Monday, March 5, 2007

ബൂലോഗ വിചാരണം - 2 പോസ്റ്റുകളെ അറിയുക.

ബ്ലോഗ്‌ പോസ്റ്റുകള്‍ ആത്മാവിഷ്കാര പരിശ്രമങ്ങളാണെന്നും എഴുത്തുകാരന്‍ പ്രസാധകന്‍ കൂടിയാവുന്ന പുതിയ രീതിയാണെന്നും ഉന്നത തല നിര്‍വചനങ്ങളുണ്ട്‌. പ്രായോഗിക തലത്തില്‍ പോസ്റ്റുകളെ അറിയാന്‍ ബൂലോഗത്തെ ഒരു ചെറു ഗ്രാമമായി കണ്ടാല്‍ എളുപ്പം കഴിയും. അങ്ങനെ നോക്കിയപ്പോള്‍ പോസ്റ്റുകള്‍ ഇങ്ങനെ തരം തിരിഞ്ഞു വരുന്നു

1. ചായക്കട പോസ്റ്റുകള്‍ :
രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ഗ്രാമത്തിലെ സാധാരണക്കാരന്‍ വളരെ ഗൌരവമല്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്യുക ചായക്കടയിലാണ്‌. "ദാ ഈ പത്രം കണ്ടോ , ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്കു യൂ എന്നില്‍ തിരിച്ചടി.." എന്ന രീതിയില്‍. ചര്‍ച്ചയെന്ന രീതിയിലുള്ള ഫീഡ്‌ ബാക്ക്‌ പ്രതിഫലമായി പ്രതീക്ഷിച്ചാണ്‌ ഇത്തരം പോസ്റ്റുകള്‍ ബ്ലോഗര്‍മാര്‍ എഴുതാറ്‌.

2. ആര്‍ട്ട്സ്‌ ക്ലബ്ബ്‌ പോസ്റ്റുകള്‍ :
വൈകുന്നേരമായാല്‍ ആര്‍ട്ട്സ്‌ ക്ലബ്ബില്‍ കുറച്ചാളുകൂടും. ചെറുകഥയോ കവിതയോ മറ്റുള്ളവരെ കാണിച്ച്‌ അഭിപ്രായം ചോദിക്കും. ചിലര്‍ പാട്ടു പാടും. ചിലര്‍ ശ്ലോകം ചൊല്ലും.ശതമാനക്കണക്കില്‍ ആര്‍റ്റ്സ്‌ ക്ലബ്‌ മെംബര്‍മാര്‍ ആംഗലേയ ഗ്രാമത്തിലേതിനെക്കാള്‍ ബൂലോഗ ഗ്രാമത്തില്‍ കൂടുതലാണെന്നുള്ളത്‌ ഒരു വലിയ പ്രത്യേകതയാണ്‌.

3. ചാരായക്കട പോസ്റ്റുകള്‍ :
തമാശകള്‍, പലപ്പോഴും ലോക്കല്‍ തമാശകള്‍ പങ്കുവയ്ക്കപ്പെടുന്നത്‌ ചാരായഷാപ്പിലാണ്‌. ആളുകള്‍ രസിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി, അല്ലെങ്കില്‍ അംഗീകാരം ഉദ്ദേശിച്ചാണ്‌ തമാശകള്‍ അവതരിപ്പിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ.

4. ഊണുമേശ പോസ്റ്റുകള്‍:
സോഷ്യല്‍ ഇന്ററാക്ഷന്റെ ഭാഗമാണ്‌ ഊണുമേശ വിശേഷങ്ങള്‍. "പണ്ട്‌ അപ്പൂപ്പന്‍ കൊച്ചായിരുന്നപ്പോള്‍" എന്നു തുടങ്ങുന്നതാവാം, "ഞാനിന്നു രാവിലേ കോളേജില്‍ പോകാന്‍ നില്‍ക്കുമ്പോള്‍" എന്ന രീതിയിലുമാകാം. ഗ്രൂപ്പിന്റെ, അല്ലെങ്കിലും കമ്യൂണിറ്റിയുടെ അംഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സാമൂഹ്യ ബന്ധമുറപ്പിക്കല്‍ അല്ലെങ്കില്‍ പരസ്പരം അറിയല്‍ എന്നതാണ്‌ ഒരു ലക്ഷ്യം. ഒറ്റക്കല്ല താനെന്ന തിരിച്ചറിവ്‌ മറ്റൊന്നും.

5. കവല പ്രസംഗ പോസ്റ്റ്‌.
പ്രചാരണ ലക്ഷ്യമിട്ട്‌ പ്രധാനമായും രാഷ്ട്രീയവും മതവും വിഷയമാക്കി സംസാരിക്കുന്നയാള്‍ ആരു കേട്ടാലും ഇല്ലെങ്കിലും മനസ്സില്‍ തോന്നുന്നത്‌ ഉറപ്പിച്ച്‌, ആവര്‍ത്തിച്ച്‌, ആരുടെയും അഭിപ്രായം അംഗീകരിക്കാതെ പ്രസംഗിച്ചുകൊണ്ടേയിരിക്കും. സ്വന്തം രാഷ്ട്രീയ- മതപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുക ലക്ഷ്യം.

6. പരിഷത്ത്‌ പോസ്റ്റ്‌.
ഗ്രാമത്തിലെ പരിഷത്തിന്റെ കൊച്ചു മീറ്റിങ്ങുകള്‍ അവനവനു അറിയാവുന്നത്‌ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച്‌ കൂടുതല്‍ മനസ്സിലാക്കിയും മറ്റുള്ളവരെക്കൊണ്ട്‌ അറിവു പങ്കുവയ്പ്പിച്ചും മുന്നോട്ടു പോകും. പ്രധാനമായും ശാസ്ത്ര-സാങ്കേതിക വിഷയങ്ങളാവും പോസ്റ്റില്‍.

7. ചന്തക്കുടിയന്‍ പോസ്റ്റ്‌.
ഊണുമേശയുടെ ഉള്‍ട്ടാ ആണ്‌ ചന്തക്കുടിയന്‍. സോഷ്യല്‍ അക്സപ്റ്റന്‍സ്‌ ഇല്ലാത്തതിലെ അമര്‍ഷം മൂത്ത് ഇദ്ദേഹം വൈകിട്ട്‌ അടിച്ചു കൊളിയായി ചന്തയില്‍ വന്നു നിന്ന് വഴിപോക്കരോട്‌ "ഡാ... നിന്റെ അച്ഛനെ എനിക്കറിയാമെടാ തെക്കേലെ ശാന്തമ്മയുമായി അയാള്‍ക്ക്‌.." എന്നും "ഡീ മേരിക്കുട്ടീ നിന്റെ കെട്ട്യോന്‍ കള്ളനോട്ടടിച്ചല്ലേടീ ഈ പൈസയെല്ലാം.." എന്നും തുടങ്ങി "ഇവനൊന്നും ഒരുകാലത്തും നന്നാവൂല" എന്ന കണ്‍ക്ലൂഷനില്‍ എത്തിച്ച്‌ ഓടയില്‍ വീണോളും. ഇദ്ദേഹത്തിന്റെ കോണ്വര്‍സേഷനില്‍ ആളുകള്‍ പൊതുവില്‍ വന്നു ചേരാത്തതുകൊണ്ട്‌ അങ്ങോട്ടു പോയി സംസാരിക്കുകയാണ്‌ പതിവ്‌. അതായത്‌ പോസ്റ്റിനെക്കാള്‍ കൂടുതല്‍ കമന്റിംഗ്‌ ആണ്‌ ജാതകവശാല്‍ ചന്തക്കുടിയനു രാശി.

യഥാര്‍ത്ഥ ബ്ലോഗിങ്ങില്‍ നമ്മള്‍ പലപ്പോഴും ഓരോ സമയത്ത്‌ ഓരോന്നായി മാറാറുണ്ട്‌. ഒരു സ്ഥലത്തെ സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ അവിടെ തന്നെ ഉറച്ചു നില്‍ക്കുകയോ അല്ലെങ്കില്‍ കാലം കൊണ്ട്‌ മറ്റൊരിടത്തേക്ക്‌ സ്ഥാനക്കയറ്റം നേടുകയോ ചെയ്യുന്നു. ഉദാ. ചായക്കട സൂപ്പര്‍സ്റ്റാര്‍ പരിഷത്തിലെ രാഷ്ട്രീയ ഗവേഷകനായേക്കാം, ഷാപ്പ്‌ തമാശ സൂപ്പര്‍സ്റ്റാര്‍ ഒടുക്കം ഹാസ്യ സാഹിത്യമെഴുതി ആര്‍ട്ട്സ്‌ ക്ലബ്ബില്‍ വരാം. മറിച്ചും സംഭവിച്ചേക്കാം, ആരും ചിരിക്കാത്ത തമാശ പറഞ്ഞു ഫ്രസ്റ്റ്രേറ്റഡായ ഷാപ്പു വാസിയിലെ ചന്തക്കുടിയന്‍ പുറത്തു ചാടി ‍ നേരേ കവലക്കു വച്ചു പിടിച്ചേക്കാം.

ഒരു ഗ്രാമവാസി രാവിലേ ചായക്കടയില്‍ രാഷ്ട്രീയവും ഉച്ചക്ക്‌ പരിഷത്ത്‌ മീറ്റിങ്ങും കഴിഞ്ഞ്‌ വൈകിട്ട്‌ ക്ലബ്ബിലും കയറി തിരിച്ചു പോകുന്ന വഴി ഷാപ്പില്‍ രണ്ട്‌ ജോക്കും പൊട്ടിച്ച്‌ രാത്രി ഊണുമേശയില്‍ വിശേഷങ്ങളും പറഞ്ഞേക്കാം. പക്ഷേ കവല പ്രാസംഗികനും ചന്തക്കുടിയനും ഈ ആള്‍ റൌണ്ടര്‍ (കട. കണ്ണൂസ്‌) പണി ചെയ്യുന്നില്ല.

പോസ്റ്റുകളെ തിരിച്ചറിയല്‍ മാത്രമേ ഈ അദ്ധ്യായത്തില്‍ ലക്ഷ്യമാക്കിയുള്ളു. ലക്ഷണമൊത്ത പോസ്റ്റ്‌ എന്ത്‌ എന്നെഴുതാന്‍ ഇവിടെ വരുന്ന കമന്റുകള്‍ എന്നെ പ്രാപ്തനാക്കും എന്ന് പ്രതീക്ഷയുള്ളതിനാല്‍ അത്‌ മറ്റൊരിടത്തേക്ക്‌ മാറ്റിവച്ചു.

(അടുത്ത ഭാഗം- കമന്റുകളെക്കുറിച്ച്‌- കുറച്ച്‌ ബുദ്ധിമുട്ടി എഴുതേണ്ടതുണ്ടെന്ന് തോന്നിയതിനാല്‍ മനസ്സ്‌ അറിയാതെ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ അടിച്ചുപോയി)

30 comments:

ദേവന്‍ said...

പോസ്റ്റുകളെ തിരിച്ചറിയല്‍ മാത്രമേ ഈ അദ്ധ്യായത്തില്‍ ലക്ഷ്യമാക്കിയുള്ളു. ലക്ഷണമൊത്ത പോസ്റ്റ്‌ എന്ത്‌ എന്നെഴുതാന്‍ ഇവിടെ വരുന്ന കമന്റുകള്‍ എന്നെ പ്രാപ്തനാക്കും എന്ന് പ്രതീക്ഷയുള്ളതിനാല്‍ അത്‌ മറ്റൊരിടത്തേക്ക്‌ മാറ്റിവച്ചു.

ദിവാസ്വപ്നം said...

"ഇവനൊന്നും ഒരുകാലത്തും നന്നാവൂല" എന്ന കണ്‍ക്ലൂഷനില്‍ എത്തിച്ച്‌ ഓടയില്‍ വീണോളും. ഇദ്ദേഹത്തിന്റെ കോണ്വര്‍സേഷനില്‍ ആളുകള്‍ പൊതുവില്‍ വന്നു ചേരാത്തതുകൊണ്ട്‌ അങ്ങോട്ടു പോയി സംസാരിക്കുകയാണ്‌ പതിവ്‌. അതായത്‌ പോസ്റ്റിനെക്കാള്‍ കൂടുതല്‍ കമന്റിംഗ്‌ ആണ്‌ ജാതകവശാല്‍ ചന്തക്കുടിയനു രാശി"

ha ha that is really good. :))

kurachukooti ezhuthaamaayirunnu.

ബിന്ദു said...

കഴിഞ്ഞ പോസ്റ്റില്‍ എഴുതാന്‍ വച്ചിരുന്ന കമന്റാണ്, ഇവിടെ ഇടാം ഇനി.
ബ്ലോഗ് എന്തിനു തുടങ്ങുന്നു എന്ന ലിസ്റ്റില്‍ എന്നെപ്പോലെ ഉള്ളവരേയും ചേര്‍ക്കാം എന്നു തോന്നുന്നു. ഞാന്‍ ബ്ലോഗില്‍ വന്നത് എന്തെങ്കിലുമൊക്കെ വായിക്കാനായി മാത്രം ആയിരുന്നു. പിന്നീട് വായിച്ചതിനൊക്കെ ഒരു അഭിപ്രായം ഇടാനുള്ള മോഹം കലശലായപ്പോള്‍, ഒരു ബ്ലോഗ്ഗര്‍ ആവുന്നതാണ് മറ്റുള്ളവര്‍ക്ക് ആശ്വാസം എന്നു തോന്നിയപ്പോള്‍ ഒരെണ്ണം ഞാനും തുടങ്ങി. അത്രേയുള്ളൂ. :)
ഇതിനിടയില്‍ കിട്ടിയ സൌഹൃദങ്ങളെല്ലാം തീര്‍ച്ചയായും വിലമതിക്കപ്പെട്ടവ തന്നെയാണ് താനും.
ഈ പോസ്റ്റും അടിപൊളി.

Inji Pennu said...

I came to blogs for prathishedham :)

This post is a lakshmanans post :) write abt ramans and bharathans post too :)

കൈയൊപ്പ്‌ said...

നിശ്ശബ്ദമായ ചില പോസ്റ്റുകള്‍ കൂടിയുണ്ട്. അല്ലെങ്കില്‍ തീരെച്ചെറിയ ശബ്ദങ്ങള്‍. ആത്മഭാഷണം. ഇവരെ കമന്റില്‍ ഏറെക്കാണില്ല. പോതു സ്ഥലങ്ങളിലും.

ഇനി ബ്ലോഗുകളെ ചെറു കമ്മ്യൂണിറ്റികളാക്കാന്‍ എളുപ്പമാ‍ാണു! നന്ദി!

Rasheed Chalil said...

ദേവേട്ടാ... :)

സുല്‍ |Sul said...

1. ചായക്കട പോസ്റ്റുകള്‍ :
“ബൂലോകത്തിലെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ ദേവന്‍ ഇറങ്ങിതിരിച്ചിരിക്കുന്നു...”

2. ആര്‍ട്ട്സ്‌ ക്ലബ്ബ്‌ പോസ്റ്റുകള്‍ :
“പതിനൊന്നാമവതാരം ദേവനെന്നവന്‍
ബൂലോകോദ്ധാരണത്തിനായ്
അവതാരമെടുത്തു...”

3. ചാരായക്കട പോസ്റ്റുകള്‍ :
“ഇവനൊന്നിട്ട് പെരുക്ക്യാലൊ?”

4. ഊണുമേശ പോസ്റ്റുകള്‍:
“ഈ പോസ്റ്റ് നന്നായിട്ടുണ്ട് ദേവാ. ഒരു തരം തിരിവ് വേണ്ടതു തന്നെ”

5. കവല പ്രസംഗ പോസ്റ്റ്‌.
“ബൂലോകത്തെ തുണ്ടുകളാക്കി ഭരിക്കമെന്ന ദേവന്റെ മോഹം വ്യര്‍ത്ഥമാണ്”

6. പരിഷത്ത്‌ പോസ്റ്റ്‌.
“മലയാളം ബ്ലോഗ്ഗിങ് രംഗത്ത് ഒരു കുതിച്ചു ചാട്ടം നടന്നിരിക്കുന്ന ഈ സമയത്ത് ഒരു അഴിച്ചു പണി അത്യാവശ്യമാണ്”

7. ചന്തക്കുടിയന്‍ പോസ്റ്റ്‌.
“ഈ ഗഡ്യാളുകൊള്ളാലൊ. കിടിലന്‍ പോസ്റ്റ് ട്ടാ. എന്തേലുമാവുമ്പോള്‍ എന്നേമറീക്കണേയ്...”

ചുമ്മ. ദേവാ കൊള്ളാം. പരിപാടികള്‍ നടക്കട്ടെ. എല്ലാ സപ്പോര്‍ട്ടുകളും പ്രതീക്ഷിക്കാം.

-സുല്‍

Thamanu said...
This comment has been removed by the author.
തമനു said...

പോസ്റ്റുകളെ തരം തിരിക്കാനുള്ള ഈ ക്രിയയെ നമുക്ക്‌ “ചാ‍ആ ചാഊ കപച” ക്രിയാ രീതി എന്നു വിളിക്കാം അല്ലേ... (വേണമെങ്കില്‍ പറയാനുള്ള എളുപ്പത്തിന് ചാവാ ചാവൂ കപച എന്നും ആക്കാം)

എല്ലാ തരം തിരിക്കലുകളും അര്‍ത്ഥവത്തും ഹൃദ്യവുമായി ദേവേട്ടാ..

Thamanu said...
This comment has been removed by the author.
Radheyan said...

ഈ അവതാരങ്ങള്‍ക്ക് കാലഭേദമില്ല.ഇതിന് പരിണാമനിയമങ്ങളുമില്ല.എന്ന് വെച്ചാല്‍ ഒരു സ്മയം തന്നെ മത്സ്യകൂര്‍മ്മവരാഹാവതാരങ്ങള്‍ കൈക്കോള്ളും.അത് പോലെ വരഹത്തിനുശേഷം മത്സ്യത്തിലേക്ക് തിരിച്ച് പോകാനും മതി.

ഞാനിതെല്ലാം ആയിട്ട് അവതരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.പ്രത്യേകിച്ചും ആദ്യകാലങ്ങളില്‍.ഒരുപക്ഷേ മലയാളിയുടെ താല്‍പ്പര്യങ്ങളില്‍ ഈ ബഹുസരത ഉള്ളതും കാരണമാവം. ഒരേ വ്യക്തി തന്നെ മനോരമ വായിച്ച് തറരാഷ്ട്രീയങ്ങള്‍ ആസ്വദിക്കുന്നു,അവന്‍ തന്നെ മാതൃഭൂമിയും ഭാഷാപോഷണിയും വായിച്ച് ബൌദ്ധിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നു,ടിവിയില്‍ ക്രിക്കറ്റും പൈങ്കിളി സീരിയലുകളും കാണുന്നു,സിനിമാകൊട്ടകയില്‍ പോയി ഷക്കീലയുടെയും അടൂരിന്റെയും പടം കാണുന്നു,വൈകുന്നേരങ്ങളില്‍ മൈതാനങ്ങളില്‍ ജനകീയ ഫുട്ബോളായ സെവന്‍സ് ആസ്വദിക്കുന്നു,അന്തിക്ക് കള്ളടിച്ച് കവലയില്‍ അലമ്പുണ്ടാക്കുന്നു,പോകുന്ന വഴിയില്‍ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കുന്നു.
നമ്മള്‍ ഓള്‍-റൌണ്ടറുമാരുടെ ഒരു സഞ്ചയമല്ലേ

ശാലിനി said...

ഈ ലേഖനം നന്നായിട്ടുണ്ട്.

കുറുമാന്‍ said...

ഇത് കലക്കീട്ട്ണ്ട് ദേവേട്ടാ. ഇതിലൊരു രണ്ടുമൂന്നു കാറ്റഗറിയിലെങ്കിലും ഞാന്‍ പെടും പക്ഷെ ചന്തക്കുടിയനിലില്ലേയില്ല, പക്ഷെ സാഹചര്യവശാല്‍ വന്നുചേരാന്‍ അധികം സമയം വേണ്ട, ജാഥകവശാലും.

Unknown said...

രാധേയന്‍ ചേട്ടന്റെ കമന്റിന്റെ രണ്ടാമത്തെ പാരഗ്രാഫ് വായിച്ചതില്‍ പിന്നെ എനിക്കൊന്നും എഴുതാനില്ല. ഓള്‍ റൌണ്ടര്‍മാര്‍ തന്നെ മിക്കവരും.

ഓടോ: ദേവേട്ടാ, ‘ദാവൂദിബ്രാഹിം ബ്ലോഗേഴ്സ്‘ എന്നൊരു വിഭാഗം കൂടിയില്ലേ. അദൃശ്യമായി വിദൂരങ്ങളിലിരുന്ന്, കൈ നനയാതെ കളി നിയന്ത്രിക്കുന്നവര്‍. അവരെ പേരെടുത്ത് പറയുന്ന കാര്യം ‘അചിന്ത്യം‘. :-)

മുക്കുവന്‍ said...

പോസ്റ്റുകളെ തിരിച്ചറിയല്‍ കലക്കി.. ചുമ്മാ നേരംബോക്കിനു എഴുതുന്ന എന്റെ പോസ്റ്റും കൂട്ടണെ...

അതുല്യ said...

ദേവഗുരുവേ... പ്രീഡിഗ്രി അത്ര വലിയ മോശം ഡിഗ്രി ഒന്നുമല്ലാത്തത്‌ കൊണ്ട്‌, ഈ പോസ്റ്റിന്റെ ഉടായിപ്പ്‌ വശം എനിക്കും മനസ്സിലായിട്ടൊ :)ശുട്ടിടുവേന്‍..

ബ്ലോഗ്ഗ്‌ ... ചുമ്മാ കിടക്കിറ നിലത്തിലൈ കുതിര മേഞ്ഞാലെന്നാ കഴുതൈ മേഞ്ഞാല്‍ എന്നാ...

Siji vyloppilly said...

വളരെ നന്നായി എല്ലാം നോക്കിക്കാണുന്നു. ഇന്റലിജന്റ്‌ റെറ്റിംഗ്‌.

aneel kumar said...

സീരീസ് കലക്കുന്നുണ്ട് ദേവാ.

ഇതെല്ലാം തരം തിരിച്ച് ഒരു പടുതി ആവുമ്പം യേതെങ്കിലും ഒരു വഹുപ്പ് നമ്മക്കും വായിക്കാന്‍ പറ്റിയത് കാണുമല്ല് അല്ലേ? അങ്ങനെ എന്തരെങ്കിലും ഒണ്ടായാ വരാം ബൂലോഗപ്രത്യേക വിഭാഗത്തില്‍ - ബ്രേക്ക് കേ ബാദ് :(

അചിന്ത്യ said...

അദൃശ്യമായി വിദൂരങ്ങളിലിരുന്ന്, കൈ നനയാതെ കളി നിയന്ത്രിക്കുന്നവര്‍...
മോനേ ദീല്‍ബൂട്ടാ , ഉം...നന്നായിണ്ടെട്ടാ

...പാപ്പരാസി... said...

നന്നായി ദേവേട്ടാ,
ഇത്രെം കാര്യങ്ങള്‍ ഇതിനകത്ത്‌ ഉണ്ടെന്ന് ഇപ്പളാ മനസ്സിലായത്‌.ഞാനിപ്പോ ഏത്‌ കാറ്റഗറിയില്‍ വരുമെന്നൊരു ഗണ്‍ഫ്വൂഷന്‍,എവടെലും വരുമല്ലോ അല്ലേ!വിശദീകരിച്ച രീതി അഭിനന്ദാര്‍ഹം..

നിര്‍മ്മല said...

രണ്ടെണ്ണം എന്റെ വക:
കണക്കെഴുത്തുകാര്‍: എന്തു കണ്ടാലും കോളം തിരിച്ച് കണക്കെഴുതി പട്ടികയാക്കി കൊട്ടയിലാക്കും. ഒരു ഗ്രാഫും കൂടി വേണ്ടിയിരുന്നു. ഹോ! ഈ സി.എ.ക്കാരുടെ അടുത്തുകൂടി പോകാന് പേടിയാണു.
കലുങ്കര്‍: നാടിനും വീടിനും ഉപകാരമുള്ളതൊന്നും ചെയ്യാതെ വെറുതെ കലുങ്കിലിരുന്ന് കമന്റടിയും ഇടക്കൊരു ആഭാസച്ചിരിയും.ആരെങ്കിലുമൊന്നു തിരിഞ്ഞു നോക്കിയാല്‍ നിര്‍വ്രതി... ബ്ലോഗില്‍ പതിവായി പോസ്റ്റിംഗ് ഇല്ലെങ്കിലും കമന്റെടീക്കാനുള്ള അവസരം കളയില്ല. :)
ആഹാസുഖം... എന്റെ ഈ ക-ലിങ്കോളം സുഖം വേറെ എവിടെ!!
(ചേട്ടന്മാരെ വിട്ട് തല്ലിക്കല്ലെ ദേവരാഗീ.... /\)

മൈഥിലി said...

ദേവേട്ടാ
എന്നെ പോലെയുള്ള പാവങ്ങള്‍ ഏതില്‍ പെടും? ഒന്നിലും പെടില്ലെന്നു പറഞ്ഞ് പുറത്താക്കല്ലെ .ഞാന്‍ കരയുംട്ടാ.

Kumar Neelakandan © (Kumar NM) said...

ദേവാ നല്ല ലേഖനം. നല്ല ചിന്ത.
ദേവപഥം ഇതുപോലെ ചില യാത്രകളിലൂടെയാണ് ഒരു വേറിട്ട പഥമാകുന്നത്.
ദേവരാഗം ഇതുപോലെയുള്ള സ്വരസ്ഥാനങ്ങളിലൂടെയാണ് ഇമ്പമേറുന്നത്.

ഇതൊരു പരിഷത്ത് പോസ്റ്റാണ്. :)

കെവിൻ & സിജി said...

ദേവാധിദേവാ, ഒരൂട്ടരെ വിട്ടുപോയി. കിടപ്പറപോസ്റ്റുകാരെ.

മഹാവിഷ്ണു:Mahavishnu said...

വളിപ്പായല്ലോ ദേവാ.
കാര്യങ്ങള്‍ തങ്കള്‍ക്ക്‌ അറിയാം. പക്ഷേ പറയുംബോള്‍ കൂട്ടായ്മ ചങ്കില്‍കിടന്ന് ഇക്കിളിപ്പെടുത്തുന്നതിനാല്‍ പൊസ്റ്റിന്റെ മുന ഒടിഞ്ഞുപൊയിരിക്കുന്നു.

അലിഫ് /alif said...

ഇതും കൊള്ളാട്ടോ മാഷേ..പോസ്റ്റുകളുടെ കാറ്റഗറികള്‍. ഒന്ന് രണ്ടണ്ണം വിട്ടുപോയോന്നൊരു ഡൌട്ട്. പേന്‍ നോട്ട പരദൂഷണ പോസ്റ്റുകളും പൊങ്ങച്ചക്ലബ്ബ് പോസ്റ്റുകളും. അല്ല, അതൊക്കെ ഇവിടെ പറഞ്ഞിരിക്കുന്നതിന്‍റെ വകഭേദങ്ങളാക്കാവുന്നതേയുള്ളൂ എന്നും തോന്നുന്നു.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ.. അവതരിപ്പിച്ച രീതി ഇഷ്ടായി. ഞാനിതിലേതില്‍പ്പെടും എന്ന് എനിക്കുമനസ്സിലായി.

ഏറനാടന്‍ said...

ദേവഗുരുജീ...

കൂലംകഷമായിട്ട്‌ ഇരുന്ന്‌ (കലുങ്കിലോ ചാരായഷാപ്പിലോ അല്ല) ആലോയ്‌ചപ്പോള്‍ ഞാനിതില്‍ പലതിലും പെടുമെന്ന് മനസ്സിലായ്‌..

ദേവേട്ടനിപ്പോള്‍ ഏഷ്യാനെറ്റിലെ 'മുന്‍ഷി' ആയപോലെ!

Unknown said...

‘പോസ്റ്റുകളെ തിരിച്ചറിയല്‍ മാത്രമേ ഈ അദ്ധ്യായത്തില്‍ ലക്ഷ്യമാക്കിയുള്ളു. ‘

പോസ്റ്റുകളെ തിരിച്ചറിഞ്ഞാല്‍ പിന്നെ അതിനു പിന്നിലെ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും പ്രയാസമുണ്ടാകില്ല.ക്രമേണ അതിനെ അടിസ്ഥാനമാക്കി ചെറു കൂട്ടായ്മകള്‍ സ്വയം രൂപപ്പെട്ടോളും.

ഇതും നന്നായിട്ടുണ്ട്.അടുത്തതിനായി കാത്തിരിക്കുന്നു.;)

Kuzhur Wilson said...

ബ്ലോഗര്‍മാരെ കണ്ണാടി നോക്കിച്ചേ അടങ്ങൂ അല്ലേ ദേവേട്ടാ. ഞാനും നോക്കി കണ്ണാടിയില്‍. അപകര്‍ഷതാ ബോധം ഇരട്ടിച്ചു.

ഉടഞ്ഞ കണ്ണാടിയിലേതു പോല്‍ ചിതറിക്കിടക്കുക്കയാണു