Saturday, March 24, 2007

ബൂലോഗ വിചാരണം - 5 ബ്ലോഗാസക്തി

ബ്ലോഗ്‌ ശക്തവും ലളിതവുമായൊരു മാദ്ധ്യമമാണ്‌. തുരുമ്പു പിടിച്ചിരുന്ന ഒരുപാടുപേരെ അത്‌ എഴുത്തുകാരും പ്രസാധകരുമാക്കി. എന്നാല്‍ ബ്ലോഗ്‌ ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ആവശ്യമുള്ളതിലും പ്രാധാന്യമുള്ള ഒന്നായി തോന്നിയിട്ടുണ്ടോ? എങ്കില്‍ സ്വയം ചോദിക്കുക "ഞാന്‍ ബ്ലോഗിന്റെ ഉടമയോ അതോ അടിമയോ?"

ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ്‌ അഡിക്ഷന്‍, ഗെയിമിംഗ്‌ അഡിക്ഷന്‍, പോര്‍ണോഗ്രഫി അഡിക്ഷന്‍, ബ്ലോഗ്‌ അഡിക്ഷന്‍ എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം.

അടിപ്പെടലിന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്നതാണ്‌ മദ്യാസക്തി. മദ്യത്തിനടിമപ്പെട്ടയാള്‍
1. സ്ഥിരമായി മദ്യപിക്കുന്നു.
2. മദ്യമില്ലാതെയാകുമ്പോള്‍ അസ്വസ്ഥനാകുകയും മദ്യപാനം കൊണ്ട്‌ അത്‌ പരിഹരിക്കുകയും ചെയ്യുന്നു.
3. ജോലി, കുടുംബം എന്നിവയ്ക്കു വേണ്ടി ചിലവാക്കേണ്ടിയിരുന്ന സമയം മദ്യപിക്കാന്‍ ഉപയോഗിക്കുന്നു.
4. മദ്യപിക്കാനായി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ബന്ധുക്കളുടെ വിവാഹം, ഔദ്യോഗിക ചടങ്ങുകള്‍, കുട്ടികളുടെ പ്രധാന കാര്യങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയോ വഴിപാടു പോലെ കഴിച്ച്‌ മദ്യശാലയിലേക്ക്‌ മടങ്ങുകയോ ചെയ്യുന്നു.
5. മദ്യം ജോലി നഷ്ടപ്പെടുന്നതിലേക്കോ കുടുംബപ്രശ്നത്തിലേക്കോ നയിക്കുന്നെന്ന് അറിയുമ്പോഴും മദ്യപാനം നിര്‍ത്താനാവുന്നില്ല.
6. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനായി (മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ അടക്കം ) മദ്യപിക്കുന്നു.

വായിച്ചു കഴിഞ്ഞല്ലോ? ഇനി മദ്യം എന്നയിടത്ത്‌ ബ്ലോഗ്‌ എന്നും മദ്യാസക്തന്‍ എന്നയിടത്ത്‌ ബ്ലോഗ്‌ അഡിക്ട്‌ എന്നും മദ്യപാനം എന്നയിടത്ത്‌ ബ്ലോഗ്ഗിംഗ്‌ എന്നും വാക്കുകള്‍ മാറ്റി വായിച്ചു നോക്കുക. ബ്ലോഗ്‌ അഡിക്ഷന്‍ എന്നൊന്നുണ്ടോ അതോ വെറുതേ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണോ എന്ന് സ്വയം ബോദ്ധ്യപ്പെടാം.

എന്താണ്‌ ബ്ലോഗ്‌ അഡിക്ഷന്‍ കൊണ്ട്‌ സംഭവിക്കുന്നത്‌?
തീര്‍ച്ചയായും മദ്യാസക്തി പോലെ ശാരീരിക പ്രശ്നങ്ങള്‍ വലുതായൊന്നും ഉണ്ടാകുന്നില്ല (കുത്തിയിരുന്നു ബ്ലോഗി കണ്ണോ നടുവോ ഫ്യൂസ്‌ ആയേക്കാം), എന്നുവച്ച്‌ അതുകൊണ്ട്‌ ദോഷമൊന്നുമില്ലെന്ന് അനുമാനിക്കാന്‍ പറ്റില്ല.

ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിമറിക്കാന്‍ ഈ ആസ്കക്തിക്കു കഴിയും. ജോലിയിലെ കാര്യക്ഷമത (പ്രൊഡക്റ്റീവിറ്റിയുടെ മലയാളം ഇതു തന്നെയോ?) കുറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ കുറേ വര്‍ഷം കഴിഞ്ഞ്‌, എന്നായാലും അതിന്റെ ദൂഷ്യവശങ്ങളും നമ്മളനനുഭവിച്ചേ തീരൂ. കിട്ടാത്ത പ്രൊമോഷനായോ, മേലുദ്യോഗസ്ഥനോട്‌ പിണങ്ങലായോ, സ്വന്തം സ്ഥാപനമാണെങ്കില്‍ കുറച്ചു സമയം അതിനു വേണ്ടി ചിലവാക്കുന്നതിനാലുള്ള കേടായോ, ഒന്നുമില്ലെങ്കില്‍ കുറ്റബോധമായോ സ്വയമുള്ള മതിപ്പിനു വരുന്ന ഇടിവ്‌ ആയോ എങ്കിലും അത്‌ നമുക്ക്‌ പണി തരും.

വീട്ടുകാരോടൊത്ത്‌ പ്രത്യേകിച്ച്‌ ഭാര്യ/ഭര്‍ത്താവിനോടും കുട്ടികളുമൊത്തും ചിലവിടേണ്ട സമയം ബ്ലോഗിനായി മാറ്റിപ്പോകും അഡിക്റ്റ്‌. അതും വലിയ തെറ്റു തന്നെയാണ്‌. തൊഴില്‍ സ്ഥലത്തെപ്പോലെ തന്നി കുടുംബാംബങ്ങള്‍ക്കും നമ്മുടെ സമയത്തില്‍ അവകാശമുണ്ട്‌, അവരോടൊത്ത്‌ വൈകാരിക വിനിമയം നടത്താന്‍ നമുക്ക്‌ ബാദ്ധ്യതയുമുണ്ട്‌. ദമ്പതികളില്‍ ഒരാള്‍ മാത്രം ബ്ലോഗുന്നയാളാണെങ്കില്‍ (എന്നെപ്പോലെ) recreational companionship ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കാന്‍ അഡിക്റ്റിനു കഴിയുന്നില്ല. മദ്യപന്റെ കാര്യം തന്നെ എടുക്കുക, അയാള്‍ രസിക്കുന്ന കാര്യങ്ങള്‍, ഷാപ്പ്‌, കുടി, അവിടത്തെ കൂട്ടുകാര്‍, ബോധമില്ലാത്ത തോന്യാസങ്ങള്‍ ഒന്നിലും ഭാര്യക്ക്‌ പങ്കു ചേരാനാവുന്നില്ല, അതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍-കടം, വഴക്ക്‌, ആരോഗ്യനാശം ഇതൊന്നും അവര്‍ക്ക്‌ മനസ്സിലാവുകയുമില്ല. ഒറ്റപ്പെടലിന്റെ, അകല്‍ച്ചയുടെ, വഴക്കിന്റെ, തല്ലിന്റെ വിത്ത്‌ അതാണ്‌.

ബന്ധങ്ങള്‍, സൌഹൃദം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും കുറച്ചു കളയാന്‍ അഡിക്ഷനു കഴിയും.

അഡിക്ഷനില്‍ നിന്നും കരകേറുന്നതെങ്ങനെ?
ആദ്യം അഡിക്ഷനുണ്ടോ എന്ന് സ്വയം പരിശോധിച്ച്‌ ബോദ്ധ്യപ്പെടുക (നിര്‍മ്മലയോട്‌ ഒരു ഫ്ലോ ചാര്‍ട്ട്‌ ഞാന്‍ ഏറ്റു പോയി, അതിനാല്‍ വലിയ ആവശ്യമൊന്നുമില്ലാഞ്ഞിട്ടും അതിവിടെ ഇടുന്നു.)

അഡിക്ഷനുണ്ടോ? അതിന്റെ പേരില്‍ ബ്ലോഗൊന്നും നിറുത്തേണ്ടതില്ല (അങ്ങനെ തീരുമാനിച്ചാല്‍ അതൊരു നഷ്ടം തന്നെയാകും. മാത്രമല്ല, ഭാവിയില്‍ തീരുമാനം ലംഘിക്കാനുള്ള സാദ്ധ്യതയും കൂടും).

ആദ്യപടി എളുപ്പമാണ്‌, ബ്ലോഗാന്‍ സ്ഥലപരിധിയും സമയപരിധിയും തീരുമാനിക്കുക .

അടുത്തത്‌, അതായത്‌ ഈ പരിധികള്‍ നടപ്പിലാക്കുകയും ഉപേക്ഷയില്ലാതെ അതു തുടരുകയും ചെയ്യുന്നത്‌ അത്ര എളുപ്പമല്ല. ഇതിനു ഞാന്‍ കണ്ടുപിടിച്ച പരിപാടി അതിലെ അഗ്രീവ്ഡ്‌ ആയ കക്ഷിയോട്‌ തുറന്നു പറയുക എന്നതാണ്‌. ഓഫീസില്‍ ബ്ലോഗ്ഗിംഗ്‌ നിറുത്താന്‍ അവിടെ നിന്നുള്ള സംവിധാനം എടുത്തു കളയുക, വീട്ടില്‍ ബ്ലോഗ്ഗിംഗ്‌ കുറയ്ക്കാന്‍ "ഞാന്‍ ആലോചിച്ചപ്പോള്‍ ആവശ്യത്തിലും കൂടുതല്‍ സമയം ഞാന്‍ ബ്ലോഗില്‍ ചിലവിടുന്നുണ്ട്‌, ഇനിമുതല്‍ രാത്രി 10 മുതല്‍ 10.45 വരെ വീട്ടിലുണ്ടെങ്കില്‍ ആ സമയത്തേ ഞാന്‍ ബ്ലോഗ്‌ എഴുതുകയുള്ളു, ഇത്‌ തെറ്റിക്കുകയാണെങ്കില്‍ നീ എന്നെ ഓര്‍മ്മിപ്പിക്കണം" എന്ന് പറഞ്ഞാല്‍ അവരത്‌ സന്തോഷമായി ചെയ്തു തരും.

ചുരുക്കത്തില്‍ അഡിക്ഷനുണ്ടോ എന്ന് സ്വയം കണ്ടെത്തുക, സ്വയം സമ്മതിക്കുക, അതിലെ വിക്ടിമിനോടും സമ്മതിക്കുക. പ്രശ്നം പരിഹരിക്കപ്പെടും. അധികമായാല്‍ ബ്ലോഗും വിഷം.

ടെയില്‍ ടെയില്‍
22/03/2007 ല്‍ അപ്പീസില്‍ നടന്ന ഫോണ്‍ സംഭാഷണം.
ദേവന്‍ :> ഹലോ
ഹെ. ഡ :> ഐ റ്റി ഹെല്‍പ്പ്‌ ഡെസ്ക്‌, ഞാന്‍ നിന്നെ സഹായിച്ചു ശരിയാക്കിക്കളയും.
ദേവന്‍:> നീ ഒരു സഹായം ചെയ്താല്‍ മതി, പ്രോക്സി അഡ്മിനോ മറ്റോ അവിടെ ഉണ്ടെങ്കില്‍ പിടിച്ചു താ.
(ഫോണിലൂടെ സംഗീതം, പരസ്യം)
വെ മാ:> ഹലോ, ഇത്‌ വെബ്‌ മാസ്റ്റര്‍, ഞാനും സഹായിക്കും.
ദേവന്‍> മാസ്റ്ററേ, രണ്ട്‌ യൂവാറെല്ലുകള്‍ ബ്ലോക്കണം
വെ മാ :> എന്താ കാര്യം, വൈറസ്‌ ഉണ്ടോ? സ്പൈ, ആഡ്വേര്‍, പനി, ചുമ, വാതം?
ദേവന്‍> ഹേയ്‌, അതൊന്നുമില്ല, പക്ഷേ എനിക്കു പ്രലോഭനം സഹിക്കുന്നില്ല, കമ്പത്സീവ്‌ ബ്രൌസിംഗ്‌.
വെ മാ:> ഇപ്പോ ശരിയാക്കാം, അഡ്രസ്സ്‌ പറ.
ദേവന്‍ :> ബ്ലോഗര്‍ ഡോട്ട്‌ കോം, വേഡ്‌ പ്രസ്‌ ഡോട്ട്‌ കോം.
വെ മാ :> രണ്ടു കോമനേം ഞാന്‍ സൈബര്‍ പട്രോളിനെക്കോണ്ട് തടുത്തു.
ദേവന്‍:> സന്തോഷം. ഓഫീസില്‍ നിന്നും ഇതേല്‍ പോകുന്നില്ലെന്ന തീരുമാനം 4 മാസം ഞാന്‍ സ്വയം പാലിച്ചു. ഇന്ന് ഓര്‍ക്കാതെ അതേല്‍ കേറിപ്പോയി. അതാണു പ്രകോപനം.
വെ മാ:> ഇനിയും വല്ലോം ബ്ലോക്കാനുണ്ടേല്‍ വിളിക്കണേ.
ദേവന്‍:> മിക്കവാറും വിളിക്കും, ശരി അപ്പോ.
ഫലം- ഇനിമുതല്‍ രാത്രി അത്താഴത്തിനു ശേഷം മാത്രം ബ്ലോഗിങ്ങ്. അല്ലെങ്കില്‍ അവധിദിനത്തില്‍. അടുത്തത് ബ്ലോഗ്ഗിങ്ങില്‍ സദാ(വാരേണ്ട) ചാരം.

18 comments:

ദേവന്‍ said...

ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ്‌ അഡിക്ഷന്‍, ഗെയിമിംഗ്‌ അഡിക്ഷന്‍, പോര്‍ണോഗ്രഫി അഡിക്ഷന്‍, ബ്ലോഗ്‌ അഡിക്ഷന്‍ എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം.

സുഗതരാജ് പലേരി said...

ദേവേട്ടാ വളരെ സത്യസന്ധമായി അവലോകനം ചെയ്തിരിക്കുന്നു. ഞാനൊക്കെ ബ്ലോഗ്‌ അഡിക്ഷന്‍ മൂലം ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിവയ്ക്കാന്‍ പോലും തയ്യാറായിരുന്നു(വുന്നു) എന്നത് വളരെ വേദനയോടെ മനസിലാക്കാന്‍ സഹായിച്ചു ഈ ലേഖനം.

ഒ.ടോ: ബാച്ചികള്‍ക്ക് പെണ്ണന്വേഷിക്കുമ്പോള്‍ സ്വഭാവ ദൂഷ്യങ്ങളില്‍ ഒരെണ്ണം കൂടി.

sandoz said...

ദേവേട്ടാ....കള്ളുകുടിച്ച്‌ ജീവിതം നശിപ്പിച്ചു....എന്നൊക്കെ പറയണത്‌ മാതിരി....ബ്ലോഗെഴുതി ജീവിതം കുട്ടിച്ചോറക്കിയവന്‍ എന്നു പേരു കേള്‍ക്കേണ്ടി വരുമോ........

പലേരീ....ചങ്കില്‍ കുത്തല്ലേ......അല്ലെങ്കില്‍ തന്നെ ഇന്‍ഡ്യാമഹാരാജ്യത്തില്‍ നിന്ന് നമുക്ക്‌ നോ രക്ഷ........വെള്ളമടി....ചീട്ടുകളി......വായ്‌ നോട്ടം........തല്ലുവാങ്ങല്‍.....ദേ ഇപ്പോ...ഒരു ദൂഷ്യം കൂടി ആയി...ബ്ലോഗര്‍..അതും 24 മണിക്കൂര്‍ ബ്ലോഗര്‍.....ഞാന്‍ ഒരു അഴീക്കോട്‌ ആയിപോകൂന്നാ തോന്നണേ.......

ബിന്ദു said...

കുറേശ്ശേ ഈ രോഗം എന്നേയും പിടിച്ചിരുന്നു. പക്ഷേ മുറിവൈദ്യം കൊണ്ട് ഇത്തിരി ഭേദമായി. ഞാനിപ്പോ ആരോഗ്യവതിയല്ലെ? :)

Slooby Jose said...

ഇന്ന് ശനിയാഴ്ച. അവധി ദിനം.

കുറെ മുന്‍പ്, ദേവന്‍ ജി suggest ചെയ്തതനുസരിച്ച്, ബ്ലോഗില്‍ നിന്ന് പറ്റുന്നിടത്തോളം ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചത്, പരിപൂര്‍ണ്ണവിജയം ആയതിന്റെ സന്തോഷം ഇവിടെ രേഖപ്പെടുത്തുന്നു.

ഓഫീസില്‍ 1 മണിക്കൂര്‍ ലഞ്ച് ബ്രേക്കിനിടെ മാത്രം ബ്ലോഗുകള്‍ വായിക്കുക, വീട്ടില്‍ നിന്ന് ബ്ലോഗുകള്‍ ഒട്ടുമേ നോക്കാതിരിക്കുക എന്നീ തീരുമാനങ്ങള്‍ അങ്ങേയറ്റം വിജയകരമായി പാലിക്കാന്‍ സാധിച്ചതില്‍ ഒരു മുന്‍-ബ്ലോഗ്-അഡിക്റ്റ് ആയ എനിക്ക് അഭിമാനവുമുണ്ട്.

വൈകിട്ട് ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോള്‍ ബ്ലോഗ് വായിക്കണമെന്ന തോന്നല്‍ ഇല്ലാത്തതുകൊണ്ട് വീട്ടില്‍ ഒരു കാര്യത്തിലും ധൃതി വയ്ക്കേണ്ടിവരുന്നുമില്ല.

തീരെ ഒഴിവാക്കാന്‍ പറ്റാതെ വരുന്ന സമയത്ത് മാത്രം സ്വന്തമായി എന്തെങ്കിലും പോസ്റ്റാം എന്നും തീരുമാനിച്ചിരിക്കുന്നു.

സത്യം പറഞ്ഞാല്‍, വളരെയധികം റിലീഫും മനസമാധാനവും ഇപ്പോള്‍ തോന്നുന്നുണ്ട്.

ഏറ്റവും സന്തോഷം; ഉപേക്ഷിച്ചിരുന്ന ചില നല്ല ശീലങ്ങള്‍ പുനരാരംഭിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു. വാക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചില തീരുമാ‍നങ്ങള്‍ (incl. studies) നന്നായി നടന്നുപോകുകയും ചെയ്യുന്നു.

ആയതിലുള്ള നന്ദി ദേവരാഗംജിയെ അറിയിക്കാനും ഈ കമന്റ് വിനിയോഗിക്കുന്നു.

ബ്ലോഗില്‍ നടക്കുന്ന കാര്യങ്ങള്‍ ചിലതൊന്നും പിടികിട്ടുന്നില്ല എന്നും, വായിക്കുന്ന പോസ്റ്റുകള്‍ക്കൊന്നിനും കമന്റെഴുതാന്‍ പറ്റുന്നില്ലാ എന്നും പരിമിതികള്‍ ഉണ്ട്. എന്നാലും, ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഇതൊന്നും പ്രയോറിറ്റി അല്ലല്ലോ.

പറഞ്ഞുവന്നതിന്റെ ചുരുക്കം ഇത്രമാത്രം; ബ്ലോഗ് അഡിക്ഷന്‍ പരിപൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കും.

(ഈ പോസ്റ്റിനു പുറമേ) ഈ കമന്റ് സാക്ഷ്യം, ഒരാള്‍ക്കുകൂടിയെങ്കിലും ബ്ലോഗ് അഡിക്ഷന്‍ ഒഴിവാക്കാനും, ചുറ്റുമുള്ളവരോടുള്ള കടമകളിലേയ്ക്ക് തിരിച്ചുപോകാനും പ്രചോദനമാകുമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ബൂലോഗത്തെ എല്ലാ സുഹൃത്തുക്കളോടൂം സ്നേഹത്തോടെ


Slooby Jose (ദിവ)

ദിവാസ്വപ്നം said...

The above comment was from me

diva

തറവാടി said...

ബ്ളോഗിങ്ങ്‌ തുടങ്ങിയകാലത്ത്‌ ( പത്തു വര്‍ഷമൊന്നുമായിട്ടില്ല)

നല്ല രസം , രസം മെല്ലെ

"അഡിക്റ്റ്‌"

ആയേക്കുമോ എന്ന ഒരു ധ്വനി വരാന്‍ തുടങ്ങിയപ്പോള്‍ ,

നല്ല ഒരു മൂക്ക്‌ കയറിട്ടു.

എന്റെ ബ്ളോഗ്‌ എന്റെ ഒരു തുറന്ന ഡയറി ,

എനിക്കിഷ്ടമുള്ളപ്പോള്‍ തുറക്കാനും , എഴുതാനും

അടക്കാനും ഒക്കെ പറ്റുന്ന ഒരു ബുക്ക്‌.

ദേവേട്ടാ , നല്ല ലേഖനം.

Unknown said...

ദേവേട്ടാ,
ഞാന്‍ ഈയിടെയായി ഒരു പൊടിയ്ക്ക് ഓവറായി വരുന്നു എന്ന് തോന്നിയിട്ടൂണ്ട്. ഇത് സമയോചിതമായി എന്റെ കേസില്‍. ഒന്ന് കുറയ്ക്കണം. എന്തൊക്കെയായാലും ബ്ലോഗ് എന്റെ അമ്മായിയപ്പനൊന്നുമല്ലല്ലോ (കട്:അതുല്ല്യാമ്മ)

Rasheed Chalil said...

തുടക്കത്തില്‍ ഒരു അഡിക്ഷനൊക്കെ തോന്നിയിരുന്നു. ഇപ്പോ ഫ്രീയാണെങ്കില്‍ മാത്രം. ഏതായാലും ജോലി ബ്ലോഗിംഗിനായി കളയാനാവില്ലല്ലോ.

ദേവേട്ടാ... നന്നായി.

അലിഫ് /alif said...

വല്ലാത്തൊരു സമയത്താണ്‌ ഞാന്‍ ബ്ലോഗിനെ കുറിച്ച് അറിയുന്നതും വായിക്കുന്നതുമൊക്കെ. ഇവിടെ നൈജീരിയയില്‍ ഇന്ത്യ ക്കാരാരുമില്ലാത്ത ഒരു ഓഫീസില്‍, മലയാളത്തിലൊരു സിനിമാനോട്ടീസ് എങ്കിലും കിട്ടിയാല്‍ മതിയന്ന് കരുതി വട്ട് പിടിച്ചിരിക്കുന്ന സമയം. അതുകൊണ്ട് തന്നെ ആദ്യ കുറേ നാള്‍ ഇത് വല്ലാത്ത ഒരു അഡിക്ഷന്‍ ആയി തോന്നിയിരുന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ ‘അതുല്യ’ യുടെ ഒരു പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇതേപോലെ അഡിക്ഷനായാലുള്ള ദൂഷ്യങ്ങളെ കുറിച്ച് കിട്ടിയ അറിവ് എന്തായാലും എനിക്ക് ഒരു പരിധിവരെ ബ്ലോഗിംഗ് ‘അസ്ഥിക്ക് പിടിക്കുന്നതിനു’ മുന്‍പ് തന്നെ കുറയ്ക്കാന്‍ സഹായിച്ചു. കുറച്ചധിക സമയം ഇരുന്നാലും കുഴപ്പമില്ലന്നത് കൊണ്ട് വൈകുന്നേരം ഓഫീസ് ടൈം കഴിഞ്ഞും (താമസവും ജോലിയും ഒരു ക്യാമ്പില്‍ തന്നെ) പിന്നെ ഞായറാഴ്ച്ചയും മാത്രമേ ബ്ലോഗിനായിട്ട് ഇരിക്കാറുള്ളൂ. ഞായര്‍ ഇവിടെ ഉച്ചവരെയെ ഓഫീസ് ഉള്ളൂ..വലിയ തിരക്കുകളുമുണ്ടാകില്ല. എങ്കിലും ടി.വി കഴിഞ്ഞാലുള്ള ആകെയൊരു എന്‍റര്‍ടൈന്മെന്‍റ് തല്‍ക്കാലത്തേക്കെങ്കിലും ഇത് മാത്രമേയുള്ളൂ വെന്നതിനാല്‍ ഇടയ്ക്ക് ഫ്രീ ടൈം കിട്ടുമ്പോള്‍ ബ്ലോഗ് വായന ഇല്ലാതില്ല്ല. സത്യം, ഇത് കൂടിയില്ലായിരുന്നെങ്കില്‍ ഞാനിവിടെ വട്ട് പിടിച്ചിരിക്കുകയേ ഉണ്ടായിരൂന്നുള്ളൂ എന്ന് തോന്നുന്നു. പക്ഷേ ഒരിക്കലും ജോലി സമയവുമായി കൂട്ടികുഴയ്ക്കാന്‍ തോന്നിയിട്ടില്ല. ജോലിയുടെ അന്തരീക്ഷത്തെ ബാധിക്കാത്ത തരത്തില്‍ മതി ബ്ലോഗിംഗ് എന്ന് ആദ്യമേ തീരുമാനിച്ചത് നന്നായി എന്ന് ഇപ്പോള്‍ ദേവന്‍റെ ഈ ലേഖനം വായിച്ചപ്പോള്‍ തോന്നി, നല്ല സത്യസന്ധമായ അവലോകനം.

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ നല്ല ലേഖനം. നന്ദി.

ഏറനാടന്‍ said...

ദേവേട്ടെന്റെ ലേഖനം കണ്‍തുറപ്പിച്ചു. അവസാനം കൊടുത്ത സംഭാഷണ ശകലമുണ്ടല്ലോ, അതെന്റെ ആപ്പീസില്‍ നടപ്പിലാക്കാനൊക്കില്ല. കാരണം ഇവിടെ ഞാന്‍ തന്നെ അഡിമിനും യൂസറുമെല്ലാം. അഡിക്‌റ്റായിയെന്നതില്‍ ഡൗട്ടില്ല. അതീന്നും കരകയറും ഏപ്രീല്‍ ഒന്നിന്‌ തന്നെ (വിഡ്‌ഢിദിനത്തില്‍ ഞാനൊരു ലാപ്‌റ്റോപ്പിനുടമ ആവുമെന്ന് കരുതുന്നു.)

അതുല്യ said...

ജി - മെയിലും-ചാറ്റും, പിന്മൊഴിയും,മലയാളം ബ്ലോഗ്ഗുകളും മാത്രമാണു ഇന്റര്‍നെറ്റ്‌ സൗകര്യം എന്നത്‌ കൊണ്ട്‌ ഉദ്ദേശിയ്കുന്നത്‌ എന്ന് നിലയ്ക്‌ വരുമ്പോഴാണോ ദേവന്‍ ഡോക്ടറേ ആസക്തി എന്ന അസുഖം വരുന്നത്‌?

(ആപ്പീസിലും വീട്ടിലും നെറ്റ്‌ സൗകര്യമില്ലാതെ ആവുമ്പോ "ഞാനൊരു പോസ്റ്റിട്ടുണ്ട്‌, നെറ്റ്‌ കേഫില്‍ കയറി ഒന്ന് വായിച്ച്‌ ഒരു കമന്റിട്‌ എന്ന്" ആരോടെങ്കിലും ദേവന്‍ ഒന്ന് പറഞ്ഞ്‌ നോക്കിയേ....)

Radheyan said...

എന്റെ ആസക്തികള്‍ എന്നെയും കൊണ്ടേ പോവൂ,മാങ്കറ പറ്റിയേ പോകൂ എന്ന് പഴമൊഴി,ഇപ്പോള്‍ ചാണകവരളിയും ഇലക്റ്ററിക്ക് ശ്മശാനവുമൊക്കെ വന്നത് കൊണ്ട് പഴമൊഴി മാറ്റേണ്ടി വരും(എന്നാലും സ്വഭാവം മാറില്ല).

പതിവ് പോലെ ലേഖനം നന്നായി.നന്നാവാന്‍ ഉദ്ദേശമുള്ളവര്‍ക്ക് നന്നാവാം.അല്ലെങ്കില്‍ എന്നെ തല്ലേണ്ട ദേവേട്ടാ എന്ന ലൈനാകാം.

ആസകതികളെ ജയിക്കാന്‍ മനോബലം വേണം.ഇനി എന്നാണാവോ അതൊക്കെ കിട്ടുന്നത്.

സാജന്‍| SAJAN said...

ഒരു മുന്നറിയിപ്പായിരുന്നു ഈ ലേഖനം ..
വളരെ നന്ദിയുണ്ട്...

നിര്‍മ്മല said...

ഈ രോഗം തിരിച്ചറിഞ്ഞ് ബ്ലോഗു നോമ്പിലാണു ഞാനിപ്പോള്‍. ഒരു മാസത്തേക്കു ബ്ലോഗുവായ്ക്കില്ല, എഴുതില്ല, കമന്റില്ല എന്നൊക്കെയുള്ള നോമ്പ്. പക്ഷേ എന്റെപേരിലൊരു ഫ്ലോചാര്‍ട്ട് കിടക്കുമ്പോ ഞാന്‍ ദുര്‍ബ്ബലചിത്തയായി പോകുന്നു!!!

മുസാഫിര്‍ said...

ദേവ്ജി,
നല്ല ലേഖനം.ജോലി സംബന്ധമായ തിരക്കുകള്‍ എന്നു പറഞ്ഞു കുറച്ചു നാള്‍ മാറി നിന്നപ്പോള്‍ മനസ്സിലായി ബ്ലോഗിങ്ങ് ജീവിതത്തില്‍ ഒരു അത്യാവശ്യ ഘടകമല്ലെന്ന്.പക്ഷെ കുറെ നാള്‍ സ്മാള്‍ പാനം നിറുത്തി വെച്ചാല്‍ ഒരു ഉള്‍വിളി ഉണ്ടാവും ഇങ്ങിനെ നല്ലവനായി ജീവിച്ചിട്ടു പെട്ടെന്നു അങ്ങേരു ഒരു ദിവസം നമ്മുടെ ചീട്ടങ്ങ് കീറിയാലോ എന്നു.എന്നതു പോലെത്തന്നെയാണു ബ്ലൊഗിങ്ങിന്റെ കാര്യവും.അപ്പോള്‍ ഇങ്ങിനെ മുങ്ങിയും പൊങ്ങിയും അങ്ങനെ പോട്ടെ അല്ലെ ?

മുല്ലപ്പൂ said...

ഈ സീരീസിലെ എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട് .
വളരെ നന്നാവുന്നു ഈ വിചാരണം.

രണ്ടാം വിഭാഗത്തില്‍ എന്നെ പോലുള്ള ഡയറി പോലെ എന്തരോ ഒന്ന് എഴുതുന്ന വിഭാഗക്കാരെ കണ്ടില്ലല്ലോ ?