Tuesday, March 11, 2008

പോസ്റ്റ് നമ്പ്ര മുന്നൂറ്റി നാല്‌

ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഒരു രസത്തിന്‌ ഇതുവരെ എത്ര പോസ്റ്റിയെന്ന് എണ്ണി നോക്കി. മുന്നൂറ്റി മൂന്നെന്ന് കാണുന്നു. ബ്ലോഗ് തിരിച്ചുള്ള പട്ടിക ഇങ്ങനെ
ആയുരാരോഗ്യം- 31
ദേവദത്തന്‍- 17
എന്റെ ചിത്രങ്ങള്‍-58
കമന്ററ-29
ദേവപഥം-25
കൂമന്‍പള്ളി-37
ദേവരാഗം-54
വിദ്യ-12
കൊല്ലം- 8
സമകാലികം- 11
നളപാചകം- 1
ബൂലോഗ ക്ലബ്-3
വിവാഹിതര്‍- 4
യൂ ഏ ഈ ബൂലോഗം-13

പോസ്റ്റിയാല്‍ പിന്നെ വായിച്ചു നോക്കുന്ന ഇടപാട് ഇല്ലാത്തതുകാരണം എന്താണീ മുന്നൂറ്റിച്ചില്വാനത്തിലെന്ന് ഒന്നോടിച്ചു നോക്കി. ദത്തന്റെ ബ്ലോഗിലും യൂ ഏ ഈ ബൂലോഗത്തും നളപാചകത്തിലും വിഷയമെന്തെന്ന് നോക്കാതെ തന്നെ അറിയാം. എന്റെ ചിത്രങ്ങള്‍ എന്നത് വെറുതേ ക്യാമറ ഡൗണ്‍ലോഡുമ്പോഴെല്ലാം എടുത്തിടുന്ന കാര്യമാക്കാനില്ലാത്ത പടങ്ങളും.

ആയുരാരോഗ്യത്തില്‍ മിക്കതും ആരെങ്കിലും ഒരാള്‍ ഇന്നതെഴുത് എന്ന് ആവശ്യപ്പെട്ടതിന്‍ പടി എഴുതിയ കാര്യങ്ങളാണ്‌. രണ്ടെണ്ണം (കൊതുക്, പള്‍സ് പോളിയോ) ചിന്ത.കോമിമില്‍ വന്നു കഴിഞ്ഞതും. ഞാന്‍ വായനക്കാരനായാണ്‌ അവിടെ എത്തിയതെങ്കില്‍ സ്നേഹോപദേശം എന്ന പോസ്റ്റിനു പാസ്സ് മാര്‍ക്ക് കിട്ടും.

ദേവപഥത്തില്‍ ബൂലോഗവിചാരണം ഏഴോളം അദ്ധ്യായമായിട്ടുണ്ട്, അതിനു ചെലവിടുന്ന സമയത്തിന്റെ കുറവാണ്‌ മുഴുമിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണം, കുറേ കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ വിഷയം മടുത്തും തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയിരിക്കുന്നത് (അറുപത്തൊമ്പത്) ലോനപ്പന്‍ എന്ന ബ്ലോഗര്‍ക്ക് ഓഫീസില്‍ ഊമക്കത്തു കിട്ടിയ സംഭവത്തെക്കുറിച്ചാണ്‌. ചില പോസ്റ്റുകള്‍ റിയാക്ഷനുകള്‍ ആയാണ്‌ വന്നിരിക്കുന്നത്. തിബത്തന്‍ പ്രവാസികള്‍ എന്ന പോസ്റ്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇന്നില്ലാത്ത ഒരു ബ്ലോഗ് പോസ്റ്റിനോട് പ്രതികരണമായി ഉണ്ടായതാണ്‌. അദ്ദേഹം ആ പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ചുള്ളിക്കാടിന്റെ ബ്ലോഗ്ഗിങ്ങിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. തുടങ്ങിയത് അങ്ങനെയെങ്കിലും കമന്റിലൂടെ ചര്‍ച്ച നീണ്ടത് മുഖ്യമായും വിമതന്റെയും മറ്റു കമന്റര്‍മാരുടെയും സജീവ സാന്നിദ്ധ്യം മൂലവും. ലോസിഫ് നന്ദിയും അങ്ങനെ തന്നെ ഉണ്ടായതാണ്‌ മൂന്നു ഭാഗം നീളാന്‍ കാരണം വക്കാരിയുടെ കമന്റുകളും. തിബത്തില്‍ ബസാങ്ങിനെ പരിചയപ്പെടുത്തിയതും ലോസിഫില്‍ ഡാലി കത്യൂഷ കണ്ട കഥയെഴുതിയതും വാല്യു അഡിഷന്‍.

കൂമന്‍പള്ളിയില്‍ രണ്ടായിരത്തേഴ് ഏപ്രിലില്‍ മൂന്നു ഭാഗമായി എഴുതിയ ഹീറോയുടെ പേന എനിക്ക് മനസ്സു നിറഞ്ഞെഴുതാന്‍ പറ്റിയ ഒരേയൊരു പോസ്റ്റ് ആണ്‌. ഇനിയും നന്നാക്കമ്മായിരുന്നു എന്ന് തോന്നാത്ത ഒരേയൊരെണ്ണം. ബിസ്മി ഇഷ്ടമുള്ള മറ്റൊരു പോസ്റ്റ്. മറ്റെല്ലാ പോസ്റ്റുകളും എനിക്കു പരിചയമുള്ള ഒരാളിനെ വായനക്കാരനു കാട്ടിക്കൊടുക്കണം എന്ന ഒറ്റ ഉദ്ദേശത്തില്‍ മാത്രം എഴുതിയവയും.

ദേവരാഗം ഞാന്‍ ആദ്യം തുടങ്ങിയ ബ്ലോഗ്. മലയാളവേദി വിട്ട് ഏറെക്കാലത്തിനു ശേഷം ബ്ലോഗ് തുടങ്ങുമ്പോള്‍ ഗൗരവമുള്ള ഒന്നും എഴുതില്ല, ഒരു ഫോട്ടോയും രണ്ടുവരി അടിക്കുറിപ്പും എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. രണ്ടായിരം വായനക്കാര്‍ മലയാളവേദിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൈറ്റ് മീറ്ററില്‍ സന്ദര്‍ശകരെ എണ്ണാത്തതുകൊണ്ട് കൃത്യമായി അറിയില്ല, അമ്പതോളം പേര്‍ ഉണ്ടാവണം എന്റെ റീഡര്‍ ബേസില്‍ ഗൗരവമായി വായിക്കുന്നവര്‍. അവര്‍ മൂലം പോസ്റ്റുകള്‍ ആയാസമെടുത്ത് തന്നെ എഴുതേണ്ടിവന്നു. സാലഭഞ്ജനം എട്ടു വയസ്സനു ശേഷം പത്തുമുപ്പത് വര്‍ഷം ഗ്യാപ്പ് കഴിഞ്ഞ് ബുദ്ധിമിട്ടു എഴുതിയ കഥയാണ്‌. കഥാകാരനൊന്നുമല്ലാത്തതുകൊണ്ട് അതിനെ അത്രയെങ്കിലും എത്തിച്ച സന്തോഷമല്ലാതെ നിരാശയൊന്നുമില്ല. അതിന്റെ റീഡര്‍ ഫീഡ് ബാക്ക് അനുസരിച്ചാണ്‌ തിരുത്ത് എന്ന കഥയുണ്ടാക്കിയത്. ഓകെമിന്റെ ക്ഷൗരക്കത്തിയില്‍ പരാമര്‍ശിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ ആളുകളുടെ പ്രൈവസി വയലേഷന്‍ ആകുമെന്ന് ബന്ധപ്പെട്ട പലരും പറഞ്ഞതുകൊണ്ട് അതിനെ രാമേശ്വരത്തെ ക്ഷൗരം പോലെ നിര്‍ത്തേണ്ടി വന്നു.

എന്റെ പോസ്റ്റുകളെ ഞാന്‍ തന്നെ ഇങ്ങനെ എടുത്തിട്ട് പരിശോധിച്ച് വീണ്ടും നിരത്തുന്നത് എന്തിനെന്നല്ലേ? മൊത്തം ഒന്ന് അരിച്ചു പെറുക്കിയാല്‍ മുന്നൂറില്‍ പാസ്സ് മാര്‍ക്ക് കിട്ടുന്നവയെ ഒരിടത്ത് കൂട്ടി വയ്ക്കാന്‍. എട്ടുപത്തേയുള്ളെന്ന് കണ്ടതില്‍ അതിശയമൊന്നുമില്ല, എന്തെങ്കിലും എഴുതണം എന്ന് മനസ്സില്‍ വിചാരിച്ച് തുടങ്ങുമ്പോള്‍ എന്തെങ്കിലും ഉണ്ടാവും. പോസ്റ്റ് മനസ്സില്‍ വളര്‍ന്ന് വന്ന് "എന്നെ തുറന്നു വിടെടോ" എന്നു പറഞ്ഞാലേ കൊള്ളാവുന്നത് പിറക്കൂ.

ഇഷ്ടത്തിന്റെ ഓര്‍ഡറില്‍ മൂന്നൂറില്‍ നിന്നും പൊക്കിയെടുത്തത് ഇതൊക്കെ

1. ഹീറോയുടെ പേന ഒന്ന് രണ്ട് മൂന്ന്
2. ബിസ്മി
3. ലോസിഫ് നന്ദി ഒന്ന് രണ്ട് മൂന്ന്
4. തിബത്തന്‍ പ്രവാസികള്‍
5. തിരുത്ത്
6. സ്നേഹോപദേശം
7. വിപ്രലംഭ പര്വ്വം
8. പണമ്പുരാണം (മുഴുമിക്കാം, സത്യം)
9. പ്രലംഭം
10. വന്മരങ്ങള്‍ വീഴുമ്പോള്‍