Sunday, March 11, 2007

ബൂലോഗ വിചാരണം - 4 വിമര്‍ശനം

ബൂലോഗത്ത്‌ വിമര്‍ശനങ്ങളില്ലാത്തതെന്തെന്ന് ആരോ ചോദിച്ചത്‌ കണ്ടിരുന്നു.
ചിലര്‍ ബ്ലോഗുകള്‍ വിമര്‍ശ്യമല്ലെന്ന് വിചാരിക്കുന്നു. മറ്റു ചിലര്‍ വിമര്‍ശനമെന്നാല്‍ കുറ്റം പറയലും കൊച്ചാക്കലുമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പല ബ്ലോഗര്‍മാര്‍ക്കും സായിപ്പ്‌ "ലവ്‌ മീ, ലവ്‌ മൈ ഡോഗ്‌ സിന്‍ഡ്രോം" എന്നു പറയുന്ന പ്രശ്നമുണ്ടെന്നും വിമര്‍ശന സാദ്ധ്യത കുറച്ചുകളയുകയും ചെയ്യുന്നു. ഭൂരിഭാഗം കമന്റര്‍മാരും "ഒരു റിസ്ക്‌ എടുക്കേണ്ട" എന്ന് മനസ്സില്‍ കരുതി നിരൂപണ സ്വഭാവമുള്ള കമന്റുകള്‍ ഒഴിവാക്കുന്നുണ്ടെന്നും തോന്നുന്നു.

ബ്ലോഗ്‌ നിരൂപണം എങ്ങനെ വേണമെന്ന് ഇവിടെ വന്ന കാലം മുതല്‍ ആലോചിച്ചിട്ടുണ്ട്‌. പലപ്പോഴും കമന്റുകളായി പറഞ്ഞിട്ടുമുണ്ട്‌- അക്കമിട്ടു തന്നെ (അതോ അക്ഷരം ആയിരുന്നോ ഇട്ടിരുന്നതെന്ന് ഓര്‍മ്മയില്ല)

വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശനസ്വഭാവമുള്ള കമന്റ്‌ എഴുതുന്നയാള്‍ മറ്റു മാദ്ധ്യമങ്ങളും ബ്ലോഗുകളുമായുള്ള വത്യാസം തിരിച്ചറിയുന്നതോടെ ബ്ലോഗ്‌ വിമര്‍ശനത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം തീരുന്നതേയുള്ളു.

1. ധര്‍മ്മവിവേചനം
ബ്ലോഗര്‍ എഴുതുമ്പോഴും അത്‌ ആളുകള്‍ വായിച്ചെന്നറിയുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ്‌ പ്രതിഫലമായി വാങ്ങുന്നത്‌. മറ്റു മാദ്ധ്യമങ്ങളില്‍ ഇതിനു പുറമേ പണമിടപാടുകള്‍ കൂടിയുള്ള വിക്രയമാണ്‌ എഴുത്ത്‌. അച്ചടി മാദ്ധ്യമത്തിന്റെ വിമര്‍ശകന്‍ ഉപഭോക്താവിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ വര്‍ത്തിക്കുമ്പോള്‍ ബ്ലോഗ്‌ നിരൂപകന്‍ എഴുത്തുകാരന്റെ അഭിവൃത്തിക്കായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു.

"ഈ മുക്കിലെ പോറ്റി ഹോട്ടലില്‍ ചായക്ക്‌ പിരിഞ്ഞ പാല്‍ ഉപയോഗിക്കുന്നുണ്ട്‌" എന്നു പറയുമ്പോള്‍ ഞാന്‍ ചായകുടിക്കാരുടെ ഭാഗത്തും "അമ്മേ, ഇന്ന് സാമ്പാറില്‍ ഉപ്പില്ലല്ലോ" എന്നു പറയുമ്പോള്‍ അമ്മയുടെ ഭാഗത്തുമാണെന്ന് ഒരുദാഹരണമായി പറയാം.

2. കര്‍മ്മവിവേചനം
വിമര്‍ശ്യമായത്‌ തിരിച്ചറിയുക.പലപ്പോഴും പോസ്റ്റുകള്‍ വിമര്‍ശനത്തിന്‌ അര്‍ഹമല്ല. സ്റ്റേറ്റ്‌മന്റ്‌ രൂപത്തിലുള്ള പോസ്റ്റുകള്‍ ഒരുദാഹരണം.

3. യൌക്തികവിവേചനം
എഴുത്തുകാരന്റെ നിലവാരത്തില്‍ നില്‍ക്കുക.എല്ലാവരും ഒരുപോലെ എഴുതുന്നില്ല. എല്ലാ എഴുത്തുകാരെയും നിരൂപകന്‍ ഒരേ മുഴക്കോലില്‍ അളക്കാനും പാടില്ല. കെ എസ്‌ ഗോപാലകൃഷ്ണന്റെ മലയത്തി പെണ്ണ്‍ എന്ന സിനിമയെ ജോണ്‍ ബൂര്‍മാന്റെ എമറാള്‍ഡ്‌ ഫോറസ്റ്റുമായി താരതമ്യം ചെയ്തു പഠിക്കുന്ന നിരൂപകന്‍ പരിഹാസ്യനാകുന്നു. നിലവാര പരിപാലനം ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നില്ല- എല്ലാവരും എഴുത്തുകാര്‍, എല്ലാവരും പ്രസാധകര്‍ എന്നതത്രേ ബ്ലോഗ്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം.

4. ലക്ഷ്യവിവേചനം
ജ്യോതി ടീച്ചര്‍‍ ഇത്‌ സുന്ദരമായി പറഞ്ഞിരിക്കുന്നു. "എഴുത്തുകാരന്‌
കൂടുതല്‍ നല്ല എഴുത്തിലേക്ക്‌ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍... കുഞ്ഞു കുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാടന്‍ പഠിപ്പിച്ചും..."

ഇതിനെ ഒന്നു വിശദീകരിച്ചാല്‍:
a. തെറ്റുകള്‍ തിരുത്തിക്കൊടുക്കല്‍
b. എഴുത്ത്‌ കൂടുതല്‍ നന്നാക്കാനുള്ള വഴി കാണിച്ചുകൊടുക്കല്‍
c.(ലേഖനങ്ങളിലും മറ്റും) വിട്ടു പോയവയെന്നു തോന്നുന്നത്‌ കൂട്ടിച്ചേര്‍ക്കല്‍
d. വായനക്കാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കല്‍
എന്നിവയാണ്‌ ബ്ലോഗ്‌ വിമര്‍ശകന്റെ ജോലി എന്നു വരുന്നു.

എന്നാല്‍ എങ്ങനെ അല്ലെങ്കില്‍ എന്തായിരിക്കണം ഒരാളിന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ ശ്രമിക്കരുത്‌. silverine എന്ന ഇംഗ്ലീഷ്‌ ബ്ലോഗര്‍ ഒരിക്കല്‍ അവരുടെ ബ്ലോഗില്‍ വന്ന കമന്റ്‌ ഡിലീറ്റ്‌ ചെയ്തു. എന്തിനതു ചെയ്തു വിമര്‍ശനത്തെ ഭയമാണോ എന്ന് കമന്റിട്ടയാള്‍ ചോദിച്ചതിന്‌ മറുപടിയിങ്ങനെ- "നിങ്ങള്‍ക്ക്‌ എന്റെ പോസ്റ്റുകളെ വിമര്‍ശിക്കാം, ഇഷ്ടമായില്ലെന്നു പറയാം, എന്ത്‌ അഭിപ്രായവും പറയാം, പക്ഷേ എങ്ങനെ വേണം എന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ പാടില്ല, ബ്ലോഗ്ഗിങ്ങിന്റെ ഒന്നാം നിയമം അതാണ്‌". വളരെ ശരിയായ നിലപാട്‌. ഞാന്‍ എങ്ങനെ ബ്ലോഗ്‌ ചെയ്യണമെന്ന് പറയുന്നയാള്‍ അറിഞ്ഞോ അറിയാതെയോ എന്റെ പത്രാധിപര്‍ ആകാന്‍ ശ്രമിക്കുന്നു. ബ്ലോഗിനു മറ്റുമാദ്ധ്യമങ്ങളുമായുള്ള പ്രധാന വ്യത്യാസം എഴുത്തുകാരന്‍ പത്രാധിപരാണെന്നതാണല്ലോ.

5. വിമര്‍ശ്യവിവേചനം
വിമര്‍ശനം പോസ്റ്റുകള്‍ക്ക്‌ മാത്രം.വ്യക്തികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ വ്യക്തിഹത്യ (ബൂലോഗത്ത്‌ ഉപയോഗിച്ചു തേഞ്ഞുപോയ ഒരു വാക്ക്‌) ആയി മാറുന്നു. ബോട്ട്‌ വേറേ സ്രാങ്ക്‌ വേറേ. പള്ളി വേറേ പാതിരി വേറേ. (വിമര്‍ശിച്ച്‌ കുട വേറേ കുടക്കാല്‍
വേറേ ആക്കരുത്‌!)

6. വായനക്കാരോടുള്ള കടമ.
ഇതുവരെ വിമര്‍ശകന്‍ ബ്ലോഗ്ഗറുടെ നന്മക്കു വേന്റി എഴുതുന്നവന്‍ (വള്‍) എന്ന റോള്‍ മാത്രമുള്ളയാള്‍ എന്ന ഒരു ചിത്രമാണ്‌ ഞാന്‍ തന്നത്‌. എന്നാല്‍ ചിലപ്പോള്‍ വായനക്കാരോടുള്ള പ്രതിബദ്ധത മറ്റെല്ലാത്തിനെയും മറികടന്ന് ചിലതു ചെയ്യുവാന്‍ വിമര്‍ശകനെ ബാദ്ധ്യസ്ഥനാക്കുന്നു.

>തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ (വസ്തുതാപരമോ ആശയപരമോ ആയി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവ)

>അനാശ്യാസമായ ബ്ലോഗിംഗ്‌ രീതികള്‍ ഉള്ളടക്കചോരണം സാമൂഹ്യവിരുദ്ധം മുതലായവ)

>മറ്റു പൊതുജനക്ഷേമത്തിനു വിരുദ്ധരീതിയിലുള്ള പോസ്റ്റുകള്‍

കമന്റെന്ന രീതിയില്‍ ബ്ലോഗില്‍ വരുന്ന കാര്യങ്ങള്‍ക്കും പരമാധികാരി ബ്ലോഗ്‌ ഉടമ തന്നെയായതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ലിങ്കോടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌ നല്ലതെന്ന് തോന്നുന്നു (കമന്റ്‌ പോസ്റ്റുകളുടെ ഉസ്താദ്‌ ആണ്‌ സിബു
.)

കമന്റിനു ബാധകമാവുന്ന എല്ലാ നിയങ്ങളും വിമര്‍ശനത്തിനും ബാധകമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.

പലപ്പോഴും ബ്ലോഗര്‍ വിമര്‍ശനത്തെ ഭയക്കുന്നു, വിമര്‍ശനം കുറയാനുള്ള ഒരു കാരണം ഇതാണ്‌. ഒരു "കത" എഴുതി പോസ്റ്റ്‌ ചെയ്തതിന്റെ ചുവട്ടില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് കമന്റെഴുതി ഈ പ്രശ്നം പരിഹരിച്ചു. സാധാരണ നിരൂപണങ്ങളെഴുതാത്തവരടക്കം പതിനഞ്ചോളം പേര്‍ ഗൌരവമായി കൃതിയെ പഠിക്കുകയും വിശദമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന കമന്റുകള്‍ ഇടുകയും ചെയ്തു.

നിരൂപഹണം (കട. വീക്കേയെന്‍) ലക്ഷ്യമാക്കി ബ്ലോഗാരംഭ ദശയില്‍ ഉമേഷ്‌ ഗുരുക്കള്‍ തുടങ്ങിയ ബ്ലോഗും പിന്നീട്‌ ബ്ലോഗഭിമാനി തുടങ്ങിയതും അകാലത്തില്‍ സൈബര്‍ ഹെവന്‍ പ്രാപിച്ചു. എല്ലാ പോസ്റ്റുകള്‍ക്കും അല്ലെങ്കില്‍ ബ്ലോഗുകള്‍ക്ക്‌ മൊത്തമായി നിരൂപണം എഴുതുക ഏതാണ്ട്‌ അസാദ്ധ്യമെന്നത്‌ തന്നെ കാരണം.

ചന്ത്രക്കാറന്റെ ഉമേഷിന്‌ സ്നേഹപൂര്‍വ്വം എന്ന നിരൂപണം വീക്ഷണരീതിയുടെ വത്യാസം കൊണ്ടും പിന്തുടര്‍ന്ന് നടന്ന വാശിയേറിയ ചര്‍ച്ചയിലെ ബ്ലോഗ്ഗര്‍മാരുടെ പങ്കാളിത്തം കൊണ്ടും ഗൌരവസ്വഭാവം നിലനിര്‍ത്തലില്‍ വിജയിച്ചതുകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു.

എന്നെ വിമര്‍ശിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ വക്കാരിമസ്താന്റെ കമന്റാണ്‌.

ഒരിടത്ത് ഞാന്‍ ഇങ്ങനെ എഴുതി

“ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌ കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍“
വക്കാരി അതിനു താഴെ ഒരു കമന്റിട്ടു
“...ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത. ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ...”

ഞാന്‍ ഇതെന്തൊരു വികൃതമായ ഭാഷയാണ്‌ ഈ ഉപയോഗിച്ചതെന്നാണ്‌ വക്കാരി ചോദിക്കുന്നത്‌. പക്ഷേ അത്‌ ഒരു തമാശയാക്കി ആര്‍ക്കും നോവാതെ പറഞ്ഞുതന്നു(പിന്നീട്‌ എന്റെ ജീവിതത്തില്‍ ഞാന്‍ സ്വരാഘാതം എന്നല്ലാതെ ആക്സന്റ്‌ എന്നു പറഞ്ഞിട്ടില്ല, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ പോലും ഇനി ഞാന്‍ സ്വരാഘാതം എന്നേ പറയൂ)

അങ്ങനെ വിമര്‍ശകനെ ഒരു വഴിയാക്കി. അടുത്ത ഭാഗം ബ്ലോഗ്‌ അഡിക്ഷനെക്കുറിച്ച്‌. നമസ്കാരം.

7 comments:

ദേവന്‍ said...

അങ്ങനെ വിമര്‍ശകനെ ഒരു വഴിയാക്കി. അടുത്ത ഭാഗം ബ്ലോഗ്‌ അഡിക്ഷനെക്കുറിച്ച്‌. നമസ്കാരം

sandoz said...

ഹ..ഹ.ഹാ
ദേവേട്ടാ.....കൊല്ലും കൊലയ്ക്കുമുള്ള ഒരു ലൈസന്‍സ്‌ ആണു ദേവേട്ടന്‍......അറിഞ്ഞോ...അറിയാതെയോ.....ഇവിടെ ഇട്ടിട്ട്‌ പോയിരിക്കുന്നത്‌.ഇതെടുത്ത്‌ പലരും[ഞാനും] ഉപയോഗിക്കും...എന്നിട്ട്‌ താഴെ ദേവേട്ടന്റെ ഈ പോസ്റ്റിലേക്കുള്ള ലിങ്കണും ഇട്ട്‌ കൈ കഴുകും.

ഞാന്‍ കുമാറേട്ടന്റെ ആളെക്കൊല്ലണ പരിപാടീല്‍ കുത്തിവയ്പ്പിന്റെ കാര്യം പറഞ്ഞതേ ഒള്ളൂ.....

ചെറിയ വിമര്‍ശനം ഒക്കെ ആവാം......വിമര്‍ശിച്ച്‌ വിമര്‍ശിച്ച്‌ ബ്ലോഗിലെ കാര്യം വീട്ടില്‍ എത്തിക്കരുത്‌.....പണി സ്ഥലത്തും.......

Inji Pennu said...

എനിക്ക് തോന്നണില്ല്യ ദേവേട്ടാ അത് വക്കാരിജി വിമര്‍ശിച്ചതാണെന്ന്. ആണൊ? വക്കാരിജിക്ക് വാക്കുകള്‍ കൊണ്ട് സര്‍ക്കസ് കളിക്കാന്‍ ഇഷ്ടാണെന്നാ ഞാന്‍ കരുതിയെ അത് വായിച്ചിട്ട് :)

എനിക്കേറ്റവും ഇഷ്ടപ്പെട്ട വിമര്‍ശകരില്‍ ഒരാളാണ് പെരിങ്ങ്സും പപ്പാന്‍ ചേട്ടനും. പെരിങ്ങ്സ് കൃത്യം ആയി ഒരു കൃതിയെ വിമര്‍ശിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പപ്പാന്‍ ചേട്ടന്‍ നല്ല രസമായിട്ട് വിമര്‍ശിക്കും, ഹൊ! അത് ഒരു ഒന്നൊന്നര വിമര്‍ശനമായിരിക്കുകയും ചെയ്യും. എന്റെ ചുവപ്പ് എന്ന കഥയില്‍, ഒരു വിമര്‍ശനമുണ്ട് - ജബീന്ദര്‍ പ്രസാദ് നെല്ല് നടുന്നത് :-) ഹിഹിഹി! കലക്കിക്കളഞ്ഞു ആശാന്‍! കഥ എഴുത്തേ നിറുത്തിയേരെ എന്നായിരുന്നു എനിക്കതില്‍ നിന്ന് കിട്ടിയ സൂചന :) നിറുത്തി! :)

(പിന്നെ ഇവിടെ പലര്‍ക്കും വിമര്‍ശനമെന്ന പേരില്‍ അധിക്ഷേപവും അക്യൂട്ട് വ്യക്തിഹത്യയും പേര്‍സ്ണല്‍ അബ്യൂസും ഒക്കെയുണ്ട്. നാട്ടിലൊക്കെ ചുമ്മാ കലുങ്കില്‍ ഇരുന്ന് വൃത്തികെട്ട കമന്റടിക്കുന്ന മാതിരി. അതില്‍ ഒരാളായിരുന്നു ഈയടുത്ത് വിശ്വേട്ടന്റെ പോസ്റ്റില്‍ കിടന്ന് കളിച്ചതും കളി കാര്യമയിട്ട് പാളിയതും. പലര്‍ക്കും ബ്ലോഗ് ഒരു പബ്ലിക്ക് ചാറ്റ് റൂം പോലെ അബ്യൂസ് ചെയ്യാവുന്ന ഒന്നാണെന്നൊരു തെറ്റായ ധാരണ്യുണ്ട്)

കൈയൊപ്പ്‌ said...

എഴുത്തുകാരന്റെ നിലവാരത്തില്‍ നില്‍ക്കുക (‘യൌക്തികവിവേചനം’) എന്നത് വിമര്‍ശകനു പ്രയാസമുണ്ടാക്കുന്നുണ്ട്. രണ്ടുണ്ടിവിടെ ബ്ലോഗില്‍ പ്രശ്നം.

1) എഴുതുന്നത് മുതിര്‍ന്നയാളോ കുട്ടിയോ, കാടു കാണാത്തവനോ ആദിവാസിയോ, മര്‍ദ്ദകനോ പീഢിതനോ എന്നിങ്ങനെ വേര്‍തിരിക്കണം. എഴുതുന്നയാളിന്റെ ജിയോഗ്രഫികല്‍ സ്പേസ്, സംസ്കാരം എന്നിവ വിലയിരുത്തും മുമ്പേ കാണണം.

2) പോസ്റ്റുകളിലൂടെ മാത്രം കണ്ടറിയുന്നവര്‍.
ഒരു സ്കൂള്‍ പ്രായക്കാരനാണെന്നു കരുതി പലപ്പോഴും കമന്റ് വെച്ചിരുന്ന പോസ്റ്റുകളുടെ ഉടമ എന്റെ തല നരച്ച അമ്മാവനേക്കാളും അനുഭവസ്ഥനാണെന്ന് അറിഞ്ഞപ്പോഴുള്ള ഞെട്ടലിനെ എന്തു ചെയ്യും!

ലിഡിയ said...

:-)

വ്യക്തിഹത്യയ്ക്ക് എന്തുകൊണ്ടും യോഗ്യന്‍..

-പാര്‍വതി.

Radheyan said...

ദേവേട്ടാ, ഒന്നു വിമര്‍ശിക്കട്ടെ (കൊതിയായിട്ട് പാടില്ല).
തലക്കെട്ടിട്ട് കള്ളിതിരിക്കനുള്ള (കണക്കപ്പിള്ള)ത്വര ലേഖനത്തിന്റെ പതിവ് ദേവസ്പര്‍ശം കളയുന്നപോലെ തോന്നുന്നു.പക്ഷേ ആശയങ്ങള്‍ അല്ലെങ്കില്‍ പരാമര്‍ശങ്ങള്‍ വാസ്തവം തന്നെ.സംസ്കൃതാധിക്യം ലാളിത്യത്തെ ബാധിക്കുന്നു.

Unknown said...

ദേവേട്ടാ,
വിമര്‍ശനം എന്ന് വാക്ക് എനിക്ക് അലര്‍ജിയാണ്. മുഖം ചൊറിഞ്ഞ് പൊന്തി മത്തങ്ങ പോലെയാവും (ഇപ്പോള്‍ പിന്നെ എന്താ എന്ന് ചോദിക്കരുത്):-)

അടുത്ത എപ്പിഡോസ് അഡിഷ്കന്‍ വരട്ടെ. അവന്‍ അത്യാവശ്യമാണ്. വേഗമായിക്കോട്ടെ. :-)