Sunday, May 17, 2009

ഇടതിന്റെ പരിപൂര്‍ണ്ണ പരാജയം

അങ്ങനെ തെരഞ്ഞെടുപ്പ് ഫലം ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം അറിഞ്ഞു. ജനവികാരം ഇത്തവണ ഇടതുപക്ഷത്തിനെതിരാണെന്ന് വ്യക്തമാണ്‌. മാതൃകാ ജനനേതാക്കളായ സുരേഷ് കുറുപ്പ്, പി രാജേന്ദ്രന്‍ എന്നിവര്‍ പോലും ജയിക്കാതിരുന്നതും ജനപ്രതിനിധി എന്ന് കണക്കാനാവാത്ത ശശി തരൂരിന്റെയും എങ്ങും രക്ഷപെടാത്താ ഷാനവാസിന്റെയും വിജയവും പാര്‍ട്ടിതലത്തില്‍ എല്‍ ഡി എഫിനോട് വിയോജിക്കുന്ന ജനവികാരത്തെത്തന്നെയാണ്‌ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി അധികാരത്തിലെത്തിയില്ല എന്നതൊഴിച്ചാല്‍ ഇടതുപക്ഷത്തിനു ആശ്വസിക്കാവുന്നതൊന്നും തിരഞ്ഞെടുപ്പു ഫലത്തില്‍ കാണുന്നില്ല.

അഖിലേന്ത്യാതലത്തിലെ വന്‍ തിരിച്ചടി കേരളവും വെസ്റ്റ് ബംഗാളും എന്ന നിലയില്‍ രണ്ടായി തിരിച്ചു കാണേണ്ടിയിരിക്കുന്നു. കേരളത്തില്‍ അച്യുതാനന്ദന്‍ നയിക്കുന്ന നിയമസഭയ്ക്ക് നിരവധി നേട്ടങ്ങള്‍ കൈവശമുള്ളതിനാല്‍ സംസ്ഥാനഭരണം ജനവികാരത്തിനെ മാറ്റാന്‍ പോന്ന ഒന്നെന്ന് കരുത വയ്യ.

മാദ്ധ്യമങ്ങള്‍ നിറുത്താതെ കൊണ്ടാടിയ മദനിയുടെ പിന്‍‌തുണ ഇടതുപക്ഷത്തിന്റെ മതങ്ങളോടുള്ള ആഭിമുഖ്യമില്ലായ്മ എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്പ്പിച്ചുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാന്തപുരം തുടങ്ങിയ മതനേതാക്കളോട് വോട്ടഭ്യര്‍ത്ഥിച്ചത് വ്യക്തിതലത്തില്‍ എനിക്ക് വിയോജിപ്പുള്ള കാര്യമായിരുന്നു. പള്ളികളും അമ്പലങ്ങളും ഇടതിനു വേണ്ടി ഇടയലേഖങ്ങള്‍ ഇറക്കുന്ന ഒരു നാളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നല്ലതിനല്ല. അങ്ങനെ സംഭവിക്കുമെന്നും ഞാന്‍ കരുതുന്നില്ല.

ഒരു ആന്റി ബീജെപി വികാരമാണ്‌ വലതിനനുകൂലമായ സ്ഥിതി ഉണ്ടാക്കിയതെന്ന് കേരളത്തിലും ബംഗാളിലും കരുത വയ്യ.

പിണറായിയും അച്യുതാനന്ദനും തമ്മില്‍ പരസ്യമായി അഭിപ്രായവത്യാസമുണ്ടെന്ന് എന്നും കൊട്ടിഘോഷിക്കാന്‍ മാത്രം വകുപ്പ് ഇവര്‍ തമ്മില്‍ ഉണ്ടാകുന്നത് വലിയൊരളവ് ദോഷം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയെന്നാല്‍ പിണറായിയോ അച്യുതാനന്ദനോ അല്ല. പലപ്പോഴും പിണറായി ഘടകകക്ഷികള്‍ എടുക്കേണ്ട തീരുമാനം പോലും വ്യക്തിതലത്തില്‍ എടുത്തിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

ജനപ്രിയ നേതാക്കളില്‍ ഒരാളായ സെബാസ്റ്റ്യന്‍ പോളിനു പകരം നില്‍ക്കാന്‍ (അദ്ദേഹം അനുപേക്ഷണീയനൊന്നുമല്ല തീര്ച്ചയായും) സിന്ധുജോയി പോരുമെന്ന് എനിക്കു തോന്നുന്നില്ല.


ഒരു നേതാവ് എന്ന നിലയില്‍ കാരാട്ടിന്റെ പ്രകടനം ഒട്ടും തൃപ്തികരമോ ഫലപ്രദമോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് വേളയില്‍ പ്രത്യേകിച്ചും. യെച്ചൂരിയുടെ അലേര്‍ട്ട്‌നെസ്സും സെന്‍സിറ്റീവിറ്റിയും കാരാട്ടില്‍ കാണുന്നില്ല.

പ്രകടനപത്രിക പോലും അതീവഗുരുതരമായ പലതും മിസ്സ് ചെയ്തുപോയ നിലയിലാണ്‌ കണ്ടത്.

എന്നും വളര്‍ന്നാല്‍ റോസ പുഷ്പിക്കില്ല. അതിനു പ്രൂണിങ്ങ് വേണം. ഒരടിയും കിട്ടാതെ വളര്‍ന്നാല്‍ കുട്ടി വാളിയായിപ്പോകും. മുറിച്ച തണ്ടില്‍ നിന്നും കിട്ടിയ പ്രഹരത്തില്‍ നിന്നും പഠിക്കേണ്ടതുണ്ട്, ജനപക്ഷത്തു നില്‍ക്കുന്നവര്‍ എന്നും മാറേണ്ടതുണ്ട്. പതിമ്മൂന്ന് ആണവനിലയങ്ങള്‍ കേരളത്തിലാണെന്ന് ഇന്ന് ഫോര്‍‌വേര്‍ഡഡ് മെയില്‍ കിട്ടി, സത്യമാണോ എന്നറിയില്ല. ഇതെല്ലാം ഒരു പാര്‍ട്ടിയുടെ നിസ്സാര പിഴവുകള്‍ക്ക് ഒന്നുമറിയാത്ത സാധാരണക്കാരന്‍ അടയ്ക്കേണ്ട പിഴ എന്നരീതിയില്‍ കാണാനാണ്‌ ഞാനാഗ്രഹിക്കുന്നത്, വോട്ടു ചെയ്ത് ജയിപ്പിച്ച ജനം അതിന്റെ ഫലവും അനുഭവിക്കും എന്ന രീതിയിലല്ല. അങ്ങനെ കാണാന്‍ കഴിയുമെങ്കില്‍ ഒരു തരം രാഷ്ട്രീയ പ്രചരണത്തിനും പ്രസക്തിയില്ലല്ലോ.

(സമയക്കുറവ് മൂലം ദീര്‍ഘമായ പോസ്റ്റുകള്‍ എഴുതാന്‍ കഴിയുന്നില്ല. ശക്തമായ പുന:പരിശോധന അത്യാവശ്യമെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്‌ കൃത്യത കുറവുള്ള ഈ ചെറു കുറിപ്പ്)

15 comments:

അനില്‍ശ്രീ... said...

ഈ എഴുതിയത് തന്നെയാണ് ഞാന്‍ മറ്റൊരു രീതിയില്‍ ഇന്നലെ എഴുതിയത് . അടിസ്ഥാന കാരണങ്ങള്‍ മാത്രം. അതു തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണങ്ങള്‍ എന്നെനിക്ക് തോന്നുന്നു. പാര്‍ട്ടി എടുത്ത തീരമാനങ്ങള്‍ ജന വികാരത്തെ മാനിക്കാതെ എടൂത്തവയായി പോയി എന്ന് ചുരുക്കം.

ഇടിമുഴക്കം said...

വളരെ കൃത്യമായ വിലയിരുത്തൽ ദേവൻ

എല്ലാ ഇടതുപക്ഷ പ്രവർത്തകരും വളരെ പക്വതയോടെ തന്നെ ജനഹിതത്തെ ഉൾക്കൊള്ളുന്നുണ്ട്. ഈ തോൽ‌വിയിൽ നിന്ന്നും ഒരുപാട് പാഠങ്ങൾ പാർട്ടിയും വർഗ്ഗ ബഹുജന സംഘടനകളും പഠിക്കും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം. തെറ്റുകൾ തിരുത്തി ഒരു ഫിനിക്സ് പക്ഷിയെ പോലെ വീണ്ടും ഈ സംഘടന ജ്വലിച്ചുയരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

ഇതിനു സമാനമായ ഒരു പോസ്റ്റ് ഇട്ടിരുന്നു

Suraj said...

ആന്റപ്പനും ചാണ്ടിച്ചനും ജിം കളിച്ചും ജനത്തിനു വേണ്ടി അതിവേഗം ബഹുദൂരം ഓടിക്ഷീണിച്ചുമാണല്ലോ 2004-ഉം 2006-ഉം ഉണ്ടാക്കിത്തന്നത്.

അതോണ്ട് നോ ടെന്‍ഷന്‍... അടുത്ത അഞ്ചുകൊല്ലം കൊണ്ട് ഈ “വികാരം” മാറ്റിയെടുക്കാവുന്നതേയുള്ളൂ :) സര്‍ദാറും ഗാന്ധിയമ്മച്ചിയും ചിദംബരം ചെട്ട്യാരും സഹായിക്കും... ഡോണ്ട് വറി!

ഇടിമുഴക്കം said...

സൂരജേ

ചെട്ട്യാരെ കുറിച്ച് ഒരക്ഷരം മിണ്ടരുത്

ആദ്യം എണ്ണിയപ്പോൾ തോറ്റ പി സി,റീ കൌണ്ടിങിലൂടെ ജയിച്ചു. റീ കൌണ്ട്റ്റിങ് സമയമാകുമ്പോഴേക്കും ദേശീയ ചിത്രം വ്യക്തമായിരുന്നു. മൂപ്പർക്ക് എതിരായി മത്സരിച്ചവരൂം,പോളിങ് ഏജെന്റുമാരും,ത്തെരഞ്ഞെടുപ്പ് ഉദ്ധ്യോഗസ്ഥരുമൊക്കെ കോടീശ്വരന്മാരായി മാറി എന്നാണ് ശിവഗംഗയിൽ നിന്നുള്ള റിപ്പോർട്ട്റ്റ്

ചാർ‌വാകൻ‌ said...

ബാബുമാഷേ,നിങ്ങള്‍ നളിനിജമീലയേ തീര്‍ച്ചയായും പരിചയപെടണം ​.
മൂന്നാം ക്ളാസ്സുവരേ മാത്രം പഠിച്ചിട്ടുള്ള,അവരുടെ സാമൂഹ്യബോധം കണ്ടു
ഞെട്ടിയവനാണു ഞാന്‍.ഇപ്പോ എഴുത്തുകുത്തുമായി,കന്യാകുമാരി ജില്ലയില്‍.

അരവിന്ദ് :: aravind said...

ഈ തോല്‍‌വി പിണറായി വിദ്വേഷം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല.
സംസ്ഥാനത്തിലെ ഭരണത്തിന്റെ വിലയിരുത്തല്‍ ആണെന്നും കരുതുന്നില്ല. വലിയ തരക്കേടില്ലാത്ത ഭരണമാണ് എന്നാണ് കോണ്‍ഗ്രസ്സായ എനിക്കു പോലും തോന്നുന്നത്.
പിന്നെന്താ?
18-1 നോ മറ്റോ ജയിപ്പിച്ചു വിട്ടിട്ട് ആ എം പി കള്‍ എന്തു ചെയ്തു എന്നു നോക്കണം? കാര്യമായി ഒന്നും ചെയ്തുമില്ല, അവസാനം ആണവകരാറും പറഞ്ഞ് മാറി നിന്നു.
ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ വിലയേറിയ വോട്ടുകള്‍ അമേരിക്കക്കും ഇസ്രായേലിനും പോളണ്ടിനും എതിരെ ഉപയോഗിക്കണം എന്നൊക്കെയുള്ള കാരാട്ട് സ്റ്റൈല്‍ അപ്പാടെ ചീറ്റി.
who cares അമേരിക്കയില്‍ നിന്നോ ഇസ്രായേലില്‍ നിന്നോ നാട്ടുകാര്‍ക്ക് ബിസിനസ്സ് വന്നു ജോലി കിട്ടിയാല്‍ ഒരു പുളിയുമില്ല. നമുക്ക് ആത്മാഭിമാനം പുഴുങ്ങി തിന്നാല്‍ മതിയോ? കാശും പണിയും ബാങ്ക് ബാലന്‍സും ഉള്ളവര്‍ക്ക് ആത്മാഭിമാനവും പരമാധികാരവും പറഞ്ഞിരിക്കാം. ഒരു നശിച്ച ഭാരതത്തിന്റെ അണുബോംബ് പൊട്ടിക്കാനുള്ള പരമാധികാരം! തുറസ്സിലിരുന്നു തൂറാന്‍ ഒരാത്മാഭിമാനക്കുറവുമില്ല.

ഈ പരാജയം നൂറ് ശതമാനം കാരാട്ട് എന്ന സഖാവിന്റെ ഫയിലിയരാണ്. ഒന്നിനും കൊള്ളാത്ത കുരേ ഇഷ്യൂസും സ്ട്റാറ്റെജിയുമായിരുന്നു മൂപ്പര്‍ക്ക്. അങ്ങേരെ മാറ്റിയില്ലെങ്കില്‍ അടുത്ത പ്രാവശ്യവും എട്ടു നിലയില്‍ പൊട്ടും. :-)

എങ്കിലും സുരേഷ് കുറുപ്പ് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല-തോല്‍‌ക്കരുതായിരുന്നു.
ഷാനവാസ് ജയിച്ചതും ഞെട്ടിച്ചു. ഒരിക്കലും ജയിക്കരുതായിരുന്നു. ബാക്കി എല്ലാം പ്രതീക്ഷിച്ചതു തന്നെ. നാലു സീറ്റ് കൂടിപ്പോയി എന്നൊരു സങ്കടം-മൂന്നാ പ്രതീക്ഷിച്ചേ. :-)

But anyway; well tried mates..better luck next time.

Kumar Neelakantan © (Kumar NM) said...

തിരക്കിട്ടെഴുത്തിന്റെ ഒരു അപൂര്‍ണ്ണതയുണ്ടെങ്കിലും പരാജയം ചര്‍ച്ചചെയ്യപ്പെടാനുള്ള ഒരു വേദി എന്ന നിലയില്‍ നല്ല ലേഖനം.

ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, (പാര്‍ട്ടിക്കല്ല, നേതാക്കള്‍ക്ക്. പാവം പാര്‍ട്ടി) പ്രത്യേകിച്ചും കേരളത്തില്‍ എന്ന് തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ തോന്നിയിരുന്നു. ഇലക്ഷന്‍ അടുക്കും തോറും പിണറായി വിജയന്‍ എന്ന നേതാവ് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച മുന്നണി തീരുമാനങ്ങള്‍ ഇലക്ഷന്‍ അടുത്തെത്തിയ കാലത്തും ഉണ്ടായത് ജനത്തിനെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ ദൂരത്തേക്ക് അകറ്റുകയാണ് ചെയ്തത്.

പണ്ടൊക്കെ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും പോളിംഗ് ബൂത്തുകള്‍ അകലെ അല്ലാതാവുന്ന കാലത്ത് ഇടതുകാര്‍ ഒന്നിച്ചു, ബാലറ്റു പേപ്പറില്‍ അരിവാളുകാണുമ്പോള്‍ മറ്റെല്ലാം മറന്നുപോകുന്ന ഒരു സ്പിരിറ്റ് ബാക്കി കിടന്നിരുന്നു. ആ സ്പിരിറ്റിനെ തല്ലിക്കെടുത്തുന്നതായിരുന്നു ഇന്ന് ഇലക്ഷന്‍ കാലങ്ങളില്‍ സീ പി എം കാണിച്ച പ്രവൃത്തികള്‍. പീ ഡി പി ബന്ധവും സി പി ഐ / ജനതാ ദള്‍ എന്നിവരെ തെറ്റിച്ചതും ഒക്കെ ഇതുമായി ചേര്‍ത്തുവായിക്കാം.

ഇതൊക്കെ ആക്റ്റീവാക്കി നിര്‍ത്തുമ്പോള്‍ പിണറായി വിജയന്‍ ഒളിപ്പിച്ചുവച്ചത് ഒരു വലിയ ലാവ്‌ലിന്‍ ആയിരുന്നു, ഒരു അന്വേഷണത്തെ പോലും ഭയക്കുന്ന ലാവ്‌ലിന്‍.
(തെറ്റു ചെയ്തില്ലെങ്കില്‍ എന്തിനു അന്വേഷണത്തെ ഭയക്കുന്നു, എന്നു കേരളം മുഴുവന്‍ ചോദിച്ചിട്ടും മന്ത്രിസഭയ്ക്കും പാര്‍ട്ടിക്കും മാത്രം മനസിലാകാതെ വന്നത് എന്തുകൊണ്ടാണെന്നു മനസിലായില്ല)

തെരഞ്ഞെടുപ്പില്‍ ഇത്രയില്ലെങ്കിലും സംഭവിക്കാമായിരുന്ന പരാജയത്തിന്റെ കാരണം, ലാവ്‌ലിന്‍ അന്വേഷണവും ബന്ധപ്പെട്ട മറ്റു പലതും ആവാതിരിക്കാന്‍ അറിഞ്ഞുകൊണ്ടുതന്നെ ഒന്നു തീരുമ്പോള്‍ മറ്റൊന്നായി ആക്ടീവായി സൂക്ഷിക്കാന്‍ നേതൃത്വം (?) ശ്രദ്ധിച്ചു.

ഇതു പബ്ലിക് ആയ വിഷയം ആയതുകൊണ്ട് ജനം അറിഞ്ഞു, തിരിച്ചറിഞ്ഞു.

പ്രകാശ് കാരാട്ടിന്റെ നയങ്ങളിലെ എതിര്‍പ്പും ചില വ്യക്തിപരമായ സപ്പോര്‍ട്ടുകളും പിഴവിലേക്ക് ഒരുപാട് നയിച്ചു. യെച്ചൂരിയുടെ പ്രസക്തി ഇവിടെയാണ്.

നമുക്ക് ഒന്നു തിരിച്ചറിയാം.
ഇതൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ തരംഗമല്ല, കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ (അവരുടെ രീതികള്‍ക്കെതിരെ) ഉള്ള തരംഗമാണ്.
അത് തിരിച്ചറിയാനും തിരുത്താനും അവര്‍ തയ്യാറായെങ്കില്‍! ഇതുപോലുള്ള ചര്‍ച്ചകള്‍ നാനാതുരുത്തിലും അതിനു വഴിവച്ചെങ്കില്‍.

പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഷോക്ക് ട്രീറ്റ് ആയപ്പോള്‍ വിഷമം തോന്നി.
ഒരു യൌവ്വനം മുഴുവന്‍ ആവേശത്തോടെ ഈ പാര്‍ട്ടിക്കുവേണ്ടി മുഷ്ടിയുയര്‍ത്തി വിളിച്ചതുകൊണ്ടും, ഒരുപാടു സ്വപ്നങ്ങള്‍ കണ്ടതുകൊണ്ടും, ഇന്നും അവയൊക്കെ ഉള്ളിലുള്ളതുകൊണ്ടും വിഷമിക്കാനുള്ള അവകാശവുമുണ്ട്.

Murali said...

ഈ കനത്ത പരാജയം പിണറായിയുടെ അഹന്തക്കും, അഴിമതിക്കും, ധിക്കാരത്തിനും, വര്‍ഗീയ പ്രീണനത്തിനും കിട്ടിയ തിരിച്ചടിയാണ്. ഇത് പിണറായിയുടെ പരാജയമാണ്, പിണറായിയുടെ മാത്രം. ഇനിയെങ്കിലും പിണറായിയും പിണിയാളുകളും മനസ്സിലാക്കട്ടെ, ഇവിടെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ടെന്നും, അവരാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നും, അവര്‍ക്ക് നിങ്ങളുടെ കൂട്ടിക്കിഴിക്കലുകളിലും അടവുനയങ്ങളിലും തീരെ താത്പര്യമില്ലെന്നും, അവര്‍ മനസ്സിരുത്തിയാല്‍ നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും.

Inji Pennu said...

പിണറായിയും മദനിയും പശ്ചിമ ബംഗാളിൽ ഉണ്ടായിരുന്നില്ലല്ലോ? ഇവിടെ ഈ കുറിപ്പിൽ എഴുതിയിരിക്കുന്നതു കണ്ടാൽ മാധ്യമങ്ങൾ മദനിയേയും പാർട്ടിയിലെ പോരിനേയും ആവശ്യമില്ലാതെ ആഘോഷിച്ച മട്ടാണല്ലോ! ആ അനാലിസിസ് ഗംഭീരം. കമ്മ്യൂണിസ്റ്റ് വിരുദ്ധർ എന്നും കൂടി പറഞ്ഞാൽ എല്ലാം തികയും. കാണിച്ച വൃത്തികേടുകൾക്ക് കിട്ടിയ തിരിച്ചടിയാണ് എന്ന സിമ്പിൾ കാര്യത്തിനു മാധ്യമങ്ങൾ ആഘോഷിച്ചത്രേ.

കുറേ നാളായി ഗാന്ധിയമ്മച്ചി ഇപ്പൊ പൊട്ടും പൊട്ടും എന്ന് കുറച്ചധികം പേരു ബി.ജെ.പി ഉൾപ്പെടെ കിനാവ് കാണണ്, ഒന്നും നടക്കണില്ലല്ല് മാഷുമാരെ. 60 സീറ്റ് ഏതോ ശങ്ക്രാന്തിക്ക് ഇടതുപക്ഷത്തിനു ഒരിക്കൽ കിട്ടിയെന്ന് കരുതി അത് എല്ലായ്പ്പോഴും കിട്ടും എന്നൊക്കെ അങ്ങട് അഹങ്കരിക്കണമെങ്കിൽ പ്രകാശ് കാരാട്ടോ പിണറായിയോ ആയി ജനിക്കണം.

ഇടതുപക്ഷത്തിന്റെ പ്രസക്തി പുതിയ തലമുറയിൽ കുറയുന്നത് എന്തുകൊണ്ടെന്ന് ഒന്ന് ആലോചിച്ചാൽ മതി, പലതും തെളിയും.
ജനങ്ങളെ വഞ്ചിച്ചാൽ എല്ലാവർക്കും ഇതൊക്കെ തന്നെ കിട്ടും. അത് മൂടിവെക്കാൻ ജയലളിതയെ തോൽ‌പ്പിക്കുന്ന നവകേരള യാത്രയും അടിമകരാർ എന്നൊക്കെ ഉമ്മാക്കിയും കാണിച്ചാൽ ജനം ഞൊട്ടും. ഇത് എല്ലാവർക്കും ബാധകമാണ്. നാളെ കോൺ‌ഗ്രസ്സിനും ബിജെപിക്കും മാർക്സിസ്റ്റുകാർക്കും! വെരി സിമ്പിൾ!

അതെ അതെ ഭയങ്കര പക്വതപരമായ സമീപനമാണ് വടകരയും കണ്ണൂരും കോഴിക്കോടും തോൽ‌വിക്ക് ശേഷം കാണിച്ചു കൂട്ടിയത്.

മാനവീയം said...

ഇറ്റാലിയൻ അമ്മച്ചിയുടെ മൂടു താങ്ങാൻ ഗൂഗിളീയനമ്മച്ചി കാണിക്കുന്ന അമിതാവേശം അടിമ മനോഭാവത്തിന്റെ ഉത്തമ ലക്ഷണമാണ്.കാണുന്നിടത്തൊക്കെ ചെന്ന് ഇടതുപക്ഷത്തെ തെറി വിളിച്ച് ആത്മസായൂജ്യമടയൂകയുന്ന ഈ വർഗ്ഗങ്ങൾ ഈ ജന്മത്തിനിടെ ഇന്നേ വരെ വോട്ട് ചെയ്തു കാണാൻ വഴി ഇല്ല(അറ്റ് ലീസ്റ്റ് ശശി തരൂരിനെ പോലെ,ജീവിതത്തിൽ ആദ്യമായി ചെയ്ത വോട്ട് അവനവനു വേണ്ടി തന്നെ).കുറച്ചു കാലം ഉണ്ടാകൂം ഈ പുലഭ്യം വിളി. പിന്നെ ഒരു തെരഞ്ഞ്ഞെടുപ്പ് വന്ന് കോൺഗ്രസ്സ് തോറ്റാൽ പിന്നെ കുറേക്കാലം മിണ്ടാതിരിക്കും.

Sureshkumar Punjhayil said...

:)

അഗ്രജന്‍ said...

മാരീചന്റെ പോസ്റ്റ് വായിച്ച കെട്ടിറങ്ങാൻ സഹായിച്ചു ഈ പോസ്റ്റ്... നല്ല വിലയിരുത്തൽ ദേവേട്ടാ...

namath said...

കൃത്യതയോടു പോയി പണി നോക്കാന്‍ പറ. യൂ റൈറ്റ് വാട്ട് യൂ ലൈക്! വേണ്ടോരു വായിച്ചോളും!
മാരീചരുടെ പോസ്റ്റു വായിച്ചു ഞെട്ടിയിരിക്കുകയായിരുന്നു. മാര്‍ക്സ് സഹായിച്ചു പോസ്റ്റ് ഒപ്ഷന്‍ ഓപ്പണ്‍ ആണവിടെ. അതു തന്നെ സന്തോഷം! ക്ലൂ തരാം. മെമ്പറല്ലാത്തവനോ വലതനല്ലാത്തവനോ ആയ ആരെ വിളിച്ചു ചോദിച്ചാലും കൂടുതല്‍ വ്യക്തമായ ഉത്തരം ലഭിക്കും. കാരണം അവര്‍ക്കാണ് ഗണിതപ്രസക്തി! പോസ്റ്റിന്‍റെ ഹേതുവായ തുറന്ന മനസ്സിനു നന്ദി! അഭിവാദ്യങ്ങള്‍!

simy nazareth said...

ലാവ്ലിനെ മറന്നുകൊണ്ട് കേരളത്തിലെ പരാജയത്തിന് ഒരു വിശകലനവും നടത്തരുതായിരുന്നു.

ജനാധിപത്യത്തില്‍ ജുഡീഷ്യറി, ക്രമസമാധാനം, ഭരണം എന്നിവയ്ക്ക് ഒരേപോലെ പ്രാധാന്യമുണ്ട്. ജുഡീഷ്യറിയും ഭരണവുമായി ഒരു ഏറ്റുമുട്ടലിന്റെ പാതയാണ് ഇടതുപക്ഷം സ്വീകരിച്ച്ത്. പിണറായി കുറ്റക്കാരനാണോ അല്ലയോ എന്നതിരിക്കട്ടെ - അന്വേഷണത്തിന്റെ ന്യായമായ വഴികളെ എതിര്‍ക്കാന്‍ കാണിച്ച അസഹിഷ്ണുതയും അട്ടിമറിക്കാന്‍ പാര്‍ട്ടി (എ.ജി. ഉള്‍പ്പെടേ) നടത്തിയ ശ്രമങ്ങളും ഹീനമാണ്. ഇത് പാര്‍ട്ടിക്കാര്‍ക്ക് കാണാന്‍ പറ്റുന്നില്ലെങ്കിലും ജനങ്ങള്‍ക്ക് കാണാന്‍ പറ്റി.

ക്രമസമാധാനം പാര്‍ട്ടിയുടെ കൈകളിലാണെന്നതിന് മന്ത്രിപുത്രന്മാരെ അഴിച്ചുവിട്ടിരിക്കുന്നതു മാത്രം കണ്ടാല്‍ മതി. പല കേസുകളിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുകയും അവിടെയൊക്കെ രാഷ്ട്രീയ പിന്തുണയുള്ളവര്‍ തലയൂരിപ്പോവുകയും ചെയ്തു. (ഇത് ഇടതുവലതു ഭേദമന്യേ എല്ലാ ഭരണത്തിലും നടക്കുന്നതാണ് - പക്ഷേ ഇത്തവണ മാധ്യമങ്ങള്‍ ശരിക്കും ഇത് ആഘോഷിച്ചു. ടോട്ടല്‍ ഫോര്‍ യൂ / സന്തോഷ് മാധവന്‍ / ഒരുപാട് ഉദാഹരണങ്ങള്‍. കൊടിയെരിയെ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്നും മാറ്റിയെങ്കില്‍ തന്നെ രണ്ടുസീറ്റെങ്കിലും കൂടുതല്‍ ജയിച്ചേനെ).

ജനാധിപത്യവും ഇടതുപക്ഷവുമായി മറ്റുരാജ്യങ്ങളില്‍ ചേര്‍ന്നുപോവാറില്ല. ഇവയെ വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് ഇ.എം.എസ് നടത്തിയത്. ഇന്ന് ഈ സം‌വിധാനങ്ങളോടുള്ള വെല്ലുവിളികളെ ജനങ്ങള്‍ എതിര്‍ത്തത് കാണാതെ പോവരുത്.

മൂന്നാം മുന്നണി എന്ന ദിവാസ്വപ്നത്തിന്റെ സാധുതയും ജനങ്ങള്‍ അംഗീകരിച്ചില്ല. സ്വന്തം പാര്‍ട്ടികളുടെ താല്പര്യങ്ങളല്ലാതെ വ്യക്തമായ നയമോ നേതൃത്വമോ സമന്വയമോ ഇല്ലാത്ത പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഒന്നിച്ചുചേര്‍ന്നു കണ്ട ദിവാസ്വപ്നം ജനങ്ങളും കണ്ടില്ല. അവരുടെ സര്‍ക്കസ് ജനങ്ങള്‍ വിശ്വസിച്ചുമില്ല.

കാരാട്ട് എന്ന വ്യക്തി തന്നെ ഒരു പരാജയകാരണമാണ്. ഒരു അക്കാഡമിക്ക് ആയ കാരാട്ട് ഒരിക്കലും ഒരു ജനനേതാവായിരുന്നില്ല.

ദേവേട്ടാ, നിങ്ങളുടെ വിശകലനം ഉപരിപ്ലവമായിപ്പോയി.

ബംഗാളിലെ പരാജയത്തിന്റെ കാരണങ്ങളും വ്യത്യസ്തമല്ല.

ഓടോ. 1: കേരളത്തില്‍ 13 ആണവ നിലയങ്ങള്‍ എന്നതൊക്കെ ഉമ്മാക്കികാട്ടി പേടിപ്പിക്കലാണ്. കേരളത്തിന്റെ മൊത്തം ഊര്‍ജ്ജ ആവശ്യത്തിന് ഒരു 1600 MW പോതും.

ഓടോ. 2: ഇവിടെ കമന്റുകളില്‍ കാണുന്ന ചിദംബരം ചെട്ട്യര്‍ എന്നൊക്കെ വിളിച്ചുള്ള ജാതി പറഞ്ഞുള്ള കളികള്‍ വൃത്തികേടാണ്. വെറുതേ ജാതിവിഷം ചീറ്റരുത്. ഇതു പറയുന്ന സൂരജിനെ സൂരജ് നായര്‍ എന്നോ സൂരജ് പുലയന്‍ എന്നോ അല്ലല്ലോ മറ്റുള്ളവര്‍ അഭിസംബോധന ചെയ്യുന്നത്.

Anonymous said...

ചെറുതെങ്കിലും തുറന്ന സമീപനം.പാതി അടഞ കണ്ണുകളുമായി (അതോ കണ്ണടച്ചിരുട്ടാക്കുന്നതോ),ഇപ്പൊഴെങ്കിലും ഈ വിഷയത്തെ ആരും സമീപിക്കാതിരുന്നെങ്കില്‍ !!