാം ഉപരി ഡോക്റ്റര്‍ പറഞ്ഞു. "മത്തായീ, താന്‍ സന്തോഷിക്കെടോ, ആളുകള്‍ തന്റെ പോസ്റ്റ്‌ ഗൌരവമായി എടുത്തു എന്നതിന്റെ ലക്ഷണമല്ലേ ഇക്കണ്ട വലിയ കാര്യങ്ങള്‍ ചോദിക്കുന്ന കമന്റുകള്‍? ചത്ത പട്ടിയെ ആരെങ്കിലും കല്ലെറിയുമോടോ? അപ്പോ വരുന്ന കല്ലുകള്‍ അംഗീകാരമല്ലിയോടോ?
എന്നതാ, നേരല്ലിയോ?"

അപ്പൂസ് said...

കൊള്ളാം ദേവേട്ടാ, ഇതു വായിച്ചപ്പോ ഒരു സംശയം.. ഇങ്ങനെ മത്തായി പോയതു പോലെ അപ്പൂസും വായും പൂട്ടി, ബ്ലോഗും പൂട്ടി മിണ്ടാതിറങ്ങിപ്പോവും എന്നു കരുതിയ ഒരു സംഘം ബൂലോഗരാണോ ആറ്റുവഞ്ഞി-വഞ്ചി തര്‍ക്കത്തിന്റെ പിന്നില്‍.. ഇപ്പോ മാഫിയയുടെ കാലമല്ലേ.. ഒരു ബൂലോഗ മാഫിയയുടെ സാന്നിദ്ധ്യം ഞാന്‍ സംശയിക്കുന്നു.. പക്ഷേ അപ്പൂസ് ഇതു കൊണ്ടൊന്നും നിര്‍ത്തില്ല കേട്ടോ.. കേട്ടു സഹി കെട്ട ആരെങ്കിലും കഴുത്തിനു ഞെക്കി കൊല്ലുന്നതു വരെ..:-)

ദേവന്‍ said...

ഹ ഹ ഹ അപ്പൂ, ഉണ്ട്‌, ബ്ലോഗടപ്പിക്കല്‍ മാഫിയ ഉണ്ട്‌. അവരാണു സമ്മര്‍ദ്ദത്തിന്റെ പിറകില്‍. എനിക്ക്‌ ലതിലൊന്നും ഒരു പങ്കുമില്ല കേട്ടോ, ഞാനിതാ കൈ കഴുകുന്നു

ശ്രീ said...

ഹ ഹ
ദേവേട്ടാ... ചിരിച്ചു മടുത്തു...

നല്ല ‘ന്യായമായ’ സംശയങ്ങള്‍!