Saturday, March 3, 2007

ബൂലോഗത്തിനും ദുനിയാവിനും നടുവില്‍

യാഹൂവും ബൂലോഗവും ഇടയുന്ന നേരം ബെന്നി എന്തു ചെയ്യണം? സിബുവും മറ്റുപലരും ചില പ്രതീക്ഷകള്‍ പ്രകടിപ്പിച്ചു കണ്ടപ്പോള്‍ ഇത്‌ കുറിക്കാന്‍ തോന്നി.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബ്ലോഗ്ഗിലോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ എനിക്കു ബന്ധമുള്ളതോ ആയ ഒരാള്‍ക്കൊരു തര്‍ക്കം വന്നാല്‍ ഞാന്‍ ആര്‍ക്കു വേണ്ടി നിലപാടെടുക്കണം? തീര്‍ച്ചയായും എന്റെ കമ്പനിക്കു വേണ്ടിയാണ്‌ (അടുത്ത ബന്ധമുള്ള ആളാണെങ്കില്‍ ഒരു ദിവസം "പാലൂട്ടി വളര്‍ത്ത കിളി, പഴം കൊടുത്തു പാര്‍ത്ത കിളി, നാന്‍ വളര്‍ത്തും ചെല്ലക്കിളി, നാളെ വരും കച്ചേരിക്ക്‌ സൊല്ലവാ എന്ന സൊല്ലവാ" പാടി കുറച്ചു നേരം വിഷമിച്ചിരുന്നേക്കാം, അതു വേറേ.)

ഒരു കച്ചേരി മനസ്സറിയാതെ കയറി വന്നതുകൊണ്ട്‌ ഉദാഹരണവും അവിടെന്നായിക്കോട്ടെ. ഞാന്‍ ഒരാളെ തല്ലിയ കേസ്‌ കോടതിയില്‍ എത്തിയപ്പോഴാണ്‌ വാദി ഭാഗം വക്കീലായെത്തിയത്‌ എട്ടുപത്തു വര്‍ഷമായി അറിയാവുന്ന യാത്രാമൊഴിയാണെന്ന് മനസ്സിലാവുന്നത്‌. ഞാന്‍ യാത്ര എനിക്കുവേണ്ടി മയത്തില്‍ മൊഴിയുമെന്ന് പ്രതീക്ഷിക്കാന്‍ പാടുണ്ടോ? ഇനി, ഞാന്‍ യഥാര്‍ത്ഥത്തില്‍ തല്ലിയിട്ടില്ലെന്നും കള്ളക്കേസാണെന്നും വയ്ക്കുക, ഉത്തരത്തിനു മാറ്റമുണ്ടോ?

നമ്മളോരോരുത്തരും പണിശാലയുടെ വക്താക്കള്‍ കൂടി ആണെന്ന് എഴുത്തിലില്ലെങ്കില്‍ കൂടി implied ആയ ഒരു അഗ്രീമന്റ്‌
നിലവിലുണ്ട്‌. "കാക്കിയിട്ടാല്‍ പിന്നെ അപ്പനുമില്ല അളിയനുമില്ല" എന്ന് പോലീസുകാര്‍ പറയുന്ന തരം അഗ്രീമന്റ്‌. അതടക്കം പലതും പ്രതീക്ഷിച്ചാണ്‌ എല്ലാ സ്ഥാപനവും ശമ്പളം എണ്ണിയെണ്ണി കൊടുത്തുകൊണ്ടേയിരിക്കുന്നത്‌.

ബെന്നി വെബ്‌ ദുനിയായുടെ ജീവനക്കാരനാണ്‌, അതിന്റെ താല്‍പ്പര്യങ്ങള്‍ സ്വാര്‍ത്ഥമാണെങ്കിലും കൂടി സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥനുമാണ്‌. അങ്ങനെ തന്നെ നില്‍ക്കുന്നതാണ്‌ ധാര്‍മ്മികമായ ശരിയും . ഒരു സ്ഥാപനത്തിന്റെ ശരി നില നില്‍ക്കാന്‍ എനിക്ക്‌ ഒരിക്കല്‍ "ജസ്റ്റിഫൈയബിള്‍" എന്നു തോന്നി ചെയ്ത ഒരു കാര്യത്തിനു എന്നെ തന്നെ ശിക്ഷിക്കേണ്ടി വന്നു (കണക്കപ്പിള്ളമാര്‍ക്കൊഴിച്ച്‌ ബാക്കിയെല്ലാവര്‍ക്കും അത്‌ ഒരു പൊട്ടത്തരമായി തോന്നുന്നുണ്ടാവുമോ ആവോ) ! എന്റെ ശരിയല്ല കമ്പനിയുടെ ശരി. കമ്പനിയുടെ ശരികള്‍ നടപ്പാക്കാന്‍ അതെന്നെ ശമ്പളം തന്ന് വാടക്കെടുത്തിരിക്കുന്നു. അത്‌ എനിക്കെതിരേയായാലും അങ്ങനെ തന്നെ.

ബെന്നി വെബ്‌ ദുനിയായുടെ ഭാഗം മാത്രമേ പറയേണ്ടതുള്ളു. മറുപക്ഷത്ത്‌ ബൂലോഗമായത്‌ ബെന്നിയുടെ തെറ്റല്ല. (മിഥുനം സിനിമയില്‍ സി ഐ പോളിനോട്‌ ഇന്നസന്റ്‌ "ഞാന്‍ ഇവന്റെ ചേട്ടനാണെന്ന്" പറയുമ്പ്പോള്‍ മോഹന്‍ലാല്‍ "അതെന്റെ കുറ്റമ്മല്ല സാര്‍" എന്നു പറയുന്നതുപോലെ)

17 comments:

ദേവന്‍ said...

നമ്മളോരോരുത്തരും പണിശാലയുടെ വക്താക്കള്‍ കൂടി ആണെന്ന് എഴുത്തിലില്ലെങ്കില്‍ കൂടി implied ആയ ഒരു അഗ്രീമന്റ്‌
നിലവിലുണ്ട്‌. "കാക്കിയിട്ടാല്‍ പിന്നെ അപ്പനുമില്ല അളിയനുമില്ല" എന്ന് പോലീസുകാര്‍ പറയുന്ന തരം അഗ്രീമന്റ്‌.

പരാജിതന്‍ said...

ദേവാ,
അനേകം പേരുടെ സ്പഷ്ടവും അവ്യക്തവുമൊക്കെയായ സംശയങ്ങളെ ഒറ്റ ചോദ്യമാക്കി മാറ്റിയിട്ട്‌, ഒരു കുഞ്ഞു തര്‍ക്കത്തിനു പോലും പഴുതില്ലാത്ത ഒന്നാന്തരം ഉത്തരവും. ടിപ്പിക്കല്‍ ദേവന്‍ ഇഫക്ട്‌!

നന്ദി.

Unknown said...

ദേവേട്ടാ,
ആ പറഞ്ഞതാണ് കാര്യം.

aneel kumar said...

... അല്ലെങ്കിപ്പിന്നെ നോ‌എന്‍‌ട്രിയും അടിച്ച് പോട്ടുപുല്ല് പറയാന്‍ റെഡിയാവണം.

Radheyan said...

അത്രയും വലിയ ഒരു ജീവല്‍ പ്രശ്നമായിട്ടുണ്ടോ ബ്ലോഗിംഗ്.ഒരു മിച്ചസമയം കൊല്ലി എന്നതില്‍ നിന്നൊക്കെ അത് പുരോഗമിച്ചിട്ടുണ്ട് എന്നു തീര്‍ച്ചയായിട്ടും പറയാം. എന്നല്ലാതെ നാളെ മുതലാളി വിളിച്ച് നിനക്ക് ബ്ലോഗ് വേണോ പണി വേണോ എന്ന് ചോദിച്ചാല്‍ പൊന്നേ എനിക്ക് പത്രം പോലും വായിക്കേണ്ടേ എന്ന് പറയുന്ന അവസ്ഥയിലാണ് പലരും.
ഇതിന്റെ പേരില്‍ നമ്മുടെ തൊഴിലില്ലാ പടയിലേക്ക് ആളെ ചേര്‍ക്കണോ.

അല്ലെങ്കില്‍ തന്നെ നമ്മുടെ പ്രശ്നം വെബ്ദുനിയായുമായല്ലല്ലോ,യാഹുവുമായി അല്ലേ.(അതോ യാഹുവിന്റെ വാദം പരോക്ഷമായെങ്കിലും അംഗീകരിക്കുന്നുവോ)അപ്പോള്‍ പിന്നെ വെബ്ദുനിയായിലേ ബെന്നി എന്ത് പിഴച്ചു?

Visala Manaskan said...

ഞാന്‍ ഇങ്ങിനെയൊക്കെ ആയാല്‍ മതിയോ?
എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍,

‘അതൊക്കെ അവനവന്റെ ഇഷ്ടം ഭായി. ഇഷ്ടമുള്ളതൊക്കെ അങ്ങ് ചെയ്ത് അങ്ങ് ജീവിക്കുക‘

എന്നൊരുത്തരം തന്നു എനിക്ക്. എന്റെ അതിഭയങ്കരമായ ചോദ്യശങ്കകള്‍ ഒറ്റടിക്ക് അങ്ങിനെ മാറി.

പരാജിതന്‍ പറഞ്ഞത് തന്നെ. സോ നൈസ്.

Cibu C J (സിബു) said...

ദേവന്‍ പറഞ്ഞത്‌ ഒരു മാനേജ്മെന്റ് ലാഡറിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം 100% ശരിയാണ്. അവിടെ മുതലാളി പറയുന്നത് അതേ പടി അനുസരിക്കുക മാത്രമേ ചെയ്യാനാവൂ. (നമ്മുടെ മൊറാലിറ്റിക്ക്‌ കടകവിരുദ്ധമാണെങ്കില്‍ രാജിവച്ച്‌ പോവുക)

എന്നാല്‍, മാനേജ്മെന്റ് ലാഡര്‍ ഒരോ സ്റ്റെപ്പും കയറുന്നതിനനുസരിച്ച്‌ നമുക്കോരോ അധികാരവും കൈവരുന്നുണ്ട്‌. കുറേ കാര്യങ്ങളില്‍ ചിലതീരുമാനങ്ങള്‍ ഒക്കെ എടുക്കാനുള്ള അധികാരം. നമ്മുടെ ഈ അധികാരപരിധിയില്‍ നമുക്ക്‌ ന്യായമെന്ന്‌ തോന്നുന്ന ഭാഗത്ത്‌ നില്‍ക്കാമല്ലോ.

ഉദാഹരണത്തിന്, ബെന്നിയുടെ കാര്യത്തില്‍, ഈ ഇഷ്യൂ തീര്‍ക്കുന്നതെങ്ങനെയെന്ന്‌ ടോപ്പ് മാനേജ്മെന്റിനെ ഉപദേശിക്കാനൊരവസരം കിട്ടുകയാണെങ്കില്‍...

Inji Pennu said...

ദേവേട്ടാ
Whistleblower നിയമം കൊണ്ട് അമേരിക്കയില്‍ കുറേയൊക്കെ പ്രോട്ടക്റ്റഡ് ആണ്. ദുബായില്‍ അങ്ങിനെയുണ്ടോ എന്ന് അറിയില്ല. പക്ഷെ നാട്ടില്‍ അതല്ല സ്ഥിതി. അതുകൊണ്ട് തന്നെ ജോലി ചെയ്യുന്ന കമ്പനി പോക്രിത്തരം കാണിച്ചാല്‍, മിണ്ടാതെ ഇരിക്കുകയേ നിവൃത്തിയുള്ളൂ.

പക്ഷെ എന്റെ കാര്യമാണെങ്കില്‍ രണ്ട് സൈഡിലൊട്ടും മിണ്ടാതെ ഇരുന്നേനെ, കാരണം ജോലി തന്നെയാണ് മുഖ്യം ബ്ലോഗോ ബ്ലോഗിലെ കൂട്ടായ്മയോ ഒന്നുമല്ല. കമ്പനിക്ക് വേണ്ടി ഞാന്‍ മറ്റുള്ള “ചില” പരിപാടികള്‍ ഒന്നും നടത്തില്ല. കമ്പനി ഏമാന്മാരോട് ഞാന്‍ പറയും, “എന്റെ പൊന്നു സാറന്മാരെ, നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്യൂ, എന്നെക്കൊണ്ട് ഇതില്‍ തലയിടാന്‍ പറ്റില്ല” എന്ന്.

അല്ലെങ്കില്‍ എന്റെ കമ്പനിയിലെ മുതലാളിമാരുടെ പോക്രിത്തരത്തിനു ഞാന്‍ കൂട്ട് നിന്നാല്‍, ഞാനും മുതലാളിമാരില്‍ ഒരാള്‍ ആയി അപ്പോള്‍ തന്നെ. അത്രേയുള്ളൂ. അപ്പോ അതിന്റെ കോണ്‍സിക്ക്വെന്‍സസ് മുതലാളിമാര്‍ക്ക് ലാഭമാണ് കിട്ടുന്നതെങ്കിലും പങ്ക് കിട്ടും, ഇല്ലെങ്കില്‍ അടിയാണ് കിട്ടുന്നതെങ്കിലും അതിന്റെ പങ്കും കിട്ടും.

എന്‍റോണ്‍ പോലുള്ള ഭീമാകരന്മാര്‍ക്കും അവര്‍ക്ക് കൂട്ട് നിന്ന മാനേജമെന്റിനും കിട്ടിയത് എന്താണെന്ന് നമുക്ക് അറിയമല്ലൊ. അല്ലാതെ കമ്പനി എന്തു കാണിച്ചാലും ഞാന്‍ കൂട്ട് നില്‍ക്കുമെന്ന് പറയുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. രണ്ടിലോട്ടും ഇടപെടാതെ സ്വന്തം കാര്യം നോക്കി ഇരിക്കാം. അതാണ് നല്ലതും ഇന്ത്യയില്‍ എന്ന് എനിക്ക് തോന്നുന്നു.

sreeni sreedharan said...

ദേവേട്ടാ,
കഞ്ഞിക്കരിവാങ്ങാന്‍ കാശു തരുന്ന സ്ഥാപനത്തിനോട് കൂറും ആത്മാര്‍‍ത്ഥയും തീര്‍ച്ചയായും വേണം.

ബാക്കിയുള്ളതൊക്കെ “അതെന്‍റ കുറ്റമല്ല സാര്‍...”
:)

വിശ്വപ്രഭ viswaprabha said...

മുന്‍പൊരിക്കലും ആവശ്യം വന്നിട്ടില്ലാത്ത അത്ര ഊക്കോടെ ഞാന്‍ ഈയിടെ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ദേവന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉണ്ട ചോറിനു നന്ദിയുണ്ടായേ പറ്റൂ. ചിലപ്പോഴൊക്കെ - അല്ല, മിക്കപ്പോഴും- സ്വന്തം തത്വങ്ങളും താല്‍പ്പര്യങ്ങളും മാറ്റിവെച്ചുകൊണ്ടുതന്നെ വേണ്ടിവരുന്നു ആ ചോറുണ്ടാക്കാന്‍. അതു നമ്മെപ്പോലെയുള്ളവരുടെയൊക്കെ വിധിയാണ്.

ഇക്കഴിഞ്ഞ പല പകലുകളിലും രാത്രികളിലും ഇപ്പോഴത്തെ പ്രശ്നങ്ങളെക്കുറിച്ച് ആ സുഹൃത്തുമായി എനിക്കു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും പരസ്പരം ഞങ്ങള്‍ പറഞ്ഞുറപ്പിച്ചിട്ടുമുണ്ട് അദ്ദേഹത്തിന്റെ അവസ്ഥ. പലരും വിശ്വസിക്കുന്നതിനു വിരുദ്ധമായി, അദ്ദേഹത്തിനെ ഈ പ്രശ്നത്തിന്റെ ഭാഗമായല്ല പരിഹാരത്തിന്റെ ഭാഗമായേ എനിക്കു തോന്നിയിട്ടുള്ളൂ. സമരസശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ഇടയ്ക്കുനിന്ന്‌ അദ്ദേഹത്തോട് മാറിനിന്നോളാന്‍ പറഞ്ഞിട്ടുതന്നെയാണ് ഞാനും ഈ യുദ്ധത്തില്‍ പങ്കുചേരുന്നത്.

ആ സുഹൃത്തിനെ ഒരു യുണികോഡ് മലയാളം സഹചാരി എന്ന നിലയില്‍ എനിക്ക് വര്‍ഷങ്ങളായി അറിയാം. ഭാഷയോടുള്ള അദ്ദേഹത്തിന്റെ പ്രേമത്തിന് ഇവിടെയുള്ള മറ്റാര്‍ക്കുമെന്ന പോലെത്തന്നെ ആഴവുമുണ്ടെന്നെനിക്കുറപ്പിച്ചുപറയാം.


വെബ്ദുനിയയുടെ പ്രശ്നം വെബ്ദുനിയയുടേതാണെന്നു പോലും വിശ്വസിക്കാതിരിക്കാനാണ് എനിക്കിപ്പോഴുമിഷ്ടം. എന്തെങ്കിലും ഒരു വഴിയുണ്ടായിരുന്നെങ്കില്‍ അവരേയും നമ്മെപ്പോലെത്തന്നെയുള്ള ഇരകളായി കാണണമെന്ന് ആഗ്രഹവുമുണ്ട്. നാളെ നമുക്കൊപ്പം ഭാഷയെ കൈപിടിച്ചുനടത്താന്‍ മറ്റു യുണികോഡ് പോര്‍ട്ടലുകള്‍ പോലെത്തന്നെ അവരും സംഘം ചേരുമെന്നായിരുന്നു എന്റെ പ്രത്യാശയും. പക്ഷേ അവരുടെ തന്നെ ഉന്നതതലമാനേജ്മെന്റിന്റെ പിടിപ്പുകേടായിരിക്കണം ഇതൊക്കെ ഈ നില വരെ എത്തിച്ചത്.
കമിഴ്ന്നുവീണാലും കാല്‍പ്പണം എന്ന സിദ്ധാന്തം അവര്‍ക്കു പാടില്ലായിരുന്നു.

ഇതിനിടയ്ക്ക് പെട്ടുപോയ നമ്മുടെ നല്ല കൂട്ടുകാരെക്കൂടി തള്ളിപ്പറയേണ്ടിവരുന്ന ഈ അവസ്ഥയുണ്ടാക്കിയതിനാണ് എനിക്ക് യാഹൂ (യാഹൂ ഇന്ത്യ?)വിനോട് രോഷം തോന്നുന്നത്.
ആ അവസ്ഥ യാഹുവിനെ ബോദ്ധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാണ് അഥവാ വെബ്ദുനിയയോടും നാം പ്രതിഷേധം നടത്തേണ്ടിവരുന്നത്. അത്രയ്ക്കും നിസ്സാരമല്ല നമ്മുടെ ആത്മബോധം എന്നുകൂടിയാണു നമുക്കു തെളിയിച്ചുകൊടുക്കേണ്ടത്.


ഒരു പക്ഷേ ഏറ്റവും നന്നായി ഈ ധര്‍മ്മസങ്കടങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് അലിഫിന്റെ കാര്‍ട്ടൂണിലായിരിക്കണം!

(എത്ര മാത്രം കിംവദന്തികളാണീയിടെ ബൂലോഗത്തില്‍ അലഞ്ഞുനടക്കുന്നത്! ഇവറ്റകളെയൊക്കെ പടച്ചുണ്ടാക്കുന്ന ജോണ്‍ ചെറിയ/മാരെ ഒരുനാള്‍ നമുക്കു വലിച്ചുപുറത്തിടണം!)

keralafarmer said...

ഇക്കാര്യത്തില്‍ എനിക്കൊരഭിപ്രായവുമില്ല. എല്ലുമുറിയെ പണിചെയ്താല്‍ ഇന്റെര്‍നെറ്റിന് കൊടുക്കാനുള്ള കാശെനിക്ക്‌ കിട്ടും. ഞാന്‍ തന്നെ മുതലാളി, ഞാന്‍ തന്നെ തൊഴിലാളി. പട്ടാളത്തില്‍ 17 കൊല്ലം അടിമപ്പണി ചെയ്തിട്ടുണ്ട്‌ അത്‌ നല്ല കട്ടിയുള്ളതുതന്നെ.

Unknown said...

ദേവാ,

ഞാന്‍ വക്കീലാകാന്‍ ആഗ്രഹിച്ച ഒരാളാണെന്ന് എങ്ങനെ അറിഞ്ഞു? ഇതിനാണോ എലിപ്പതി എലിപ്പതി എന്ന് പറയുന്നെ? എന്തായാലും എന്റെ ആഗ്രഹം പോലെ വക്കീലാക്കിയതിനു റൊമ്പ റൊമ്പ തേങ്‌ക്‍സ്‌!

ഈ കോപ്പിയടി വിഷയത്തില്‍ ബെന്നിയുടെ പേരു പലയിടത്തും പരാമര്‍ശിച്ചു കണ്ടെങ്കിലും, മൂപ്പര്‍ക്ക്‌ ഇതിലെന്ത്‌ റോളെന്ന് ഒരു പിടിയുമില്ലായിരുന്നു.

എന്തായാലും വെബ്ദുനിയയുടെ ഈ കോപ്പിയടി മൂപ്പരുടെ അറിവോടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

പിന്നെ വിശ്വം മാഷേ, ഈ കോപ്പിയടിവിഷയവും, ജോണ്‍ ചെറിയായും തമ്മിലെന്ത്‌ ബന്ധം? കമന്റില്‍ പരാമര്‍ശിച്ചുകണ്ടു. അതുകൊണ്ട്‌ ചോദിച്ചതാണു കേട്ടോ!

പ്രതിഷേധങ്ങള്‍ ഉഷാറാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

കരീം മാഷ്‌ said...

ബെന്നി വെബ്ദുനിയയില്‍ ഉയര്‍ന്ന പോസ്റ്റിലാണിരിക്കുന്നതെങ്കില്‍ ഈ പിള്ളേരു പോയി കറിവേപ്പിലയും, ഇഞ്ചിയും, മാങ്ങയും കട്ടോണ്ടു വരുമ്പോള്‍ കുടുംബത്തു കേറ്റാതെ കൊണ്ടു കളയാന്‍ പറയാമായിരുന്നില്ലേ.
ഇതൊക്കെ വിളയുന്ന തോട്ടവും അതിന്റെ കര്‍ഷകരും അവനു നല്ല പരിചയമല്ലേ!
ഞാന്‍ ഒരു സംശയം പറഞ്ഞതാണ്.

nalan::നളന്‍ said...

യാത്രാമൊഴി,
ബെന്നിയുടെ അറിവോടെയന്നല്ല, ഒരു സീനിയറ് മാനേജ്മെന്റും ഇങ്ങനെ ആത്മഹത്യാപരമായ കൃത്യത്തിനു നേതൃത്വം കൊടുക്കുമന്നു വിശ്വസിക്കാന്‍ തല്‍ക്കാലം വയ്യ.

നടന്നതെന്തായിരിക്കുമെന്നൂഹിക്കാവുന്നതേയുള്ളൂ. എങ്ങിനെയൂഹിക്കണമെന്നത് ഓരോരുത്തരുടേയും താല്പര്യങ്ങളെ അടിസ്ഥാനമാക്കിയാവും. ബ്ലോഗാണു ജീവിതം (ജീവിതമോ അതോ വര്‍ച്യുവല്‍ ജീവിതമോ ?, പ്രവാസിയെ കുറ്റം പറയാനും ഒക്കില്ല!) എന്നു കരുതിരിക്കുന്നവര്‍ക്കു ഇതു ജീവന്മരണ പോരാട്ടമാക്കാതിരിക്കാന്‍ പറ്റില്ല.

ദേവാ പ്രവാസിയുടെ ഒറ്റപ്പെടലും ബ്ലോഗിങ്ങും, പഴയ M.V.ലെഴുതിയ പോലൊരെണ്ണം കീച്ച്.

കണ്ണൂസ്‌ said...

പണ്ട്‌ മദ്രാസില്‍ വെച്ച്‌ ഒരു റൂം മേറ്റ്‌ ചോദിച്ച ചോദ്യം അല്‍പ്പം വ്യത്യാസത്തോടെ.

" നീ ബ്ലോഗെഴുതുന്നുണ്ടെന്ന് ഉച്ചക്ക്‌ വസന്ത്‌ഭവനില്‍ പോയിപ്പറഞ്ഞാല്‍ അയാള്‍ ഊണു തരുമോ?"

ദേവന്‍ said...

നളന്‍ പറഞ്ഞതുപോലെ പയ്യന്മാരോട്‌ വല്ല തൂമ്പാപ്പണിയും ചെയ്യാന്‍ പറഞ്ഞപ്പോ അവരു വേലി ചാടി സൂവിന്റെ കറിവേപ്പിലേം ഒടിച്ചു കുട്ടന്‍ മേനോന്റെ കോഴിക്കൂട്ടിലും കയ്യിട്ടതായിരിക്കുകയേ ഉള്ളു. ഏതെങ്കിലും കമ്പനി ഒരു ബോര്‍ഡു മീറ്റിങ്ങില്‍ "നമുക്ക്‌ മോഷ്ടിച്ചു പണക്കാരാവാം" എന്ന് ഒരജന്‍ഡ ഐറ്റം വയ്ക്കുമോ? അങ്ങനെ ചെയ്താല്‍ anilettan & സിബു പറഞ്ഞപോലെ "നീയൊക്കെ മോട്ടിക്കുകയോ ഇടി കൊള്ളുകയോ എന്തു പണ്ടാരമെങ്കിലും കാണിക്ക്‌, ഞാന്‍ ദാ പോവുന്നു" എന്ന് പറയാം.

ഇഞ്ചീ,
ഇന്ത്യയില്‍ ഒരു സ്ഥാപനം നടത്തുന്ന ചില അതീവ ഗുരുതരമായ കുറച്ചു കാര്യങ്ങള്‍ പോലീസിലറിയിക്കാനുള്ള ബാദ്ധ്യതയും മറ്റു ചില കൃത്യങ്ങള്‍ നടക്കുകയാണെങ്കില്‍ പങ്കെടുക്കാതിരിക്കാനും അവകാശം തൊഴിലാളിക്കുണ്ട്‌. എന്നാല്‍ മിക്കവാറും കാര്യങ്ങള്‍ ചെയ്യുകയേ വഴിയുള്ളൂ. ഉദാഹരണം പറഞ്ഞു തരാം, റിസര്‍വ്‌ ബാങ്ക്‌ നിയമം അനുസരിച്ച്‌ 24 ശതമാനത്തില്‍ കൂടുതല്‍ പലിശ വാങ്ങുന്നത്‌ ശിക്ഷാര്‍ഹമാണ്‌. എന്നാല്‍ എല്ലാ ബ്ലേഡു കമ്പനിയും 36 മുതല്‍ 60 ശതമാനം വരെ വാങ്ങും. 2000 രൂപ ശമ്പളം കിട്ടാന്‍ ഈ കമ്പനിക്കു ജോലി ചെയ്യുന്ന പാവം അത്‌ മിണ്ടാതെ അനുസരിക്കുകയും ബ്ലേഡ്‌ പൊട്ടുമ്പോള്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും ഇടി വാങ്ങുകയും ചെയ്യുകയയേ നിവൃത്തിയുള്ളു.

[എന്രോണ്‍ രസമുള്ളൊരു പാഠമാണ്‌. പറഞ്ഞു വന്നാല്‍ എന്റെ തൊഴില്‍ ചെയ്യുന്നവരിലെ അഞ്ചു
വല്യേട്ടന്മാരിലൊരുത്തനെ പോസ്തുമസ്സ്‌ ആയി അപ്പനു വിളിക്കേണ്ടി വരും എന്നതുകൊണ്ട്‌ ഒന്നും എഴുതുന്നില്ല. ആകെ ഇത്രയും പറയാം, പട്ടി പലരെയും കടിച്ചുകൊണ്ടേയിരുന്നു, എന്രോണ്‍ കേസില്‍ അത്‌ വെളുത്തേടം കാണുകയും ചെയ്തു, അത്ര തന്നെ വത്യാസം.]

നളാ, മൊഴി പറഞ്ഞതുപോലെ എലിപ്പതി ആണല്ലോ ഇത്‌? ഈ ബ്ലോഗ്ഗേലെ ആദ്യ പോസ്റ്റ്‌ അമ്മാതിരി ഒരെണ്ണം ആയിരിക്കണമെന്നാണു ഞാനും വിചാരിച്ചിരുന്നത്‌. ഇടക്കു യാഹൂ കയറി വന്നതു കാര്യണം ധൃതിയില്‍ പ്രതിഷേധന്‍ ഇടേണ്ടി വന്നതാണേ. ഉടന്‍ തുടങ്ങാം.

വാല്‍ സ്ട്രിങ്ങ്‌ :
എങ്ങനെ പണിയെടുക്കണം? ഓരോ മനുഷ്യനും അവനവന്റെ മനസ്സാക്ഷിക്കു മുന്നില്‍ ഹീറോ ആകണം. സന്തോഷമെന്നാല്‍ ജീവിതത്തിലെ ഓബ്ജറ്റീവ്‌ വാല്യൂ തിരിച്ചറിഞ്ഞ്‌ അതിനു വേണ്ടി വര്‍ത്തിക്കുന്നതാണ്‌. ഓബ്ജക്ടീവ്‌ വാല്യൂ റീസണിംഗ്‌ വഴി അവനവന്‍ കണ്ടെത്തുക. എന്നിരുന്നാലും മിക്കവാറും ഇന്‍ഡിപ്പെന്‍ഡന്‍സ്‌, ഇന്റെഗ്രിറ്റി, ഓണസ്റ്റി, പ്രൊഡക്റ്റീവ്നെസ്സ്‌, പ്രൈഡ്‌ എന്നിവയൊക്കെ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവും മിക്കവര്‍ക്കും - "ആര്യന്‍ രണ്ട്‌" എന്ന പ്രശസ്ത എഴുത്തുകാരി പറഞ്ഞതിന്റെ ഒരു സിമ്പ്ലിഫൈഡ്‌ രൂപം(നാളെ ഏതെങ്കിലും പോര്‍ട്ടലില്‍ ആര്യന്‍ രണ്ട്‌ എന്ന എഴുത്തുകാരിയെക്കുറിച്ച്‌ കാണാതിരിക്കില്ല)

ചുരുക്കത്തില്‍ അവനവന്റെ പറമ്പില്‍ വല്ല കപ്പയും ചേനയും കൃഷി ചെയ്യുന്നതൊഴിച്ചാല്‍ സംതൃപ്തി തരുന്ന ഒരു ജോലിയും ഇല്ല. ചന്ദ്രേട്ടന്‍
ഭാഗ്യവാന്‍.

അതുല്യ said...

വേലിയിലെ പത്തലില്‍ നിന്ന് ഒരു പത്തലൂരി കാര്‍ത്ത്യായിനി പശൂനെ ഒന്ന് തല്ലി ഇടവഴിയിലൂടെ നീങ്ങി. മുത്തശ്ശി ഇറയത്തിരുന്നു പറഞ്ഞു,

"ടീയേ... നിങ്ങളെന്നും ഈ പത്തല്‍ ഒന്ന് വച്ച്‌ ഊരിയാ വേലിയങ്ങട്‌ ചായും, ഇനി അരുത്‌."

കാര്‍ത്ത്യായിനി പിന്നെ ഊരിയില്ല. ഒരു താക്കീത്‌ അടിയേക്കാള്‍ ചിലകാര്യങ്ങളില്‍ ഉതകും എന്ന് വിശ്വസിയ്കുന്ന കൂട്ടത്തിലാണു ഞാന്‍.

പിന്നെ ചെറിയ കാര്യങ്ങള്‍ക്ക്‌ ചെറിയ ശിക്ഷയും വലിയ കാര്യങ്ങള്‍ക്ക്‌ വലിയ ശിക്ഷയും എന്ന രീതിയും അവലംബിയ്കുക ഉത്തമം. നിയമങ്ങളും മനുഷ്യരും ഒരു പക്ഷെ കൂട്ടു നില്‍ക്കുമ്പോഴും, വിധി അനുകൂലമായിട്ട്‌ വന്നുവെങ്കിലും, ദൈവം, വിധി ഒരുപക്ഷെ ഒന്നുകൂടി തിരുത്തി വയിയ്കുമ്പോള്‍ ശിക്ഷിയ്കപ്പെട്ടവനില്‍ നിരപരാധിയുണ്ടോ എന്ന് ഒരിയ്കല്‍ കൂടി നോക്കും, ആ സമയത്ത്‌, കിട്ടാനുള്ള ഭാഗ്യം തന്ന്, അനുഭവ യോഗം തിരിച്ചെടുക്കാനും മതി.

പിന്നെ ബ്ലോഗിലൂടെ അനുകൂലിയ്കുന്നവരും പ്രതികൂലിയ്കുന്നവരും മുഖ പരിചയം വച്ചുള്ളവര്‍ അല്ലാതെ ആരായാലും, അവരുടെ ഒരു അഭിപ്രായത്തിനും ഇതിനു മുന്‍കൈ എടുത്തവര്‍ പ്രധാനം കൊടുക്കാതെയിരുന്നാല്‍ നല്ലത്‌. നാളെ സ്വന്തം ഭാര്യയ്ക്‌ സിസേറിയന്‍ വേണമോ വേണ്ടയോ എന്ന് ബ്ലോഗ്ഗില്‍ വന്ന് നോക്കി കൂട്ടായ്മയില്‍ നിന്ന് അഭിപ്രായം അറിഞ്ഞ്‌ ചെയ്യുവാന്‍ മുതിര്‍ന്നാല്‍ ഉണ്ടാവുന്ന സ്ഥിതി നമുക്ക്‌ ഊഹിയ്കാമല്ലോ. ബ്ലോഗ്ഗോ/അതില്‍ നിന്ന് കിട്ടിയ പരിചയമോ കൂട്ടായ്മയോ ഒന്നും ഒന്നിന്റെയും തായ്‌ വേരായിട്ട്‌ കണക്കാക്കാതെയിരിയ്കുക. 500 ഇല്‍ 475 പേര്‍ വേണ്ടാന്ന് പറഞ്ഞാല്‍ ചെയ്യാതെ ഇരിയ്കുമോ? അല്ല 5 പേരു പറഞ്ഞിട്ട്‌ ഗുലുമാലായാല്‍ ബാക്കി 475 പേരാണു നല്ലതെന്ന് കരുതാമോ? ബ്ലോഗ്ഗിലൂടെ മുഖമില്ലാതെ അത്‌ എത്ര ഇന്റിമേറ്റ്‌ എന്ന് വിശ്വസിയ്കുവാന്‍ തോന്നുന്ന രീതിയില്‍ സപ്പോര്‍ട്ട്‌ തരുമ്പോഴും, താഴെ വീഴുമ്പോള്‍ സ്വന്തം മുറിയില്‍ ബ്ലോഗര്‍ക്ക്‌ ഭാര്യ/ഭര്‍ത്താവ്‌ എന്നിവര്‍ മാത്രമാണുണ്ടാവുക എന്ന് അറിയുക. ഇത്‌- Blog - വഴി വക്കിലെ തണല്‍ മരങ്ങളാണെന്നും കരുതുക. ചിലപ്പോ കാറ്റ്‌ അങ്ങോട്ട്‌, ചിലപ്പോ കാറ്റ്‌ ഇങ്ങോട്ട്‌. അനുകൂലിച്ചവരും പ്രതികൂലിച്ചവര്‍ക്കും, ഐ.ഡികള്‍ മാറ്റി അഭിപ്രായങ്ങള്‍ ഒരേ സമയത്ത്‌ എഴുതാനും പ്രയാസമുണ്ടാവില്ലാ എന്നും കരുതുക. പൊതുവായി അഞ്ചും പത്തും ഐ.ഡി കളും പാസ്സ്വേര്‍ഡുകളും കോര്‍പ്പറേഷന്‍ സഹകരണാടിസ്ഥാനത്തില്‍ വരെ ബ്ലോഗ്ഗ്‌ ഉലകത്തില്‍ നിലവിലുണ്ട്‌ എന്നും കരുതുക. പിന്നെ നമുക്ക്‌ വേണ്ടപെട്ടവരോട്‌ ചോദിച്ചുള്ള ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം ഞാന്‍ ഇത്‌ വരെയും ഒരു ചാറ്റില്‍ നിന്നോ ബ്ലോഗ്ഗില്‍ നിന്നോ എടുത്തിട്ടില്ല. ബ്ലോഗ്ഗിലുടെ പരിചയപ്പെട്ടവരെ ജീവിതത്തിലേയ്ക്‌ ഉള്‍ക്കൊള്ളിയ്കുമ്പോ, തീര്‍ച്ചയായും പിന്നീട്‌ അവരുമായി ചാറ്റു വഴി/ബ്ലോഗ്ഗ്‌ വഴി ആശയ വിനിമയങ്ങളോ തീര്‍മാനങ്ങളോ നടത്താറില്ല. ഒന്നുകില്‍ കണ്ട്‌ അല്ലെങ്കില്‍ ഫോണ്‍ വഴി. അതിനു എത്ര പൈസ ചിലവായാലും വേണ്ടില്ല. അത്‌ പോലെ ഇതിനു വിശ്വമാണു സമരമുഖത്ത്‌ എങ്കില്‍ തീര്‍ച്ചയായും കുറച്ച്‌ കൂടി ആത്മബുദ്ധിയ്ക്‌ സ്ഥാനം നല്‍കുക. കൂട്ടയമയിലൂടേ എല്ലാരുടെയും കൂടി നിലനില്‍പ്പിനു ഇത്‌ ഉതകില്ലേ എന്നൊക്കെ ചോദിച്ചാല്‍ തന്നെയും, കേസ്‌ ജയിച്ച്‌ കോടി കിട്ടിയെന്നാല്‍ അത്‌ അനുകൂലിച്ചവര്‍ക്ക്‌ (മുഖമില്ലാത്തവരുടെ കാര്യം ?) പകുത്ത്‌ നല്‍കുകയോ, കേസ്‌ പാഴായാല്‍ ചിലവായത്‌ പകുക്കയോ ചെയ്യാന്‍ പോകുന്നില്ലാത്ത കാര്യത്തില്‍ ഇത്രേം പൊത്‌ ജന അഭിപ്രായം നേടുന്നതില്‍ കാര്യമില്ല. വേണ്ടാന്ന് പറഞ്ഞാല്‍ ചെയ്യാതെയും, വേണം എന്ന് പറഞ്ഞാല്‍ ചെയ്യാനും ആവശ്യത്തിനു മനോബുദ്ധിയുള്ള ഒരാള്‍ക്കും ബ്ലോഗ്ഗിലൂടെ ശ്രമിയ്കും എന്ന് എനിക്ക്‌ തോന്നുന്നില്ല. വിജയം വന്നാല്‍ അഘോഷം എല്ലാരുടെത്‌ എങ്കിലു, വിജയം പരാാതിക്കാരന്റെ മാത്രം ആകും. 1000 ബ്ലോഗ്ഗ്‌ ഐ.ഡി കള്‍ ഒരു ദിനം ഉണ്ടാവുകയം, അതില്‍ 500 പേരെ രണ്ട്‌ ദിനം കഴിഞ്ഞ്‌ കാണാതുവയും ചെയ്യുന്ന ഈ ബ്ലോഗ്ഗ്‌ ലോകത്ത്‌ കണക്കില്‍ കവിഞ്ഞ അംഗീകാരം, സായാഹ്ന സവാരിയ്കെത്തുന്ന ഒരു വന്റെ സുന്ദരന്‍ പോമറേനിയനെ തടവുന്നതിലും അധികം അംഗീകാരം ബ്ലോഗ്ഗ്‌ കൂട്ടായ്മയ്ക്‌ കൊടുക്കേണ്ടതുണ്ടോ?

വിശ്വം എന്നല്ലാ, ആരും തന്നെയായാലും കരുതലോടെ തനിയ്ക്‌ ഉചിതം എന്നു തോന്നുന്നത്‌ മാത്രം ചെയ്യുക. നാളേ ദേവന്റെ പോസ്റ്റുകളും യാഹൂവോ ആരെങ്കിലും കൊണ്ടു പോയാല്‍ ഇന്ന് ഇതില്‍ പ്രവര്‍ത്തിച്ചവരൊക്കെയും തന്നെ അന്നും ഇത്‌ പോലെ തന്നെ ഒപ്പം ഉണ്ടാവണം/ഉണ്ടാവും എന്ന് നമ്മള്‍ ഒരു എക്സസൈസ്‌ റീഡു വില്‍ ആഗ്രഹിയ്കാമോ? അന്നും ഈ കൂട്ടായ്മയില്ലെങ്കില്‍ ഇന്ന് അനുകൂലിച്ചവര്‍/പ്രതികൂലിച്ചില്ലെങ്കില്‍ ഈ പറഞ്ഞ ദേവന്‍ വഴിയാധാരം ആവുമോ?

പിന്നെ അവനവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എന്തെങ്കിലും വീഴ്ച വരുമ്പോ ഏത്‌ തലപ്പത്തിരിയ്കുന്നവന്‍ എങ്കിലും ബ്ലോഗ്ഗ്ക്കൂട്ടായ്മിലേ ഒരുവന്‍ എങ്കില്‍ എന്തെങ്കിലും പറഞ്ഞ്‌ തിരിത്തിച്ച്‌ ഒരു വഴിയ്ക്കായ്കാം എന്ന നിനപ്പ്‌ ഒരു നപ്പാശൈ തന്നെ. എയര്‍പ്പോട്ടിലെത്തിയ ഒരു ബ്ലോഗ്ഗര്‍ അബദ്ധ വശാല്‍ എതെങ്കിലും വയറു തട്ടി ഉരുണ്ടു വീണാല്‍ ശര്‍മ്മാജിയ്കോ ദേവനോ, ഞാന്‍ അറിയണ ബ്ലോഗ്ഗറാണു സാറെ എന്നും പറഞ്ഞ്‌, ഷേയ്കിനൊട്‌ നമ്മടേ റ്റെക്ക്ന്നീഷ്യന്‍ പിള്ളേരുടെ നോട്ടക്കുറവാണു, കൊട്‌ 5000 ഡോളര്‍ എന്ന് പറയാന്‍ പറ്റുമൊ?

ശബ്ദം ഉണ്ടാക്കുന്നത്‌ നല്ലത്‌. പക്ഷെ തൊണ്ട്‌ കീറുമ്പോ ചെവിക്കല്ലിനു കേടുപറ്റാതെയും നോക്കണം.

ദേവാ, ഓഫിനു മാപ്പ്‌.